പുഴയെ തിരയുന്ന മഴത്തുള്ളികൾ
യാസീൻ വാണിയക്കാട്
മലയുടെ ഇറച്ചിത്തുണ്ടുകൾ
ഒന്നൊന്നായി വീഴുമ്പോൾ
പുഴ ഞരങ്ങി
ഭൂപടത്തിൽ റോഡ് തിളങ്ങി
മീൻ നീന്തിയ വഴിയേ
ഇപ്പോൾ സ്ക്വാഡ പായുന്നു
തോണി തുഴഞ്ഞ വഴിയേ
സീബ്രാ ലൈനുകൾ
മീൻ മുതുകിലെ വരപോൽ
ആറുവരിപ്പാതകൾ
ചൂണ്ടയിടാനിരുന്ന കൽപ്പടവിൽ
ടോൾ പിരിവ് കേന്ദ്രങ്ങൾ
തണുത്ത കാറ്റ് വീശിയ വഴിയേ
സൈലൻസർ പുകച്ചുരുൾ
പങ്കായം ചുഴറ്റിയ ഓളങ്ങളിൽ
എഞ്ചിൻ മുരൾച്ചകൾ
ഔഷധച്ചെടി തളിർത്ത കരയിൽ
ഹൈടെക് ആശുപത്രികൾ
പാമ്പിഴഞ്ഞ വരമ്പുകളിൽ
ബ്രേക്കമർത്തിച്ചവിട്ടിയ പാടുകൾ
ചീനവലയിൽ മീൻ പിടച്ചപോൽ
ആംബുലൻസിൽ ജീവന്റെ കുതറൽ
മഴ പെയ്യുന്ന നേരത്ത്
പതിനെട്ടാം നിലയിലിരുന്ന്
ഞാനിപ്പോൾ പുഴയെന്ന
കവിതയെഴുതുന്നു
ചേരിയിലെ ഓരോ കുടിലിലും
കയറിയിറങ്ങി മഴ
പുഴയെ തിരയുന്നു.
l
Comments