"ഏക സിവില്‍ കോഡിനെ ചെറുക്കുക വലിയ വെല്ലുവിളി തന്നെയാണ്'
# ആള്‍ ഇന്ത്യാ മുസ്്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണല്ലോ താങ്കള്‍. ഈ പൊതു മുസ്്‌ലിം കൂട്ടായ്മ എന്തൊക്കെ വെല്ലുവിളികളാണ് നേരിടുന്നത്?
-1991-ലെ ആരാധനാലയ സംരക്ഷണ നിയമം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ് ഒരു പ്രധാന വെല്ലുവിളി. നിലവിലുള്ള ഏതൊരു ആരാധനാലയവും 1947-ന് മുമ്പുള്ള അതേ അവസ്ഥയില്‍ തുടരണമെന്നാണ് ഈ നിയമം അനുശാസിക്കുന്നത്. അതിനെ ചോദ്യം ചെയ്ത് ഹരജികള്‍ വന്നുകൊണ്ടിരിക്കുന്നു. പല മത വിശ്വാസങ്ങള്‍ പിന്തുടരുന്ന പല വിഭാഗം ആളുകളുള്ള വലിയൊരു രാജ്യമാണ് നമ്മുടേത്. മതകീയ കെട്ടിടങ്ങളുടെ മേല്‍ ആളുകള്‍ ഇങ്ങനെ പഴയ ചരിത്രവും മറ്റും പറഞ്ഞ് അവകാശം സ്ഥാപിക്കാന്‍ തുനിഞ്ഞാല്‍ രാജ്യത്തിനത് വലിയ പരീക്ഷണ ഘട്ടം തന്നെയായിരിക്കും. ആരാധനാലയ സംരക്ഷണ നിയമത്തെ അതേപടി നിലനിര്‍ത്തുക എന്നത് ബോര്‍ഡിന്റെ മുന്നിലെ വലിയ വെല്ലുവിളി തന്നെയാണ്. ഞങ്ങള്‍ എല്ലാ സാധ്യതകളും ആരായുന്നുണ്ട്; കോടതികളെ സമീപിക്കുക, ന്യൂനപക്ഷ വിഭാഗങ്ങളുടെ നേതാക്കളുമായി ഒന്നിച്ചിരിക്കുക, പ്രതിപക്ഷ നേതാക്കളെ നേരില്‍ കാണുക പോലുള്ള എല്ലാ സാധ്യതകളും.
# മറ്റു വെല്ലുവിളികള്‍?
- ഏക സിവില്‍ കോഡാണ് മറ്റൊരു പ്രധാന വിഷയം. ഇത് മുസ്്‌ലിംകളുടെ മാത്രം പ്രശ്‌നമല്ല; മറ്റു മത വിശ്വാസികളുടെയും പ്രശ്‌നമാണ്. ഗോത്ര വര്‍ഗക്കാരുടെ വ്യക്തിനിയമങ്ങളും വ്യത്യസ്തമാണല്ലോ. ഓരോ മതവിഭാഗക്കാരെയും അവരുടെ മതാനുഷ്ഠാനങ്ങള്‍ പിന്തുടരാന്‍ അനുവദിക്കുക എന്നതാണ് ഭരണഘടനയുടെ സ്പിരിറ്റ്. ഇതും സംരക്ഷിക്കപ്പെടണം. രാജ്യത്തെ പ്രതിനിധാനം ചെയ്യേണ്ടത് മത നിരപേക്ഷതയല്ല, ഒരു മതമാണ് എന്ന കാഴ്ചപ്പാട് അംഗീകരിക്കാനാവില്ല.
# 'ലൗ ജിഹാദി'ന് സമാന്തരമായി 'ഭഗ്്വ ലൗ സ്റ്റോറി' എന്നൊരു മുന്നറിയിപ്പും സോഷ്യല്‍ മീഡിയയില്‍ ഉണ്ടല്ലോ. എന്താണ് താങ്കളുടെ പ്രതികരണം?
