Prabodhanm Weekly

Pages

Search

2023 ജൂലൈ 21

3310

1445 മുഹർറം 03

ഒരുമയിലാണ് നന്മ

ഇലവുപാലം ശംസുദ്ദീൻ മന്നാനി

ഐക്യവും സാഹോദര്യവും സഹകരണവും മമതയും വിട്ടുവീഴ്ചയും ഗുണകാംക്ഷയും ആദർശ ബന്ധുക്കൾക്കിടയിൽ ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകത ഇസ്്ലാമിനെപ്പോലെ ശക്തമായി അവതരിപ്പിച്ച പ്രത്യയശാസ്ത്രങ്ങൾ വേറെയില്ല. "സുവ്യക്തമായ മാർഗദർശനങ്ങൾ ലഭിച്ചതിനുശേഷം ഭിന്നിച്ച് വിവിധ കക്ഷികളായവരെപ്പോലെ നിങ്ങൾ ആവരുത്. അങ്ങനെയുള്ളവർക്ക് ചില മുഖങ്ങൾ പ്രസന്നമാവുകയും, മറ്റു ചില മുഖങ്ങൾ ഇരുണ്ടു പോവുകയും ചെയ്യുന്ന ആ ഭയങ്കര നാളിൽ ഘോരമായ ശിക്ഷയുണ്ട്" (ആലു ഇംറാൻ 105,106).
സുപ്രധാനമായ ചില തത്ത്വങ്ങൾ ഈ വചനം പഠിപ്പിക്കുന്നുണ്ട്. അഭിപ്രായ ഭിന്നതകൾ നിങ്ങൾക്കിടയിൽ സംഭവിക്കാം. പക്ഷേ, അവ  സങ്കുചിതമായ കക്ഷി വഴക്കുകൾക്ക് കാരണമാകരുത്. അഭിപ്രായ ഭിന്നതകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇസ്്ലാമിക നിലപാട് എന്തായിരിക്കണം എന്ന് സുവ്യക്തമായ പ്രമാണവചനങ്ങൾ പഠിപ്പിക്കുന്നുണ്ട്. ഇസ്്ലാമിക സേവന  രംഗത്ത് നാം പ്രവർത്തിക്കുന്നത് ആത്മാർഥതയോടെ, അല്ലാഹുവെ മാത്രം സൂക്ഷിച്ചു കൊണ്ടാണെങ്കിൽ, ഗുണകാംക്ഷയും വിട്ടുവീഴ്ചയും വിശാലതയും കൈക്കൊള്ളാൻ,  ഭിന്ന മദ്ഹബുകൾക്കും വ്യത്യസ്ത സംഘടനാ നേതാക്കൾക്കും പ്രയാസമുണ്ടാകില്ല. പക്ഷേ, പ്രവർത്തനങ്ങളുടെ പ്രചോദനം അല്ലാഹു അല്ലെങ്കിലോ? ഇത്തരം മഹദ് മൂല്യങ്ങളെല്ലാം വിനഷ്ടമാകും.
