Prabodhanm Weekly

Pages

Search

2023 ജൂൺ 23

3307

1444 ദുൽഹജ്ജ് 04

ഇബ്റാഹീം ഏക ദൈവത്വവും മാനവ സാഹോദര്യവും

കെ.പി പ്രസന്നൻ

'പരസ്പരം പോരാടേണ്ടവയാണ് മതങ്ങൾ, ഓരോരുത്തരും ഇതര മതസ്ഥരുടെ ദൈവങ്ങളെ ഇകഴ്ത്തിക്കൊണ്ടേയിരിക്കണം, മറ്റു മതങ്ങളുടെ പ്രവാചകന്മാരെ അവമതിക്കണം.....' ഇങ്ങനെയൊക്കെയാണ് ഇപ്പോൾ ചിലർ പറഞ്ഞുകൊണ്ടേയിരിക്കുന്നത്. മതങ്ങളെ തമ്മിലടിപ്പിച്ച് മത നിരാസം സ്ഥാപിച്ചെടുക്കാനോ, വിദ്വേഷത്തിന്റെ രാഷ്ട്രീയം നടപ്പാക്കാനോ ശ്രമിക്കുന്നവരുടെ വർത്തമാനകാല രീതിയാണിത്. മതങ്ങളുടെ പേരിൽ തന്നെ ചിലർ ഇതിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു എന്നതും ഖേദകരമാണ്.


എന്നാൽ, മതങ്ങൾ തമ്മിൽ സൗഹാർദപൂർണമായ പാരസ്പര്യത്തിന്റെ കാഴ്ചപ്പാടാണ് വിശുദ്ധ ഖുർആൻ എനിക്ക് സമ്മാനിച്ചത്. എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്ന ദീനാണ് ഖുർആൻ പരിചയപ്പെടുത്തിയത്.  ഇൻക്ലൂസിവിറ്റിയെ കുറിച്ച വർത്തമാനങ്ങളാണ് ഖുർആനിന്റെ ഒരു ആകർഷക വശം. ഒരുപക്ഷേ, മറ്റൊരു വേദഗ്രന്ഥത്തിലും കാണാത്ത തരത്തിലുള്ള  ഇൻക്ലൂസിവിറ്റി.

"നിങ്ങള്‍ പറയുക: അല്ലാഹുവിലും അവങ്കല്‍നിന്ന്‌ ഞങ്ങള്‍ക്ക്‌ അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്റാഹീമിനും ഇസ്മാഈലിനും ഇസ്ഹാഖിനും യഅ്ഖൂബിനും യഅ്ഖൂബ്‌ സന്തതികള്‍ക്കും അവതരിപ്പിച്ചു കൊടുത്തതിലും മൂസാ, ഈസാ എന്നിവര്‍ക്ക്‌ നല്‍കപ്പെട്ടതിലും, സർവ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍നിന്ന്‌ നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍  അല്ലാഹുവിന് കീഴ്‌പ്പെട്ട്‌ ജീവിക്കുന്നവരുമാകുന്നു" (2:136). എന്തൊരു ഉദാത്തമായ വർത്തമാനമാണിത്!