- മുസ്്‌ലിം സ്ത്രീകള്‍ അമുസ്്‌ലിം പുരുഷന്മാരോടൊപ്പം പോകുന്നു എന്ന ഈ പ്രചാരണം ശരിയല്ല. ഒരൊറ്റ സമൂഹത്തിലാണല്ലോ നമ്മുടെ ജീവിതം. നമ്മുടെ സമൂഹത്തിലേക്കും കുടുംബത്തിലേക്കും നോക്കിയാല്‍ അത്തരം സംഭവങ്ങള്‍ വളരെ അപൂര്‍വമാണെന്ന് കാണാം. ഇത്തരം പ്രോപഗണ്ട നടത്തുന്നതും സംഘ് പരിവാര്‍ തന്നെയാണ്. വൈകാരികമായി പ്രതികരിക്കുന്ന ചില മുസ്്‌ലിം പ്രഭാഷകര്‍ ഇതിന് എരിവ് കൂട്ടുകയും ചെയ്യുന്നു. ഇത് മുസ്്‌ലിം സമുദായത്തിന് ഹാനികരമാണെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. സ്ത്രീ പുരുഷന്മാര്‍ ഒന്നിച്ച് പഠിക്കുകയും ജോലിയെടുക്കുകയുമൊക്കെ ചെയ്യുന്ന സ്ഥലങ്ങളില്‍ ഇതുപോലുള്ള ചിലത് സംഭവിക്കാറുണ്ടെന്നത് സത്യമാണ്. മുമ്പും ഉണ്ടായിട്ടുണ്ട്. ലൗ ജിഹാദ് സ്റ്റോറിയും മെനഞ്ഞെടുക്കുന്നത് ഇതേ സംഘ് പരിവാര്‍ തന്നെ. അടിച്ചമര്‍ത്തല്‍ രീതിയാണ് അവര്‍ പിന്തുടരുന്നത്; മാനവിക തലത്തിലല്ല കാര്യങ്ങളെ നോക്കിക്കാണുന്നത്.
# ഇസ്്‌ലാമിലെ വിവിധ ചിന്താധാരകളുടെ/ മദ്ഹബുകളുടെ ഭിന്നാഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണല്ലോ. അത് ഗുണകരമാണോ?
- നഗരത്തില്‍ അത്യാധുനിക ഹോസ്പിറ്റലുകള്‍ ഉണ്ടാവുകയും അതില്‍ രോഗികള്‍ ഇല്ലാതിരിക്കുകയും ചെയ്യുക അസംഭവ്യമല്ലേ? ഇതുപോലെ സമുദായത്തിലെ എല്ലാവരും നേരെ വിചാരിക്കുന്നവരായിരിക്കും എന്ന് ചിന്തിക്കുന്നതും ഒരു അസംഭവ്യതയാണ്. പക്ഷേ, വിവിധ ചിന്താ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന കാര്യവും കാണാതിരുന്നു കൂടാ. 1972-നൊക്കെ മുമ്പ് സമുദായത്തിലെ വിവിധ ചിന്താഗതിക്കാര്‍ ഒന്നിച്ചിരിക്കാന്‍ തന്നെ കൂട്ടാക്കിയിരുന്നില്ല. ഇന്ന് അതല്ല സ്ഥിതി. മതം, രാഷ്ട്രീയം, വിദ്യാഭ്യാസം, സാമൂഹിക പ്രശ്‌നങ്ങള്‍ ഇതൊക്കെ ചര്‍ച്ച ചെയ്യാന്‍ മുസ്്‌ലിം സമുദായത്തിലെ എല്ലാ വിഭാഗക്കാരും ഒന്നിക്കുന്ന കാഴ്ചയാണ് ഇന്ന് കാണാനുള്ളത്. ഇത് തീര്‍ച്ചയായും വലിയ പ്രതീക്ഷക്ക് വകനല്‍കുന്നുണ്ട്. l
(കടപ്പാട്: ദ ഹിന്ദു, 2023 ജൂണ്‍ 9)
Comments