നമ്മുടെ മത മണ്ഡലത്തിലെ ചില പ്രവണതകളെങ്കിലും ഇത്തരത്തിൽ ആയിപ്പോകുന്നുണ്ടോ എന്ന് ആലോചിക്കേണ്ടതാണ്. ഭൗതിക താൽപര്യങ്ങൾക്കായി, കക്ഷി വഴക്കുകളും വ്യക്തിഹത്യകളും പരിഹാസ വിമർശനങ്ങളും ശീലമാക്കുന്ന മത പ്രവർത്തകർ, അവയെല്ലാം അല്ലാഹു രേഖപ്പെടുത്തുന്നുണ്ടെന്നും നാളെ പരലോകത്ത് തുറന്ന് കാണിക്കപ്പെടുമെന്നും ശിക്ഷക്ക് കാരണമാകുമെന്നും തിരിച്ചറിയേണ്ടതുണ്ട്. വ്യക്തികളും സംഘടനകളും ആത്മപരിശോധന (മുഹാസബ) നടത്തുക എന്നതാണ് ഇത്തരം നിഷേധാത്മക പ്രവണതകൾ തടയാനുള്ള വഴി. 'പരലോകത്ത് വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ് നിങ്ങൾ നിങ്ങളെത്തന്നെ വിചാരണ ചെയ്യുക' എന്ന് ഉമർ (റ) പറഞ്ഞിട്ടുണ്ടല്ലോ. പഴയ കാല രേഖകൾ പരിശോധിച്ചാൽ, സഹോദര സംഘടനകളെക്കുറിച്ച് തങ്ങൾ പറഞ്ഞ പലതും പറയാൻ പാടില്ലാത്തതായിരുന്നു എന്ന് വ്യക്തമാകാതിരിക്കില്ല. ചില ആരോപണങ്ങളെങ്കിലും വസ്തുതാപരവുമായിരുന്നില്ല എന്നും ബോധ്യമാകും. ഭൂതകാലത്ത് തങ്ങൾക്ക് തെറ്റുപറ്റിപ്പോയി എന്ന് തുറന്നുസമ്മതിക്കാൻ പല കാരണങ്ങളാൽ സംഘടനകൾക്ക് ബുദ്ധിമുട്ടുണ്ടാകും. എന്നാൽ, സ്വയം വിചാരണയിലൂടെ അത്തരം വർത്തമാനങ്ങൾ ശരിയല്ലെന്ന് ബോധ്യമായിക്കഴിഞ്ഞാൽ ഭാവിയിലെങ്കിലും സൂക്ഷ്മത പുലർത്താൻ കഴിയും. 'ആദമിന്റെ മക്കളായി പിറന്ന എല്ലാവർക്കും തെറ്റുപറ്റും, തെറ്റുപറ്റിയവരിൽ ശ്രേഷ്ഠർ തെറ്റുതിരുത്തി പശ്ചാത്തപിച്ച് മടങ്ങുന്നവരാണെ'ന്ന് അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ചിട്ടുണ്ടല്ലോ. വൃക്തികൾക്ക് തെറ്റുപറ്റാമെങ്കിൽ വ്യക്തികൾ ഉൾച്ചേർന്ന സംഘടനകൾക്കും തെറ്റുപറ്റും. ഇത് അംഗീകരിക്കാനുള്ള സന്മനസ്സും വിനയവുമുണ്ടെങ്കിൽ ഐക്യവും സൗഹൃദവും പുനഃസ്ഥാപിക്കാൻ വലിയൊരളവിൽ സാധ്യമായിത്തീരും.
മുസ്്ലിം സമൂഹത്തിൽ ഭിന്നതകൾ സൃഷ്ടിച്ച് മുതലെടുപ്പ് നടത്താൻ ഇസ്്ലാമിന്റെ എതിരാളികൾ എല്ലാ വിധത്തിലും ശ്രമിക്കും. ചരിത്രത്തിലുടനീളം അത്തരം ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. പലതിലും അവർ വിജയിക്കുകയും ചെയ്തിട്ടുണ്ട്. അന്ദുലുസ് എന്ന മുസ്്ലിം സ്പെയിൻ നാട്ടുരാജ്യങ്ങളായി ചിതറി തമ്മിൽ തമ്മിൽ പോരടിച്ചപ്പോൾ സമ്പന്നമായ ഇസ്്ലാമിക സംസ്കൃതി തന്നെയാണ് ആ നാട്ടിൽനിന്ന് തൂത്തു മാറ്റപ്പെട്ടത്. തമ്മിലടിപ്പിക്കാൻ വേണ്ടതൊക്കെ ശത്രു ചെയ്തു വെച്ചിരുന്നു. അത് തിരിച്ചറിയാൻ മുസ്്ലിം നാട്ടുരാജാക്കന്മാർക്ക് കഴിഞ്ഞില്ല. ഈ ചരിത്രമൊക്കെ നാം കണ്ണീർ വാർത്തുകൊണ്ട് എഴുതുകയും പ്രസംഗിക്കുകയും ചെയ്യും. പക്ഷേ, അതിലെ ഗുണപാഠങ്ങൾ മനസ്സിലാക്കുന്നില്ല. മനസ്സിലാക്കിയാൽ തന്നെ വ്യക്തിജീവിതത്തിലേക്കോ സംഘടനാ ജീവിതത്തിലേക്കോ അവ കൊണ്ടുവരുന്നില്ല. ശത്രുക്കളുടെ കുതന്ത്രങ്ങൾക്ക് ഇരകളായി നിന്നുകൊടുത്ത സംഘടനകൾ മുമ്പുണ്ടായിട്ടുണ്ട്; ഇപ്പോഴുമുണ്ട്. ഒരു പക്ഷേ, അവർ അപകടം തിരിച്ചറിയുന്നുണ്ടാവില്ല. അവരെ വരാൻ പോകുന്ന അപകടങ്ങളെക്കുറിച്ച് സ്നേഹബുദ്ധ്യാ ബോധവൽക്കരിക്കണം. ശത്രുക്കളുടെ കുതന്ത്രങ്ങളെ കരുതിയിരിക്കണമെന്നും അവരുടെ ദുഷ്്പ്രചാരണങ്ങളിൽ വശംവദരായി ഐക്യമാകുന്ന സുഭദ്ര കോട്ടയിൽനിന്ന്  അനൈക്യത്തിന്റെ കുഫ്റിലേക്ക് പോകരുതെന്നും ഖുർആൻ നമ്മെ അടിക്കടി താക്കീത് ചെയ്യുന്നത് ഓർക്കണം.
പ്രതിസന്ധികളിൽ അല്ലാഹുവിന്റെ സഹായം വന്നെത്താൻ ഐക്യം അനിവാര്യമാണെന്ന് നബി തിരുമേനി സ്വല്ലല്ലാഹു അലൈഹി വസല്ലം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഇബ്്നു അബ്ബാസിൽനിന്ന് നിവേദനം. നബി (സ) പറഞ്ഞു: 'അല്ലാഹുവിന്റെ സഹായം സംഘത്തിനാണ്' (തിർമിദി, ഹാകിം).
നബി (സ) പറഞ്ഞു: 'എന്റെ സമുദായത്തെ അല്ലാഹു ദുർമാർഗത്തിൽ ഒന്നിപ്പിക്കില്ല. അല്ലാഹുവിന്റെ സഹായം സംഘത്തിനാണ്. ഒറ്റപ്പെട്ടവൻ നരകത്തിലും ഒറ്റപ്പെടും' (തിർമിദി, ഹാകിം). സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശങ്ങൾ വിളംബരം ചെയ്യുന്ന ഇത്തരം നിരവധി പ്രവാചക വചനങ്ങൾ കാണാം.
ദൗർഭാഗ്യവശാൽ മുസ്്ലിം ഉമ്മത്ത്   അനൈക്യത്തിലൂടെ കടന്നുപോകേണ്ടിവരുന്ന സാമൂഹിക സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അവരിൽ ബാഹ്യശക്തികളുടെ സമ്മർദങ്ങൾക്കും കുതന്ത്രങ്ങൾക്കും വശംവദരായിപ്പോവുന്നവരുണ്ട്. തങ്ങളുടെ സങ്കുചിത താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് അനൈക്യമാണ് നല്ലത് എന്ന് ചിന്തിക്കുന്നവരുമുണ്ടാകാം. സമുദായത്തിന്റെ പൊതുവും മതപരവുമായ താൽപര്യങ്ങൾ മാറ്റിവെച്ച് പരസ്പരം വിഴുപ്പലക്കലുകളുണ്ടാകുന്നത് ഇത്തരം കാരണങ്ങളാലാകാനാണ് സാധ്യത ഏറെയും. ഒരു വിഷയത്തിലെ ഭിന്നാഭിപ്രായത്തിന്റെ പേരിലായിരിക്കും പലപ്പോഴും ഈ വിഴുപ്പലക്കൽ. ആരോഗ്യകരമായ ഭിന്നാഭിപ്രായ പ്രകടനങ്ങളെ എന്നും സ്വാഗതം ചെയ്ത പാരമ്പര്യമാണ് ഇസ്്ലാമിക സംസ്കൃതിക്കുള്ളത്. മഹാൻമാരായ ഇമാമുമാർ തമ്മിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നതു കൊണ്ടാണല്ലോ വിവിധ മദ്ഹബുകൾ /ചിന്താസരണികൾ രൂപം കൊണ്ടത്. ഭിന്നാഭിപ്രായങ്ങൾ പ്രകടിപ്പിക്കുമ്പോഴും അവർ തമ്മിലുള്ള സ്നേഹത്തിനോ പരസ്പര ബഹുമാനത്തിനോ ഒരു കോട്ടവും തട്ടിയിരുന്നില്ല. പൊതു വിഷയങ്ങളിലും പൊതു ശത്രുവിനെതിരെയും അവർ ഒറ്റക്കെട്ടായി നിലകൊള്ളുമായിരുന്നു.
