Prabodhanm Weekly

Pages

Search

2023 ജൂലൈ 21

3310

1445 മുഹർറം 03

ഏകീകൃത വ്യക്തിനിയമങ്ങളും ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയ നീക്കങ്ങളും

ശിഹാബ് പൂക്കോട്ടൂർ

ഇന്ത്യൻ ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 44-ല്‍, 'ഇന്ത്യന്‍ പ്രദേശത്തുടനീളം പൗരന്മാര്‍ക്ക് ഒരു ഏകീകൃത സിവിൽ കോഡ് ഉറപ്പാക്കാന്‍ ഭരണകൂടം ശ്രമിക്കും' എന്ന നിര്‍ദേശക തത്ത്വത്തിന്റെ ചുവട് പിടിച്ച് ഏക സിവില്‍ കോഡ് വാദം ഇന്ത്യയില്‍ വീണ്ടും ശക്തിപ്പെട്ടുവരികയാണ്. സംഘ് പരിവാര്‍ ഭരണകൂടം തങ്ങളുടെ മാനിഫെസ്റ്റോയില്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഒന്നാം മോദി സര്‍ക്കാര്‍ 2016 ജൂണില്‍ ബി.എസ് ചൗഹാന്റെ നേതൃത്വത്തില്‍ കമീഷനെ ചുമതലപ്പെടുത്തിയിരുന്നു. രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കാനാണ് കമീഷനെ നിയമിച്ചത്. യൂനിഫോം സിവില്‍ കോഡ് ഇന്ത്യയില്‍ അനാവശ്യവും അപ്രായോഗികവുമാണെന്നാണ് ചൗഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് നല്‍കിയത്. രണ്ടാം മോദി സര്‍ക്കാര്‍ വീണ്ടും ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ രംഗത്ത് വന്നിരിക്കുകയാണ്. പ്രധാനമന്ത്രി നേരിട്ട് തന്നെ സിവിൽ കോഡ് ഏകീകരണത്തിന്റെ അനിവാര്യത എടുത്തു പറഞ്ഞിരിക്കുകയാണ്.
എന്നാല്‍, വിവിധ മതവിഭാഗങ്ങള്‍ ജീവിക്കുന്ന ഇന്ത്യയില്‍ ഏകീകൃത വ്യക്തിനിയമം അഭികാമ്യമല്ലെന്ന് ഭരണഘടനാ നിര്‍മാണ വേളയില്‍ മുഹമ്മദ് ഇസ്മാഈല്‍ സാഹിബ്, ഹസ്രത്ത് മൊഹാനി, സയ്യിദ് കമാലുദ്ദീന്‍ തുടങ്ങിയവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. മതവിശ്വാസം വളരെ ആഴത്തില്‍ സ്വാധീനിച്ചിട്ടുള്ള ഇന്ത്യന്‍ ബഹുമത സമൂഹത്തിന് വ്യക്തിനിയമം ഏകീകരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഭരണഘടനാ രൂപവത്കരണ സമയത്തും പിന്നീട് പാര്‍ലമെന്റില്‍ നടന്ന പല ചര്‍ച്ചകളിലും രാജ്യത്തിനു മനസ്സിലായതാണ്. പ്രശസ്ത നിയമജ്ഞനും നിയമമന്ത്രിയുമായിരുന്ന അശോക് കുമാര്‍ സെന്‍ 1963-ല്‍ പാര്‍ലമെന്റില്‍  പ്രസ്താവിച്ചത് ഇങ്ങനെയാണ്: 'ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ പരിഗണിച്ചുകൊണ്ട് പറയട്ടെ, വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട പരിഷ്‌കരണങ്ങള്‍ അതത് സമുദായത്തില്‍നിന്നാണ് ഉയര്‍ന്നു വരേണ്ടത്. ഇത്തരം കാര്യങ്ങളില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുക എന്നത് ഭരണകൂടത്തിന്റെ നയമല്ല.'