ഇങ്ങനെ, നിലവിലുള്ള വിവിധ മത ദർശനങ്ങളെ പേരെടുത്ത് പറഞ്ഞ്, വിവിധ കാലങ്ങളിലെ പ്രവാചകന്മാരെ ഏകീകരിച്ച്, എല്ലാവരുടെയും സ്രഷ്ടാവായ അല്ലാഹുവിലേക്ക് നമ്മുടെയെല്ലാം ചിന്തകളും വിശ്വാസവും തിരിച്ചുവിടുന്ന  ശുദ്ധീകരണ പ്രക്രിയ കൂടിയാണ്  എനിക്ക് ഇസ്്ലാം. ദൈവത്തിന്റെ ഏകത്വം സ്ഥാപിക്കുന്നതു പോലെ  മനുഷ്യരാശിയുടെ സാഹോദര്യം സ്ഥാപിക്കാൻ കൂടിയാണ് ഖുർആനിലെ വചനങ്ങൾ: "ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍" (2 : 21). ഈ വചനം ദൈവത്തിന്റെ ഏകത്വം പറയാനാണെങ്കിൽ, "മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍നിന്ന്‌ സൃഷ്ടിക്കുകയും, അതില്‍നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍" (വി. ഖുർആൻ 4 :1)  എന്ന സൂക്തം മനുഷ്യ സാഹോദര്യം സ്ഥാപിക്കാനാണ്. ഈ ഖുർആൻ പാഠങ്ങളെല്ലാം പരിശോധിച്ചാൽ ബോധ്യപ്പെടുന്ന വസ്തുതയുണ്ട്: സ്രഷ്ടാവായ ദൈവത്തിന്റെ ഏകത്വം, പ്രവാചക പരമ്പരയുടെ പരസ്പരബന്ധിതമായ തുടർച്ചയും പൂരണവും, മനുഷ്യ ലോകത്തിന്റെ സാഹോദര്യം തുടങ്ങിയ ഇസ്്ലാംദർശനത്തിന്റെ അടിയാധാരങ്ങളെല്ലാം അടയാളപ്പെടുത്തുന്ന പ്രവാചകനാണ് മഹാനായ ഇബ്റാഹീം. ഇന്നത്തെ ലോകത്തിരുന്ന് ഇബ്റാഹീമിനെ വായിക്കുമ്പോൾ, വിശ്വാസ വിശുദ്ധിയുടെയും സാമൂഹിക ജീവിതത്തിന്റെയും പാഠങ്ങളെമ്പാടും നമുക്ക് പകർത്തിയെടുക്കാനുണ്ട്.

ചരിത്രത്തിന്റെ വിവിധ ദശാ സന്ധികളിൽ മനുഷ്യ കുലം വൈവിധ്യതകൾ തേടിപ്പോയത്  വിഭജിക്കപ്പെട്ട് ശത്രുക്കളാവാനല്ല; മറിച്ച്, നഷ്ടപ്പെട്ടു പോയ ഏകതയും നന്മയും മുന്നറിയിപ്പുകളുമായി വരുന്ന ദൈവദൂതന്മാരിലൂടെ വീണ്ടെടുക്കേണ്ടവർ ആയിത്തീരാനാണെന്നാണ് എന്റെ തോന്നൽ. ഇബ്റാഹീം നബി ഉൾപ്പെടെ ഒരുപാട് പ്രവാചകന്മാർ പടുത്തുണ്ടാക്കിയ മാനവിക സാഹോദര്യം എന്ന ആ  കെട്ടിടത്തിന്റെ മൂലക്കല്ല് ആയി മുഹമ്മദ് നബി മാറുന്നുവെന്ന് മാത്രം. അത് മൂലക്കല്ല് ആവുന്നത് നമ്മുടെ വൈവിധ്യങ്ങളിലെ വൈരുധ്യങ്ങളെ എടുത്തു മാറ്റി, യോജിക്കാനുള്ള പാത വെട്ടിത്തെളിയിച്ചതു കൊണ്ടാണ്.

സെമിറ്റിക് മതങ്ങൾ എന്നറിയപ്പെടുന്ന ഇസ്്ലാം, ക്രിസ്ത്യൻ, ജൂത പാരമ്പര്യങ്ങളെയെല്ലാം ഒരാളിലേക്കാണ് വിശുദ്ധ ഖുർആൻ ചേർത്തുവെച്ചത്.  അത് ഇബ്റാഹീം പ്രവാചകനാണ്.  മുഹമ്മദ് നബിയോട് ഇബ്റാഹീമീ മില്ലത്തിലാണെന്ന് പ്രഖ്യാപിക്കാനാണ് ഖുർആൻ ആവശ്യപ്പെടുന്നത്. അതാവട്ടെ, ശുദ്ധമായ ഏകദൈവ വിശ്വാസത്തിന്റെ മൂശയിൽ ഉരുക്കിയെടുത്ത് ത്യാഗവും സമർപ്പണവുമായി മുന്നോട്ടു പോവേണ്ടതുമത്രെ!

