ഇസ്മാഈൽ ത്യാഗ സമർപ്പണത്തിന്റെ യൗവന പാഠങ്ങൾ
ഇബ്്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്ന ഒരു ദീർഘമായ ഹദീസിൽ ഇപ്രകാരം കാണാം: ''ഇബ്റാഹീം (അ) ഹാജറിനെയും തന്റെ മകൻ ഇസ്മാഈലിനെയും കൊണ്ട് മക്കയിൽ വന്നു. ഇസ്മാഈലിന് ഹാജർ മുലപ്പാൽ കൊടുക്കുന്ന സമയമാണത്. അങ്ങനെ അവരെ രണ്ട് പേരെയും കഅ്ബയുടെ അരികിൽ, ഒരു വലിയ മരത്തിന്റെ അടുത്തായി അദ്ദേഹം വിട്ടേച്ചു പോന്നു. സംസമിന്റെ മുകളിൽ മസ്ജിദിന്റെ മേൽ ഭാഗത്തായിരുന്നു അത്. അന്ന് മക്കയിൽ ആരുമില്ല. അവിടെ വെള്ളവുമുണ്ടായിരുന്നില്ല. അവരെ രണ്ടു പേരെയും അവിടെ വിട്ടുകൊണ്ട് പോകുമ്പോൾ, അവർക്ക് അടുത്തായി ഈത്തപ്പഴമുള്ള ഒരു തോൽപ്പാത്രവും, വെള്ളം നിറച്ച ഒരു വെള്ളപ്പാത്രവും അദ്ദേഹം അവർക്ക് വെച്ചുകൊടുത്തു. ശേഷം ഇബ്റാഹീം അവരെ വിട്ടുകൊണ്ട് തിരിഞ്ഞുനടന്നു. ഇസ്മാഈലിന്റെ ഉമ്മ (ഹാജർ) അദ്ദേഹത്തെ പിന്തുടർന്നു. അവർ പറഞ്ഞു: 'ഇബ്റാഹീം, ഒരു മനുഷ്യനോ ഒന്നും ഇല്ലാത്ത ഈ താഴ്‌വാരത്തിൽ ഞങ്ങളെ ഉപേക്ഷിച്ചുകൊണ്ട് നിങ്ങൾ എങ്ങോട്ടാണ് പോകുന്നത്?!' അവർ പല തവണ ചോദിച്ചെങ്കിലും ഇബ്റാഹീം അവരെ നോക്കിയതേയില്ല. ഹാജർ ചോദിച്ചു: 'അല്ലാഹുവാണോ താങ്കളോട് ഇപ്രകാരം കൽപ്പിച്ചത്?!' അദ്ദേഹം പറഞ്ഞു: 'അതെ.' അപ്പോൾ അവർ പറഞ്ഞു: 'എങ്കിൽ അവൻ ഞങ്ങളെ ഉപേക്ഷിക്കുകയില്ല.' അങ്ങനെ അവർ തിരിച്ചു പോയി.