പണ്ഡിതൻമാർ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യമുണ്ട്: ലോകത്തെവിടെയുള്ള മുസ്്ലിം സമൂഹമാണെങ്കിലും അതിനകത്തെ സംഘടനകൾ തമ്മിൽ ഭിന്നിപ്പുള്ള കാര്യങ്ങൾ യഥാർഥത്തിൽ കൂടിവന്നാൽ അഞ്ച് ശതമാനമേ കാണൂ. ബാക്കി 95 ശതമാനവും യോജിപ്പുള്ള കാര്യങ്ങളാണ്. ഇസ്്ലാമിന്റെ വിശ്വാസങ്ങളും സുപ്രധാനമായ ആരാധനാ കർമങ്ങളും ഇടപാട് നിയമങ്ങളും, ഇതിലൊക്കെ ആർക്കാണ് ഭിന്നിപ്പുള്ളത്? ഖുർആനും തിരുസുന്നത്തുമല്ലേ എല്ലാ വിഭാഗങ്ങളും അടിസ്ഥാനമായി കാണുന്നത്? ഒന്നിക്കാൻ ഇത്രയധികം സാധ്യതകൾ ബാക്കിവെക്കുന്ന മറ്റൊരു മത സമൂഹവും ലോകത്ത് ഇല്ല എന്നതാണ് സത്യം. നേരത്തെ സൂചിപ്പിച്ചതു പോലെ, ഭിന്നിപ്പുള്ള വിഷയങ്ങളിൽ ആരോഗ്യകരമായ ഒരു സമീപനം എല്ലാവർക്കും സാധ്യവുമാണ്. അതൊന്നും പലപ്പോഴും മൗലിക ഭിന്നതകൾ  ആയിരിക്കില്ല എന്നതിനാൽ ഒരു തീർപ്പിലെത്താൻ എളുപ്പവുമാണ്. ഇത്തരം കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ രീതിയിൽ അവതരിപ്പിച്ചാണ്, ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
ആയതിനാൽ, മുസ്്ലിം സമുദായ സംഘടനകളുടെ നേതൃത്വത്തിലുള്ളവർ അടിയന്തരമായി ഇടപെട്ട് ഇക്കാര്യങ്ങളൊക്കെ അനുയായികളെ പറഞ്ഞു പഠിപ്പിക്കണം. പ്രമാണ പാഠങ്ങൾക്ക് വ്യാഖ്യാന സാധ്യതയുണ്ടെങ്കിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടാവും. അത് സ്വാഭാവികമാണ്. ഇസ്്ലാമികമായി അനുവദിക്കപ്പെട്ടതുമാണ്. പക്ഷേ, ഐക്യം എന്നത് മുസ്്ലിം സമുദായത്തിന്റെ നിർബന്ധ ബാധ്യതയായി ഖുർആനും റസൂലും അടിക്കടി ഉണർത്തിയിട്ടുള്ളതാണ്. അതിനാൽ, ഐക്യത്തിന്റെ അനിവാര്യത അണികളെ ഓർമപ്പെടുത്തണം. അതിനായുള്ള കർമപദ്ധതികൾ രൂപപ്പെടുത്തണം. അല്ലാത്ത പക്ഷം ഖുർആനും പ്രവാചകനും താക്കീത് നൽകിയ കടുത്ത അപകടത്തിലേക്കാവും ഈ ഉമ്മത്ത് എത്തിച്ചേരുക.