2016-ലെ കമീഷന്‍ ചോദ്യാവലികള്‍ പ്രസിദ്ധം ചെയ്തപ്പോള്‍ 75378 പ്രതികരണങ്ങളാണ് ലഭിച്ചത്. 185 പേജുള്ള നിയമ കമീഷന്റെ റിപ്പോര്‍ട്ടിലെ നിരീക്ഷണം ഇങ്ങനെ: ''ഭരണഘടനാ പ്രകാരമുള്ള മൗലികാവകാശങ്ങള്‍ ഖണ്ഡിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി വ്യക്തിനിയമങ്ങളുടെ വൈവിധ്യം നിലനിര്‍ത്തുകയാണ് നല്ലത്. അത് രാജ്യത്തിന്റെ ബഹുസ്വരതയെ നിഷേധിക്കുന്നതാകരുത്. മതനിരപേക്ഷതാ നിയമങ്ങളിലെ വ്യത്യസ്തതകളെ വിവേചനമായി കാണരുത്. വ്യത്യസ്തതകളെ ആരോഗ്യമുള്ള ജനാധിപത്യത്തിന്റെ കരുത്തായി കാണുകയാണ് വേണ്ടത്.'' ഇതിലൂടെ ഏകീകൃത വ്യക്തിനിയമത്തിന്റെ അപ്രായോഗികതയും മൗലികതയില്ലായ്മയും ഊന്നിപ്പറയുകയാണ് കമീഷന്‍ ചെയ്തത്. നിലവില്‍ രാജ്യത്തുള്ള മിക്ക സിവില്‍ നിയമങ്ങള്‍ക്കും ഏകീകൃത സ്വഭാവമാണുള്ളത്. കരാര്‍ നിയമം, സിവില്‍ പ്രൊസീജര്‍ കോഡ്, ചരക്ക് വില്‍പന നിയമം, സ്വത്ത് കൈമാറ്റ നിയമം, പങ്കാളിത്ത നിയമം മുതലായവ ഇതിന് ഉദാഹരണമാണ്. വിവാഹം, വിവാഹമോചനം, ബഹുഭാര്യത്വം, സ്വത്തവകാശം, ദത്തവകാശം എന്നിവയിലാണ് മുസ് ലിം നിയമം പ്രധാനമായും പരിമിതപ്പെട്ടിരിക്കുന്നത്.
ഇന്ത്യയിലെ മതനിയമങ്ങള്‍ നിരവധി വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. രാജ്യത്തെ വ്യത്യസ്ത ഹിന്ദു വിഭാഗങ്ങള്‍ക്കിടയിലും നിയമങ്ങളിൽ നിരവധി വ്യത്യാസങ്ങളുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലകളില്‍ 220-ലധികം ഗോത്രവിഭാഗങ്ങളുണ്ട്. അവര്‍ക്ക് അവരുടേതായ ആചാര നിയമങ്ങള്‍ നിലനില്‍ക്കുന്നു. നാഗാലാന്റ്, മേഘാലയ, മിസോറാം സംസ്ഥാനങ്ങളിലെ മതവിഭാഗങ്ങള്‍ക്കും ഭരണഘടന പ്രത്യേക സംരക്ഷണം നല്‍കുന്നുണ്ട്.
ഏകീകൃത നയം വീണ്ടും സംഘ് പരിവാര്‍ ഉയര്‍ത്തുന്നതിൽ കൃത്യമായ അജണ്ടകളും വംശീയ മുന്‍വിധികളുമുണ്ട്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള വിഷയങ്ങളെ മറവിയിലേക്ക് തള്ളാനുള്ള വിവാദം കൂടിയാണ് യൂനിഫോം സിവില്‍ കോഡ്. അതോടൊപ്പം മുസ് ലിം, ക്രിസ്ത്യന്‍, സിഖ് തുടങ്ങിയ ന്യൂനപക്ഷ മതവിഭാഗങ്ങളുടെയും ആദിവാസി, ഗോത്ര വിഭാഗങ്ങളുടെയും അസ്തിത്വത്തെ റദ്ദ് ചെയ്യുക എന്ന പദ്ധതിയും വംശീയതയുടെ അജണ്ടയിലുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ ധ്രുവീകരണ പദ്ധതി പൂര്‍ണതയിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ബി.ജെ.പി സര്‍ക്കാര്‍ ഏക സിവില്‍ കോഡുമായി രംഗത്ത് വന്നിട്ടുള്ളത്.
