ഖാലിദ് സൈഫുല്ലാ റഹ്്മാനി വൈവിധ്യതകളെ ഉൾക്കൊള്ളുന്ന പണ്ഡിതന്‍
ഇന്ത്യന്‍ മുസ്്‌ലിംകളുടെ പൊതുവേദിയായ ആള്‍ ഇന്ത്യാ മുസ്്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട പണ്ഡിതനും ഗവേഷകനുമാണ് മൗലാനാ ഖാലിദ് സൈഫുല്ലാ റഹ്്മാനി. പുതിയ കാലത്തിന്റെ പണ്ഡിതന്‍ (ഫഖീഹുല്‍ അസ്വ്്ർ) എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. പ്രമാണങ്ങളില്‍ അഗാധ ജ്ഞാനം നേടുന്നതോടൊപ്പം കാലത്തിന്റെ സമസ്യകളെ ഇത്ര താല്‍പര്യത്തോടെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന പണ്ഡിതന്മാര്‍ എണ്ണത്തില്‍ അധികമില്ല. എല്ലാ വിഷയങ്ങളും, അത് ശാസ്ത്രമാവട്ടെ സാങ്കേതിക വിദ്യകളാവട്ടെ താന്‍ തന്നെ പഠിക്കുക എന്നതല്ല അദ്ദേഹത്തിന്റെ രീതി. അത് സാധ്യവുമല്ലല്ലോ. അതിനാല്‍, ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും സാമൂഹിക ശാസ്ത്രങ്ങളില്‍ പ്രാവീണ്യം നേടിയവരെയും ഇസ്്‌ലാമികമായ എല്ലാ ചിന്താധാരകളിലെയും പണ്ഡിതന്മാരെയും അക്കാദമിക സ്ഥാപനങ്ങളെയും കൂട്ടുപിടിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ വൈജ്ഞാനിക പ്രയാണം. സ്വാഭാവികമായും ഓരോ വിഷയത്തിലും ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നുവരും. അവയെല്ലാം കൃത്യമായി രേഖപ്പെടുത്തിവെക്കാനും, ഗവേഷകര്‍ക്ക് സഹായകമാവുന്ന വിധത്തില്‍ വിഷയങ്ങളുടെ ഇന്‍ഡക്‌സ് തയാറാക്കാനും മറ്റുമായി ഒരു വേദി തന്നെ അദ്ദേഹം രൂപവത്കരിച്ചിട്ടുണ്ട്. അതാണ് 'ഇസ്്‌ലാമിക് ഫിഖ്ഹ് അക്കാദമി ഇന്ത്യ.' ഇസ്്‌ലാമിക പ്രമാണങ്ങളെ കാലത്തിന്റെ ഭാഷയില്‍ വ്യാഖ്യാനിക്കാനുള്ള അക്കാദമിക ശ്രമങ്ങള്‍ക്ക് വ്യക്തി-സംഘടനാ തലങ്ങളില്‍നിന്ന് ഉയര്‍ന്നു നിന്നുകൊണ്ട് എല്ലാവര്‍ക്കും പൊതുവേ സ്വീകാര്യമാവുന്ന ഒരു പൊതുമുഖം നല്‍കുകയായിരുന്നു അദ്ദേഹം. ഗവേഷണത്തിന്റെ ഈ പുതിയ രീതിയെ അദ്ദേഹം സാമൂഹിക ഇജ്തിഹാദ് (ഇജ്തിമാഈ ഇജ്തിഹാദ്- Collective Ijtihad) എന്നാണ് വിളിക്കുന്നത്.