"മനുഷ്യർക്ക് വേണ്ടി രംഗപ്രവേശം ചെയ്യിക്കപ്പെട്ട ഉത്തമ സമുദായം ആകുന്നു നിങ്ങൾ. നിങ്ങൾ നന്മ കൽപിക്കുന്നു, തിന്മ വിരോധിക്കുന്നു. അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നു" (ആലു ഇംറാൻ 110).
ഇസ്്ലാം വിഭാവന ചെയ്യുന്ന സാഹോദര്യവും സാമൂഹിക നീതിയും സുരക്ഷിതത്വവും ക്ഷേമവും  ഉറപ്പുവരുത്താൻ കഴിയുന്ന വലിയ മാതൃകകൾ സമൂഹത്തിന് സമർപ്പിക്കാൻ ഉത്തരവാദപ്പെട്ടവർ, പരസ്പരം ഭീകരത ആരോപിക്കുകയും, തങ്ങളാണ് ശരിയെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയിൽ ആദർശ സാഹോദര്യത്തിന്റെ സർവ സീമകളും മറന്നു പോവുകയും ചെയ്യുകയാണ്. വിശാലമായ കാഴ്ചപ്പാടും, അത് പ്രയോഗവൽക്കരിക്കാൻ ശേഷിയുള്ള നേതൃത്വവും ഉണ്ടെങ്കിൽ മാത്രമാണ്, മുസ്്ലിം സമുദായത്തിന്റെ വിജയവും അതിജീവനവും  അഭിമാനകരമായ നിലനിൽപും സാധ്യമാവുക.
ആത്മീയമായ കാര്യങ്ങൾക്ക് പുറമെ തൊഴിൽ, കുടുംബം, ആരോഗ്യം, വിദ്യാഭ്യാസം, ലഹരി വിപത്ത്, അസാന്മാർഗികതകൾ, നിരീശ്വരവാദവും യുക്തിവാദവും ലിബറലിസവും തലമുറകളിൽ വിതയ്ക്കുന്ന ഭീഷണികൾ തുടങ്ങിയ പൊതു കാര്യങ്ങളിൽ ഒന്നിച്ചണിനിരക്കാൻ പ്രാദേശിക തലത്തിലോ മഹല്ലടിസ്ഥാനത്തിലോ എങ്കിലും തയാറാകേണ്ടതുണ്ട്. മഹല്ലുകളിൽ നിലനിൽക്കുന്ന ജനകീയ സംഘബോധത്തെ സംഘടനാ താൽപര്യങ്ങൾക്കു വേണ്ടി ദുരുപയോഗിക്കുന്നതിന് പകരം മഹല്ല് സംവിധാനത്തിന്റെ സംഘടിത സ്വഭാവത്തെ എല്ലാ സംഘടനകളുടെയും വിഭവങ്ങൾ സമാഹരിച്ച് ഒരുമിച്ച് പ്രവർത്തിക്കാനുള്ള വേദിയാക്കി മാറ്റുകയാണ് വേണ്ടത്.
ആലോചിച്ചു നോക്കൂ: 7000-ത്തോളം വരുന്ന മഹല്ല് ജമാഅത്തുകളിൽ വിവിധ പ്രസ്ഥാനങ്ങളുടെ പ്രാദേശിക പ്രവർത്തകർ അണിനിരക്കുന്നു, അവരുടെ നേതാക്കൾ സംഗമിക്കുന്നു, എല്ലാ മതസ്ഥരോടും സ്നേഹസൗഹൃദങ്ങൾ സ്ഥാപിക്കുന്നു, സമുദായത്തിന്റെ സാമൂഹിക- സാംസ്കാരിക -ധാർമിക -സാമ്പത്തിക മേഖലകളിലെ  ഉന്നമനത്തിനായി കൂട്ടായി ചിന്തിക്കുന്നു .... എങ്കിൽ ഈ ഉമ്മത്ത് എത്രമാത്രമായിരിക്കും ശാക്തീകരിക്കപ്പെടുക, അത് കേരളീയ പൊതു സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം എത്രത്തോളമായിരിക്കും!
