Prabodhanm Weekly

Pages

Search

2023 ജൂലൈ 21

3310

1445 മുഹർറം 03

അബൂബക്ർ സ്വിദ്ദീഖിന്റെ മുസ്വ്്ഹഫ്

നൗഷാദ് ചേനപ്പാടി

വിശുദ്ധ ഖുർആൻ പൂർണമായ നിലയിൽ  ആദ്യമായി ഒരു മുസ്വ്്ഹഫിൽ ക്രോഡീകരിച്ചത് അബൂബക്റി(റ)ന്റെ കാലത്താണ്. അദ്ദേഹത്തിന്റെ കൽപനപ്രകാരം സൈദുബ്്നു സാബിത്ത് (റ) ആണ് അതേറ്റെടുത്ത് നിർവഹിച്ചത്.  നബി (സ) വഫാത്താകുമ്പോൾ സൈദുബ്്നു സാബിത്ത്, അബുദ്ദർദാഅ്, മുആദുബ്്നു ജബൽ, അബൂ സൈദ് (റ) എന്നീ സ്വഹാബിമാർ ഖുർആൻ പൂർണമായി എഴുതി സൂക്ഷിച്ചിരുന്നു എന്ന് ബുഖാരി, മുസ്്ലിം, തിർമിദി മുതലായ ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം. പക്ഷേ, അതൊരു മുസ്വ്്ഹഫിൽ ആയിരുന്നില്ല എന്നുമാത്രം. സൈദുബ്്നു സാബിത്ത് (റ) ക്രോഡീകരിച്ച ഈ മുസ്വ്്ഹഫ് അബൂബക്റി(റ)ന്റെ മരണം വരെ അദ്ദേഹവും പിന്നീട് ഉമറും (റ) അദ്ദേഹത്തിന്റെ കാലശേഷം ഉമറി(റ)ന്റെ മകളും നബി(സ)യുടെ സഹധർമിണിയുമായിരുന്ന ഹഫ്്സ്വ(റ)യുമാണ് സൂക്ഷിച്ചുപോന്നിരുന്നത്.
ഖുർആനിന്റെ മൂന്നാംഘട്ട ക്രോഡീകരണവും പകർപ്പുകളെടുക്കലും നടന്നത് ഉസ്മാന്റെ ഭരണ കാലത്താണ്. അന്നും ആ ദൗത്യം ഉസ്മാൻ ഏൽപിച്ചത് സൈദുബ്്നു സാബിത്തിനെ തന്നെയായിരുന്നു.  സഹായത്തിനായി അബ്ദുല്ലാഹിബ്്നു സുബൈർ, സഈദുബ്്നുൽ ആസ്വ്, അബ്ദുർറഹ്്മാനിബ്്നുൽ ഹാരിസ് എന്നീ സ്വഹാബിമാരെയും ചുമതലപ്പെടുത്തി. ഹഫ്്്സ്വയുടെ പക്കൽ സൂക്ഷിച്ചിരുന്ന ഖുർആന്റെ ആ ഒറിജിനൽ പ്രതിയാണ് ഈ ക്രോഡീകരണത്തിനും പകർപ്പെടുക്കലിനും അവലംബമാക്കിയത്. നാലു കോപ്പികളാണ് അന്നവർ അതിനെ അവലംബമാക്കി എടുത്തത്. ഏഴാണെന്നും പറയപ്പെടുന്നു. നാല് എന്നതാണ് പ്രബലമായ അഭിപ്രായം. കോപ്പികളെടുത്തതിനു ശേഷം ആ ഒറിജിനൽ പ്രതി ഉസ്മാൻ (റ), ഹഫ്്സ്വ(റ)യെ തിരികെ ഏൽപിക്കുകയും ചെയ്തു.