നോക്കൂ, ഒരാൾ മുസ്്ലിം ആവുന്നതോടെ ഈ പ്രവാചക ശ്രേണിയിലൂടെ എല്ലാവരെയും ബന്ധുക്കളാക്കാനുള്ള കരുത്തുറ്റൊരു  ആധാരമാണ് കരഗതമാകുന്നത്. എന്തൊക്കെ മാനവികത പറഞ്ഞാലും  ഒരു ജൂതനെ സംബന്ധിച്ചേടത്തോളം യേശുവിനെ ദൈവപുത്രനായോ, എന്തിനു പ്രവാചകനായിട്ടു പോലുമോ അംഗീകരിക്കാനാവുന്നില്ല. ദേഷ്യം വന്നാൽ  വ്യഭിചാര സന്തതി എന്നൊക്കെ ആക്ഷേപിച്ചു കളയും. അതുപോലെ ക്രിസ്ത്യാനികൾക്ക് മുഹമ്മദ് നബിയെ ഒരിക്കലും അംഗീകരിക്കാൻ ആകുന്നില്ല. ദേഷ്യം വന്നാൽ വിളിക്കുന്നതൊക്കെ എല്ലാവർക്കും അറിയാമല്ലോ. എന്നാൽ, ഒരു മുസ്്ലിമിനോ? അബ്രഹാമും മോസസും യേശുവും ഉൾപ്പെടെ, എല്ലാ പ്രവാചകന്മാരെയും നെഞ്ചിലേറ്റുന്നതിൽ മുസ്്ലിം സമൂഹത്തിന് ഒരു തടസ്സവുമില്ല. എന്നല്ല, അത് വിശ്വാസപരമായ പൂർണതയുടെ അടിസ്ഥാനങ്ങളാണ് താനും!  മാത്രമോ, അവർക്കിടയിൽ വിവേചനം കൽപിക്കാൻ പറ്റില്ലെന്ന കൽപനയും. ഇബ്റാഹീമിന്റെ കുടുംബത്തിലെ പ്രധാനികളായ മോസസ്, ജീസസ്, മുഹമ്മദ് ഒക്കെ ഒത്തുകൂടുന്ന ആ കുടുംബത്തിന് എന്തൊരു ഇമ്പമായിരിക്കും!

ഇബ്റാഹീമിന്റെ പാത പിന്തുടരൂ എന്നാണ് ഖുർആന്റെ കൽപന. ജൂത, ക്രൈസ്തവ, ഇസ്്ലാം ദർശനങ്ങൾ ചരിത്രപരമായി അബ്രഹാമിൽ യോജിക്കുന്നുണ്ടല്ലോ. ഇബ്റാഹീം ഋജുമാനസനായ ഏക ദൈവ വിശ്വാസിയും ദൈവത്തിനു സമർപ്പിച്ചവനും ആണെന്ന് ഖുർആൻ.

"ഇബ്റാഹീം യഹൂദനോ ക്രിസ്ത്യനോ ആയിരുന്നില്ല. എന്നാല്‍, അദ്ദേഹം ശുദ്ധ മനഃസ്ഥിതിക്കാരനും (അല്ലാഹുവിന് ‌) കീഴ്്പ്പെട്ടവനും ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകരില്‍ പെട്ടവനായിരുന്നിട്ടുമില്ല'' (ആലു ഇംറാൻ).