ഒരിക്കലും തിരിച്ചുകയറാൻ കഴിയാത്ത മഹാ ഗർത്തത്തിലേക്ക് പുതു തലമുറയെ ലഹരി ഉപയോഗം വലിച്ചു കൊണ്ടു പോകുമ്പോൾ, കുട്ടികളെ ലഹരിക്കടിപ്പെടുത്തുന്ന ലോബികൾക്ക് കടിഞ്ഞാണിടാൻ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രാദേശിക തലത്തിൽ നേതൃത്വം നൽകാൻ എല്ലാ സംഘടനകളെയും ഉൾപ്പെടുത്തി ആക്്ഷൻ ടീം രൂപവത്കരിക്കണം. ഉന്നത നേതാക്കളുടെ ഒരുമിച്ചുള്ള പ്രസ്താവന ഇക്കാര്യത്തിൽ ഉണ്ടാവുക കൂടി ചെയ്താൽ അത് സമൂഹത്തിൽ ഉണ്ടാക്കുന്ന മാറ്റം വളരെ വലുതായിരിക്കും. ഭൗതികാസ്വാദനം മുഖമുദ്രയാക്കിയ ലിബറലിസത്തിന് കീഴ്പെട്ടുപോയ തലമുറയെ മത ധാർമിക ബോധത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും ഈ മാതൃകയിലുള്ള പ്രവർത്തനങ്ങൾ സ്വീകരിക്കാവുന്നതാണ്.
കേരളത്തിൽ മുസ്്ലിം സമൂഹം നടത്തുന്ന 500-ലധികം അനാഥാലയങ്ങളും 500-ലധികം കോളേജുകളും ഉണ്ട്. വ്യത്യസ്ത സംഘടനകളിൽ ഉള്ളവരെ ഗസ്റ്റ്‌ ഫാക്കൽറ്റിയായി ഉൾപ്പെടുത്തി (അഭിപ്രായ അനൈക്യം ഇല്ലാത്ത വിഷയങ്ങളിൽ) തലമുറകളിലേക്ക് ഒരുമയുടെ സന്ദേശം പകർന്നു നൽകാവുന്നതാണ്. നിരവധി ഇസ്്ലാമിക പ്രസിദ്ധീകരണങ്ങൾ കൊണ്ട് സമ്പന്നമാണ് കേരളത്തിലെ മുസ്്ലിം സമൂഹം. വ്യത്യസ്ത ഇസ്്ലാമിക സംഘടനകളിലെ എഴുത്തുകാർ മുസ്്ലിം ഉമ്മത്തിനെ പൊതുവായി ബാധിക്കുന്ന കാര്യങ്ങൾ, സംഘടനക്കതീതമായി പ്രസിദ്ധീകരണങ്ങളിൽ എഴുതുന്ന സാഹചര്യം ഉണ്ടായാൽ അത് നൽകുന്ന സന്ദേശവും വളരെ ക്രിയാത്മകമായിരിക്കും. ലോകത്തൊരിടത്തെയും മുസ്്ലിംകൾക്ക് ഒരു പക്ഷേ, അവകാശപ്പെടാൻ കഴിയാത്ത വലിയ ഒരു അനുഗ്രഹമാണ് കേരളത്തിലെ മഹല്ല് സംവിധാനം. മഹല്ലുകൾ മുസ്്ലിം ഉമ്മത്തിന്റെ കരുത്താണ്. അവിടങ്ങളിൽ ഉണ്ടാകുന്ന ഭിന്നത മുസ്്ലിം ഉമ്മത്തിന്റെ അതിജീവനത്തെ കാര്യമായി ബാധിക്കും.