ഈ സന്ദര്‍ഭത്തില്‍ ഇന്ത്യയിലെ മുസ് ലിം സംഘടനകളുടെ പ്രതിനിധികള്‍ മുസ്്ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ നേതൃത്വത്തില്‍ യോഗം ചേരുകയുണ്ടായി. നിയമ കമീഷന്റെ മുമ്പാകെ, ഏകീകൃത വ്യക്തിനിയമം നടപ്പാക്കുന്നതിനെതിരെ ബോർഡ് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. ഏക സിവില്‍ കോഡ് കേവലം മുസ് ലിം സമുദായത്തിന്റെ വിഷയമല്ലെന്നും ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങളെ ബാധിക്കുന്ന ഒന്നാണെന്നും വ്യക്തമാക്കി. ഹിന്ദു-മുസ് ലിം ദ്വന്ദ്വം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള സംഘ് പരിവാറിന്റെ രാഷ്ട്രീയ നീക്കത്തിനേറ്റ തിരിച്ചടിയായിരുന്നു പ്രസ്തുത നീക്കം. മുസ് ലിം പേഴ്‌സനല്‍ ലോയുമായി ബന്ധപ്പെട്ട് വിവിധ സമുദായ സംഘടനാ നേതാക്കള്‍ സംയുക്ത പ്രസ്താവനയും പുറത്തിറക്കി.
''1937-ലെ ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ട് അനുവദിക്കുന്ന മുസ് ലിം വ്യക്തിനിയമം നമ്മുടെ രാജ്യത്ത് മുസ് ലിംകളുടെ മതപരമായ ചിഹ്നമാണ്. അതിലെ ബഹുഭൂരിഭാഗം നിയമങ്ങളും ഖുര്‍ആനിക വചനങ്ങളാലും ഹദീസുകളാലും സ്ഥിരപ്പെട്ടതാണ്. ഇക്കാരണത്താല്‍ മുസ് ലിം വ്യക്തിനിയമത്തില്‍ കുഴപ്പമുണ്ടാക്കുന്ന രീതിയില്‍ യൂനിഫോം സിവില്‍ കോഡ് കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും രാജ്യനിവാസികളിൽ ഓരോരുത്തർക്കും ഭരണഘടന അനുവദിച്ചിരിക്കുന്ന  മതസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തെ ആദരിക്കണമെന്നും ഇന്ത്യന്‍ മുസ് ലിംകള്‍ ഇന്ത്യയിലെ ഭരണകൂടത്തോട് ആവശ്യപ്പെടുന്നു."
മൗലാനാ ഖാലിദ് സൈഫുല്ലാ റഹ്്മാനി (പേഴ്‌സനല്‍ ലോ ബോര്‍ഡ് പ്രസിഡന്റ്‌), മൗലാനാ സഈദ് അഹ്്മദ് ഉമരി (വൈസ് പ്രസിഡന്റ്‌), മൗലാനാ സയ്യിദ് അര്‍ഷദ് മദനി (പ്രസിഡന്റ്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്), പ്രഫ. ഡോ. സയ്യിദ് അലി നഖ്്വി (വൈ. പ്രസിഡന്റ് പേഴ്‌സനല്‍ ലോ ബോര്‍ഡ്), സയ്യിദ് സആദത്തുല്ലാ ഹുസൈനി (അമീര്‍, ജമാഅത്തെ ഇസ് ലാമി ഹിന്ദ്), മൗലാനാ സയ്യിദ് ഷാ ഖുസ്‌റു ഹുസൈനി (വൈ. പ്രസി. പേഴ്‌സനല്‍ ലോ ബോര്‍ഡ്), മൗലാനാ ഫദ് ലുർറഹീം മുജദ്ദിദി (ജനറല്‍ സെക്രട്ടറി, പേഴ്‌സനല്‍ ലോ ബോര്‍ഡ്), മൗലാനാ അസ്ഹര്‍ അലി സലഫി (അഹ്്ലെ ഹദീസ്), മുഫ്തി അബുല്‍ ഖാസിം നുഅ്മാനി (ദാറുല്‍ ഉലൂം, ദയൂബന്ദ്), സയ്യിദ് ഹുസൈന്‍ മുജ്തഹിദി (മഹ്്ദവിയ്യ വിഭാഗം), മൗലാനാ അഹ്്മദ് വലി ഫൈസ്വല്‍ റഹ്്മാനി (അമീർ, ഇമാറത്തെ ശരീഅ, ബിഹാര്‍), മൗലാനാ സഗീര്‍ അഹ്്മദ് റഷാദി (അമീറെ ശരീഅ, കര്‍ണാടക), മൗലാനാ യൂസുഫ് അലി (അമീറെ ശരീഅ, ആസാം), പ്രഫ. ആലിക്കുട്ടി മുസ്്ലിയാര്‍ (ജനറല്‍ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ), ദിയാഉദ്ദീന്‍ നയ്യര്‍ (തഅ്മീറെ മില്ലത്ത്, ഹൈദരാബാദ്), മൗലാനാ ഹകീം അബ്ദുല്ലാ മുഗീസി (പ്രസിഡന്റ്, ആള്‍ ഇന്ത്യാ മില്ലി കൗണ്‍സില്‍), മൗലാനാ സയ്യിദ് ബിലാല്‍ അബ്ദുല്‍ ഹയ്യ് ഹസനി നദ്്വി (നാസിം, നദ്്വത്തുല്‍ ഉലമാ), മൗലാനാ മുഹമ്മദ് സുഫ്്യാന്‍ ഖാസിമി (ദയൂബന്ദ്), സയ്യിദ് ശാഹിദ് അല്‍ ഹസനി മളാഹിരി (മളാഹിറുല്‍ ഉലൂം, സഹാറന്‍പൂര്‍), മൗലാനാ മുഫ്തി അഹ്്മദ് ഖാന്‍പൂരി (തഅ്‌ലീമുദ്ദീന്‍, ഗുജറാത്ത്) തുടങ്ങിയവരാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.
