Prabodhanm Weekly

Pages

Search

2023 ജൂലൈ 21

3310

1445 മുഹർറം 03

ശരീഅത്ത് വിരുദ്ധതക്കെതിരെ അക്ഷര പോരാട്ടത്തിന്റെ ചരിത്രം

ബശീർ ഉളിയിൽ

രണ്ട് വര്‍ഷക്കാലത്തോളം മാത്രമാണ് ഈ കുറിപ്പുകാരന് പ്രബോധനം എഡിറ്റോറിയല്‍ ടീമംഗമാവാന്‍ അവസരമുണ്ടായത്. 1987-ല്‍ പ്രവാസലോകത്തെ പ്രലോഭനങ്ങള്‍ മാടിവിളിക്കുന്നത് വരെയുള്ള ഒരിടവേള. അവിചാരിതമായിരുന്നു പ്രബോധനത്തിലേക്കുള്ള പ്രവേശം. ചേന്ദമംഗല്ലൂര്‍ ഇസ്വ്്്ലാഹിയ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ഇറങ്ങുമ്പോള്‍, തദൃശമായ ഏതെങ്കിലും ഒരിസ്്ലാമിക കലാലയത്തില്‍ വാധ്യാരാവുക എന്ന പാരമ്പര്യ രീതിക്ക് വിരുദ്ധമായി പ്രബോധനം പോലെ എഴുപത്തിയഞ്ച് ആണ്ടുകളായി ഇസ്്ലാമിന്റെ ആധികാരികമായ പ്രതിനിധാനം നിർവഹിക്കുന്നു എന്ന് എതിരാളികള്‍ പോലും മൗനമായി സമ്മതിക്കുന്ന ഒരു ആനുകാലികത്തില്‍ സഹപത്രാധിപത്യം വഹിക്കുക എന്നത് ഭീതിദമായ ഒരനുഭവം തന്നെയായിരുന്നു. സഹപത്രാധിപരായി ചേരണമെന്ന കെ.സി അബ്ദുല്ല മൗലവിയുടെ ‘കൽപന’ എ.ആര്‍ അറിയിച്ചപ്പോള്‍ മനസ്സില്‍ ഒരിടിത്തീയാണ് മിന്നിയത്. ഒരു നവാഗതന്റെ പതര്‍ച്ച മാത്രമല്ല, പ്രബോധനത്തെ കുറിച്ചു  നേരത്തെ മനസ്സിലുണ്ടായിരുന്ന ഭീതി കലര്‍ന്ന ബഹുമാനം കൂടിയുള്ളതുകൊണ്ടായിരുന്നു അത്. എഴുത്തിൽ സ്വന്തമായി സര്‍ഗാത്മകതയുടെ സഞ്ചാരപഥം തീർത്ത വി.എ കബീര്‍, വിജ്ഞാനത്തിന്റെ സാന്ദ്രസാന്നിധ്യം  ടി.കെ ഉബൈദ്, കവിത്വസിദ്ധി കൊണ്ട് അനുഗൃഹീതനായ മര്‍ഹൂം റഹ്്മാന്‍ മുന്നൂര് തുടങ്ങിയവരടങ്ങിയ എഡിറ്റോറിയല്‍ മുറിയിലെ ധൈഷണിക വലയവും  സര്‍വോപരി ടി.കെ അബ്ദുല്ല സാഹിബ് എന്ന അസാമാന്യ ധൈഷണിക പ്രതിഭയുടെ പത്രാധിപത്യവും കൂടിയായപ്പോള്‍ ആധി ഒന്നുകൂടി വര്‍ധിച്ചു. എഴുത്തില്‍ വേണ്ടത്ര അനുഭവ പരിജ്ഞാനമൊന്നുമില്ല. നവ എഴുത്തുകാര്‍ക്ക് വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ട ചന്ദ്രികയിലും ചെറിയ ഒരിടവേളയില്‍ ഉദിച്ചസ്തമിച്ച ലീഗ് ടൈംസിലും എഴുതിയ കുറിപ്പുകള്‍ മാത്രമായിരുന്നു ആകെയുള്ള ‘കൈയിലിരിപ്പ്’. ഒ. അബ്ദുല്ല സാഹിബിന്റെ നിര്‍ദേശാനുസരണം 1983-ലെ ജമാഅത്തെ ഇസ്്ലാമി  ദഅ്വത്ത് നഗര്‍ സമ്മേളനപ്പതിപ്പിന്റെ  എഡിറ്റിംഗില്‍ വഹിച്ച പങ്ക് മാത്രമാണ് എഡിറ്റിംഗില്‍ ഉള്ള അനുഭവപരിജ്ഞാനം.
