Prabodhanm Weekly

Pages

Search

2023 ജൂലൈ 21

3310

1445 മുഹർറം 03

പ്രബോധനം നിലപാടുള്ള ജീവിതത്തിലേക്ക് നയിക്കുന്നു

പി. മുജീബുർറഹ്്മാൻ (അമീർ, ജമാഅത്തെ ഇസ്‌ലാമി കേരള)

ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്പർശിക്കുന്ന ദർശനമാണ് ഇസ്്ലാം എന്ന് മനസ്സിലാക്കാത്തവർ ഇന്ന് വിരളമായിരിക്കും. ഏറ്റക്കുറവുകളോടെ അതവരുടെ ജീവിതത്തെ ഗുണപരമായി സ്വാധീനിക്കുകയും ചെയ്തിരിക്കുന്നു.  ഇസ്്ലാംവായന കേരളീയ പൊതുമണ്ഡലത്തിന്റെ ക്വാളിറ്റി വർധിപ്പിച്ചിട്ടുണ്ട്. മുക്കാൽ നൂറ്റാണ്ട് പ്രബോധനം നടത്തിയ നിരന്തര വിദ്യാഭ്യാസത്തിന്റെയും പോരാട്ടത്തിന്റെയും സദ്ഫലമാണിത്.
വായനയും പഠനവും അത്രമേൽ ആഘോഷിക്കപ്പെടാത്ത കാലത്താണ്  പ്രബോധനം യാത്രയാരംഭിച്ചത്. കേരള മുസ്്ലിംകള്‍ക്ക് നേരിന്റെ വഴികാണിച്ച് മുന്നില്‍ നടന്ന പ്രബോധനത്തെ മലയാളത്തിലെ പ്രമുഖ അനൗപചാരിക ഇസ്്ലാമിക വിദ്യാലയം എന്ന് വിളിക്കുന്നത് അധികമാവില്ല. അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും മുസ്്ലിം സമൂഹത്തെ മോചിപ്പിക്കുന്നതില്‍ മഹത്തായ പങ്ക് വഹിച്ച വാരിക കേരളീയ മുസ്്ലിം നവോത്ഥാനത്തിന്റെ മുഖ്യ ചാലക ശക്തിയാണ്. ഖുര്‍ആനോടുള്ള ബന്ധം പാരായണത്തില്‍ മാത്രം പരിമിതമായിരുന്ന കാലത്താണ് അതിന്റെ അര്‍ഥവും വ്യാഖ്യാനവും പ്രസിദ്ധീകരിച്ചുകൊണ്ട് കേരളീയ സമൂഹത്തെ ഖുര്‍ആന്‍ പഠനത്തിലേക്ക് പ്രബോധനം വഴിനടത്തിയത്.
ഇസ്്ലാമിന്റെ രണ്ടാം പ്രമാണമായ സുന്നത്തും നിത്യജീവിതത്തെ രൂപപ്പെടുത്തുന്ന കര്‍മശാസ്ത്രവും സമഗ്രമായി പഠിക്കാന്‍ പ്രബോധനം വഴിയൊരുക്കുന്നു.  വിശദമായ ഇസ്്ലാമിക ചരിത്ര പഠനങ്ങളിലൂടെ മുൻതലമുറകളുമായും, പ്രൗഢമായ വിശകലനങ്ങളിലൂടെ  ലോക ഇസ്്ലാമിക സമൂഹങ്ങളുമായും, ആദര്‍ശപരമായും വൈകാരികമായും കേരള മുസ്്ലിംകളെ പ്രബോധനം കണ്ണി ചേർത്തു. ആഗോള ഇസ്്ലാമിക പ്രസ്ഥാനങ്ങളെയും ചലനങ്ങളെയും യഥാസമയം കേരളീയ സമൂഹത്തിലെത്തിച്ചു. ലോക ഇസ്്ലാമിക പണ്ഡിതന്മാരും ചിന്തകന്മാരും വിപ്ലവകാരികളും പരിഷ്‌കര്‍ത്താക്കളും അവരുടെ രചനകളും മലയാളിയുടെ  പരിചിതവൃത്തത്തിനകത്തായത് പ്രബോധനത്തിന്റെ അക്ഷരങ്ങൾ സിരകളെ ത്രസിപ്പിച്ചപ്പോഴാണ്.
