Prabodhanm Weekly

Pages

Search

2023 ജൂൺ 23

3307

1444 ദുൽഹജ്ജ് 04

"ഖലീലുല്ലാഹി'യുടെ പ്രാർഥന

പി.പി അബ്ദുർറഹ്്മാന്‍ പെരിങ്ങാടി

'തീർച്ചയായും ഇബ്റാഹീം നബിയിൽ നിങ്ങൾക്ക് മികച്ച മാതൃകയുണ്ട്' എന്ന് ഖുർആൻ (അൽ മുംതഹിന 4) പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ അല്ലാഹു ജനങ്ങൾക്കുള്ള നേതാവായി നിശ്ചയിക്കുകയും തന്റെ ഖലീലായി / സുഹൃത്തായി വരിക്കുകയും  ചെയ്തിട്ടുണ്ട്. നമ്മുടെ ഖിബ്‌ല മക്കയിലെ കഅ്ബാലയമാണ്. ഇതിന്റെ സ്ഥാപകൻ  ഖലീലുല്ലാഹി ഇബ്റാഹീം (അ) ആണ്. കഅ്ബ മനുഷ്യർക്ക് ദൈവാരാധന നടത്താനായി ഭൂമുഖത്ത് നിർമിക്കപ്പെട്ട പ്രഥമ മന്ദിരമാണ്. ആ പരിശുദ്ധ ഭവനത്തിന്റെ സ്ഥാനനിർണയം നടത്തിയത് അല്ലാഹുവാണ്.

ഇബ്റാഹീം നബിയും പുത്രൻ ഇസ്മാഈൽ നബിയും ചേർന്നാണ് അത് പടുത്തുയർത്തിയത്. ആ പരിശുദ്ധ ഗേഹത്തിൽ ചെന്ന് ഹജ്ജ് എന്ന പുണ്യകർമത്തിന്, അല്ലാഹുവിന്റെ നിർദേശാനുസൃതം പ്രാരംഭ വിളംബരം നടത്തിയത് ഇബ്റാഹീം (അ)ആണ്.

മാനവ ചരിത്രത്തിൽ വളരെ പ്രാധാന്യപൂർവം അടയാളപ്പെടുത്തപ്പെട്ട ദശാസന്ധിയാണ് ഇബ്റാഹീം നബിയുടെ കാലഘട്ടം. അതിനു ശേഷമുള്ള മനുഷ്യചരിത്രം ആ മഹാ പുരുഷനുമായി വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്നു. സുപ്രധാന നാഗരികതകളുടെ ചരിത്രം പലനിലക്കും ഇബ്റാഹീം നബിയുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. വലിയ ചരിത്രവും പാരമ്പര്യവും ഉള്ള പ്രമുഖ സമുദായങ്ങൾ  (ജൂതർ, ക്രൈസ്തവർ, മുസ്്ലിംകൾ) ഇബ്റാഹീമീ പാരമ്പര്യം പങ്കുവെക്കുന്നവരാണ്. സംശുദ്ധവും സമഗ്രവുമായ ഏകദൈവവിശ്വാസമാണ് അതിന്റെ അകക്കാമ്പ്.

മക്കയെന്ന മാതൃകാ പട്ടണത്തിന്റെ നഗരപിതാവ് എന്ന് വിശേഷിപ്പിക്കാവുന്ന ഇബ്റാഹീം നബി (അ) തന്റെ കുടുംബത്തെ അവിടെ കുടിയിരുത്തി വിടവാങ്ങുമ്പോള്‍ നടത്തിയ പ്രാർഥനകളും കഅ്ബാലയത്തിന്റെ നിർമാണാനന്തരം നടത്തിയ പ്രാര്‍ഥനകളും ഏറെ പരിചിന്തനമർഹിക്കുന്നവയാണ്:

1. ''ഞങ്ങളുടെ നാഥാ, എന്റെ സന്തതികളിലൊരു ഭാഗത്തെ ഇവിടെ, നിന്റെ പരിശുദ്ധ ഭവനത്തിന്റെ ചാരത്ത് ഞാനിതാ കുടിയിരുത്തിയിരിക്കുന്നു. അവര്‍ ഇഖാമത്തുസ്സ്വലാത്ത് നിര്‍വഹിക്കാനാണിങ്ങനെ കുടിയിരുത്തിയത്.... എന്റെ നാഥാ, എന്നെ നീ നമസ്കാരം നിലനിർത്തുന്നവരില്‍ ഉള്‍പ്പെടുത്തേണമേ, എന്റെ സന്തതി പരമ്പരകളേയും. ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ ദുആ നീ സ്വീകരിച്ചംഗീകരിക്കുമാറാകേണമേ!'' (14:37, 14:40).

2. ''ഇബ്റാഹീം പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക; എന്റെ നാഥാ, നീ ഈ നാടിനെ സുരക്ഷിതവും നിര്‍ഭയവുമാക്കേണമേ! ഈ നാട്ടിലെ നിവാസികളിലെ അല്ലാഹുവിലും പരലോകത്തിലും വിശ്വസിച്ചവര്‍ക്ക് നീ ധാരാളം ഫലവര്‍ഗങ്ങള്‍ ആഹാരമായിട്ടേകേണമേ. അല്ലാഹു പറഞ്ഞു: നിഷേധിച്ചവര്‍ക്കും (നാം വിഭവങ്ങളേകും)'' (2:126).

3. ''ഇബ്റാഹീം പ്രാർഥിച്ച സന്ദര്‍ഭം ഓര്‍ക്കുക. നാഥാ, ഈ നാടിനെ നീ നിര്‍ഭയവും സുരക്ഷിതവുമാക്കേണമേ. എന്നെയും എന്റെ സന്തതികളെയും വിഗ്രഹങ്ങള്‍ക്ക് ഇബാദത്ത് ചെയ്യുന്നതില്‍നിന്ന് അകറ്റി രക്ഷപ്പെടുത്തേണമേ.....'' (14:35).

മേല്‍ സൂക്തങ്ങളില്‍ നിന്ന് ഗ്രഹിക്കാവുന്ന പ്രധാന കാര്യങ്ങള്‍ താഴെ പറയുന്നവയാണ്. ഇബ്റാഹീം നബി(അ)ക്ക് നമസ്്കരിക്കാന്‍ ഇറാഖിലോ ഫലസ്്ത്വീനിലോ മറ്റേതെങ്കിലും ഭൂപ്രദേശത്തോ ഇത്തിരി ഒഴിഞ്ഞ സ്ഥലം കിട്ടാത്തതുകൊണ്ടായിരിക്കില്ല, കത്തിക്കാളുന്ന മരുഭൂമിയിലെ മക്ക (ബക്ക)യെന്ന വിജന പ്രദേശം തെരഞ്ഞെടുത്തത്. അദ്ദേഹം തന്റെ നാഥന്റെ ആജ്ഞാനുസൃതമാണ് അവിടെ ചെന്നെത്തുന്നത്. എന്തെങ്കിലും ഭൗതിക നേട്ടം പ്രതീക്ഷിച്ചിട്ടല്ല അങ്ങനെ ഒരു ത്യാഗം അദ്ദേഹം ചെയ്തത്. അത്തരം ഭൗതിക നേട്ടങ്ങൾക്കവിടെ സാധ്യതയുമുണ്ടായിരുന്നില്ല. അതെ, ഇബ്റാഹീം (അ) തന്റെ പ്രാർഥനയില്‍ പറഞ്ഞതുപോലെ ഇഖാമത്തുസ്സ്വലാത്ത് അതിന്റെ വിശദാംശങ്ങളോടെ പൂര്‍ണാർഥത്തില്‍ നടക്കാനാണ് ആ യാത്ര. പ്രഥമ ദേവാലയം കേന്ദ്രമായി മാതൃകാ നാഗരിക കേന്ദ്രവും  ഉത്തമ സമൂഹവും രൂപം കൊള്ളുകയെന്നതാണാ പ്രാർഥനയുടെ പൊരുള്‍ (മക്ക ഖിബ്്ലയാകുമ്പോള്‍ തന്നെ അത്  മാതൃകാ നഗരവുമാണ്).