എന്തായാലും എഴുത്തുവഴിയിലെ ഏറ്റവും പുഷ്കലമായ കാലമായിരുന്നു അത്. എത്ര സംവേദിയായ വിഷയങ്ങളിലും മിതത്വവും സന്തുലിതത്വവും പാലിച്ചുകൊണ്ട് പ്രതികരിക്കുക എന്നത് ഒന്നാം നാള്‍ മുതല്‍ പ്രബോധനം പാലിച്ചുപോന്ന രീതി ആയതുകൊണ്ടുതന്നെ വൈകാരിക വിഷയങ്ങളില്‍ കരുതലോടെയാണ് പ്രബോധനത്തിലെ ലേഖനങ്ങള്‍ എഡിറ്റ്‌ ചെയ്തിരുന്നത്. അതിനാല്‍ തന്നെ കർമശാസ്ത്രപരമായി ഭിന്നാഭിപ്രായമുള്ള അതിലോല വിഷയങ്ങളിലുള്ള ലേഖനങ്ങള്‍ പ്രബോധനത്തില്‍ പ്രത്യക്ഷപ്പെടാറില്ല. അമ്മട്ടിലുള്ള എന്തെങ്കിലുമൊന്ന് അച്ചടിച്ചു വന്നാല്‍  തന്നെ മിത്രങ്ങളില്‍നിന്നും എതിരാളികളില്‍ നിന്നും ഉടന്‍ പ്രതികരണവുമുണ്ടാവും. ഇസ്്ലാമിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് നിശിതമായ മറുപടി പറയുമ്പോള്‍ പോലും വികാരവിക്ഷോഭമില്ലാത്ത സമീപനമാണ് പ്രബോധനം സ്വീകരിച്ചിരുന്നത്. ശരീഅത്ത് വിവാദം കൊടുമ്പിരിക്കൊണ്ട എണ്‍പതുകളില്‍ എന്‍.പി മുഹമ്മദിനെ വൈകാരികമായി കടന്നാക്രമിക്കുന്ന മട്ടില്‍ എഴുതിയ ഒരു ലേഖനം തിരിച്ചയക്കേണ്ടി വന്നിട്ടുണ്ട്. വരികളിലും വരികള്‍ക്കിടയിലും അതിവൈകാരികത തുടിച്ചുനിന്നതുകൊണ്ട് മുഖ്യ പത്രാധിപര്‍ ടി.കെയെ കാണിക്കാമെന്നു വെച്ചതാണ് ‘വിന’യായത്. ബഹുമുഖ പ്രതിഭാധനനും പ്രബോധനത്തിന്റെ തുടക്കം മുതലുള്ള നെടുംതൂണ്‍ എഴുത്തുകാരില്‍ ഒരാളുമായ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെതായിരുന്നു ലേഖനം. അടുത്ത ദിവസം ആ ലേഖനം ‘ചന്ദ്രിക’ യുടെ എഡിറ്റോറിയല്‍ പേജില്‍ നല്ല കവറേജോടു കൂടി പ്രത്യക്ഷപ്പെടുകയും ചെയ്തു.  ‘ഖുര്‍ആനും പത്തൊമ്പതിന്റെ അത്ഭുതവും’ എന്ന തലക്കെട്ടില്‍ മുട്ടാണിശ്ശേരി കോയക്കുട്ടി മൗലവി എഴുതിയ ലേഖനത്തിന് റഹ്്മാന്‍ മുന്നൂര് എഴുതിയ ഖണ്ഡന പരമ്പര 85-86 കാലഘട്ടത്തില്‍ വന്‍ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. ഖുര്‍ആനില്‍ ഒളിഞ്ഞിരിക്കുന്ന 19 എന്ന കോഡിനെ ഡികോഡ് ചെയ്തു കൊണ്ട് ഈജിപ്ഷ്യൻ-അമേരിക്കൻ ബയോകെമിസ്റ്റ് ആയ റശാദ് ഖലീഫ എന്നയാള്‍ കണ്ടുപിടിച്ച ‘ഗണിതശാസ്ത്ര മുഅ്ജിസത്തി'നെ പ്രമോട്ട് ചെയ്യുന്നതായിരുന്നു മുട്ടാണിശ്ശേരിയുടെ ലേഖനം.   ഈ തിയറി വെച്ച് റശാദ് ഖലീഫ  ‘ദ കമ്പ്യൂട്ടർ സ്പീക്ക്സ്: ഗോഡ്സ് മെസേജ് ടു ദ വേൾഡ്’ എന്ന പുസ്തകം രചിച്ചിരുന്നു. സാങ്കൽപികമായ ഗണിതശാസ്ത്ര സമസ്യകളില്‍  ഖുര്‍ആന്റെ അമാനുഷികത കെട്ടിപ്പൊക്കുന്നതിനെതിരെയായിരുന്നു പ്രബോധനത്തിലെ ലേഖനങ്ങള്‍. ഒടുവില്‍ അത് തന്നെ സംഭവിച്ചു. ചില സൂറകളില്‍ ഈ ‘കോഡ്’ ഫലിക്കുന്നില്ല എന്നും അവ പിൽക്കാലത്ത് മാനുഷികമായി നിര്‍മിക്കപ്പെട്ടതാവാമെന്നും ഖലീഫ വാദിച്ചപ്പോഴാണ് ഈ വാദത്തിനു പിന്നിലുണ്ടായേക്കാവുന്ന  സയണിസ്റ്റ് ഗൂഢാലോചനയെ കുറിച്ചു  പ്രബോധനം പങ്കുവെച്ച ആശങ്ക സത്യമായി പുലര്‍ന്നത്.
