പ്രബോധനം നൽകിയ അറിവും തിരിച്ചറിവും
എന്റെ പ്രബോധനം
1997 - ൽ ബാംഗ്ലൂരിൽ ജോലി ചെയ്യവെയാണ് ഗൾഫിലേക്ക് വിസ ശരിയാവുന്നതും യാത്രയാവുന്നതും. സുഊദി അറേബ്യയിൽ എത്തിയതിനുശേഷവും മലയാള പ്രസിദ്ധീകരണങ്ങളുടെ വായനാ ലോകത്തിലൂടെ സഞ്ചാരം തുടരവെയാണ് യാദൃഛികമായി പ്രബോധനം വാരിക കൈയിൽ കിട്ടുന്നത്. കമ്പനിക്കടുത്ത ബഖാലയിലെ കോഴിക്കോട്ടുകാരനായ ഒരു സുഹൃത്തുമായി ഷെയർ ചെയ്താണ് അന്ന് മലയാള പത്രങ്ങൾ വായിച്ചിരുന്നത്. ഒരു നാൾ പത്രം വായിച്ചിരിക്കെ കടയുടെ ഒരു മൂലയിൽ വെച്ചിരുന്ന പ്രബോധനം വാരിക ശ്രദ്ധയിൽപെട്ടു. മറിച്ചു നോക്കിയപ്പോൾ വായിക്കണം എന്ന് തോന്നി. സുഹൃത്തിനോട് പ്രബോധനം വാരിക എങ്ങനെ കിട്ടിയെന്നു ആരാഞ്ഞപ്പോൾ അടുത്ത് ഒരു ഓഫീസിൽ ജോലി ചെയ്യുന്ന തെക്കു നിന്നുള്ള ഒരു 'കാക്ക' തന്നതാണെന്ന് പറഞ്ഞു. ആ സുഹൃത്തിനെ പ്രബോധനം വായിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാൽ, സുഹൃത്ത് അത് വായിക്കാറുണ്ടായിരുന്നില്ല. സുഹൃത്തിന്റെ അനുവാദത്തോടെ പ്രബോധനം മുറിയിൽ കൊണ്ടുപോയി വായിച്ചു. പ്രബോധനം കൊടുത്ത വ്യക്തി പഴയ ലക്കം തിരികെ ആവശ്യപ്പെട്ടപ്പോൾ, അടുത്ത കമ്പനിയിൽ ഒരു നാട്ടുകാരൻ വന്നിട്ടുണ്ടെന്നും അദ്ദേഹം വായിക്കാൻ കൊണ്ടുപോയതാണെന്നും പറഞ്ഞു. ഇസ്്ലാമിക പ്രവർത്തകനായ അദ്ദേഹം എന്നെ തിരക്കി മുറിയിൽ വന്നു. പരിചയപ്പെട്ടു. പ്രബോധനത്തെക്കുറിച്ചും മറ്റും സംസാരിച്ചു. തുടർന്ന് എല്ലാ ലക്കവും എത്തിച്ചു തരികയും വൈകാതെ വരിക്കാരനാക്കുകയും ചെയ്തു. ആ സുഹൃദ് ബന്ധം ആത്മബന്ധമായി വളർന്നു.
യാഥാസ്ഥിതിക കുടുംബത്തിൽ പിറന്ന എനിക്ക് അഞ്ചു വർഷം മദ്റസാ പഠനം ലഭിച്ചിട്ടും ബിസ്്മില്ലാഹിർറഹ്്മാനിർറഹീം എന്ന വാക്യത്തിന്റെ അർഥമോ ലാഇലാഹ ഇല്ലല്ലാഹ് എന്ന ആദർശവാക്യത്തിന്റെ പൊരുളോ മനസ്സിലായിരുന്നില്ല. അതുകൊണ്ടുതന്നെ ഖുർആന്റെ പ്രഥമ വായന എന്നിൽ പല സംശയങ്ങളും അങ്കുരിപ്പിച്ചു. പക്ഷേ, പ്രബോധനം വാരികയും ഖുർആൻ സ്റ്റഡി സെന്ററും മറ്റും എന്റെ ജീവിതത്തിൽ പുതിയ വെളിച്ചം നിറച്ചു.
