Prabodhanm Weekly

Pages

Search

2023 ജൂലൈ 21

3310

1445 മുഹർറം 03

സ്വാർഥതയെ കരുതിയിരിക്കുക

ഡോ. മുഹമ്മദ് പാണ്ടിക്കാട്

عَنْ جَابِر رَضِيَ اللهُ عَنْهُ : أَنَّ رَسُولَ اللهِ صَلّى اللهُ عَلَيْهِ وَ سَلَّمَ قَالَ: واتَّقُوا الشُّحَّ فَإِنَّ الشُّحَّ أَهْلَكَ مـَنْ كَانَ قَبْلَكُمْ، حملَهُمْ على أَنْ سفَكُوا دِماءَهُمْ واسْتَحلُّوا مَحارِمَهُمْ (رواه مسلم)

 

ജാബിറിൽനിന്ന്. അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു:
''സ്വാർഥതയെ കരുതിയിരിക്കുക. സ്വാർഥതയാണ് നിങ്ങളുടെ പൂര്‍വികരെ നശിപ്പിച്ചത്. 
അതവരെ രക്തം ചിന്താനും പവിത്രതകളെ അനാദരിക്കാനും പ്രേരിപ്പിച്ചു'' (മുസ്്ലിം).

 

ഹദീസിൽ പ്രയോഗിച്ച 'ശുഹ്ഹ്' എന്ന വാക്കിന്റെ അർഥം അങ്ങേയറ്റത്തെ സ്വാർഥത, അത്യാഗ്രഹം എന്നൊക്കെയാണ്.
'മനുഷ്യ മനസ്സ് എളുപ്പം സ്വാർഥതയിലേക്ക് ആകൃഷ്ടമാകുന്നു' (4: 128) എന്ന് അല്ലാഹു വ്യക്തമാക്കുന്നുണ്ട്. സത്യവിശ്വാസികൾ ഈ സ്വാർഥതയെ മറികടക്കണം.
വിശ്വാസികളെ അല്ലാഹു പരിചയപ്പെടുത്തുന്നത് ഇപ്രകാരമാണ്: "തങ്ങള്‍ക്കു തന്നെ അത്യാവശ്യമുണ്ടെങ്കില്‍ പോലും അവര്‍ സ്വന്തത്തെക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നു" (59: 9).
"ആഹാരത്തോട് ഏറെ പ്രിയമുള്ളതോടൊപ്പം അവരത് അഗതിക്കും അനാഥക്കും തടവുകാരനും നല്‍കുന്നു" (76: 8).
പിശുക്കി (ബുഖ്ൽ) നെക്കാൾ മാരകമാണ് ശുഹ്ഹ്. വ്യക്തികളുടെയും സമൂഹങ്ങളുടെയും സർവ നാശത്തിലാണ് അത് ചെന്നെത്തുക. 'അതവരോട് അക്രമം കല്‍പിച്ചു. അങ്ങനെ അവര്‍ അക്രമികളായി. അവരോടത് നീചകൃത്യങ്ങള്‍ കല്‍പിച്ചു. അങ്ങനെ അവര്‍ തെമ്മാടികളായി. അവരോടത് കുടുംബം ശിഥിലീകരിക്കാന്‍ കല്‍പിച്ചു. അവര്‍ കുടുംബം ശിഥിലീകരിച്ചു' എന്ന്, ലോഭ ചിന്തയുടെ അപായങ്ങളെ നബി (സ) എണ്ണിപ്പറയുകയുണ്ടായി (അബൂദാവൂദ്).
വിശുദ്ധ ഖുർആൻ ആവർത്തിച്ച് പറഞ്ഞു:
وَمَن يُوقَ شُحَّ نَفْسِهِۦ فَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ
(സ്വമനസ്സിന്റെ പിശുക്കില്‍നിന്ന് മുക്തരാക്കപ്പെടുന്നവരാരോ അവരത്രെ വിജയം വരിച്ചവര്‍ - 59: 9, 64:16).
ഈ വാക്യത്തെ വിശദീകരിച്ച് മൗലാനാ മൗദൂദി (റ) എഴുതി: "മുക്തരായവര്‍ എന്നല്ല, മുക്തരാക്കപ്പെടുന്നവര്‍ എന്നാണ് പറയുന്നത്. എന്തുകൊണ്ടെന്നാല്‍, അല്ലാഹുവിന്റെ ഉതവിയും സഹായവുമില്ലാതെ സ്വന്തം കഴിവുകൊണ്ടു മാത്രം ആര്‍ക്കും സ്വാര്‍ഥപ്രേരിതമായ ലുബ്ധില്‍നിന്ന് രക്ഷപ്പെടാനാവില്ല. അല്ലാഹുവിന്റെത്തന്നെ ഔദാര്യത്താല്‍ ലഭിക്കുന്ന ഒരു അനുഗ്രഹമാണത്. شُحّ എന്ന അറബി പദം സങ്കുചിതത്വം, ലുബ്ധ് എന്നീ അര്‍ഥങ്ങളില്‍ ഉപയോഗിക്കപ്പെടുന്നതാണ്. പക്ഷേ, نفس എന്ന പദത്തോട് ചേര്‍ത്തുപയോഗിക്കുമ്പോള്‍ അത് സങ്കുചിത വീക്ഷണം, ഇടുങ്ങിയ മനസ്സ്, പ്രതിഫലരാഹിത്യം, ക്ഷുദ്ര മനസ്സ് തുടങ്ങിയ പദങ്ങള്‍ക്ക് തുല്യമാകുന്നു. ലുബ്ധിനെക്കാള്‍ വിശാലവും എന്നാല്‍, ലുബ്ധിന്റെ അടിവേരുമാണത്.
ഈ ഗുണമുള്ള മനുഷ്യന്‍ അന്യരോടുള്ള ബാധ്യതകള്‍ പൂര്‍ത്തീകരിക്കുന്നത് പോകട്ടെ, അവരുടെ നന്‍മകളെ അംഗീകരിക്കാന്‍ പോലും വൈമനസ്യം കാണിക്കുന്നു. ലോകത്തുള്ളതൊക്കെ തനിക്ക് കിട്ടണമെന്നും മറ്റാര്‍ക്കും ഒന്നും കിട്ടരുതെന്നുമാണവരാഗ്രഹിക്കുക. താന്‍ ആര്‍ക്കും ഒന്നും കൊടുക്കില്ലെന്ന് മാത്രമല്ല, മറ്റൊരുവന്‍ ആര്‍ക്കെങ്കിലും വല്ലതും കൊടുക്കുന്നതിലും അയാള്‍ക്ക് മനം മുട്ടും.
   ഒരിക്കലും സ്വന്തം അവകാശംകൊണ്ട് അയാളുടെ ആര്‍ത്തി അടങ്ങുകയില്ല. മറ്റുള്ളവരുടെ അവകാശങ്ങളില്‍ കൈകടത്തിക്കൊണ്ടിരിക്കും. ചുരുങ്ങിയ പക്ഷം, ഈ ലോകത്ത് തനിക്ക് ചുറ്റും നല്ലതായിട്ടുള്ളതെല്ലാം തന്റേതായിത്തീരണമെന്നും ആര്‍ക്കും ഒന്നും ബാക്കിയാവരുതെന്നും  അയാള്‍ കൊതിച്ചുകൊണ്ടിരിക്കുകയെങ്കിലും ചെയ്യും.  അതുകൊണ്ടാണ് ഈ തിന്‍മയില്‍നിന്നുള്ള മോചനത്തെ വിശുദ്ധ ഖുര്‍ആന്‍ വിജയത്തിന്റെ ഗ്യാരണ്ടിയായി നിശ്ചയിച്ചിരിക്കുന്നത്." l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 23-25
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വാർഥതയെ കരുതിയിരിക്കുക
ഡോ. മുഹമ്മദ് പാണ്ടിക്കാട്