Prabodhanm Weekly

Pages

Search

2023 ജൂലൈ 21

3310

1445 മുഹർറം 03

ഇസ്്‌ലാമിക് ഫിഖ്ഹ് അക്കാദമിയും ഗവേഷണ പ്രവര്‍ത്തനങ്ങളും

ഖാലിദ് സൈഫുല്ലാ റഹ്്മാനി

വിശുദ്ധ ഖുര്‍ആന്‍ മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള മാര്‍ഗദര്‍ശക ഗ്രന്ഥമായാണ് അവതരിച്ചിട്ടുള്ളത്. അതുകൊണ്ടാണ് ഖുര്‍ആന്‍ സ്വയം അതിനെ 'ജനങ്ങള്‍ക്കാകെയും മാര്‍ഗദര്‍ശകം' (2:185) എന്ന് വിശേഷിപ്പിക്കുന്നത്. മുഹമ്മദ് നബിയുടെ പ്രവാചകത്വവും ഇതുപോലെ മുഴുവന്‍ മനുഷ്യരാശിക്കുമുള്ളതാണ്. 'ലോകര്‍ക്കാകെയും കാരുണ്യമായിട്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല' (21:107) എന്നാണല്ലോ ഖുര്‍ആന്റെ പ്രഖ്യാപനം. ഈ പരാമര്‍ശങ്ങളൊന്നും ഏതെങ്കിലും കാലവുമായോ ദേശവുമായോ ഭരണകൂടവുമായോ വംശവുമായോ ബന്ധിപ്പിച്ചല്ല വന്നിട്ടുള്ളത്. മനുഷ്യന്‍, അവന്‍ ജീവിക്കുന്നത് ഏത് കാലത്താണെങ്കിലും ഏത് ദേശത്താണെങ്കിലും അവന്റെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാര നിര്‍ദേശങ്ങള്‍ ഖുര്‍ആനിലും സുന്നത്തിലും ഉള്ളടങ്ങിയിരിക്കുന്നു എന്നാണ് അപ്പറഞ്ഞതിന്റെ അര്‍ഥം. അതായത്, ഇസ്്‌ലാമിക നിയമവ്യവസ്ഥ എന്നത് സമഗ്രവും സമ്പൂര്‍ണവുമാണ്; ഒപ്പം കാലാതിവര്‍ത്തിയും.
നാം അഭിമുഖീകരിക്കുന്ന ചില പ്രശ്‌നങ്ങള്‍ക്ക് ഖുര്‍ആനിലും സുന്നത്തിലും വ്യക്തമായ പരിഹാര നിര്‍ദേശങ്ങള്‍ തന്നെ വന്നിട്ടുള്ളതാണ്. മറ്റു ചില പ്രശ്‌നങ്ങള്‍ക്ക് ഈ രണ്ട് സ്രോതസ്സുകളിലും പറയപ്പെട്ട അടിസ്ഥാനങ്ങളും തത്ത്വങ്ങളും വെച്ച് നാം പരിഹാരങ്ങള്‍ കണ്ടെത്തേണ്ടതായി വരും. ഇത് ടെക്‌നോളജി കുതിച്ചുചാട്ടം നടത്തുന്ന കാലമാണ്. പുതിയ പുതിയ ഉപകരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ, സാമ്പത്തിക ഘടനകളില്‍ തന്നെ അഴിച്ചുപണി നടന്നുകൊണ്ടിരിക്കുന്നു. ആചാരങ്ങളും പാരമ്പര്യങ്ങളും വലിയ മാറ്റത്തിന് വിധേയമാവുകയാണ്. ധാര്‍മിക മൂല്യവ്യവസ്ഥയെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ മറുവശത്ത്. ഇതൊക്കെയുണ്ടാക്കുന്ന അതിസങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ പരിഹാരങ്ങള്‍ നിര്‍ദേശിക്കാന്‍ ബാധ്യസ്ഥരാണ് പണ്ഡിത സമൂഹം. ഇതിനെയാണ് മനന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ ഇജ്തിഹാദ് എന്ന് പറയുന്നത്.