ഖുർആൻ ഏഴ് ഹർഫുകളിലാണ് ഇറക്കപ്പെട്ടത് എന്നത് പ്രബലമായ ഹദീസുകൾകൊണ്ട് സ്ഥിരപ്പെട്ടതാണ്. ഖുറൈശികളടക്കമുള്ള അന്നത്തെ ഏഴു പ്രബല ഗോത്രങ്ങളുടെ ഭാഷാശൈലിയിൽ. ഇത് സൗകര്യത്തിനും എളുപ്പത്തിനും വേണ്ടിയുള്ളതായിരുന്നു. അബൂബക്ർ സ്വിദ്ദീഖിന്റെ ഒറിജിനൽ അഥവാ ആദ്യത്തെ പ്രതി ഈ ഏഴ് ഹർഫുകളും ഉൾക്കൊള്ളുന്നതായിരുന്നു. എന്നാൽ, ഉസ്മാൻ ക്രോഡീകരിക്കുകയും പകർപ്പുകളെടുക്കുകയും ചെയ്ത കോപ്പികളിൽ ഖുറൈശീ ഹർഫ് മാത്രമേ ഉൾക്കൊള്ളിച്ചിട്ടുള്ളൂ. മറ്റു ആറ് ഹർഫുകളും ഒഴിവാക്കുകയും ചെയ്തിരിക്കുന്നു. സൈദുബ്്നു സാബിത്ത് മദീനാ നിവാസിയായിരുന്നു. മറ്റു മൂന്നു സ്വഹാബികളും ഖുറൈശികളും. പകർപ്പെടുക്കുമ്പോൾ, സൈദുബ്്നു സാബിത്തുമായി ഈ മൂന്നു പേർക്കും അഭിപ്രായ വ്യത്യാസമുണ്ടായാൽ ഖുറൈശി ഹർഫിൽത്തന്നെ ക്രോഡീകരിക്കാൻ ഉസ്മാൻ അവരോട് പ്രത്യേകം കൽപിച്ചിരുന്നു.
നബി(സ)യുടെ വഫാത്തിനു ശേഷം അബൂബക്റിന്റെ ഖിലാഫത്ത് കാലത്ത് കള്ളപ്രവാചകൻ മുസൈലിമയുമായി യമാമയിൽ നടന്ന യുദ്ധത്തിൽ ഖുർആൻ പൂർണമായും മനഃപാഠമുണ്ടായിരുന്ന അനവധി  സ്വഹാബിമാർ ശഹീദാവുകയുണ്ടായി. അങ്ങനെ ഖുർആൻ നഷ്ടപ്പെട്ടുപോകുമോ എന്ന സ്വഹാബത്തിനുണ്ടായിരുന്ന ഉത്കണ്ഠയും ഭയവുമായിരുന്നു അബൂബക്റിന്റെ കാലത്തെ ക്രോഡീകരണത്തിന് മുഖ്യ പ്രേരകം (ബുഖാരി: 4986 - നമ്പർ ഹദീസ് നോക്കുക). വിവിധ ദേശങ്ങളിൽ ഇസ്്ലാം പ്രചരിച്ചപ്പോൾ അവിടത്തെ മുസ്്ലിംകളിലുണ്ടായിരുന്ന ഖുർആൻ പാരായണശൈലീഭേദമായിരുന്നു, അഥവാ അതിന്റെ പേരിൽ ജൂത -ക്രിസ്ത്യാനികളെപ്പോലെ മുസ്്ലിം ഉമ്മത്ത് ഭിന്നിച്ചുപോകുമോ എന്ന ഭയവും ആശങ്കയുമായിരുന്നു ഉസ്മാന്റെ കാലത്തെ പുനഃക്രോഡീകരണത്തിനും പകർപ്പെടുക്കലിനും നിദാനം (ബുഖാരിയും തിർമിദിയും അനസിൽനിന്ന് ഉദ്ധരിച്ച ഹുദൈഫത്തുബ്്നുൽ യമാനിയുടെ സംഭവം പറയുന്ന ഹദീസ് നോക്കുക).