കൃത്യമായി ഭക്തിപൂര്‍വം നമസ്കരിക്കുക എന്നത് കൊണ്ടു മാത്രം ഇഖാമത്തുസ്സ്വലാത്തിന്റെ വിശദ വിവക്ഷ പുലരുകയില്ല. അത് ഇഖാമത്തുസ്സ്വലാത്തിന്റെ ഒരു ഭാഗമേ ആകുന്നുള്ളൂ. കൃത്യമായും സംഘടിതമായും നമസ്കരിക്കണം; അത് എക്കാലവും ചൈതന്യപൂര്‍വം തുടരുകയും വേണം. അതിന് പള്ളികള്‍ ഉണ്ടാവണം; പ്രസ്തുത പള്ളികള്‍ സുരക്ഷിതമായി നിലനില്‍ക്കണം; ഭാവി തലമുറകള്‍ നിഷ്ഠയോടെ, ഭക്തിയോടെ നമസ്കരിക്കുന്നവരായിത്തീരാന്‍ ഉചിത രീതിയിലുള്ള, വിദ്യാലയങ്ങള്‍ ഉണ്ടാവണം. ഇതൊക്കെ കാര്യക്ഷമമായി പരിപാലിക്കപ്പെടണം. നമസ്കാരത്തിലൂടെ കരഗതമാകുന്ന ബഹുവിധ നന്മകള്‍ കൈമോശം വരാതെ നിലനിർത്താനും വികസിപ്പിക്കാനുമാവശ്യമായ കുടുംബാന്തരീക്ഷവും സാമൂഹികാന്തരീക്ഷവും ഉണ്ടാക്കിയെടുക്കണം. അതിനാവശ്യമായ ക്രമീകരണങ്ങളും പലവിധ പ്രവര്‍ത്തനങ്ങളും നടക്കണം. നമസ്കാരാദി കർമങ്ങളിലൂടെ സംജാതമാകുന്ന കുടുംബാന്തരീക്ഷവും സാമൂഹികാന്തരീക്ഷവും തകര്‍ക്കുന്ന ദുഷ്പ്രവണതകളെ ഫലപ്രദമായി ചെറുക്കണം. ഇതൊക്കെ ഒറ്റക്ക് നിര്‍വഹിക്കാനാവില്ല. കൂട്ടായി ഒത്തൊരുമിച്ച് നിര്‍വഹിക്കണം. അപ്പോള്‍ വ്യവസ്ഥാപിതമായ ഒരു സാമൂഹിക സംവിധാനം ഉണ്ടാവണം, അതു ജനകീയവുമാകണം. സമ്പൂര്‍ണ ഇസ്്ലാമിക ഭരണവ്യവസ്ഥ (ഖിലാഫത്ത്)യുടെ അഭാവത്തില്‍ ഇന്ന് വളരെ അത്യാവശ്യവുമാണത്. മഹല്ല് സംവിധാനം ആ അർഥത്തിലാണ് ഏറെ പ്രസക്തമാകുന്നത്.