മ
ലമുകളിലുള്ള വഴിയിൽ -അവർക്ക് അദ്ദേഹത്തെ കാണാൻ സാധിക്കാത്തിടത്ത്- എത്തിയപ്പോൾ ഇബ്റാഹീം (അ) കഅ്ബയിലേക്ക് തിരിഞ്ഞു നിന്നുകൊണ്ട്, തന്റെ കൈകളുയർത്തി ഇങ്ങനെ പ്രാർഥിച്ചു: “എന്റെ റബ്ബേ, എന്റെ സന്തതികളില്‍നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍, നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ റബ്ബേ, അവര്‍ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കാന്‍ വേണ്ടിയാണ് (അങ്ങനെ ചെയ്തത്). അതിനാല്‍, മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്‌വുള്ളതാക്കുകയും, അവര്‍ക്ക് കായ്കനികളില്‍നിന്ന് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദികാണിച്ചേക്കാം.” അങ്ങനെ ഇസ്മാഈലിന്റെ ഉമ്മ ഇസ്മാഈലിന് മുലപ്പാൽ കൊടുത്തുകൊണ്ടിരുന്നു. അവർ (ഇബ്റാഹീം വെച്ചുകൊടുത്ത) വെള്ളത്തിൽനിന്ന് കുടിക്കുകയും ചെയ്തു. പാത്രത്തിലെ വെള്ളം കഴിഞ്ഞപ്പോൾ അവർക്കും അവരുടെ കുഞ്ഞിനും ദാഹിക്കാൻ തുടങ്ങി. കുട്ടിയാകട്ടെ ദാഹം കാരണത്താൽ മരണ ലക്ഷണങ്ങൾ കാണിച്ചു. കുട്ടിയെ നോക്കാൻ സാധിക്കാതെ അവർ അവിടെ നിന്ന് മാറിനിന്നു. അവരോട് ഏറ്റവും അടുത്തുള്ള മല സ്വഫാ മലയാണെന്ന് കണ്ട അവർ അതിന്റെ മേൽ കയറി. ശേഷം, താഴ്‌വാരത്തിൽ ആരെയെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കി. പക്ഷേ, അവർ ആരെയും കണ്ടില്ല. അങ്ങനെ അവർ സ്വഫായിൽ നിന്നിറങ്ങി താഴ്‌വാരത്തിലേക്കെത്തി. തന്റെ വസ്ത്രത്തിന്റെ അറ്റം ഉയർത്തിപ്പിടിച്ചു, പരിക്ഷീണയായി അവർ ഓടാൻ തുടങ്ങി. അങ്ങനെ താഴ്‌വാരം കടന്ന് മർവയുടെ മുകളിൽ അവർ എത്തി. അതിന്റെ മേലെ നിന്നുകൊണ്ട്, ആരെയെങ്കിലും കാണുന്നുണ്ടോ എന്ന് അവർ നോക്കി. പക്ഷേ, ആരെയും കണ്ടില്ല. അങ്ങനെ ഏഴ് തവണ അവർ ഓടി. നബി (സ) പറഞ്ഞു: സ്വഫാക്കും മർവക്കും ഇടയിൽ ജനങ്ങൾ ഏഴു തവണ ഓടുന്നത് അതുകൊണ്ടാണ്. അങ്ങനെ അവർ മർവക്ക് മുകളിലെത്തിയപ്പോൾ ഒരു ശബ്ദം കേട്ടു. (ശബ്ദം എന്താണെന്ന് ശ്രദ്ധിക്കുന്നതിനായി) അവർ സ്വന്തത്തോട് തന്നെ പറഞ്ഞു: ‘മിണ്ടാതിരിക്ക്!’ ശേഷം അവർ കാതോർത്തു. അപ്പോൾ അവർ വീണ്ടും ആ ശബ്ദം കേട്ടു. അപ്പോൾ അവർ പറഞ്ഞു: നീ ശബ്ദം കേൾപ്പിച്ചിരിക്കുന്നു. നിങ്ങളുടെ പക്കൽ എന്തെങ്കിലും സഹായമുണ്ടെങ്കിൽ (എന്നെ സഹായിക്കൂ). അപ്പോഴതാ ഒരു മലക്ക് സംസമിന്റെ സ്ഥാനത്ത് നിൽക്കുന്നു. തന്റെ കാല് കൊണ്ട് -അല്ലെങ്കിൽ ചിറക് കൊണ്ട്- മലക്ക് ഒരു കുഴിയെടുത്തു. വെള്ളം പുറത്തു വന്നു. ഹാജർ അത് കെട്ടിനിർത്താൻ ശ്രമിച്ചു. കൈകൊണ്ട് ഇപ്രകാരം അവർ ചെയ്തുകൊണ്ടിരുന്നു. തന്റെ വെള്ളപ്പാത്രത്തിൽ ആ വെള്ളം അവർ നിറച്ചു. വെള്ളമാകട്ടെ, പാത്രം നിറഞ്ഞ ശേഷവും പുറത്തേക്കൊഴുകുകയാണ്. നബി (സ) പറഞ്ഞു: “അല്ലാഹു ഇസ്മാഈലിന്റെ ഉമ്മയുടെ മേൽ കാരുണ്യം ചൊരിയട്ടെ. അവർ സംസമിനെ വെറുതെ വിട്ടിരുന്നെങ്കിൽ -അതല്ലെങ്കിൽ അവർ അതിൽനിന്ന് (പാത്രത്തിലേക്ക്) കോരിയെടുത്തിരുന്നില്ലെങ്കിൽ- സംസം ഒഴുകുന്ന ഉറവയായിരുന്നേനെ!”അങ്ങനെ ഹാജർ അതിൽ നിന്ന് കുടിക്കുകയും, തന്റെ കുഞ്ഞിന് മുലപ്പാൽ നൽകുകയും ചെയ്തു. മലക്ക് അവരോട് പറഞ്ഞു: നിങ്ങൾ നാശം ഭയക്കേണ്ടതില്ല. ഇവിടെയാണ് അല്ലാഹുവിന്റെ ഭവനമുണ്ടാവുക. ഈ കുട്ടിയും അദ്ദേഹത്തിന്റെ പിതാവും ആ ഭവനം പടുത്തുയർത്തുന്നതാണ്. തീർച്ചയായും അല്ലാഹു അവന്റെ ദാസന്മാരെ അവഗണിക്കുകയില്ല'' (ബുഖാരി).
ബൈബിൾ ഉൽപ്പത്തി (16:16) പ്രകാരം 86ാ-മത്തെ വയസ്സിലാണ് ഇബ്റാഹീമി(അ)ന് ഹാജറ ബീവിയിൽ ഇസ്മാഈൽ (അ) ജനിക്കുന്നത്. വാർധക്യത്തിൽ നാഥൻ കനിഞ്ഞേകിയ സമ്മാനം. അവർ തമ്മിലുള്ള പരസ്പര അടുപ്പത്തിന്റെ ആഴം വിശദീകരണങ്ങൾക്ക് വഴങ്ങുന്നതല്ലല്ലോ! അങ്ങനെ കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെയും പ്രിയതമയെയുമാണ് ഊഷരമായ മരുഭൂമിയിൽ ഇബ്റാഹീം (അ) ഉപേക്ഷിച്ചു പോരേണ്ടി വന്നത്. ഖുർആൻ അദ്ദേഹത്തിന്റെ പ്രാർഥന ഓർമിപ്പിക്കുന്നുണ്ടല്ലോ.
"എന്റെ നാഥാ, എനിക്കു നീ സച്ചരിതനായ ഒരു മകനെ നല്‍കേണമേ. അപ്പോള്‍ നാം അദ്ദേഹത്തെ സഹനശാലിയായ ഒരു പുത്രനെ സംബന്ധിച്ച ശുഭവാര്‍ത്ത അറിയിച്ചു. ആ കുട്ടി അദ്ദേഹത്തോടൊപ്പം എന്തെങ്കിലും ചെയ്യാവുന്ന പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ പ്രിയ മോനേ, ഞാന്‍ നിന്നെ അറുക്കുന്നതായി സ്വപ്നം കണ്ടിരിക്കുന്നു. അതിനാല്‍ നോക്കൂ; നിന്റെ അഭിപ്രായമെന്താണ്? അവന്‍ പറഞ്ഞു: എന്റുപ്പാ, അങ്ങ് കല്‍പന നടപ്പാക്കിയാലും. അല്ലാഹു ഇച്ഛിച്ചെങ്കില്‍ ക്ഷമാശീലരുടെ കൂട്ടത്തില്‍ അങ്ങയ്‌ക്കെന്നെ കാണാം" (37:100-102). വൃദ്ധനായിരിക്കെ ഇബ്റാഹീം (അ) നടത്തിയ പ്രാർഥനയും അതിന് അല്ലാഹു നൽകിയ ഇസ്മാഈൽ എന്ന ഉത്തരവും ഉപരിസൂചിത ഖുർആനിക സൂക്തങ്ങളിൽ കാണാം. ഖലീലുല്ലാഹിയുടെ പ്രാർഥന അതിന്റെ പൂർണതയിൽ സ്വീകരിക്കപ്പെടുന്നതാണ് തുടർന്നുള്ള സൂക്തങ്ങൾ വിവരിക്കുന്നത്. അല്ലാഹുവിന്റെ കൽപനയെന്ന് തിരിച്ചറിയുന്നിടത്ത് സ്വയം ബലിയർപ്പിക്കാൻ സന്നദ്ധനാവുന്നവനെക്കാൾ സച്ചരിതനായൊരു സന്താനത്തെക്കുറിച്ച ഭാവന സാധ്യമല്ലല്ലോ.