പിൽക്കാലത്ത് മർവാനുബ്്നുൽ ഹകം മദീനയിലെ ഗവർണറായിരുന്ന കാലത്ത് ഹഫ്്സ്വയുടെ പക്കൽ സൂക്ഷിച്ചിരുന്ന അബൂബക്റിന്റെ മുസ്വ്്ഹഫ് തന്നെ ഏൽപിക്കണമെന്ന്  പലതവണ ആവശ്യപ്പെടുകയുണ്ടായി. മർവാൻ  അതിനുവേണ്ടി അവരുടെ അടുക്കലേക്ക്  ആളെ അയച്ചു. എന്നാൽ, ഹഫ്്സ്വ അത് കൊടുത്തുവിട്ടിരുന്നില്ല. പിന്നീട് അവർ  വഫാത്തായി ഖബ്റടക്കം കഴിഞ്ഞു വന്നതിനു ശേഷം അവരുടെ സഹോദരൻ അബ്ദുല്ലാഹിബ്്നു ഉമറിന്റെ അടുക്കലേക്ക് മർവാൻ ആളെ അയച്ചു; ആ മുസ്വ്്ഹഫ് നിർബന്ധമായും കൊടുത്തുവിടണം എന്നു കൽപിച്ചുകൊണ്ട്. അങ്ങനെ അദ്ദേഹം അത് കൊടുത്തുവിടുകയും മർവാന്റെ കൽപന പ്രകാരം ആ മുസ്വ്്ഹഫ് നശിപ്പിക്കുകയും ചെയ്തു. മറ്റൊരു റിപ്പോർട്ടനുസരിച്ച്, അത് കത്തിച്ചു കളയുകയായിരുന്നു എന്നുമുണ്ട്. ഈ വിവരം അന്ന് ജനങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ഏഴു ഹർഫുകളിലായി ക്രോഡീകരിച്ച ആ മുസ്വ്്ഹഫ് അവശേഷിക്കുകയാണെങ്കിൽ പിൽക്കാലത്ത് ഇതിലുള്ള പലതും ഉസ്മാൻ പകർപ്പുകളെടുത്ത് വിവിധ കേന്ദ്രങ്ങളിലേക്കയച്ച മുസ്വ്്ഹഫുകളിലില്ലല്ലോ എന്നു ജനങ്ങൾ സംശയിക്കാൻ സാധ്യതയുണ്ടെന്ന് മർവാൻ ആശങ്കിച്ചിരുന്നു. അതു ശരിയുമായിരുന്നു. കാരണം, ഉസ്മാൻ (റ) ആറു ഹർഫുകളെയും ഒഴിവാക്കി ഖുറൈശീ ഹർഫിൽ മാത്രമായിരുന്നല്ലോ നാലു കോപ്പികളും തയാറാക്കിയിരുന്നത്. അതുവരെയും എല്ലിൻ കഷ്ണങ്ങളിലോ തോലിലോ എഴുതി സൂക്ഷിക്കപ്പെട്ടിരുന്ന ജനങ്ങളുടെ പക്കലുള്ള ഖുർആന്റെ എല്ലാ ഏടുകളും നശിപ്പിച്ചുകളയണമെന്നും ഉസ്മാൻ (റ) കൽപന പുറപ്പെടുവിച്ചിരുന്നു. അദ്ദേഹം പകർപ്പെടുത്ത കോപ്പികൾ മാത്രമേ പാരായണം ചെയ്യാവൂ എന്നും. ഈ ഖുർആൻ പതിപ്പുകളാണ് 'മുസ്വ്്ഹഫുൽ ഇമാം' എന്ന് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ മുസ്വ്്ഹഫിൽ അവലംബിച്ച എഴുത്തു ശൈലി 'റസ്്മുൽ ഉസ്മാനി' എന്നും അറിയപ്പെടുന്നു.