ഇതിന്റെ ചുവട് പിടിച്ച് കേരളത്തിലെ മുസ് ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി, മുസ്്ലിം ലീഗ് കേരള അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ കോഴിക്കോട് യോഗം ചേർന്ന് സംയുക്ത പ്രസ്താവന പുറത്തിറക്കുകയും കമ്മിറ്റിയുടെ തന്നെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഏക സിവില്‍ കോഡ് രാജ്യതാല്‍പര്യത്തിനെതിരാണെന്നും മുസ് ലിം സമുദായത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും മുസ് ലിം സമൂഹത്തെ ടാര്‍ഗറ്റ് ചെയ്ത് നടക്കുന്ന ധ്രുവീകരണ കെണിയില്‍ ആരും വീണു പോകരുതെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. രാമക്ഷേത്രം, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, മുത്ത്വലാഖ്, പൗരത്വ ഭേദഗതി നിയമം എന്നിവക്കു ശേഷം ഏക സിവിൽ കോഡുമായി ബി.ജെ.പി രംഗത്ത് വരുന്നത് ധ്രുവീകരണ അജണ്ടയുടെ ഭാഗമാണ്. വംശീയ വിദ്വേഷം പ്രചരിപ്പിക്കലാണ് അവരുടെ ലക്ഷ്യം. വിവിധ ഗോത്ര, മതവിഭാഗങ്ങളെ ആഴത്തില്‍ ബാധിക്കുന്ന വിഷയമാണ് ഏകീകൃത വ്യക്തി നിയമം. 94.4 ശതമാനം ആദിവാസി ഗോത്രവിഭാഗങ്ങളുള്ള മിസോറാമാണ് ആദ്യമായി യു.സി.സിക്കെതിരെ പ്രമേയം പാസാക്കിയത്. 86.5 ശതമാനം ആദിവാസി വിഭാഗങ്ങളുള്ള നാഗാലാന്റും ഔദ്യോഗികമായ എതിര്‍പ്പ് അറിയിച്ചു. 86.1 ശതമാനം ആദിവാസി വിഭാഗങ്ങളുള്ള മേഘാലയ മുഖ്യമന്ത്രി യു.സി.സി വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയുടെ സംസ്‌കാരം തകര്‍ക്കുമെന്ന് മുന്നറിയിപ്പ് നൽകി. സിക്കിം സംസ്ഥാനം യു.സി.സിക്കെതിരെ സംയുക്ത കര്‍മസമിതി ചേര്‍ന്ന് പ്രസ്താവനയിറക്കി. ഏക സിവില്‍ കോഡില്‍നിന്ന് ആദിവാസി ഗോത്ര വിഭാഗങ്ങളെ മാറ്റിനിര്‍ത്തണമെന്ന ബി.ജെ.പിയുടെ ആവശ്യത്തിലൂടെ, വംശീയ അജണ്ട മറ നീക്കി പുറത്തുവന്നിരിക്കുകയാണ്. ഇക്കാര്യങ്ങളാണ് സംയുക്ത പ്രസ്താവനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സമസ്ത ഇ.കെ വിഭാഗത്തെ പ്രതിനിധാനം ചെയ്ത് ഡോ. ബഹാഉദ്ദീന്‍ നദ്്വി, കൊയ്യോട് ഉമ്മര്‍ മുസ്്ലിയാര്‍, എ.വി അബ്ദുര്‍റഹ്്മാന്‍ മുസ്്ലിയാര്‍, സമസ്ത എ.പി വിഭാഗത്തെ പ്രതിനിധാനം ചെയ്ത് പ്രഫ. എ.