ഇന്ത്യന്‍ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ഇന്നത്തെപ്പോലെ തന്നെ നിര്‍ണായകവും സങ്കീര്‍ണവുമായ രാഷ്ട്രീയ – സാമൂഹിക കാലാവസ്ഥയായിരുന്നു ഇസ്്ലാമിക ശരീഅത്തും മുസ്‌ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വിവാദങ്ങളും നിലനിന്ന 1984 – 86 കളില്‍ ഇന്ത്യയിലുടനീളം, കേരളത്തില്‍ വിശേഷിച്ചും ഉണ്ടായിരുന്നത്. ഇന്ന് സംഘ് പരിവാര്‍ ആണെങ്കില്‍ അന്നതിനു നേതൃത്വം നല്‍കിയത് ഇടത് – ലിബറല്‍ ലോബിയായിരുന്നു എന്നു മാത്രം. 1985-ലെ പ്രമാദമായ ശാബാനു കേസില്‍ സുപ്രീം കോടതി വിധിയുടെ അനുബന്ധമായിട്ടാണ് ശരീഅത്ത് വിവാദ വിസ്ഫോടനമുണ്ടായത്. ഭോപ്പാലില്‍ നിന്നുള്ള വിവാഹമോചിതയായ ഷാബാനു ബീഗം എന്ന അറുപതുകാരി മുന്‍ ഭര്‍ത്താവ് മുഹമ്മദ് അഹ്്മദ് ഖാനില്‍നിന്ന്, താന്‍ പുനര്‍ വിവാഹിതയാകുന്നതു വരെ ജീവനാംശം വേണം എന്നാവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. കോടതി വിധി ശാബാനുവിന് അനുകൂലമായിരുന്നു. വിധിക്കെതിരെ മുഹമ്മദ് അഹ്്മദ് ഖാന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. പുനര്‍വിവാഹിതയാകുന്നതു വരെ സ്ത്രീക്ക് മുന്‍ ഭര്‍ത്താവ് ജീവനാംശം നല്‍കണം എന്നായിരുന്നു വിശുദ്ധ ഖുര്‍ആന്‍ സൂക്തത്തെ തെറ്റായി വ്യാഖ്യാനിച്ചു സുപ്രീം കോടതിയും വിധിയെഴുതിയത്. വിധിപ്രസ്താവനയ്ക്കിടയില്‍ ഏക സിവില്‍ കോഡ് ദേശീയോദ്ഗ്രഥനത്തെ പരിപോഷിപ്പിക്കുമെന്ന് ചീഫ് ജസ്റ്റിസ് വൈ.വി ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞുവെക്കുകയും ചെയ്തു.  1985 ഏപ്രില്‍ മാസത്തിലാണ് മുഹമ്മദ്‌ അഹ്്മദ് ഖാന്‍ Vs ശാബാനു കേസില്‍ ജസ്റ്റിസ് വൈ.വി ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ച്‌ ചരിത്രപ്രസിദ്ധമായ വിധി പുറപ്പെടുവിക്കുന്നത്. ശരീഅത്ത് നിയമങ്ങളെ പ്രതി ആക്രമണങ്ങളുടെ കുത്തൊഴുക്കായിരുന്നു തുടര്‍ന്നങ്ങോട്ട്. ‘മുഹമ്മദന്‍ ലോ’ എന്ന പേരില്‍ ബ്രിട്ടീഷ് ഭരണകാലത്ത് രൂപപ്പെടുത്തിയ മുസ്‌ലിം വ്യക്തിനിയമത്തിന്റെ പോരായ്മകളല്ല, സാക്ഷാല്‍ ഇസ്്ലാമിക ശരീഅത്ത് തന്നെയാണ് മുഖ്യ പ്രതി എന്ന മട്ടിലായിരുന്നു പ്രചാരണങ്ങളത്രയും. ഇസ്്ലാം തന്നെയാണ് കൂട്ടംചേര്‍ന്ന് ഭർത്സിക്കപ്പെട്ടത്. ‘മാതൃഭൂമി’യും ‘ദേശാഭിമാനി’യും ‘നാലുകെട്ടി’ന്റെയും ‘മൊഴിചൊല്ലലി’ ന്റെയും വാര്‍ത്താ പരമ്പരകള്‍ തന്നെ പ്രസിദ്ധീകരിച്ചു. ഇടത്- വലത് – ലിബറല്‍ വേദികള്‍ ഇസ്്ലാമിക ശരീഅത്തിന്റെ ‘അപരിഷ്ക്രിതത്വ’ ത്തെ കുറിച്ചു പ്രഭാഷണങ്ങള്‍ കൊണ്ട് പ്രകമ്പനം കൊണ്ടു. “ശരീഅത്തിന്റെ പേരിൽ നടക്കുന്ന ക്രൂരമായ സ്ത്രീ പീഡനത്തിനെതിരെ ശബ്ദമുയർത്തുന്ന വലിയ വിഭാഗങ്ങൾ, വിശേഷിച്ച് സ്ത്രീകൾ രംഗത്തിറങ്ങിയിട്ടുണ്ട്. ഇത്തരം നീക്കത്തിന് ശക്തികൂട്ടുന്ന എല്ലാ നീക്കത്തോടും പാർട്ടിക്ക് യോജിപ്പാണ്..... ഭരണഘടനയിലെ ഏകീകൃത സിവിൽ നിയമ വകുപ്പും ഇന്ത്യൻ ക്രിമിനൽ നിയമത്തിലെ, വിവാഹമോചിതയ്ക്ക് ചെലവിന് കൊടുക്കുന്നത് സംബന്ധിച്ച വകുപ്പും റദ്ദാക്കരുതെന്ന് ആവശ്യപ്പെടുക മാത്രമല്ല പാർട്ടി ചെയ്യുന്നത്. ഏകീകൃത സിവിൽ നിയമത്തിലേക്കുള്ള നീക്കം ത്വരിതപ്പെടുത്താൻ ജനാധിപത്യ മഹിളാ അസോസിയേഷൻ അടക്കം ബഹുജന സംഘടനകൾ നടത്തുന്ന സമരം പ്രോത്സാഹനമാണെന്നു കൂടി പാർട്ടി അഭിപ്രായപ്പെടുന്നു” (ദേശാഭിമാനി 6-9-1985) എന്ന് ഇ.എം.എസ് ദേശാഭിമാനിയില്‍ ലേഖനമെഴുതി. 1985 ജൂലൈ 9-നു കേരള നിയമസഭയിൽ സി.പി.എം അംഗങ്ങളായ കെ.ആർ ഗൗരിയമ്മ, ഇ.കെ നായനാര്‍, എം.വി രാഘവൻ, ഒ. ഭരതൻ, പി.വി കുഞ്ഞിക്കണ്ണൻ തുടങ്ങിയവര്‍ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ നടപടികളെടുക്കാത്തതിനു കരുണാകരന്‍ മന്ത്രിസഭയെ ചോദ്യം ചെയ്തു. പിറ്റേന്നിറങ്ങിയ ദേശാഭിമാനിയിലെ ലീഡ് സ്റ്റോറി ‘ഏക വ്യക്തിനിയമത്തിൽ മന്ത്രിക്ക് ഉത്തരം മുട്ടി’ എന്നായിരുന്നു! കൂട്ടം ചേർന്ന ആക്രമണത്തിന് മുന്നില്‍ പതറിയ സമുദായം  കുപ്രസിദ്ധമായ 'ഒന്നും കെട്ടും രണ്ടും കെട്ടും ...' എന്ന് തുടങ്ങുന്ന വ്യക്തിയധിക്ഷേപ പരാമര്‍ശമുള്ള വൈകാരിക മുദ്രാവാക്യങ്ങളുമായി  തെരുവിലിറങ്ങി. അപ്പോഴും പക്ഷേ, ഇസ്്ലാമിനും ശരീഅത്തിനും നേരെയുള്ള ആക്രമണങ്ങള്‍ക്ക് ബൗദ്ധിക പ്രതിരോധം തീര്‍ക്കാന്‍ ഒരേയൊരു പ്രബോധനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മനോരമയും, മാതൃഭൂമിയും ദേശാഭിമാനിയും അനുദിനം ‘നാടെങ്ങും ചിതറിവീഴുന്ന’ ‘മതാഉം’  ‘മുത്തലാക്കും’ വിറ്റുപെറുക്കി ലാഭം കൊയ്യുമ്പോള്‍  കണക്ക് തീര്‍ക്കാന്‍ ആഴ്ചയിലൊരിക്കല്‍ മാത്രം  ഇറങ്ങുന്ന പ്രബോധനത്തിന്  പരിമിതികളുണ്ടായിരുന്നു. ആ പരിമിതികളെ മറികടക്കാന്‍ പ്രബോധനത്തിന്റെ പശ്ചാത്തല ശക്തികള്‍ ഒരുക്കിയ വഴിത്തിരിവായിരുന്നു 1987 ജൂലൈ 1-നു വെള്ളിമാടുകുന്നില്‍നിന്ന് തന്നെ ഉദിച്ചുയര്‍ന്ന ‘മാധ്യമം’ ദിനപത്രം.