ബലിക്കൊരുങ്ങി പ്രിയപുത്രനെ കമിഴ്ത്തിക്കിടത്തുന്നുണ്ട് ഇബ്റാഹീം (അ). ബലിയുടെ നേരത്ത് പൊന്നോമനയുടെ മുഖം കാണുമ്പോൾ സ്നേഹവാൽത്സല്യങ്ങൾ അണപൊട്ടിയൊഴുകി കൈകൾ വിറക്കാതിരിക്കാനാണ് ഇബ്റാഹീം (അ) ഇസ്മാഈലി(അ)നെ കമിഴ്ത്തിക്കിടത്തിയതെന്ന് സയ്യിദ് മൗദൂദി എഴുതുന്നുണ്ട്. തുടർന്ന് ഇബ്റാഹീം (അ) തന്റെ സ്വപ്നം സാക്ഷാത്കരിച്ചുവെന്നാണ് ഖുർആൻ സാക്ഷ്യപ്പെടുത്തുന്നത്. ഇസ്മാഈലിനു പകരം മഹത്തായൊരു മൃഗത്തെ ബലി നൽകാനായി അല്ലാഹു സമ്മാനിച്ചു. അല്ലാഹുവിനോടുള്ള അനുസരണയിൽ പരസ്പരം പൂരിപ്പിച്ചവരായി ആ പിതാവും പുത്രനും ചരിത്രത്തിന്റെ ഭാഗമായി. വർത്തമാനത്തിൽ നിരന്തരം ഓർമിക്കപ്പെടുന്നവരായി അവരുടെ ത്യാഗം അടയാളപ്പെടുത്തപ്പെടുകയും ചെയ്യുന്നു.
അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നതിനു വേണ്ടി ഭൂമിയിൽ ആദ്യം പണികഴിപ്പിച്ച മസ്ജിദിന്റെ നിർമാണത്തിൽ പിതാവിന്റെ സഹകാരിയായിരുന്നു ഇസ്മാഈൽ (അ). "ഇബ്റാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ (കഅ്ബയുടെ) അടിത്തറ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭവും (ഓർക്കുക)" എന്ന് വിശുദ്ധ ഖുർആൻ പറയുന്നുണ്ടല്ലോ.
