Prabodhanm Weekly

Pages

Search

2023 ജൂലൈ 21

3310

1445 മുഹർറം 03

കുടുംബം കുറ്റിയറ്റ് പോകുമോ?

റഹ്്മാന്‍ മധുരക്കുഴി

കേരളത്തിലെ വിദ്യാ സമ്പന്നരായ പെണ്‍കുട്ടികള്‍ വിവാഹം കഴിക്കാന്‍ മടിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്! മനോരോഗ വിദഗ്ധനായ ഡോ. എ.ടി ജിതിനാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. യുവാക്കള്‍ക്ക് പെണ്ണ് കിട്ടാത്ത സാഹചര്യം മുന്‍നിര്‍ത്തിയായിരുന്നു പഠനം. കുടുംബ ജീവിതത്തിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കാനുള്ള വിമുഖത, ഗര്‍ഭം ധരിക്കുന്നതിലെ താല്‍പര്യക്കുറവ്, കുട്ടികളെ വളര്‍ത്തുന്നതിനുള്ള മടി തുടങ്ങിയവയാണത്രെ ഈ നിലപാട് സ്വീകരിക്കുന്നതിനുള്ള മുഖ്യ കാരണം.
ഇത്തരക്കാര്‍ക്ക് വേണ്ടി, സന്താനോല്‍പാദനം മുതല്‍ കുട്ടികളെ വളര്‍ത്തല്‍ വരെ ഏറ്റെടുത്ത് നടത്തുന്ന പ്രഫഷനല്‍ സ്ഥാപനങ്ങള്‍ രംഗത്തുണ്ട്. ലബോറട്ടറിയിലെ സ്ഫടിക പാത്രങ്ങളില്‍ വളരുന്ന ശിശുക്കളുണ്ട്. 21-ാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന ശാസ്ത്രത്തിന്റെ മുന്നേറ്റം, ചരിത്രം ഇന്നോളം താലോലിച്ചു വളർത്തിയ കുടുംബം എന്ന പരവിത്ര സങ്കല്‍പത്തിന്റെ അടിത്തറ പൊളിക്കുമെന്ന് ആശങ്കിക്കേണ്ടിയിരിക്കുന്നു.
ജീവശാസ്ത്രത്തില്‍ ജനിറ്റിക് എഞ്ചിനീയറിംഗില്‍ ദ്രുതഗതിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വികാസ പരിണാമങ്ങള്‍ മാതൃത്വത്തെയും പിതൃത്വത്തെയും, സദാചാര നിഷ്ഠമായ കുടുംബ ജീവിതത്തെയും, സ്‌നേഹബന്ധങ്ങളില്‍ അധിഷ്ഠിതമായ മൂല്യങ്ങളെയും തകിടം മറിക്കുന്ന മട്ടിലാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.

 

