Prabodhanm Weekly

Pages

Search

2023 ജൂൺ 23

3307

1444 ദുൽഹജ്ജ് 04

നിര്‍മിത ബുദ്ധി, അസമത്വങ്ങളുടെ ലോകം

പി. മുഹമ്മദ് സ്വാലിഹ്

കമ്പ്യൂട്ടര്‍ യുഗത്തോളം പഴക്കമുള്ള ആശയമാണ്  നിര്‍മിത ബുദ്ധിയെങ്കിലും അതിന്റെ പ്രയോഗ തലങ്ങള്‍ കൂടുതല്‍ വികസിച്ചത് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലാണ്. നിര്‍മിത ബുദ്ധി അടിസ്ഥാനപ്പെടുത്തിയ  ആദ്യത്തെ ഭാഷാ മോഡലായ ചാറ്റ് ജി.പി.ടി ഈ വര്‍ഷാദ്യം  അവതരിപ്പിക്കപ്പെട്ടതോടെ ലോകം പുതിയൊരു യുഗത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു.മനുഷ്യബുദ്ധി ക്രിയാത്മകമായും മാനസിക അധ്വാനം ചെലവഴിച്ചും നടത്തിയിരുന്ന പ്രവര്‍ത്തനങ്ങളെ ഏറ്റെടുത്ത് ചെയ്യുന്ന നിര്‍മിത ബുദ്ധി, സർവ മേഖലകളിലും സമൂലമായ മാറ്റങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

വൈരുധ്യമെന്ന് പറയട്ടെ, ഇത്രയും കാലം നിര്‍മിത ബുദ്ധിയുടെ അപാര സാധ്യതകളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്ന ലോകം കഴിഞ്ഞ ഏതാനും മാസങ്ങളായി നിര്‍മിത ബുദ്ധിയുടെ വളര്‍ച്ച  മനുഷ്യന്റെ നിലനില്‍പ്പിനെ  തന്നെ അപകടത്തിലാക്കുമോ എന്ന് ആശങ്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ വികാസങ്ങള്‍ക്ക് വേഗത കുറക്കണമെന്നും ഈ രംഗത്തെ ഗവേഷണങ്ങള്‍ അടിയന്തരമായി ആറുമാസത്തേക്ക് നിര്‍ത്തിവെക്കണമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ചാറ്റ് ജി.പി.ടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എ.ഐ എന്ന അമേരിക്കന്‍ കമ്പനിയുടെ സി.ഇ.ഒ സാം ആള്‍ട് മാന്‍ അമേരിക്കന്‍ സെനറ്റ് കമ്മിറ്റിക്ക് നല്‍കിയ വിശദീകരണത്തിലും ഈ ആശങ്ക പങ്കു വെക്കുന്നുണ്ട്. 

ചാറ്റ് ജി.പി.ടി ഔദ്യോഗിമായി പ്രകാശനം ചെയ്യപ്പെടുന്നതിനും രണ്ട് മാസങ്ങള്‍ക്ക് മു്  ഈ ആശങ്കകളും 'അപ്രിയ  സത്യങ്ങളും' തെളിവുകള്‍ നിരത്തി മലയാളികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച ശ്രദ്ധേയമായ കൃതിയാണ് ഡോ. താജ് ആലുവ രചിച്ച അസമത്വങ്ങളുടെ ആല്‍ഗരിതം. യൂറോപ്പില്‍ തുടക്കം കുറിക്കപ്പെട്ട് പിന്നീട് ലോകമെങ്ങും വ്യാപിച്ച വ്യാവസായിക വിപ്ലവത്തിന്റെ നാലാം ഘട്ടമാണ് നിര്‍മിത ബുദ്ധിയുടെ രൂപത്തില്‍ കടന്നുവരുന്നത്. ഒന്നും രണ്ടും വ്യാവസായിക വിപ്ലവ കാലത്ത് യഥാക്രമം കല്‍ക്കരിയും എണ്ണയുമായിരുന്നു കൊളോണിയലിസത്തിന്റെ ഇന്ധനമെങ്കില്‍  ഇന്നത് ഡാറ്റയാണ്. നാം അറിയാതെ നമ്മെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്ന 'ഡാറ്റ കൊളോണിയലിസം' എന്ന പുത്തന്‍ അധിനിവേശത്തിന്റെ ഭീകരതയാണ് ഈ കൃതി ആദ്യാവസാനം ചര്‍ച്ച ചെയ്യുന്നത്. ഡിജിറ്റല്‍ ലോകത്തെ നമ്മുടെ  ഓരോ ഇടപെടലും ഡാറ്റയായി ശേഖരിക്കപ്പെടുന്നു എന്ന കാര്യം അറിയാത്തവരായി ആരുമില്ല.