പെട്ടെന്നുണ്ടാകുന്ന ഒരു പൊതു വിഷയം ചർച്ച ചെയ്യാനായി കൂടിയിരിക്കുക എന്നതിന് പകരം, ഈ കൂടിയിരിപ്പുകൾ എപ്പോഴും അനിവാര്യമായ ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. വിദ്യാഭ്യാസ-തൊഴിൽ പുരോഗതിക്കും, ദരിദ്രരുടെയും ദുർബല വിഭാഗങ്ങളുടെയും സാമ്പത്തിക ഉന്നമനത്തിനും, മുസ്്ലിം ഉമ്മത്തിന്റെ വിഭവശേഷി  ഫലപ്രദമായി വിനിയോഗിക്കുന്നതിനും  പൊതു അജണ്ട രൂപപ്പെട്ടു വരേണ്ടതുണ്ട്. സാമൂഹിക-സാംസ്കാരിക മേഖലകളിൽ വരുന്ന മാറ്റങ്ങൾക്കനുസൃതമായി മത-ഭൗതിക വളർച്ച ത്വരിതപ്പെടുത്തുന്ന, സമുദായത്തിനു നേരെ വരുന്ന എല്ലാ വെല്ലുവിളികളെയും നേരിടാൻ കഴിയുന്ന സംഘബോധം നാം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.
ഈ ഹൃദയ ഐക്യവും സാഹോദര്യവും ഏറ്റവും വലിയ അനുഗ്രഹമായി ഖുർആൻ ഓർമപ്പെടുത്തുന്നു: "അല്ലാഹു വിശ്വാസികളുടെ ഹൃദയം പരസ്പരം കൂട്ടിയിണക്കിയിരിക്കുന്നു. ഭൂമിയിലുള്ള വിഭവങ്ങൾ ഒക്കെയും ചെലവഴിച്ചാലും ഈ ജനത്തിന്റെ ഹൃദയത്തെ കൂട്ടിയിണക്കാൻ താങ്കൾക്ക് കഴിയുമായിരുന്നില്ല. അല്ലാഹുവാണ് അവരെ തമ്മിലിണക്കിയത്. നിശ്ചയം അവൻ അജയ്യനും അഭിജ്ഞനും അല്ലോ" (അൽ അൻഫാൽ 63). 
മുസ്്ലിം ഉമ്മത്തിന്റെ ദൗത്യം നന്മയുടെ പ്രചാരകരാവുക എന്നുള്ളതാണ്. ധർമശാസന നടത്തുകയും തിന്മക്ക് എതിരായ പടയണി ഒരുക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വമുള്ള  ഒരു സമൂഹം ഒരിക്കലും പരസ്പരം വിദ്വേഷം വെച്ചുപുലർത്തുന്നവരോ വെറുപ്പ് ഉൽപാദിപ്പിക്കുന്നവരോ, അനൈക്യത്തിലും പരസ്പരമുള്ള പോർവിളികളിലും മുഴുകിക്കഴിയുന്നവരോ, അങ്ങനെ ഉത്തരവാദിത്വങ്ങൾ മറക്കുന്നവരോ ആയിക്കൂടാ.
സാഹോദര്യത്തിൽ അധിഷ്ഠിതമായ പവിത്ര ബന്ധമാണ് വിശ്വാസി സമൂഹത്തിനിടയിൽ ഉണ്ടാകേണ്ടത്.ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും പരസ്പരം അവഹേളിക്കരുതെന്നും പരസ്പരം ദുഷ്്പേരുകൾ വിളിച്ചപമാനിക്കരുതെന്നും  ഖുർആൻ കർശനമായി താക്കീത് ചെയ്തിട്ടില്ലേ? വിശ്വാസികൾ സഹോദരന്മാരാണെന്നും അവർക്കിടയിലുള്ള ബന്ധങ്ങൾ എപ്പോഴും ഊഷ്മളമാക്കി നിലനിർത്തണമെന്നും അനുശാസിക്കുന്നുമുണ്ട്.
"വിശ്വാസികൾ പരസ്പരം സഹോദരന്മാരാകുന്നു. അതിനാൽ, നിങ്ങളുടെ സഹോദരന്മാർക്കിടയിലുള്ള ബന്ധങ്ങൾ നന്നാക്കുവിൻ. അല്ലാഹുവിനോട് ഭക്തിയുള്ളവരാവുകയും ചെയ്യുവിൻ. നിങ്ങൾ അനുഗ്രഹിക്കപ്പെട്ടേക്കാം'' (അൽ ഹുജറാത്ത്  10).
