വിനയത്തിന്റെ ചിറകുകള്‍ വിരിച്ച്....
ഒരു മുസ്്‌ലിമിനുണ്ടായിരിക്കേണ്ട സവിശേഷമായ സ്വഭാവ ഗുണമാണ് വിനയം. അല്ലാഹു തന്റെ യഥാര്‍ഥ അടിമകളെ വിശേഷിപ്പിച്ചുകൊണ്ട് പറഞ്ഞത്: وَعِبَادُ ٱلرَّحْمَـٰنِ ٱلَّذِينَ يَمْشُونَ عَلَى ٱلْأَرْضِ هَوْنًۭا (അവര്‍ ഭൂമിയില്‍ വിനയത്തോടെ നടക്കുന്നവരാണ്) എന്നാണ്. പരമ കാരുണ്യവാന്റെ അടിമകള്‍ എന്നാണ് അങ്ങനെയുള്ളവരെ അല്ലാഹു വിളിച്ചത്. വിനയത്തിന് അറബി ഭാഷയില്‍ تَواضُع എന്നാണ് പറയുക. താഴ്മ എന്നാണ് അതിന്റെ വാക്കര്‍ഥം. അതായത്, മറ്റുള്ളവരുടെ മുന്നില്‍ സ്വയം താഴ്മയോടെ പെരുമാറുക. അല്ലാഹു പ്രവാചകനോട് കൽപിക്കുന്നുണ്ട്: وَاخْفِضْ جَناحَكَ لِلْمُؤْمِنِينَ (നീ നിന്റെ ചിറകുകള്‍ സത്യവിശ്വാസികള്‍ക്ക് താഴ്ത്തിക്കൊടുക്കുക). മറ്റുള്ളവരെക്കാള്‍ ഉയരത്തിലല്ല താനെന്ന് ഒരാള്‍ കരുതുമ്പോഴാണ് വിനയമുണ്ടാവുക.
വിനയാന്വിതനാകാന്‍ ഒന്നാമതായി വേണ്ടത്, നാം ഒരു സംഘത്തിലാകുമ്പോള്‍ അതിലെ പ്രധാന വ്യക്തി താനാണ്, തന്നെ എല്ലാവരും പരിഗണിച്ചിരിക്കണം എന്ന തോന്നല്‍ ഒരിക്കലുമുണ്ടാകാതിരിക്കുക എന്നതാണ്. ഈ അര്‍ഥത്തിലാണ് നബി (സ) പറഞ്ഞത്, 'നിങ്ങള്‍ നേതൃത്വം അതാഗ്രഹിക്കുന്നവരെ ഏല്‍പിക്കാതിരിക്കുക' എന്ന്. 'നിങ്ങള്‍ നേതൃത്വം സ്വയം ആഗ്രഹിക്കരുത്' എന്നും പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്.
വിനയം ഉണ്ടാവാന്‍ വേണ്ട രണ്ടാമത്തെ ഗുണമാണ്, നമ്മുടെ തെറ്റുകള്‍ സമ്മതിക്കുക എന്നത്. അതായത്, മറ്റുള്ളവരോടുള്ള നമ്മുടെ പെരുമാറ്റത്തിലോ സംസാരത്തിലോ തെറ്റുകള്‍ സംഭവിച്ചാല്‍ അതംഗീകരിക്കുകയും അതിന് ക്ഷമ ചോദിക്കുകയും ചെയ്യുക. ഒരാള്‍ സ്വന്തം തെറ്റുകളെ അംഗീകരിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യാന്‍ തയാറാകുന്നില്ലെങ്കില്‍ അതിനര്‍ഥം അയാളുടെ മനസ്സില്‍ ഈഗോ അല്ലെങ്കില്‍ അഹങ്കാരം ബാക്കി കിടക്കുന്നുണ്ട് എന്നാണ്. അല്ലാഹുവിനോടുള്ള നമ്മുടെ സമീപനത്തിലും ഇത് ബാധകമാണ്. മനസ്സില്‍ അഹങ്കാരമുള്ളവരാണ് ചെയ്തുപോയ തെറ്റുകള്‍ക്ക് അല്ലാഹുവിനോട് മാപ്പിരക്കുകയോ പാപമോചനം അര്‍ഥിക്കുകയോ ചെയ്യാതിരിക്കുക. നബി (സ) അങ്ങേയറ്റം വിനയത്തോടു കൂടിയാണ് സ്വന്തം കുടുംബത്തിലും സമൂഹത്തിലും പെരുമാറിയിരുന്നത്. വീട്ടിലെ ജോലികള്‍ ചെയ്യുക, സ്വന്തം വസ്ത്രം കഴുകുക, വീടും പരിസരവുമൊക്കെ വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ അദ്ദേഹം സ്വയം ചെയ്തിരുന്നതായി കാണാം. വില കുറഞ്ഞ ഒരു കഴുതയുടെ പുറത്താണ് അദ്ദേഹം സഞ്ചരിച്ചിരുന്നത്. മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനായ ഒരാളായി തന്നെ ജനങ്ങള്‍ കാണാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ഇത്തരത്തില്‍ വിനയവും താഴ്മയും കാണിക്കുന്നവരെയാണ് അല്ലാഹു ഇഷ്ടപ്പെടുക. നബി (സ) ഒരിക്കല്‍ മിമ്പറില്‍നിന്നുകൊണ്ട് ഖുത്വ്്ബ നടത്തിക്കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ ഇടത് കൈ താഴ്ത്തിക്കൊണ്ടും വലത് കൈ ഉയര്‍ത്തിക്കൊണ്ടും ഇങ്ങനെ പറയുകയുണ്ടായി: مَنْ تَواضَعَ لِلّهِ رَفَعَهُ (ആരെങ്കിലും അല്ലാഹുവിനു വേണ്ടി താഴ്മ കൈക്കൊണ്ടാല്‍ അല്ലാഹു അവനെ ഉയര്‍ത്തും). 'ആരുടെയെങ്കിലും മനസ്സില്‍ അണുമണിത്തൂക്കം അഹങ്കാരം ഉണ്ടായാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല' എന്നും നബി (സ) പറഞ്ഞിട്ടുണ്ട്. അപ്പോള്‍ നമ്മുടെ മനസ്സില്‍ അഹങ്കാരമുണ്ടോ, മറ്റുള്ളവരെക്കാള്‍ കേമനാണെന്ന ഒരു തോന്നല്‍ എപ്പോഴെങ്കിലും നമ്മിലുണ്ടാകാറുണ്ടോ എന്നത് നാം സ്വയം വിചാരണ ചെയ്യണം. അതിനര്‍ഥം, അല്ലാഹു നമുക്ക് നല്‍കിയിരിക്കുന്ന അനുഗ്രഹങ്ങളെ ഓര്‍ക്കാതിരിക്കുക എന്നതല്ല. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ തീര്‍ച്ചയായും നാം ഓര്‍ക്കുകയും അതിന് അല്ലാഹുവിനോട് നന്ദിയുള്ളവരാവുകയും ചെയ്യേണ്ടതുണ്ട്. എന്നാല്‍, അതുമൂലം സമൂഹത്തില്‍ തനിക്കെന്തെങ്കിലും പ്രിവിലേജ്/ സവിശേഷാധികാരം ഉണ്ടെന്ന് ഒരാള്‍ കരുതുമ്പോള്‍ അയാള്‍ക്ക് വിനയം നഷ്ടപ്പെടുന്നു.