എല്ലാ കാലത്തും പണ്ഡിതന്മാര്‍ കാലം ഉയര്‍ത്തുന്ന ഇത്തരം വെല്ലുവിളികള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇസ്്‌ലാമിക ശരീഅത്തിന്റെ നിലനില്‍പും തുടര്‍ച്ചയും ഉറപ്പ് വരുത്തുന്നത് ഇജ്തിഹാദീ യത്‌നങ്ങളാണ്. ഇജ്തിഹാദിന്റെ ഒരിനം വ്യക്തിപരമായ ഇജ്തിഹാദാണ്. പണ്ഡിതന്മാരും മുഫ്തികളും തങ്ങള്‍ക്ക് മുമ്പാകെ വരുന്ന പ്രശ്‌നങ്ങള്‍ പഠിക്കുകയും തങ്ങള്‍ എത്തിച്ചേര്‍ന്ന വ്യക്തിപരമായ അഭിപ്രായങ്ങള്‍ പരിഹാരമായി സമര്‍പ്പിക്കുകയും ചെയ്യുന്നു. സാമൂഹിക ഇജ്തിഹാദാണ് രണ്ടാമത്തെ ഇനം. ഇവിടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക് പ്രസക്തിയില്ല. കൂട്ടായി ചിന്തിക്കുകയും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയുമാണ് ചെയ്യുന്നത്. ഈ രണ്ട് തരം ഇജ്തിഹാദുകള്‍ക്കും നബിചര്യയില്‍ തെളിവുണ്ട്. മുആദുബ്‌നു ജബലി(റ)നെ ഗവര്‍ണറായി യമനിലേക്ക് നിയോഗിച്ചപ്പോള്‍ നബി (സ) അദ്ദേഹത്തോട് ചോദിച്ചു: താങ്കള്‍ എങ്ങനെയാണ് വിധി കല്‍പിക്കുക? മുആദ് പറഞ്ഞു: ദൈവിക ഗ്രന്ഥം വെച്ച് വിധി കല്‍പിക്കും. റസൂല്‍: അതില്‍ ഇല്ലെങ്കിലോ? മുആദ്: പ്രവാചക ചര്യയനുസരിച്ച് വിധി പറയും. റസൂല്‍: അതിലും ഇല്ലെങ്കിലോ? ഞാന്‍ സ്വയം ഗവേഷണം ചെയ്ത് കണ്ടെത്തും എന്നായിരുന്നു അതിന് മുആദിന്റെ മറുപടി. ഇത് പ്രവാചകനെ ഏറെ സന്തോഷിപ്പിച്ചു. അല്ലാഹുവിന്റെ ദൂതന് എത്ര നല്ല ദൂതനെയാണ് കിട്ടിയിരിക്കുന്നത് എന്ന് ആശീര്‍വദിക്കുകയും ചെയ്തു. ഈ സംഭവത്തില്‍നിന്ന് രണ്ട് കാര്യങ്ങള്‍ വ്യക്തമാണ്. ഒന്ന്: ചില പ്രശ്‌നങ്ങള്‍ ഖുർആനിലോ ഹദീസിലോ വ്യക്തമായി പറയപ്പെട്ടിട്ടില്ലാത്തതായിരിക്കും. രണ്ട്: അത്തരം പ്രശ്‌നങ്ങളില്‍ ഖുര്‍ആനിലും സുന്നത്തിലും പറയപ്പെട്ട തത്ത്വങ്ങള്‍ വെച്ച് അന്വേഷണം നടത്തുക. ഇത് വ്യക്തിപരമായ ഇജ്തിഹാദിന് തെളിവാണ്. വ്യക്തിപരമായ ഇജ്തിഹാദ് നടത്താനാണല്ലോ മുആദിനോട് റസൂല്‍ ഇവിടെ നിര്‍ദേശിക്കുന്നത്. പണ്ഡിതന്മാരും മുഫ്തിമാരും അവരുമായി ബന്ധപ്പെട്ട സമിതികളുമൊക്കെ ചേര്‍ന്ന് നടത്തുന്ന രണ്ടാമത്തെ ഇനമായ സാമൂഹിക ഇജ്തിഹാദിനും ഹദീസ് ഗ്രന്ഥങ്ങളില്‍ തെളിവ് കാണാം. റസൂല്‍ യമനിലേക്ക് തന്നെ അലിയ്യുബ്‌നു അബീത്വാലിബിനെ ന്യായാധിപനായി നിശ്ചയിച്ചപ്പോള്‍ അദ്ദേഹത്തോട് പറഞ്ഞത്, 'പുതിയ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ പണ്ഡിതരെയും ഭക്തിമാര്‍ഗം കൈക്കൊണ്ടവരെയും വിളിച്ചുചേര്‍ത്ത് അവരോട് അഭിപ്രായം തേടുക' (അജ്മിഊ ലഹുല്‍ ഫുഖഹാഅ വല്‍ ആബിദീന വ ശാവിറൂഹും) എന്നായിരുന്നു. വിളിച്ചു ചേര്‍ക്കപ്പെടുന്നവര്‍ക്ക് അറിവ് മാത്രം ഉണ്ടായാല്‍ പോരാ, ഭയഭക്തിയും വേണമെന്ന് റസൂല്‍ ഇവിടെ നിഷ്‌കര്‍ഷിച്ചിരിക്കുന്നു. അറിവ് വിവരക്കേട് മൂലമുള്ള വഴിതെറ്റലില്‍നിന്ന് സംരക്ഷിക്കുന്നു, ഭയഭക്തി അറിഞ്ഞുള്ള വഴിതെറ്റലില്‍നിന്നും സംരക്ഷണമൊരുക്കുന്നു.
നമ്മുടെ കാലത്തെ അതീവ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഏറ്റവും പ്രയോജനപ്പെടുക ഇജ്തിഹാദിന്റെ സാമൂഹിക രീതിയാണ്. മുന്‍കാല പണ്ഡിതന്മാരും ഈ രീതി അവലംബിച്ചിരുന്നതായി കാണാം. അതിനാലാണ് ഇന്ത്യയിലെ പ്രമുഖ ഫഖീഹുമാരില്‍ ഒരാളായിരുന്ന മൗലാനാ മുജാഹിദുല്‍ ഇസ്്‌ലാം ഖാസിമിയുടെ നേതൃത്വത്തില്‍ 1989-ല്‍ 'ഇസ്്‌ലാമിക് ഫിഖ്ഹ് അക്കാദമി ഇന്ത്യ'ക്ക് രൂപം നല്‍കിയത്. മറ്റൊന്നിന്റെയും അനുബന്ധമല്ലാതെ, സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന വേദിയാണിത്. ഓരോ വര്‍ഷവും അത് ഫിഖ്ഹി സെമിനാറുകള്‍ സംഘടിപ്പിക്കുന്നു. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള, വിവിധ സംഘടനകളെയും ചിന്താധാരകളെയും പ്രതിനിധാനം ചെയ്യുന്ന മുന്നൂറില്‍ പരം പണ്ഡിതന്മാര്‍ അതിലോരോന്നിലും പങ്കെടുക്കുന്നു. ഇതിനകം മുപ്പതിലധികം സെമിനാറുകള്‍ സംഘടിപ്പിച്ചു കഴിഞ്ഞു. കേവലം അനുഷ്ഠാനപരമായ ഫിഖ്ഹീ വിഷയങ്ങള്‍ മാത്രമല്ല അതില്‍ ചര്‍ച്ച ചെയ്യുക. സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളും, പുതിയ മെഡിക്കല്‍-ഇൻഫര്‍മേഷന്‍ ടെക്‌നോളജി പ്രശ്‌നങ്ങളും, മുസ്്‌ലിം