കെ അബ്ദുല്‍ ഹമീദ്, കേരള നദ്്വത്തുല്‍ മുജാഹിദീനെ പ്രതിനിധാനം ചെയ്ത് ടി.പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈന്‍ മടവൂര്‍, ശരീഫ് മേലേതില്‍, ജമാഅത്തെ ഇസ് ലാമിയെ പ്രതിനിധാനം ചെയ്ത് എം.കെ മുഹമ്മദലി, ശിഹാബ് പൂക്കോട്ടൂര്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രതിനിധികളായി എം.എം ബാവ മൗലവി, സി.എ മൂസ മൗലവി, ഡോ. അഹ് മദ് കബീര്‍ ബാഖവി, വിസ്ഡം പ്രതിനിധികളായി  പി.എന്‍ അബ്ദുല്ലത്വീഫ് മദനി, ടി.കെ അശ്റഫ്, കെ.എന്‍.എം മര്‍കസുദ്ദഅ്‌വ പ്രതിനിധികളായി സി.പി ഉമര്‍ സുല്ലമി, ഡോ. ഇ.കെ അഹ്്മദ് കുട്ടി, എം.ഇ.എസിനെ പ്രതിനിധാനം ചെയ്ത് ഡോ. ഫസല്‍ ഗഫൂര്‍, തബ്്ലീഗ് ജമാഅത്തിന്റെ പ്രതിനിധിയായി അബുല്‍ ഖൈര്‍ ഖാസിമി, എം.എസ്.എസിന്റെ പ്രതിനിധിയായി എഞ്ചിനീയര്‍ പി. മുഹമ്മദ് കോയ എന്നിവര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.
കേരള മുസ് ലിം സമൂഹത്തിന്റെ പരിഛേദമായിരുന്നു കോര്‍ഡിനേഷന്‍ കമ്മിറ്റി. ഇന്ത്യയില്‍ തന്നെ രൂപപ്പെട്ടുവന്ന മുസ് ലിം കൂട്ടായ്മയിലും ബി.ജെ.പി വിരുദ്ധ ഐക്യനിരയിലും വിള്ളലുണ്ടാക്കുന്ന സമീപനമാണ് കേരളത്തില്‍ സി.പി.എം സ്വീകരിച്ചത്. ഏകീകൃത വ്യക്തിനിയമത്തെ താത്ത്വികമായി അംഗീകരിക്കുന്ന സി.പി.എം, സിവില്‍ കോഡിനെ എതിര്‍ക്കുന്നതിന്റെ പേരില്‍ സംസ്ഥാനത്ത് കിട്ടാവുന്ന രാഷ്ട്രീയ നേട്ടം മാത്രം മുന്നിൽ കണ്ട് നടത്തുന്ന സെമിനാര്‍ ഫാഷിസ്റ്റ് വിരുദ്ധ ചേരിയെ ദുര്‍ബലപ്പെടുത്തുന്ന ഗൂഢതന്ത്രത്തിന്റെ ഭാഗമായി മാറി എന്നത് ദൗര്‍ഭാഗ്യകരമാണ്. ഏകീകൃത നിയമം എന്ന സംഘ് ഭരണകൂടത്തിന്റെ വംശീയ അജണ്ടയെ തുറന്നെതിര്‍ക്കുന്നതില്‍ പുലര്‍ത്തുന്ന രാഷ്ട്രീയ ജാഗ്രതയാണ് ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെ വരും നാളുകളില്‍ കൂടുതല്‍ കരുത്തുള്ളതാക്കുക. അതിനെ ആസ്പദിച്ചായിരിക്കും എല്ലാ കൂട്ടായ്മകളുടെയും ശക്തി വിലയിരുത്തപ്പെടുക.l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 23-25
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വാർഥതയെ കരുതിയിരിക്കുക
ഡോ. മുഹമ്മദ് പാണ്ടിക്കാട്