എണ്‍പതുകളില്‍ ഇ.എം.എസും സി.പി.എമ്മും ഉയര്‍ത്തിയ ശരീഅത്ത് വിരുദ്ധ കാമ്പയിനിന് 38 വയസ്സാവുമ്പോള്‍  അന്ന് വിധി പറഞ്ഞ ജസ്റ്റിസ് വൈ.വി ചന്ദ്രചൂഡിന്റെ മകന്‍ ഡി.വൈ ചന്ദ്രചൂഡ് ആണ്  സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ സംഘ് പരിവാര്‍ സര്‍ക്കാര്‍ ഇന്ന് കളത്തില്‍ ഇറങ്ങുമ്പോള്‍ അന്ന് സി.പി.എം മൂര്‍ച്ച കൂട്ടിവെച്ച അതേ ശരീഅത്ത് വിരുദ്ധ ആയുധങ്ങളാണ് എടുത്തണിയുന്നത്. അതേസമയം ശരീഅത്ത് നിയമങ്ങള്‍ക്കെതിരെ സൈദ്ധാന്തിക വിമര്‍ശനങ്ങള്‍ ഉന്നയിച്ച മാര്‍ക്സിസ്റ്റ്  മഹാതന്ത്രജ്ഞനായ ഇ.എം.സിനെ പോലും അണ്ണാക്ക്തൊടാതെ വിഴുങ്ങുകയും ‘മുസ്‌ലിം സമുദായത്തെ സംഘ് പരിവാര്‍ ഫാഷിസത്തില്‍നിന്ന് രക്ഷിക്കാന്‍’ ഏക സിവില്‍ കോഡിനെതിരെ സെമിനാര്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന പരിഹാസ്യമായ കാഴ്ചയാണ് നമുക്ക് കാണേണ്ടി വരുന്നത്. പാര്‍ട്ടിയോട് ‘യൂ ടൂ ബ്രൂട്ടസ്?' എന്ന് ചോദിക്കാന്‍ ഇന്ന് പക്ഷേ പ്രബോധനത്തോടൊപ്പം മാധ്യമവും മീഡിയാ വണ്ണും ഉണ്ട്. 87-ല്‍ പ്രബോധനം തീര്‍ത്തു കൊടുത്ത കണക്കിന് ഇന്നിപ്പോള്‍ പകരം വീട്ടുന്നത് സെമിനാറില്‍ പ്രവേശനം നിഷേധിച്ചുകൊണ്ടാണ്. ശരീഅത്ത് വിരോധം എന്ന ഒരൊറ്റ ‘കോമണ്‍ മിനിമം സൗഹൃദ’ത്തില്‍ എണ്‍പതുകളില്‍ കേരളത്തിലെ സി.പി.എം വേദികളില്‍ ആനയിച്ചാദരിക്കപ്പെട്ട സാക്ഷാല്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ ഇന്ന് ഏക സിവില്‍ കോഡ് വിഷയത്തില്‍ സി.പി.എമ്മിനെ സഭാതളത്തില്‍ വെച്ച് തന്നെ വസ്ത്രാക്ഷേപം ചെയ്യുന്ന ദുശ്ശാസനനായി പുനരവതരിക്കുന്നു എന്നത് കാലം കാത്തുവെച്ച കാവ്യനീതി. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 23-25
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വാർഥതയെ കരുതിയിരിക്കുക
ഡോ. മുഹമ്മദ് പാണ്ടിക്കാട്