നമസ്കാരത്തിന് കൽപിച്ചപ്പോള്‍ ഖുര്‍ആന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചുപയോഗിച്ച ഭാഷാ ശൈലി ''അഖീമുസ്സ്വലാത്ത'' എന്നാണ്. നമസ്കരിക്കുവിന്‍ എന്ന് പറയാന്‍ ''സ്വല്ലൂ'' എന്ന് പറഞ്ഞാല്‍ മതിയാവുന്നതാണ്. നബിവചനങ്ങളില്‍ അത്തരം പ്രയോഗമുണ്ടുതാനും. പക്ഷേ ഖുര്‍ആന്‍, നമസ്കാരം നിലനിര്‍ത്തുക, സംസ്ഥാപിക്കുക എന്നിങ്ങനെയാണ് പ്രയോഗിച്ചതെന്നത് ചിന്തനീയമാണ്. ''അഖീമുദ്ദീന'(42:13), ''അഖീമുല്‍ വസ്ന'' (55:9), ''അഖീമുശ്ശഹാദത്ത'' (65: 2) എന്നിങ്ങനെയും ഖുര്‍ആന്‍ പ്രയോഗിച്ചതായി കാണാം. ദീനിന്റെ സമ്പൂര്‍ണ സംസ്ഥാപനം, നീതിയുടെ സംസ്ഥാപനം, സത്യസാക്ഷ്യത്തെ നിലനിർത്തി സംസ്ഥാപിക്കല്‍ എന്നിങ്ങനെയാണ് പ്രസ്തുത പ്രയോഗങ്ങളുടെ പൊരുള്‍. ദീനിന്റെ സംസ്ഥാപനവും നീതി, സത്യം തുടങ്ങിയവയുടെ സംസ്ഥാപനവും ഒക്കെ വിശദവും വിശാലവുമാണ്; പരസ്പര ബന്ധിതവുമാണ്. അപ്പോള്‍ നമസ്കാരത്തിന്റെ സംസ്ഥാപനവും അങ്ങനെ തന്നെ.

ഒരു നല്ല നാഗരികത കെട്ടിപ്പടുക്കാൻ അത്യാവശ്യമായി വേണ്ടത് സമാധാനം, നിര്‍ഭയാവസ്ഥ, ദാരിദ്ര്യത്തില്‍നിന്നുള്ള വിമുക്തി എന്നിവയാണെന്ന് ഖലീലുല്ലാഹിയുടെ  പ്രാർഥനകളില്‍നിന്ന് വ്യക്തമാകുന്നുണ്ട്. ഒരു സമുദായത്തിന്റെ വഴികേടിനും ഗതികേടിനും മൂല കാരണം  പ്രത്യക്ഷ-പരോക്ഷ വിഗ്രഹങ്ങളും (ٱلْأَصْنَامَ) തജ്ജന്യമായ ഭിന്നിപ്പും അനൈക്യവുമാണ്. സംഘടനകളും ഗ്രൂപ്പുകളും നേതാക്കളും കളിമണ്‍ വിഗ്രഹത്തെക്കാള്‍ മാരകവും ഗുരുതരവുമായ വിഗ്രഹങ്ങളായി മാറിയിട്ടുണ്ടോ എന്ന് ശങ്കിക്കേണ്ടിയിരിക്കുന്നു. നല്ലൊരു വിഭാഗമാളുകൾ ഈ അഭിനവ വിഗ്രഹങ്ങളുടെ ഉപാസകരുമായി മാറിയിരിക്കുന്നു. സത്യശുദ്ധവും സമഗ്ര-സമ്പൂര്‍ണവുമായ ഏകദൈവ വിശ്വാസം അന്തിമ വിശകലനത്തില്‍ ഉള്‍ക്കരുത്താര്‍ന്ന ഉദ്ഗ്രഥനവും ഏകീകരണവും ഒരുമയും ഉണ്ടാക്കേണ്ടതാണ്. ഉദ്ഗ്രഥനത്തിന് പകരം വിഗ്രഥനത്തിന്റെ വിനാശങ്ങളാണ് പല മഹല്ലുകളിലും  കൂട്ടായ്മകളിലും നാം കാണുന്നത്. ഒരുമയുടെ പെരുമ പ്രഘോഷണം ചെയ്യുന്ന മാതൃകാ സമുദായമായി വളരാന്‍ നാം ഉണര്‍ന്നുയര്‍ന്നു അക്ഷീണം യത്നിക്കേണ്ടതുണ്ട്. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 11-15
ടി.കെ ഉബൈദ്‌

ഹദീസ്‌

കച്ചവടം സത്യസന്ധമാവണം
ശൈഖ് ഇബ്‌നു ബാസ്