വിനയം ഉണ്ടാക്കാന്‍ നമുക്ക് ചെയ്യാവുന്ന മൂന്നാമത്തെ സംഗതി, രഹസ്യമായി കര്‍മങ്ങള്‍ ചെയ്യുക എന്നതാണ്. അതായത്, തഹജ്ജുദ് നമസ്‌കാരം, രഹസ്യമായ ദാനധര്‍മങ്ങള്‍ തുടങ്ങി മറ്റുള്ളവര്‍ കാണാതെ നാം ചെയ്യുന്ന പ്രവൃത്തികള്‍. നമ്മില്‍ വിനയം ഉണ്ടാകാന്‍ സഹായകരമാകുന്ന നാലാമത്തെ സംഗതി, നാം നമ്മുടെ കാര്യങ്ങളൊക്കെ സ്വന്തമായി ചെയ്യുക എന്നതാണ്. അതായത്, മറ്റുള്ളവര്‍ കാണുന്ന അവസരത്തിലും അല്ലാത്തപ്പോഴുമൊക്കെ നമ്മുടെ നിസ്സാരമായ കാര്യങ്ങള്‍ സ്വന്തമായി ചെയ്യുക. ഉദാഹരണമായി, ഓഫീസുകളിലും ജോലി സ്ഥലത്തുമൊക്കെ നമ്മുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ ജോലിക്കാരെ ഏല്‍പിക്കാതെ സ്വയം ചെയ്യുക. ഉമറുബ്‌നുല്‍ ഖത്ത്വാബ് (റ) ഒരിക്കല്‍ ഒരു പാവപ്പെട്ട സ്ത്രീക്ക് വേണ്ടി വെള്ളം ചുമന്നുവരുന്നത് കണ്ടപ്പോള്‍ ആളുകള്‍ ചോദിച്ചു: അങ്ങ് ഖലീഫയെന്ന ഭാരിച്ച പദവി വഹിക്കുമ്പോള്‍ ഇത്തരം ജോലികള്‍ ചെയ്യുകയോ? അപ്പോള്‍ ഉമര്‍ (റ) പറഞ്ഞ മറുപടി: ''ഒരു നിവേദക സംഘം എന്റെയടുത്ത് വന്നപ്പോള്‍ എനിക്ക് തോന്നി, ഞാന്‍ ഒരു വലിയ വ്യക്തിത്വം തന്നെയാണെന്ന്. ആ തോന്നലില്‍നിന്ന് എന്നെ താഴ്ത്താന്‍ വേണ്ടിയാണ് ഞാനിത് ചെയ്യുന്നത്.'' നബി (സ) പറയാറുണ്ടായിരുന്നു: ''എന്നെ നിങ്ങള്‍ സമൂഹത്തിലെ ദുര്‍ബലരുടെയും പാവങ്ങളുടെയും ഇടയില്‍ അന്വേഷിക്കുക.'' അല്ലാഹു തന്നെ പ്രവാചകനോട് കൽപിച്ചതും അതുതന്നെയായിരുന്നല്ലോ:
وَٱصْبِرْ نَفْسَكَ مَعَ ٱلَّذِينَ يَدْعُونَ رَبَّهُم بِٱلْغَدَوٰةِ وَٱلْعَشِىِّ يُرِيدُونَ وَجْهَهُۥ ۖ وَلَا تَعْدُ عَيْنَاكَ عَنْهُمْ تُرِيدُ زِينَةَ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُۥ عَن ذِكْرِنَا وَٱتَّبَعَ هَوَىٰهُ وَكَانَ أَمْرُهُۥ فُرُطًۭا
(നിന്റെ നാഥന്റെ പ്രീതി മോഹിച്ചുകൊണ്ട് പ്രഭാതത്തിലും സന്ധ്യക്കും അവനെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന ആളുകളോടൊപ്പം മനസ്സിനെ ഉറപ്പിച്ചുനിര്‍ത്തുക. ഭൗതിക ജീവിതത്തിന്റെ പകിട്ടുകള്‍ മോഹിച്ചുകൊണ്ട് നിന്റെ കണ്ണുകളെ ഒരിക്കലും അവരില്‍നിന്ന് തെറ്റിച്ചുകളയരുത്. നാം നമ്മുടെ സ്മരണയില്‍നിന്ന് മനസ്സിനെ അശ്രദ്ധമാക്കുകയും അങ്ങനെ സ്വേഛയെ പിന്‍പറ്റുകയും, കാര്യങ്ങളില്‍ പരിധിവിട്ടവരാവുകയും ചെയ്ത ആളുകളെ നീ അനുസരിച്ചുപോകരുത്- അല്‍കഹ്ഫ് 28). l
Comments