തിരിച്ചറിവിന്റെ രാജപാതകൾ അടക്കാൻ ശ്രമിക്കാതെ ആകാശം പോലെ വിശാലമായ അറിവിന്റെ ഏതു വഴിയും സ്വീകരിക്കുന്നതിലൂടെ മാത്രമേ ജീവിതത്തിന് വെളിച്ചമേകാൻ സാധിക്കുകയുള്ളൂ. അറിവിന്റെ മണ്ഡലത്തിലേക്ക് നമ്മെ എത്തിക്കുന്നത് വായന തന്നെയാണ്. മനസ്സിലാക്കിയ കാര്യങ്ങൾ സ്വന്തത്തിലൊതുക്കാതെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സമൂഹത്തിനും പകർന്നു നൽകേണ്ടത് ബാധ്യതയാണെന്ന് തിരിച്ചറിഞ്ഞു. അതിപ്പോഴും തുടരുന്നു.
നന്മയെ സ്നേഹിക്കുന്നവർക്ക് നേരിന്റെ ഇത്തിരി വെളിച്ചം പകർന്നു നൽകാൻ തീർച്ചയായും പ്രബോധനത്തിന് സാധിക്കുന്നുണ്ട്. വായനക്ക് ശേഷം പ്രബോധനം കോപ്പികൾ നമ്മുടെ കുടുംബങ്ങളിലെ, അയൽക്കാരിലെ, സുഹൃത്തുക്കളിലെ, സഹപ്രവർത്തകരിലെ, സഹപാഠികളിലെ ആർക്കെങ്കിലും ഒക്കെ നൽകുകയാണെങ്കിൽ ഒരുപക്ഷേ, നാം മുഖേന അവരുടെയോ നാമറിയാതെ അവർ മുഖേന മറ്റു വല്ലവരുടെയോ (എനിക്ക് സംഭവിച്ചതു പോലെ) ജീവിതത്തിന് ഇത്തിരി വെളിച്ചം ലഭിച്ചേക്കാം. ഒരുവൻ കാരണമായി മറ്റൊരുത്തൻ സന്മാർഗത്തിൽ ആവുകയാണെങ്കിൽ അതിലും വലിയ പുണ്യം മറ്റൊന്നില്ലല്ലോ.
'എങ്ങനെയെങ്കിലും കുറച്ച് കാശുണ്ടാക്കുക' എന്ന ലക്ഷ്യത്തോടെ ഗൾഫിലെത്തിയ എന്നെ പ്രബോധനം വാരിക വഴി ഖുർആൻ ശരിയായ വഴിയിലൂടെ നടത്തുകയായിരുന്നു. ജീവിതത്തിലെ അടിസ്ഥാന ലക്ഷ്യങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞപ്പോൾ (വിവാഹം, വീട്, ഉംറ, ഹജ്ജ്) 2010-ൽ നാട്ടിലേക്ക് തിരിച്ചു. സുഊദിയിൽ നിന്ന് ലഭിച്ച അറിവും തിരിച്ചറിവും നാട്ടിൽ നല്ലൊരു കൂട്ടു സംരംഭത്തിനു നേതൃത്വം കൊടുക്കാൻ ഉപകരിച്ചു. പ്രബോധന പ്രവർത്തനങ്ങൾ നടത്താനും രണ്ടു ജില്ലകളിലെ വിവിധ പള്ളികളിൽ വർഷങ്ങളായി ഖുത്വ്്ബ നിർവഹിക്കാനും പ്രാപ്തനാക്കിയത് പ്രബോധനം വാരികയും ഐ.പി.എച്ച് സാഹിത്യങ്ങളുമാണെന്നതിൽ തർക്കമില്ല. l
Comments