ആള്‍ ഇന്ത്യാ മുസ്്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് അധ്യക്ഷനായിരുന്ന മൗലാനാ മുഹമ്മദ് റാബിഅ് ഹസനി നദ്്വിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവ് വന്ന സംഘടനയുടെ അധ്യക്ഷ സ്ഥാനത്തേക്ക്, മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്തുള്ള ബന്‍ജാരി ജാമിഅ ഇസ്്‌ലാമിയ്യയില്‍ എത്തിച്ചേര്‍ന്ന 58 ജനറല്‍ ബോഡി അംഗങ്ങള്‍ക്കും (അവര്‍ പ്രമുഖ പണ്ഡിതരോ സംഘടനകളുടെ ഉയര്‍ന്ന നേതാക്കളോ ആണ്) മറ്റൊരാളെ നിര്‍ദേശിക്കാന്‍ പോലുമുണ്ടായിരുന്നില്ല. സംഘടനയുടെ ചരിത്രത്തില്‍ ഐകകണ്‌ഠ്യേനയുള്ള ഇത്തരമൊരു തെരഞ്ഞെടുപ്പ് ആദ്യമാണെന്ന് 'ദഅ്‌വത്ത്' വാരിക റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ അദ്ദേഹം മുസ്്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. പുതിയ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് മൗലാനാ മുഹമ്മദ് ഫദ്‌ലുര്‍റഹീം മുജദ്ദിദിയാണ്. ജമാഅത്തെ ഇസ്്‌ലാമി അധ്യക്ഷന്‍ സയ്യിദ് സആദത്തുല്ലാ ഹുസൈനിയും പാരമ്പര്യധാരയില്‍ നിന്നുള്ള ഡോ. സയ്യിദ് ഷാ ഖുസ്‌റു ഹുസൈനിയും വൈസ് പ്രസിഡന്റുമാരാണ്. ബിഹാറിലെ ഇമാറെ ശറഇയ്യയുടെ അധ്യക്ഷന്‍ സയ്യിദ് അഹ്്മദ് വലി ഫൈസ്വല്‍ റഹ്്മാനി, നദ്്വത്തുല്‍ ഉലമായിലെ ബിലാല്‍ അബ്ദുല്‍ ഹയ്യ് ഹസനി നദ്്്വി, ബറേല്‍വി വിഭാഗത്തിന്റെ യുവ അധ്യക്ഷന്‍ ഡോ. യാസീന്‍ അലി ഉസ്മാനി ബദായൂനി എന്നിവര്‍ സെക്രട്ടറിമാരാണ്. ബാബരി മസ്ജിദ് കോർഡിനേഷൻ കമ്മിറ്റിയുടെ മുന്‍ കണ്‍വീനര്‍ എസ്.ക്യു.ആര്‍ ഇല്‍യാസ് ബോർഡിന്റെ ഔദ്യോ ഗിക വക്താവും പ്രശസ്ത ചാര്‍ട്ടേഡ് അക്കൗണ്ടന്റായ കമാല്‍ ഫാറൂഖി അദ്ദേഹത്തിന്റെ സഹായിയുമാണ്. വനിതകള്‍ക്കിടയില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് രാജ്യത്തെ നാല് മേഖലകളാക്കി തിരിച്ച് ഓരോ മേഖലയിലും വനിതാ കണ്‍വീനര്‍മാരെയും നിയമിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനായി കേന്ദ്രത്തിലും ഒരു വനിതാ കണ്‍വീനര്‍ ഉണ്ടാകും. ഇങ്ങനെ എല്ലാ വിഭാഗങ്ങളില്‍നിന്നുമുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് മൗലാനാ ഖാലിദ് സൈഫുല്ലാ റഹ്്മാനി തന്റെ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ബോര്‍ഡിന്റെ അഞ്ചാമത്തെ പ്രസിഡന്റാണ് റഹ്്മാനി. അതിന്റെ മൂന്നാമത്തെ പ്രസിഡന്റായിരുന്ന മൗലാനാ മുജാഹിദുല്‍ ഇസ്്‌ലാം ഖാസിമി (1936-2002) അദ്ദേഹത്തിന്റെ അമ്മാവനായിരുന്നു. മുത്ത്വലാഖ് വിഷയത്തില്‍ സുപ്രീം കോടതിയില്‍ എതിര്‍ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ വേണ്ടി ഗവേഷണങ്ങളൊക്കെ കാര്യമായും നടത്തിയിരുന്നത് അന്ന് അതിന്റെ സെക്രട്ടറി ജനറലായിരുന്ന റഹ്്മാനിയായിരുന്നു; കേസ് സുപ്രീം കോടതിയില്‍ പരാജയപ്പെട്ടുവെങ്കിലും.