ഈ സംഭവം സ്വഹീഹായ പരമ്പരയോടെ ഇബ്്നു അബീദാവൂദ് തന്റെ 'കിതാബുൽ മസ്വാഹിഫ്' എന്ന ഗ്രന്ഥത്തിലും (പേജ്: 24-25), അബൂ ഉബൈദ് 'ഫദാഇലുൽ ഖുർആനി'ലും (പേജ്: 156), ഉമറുബ്്നു ശബ്ബഃ  തന്റെ 'താരീഖു മദീനഃ' എന്ന ഗ്രന്ഥത്തിന്റെ മൂന്നാം വാള്യം 1003-1004 പേജിലും ഉദ്ധരിച്ചിട്ടുണ്ട്. ഈ ചരിത്രവസ്തുതകൾക്ക് അവലംബം ഡോ. യൂസുഫ് അബ്ദുല്ലാ ജുദൈഇന്റെ 'അൽ മുഖദ്ദിമാത്തുൽ അസാസിയ്യഃ ഫീ ഉലൂമിൽ ഖുർആൻ' എന്ന കൃതിയാണ്. ഉലൂമുൽ ഖുർആനിലെ മറ്റു ഗ്രന്ഥങ്ങളിലില്ലാത്ത പല വിവരങ്ങളും അടങ്ങിയ മൂല്യവത്തായ കൃതിയാണിത്.
ഗ്രന്ഥകാരൻ അറബ് ലോകത്തറിയപ്പെട്ട സലഫീ പണ്ഡിതനാണ്. ഇസ്്ലാമിക ശരീഅത്തിലും കർമശാസ്ത്രത്തിലും അതിന്റെ ഉസ്വൂലുകളിലും അഗാധമായ പാണ്ഡിത്യവും അവഗാഹവുമുള്ള സൂക്ഷ്മഗ്രാഹിയായ പണ്ഡിതൻ. ഹഫ്്സ്വ(റ)യുടെ പക്കലുണ്ടായിരുന്ന മുസ്വ്്ഹഫിന് എന്തു സംഭവിച്ചു, അതെവിടെപ്പോയി എന്ന സുപ്രധാന വിവരം മുസ്്ലിം പണ്ഡിതന്മാർക്കു പോലും അജ്ഞാതമാണ്. സാധാരണ ഉപയോഗത്തിലുള്ള കിതാബുകളിൽ അത് ചർച്ച ചെയ്യാതെ പോയതായിരിക്കാം അതിനു കാരണം. ശൈഖ് ജുദൈഅ് അവലംബിച്ച മേൽപറഞ്ഞ മൂന്നു കിതാബുകളും അപൂർവവും സാധാരണ ഉപയോഗത്തിലില്ലാത്തതുമാണ്. തന്നെയുമല്ല, ഉലൂമുൽ ഖുർആൻ വിഷയത്തിലെഴുതപ്പെട്ട മറ്റു കൃതികളൊന്നും ഈ വിഷയം പ്രതിപാദിക്കുന്നുമില്ല.
ഇപ്പോൾ ഇതിവിടെ പറയാൻ കാരണം, അറബ് ലോകത്തെ മിഷനറിമാരിൽനിന്നും ഖുർആൻ വിമർശകരിൽനിന്നും കിട്ടിയതിനാലാവണം ഇവിടത്തെ പാസ്റ്റർമാരും 'യുക്തിവാദികളും'വരെ ഇക്കാര്യം ചോദിച്ചുതുടങ്ങിയിരിക്കുന്നു; ബൈബിളിന്റെ ആധികാരികതയെ കുറിച്ച കാര്യങ്ങൾ മറച്ചുവെച്ചുകൊണ്ട്. അല്ലാതെ, അവർക്കെന്ത് ഹഫ്്സ്വ(റ)യുടെ മുസ്വ്്ഹഫ്! l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 23-25
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വാർഥതയെ കരുതിയിരിക്കുക
ഡോ. മുഹമ്മദ് പാണ്ടിക്കാട്