ഈ ഒരു പരിപ്രേക്ഷ്യത്തിൽ  ഇബ്റാഹീം നബിയുടെ ഓർമകൾ, ചരിത്രങ്ങൾ ഒക്കെ പുനർവായിക്കുമ്പോൾ, മനുഷ്യരാശിയെ അല്ലാഹുവിന്റെ ഭവനമായ കഅ്ബയിലേക്ക് തീർഥാടനത്തിനായി ക്ഷണിച്ച ആ വിളംബരം ഓർക്കുമ്പോൾ ആരെയാണ് നാം പുറത്തു നിർത്തേണ്ടത്?

മനുഷ്യ സാഹോദര്യത്തിലേക്കുള്ള  വിളിയടയാളമായിത്തന്നെ നമുക്കും  അത് കേൾക്കാൻ സാധിക്കേണ്ടതുണ്ട്.

"സദ്‌വൃത്തനായിക്കൊണ്ട്‌ തന്റെ മുഖത്തെ അല്ലാഹുവിന്‌ കീഴ്്പ്പെടുത്തുകയും, നേര്‍മാര്‍ഗത്തിലുറച്ച്‌ നിന്നുകൊണ്ട്‌ ഇബ്റാഹീമിന്റെ മാര്‍ഗത്തെ പിന്തുടരുകയും ചെയ്തവനെക്കാള്‍ ഉത്തമ മതക്കാരന്‍ ആരുണ്ട്‌? അല്ലാഹു ഇബ്റാഹീമിനെ ആത്മമിത്രമായി സ്വീകരിച്ചിരിക്കുന്നു" (അന്നിസാഅ് 125). എങ്ങനെയാണ് സ്വന്തം ആത്മമിത്രമാണെന്ന് അല്ലാഹു വിശേഷിപ്പിക്കുവോളം ഇബ്റാഹീം വിശുദ്ധനായത്? തന്റെ മിത്രത്തിന്റെ ഗുണങ്ങൾ പ്രതിഫലിപ്പിക്കാനായി ജീവിതം സമർപ്പിച്ചതു കൊണ്ടുതന്നെയാവണം.

ഏതാണ്ട് അയ്യായിരത്തോളം വർഷം മുമ്പ് ഇന്നത്തെ ഇറാഖിലുള്ള ഒരു പ്രദേശത്ത് വിഗ്രഹ നിർമാണവും, അവയ്ക്കുള്ള പൂജാ വഴിപാടുകളും വരുമാന മാർഗമാക്കിയൊരു സമൂഹത്തിൽ വിഗ്രഹ ഭഞ്ജനം നടത്തുക തീരെ എളുപ്പമായിരുന്നില്ല. വിശേഷാൽ ഗ്രഹിക്കപ്പെടുന്ന എന്തിനെയും  വിഗ്രഹമായി മാറ്റിയപ്പോൾ  യഥാർഥത്തിൽ ആരാധനക്കർഹനായ പ്രപഞ്ച സ്രഷ്ടാവ്  വിസ്മരിക്കപ്പെടുന്നത് തിരിച്ചറിഞ്ഞൊരു ചെറുപ്പക്കാരൻ നടത്തിയ സംസ്കരണ പ്രവർത്തനങ്ങൾ വിശുദ്ധ ഖുർആൻ വിവരിക്കുന്നുണ്ട്.

ആർക്കും ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സാധിക്കാത്ത വസ്തുക്കളിൽനിന്ന് അവരുടെ ഉടയോനായ അല്ലാഹുവിലേക്ക് അദ്ദേഹം ജനങ്ങളുടെ ശ്രദ്ധ തിരിച്ചു. അന്ന് ആരാധിക്കപ്പെട്ടിരുന്ന വിഗ്രഹങ്ങളെയും സൂര്യ-ചന്ദ്രാദികളെയും നിരാകരിച്ച അദ്ദേഹത്തിന്റെ പ്രബോധന ശൈലി രാജകൊട്ടാരം വരെ ചെന്നെത്തി.