പ്രസ്തുത ഡാറ്റയെ ഭരണകൂടങ്ങളും കോര്‍പറേറ്റുകളും കൈയിലാക്കി അധികാര-സാമ്പത്തിക താൽപര്യങ്ങള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നതിന്റെ ഫലമായി രൂപപ്പെടുന്ന സാമൂഹിക അസമത്വമാണ് വിവിധ ഉദാഹരണങ്ങളിലൂടെ ഗ്രന്ഥകാരന്‍ ഉയര്‍ത്തിക്കാണിക്കുന്നത്. ഡാറ്റയുടെ സഹായത്താല്‍ ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കോര്‍പറേറ്റ് കമ്പനികള്‍ നടത്തുന്ന നിരീക്ഷണങ്ങളും ഇടപെടലുകളും അതുവഴി രൂപപ്പെടുന്ന  സാമൂഹിക-സാമ്പത്തിക അസമത്വങ്ങളും അവകാശ നിഷേധങ്ങളും ഇതില്‍ വിശദമായി ചര്‍ച്ച ചെയ്യുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ സാങ്കേതികമായി ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങള്‍ സാമ്രാജ്യത്വ ശക്തികളില്‍നിന്ന് സ്വതന്ത്രമായെങ്കിലും അത് മറ്റൊരു അധിനിവേശത്തിലേക്കുള്ള ചുവടുമാറ്റം മാത്രമായിരുന്നുവെന്ന് ഉദാഹരണങ്ങളിലൂടെ ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു.

ചാറ്റ് ജി.പി.ടി ഒരു ഭാഷാ മോഡല്‍ ആണെങ്കില്‍ ഡാല്‍-ഇ അടക്കമുള്ള ഇമേജ് മോഡലുകള്‍ക്ക്  ഒറിജിനലിനെ വെല്ലുന്ന ചിത്രങ്ങള്‍ കൃത്രിമമായി നമുക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ സാധിക്കും. 'അസമത്വങ്ങളുടെ ആല്‍ഗരിതം' പുറത്തിറങ്ങുമ്പോള്‍ പ്രസ്തുത സോഫ്‌റ്റ്്വെയറുകള്‍ പ്രചാരത്തിലില്ലായിരുന്നുവെങ്കിലും ഇന്നത് പൊതു സമൂഹം വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. നിര്‍മിത ബുദ്ധി തയാറാക്കുന്ന ഇത്തരം ഡീപ്പ്-ഫെയ്്ക് ചിത്രങ്ങളും വീഡിയോകളും ഭാവിയില്‍ ഏറ്റവുമധികം ഉപയോഗപ്പെടുത്തുക വര്‍ഗീയ ഫാഷിസ്റ്റുകളാവും എന്ന ആശങ്ക ഗ്രന്ഥകാരന്‍ പങ്കുവെക്കുന്നുണ്ട്. ഇന്ത്യയും അമേരിക്കയും അടക്കം വിവിധ രാജ്യങ്ങളിലെ  തെരഞ്ഞെടുപ്പ് വിധികളെ  കാംബ്രിഡ്ജ് അനാലിറ്റിക്ക പോലുള്ള ഡാറ്റാ ഏജന്‍സികള്‍ സ്വാധീനം ചെലുത്തിയ വിധം വരച്ചുകാട്ടുകയാണ് 'ജനാധിപത്യത്തിലെ പുതിയ നാട്ടു നടപ്പുകള്‍' എന്ന അധ്യായം. തങ്ങളെ ആര് ഭരിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതോടെ ലോക രാജ്യങ്ങള്‍ പതിയെ സ്വേച്ഛാധിപത്യത്തിലേക്ക് വഴിമാറ്റപ്പെടാം. കോളിളക്കം സൃഷ്ടിച്ച ഫോര്‍ത്ത് പൊളിറ്റിക്കല്‍ തിയറി എന്ന ഗ്രന്ഥത്തില്‍ റഷ്യന്‍ ചിന്തകന്‍ അലക്സാണ്ടര്‍ ടഗ്ഗിന്‍ സൂചിപ്പിച്ചതു പോലെ ലോകം പതിയെ 'ഡെമോക്രസി' യില്‍നിന്ന് 'ടെക്‌നോക്രസി' യിലേക്ക് നടന്നടുക്കുകയാണ്. ഏറെ കോളിളക്കം സൃഷ്ടിച്ച  'പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍' വിവാദം ഈ വസ്തുതകളോട് ചേര്‍ത്തു വായിക്കുമ്പോഴാണ് ഇസ്രായേല്‍ എന്ന അധിനിവേശ രാഷ്ട്രത്തിന് ഇതിലുള്ള പങ്കും താൽപര്യങ്ങളും ബോധ്യപ്പെടുക.

