ബംഗ്ലാദേശും ഇടത് - ലിബറൽ കാപട്യവും
കടുത്ത വെല്ലുവിളികൾ അതിജീവിച്ച് തീർത്തും സുതാര്യമായ തെരഞ്ഞെടുപ്പിലൂടെ രണ്ടാം റൗണ്ടിൽ മാത്രം അധികാരത്തിൽ തിരിച്ചെത്തിയ തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനെ നമ്മുടെ നാട്ടിലെ ലിബറലുകളും കമ്യൂണിസ്റ്റുകളുമൊക്കെ ഇപ്പോഴും വിശേഷിപ്പിക്കുന്നത് 'ഡിക്ടേറ്റർ' എന്നാണ്. എന്നാലിവർ പൂവിട്ട് പൂജിക്കുന്ന ഒരു മഹതിയുണ്ട് നമ്മുടെ അയൽനാട്ടിൽ- കഴിഞ്ഞ പതിനാല് വർഷമായി ബംഗ്ലാദേശിനെ അടക്കിഭരിക്കുന്ന ഹസീന വാജിദ്. ഈജിപ്തിലെ സീസിയെയും സിറിയയിലെ ബശ്ശാറിനെയും കടത്തി വെട്ടുന്ന 'സംഭാവനകളാ'ണ് മഹതി 'ജനാധിപത്യ'ത്തിന് ചെയ്തു കൊണ്ടിരിക്കുന്നത്. കുറ്റം പറയരുതല്ലോ, 2014-ലും 2018-ലും ഹസീന 'തെരഞ്ഞെടുപ്പ്' നടത്തിയിട്ടുണ്ട്. അതിന്റെ കഥ ചില പത്രങ്ങളിലെങ്കിലും വിശദാംശങ്ങളോടെ വന്നതാണ്. ആദ്യം 2018 ഡിസംബർ മുപ്പതിന് നടന്ന തെരഞ്ഞെടുപ്പിനെ പറ്റി പറയാം. തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഒരു ദിവസം മുമ്പ് തന്നെ പോലീസ് ബൂത്തുകളിലെത്തി വോട്ടർ പട്ടിക നോക്കി നിരത്തിയങ്ങ് വോട്ട് ചെയ്തു. പിറ്റേ ദിവസം പോളിങ്ങ് ബൂത്തിലെത്തിയ യഥാർഥ വോട്ടർമാരോട്, നിങ്ങളുടെ വോട്ട് കുത്തിക്കഴിഞ്ഞു, സകലരും വീട്ടിൽ പൊയ്ക്കോ എന്നാണ് അധികൃതർ പറഞ്ഞത്. അങ്ങനെ 300 അംഗ പാർലമെന്റിൽ 293 സീറ്റും ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്. ജനാധിപത്യം ആവുമ്പോൾ പ്രതിപക്ഷവും വേണമല്ലോ. ബാക്കി ഏഴ് സീറ്റ് തന്റെ സിൽബന്ധികൾക്കും വീതിച്ച് നൽകി. 2014-ൽ നടന്ന തെരഞ്ഞെടുപ്പ് ആഭാസത്തിൽ 153 സീറ്റിലും അവാമി പാർട്ടിക്കാർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു! പേരിനെങ്കിലും മറ്റൊരുത്തനെ സ്ഥാനാർഥിയായി നിർത്താൻ സമ്മതിച്ചില്ല. പ്രതിപക്ഷത്തെ പൂർണമായി അകറ്റിനിർത്തിയ ആ നാടകത്തിൽ പങ്കെടുക്കാൻ വോട്ടർമാരിൽ പത്ത് ശതമാനം പോലും എത്തിയിരുന്നില്ല.