വിദ്യാഭ്യാസവും അധ്യാപനവും
1956 നവംബര്‍ അഞ്ചിന് ബിഹാറിലെ ദർഭംഗയിലെ ഒരു പണ്ഡിത കുടുംബത്തിലാണ് ഖാലിദ് സൈഫുല്ലാ റഹ്്മാനിയുടെ ജനനം. പിതാവും പിതാമഹനും അമ്മാവനുമൊക്കെ അറിയപ്പെടുന്ന പണ്ഡിതന്മാര്‍. ദർഭംഗയിലെ ഖാസിമുല്‍ ഉലൂം ഹസീനിയ്യയിലെ പഠനത്തിനു ശേഷം മോന്‍ഗീറിലെ ജാമിഅ റഹ്്മാനിയ്യയില്‍ ചേര്‍ന്നു. മുസ്്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ സ്ഥാപകരിലൊരാളും ബിഹാറിലെ ഇമാറ ശറഇയ്യയുടെ മുന്‍ അധ്യക്ഷനുമായ മിന്നത്തുല്ലാ റഹ്്മാനി(1913-1991)യുടെ ശിഷ്യത്വം സ്വീകരിക്കാന്‍ അദ്ദേഹത്തിന് ഇവിടെ വെച്ച് അവസരമുണ്ടായി. പിന്നെയാണ് ദയൂബന്ദ് ദാറുല്‍ ഉലൂമില്‍ എത്തിച്ചേര്‍ന്നത്. അവിടെ നിന്ന് ഹദീസ് കോഴ്‌സ് പൂര്‍ത്തീകരിച്ചു. ശരീഫ് ഹുസൈന്‍ ദയൂബന്ദി, മഹ്്മൂദ് ഹസന്‍ ഗന്‍ഗൂഹി, മുഹമ്മദ് ഹുസൈന്‍ ബിഹാരി തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ അധ്യാപകരായിരുന്നു. കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം ബിഹാറിലെ ഇമാറ ശറഇയ്യയിലേക്ക് പോവുകയും ഫത്്വ നല്‍കുന്നതില്‍ പരിശീലനം നേടുകയും ചെയ്തു. പിന്നെയാണ് മുഹമ്മദ് ഹമീദുദ്ദീന്‍ ഹുസാമിയുടെ നിര്‍ദേശ പ്രകാരം ഹൈദരാബാദില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ അധ്യാപന ജീവിതം ഏറക്കുറെ മുഴുവനായി ഹൈദരാബാദിലാണെന്ന് പറയാം. അദ്ദേഹം സ്ഥിര താമസമാക്കിയിരിക്കുന്നതും ഈ നഗരത്തില്‍ തന്നെ. ഹൈദരാബാദിലെത്തിയ ശേഷം ആദ്യം അധ്യാപനം നടത്തിയത് നഗരത്തിലെ ദാറുല്‍ ഉലൂം എന്ന സ്ഥാപനത്തിലാണ്. പിന്നീട് സബീലുസ്സലാം എന്ന സ്ഥാപനത്തിലേക്ക് മാറി. ഏതാനും ക്ലാസ് മുറികള്‍ മാത്രമുണ്ടായിരുന്ന ആ മദ്‌റസയെ അറബ് നാടുകളില്‍നിന്നു വരെ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന വലിയൊരു സ്ഥാപനമാക്കി വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചു.
