കൊല്ലം സബീന ബീവി
കൊല്ലം ജില്ലയിലെ അയത്തിൽ കുറ്റിച്ചിറയിലെ സജീവ പ്രസ്ഥാന പ്രവർത്തകയായിരുന്നു സബീന ടീച്ചർ എന്ന് എല്ലാവരും സ്നേഹ ബഹുമാനത്തോടെ വിളിച്ചിരുന്ന സബീന ബീവി (54). വീട്, കുടുംബം, സ്ഥാപനം, പ്രസ്ഥാനം, പാർട്ടി തുടങ്ങി വ്യത്യസ്തമായ ബഹുമുഖ സംവിധാനങ്ങളെ ചടുലതയോടും ഊർജസ്വലമായും മുന്നോട്ട് കൊണ്ടുപോകാമെന്ന് ജീവിതം കൊണ്ട് പഠിപ്പിച്ച പ്രതിഭയായിരുന്നു ടീച്ചർ. പരിധികളും കുറെ പരിമിതികളും നിറഞ്ഞതാണ് സ്ത്രീജന്മം എന്ന പൊതു ധാരണയുടെ മാളത്തിൽ ഒളിക്കുന്നതിനു പകരം മുസ്‌ലിം വനിതക്ക് ഇസ്‌ലാം അനുവദിച്ച മുഴുവൻ ഇടങ്ങളെയും ആദർശാധിഷ്ഠിതമായും ക്രിയാത്മകമായും എങ്ങനെ ആവിഷ്കരിക്കാമെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ആ ജീവിതം.
ദീനീ പാശ്ചാത്തലമുള്ള കുടുംബത്തിലായിരുന്നു ടീച്ചറുടെ ജനനവും വളർച്ചയും. പിന്നീട് വിവാഹം കഴിച്ച് കൊണ്ടുവന്നതും കരുനാഗപ്പള്ളിയിലെ പ്രസ്ഥാന പശ്ചാത്തലമുള്ള കുടുംബത്തിലേക്ക്. ആദർശാധിഷ്ഠിതമായ ജീവിതം പുഷ്കലമാക്കുന്നതിൽ രണ്ട് കുടുംബത്തിലെയും ഇസ്‌ലാമിക പശ്ചാത്തലം ടീച്ചറിൽ വളരെ യേറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തിന്റെയും പ്രസ്ഥാന പ്രവർത്തനങ്ങളുടെയും സ്വാഭാവിക തിരക്കുകൾക്കിടയിലും കുടുംബത്തെ ആദർശത്തിന്റെയും പ്രസ്ഥാനത്തിന്റെയും തണലിൽ ചേർത്തുനിർത്തി. മൂന്ന് ആൺമക്കളെയും മലർവാടി പ്രായം മുതൽ പ്രസ്ഥാനത്തിന്റെ വഴിയിൽ വളർത്തിക്കൊണ്ടുവന്നു. ജമാഅത്തെ ഇസ്‌ലാമി അംഗവും, മാധ്യമം പരസ്യ വിഭാഗം മുൻ മാനേജറുമായ ഭർത്താവ് വൈ. നാസർ, ടീച്ചറിന് വലിയ പിന്തുണ നൽകി. മുഹമ്മദ് ഉനൈസ്, മുഹമ്മദ് ഉവൈസ്, മുഹമ്മദ് ഉമൈർ എന്നീ മൂന്ന് ആൺമക്കളും പ്രസ്ഥാന കുടുംബത്തിന്റെ അനിവാര്യ സാഹചര്യം മനസ്സിലാക്കി മാതാവിനോടൊപ്പം സഞ്ചരിച്ചു. പ്രായാധിക്യത്തിന്റെ അവശതകളുള്ള സ്വന്തം മാതാവിനെയും, ഭർതൃ മാതാവിനെയും തിരക്കുകൾക്കിടയിലും മരിക്കുന്നത് വരെയും സ്വന്തം വീട്ടിൽ നിർത്തി പരിഭവങ്ങളില്ലാതെ പരിചരിച്ചു കൊണ്ടിരുന്നു .
ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ സമിതി അംഗമായിരിക്കെ ക്ലേശകരമായ ഏത് ഉത്തരവാദിത്വവും സന്തോഷത്തോടെ ഏറ്റെടുക്കുമായിരുന്നു. എല്ലാ പരിപാടികൾക്കും കൃത്യമായ ആസൂത്രണമുണ്ടാവും. സേവന പ്രവർത്തനങ്ങളിലും സമര മുഖങ്ങളിലും പതാകയേന്തി എന്നും മുന്നിൽ തന്നെയുണ്ടായിരുന്നു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമിതി അംഗമായും, വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ പ്രസിഡന്റായും, വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗമായും ആ ജീവിതം ഒഴുകിപ്പരന്നു.