മാധ്യമങ്ങളും സാങ്കേതിക വിദ്യകളും തീര്‍ത്ത സാമൂഹിക അസമത്വത്തിന്റെ മറ്റൊരു തലമാണ്, ഇന്നും അവസാനിച്ചിട്ടില്ലാത്ത വംശീയ വെറിയും തൊട്ടു കൂടായ്മയും. ലോക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ഏഴ് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും, പുരോഗമനത്തിന്റെ കുത്തകാവകാശം പേറുന്ന അമേരിക്കന്‍ സമൂഹം വർണ വെറിയില്‍നിന്ന് മോചിതമായിട്ടില്ലെന്ന് ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം അടക്കമുള്ള സമകാലിക സംഭവങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഗ്രന്ഥകാരന്‍ സമർഥിക്കുന്നുണ്ട്. മാനവ ഐക്യത്തിന്റെ വേദികളാവേണ്ട കായിക മാമാങ്കങ്ങള്‍ വംശീയതയുടെ കറുപ്പും വെളുപ്പും നിറഞ്ഞാടുന്ന കളിയരങ്ങുകളായി മാറുന്നുവെന്ന് 2018 ഫിഫ ലോകകപ്പില്‍ നടന്ന വിവിധ സംഭവങ്ങള്‍ അടിസ്ഥാനപ്പെടുത്തി വിശദീകരിക്കുന്നുണ്ട്. 

മെറ്റാ മോഡേണ്‍ ആശങ്കകള്‍

ഏറ്റവും കുറഞ്ഞത്, ബ്രിട്ടീഷ് കൊളോണിയലിസത്തില്‍നിന്നാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയതെന്നും നിര്‍മിത ബുദ്ധിയുടെ  രൂപത്തില്‍ നവ കൊളോണിയലിസം നമുക്ക് ചുറ്റിലും വലവിരിച്ചിരിക്കുകയാണെന്നുമുള്ള തിരിച്ചറിവാണ് 'അസമത്വങ്ങളുടെ ആൽഗരിതം' പകര്‍ന്നുതരുന്നത്. അനുഭൂതികളുടെ മായാലോകമായ 'മെറ്റാ മോഡേണ്‍' യുഗത്തിലേക്ക് കാലെടുത്തുവെക്കുന്ന പുതു തലമുറക്ക് ഒരു മുന്നറിയിപ്പ് എന്ന നിലയില്‍ ഈ ഗ്രന്ഥം വായിക്കാം. മണിക്കൂറുകള്‍ കൊണ്ട് വായിച്ചു തീര്‍ക്കാവുന്ന ചെറിയൊരു പുസ്തകം.. എന്നാല്‍, വരാനിരിക്കുന്ന കാലത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്ന ഉള്ളടക്കം! l
 

അസമത്വങ്ങളുടെ ആല്‍ഗരിതം
ഡോ. താജ് ആലുവ
ഐ.പി.എച്ച്
വില: 160

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 11-15
ടി.കെ ഉബൈദ്‌

ഹദീസ്‌

കച്ചവടം സത്യസന്ധമാവണം
ശൈഖ് ഇബ്‌നു ബാസ്