പരസ്പരം പോരടിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സംഘങ്ങളാക്കി സമുദായത്തെ ഭിന്നിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നവർ ദൈവിക ശിക്ഷക്ക് വിധേയരാക്കപ്പെടുമെന്നും  ഖുർആൻ ഓർമപ്പെടുത്തുന്നു:  "തങ്ങളുടെ മതത്തെ ഛിദ്രീകരിക്കുകയും പല കക്ഷികൾ ആയിത്തീരുകയും ചെയ്തവരുണ്ടല്ലോ, നിശ്ചയം താങ്കൾക്ക് അവരുമായി ഒരു ബന്ധവുമില്ല. അവരുടെ കാര്യം അല്ലാഹുവിങ്കലാകുന്നു. അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്തെന്ന് അവൻ പിന്നീട് അവർക്ക് അറിയിച്ചു കൊടുക്കും" (അൽ അൻആം 159).
സാന്ദർഭികമായി മറ്റു മതവിഭാഗങ്ങളെ  കുറിച്ച് അവതരിച്ചതാണ് ഈ വചനമെങ്കിലും ദീനിൽ ഛിദ്രത സൃഷ്ടിക്കുന്ന എല്ലാവർക്കും ഇത് ബാധകമാണെന്ന്  ഇബ്്നു കസീർ അടക്കമുള്ള നിരവധി ഖുർആൻ വ്യാഖ്യാതാക്കൾ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ ദീനും അവന്റെ നിയമവ്യവസ്ഥകളും ഒന്നാണ്. അക്കാര്യത്തിൽ വിവിധ കക്ഷികളായി മാറി ഇതര മതക്കാരെ പോലെ പരസ്പരം പോരടിക്കുന്നത് അല്ലാഹുവിന്റെ കടുത്ത ശിക്ഷക്ക് ഇരയാക്കുന്ന പ്രവർത്തനമാണ്. വിശ്വാസികൾക്കിടയിലെ ബന്ധം മോശമായാൽ ദീൻ അവരിൽനിന്ന് നശിച്ചുപോകുമെന്ന് റസൂൽ (സ) പറഞ്ഞിട്ടുണ്ട്: "പരസ്പര ബന്ധം വഷളാവുന്നത്  സൂക്ഷിക്കുക. അത് മുണ്ഡനം ചെയ്യുന്ന സംഗതിയാണ്" (തിർമിദി).
മുസ്്ലിം ഉമ്മത്തിന് ശക്തി പകരാനും അവരെ നാശത്തിൽനിന്ന് രക്ഷിക്കാനും ഐക്യം അനിവാര്യമാണ്.  "പരസ്പരം കലഹിക്കാതിരിക്കുക, അല്ലാത്തപക്ഷം നിങ്ങൾക്കിടയിൽ ദൗർബല്യം ഉടലെടുക്കുകയും നിങ്ങളുടെ വീര്യം നശിച്ചുപോവുകയും ചെയ്യും" (അൽ അൻഫാൽ 46). ഭിന്നിപ്പ് മുസ്്ലിം ഉമ്മത്തിനെ സംബന്ധിച്ചേടത്തോളം  അനിവാര്യതയാണ് എന്ന് കരുതി സമാധാനിക്കുന്നവർ ഐക്യത്തിന് ആഹ്വാനം ചെയ്യുന്ന, തങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്ന ഖുർആനികാധ്യാപനങ്ങൾക്ക് പുറംതിരിഞ്ഞു നിൽക്കുന്നവരാണ്. l
(കേരള മുസ്‌ലിം യൂത്ത് ഫെഡറേഷൻ  -കെ.എം.വൈ.എഫ് - സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 23-25
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വാർഥതയെ കരുതിയിരിക്കുക
ഡോ. മുഹമ്മദ് പാണ്ടിക്കാട്