ആരാണ് നിന്റെ ദൈവം എന്ന് നംറൂദ് ചോദിക്കുമ്പോൾ 'നമ്മെയെല്ലാവരെയും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന അല്ലാഹു' എന്ന് പറയാൻ അദ്ദേഹത്തിന് സാധിക്കുന്നത് തൗഹീദിലുള്ള അടിയുറച്ച വിശ്വാസമാണ്.  ജീവിതവും മരണവും എനിക്ക് വിധിക്കാനാവുമല്ലോ എന്ന നംറൂദിന്റെ ചോദ്യത്തെ അദ്ദേഹം നേരിടുന്നത്, 'എങ്കിൽ എന്റെ ദൈവം സൂര്യനെ കിഴക്കുദിപ്പിക്കുന്നു, നിനക്ക് കഴിയുമെങ്കിൽ അതിനെ പടിഞ്ഞാറ് ഉദിപ്പിക്കൂ' എന്ന് വെല്ലുവിളിച്ചുകൊണ്ടാണ്. കുടുംബത്തിനകത്തുനിന്ന് തുടങ്ങി അധികാര കേന്ദ്രങ്ങൾ വരെ നീണ്ട അദ്ദേഹത്തിന്റെ പ്രബോധന പ്രവർത്തനങ്ങൾ പതിറ്റാണ്ടുകൾ നീണ്ടു.

സാമൂഹിക സമത്വത്തിനായി വിമോചന മുദ്രാവാക്യങ്ങൾ ഉയർത്തുന്നവരെ ഭരണകൂടങ്ങൾ വേട്ടയാടുന്നത് അന്നും ഇന്നും പതിവാണ്.  എല്ലാവരുടെയും ദൈവം ഒന്ന് തന്നെ എന്ന വാദം പോലും വംശീയ പ്രഭുക്കന്മാരെ വിറകൊള്ളിക്കുന്നതാണ്. 'അല്ലാഹുവാണ് മഴ വർഷിക്കുന്നത്' എന്ന മദ്റസാ പാഠപുസ്തകത്തിലെ വാചകം വിവാദമാക്കിയത് ഓർക്കുക. അന്ന്, ഏകദൈവത്വത്തിന്റെയും സാമൂഹിക വിമോചനത്തിന്റെയും മുദ്രാവാക്യം ഉയർത്തിയ ഇബ്റാഹീമിനെ  വലിയ തീക്കുണ്ഡമൊരുക്കി കൊലപ്പെടുത്താൻ അവർ തീരുമാനിച്ചതും, അതേ തീയെ തണുപ്പാക്കികൊണ്ട് അല്ലാഹു ഇബ്റാഹീം പ്രവാചകന് കാവലാളായതും ഇസ്‍ലാമിക ചരിത്രത്തിലെ ത്രസിപ്പിക്കുന്ന ഏടുകളാണ്.

ദശാബ്ദങ്ങൾ നീണ്ട പ്രബോധന പ്രവർത്തനങ്ങൾക്കായി ദേശാടനം നടത്തേണ്ടി വന്നപ്പോൾ ഇണയായ ഹാജറയെയും മകൻ ഇസ്മാഈലിനെയും  മക്കയിൽ ആൾപ്പാർപ്പില്ലാത്ത താഴ്്വരയിൽ ഉപേക്ഷിക്കേണ്ടി വന്നതും,  ഹാജറാ ബീവിയുടെ സഅ്യിൽ സംസം ഉറ പൊട്ടിയതുമൊക്കെ ത്യാഗനിർഭരമായ ചരിത്രമാണ്. തിരിച്ചെത്തിയ ഇബ്റാഹീം മകനോടൊപ്പം ചേർന്ന് കഅ്ബയുടെ നിർമാണം പൂർത്തിയാക്കുന്നു. വിഗ്രഹങ്ങളുടെ ലോകത്തുനിന്ന് ഏകനായ ലോകസ്രഷ്ടാവിനെ മാത്രം ആരാധിക്കനായി ഒരു ഭവനം നിർമിക്കുകയും ലോക ജനതയെ അവിടേക്ക് ക്ഷണിക്കുകയും ചെയ്തു. മനുഷ്യ സാഹോദര്യത്തിന്റെ വിളംബരം കൂടിയായിരുന്നു അത്.