ഔദ്യോഗിക ജീവിതത്തിന്റെ പ്രഥമ ഘട്ടത്തിൽ സേവനത്തിന്റെ നല്ലൊരു ഭാഗം ചെലവഴിച്ചിരുന്നത് പെരുമ്പിലാവ് അൻസാർ സ്കൂളിലായിരുന്നു. സ്ഥാപനത്തിന്റെ സർവ മേഖലകളിലും നിറഞ്ഞുനിൽക്കുന്നതായിരുന്നു ആ ജീവിതം. സഹപ്രവർത്തകരെ ചേർത്തുനിർത്തുന്നതിലും അവരുടെ സുഖ-ദുഃഖങ്ങൾ മനസ്സിലാക്കി ക്രിയാത്മകമായി ഇടപെടുന്നതിലും മുഖ്യമായ ശ്രദ്ധ പതിപ്പിച്ചിരുന്നു. പ്രസവാനന്തര വിശ്രമ ദിനങ്ങൾ പോലും വെട്ടിച്ചുരുക്കി സ്ഥാപനത്തിന്റെ അനിവാര്യ സാഹചര്യം മനസ്സിലാക്കി ഓടിയെത്തിയ സമർപ്പിത ജീവിതത്തെ സഹപ്രവർത്തകയായിരുന്ന ജമീല ടീച്ചർ കണ്ണീരോടെയാണ് ഓർക്കുന്നത്.
അൻസാറിൽ സേവനം ചെയ്തുകൊണ്ടിരിക്കെ പെരിന്തൽമണ്ണക്കടുത്തുള്ള ദാറുൽ ഫലാഹ് സ്കൂളിന് CBSC അഫിലിയേഷനുമായി ബന്ധപ്പെട്ട് യോഗ്യതയുള്ള ഒരു പ്രിൻസിപ്പലിനെ ആവശ്യമായി വന്നു. കെ.കെ മമ്മുണ്ണി മൗലവി, അബുൽ ജലാൽ മൗലവിയുമായി ആലോചിക്കുകയും അൽ ഫലാഹിന്റെ പ്രിൻസിപ്പലായി രണ്ട് വർഷത്തേക്ക് സബീന ടീച്ചറെ നിശ്ചയിക്കുകയും ചെയ്തു. ദാറുൽ ഫലാഹിൽ സബീന ടീച്ചർ തുടങ്ങിവെച്ച പല പരിഷ്കാരങ്ങളും ഇന്നും നടന്നുകൊണ്ടിരിക്കുന്നത് പൂർവ വിദ്യാർഥികളും രക്ഷാകർത്താക്കളും സഹപ്രവർത്തകരും കൃതജ്ഞതയോടെ സ്്മരിക്കുന്നു.
കൊല്ലം ഉമയനല്ലൂർ ഗ്രേസ് ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പലായിരിക്കെയാണ് ടീച്ചറുടെ ദേഹവിയോഗം. രണ്ട് വർഷത്തെ ദാറുൽ ഫലാഹിലെ സേവനത്തിനു ശേഷം അൻസാറിൽ മടങ്ങിയെത്തി. ധാർമിക ശിക്ഷണത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും നൽകുന്ന അൻസാറിന്റെ മാതൃകയിലുള്ള ഒരു സ്ഥാപനം ദക്ഷിണ കേരളത്തിൽ ഉണ്ടാകണമെന്ന മമ്മുണ്ണി മൗലവിയുടെ സ്വപ്ന പദ്ധതിയുടെ സാരഥ്യവും ഒരു നിയോഗം പോലെ സബീന ടീച്ചറിൽ ഏൽപിക്കപ്പെട്ടു. 'അസാധ്യം' എന്ന പദം ടീച്ചറുടെ അധരങ്ങൾ മൊഴിയാറില്ല. സഹപ്രവർത്തകരെ പ്രചോദിപ്പിക്കുന്ന നേതൃഗുണം. ഇരുന്ന് നിയന്ത്രിക്കുന്നതിനു പകരം എല്ലാറ്റിന്റെയും മുന്നിൽ നടന്ന് നയിക്കുന്ന മാതൃകാ നേതൃത്വം. സഹാധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും സഹപ്രവർത്തകരുടെയും വിദ്യാർഥികളുടെയും ഹൃദയത്തിൽ മങ്ങാത്ത ഓർമകൾ സമ്മാനിച്ചുപോയ ധന്യജീവിതം. കുറ്റിച്ചിറയിലെ വീട്ടിലും ഗ്രേസ് സ്കൂളിലും കരുനാഗപ്പള്ളി സെൻട്രൽ ജുമുഅ മസ്ജിദിലും പൊതുദർശനത്തിന് വെച്ച ജനാസ കാണാൻ കണ്ണീരോടെ കാത്തു നിന്ന ജനബാഹുല്യം ജനഹൃദയങ്ങളിലേക്ക് ഒഴുകിപ്പരന്ന മാതൃകാ ജീവിതത്തിന്റെ നേർസാക്ഷികളായിരുന്നു. അല്ലാഹുവുമായുള്ള ബന്ധം, ഖുർആനോടുള്ള സ്നേഹം, പ്രതിസന്ധികളെ അതിജീവിക്കാനുള്ള തവക്കുൽ എല്ലാം സ്വകാര്യ ജീവിതത്തിലും നിർബന്ധ ബുദ്ധിയോടെ പുലർത്തിയിരുന്നു എന്ന് ഏറ്റവും അടുത്ത സുഹൃത്തുക്കൾ വ്യക്തമാക്കുന്നു. കുറഞ്ഞ കാലംകൊണ്ട് ഒരു പുരുഷായുസ്സ് ജീവിച്ചുതീർത്ത ധന്യമായ 'സ്ത്രീ ജീവിതം' എന്ന് പറഞ്ഞാൽ സബീന ടീച്ചറുടെ ജീവിതത്തെ സംബന്ധിച്ച് അതൊട്ടും ഭംഗി വാക്കാകുകയില്ല. അല്ലാഹു സൽക്കർമങ്ങൾ സ്വീകരിച്ച് പാപങ്ങൾ പൊറുത്ത് സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ.
Comments