ഹദീസിൽ ഇപ്രകാരം കാണാം: ഇബ്റാഹീം (അ) മകന്റെ അടുക്കല്‍ ചെന്നു. അന്നേരം ഇസ്മാഈല്‍ (അ) സംസമിന്റെ അടുത്തുള്ള ഒരു വൃക്ഷത്തിനു താഴെ അമ്പ് ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. പിതാവിനെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് എഴുന്നേറ്റ് ചെന്നു. പരസ്പരം കണ്ടുമുട്ടുമ്പോള്‍ പിതാവും പുത്രനും ചെയ്യുന്നതെല്ലാം അവര്‍ ചെയ്തു. പിന്നീട് ഇബ്‌റാഹീം (അ) പറഞ്ഞു: ‘ഇസ്മാഈല്‍, അല്ലാഹു എന്നോട് ഒരു കാര്യം ചെയ്യാന്‍ കല്‍പിച്ചിരിക്കുന്നു.’ ഇസ്മാഈല്‍ (അ) പറഞ്ഞു: ‘താങ്കളുടെ റബ്ബ് താങ്കളോട് പറഞ്ഞത് ചെയ്തുകൊള്ളുക.’ ഇബ്‌റാഹീം (അ) ചോദിച്ചു: ‘നീ എന്നെ സഹായിക്കുമോ?’ ഇസ്മാഈല്‍ (അ) പറഞ്ഞു: ‘ഞാന്‍ താങ്കളെ സഹായിക്കുന്നതാണ്.’ അവര്‍ താമസിച്ചിരുന്ന സ്ഥലത്തിനടുത്ത് ഉയര്‍ന്നുനില്‍ക്കുന്ന ചെറിയ മണ്‍കൂനകളുടെ ചുറ്റും ചൂണ്ടിക്കാണിച്ചുകൊണ്ട് ഇബ്‌റാഹീം
(അ) പറഞ്ഞു: ‘അല്ലാഹു എന്നോട് ഇവിടെ ഒരു ഭവനം നിര്‍മിക്കാന്‍ കല്‍പിച്ചിരിക്കുന്നു.’ അങ്ങനെ ഇരുവരും അതിനടുത്ത് ഭവനത്തിനുള്ള തൂണുകള്‍ ഉയര്‍ത്തി. ഇസ്മാഈല്‍ (അ) കല്ല് കൊണ്ടുവരുന്നു, ഇബ്‌റാഹീം (അ) നിര്‍മിക്കുന്നു. അങ്ങനെ കെട്ടിടം ഉയർന്നുവന്നു. ഇസ്മാഈല്‍ (അ) ഒരു കല്ല് കൊണ്ടുവന്ന് (പിതാവിന്) വെച്ചുകൊടുത്തു. അദ്ദേഹം അതില്‍ കയറിനിന്ന് നിര്‍മാണം തുടരുകയും ഇസ്മാഈല്‍ (അ) അദ്ദേഹത്തിന് കല്ലുകള്‍ കൈമാറുകയു ചെയ്തു. അവര്‍ ഇരുവരും ഇപ്രകാരം പറയുന്നുമുണ്ട്: ‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍നിന്ന് നീ സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാണല്ലോ.’
മുഹമ്മദ് നബി പറയുകയാണ്: ''അങ്ങനെ അവര്‍ ഇരുവരും അത് നിര്‍മിക്കുകയാണ്. ആ ഭവനത്തിന് ചുറ്റും നടന്നുകൊണ്ട് ഇരുവരും പറയുന്നുണ്ട്: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍നിന്ന് നീ സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാണല്ലോ.”
അല്ലാഹുവിനെ അനുസരിച്ച് ജീവിച്ച്, അവനോടുള്ള വാഗ്ദാനം പാലിച്ച്, അവന്റെ ഗേഹം ഭൂമിയിൽ പണിത് ഉജ്ജ്വലമായ കർമഭാണ്ഡവുമായി ഇരിക്കുമ്പോഴും അവരിരുവരുടെയും പ്രാർഥന നോക്കൂ: 'സ്വീകരിക്കണേ നാഥാ...'. പ്രപഞ്ചങ്ങളുടെ നാഥനു മുമ്പിലെ ആ താഴ്മ തന്നെയാണ് ബലിപെരുന്നാൾ പറഞ്ഞുവെക്കുന്നത്. അല്ലാഹു അക്ബർ ഈദിന്റെ മുദ്രാവാക്യം ആവുന്നതും അതുകൊണ്ടാണ്. l
Comments