മുംബൈ ഹൈക്കോടതിയുടെ ചരിത്ര പ്രധാന വിധി

പ്രബോധനം വാരിക ലക്കം 3305-ൽ ഈ തലക്കെട്ടില്‍ വന്ന മുഖവാക്ക് വായിച്ചു. ബി.ജെ.പി കേന്ദ്ര ഭരണത്തില്‍ വന്നതു മുതല്‍ മുസ്്‌ലിം, ക്രിസ്ത്യന്‍ മത ന്യൂനപക്ഷങ്ങള്‍ വലിയ ഭീഷണിയാണ് നേരിടുന്നത്. കൂടാതെ 65 തമാനം അവര്‍ണ, അവശ, അധഃസ്ഥിത ഹിന്ദുക്കളും (ദലിത്, ആദിവാസി, ഈഴവ തുടങ്ങിയ വിഭാഗങ്ങള്‍). ഗാന്ധിജി, നെഹ്‌റു, അംബേദ്കര്‍ തുടങ്ങിയ മഹാരഥന്മാര്‍ മുൻ കൈയെടുത്ത് രൂപം നല്‍കിയ ഇന്ത്യന്‍ ഭരണഘടന, ആര്‍ക്ക് ഏത് മതം സ്വീകരിക്കാനും അവകാശം നല്‍കുന്നുണ്ട്. മതം പ്രചരിപ്പിക്കാനും അവകാശമുണ്ട്. എന്നാല്‍, അതിനെതിരിലുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇവിടെ ഭീഷണിപ്പെടുത്തി ആരും ആരെയും മതം മാറ്റുന്നില്ല. മതം മാറുന്ന മിക്കവരും പിന്നാക്ക, അവശ ജനവിഭാഗങ്ങളാണ്.  മുഖവാക്കില്‍ പറയുന്നതുപോലെ ജോൻ മസ്കർനാസ് ഡിസൂസയും അവരുടെ ഭര്‍ത്താവും കഴിഞ്ഞ 23 വര്‍ഷമായി തങ്ങളുടെ കെട്ടിടത്തില്‍ നടത്തിവരുന്ന മത പ്രവര്‍ത്തനം തടയുന്നത് തീര്‍ത്തും പ്രതിഷേധാര്‍ഹവും ഭരണഘടനാ വിരുദ്ധവുമണ്. ഇത് മുംബൈ ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു. എന്നാല്‍, ബി.ജെ.പി സര്‍ക്കാര്‍ മത സ്വാതന്ത്ര്യം എന്നേ അവസാനിപ്പിച്ചു കഴിഞ്ഞല്ലോ. സ്വന്തം ഇഷ്ടപ്രകാരം മതം മാറിയാലും ആ വ്യക്തിയുടെ ജീവന് തന്നെ ചിലപ്പോള്‍ ഭീഷണി നേരിട്ടേക്കാം എന്നതാണ് സ്ഥിതി.

ആര്‍. ദിലീപ് പുതിയവിള, മുതുകുളം
8593017884

ലളിതമായ അവതരണം

ജി.കെ എടത്തനാട്ടുകരയുടെ 'ദൈവമുണ്ട്, ദൈവങ്ങളോ?' (2023 ഫെബ്രുവരി 10) എന്ന കുറിപ്പ് വായിച്ചു. 'ദൈവങ്ങളെ'യും 'ദൈവ'ത്തെയും വളരെ ലളിതമായി സാധാരണക്കാരുടെ ഹൃദയങ്ങളില്‍ ഇടംപിടിക്കുന്ന വിധത്തില്‍ അവതരിപ്പിക്കുന്നു. പുരോഗമന ആശയങ്ങളിലേക്കോ ആധുനിക ഹൈടെക് നിര്‍ദേശങ്ങളിലേക്കോ ഒന്നും പോകാതെ നാം ദൈവികം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നതെന്താണെന്ന് ജി.കെ വ്യക്തമാക്കുന്നു. ഋഗ്വേദം, സാമവേദം, അഥര്‍വവേദം തുടങ്ങിയ പൗരാണിക ഗ്രന്ഥങ്ങളിലെ ദൈവം ഒന്നാണെന്ന് സമര്‍ഥിക്കുന്നു.

പി.വി മുഹമ്മദ് ഈസ്റ്റ് മലയമ്മ

 

പഠിച്ചതൊന്നും മറക്കാതെ, പുതിയതൊന്നും പഠിക്കാതെ...