2024-ലും ഇതു പോലൊന്ന് നടത്തുമെന്നാണ് ഹസീന പ്രഖ്യാപിച്ചിരിക്കുന്നത്. നടന്നുകഴിഞ്ഞ രണ്ടെണ്ണത്തെക്കാളും തരം താഴ്ന്നതായിരിക്കും അതെന്ന കാര്യത്തിൽ ഒരാൾക്കുമില്ല സംശയം. ബംഗ്ലാദേശിലെ മുഖ്യ പ്രതിപക്ഷ പാർട്ടികളിലൊന്നായ ജമാഅത്തെ ഇസ്്ലാമിക്കെതിരെ മാത്രമല്ല, ഇസ്്ലാമിന്റെ അടിസ്ഥാന തത്ത്വങ്ങൾക്കെതിരെയും കൊടുവാളുയർത്തുന്നതു കൊണ്ടാകാം ലിബറൽ - കമ്യൂണിസ്റ്റ് വൃത്തങ്ങൾ ഇപ്പോഴും ഹസീനയെ കൊണ്ടാടുകയാണ്. ജനാധിപത്യത്തെ ഇവ്വിധം ചവിട്ടിത്തേക്കുന്നതൊന്നും അവർക്ക് പ്രശ്നമല്ല. ഈ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയാണ് കഴിഞ്ഞാഴ്ച ധാക്കയിൽ ജമാഅത്തെ ഇസ്്ലാമിയുടെയും അതിന്റെ വിദ്യാർഥി വിഭാഗമായ ഛാത്ര ശിബ്റിന്റെയും നേതൃത്വത്തിൽ കൂറ്റൻ റാലി നടന്നത് - കഴിഞ്ഞ ഒരു ദശാബ്ദത്തിനിടക്ക് ബംഗ്ലാദേശിൽ നടന്ന ഏറ്റവും വലിയ ബഹുജന റാലി. ഇത്ര വലിയ റാലി അധികൃതരോ ജമാഅത്ത് പോലുമോ പ്രതീക്ഷിച്ചതല്ല. ഇൻഡോർ പരിപാടിക്കേ അനുവാദം ലഭിച്ചിരുന്നുള്ളൂ. ജനമനസ്സുകളിൽ തിളക്കുന്ന പ്രതിഷേധം ഒരാൾക്കും തടുത്തു നിർത്താനാവാത്തവിധം പുറത്തേക്ക് ഒഴുകിപ്പരക്കുകയായിരുന്നു. അടുത്ത തെരഞ്ഞെടുപ്പ് നടത്തേണ്ടത് കെയർ ടേക്കർ ഗവൺമെന്റ് (CTG) ആവണമെന്നാണ് പ്രക്ഷോഭകരുടെ ഒന്നാമത്തെ ആവശ്യം. ഹസീന ചികിത്സ നൽകാതെ ജയിലിലിട്ട് പീഡിപ്പിച്ച് കൊന്ന ജമാഅത്തെ ഇസ്്ലാമിയുടെ സമുന്നത നേതാവ് ശഹീദ് ഗുലാം അഅ്സമാണ് ഈ ആശയം 1991-ൽ ആദ്യമായി അവതരിപ്പിച്ചത്. സർവകക്ഷികളും അത് അംഗീകരിക്കുകയും ചെയ്തു. നിലവിലുള്ള ഭരണകൂടം മാറി കെയർ ടേക്കർ ഭരണ സംവിധാനം തെരഞ്ഞെടുപ്പ് നടത്തിയപ്പോഴൊക്കെ അത് സുതാര്യമായിരുന്നു. ഈ സംവിധാനം തകർക്കുകയാണ് ഹസീന ആദ്യം ചെയ്തത്. അത് പുനഃസ്ഥാപിക്കാതെ, ജയിലിലടച്ച പ്രതിപക്ഷ നേതാക്കളെ വിട്ടയക്കാതെ, ജമാഅത്തെ ഇസ്്ലാമിയെപ്പോലുള്ള സംഘടനകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കാതെ ഹസീന നടത്തുന്ന തെരഞ്ഞെടുപ്പു നാടകങ്ങളെ ചരിത്ര വിജയമായി കൊണ്ടാടുന്ന ഇടത് - ലിബറൽ കാപട്യത്തെ ഇനിയും നമുക്ക് കാണേണ്ടിവരും. l
Comments