ഭൗതിക പ്രത്യയശാസ്ത്രങ്ങളെ പ്രബോധനം വിമർശനാത്മകമായി വിശകലനം ചെയ്തു. അവ ഉയർത്തുന്ന വെല്ലുവിളികളെ ആദർശപരമായി അഭിമുഖീകരിച്ചു. ശരീഅത്ത് സംവാദ കാലത്ത് പ്രബോധനം സ്വീകരിച്ച ശക്തവും യുക്തിഭദ്രവുമായ സമീപനം വിമര്‍ശകരുടെ പോലും പ്രശംസ പിടിച്ചുപറ്റി. ലിബറലിസം, സര്‍വമത സത്യവാദം, ഹദീസ് നിഷേധം പോലുള്ള ഇസ്്ലാംവിരുദ്ധ പ്രവണതകളെയും പ്രബോധനം യുക്തിഭദ്രമായി അഭിമുഖീകരിക്കുന്നു. ഭരണകൂട ഭീകരതക്കും സംഘ് പരിവാര്‍ ഫാഷിസത്തിനുമെതിരെ അതീവ ജാഗ്രതയോടെ നിലകൊള്ളുന്നു.
ജനാധിപത്യപരവും സംവാദാത്മകവുമായ സമീപനമാണ് പ്രബോധനത്തിന്റേത്. സമൂഹത്തിൽ സഹിഷ്ണുതയും സൗഹാർദവും വളർത്തുന്നതിലും അത് വലിയ പങ്കുവഹിക്കുന്നു. പ്രബോധനം കൂടുതൽ വായനക്കാരിലേക്ക് എത്തിക്കേണ്ട സവിശേഷ സാമൂഹിക സാഹചര്യത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത്.
ജൂലൈ 23 പ്രബോധനം ഡേ ആയി ആചരിക്കുകയാണ്.  ഒരാളെ വരി ചേര്‍ത്ത് പ്രബോധനം വായനക്കാരനാക്കുക എന്നതിന്റെ അര്‍ഥം, നിലപാടും നിറവുമുള്ള ജീവിതം അയാൾക്ക് സമ്മാനിക്കുന്നു എന്നാണ്; ഇസ്്ലാമിനെ യഥാവിധി പ്രതിനിധാനം ചെയ്യാനും വെല്ലുവിളികളെ അതിജീവിക്കാനും അയാളെ  പ്രാപ്തനാക്കുന്നു എന്നാണ്. വീട്ടിൽ ഒരു ഇസ്്ലാമിക പ്രബോധകൻ എന്ന് ഈ വാരികയുടെ സാന്നിധ്യത്തെ നിസ്സംശയം വിശേഷിപ്പിക്കാം.
അതിനാല്‍, ഓരോ ഇസ്്ലാമിക പ്രവര്‍ത്തകനും പ്രബോധനം പരമാവധി വരി ചേർക്കാൻ‍ പരിശ്രമിക്കണം. പ്രബോധനം ഡേ വിജയിപ്പിക്കാനാവശ്യമായ മുന്നൊരുക്കം നടത്തണം. മുഴുവന്‍ ഇസ്്ലാമിക പ്രവര്‍ത്തകരും അന്നേ ദിവസം പൂര്‍ണമായും  മഹത്തായ ഈ പുണ്യകര്‍മത്തിനു വേണ്ടി മാറ്റിവെക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഭാവിയിലേക്ക് നീണ്ടു പരന്ന് കിടക്കുന്ന ഈ സുകൃതം മറുലോകത്തെ നമ്മുടെ  താളുകളെയും പ്രശോഭിതമാക്കുമല്ലോ. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 23-25
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വാർഥതയെ കരുതിയിരിക്കുക
ഡോ. മുഹമ്മദ് പാണ്ടിക്കാട്