എങ്കിലും ഖാലിദ് സൈഫുല്ലാ റഹ്്മാനി തൃപ്തനായിരുന്നില്ല. കഴിവുള്ള വിദ്യാര്‍ഥികളില്‍ സവിശേഷ ശ്രദ്ധ പതിപ്പിക്കാന്‍ പറ്റുന്ന വിധത്തിലുള്ള കരിക്കുലവും സിലബസും ആവശ്യമാണെന്ന് അദ്ദേഹത്തിന് തോന്നി. താന്‍ സേവനം ചെയ്യുന്ന സബീലുസ്സലാമിലാകട്ടെ, തന്റെ പുതിയ ആശയങ്ങള്‍ നടപ്പാക്കാന്‍ ഏറെ പരിമിതികളുമുണ്ട്. അങ്ങനെയാണ് 23 വര്‍ഷം മുമ്പ് അല്‍ മഅ്ഹദുല്‍ ആലി അല്‍ ഇസ്്‌ലാമി എന്ന പേരില്‍ അദ്ദേഹം ഒരു സ്വതന്ത്ര സ്ഥാപനം തുടങ്ങുന്നത്. 'ദീന്‍ വിത്ത് ദുന്‍യാ' എന്നതാണ് അതിന്റെ പ്രമാണ വാക്യം. സിയാസത്ത് ഡെയ്‌ലി അതിനെക്കുറിച്ച് എഴുതുന്നു: ''ഇതാ വ്യത്യസ്തതയോടെ ഒരു മദ്‌റസ. ഖുര്‍ആനും ഹദീസും ഇസ്്‌ലാമിക വിഷയങ്ങളും പരമ്പരാഗത രീതിയില്‍ പഠിപ്പിക്കപ്പെടുന്ന സ്ഥാപനമല്ല ഇത്. ഈ വിഷയങ്ങളോടൊപ്പം തന്നെ വിവിധ മേഖലകളില്‍ നടക്കുന്ന ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍ വരെ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നു. മൈക്രോ ബ്ലോഗ്ഗിംഗും സീറോ കറന്‍സിയും ഡിജിറ്റല്‍ കറന്‍സിയും ജനറ്റിക് എഞ്ചിനീയറിംഗ് ഫിനാന്‍സും സ്റ്റോക് എക്‌സ്‌ചേഞ്ചും അവര്‍ക്കറിയാം... ഒരു പുതിയ വിഷയവും ഇവിടെ അയിത്തം കല്‍പിച്ച് മാറ്റി നിര്‍ത്തപ്പെടുന്നില്ല. പരമ്പരാഗത മദ്‌റസകള്‍ക്ക് ഒട്ടും പഥ്യമല്ലാത്ത വാടക ഗര്‍ഭവും എല്‍.ജി.ബി.ടിയും ഇവിടെ ചര്‍ച്ചയാവുന്നു. പഴമയുടെയും പുതുമയുടെയും ഒരു അപൂര്‍വ മിശ്രണം നമുക്കിവിടെ കാണാം'' (2023, മാര്‍ച്ച് ഏഴ്).
വൈജ്ഞാനിക സംഭാവനകള്‍
നൂറോളം കൃതികളുടെ കര്‍ത്താവാണ് അറുപത്തിയേഴുകാരനായ റഹ്്മാനി. ഖുര്‍ആന്‍ ഏക് ഇല്‍ഹാമി കിതാബ് ആണ് അദ്ദേഹത്തിന്റെ ആദ്യ കൃതി. ചില ഹിന്ദു സംഘടനകള്‍ ഖുര്‍ആനിലെ ചില സൂക്തങ്ങളെക്കുറിച്ച് വിമര്‍ശനമുന്നയിച്ചപ്പോള്‍ എഴുതിയതാണ് '24 സൂക്തങ്ങള്‍' എന്ന പുസ്തകം. ഖുര്‍ആന്റെ അര്‍ഥവും സംക്ഷിപ്ത വ്യാഖ്യാനവും അദ്ദേഹം തയാറാക്കിയിട്ടുണ്ട്. ഹദീസിലും നിരവധി കൃതികളുണ്ട്. 'ഉസ്വൂലുല്‍ ഹദീസ് എളുപ്പത്തില്‍' (ആസാന്‍ ഉസ്വൂലെ ഹദീസ്) പാഠപുസ്തകമാണ്. സ്വഹീഹ് ബുഖാരിയും സുനന്‍ തിര്‍മിദിയും അദ്ദേഹം ക്ലാസ്സെടുക്കുക മാത്രമല്ല, അവക്ക് വിശദീകരണവും ടിപ്പണിയും തയാറാക്കുകയും ചെയ്തിട്ടുണ്ട്. 1976-ല്‍, നിര്‍ബന്ധ വന്ധീകരണം ചര്‍ച്ചയായപ്പോള്‍ എഴുതിയതാണ് 'കുടുംബാസൂത്രണവും ഇസ്്‌ലാമും.'