"തീർച്ചയായും മനുഷ്യർക്ക്‌ വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം മക്കയിൽ ഉള്ളതത്രെ. ( അത്‌ ) അനുഗൃഹീതമായും ലോകർക്ക്‌ മാർഗദർശകമായും (നിലകൊള്ളുന്നു)" (3:96). ഈ ലോക കേന്ദ്രത്തിലേക്ക് മാനുഷ്യകത്തെ ക്ഷണിച്ചുവരുത്തുകയായിരുന്നു പിന്നീട്.

"ജനങ്ങൾക്കിടയിൽ നീ തീർഥാടനത്തെപ്പറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത്‌ കയറിയും അവർ നിന്റെയടുത്ത്‌ വന്നു കൊള്ളും" (ഖുർ‌ആൻ 22:27).

അല്ലാഹു കൽപിച്ചതനുസരിച്ച് ഇബ്റാഹീം (അ) നടത്തിയ തീർഥാടന വിളംബരത്തിന് ഉത്തരം നൽകിക്കൊണ്ട് എത്രയെത്ര ഹാജിമാരാണ് ഓരോ വർഷവും കഅ്ബ സന്ദർശിക്കുന്നത്!

ഇബ്റാഹീം ചരിത്രത്തിലെ ഒരു വിസ്മയമായിരുന്നു. തൗഹീദ് എന്ന ഇസ്്ലാമിക ആദർശത്തിനായി ജീവിതം സമർപ്പിച്ച് ത്യാഗങ്ങളാൽ  സമ്പന്നമായിരുന്നു ആ ജീവിതം. വെറുതെയല്ലല്ലോ അല്ലാഹുവിന്റെ ആത്മമിത്രം എന്ന പദവി അദ്ദേഹം നേടിയത്. ലോകത്തിൽ പ്രബലമായ എല്ലാ മതങ്ങളും അദ്ദേഹത്തിന്റെ പാരമ്പര്യത്തെ അവകാശപ്പെടുന്നു. കഅ്ബ, മക്ക, ഹജ്ജ്, ബൈത്തുൽ മുഖദ്ദിസ്, ഫലസ്ത്വീൻ ഇവിടങ്ങളിലെല്ലാം ഇബ്റാഹീം പ്രവാചകന്റെ അടയാളങ്ങളുണ്ട്.

വിശുദ്ധ ഖുർആൻ ഇബ്റാഹീമിന്റെ പ്രബോധന പ്രവർത്തനങ്ങൾ വിശദമായി പ്രതിപാദിക്കുന്നത് ഇക്കാലത്തും അതിൽ പാഠങ്ങൾ ഉള്ളതുകൊണ്ടായിരിക്കണം. മുഹമ്മദ് നബി(സ)യുടെ അധ്യാപനങ്ങളിലും ഇബ്റാഹീം (അ) നിറഞ്ഞുനിൽക്കുന്നു. ഈ സമുദായത്തിന് മുസ്്ലിം എന്ന പേര് നൽകപ്പെട്ടതു പോലും ഇബ്റാഹീം എന്ന വ്യക്തിയുടെ പോരാട്ടമാണെങ്കിൽ ഏതാണ് ആ സമുദായം? അതെ ഇബ്റാഹീം (അ) ഒരു വ്യക്തിയല്ല, ഒരു സമൂഹമാകുന്നു! l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 11-15
ടി.കെ ഉബൈദ്‌

ഹദീസ്‌

കച്ചവടം സത്യസന്ധമാവണം
ശൈഖ് ഇബ്‌നു ബാസ്