'ജമാഅത്ത് വിരോധത്തിന്റെ നാല്‍പത് വര്‍ഷങ്ങള്‍' എന്ന എ.ആറിന്റെ ലേഖനം (ലക്കം 3309) വളരെയേറെ ഹൃദ്യമായി. മതേതരമെന്ന് പറയപ്പെടുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ ഹമീദിന് നല്‍കുന്ന അമിത പരിഗണന അത്തരം പ്രസിദ്ധീകരണങ്ങളുടെ ഉള്ളിലിരിപ്പ്  തിരിച്ചറിയാന്‍ സഹായകമാണ്. ഹമീദിന് വളരെ ഉദാരമായി സ്ഥലമനുവദിക്കുന്ന ഈ മതേതര(?) പ്രസിദ്ധീകരണങ്ങള്‍ ന്യായമായ മറുപടിക്കുറിപ്പുകളെ തീരെ പരിഗണിക്കാറില്ലെന്നത് ഒരു വസ്തുത മാത്രമാണ്. അദ്ദേഹത്തിനുള്ള മറുപടികള്‍ പല മാര്‍ഗേണ എത്തിച്ചുകൊടുത്താലും തികഞ്ഞ നിസ്സംഗത തന്നെ. ദീര്‍ഘകാലത്തെ അധ്യാപന പരിചയമുള്ള ഹമീദ് സാറിന് ഒരു തകരാറുണ്ട്- പഠിച്ചതൊന്നും മറക്കില്ല; പുതുതായൊന്നും പഠിക്കുകയും ഇല്ല എന്നതാണത്. പലര്‍ക്കും പ്രായമേറുമ്പോള്‍ സ്മൃതി നാശമുണ്ടാവാറുണ്ട്. എന്നാല്‍, ജമാഅത്ത് വിരോധമെന്ന വിഷയത്തില്‍ അദ്ദേഹത്തിന് അതും സംഭവിച്ചിട്ടില്ല. ഇസ്്‌ലാംവിരുദ്ധരുടെ ഇഷ്ടപുത്രനായ ഇദ്ദേഹത്തിന് പണ്ട് കുറിച്ചിട്ടത് തെറ്റ് വ്യത്യാസമില്ലാതെ അപ്പടി വീണ്ടും വീണ്ടും ഉദ്ധരിക്കാനുള്ള പാടവമുണ്ട്. ഈ ചര്‍വിത ചര്‍വണം എത്രകാലം തുടരുമെന്ന് ആര്‍ക്കറിയാം!
ജമാഅത്തെ ഇസ്്‌ലാമിയെ നാട്ടക്കുറ്റിയാക്കി ഇസ്്‌ലാമിന് നേരെയാണ് അദ്ദേഹം വെടി വെക്കുന്നതെന്ന് അദ്ദേഹം സമ്മതിച്ചില്ലെങ്കിലും, സാമാന്യ ബുദ്ധിയുള്ള സകല വായനക്കാര്‍ക്കും അത് പണ്ടേ മനസ്സിലായിട്ടുണ്ട്. അങ്ങനെയല്ലെന്ന് തോന്നിപ്പിക്കാന്‍ തന്റെ കോണ്‍ഗ്രസ് പാരമ്പര്യം, മുജാഹിദ് പാരമ്പര്യം, ജന്മി പാരമ്പര്യം ഒക്കെ അദ്ദേഹം എടുത്തു പറയും. ചേകനൂരിന്റെ അനുയായികള്‍, മോഡേണിസ്റ്റുകള്‍, ഹദീസ് നിഷേധികള്‍ ഉള്‍പ്പെടെ പലരുടെയും  പിന്തുണ ആര്‍ജിക്കാന്‍ അദ്ദേഹം സമര്‍ഥമായി ശ്രമിക്കുന്നുണ്ട്. സാക്ഷാല്‍ ഖാദിയാനികളോടുള്ള അനുഭാവവും അദ്ദേഹം വെളിവാക്കിയിട്ടുണ്ട്.
പഴയ വീഞ്ഞ് പുതിയ കുപ്പികളിലാക്കി പിന്നെയും പിന്നെയും മാര്‍ക്കറ്റ് ചെയ്ത് എത്ര കാലം കഴിച്ചുകൂട്ടുമെന്ന് ആര്‍ക്കറിയാം!

പി.പി അബ്ദുര്‍റഹ്്മാന്‍ പെരിങ്ങാടി

 

ഏക സിവില്‍കോഡും 
ഇടതുപക്ഷ നിലപാടുകളും!