റഹ്്മാനിയുടെ ശ്രദ്ധേയമായ സംഭാവനകള്‍ ഫിഖ്ഹില്‍ തന്നെയാണ്. ഇജ്തിഹാദ്, തഖ്‌ലീദ്, തല്‍ഫീഖ് തുടങ്ങിയ ഫിഖ്ഹി സംജ്ഞകളെ അധികരിച്ച് അദ്ദേഹം ധാരാളമെഴുതിയിട്ടുണ്ട്. 'കൂട്ടായ ഇജ്തിഹാദ്' (ഇജ്തിമാഇ ഇജ്തിഹാദ്)എന്ന ആശയത്തിന്റെ പ്രായോഗിക രീതികള്‍ പരീക്ഷിക്കുകയാണ് താന്‍ ജനറല്‍ സെക്രട്ടറിയായ ഇസ്്‌ലാമിക് ഫിഖ്ഹ് അക്കാദമി എന്ന സംരംഭത്തിലൂടെ. കിതാബുല്‍ ഫത്‌വാ എന്ന പേരില്‍ അദ്ദേഹത്തിന്റെ ഫത്്വകള്‍ ആറ് വാള്യങ്ങളില്‍ സമാഹരിച്ചിട്ടുണ്ട്. ഫിഖ്‌ഹെ ഇസ്്‌ലാമി- തദ് വീന്‍ വൊ തആറുഫ് (ഇസ്്‌ലാമിക ഫിഖ്ഹ്- ക്രോഡീകരണവും പരിചയപ്പെടുത്തലും) മറ്റൊരു കൃതിയാണ്. ഒരുപക്ഷേ, ഫിഖ്ഹില്‍ അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ രചന ഖാമൂസുല്‍ ഫിഖ്ഹ് (ഫിഖ്ഹ് വിജ്ഞാനകോശം) ആയിരിക്കും. അക്ഷരമാലാ ക്രമത്തിലാണ് വിഷയങ്ങളുടെ ക്രോഡീകരണം. മസ്അലകളുടെ വിശദാംശങ്ങള്‍ മാത്രമല്ല, ഓറിയന്റലിസ്റ്റുകള്‍ക്കുള്ള മറുപടികള്‍ വരെ അഞ്ച് വലിയ വാള്യങ്ങളുള്ള ഈ പുസ്തകത്തിലുണ്ട്. ഇതിന്റെ ആമുഖത്തില്‍ മൗലാനാ അബുല്‍ ഹസന്‍ അലി നദ്്വി എഴുതുന്നു: ''ഈ പുസ്തകം പൂര്‍ത്തിയാകുന്ന മുറക്ക് വളരെ പ്രയോജനം ചെയ്യുന്ന, വേറിട്ട ഒരു രചനയായിത്തീരുമെന്ന് ഞാന്‍ വിചാരിക്കുന്നു. ഗ്രന്ഥകാരന്റെ പരന്ന വായന, ആധുനിക പ്രശ്‌നങ്ങളെക്കുറിച്ച അവഗാഹം, പരിഹാരം നിര്‍ദേശിക്കാന്‍ വേണ്ടിയുള്ള ആത്മാര്‍ഥമായ അന്വേഷണങ്ങള്‍, എല്ലാറ്റിനുമുപരി പൂര്‍വഗാമികളുടെ മാര്‍ഗത്തില്‍ സഞ്ചരിക്കാനുള്ള വൈകാരികാവേശം - ഇതെല്ലാമാണ് ഗ്രന്ഥകര്‍ത്താവിനെ വ്യത്യസ്തനാക്കുന്നത്.''
മുസ്്‌ലിം സമൂഹം നേരിടുന്ന ഏറ്റവും പുതിയ പ്രശ്‌നങ്ങളാണ് റഹ്്മാനിയുടെ മുഖ്യമായ പഠനമേഖല. ഏത് വിഷയത്തിലും അദ്ദേഹത്തിന്റെ നിലപാട് പക്വവും മിതത്വമുള്ളതുമായിരിക്കും. എതിരഭിപ്രായങ്ങളെ മാനിക്കാനും സ്വാംശീകരിക്കാനും അദ്ദേഹത്തിന് വിമുഖതയില്ല. ഹനഫീ പണ്ഡിതനായാണ് അറിയപ്പെടുന്നതെങ്കിലും മറ്റു മൂന്ന് ഇമാമുമാര്‍ക്കും അദ്ദേഹം തുല്യ പരിഗണന നല്‍കുന്നു. ഒരു സന്ദര്‍ഭത്തില്‍ ഏത് ഇമാമിന്റെ ഫത്്വയാണോ കൂടുതല്‍ ഫിറ്റാവുക അതാണ് അദ്ദേഹം എടുക്കുക. മദ്ഹബീ പക്ഷപാതിത്വം അദ്ദേഹത്തിന്റെ വഴിയല്ല. വിശാലമായ പ്രതലത്തില്‍ ചിന്തിക്കുന്ന ഇങ്ങനെയൊരാള്‍ ഈ മുസ്്‌ലിം പൊതുവേദിയുടെ അധ്യക്ഷ സ്ഥാനത്ത് വന്നത് ശുഭപ്രതീക്ഷക്ക് വകനല്‍കുന്നു. l
Comments