ന്യൂനപക്ഷങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളുമൊക്കെ അതില്‍ ചര്‍ച്ചയാകാറുണ്ട്. ഒരു വിഷയത്തില്‍ ഭിന്ന വിരുദ്ധ അഭിപ്രായങ്ങളുണ്ടെങ്കില്‍ അവയെല്ലാം ശാസ്ത്രീമായി ക്രോഡീകരിച്ചു വെക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിഷയ സൂചിക തയാറാക്കാന്‍ ഒരു സബ് കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു. സമകാലിക ലോകത്ത് ഏറ്റവും പ്രസക്തമായ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക വിഷയങ്ങളാണ് ചര്‍ച്ചക്കെടുക്കുക. വിഷയ നിര്‍ണയത്തിന്, ലഭ്യമായ എല്ലാ പണ്ഡിതന്മാരുടെയും വിദഗ്ധരുടെയും സഹായം തേടാറുണ്ട്. ഇന്ത്യക്ക് പുറത്തുള്ള പ്രമുഖ അക്കാദമികളുമായും ഫിഖ്ഹ് അക്കാദമി നിരന്തരം ബന്ധം പുലര്‍ത്തിവരുന്നു. ശാസ്ത്രത്തിലോ ടെക്‌നോളജിയിലോ ഒക്കെ പുതിയ പ്രവണതകള്‍ രൂപപ്പെടുമ്പോള്‍ വിദഗ്ധരെക്കൊണ്ട് ആ വിഷയകമായി ലേഖനങ്ങള്‍ എഴുതിക്കുകയും, കൂടുതല്‍ ചര്‍ച്ചക്കായി അവ രാജ്യത്തെ വിവിധ ഇസ്്‌ലാമിക കലാലയങ്ങളിലേക്ക് അയച്ചുകൊടുക്കുകയും  ചെയ്യാറുണ്ട്.
ഒട്ടും അതിശയോക്തിയില്ലാതെ എനിക്കൊരു കാര്യം പറയാന്‍ കഴിയും: വിവിധ വിഷയങ്ങളില്‍ സാമൂഹിക ഇജ്തിഹാദ് നടത്തുന്ന തെക്കനേഷ്യയിലെ തന്നെ ഏറ്റവും ആധികാരികമായ അക്കാദമിക സ്ഥാപനമായി 'ഫിഖ്ഹ് അക്കാദമി ഇന്ത്യ' വളര്‍ന്നു കഴിഞ്ഞു. അക്കാദമിയുടെ അഭിപ്രായങ്ങള്‍ക്കും വിധി തീർപ്പുകള്‍ക്കും മുസ്്‌ലിം ലോകം വലിയ പരിഗണനയും പ്രാധാന്യവും നല്‍കിപ്പോരുന്നുമുണ്ട്. ഇതുപോലെ സജീവമായി പ്രവര്‍ത്തിക്കുന്ന അക്കാദമികള്‍ ഇന്ത്യക്കകത്തും പുറത്തും വേറെയുമുണ്ട്. ഇസ്്‌ലാമിക ശരീഅത്ത് മനുഷ്യരുള്ള കാലത്തോളം നിലനില്‍ക്കുമെന്നതിനും, ഓരോ കാലത്തെയും അവരുടെ പ്രശ്‌നങ്ങള്‍ക്ക് അതിന് പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനാവുമെന്നതിനും ഇതുപോലുള്ള ഫിഖ്ഹ് അക്കാദമികളാണ് ഏറ്റവും വലിയ തെളിവ്.l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 23-25
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വാർഥതയെ കരുതിയിരിക്കുക
ഡോ. മുഹമ്മദ് പാണ്ടിക്കാട്