ഇന്ത്യന്‍ മുസ് ലിംകള്‍ ആശങ്കപ്പെട്ടിരുന്ന പ്രതിസന്ധിയും പരീക്ഷണവും തന്നെയാണ് ഏക സിവില്‍ കോഡ്. ഈ നിയമം രാജ്യത്ത് നടപ്പാക്കുമ്പോള്‍ എല്ലാ ജനവിഭാഗങ്ങളും തങ്ങളുടെതായ പ്രതിസന്ധികളും പ്രയാസങ്ങളും അഭിമുഖീകരിക്കുക തന്നെ ചെയ്യും. എങ്കിലും ഇതില്‍ ഏറെ പ്രതിസന്ധികളും പ്രയാസങ്ങളും മുസ് ലിംകൾക്ക് തന്നെയായിരിക്കും. നിലവിലുള്ള ഭരണകൂടവും ആഗ്രഹിക്കുന്നത് ഇതു തന്നെ.
ആദിവാസികളെയും ക്രിസ്ത്യാനികളെയും ഒഴിവാക്കാമെന്ന പ്രസ്താവം, മുസ്്ലിംകളെയാണ് ഇത് ഉന്നം വെക്കുന്നത് എന്ന് തെളിയിക്കുന്നു. 
പക്ഷേ, ഇന്ന് കാലിനടിയിലെ മണ്ണ് ഒലിച്ചുപോയിക്കൊണ്ടിരിക്കുന്ന കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങളുടെയും ഇടതു രാഷ്ട്രീയ പർട്ടിയുടെയും ഏക സിവിൽ കോഡ് പ്രതിരോധ പ്രകടനം പ്രഹസനവും  കാപട്യം നിറഞ്ഞതുമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 
1980-കളിലെ ശരീഅത്ത് വിവാദം ആരും മറക്കുകയില്ല. അന്ന് ഇന്ത്യന്‍ മുസ് ലിംകള്‍, പ്രത്യേകിച്ച് കേരള മുസ് ലിംകള്‍ ഏറ്റവും കൂടുതല്‍ പ്രതിരോധവും പ്രതിഷേധവും തീര്‍ത്തത് ആരോ ടായിരുന്നെന്നും എല്ലാവർക്കും അറിയാം. അന്ന് ശരീഅത്തിനെയും മുസ് ലിം വ്യക്തിനിയമത്തെയും പ്രതിക്കൂട്ടില്‍ കയറ്റാന്‍ മുന്‍പന്തിയില്‍ നിന്നതും ഏക സിവിൽ കോഡിന് വേണ്ടി മുറവിളി കൂട്ടിയതും കമ്യൂണിസ്റ്റ് പാര്‍ട്ടി (മാർക്സിസ്റ്റ്) ഓഫ് ഇന്ത്യയായിരുന്നു. ഈ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷ ചിന്തകരുമാണ് ഇന്ന് ഏക സിവിൽ കോഡിനെതിരെ തങ്ങള്‍ക്കിഷ്ടപ്പെട്ട, അല്ലെങ്കില്‍ തങ്ങള്‍ വീഴ്ത്തിയാല്‍ വീഴുമെന്ന് സ്വപ്നം കാണുന്ന മുസ് ലിം(സംഘടന)കളെ കൂടെ കൂട്ടുന്നത്?! 
ഇടതുപക്ഷത്തിന് അല്‍പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ ഇത് സ്വാഗതാര്‍ഹം തന്നെ. പക്ഷേ,  നാളിതുവരെ മുസ് ലിം സമുദായത്തോടും ന്യൂനപക്ഷങ്ങളോടും ഇടതുപക്ഷം കാണിച്ചു പോന്ന ഇരട്ടത്താപ്പ് നയം ഒരിക്കലും നീതീകരണവും ന്യായീകരണവുമില്ലാത്തതാണ്. അല്ലെങ്കിലും ഫാഷിസം രാജ്യത്തിനുടനീളം അഴിഞ്ഞാടുമ്പോള്‍ ഒന്നാം ഇരകളാകുന്ന മുസ്്ലിം സമുദായത്തില്‍നിന്ന് തങ്ങള്‍ക്കിഷ്ടപ്പെട്ടവരെ ചേര്‍ത്തുനിര്‍ത്തുകയും ഇഷ്ടമില്ലാത്തവരെ അകറ്റിനിര്‍ത്തുകയും ചെയ്യുന്ന പ്രവണത തന്നെ കാപട്യമല്ലേ? മുസ്്ലിം സമൂഹത്തിൽ ശൈഥില്യം സൃഷ്ടിക്കുന്ന സി.പി.എം നടപടികൾ എങ്ങനെയാണ് സമുദായ സ്നേഹമാവുക? 
നസീർ പള്ളിക്കൽ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 23-25
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വാർഥതയെ കരുതിയിരിക്കുക
ഡോ. മുഹമ്മദ് പാണ്ടിക്കാട്