Prabodhanm Weekly

Pages

Search

2023 ജൂൺ 23

3307

1444 ദുൽഹജ്ജ് 04

ഈ തിരിച്ചറിവാണ് പ്രധാനം

ജി.കെ എടത്തനാട്ടുകര

സ്രഷ്ടാവായ ദൈവവുമായുള്ള ബന്ധം ശരിയാവലാണ് മനുഷ്യന്റെ ഇഹ-പര വിജയത്തിന്റെ അടിസ്ഥാനം. ഈ വസ്തുത മനുഷ്യനെ പഠിപ്പിക്കലായിരുന്നു പ്രവാചകൻമാരുടെ ദൗത്യം.    

ഏതൊരു കമ്പനിയും ഉൽപന്നത്തിന്റെ ശരിയായ ഉപയോഗത്തിനുള്ള  മാന്വൽ തയാറാക്കാറുണ്ട്. ഇതുപോലെ, സ്രഷ്ടാവായ ദൈവം തന്റെ സൃഷ്ടികളായ മനുഷ്യർ എങ്ങനെ ഈ ഭൂമിയിൽ ശരിയായി ജീവിക്കണം എന്ന് പറഞ്ഞു തന്ന 'മാന്വൽ' ആണ് വേദങ്ങൾ എന്ന് പറയാം. അങ്ങനെയുള്ള വേദങ്ങളിലെ അവസാനത്തെ വേദമാണ് വിശുദ്ധ ഖുർആൻ.   

ഖുർആൻ രണ്ടാം അധ്യായം മുപ്പതാം വാക്യത്തിൽ, മനുഷ്യനെ ഭൂമിയിലേക്ക് നിയോഗിച്ചിരിക്കുന്നത് ദൈവത്തിന്റെ 'പ്രതിനിധി' ആയിട്ടാണെന്ന് പറയുന്നുണ്ട്. ഭൂമിയിൽ മനുഷ്യൻ ദൈവത്തിന്റെ പ്രതിനിധിയാവേണ്ടതെങ്ങനെ എന്നതിനുള്ള മാർഗനിർദേശങ്ങളാണ് ഖുർആനിന്റെ മുഖ്യ ഉള്ളടക്കം.

പ്രസ്തുത നിർദേശങ്ങളുടെ പ്രായോഗിക മാതൃക പ്രവാചക ജീവിതമാണ്. ഭൂമിയിൽ ദൈവത്തിന്റെ പ്രതിനിധികളായി, ഏറ്റവും നല്ല മനുഷ്യരായി എങ്ങനെ ജീവിക്കാം എന്നതിന്റെ മാതൃകയാണ് പ്രവാചക ജീവിതം. മനുഷ്യൻ തന്റെ ജീവിതത്തെ ദൈവേഛക്ക് വിധേയപ്പെടുത്തേണ്ടത് എങ്ങനെ എന്നതിന്റെ മാതൃകയാണത്. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം എങ്ങനെയാവണമെന്നതിന്റെ മൂർത്തമായ മാതൃക.

സ്രഷ്ടാവായ ദൈവവുമായുള്ള മനുഷ്യന്റെ ബന്ധം ഏതൊക്കെ തലങ്ങളിൽ എന്ന കാര്യം വിശുദ്ധ ഖുർആൻ വരച്ചുകാണിക്കുന്നുണ്ട്. ആറാം അധ്യായം നൂറ്റി അറുപത്തിരണ്ടാം വാക്യത്തിൽ ഇബ്റാഹീം നബിയോട് ദൈവം പ്രഖ്യാപിക്കാൻ പറയുന്നു:

"പറയുക: നിശ്ചയമായും എന്റെ നമസ്‌കാരവും ആരാധനാ കര്‍മങ്ങളും ജീവിതവും മരണവുമെല്ലാം പ്രപഞ്ചനാഥനായ ദൈവത്തിനുള്ളതാണ്."

യഥാർഥത്തിൽ ഇതൊരു പ്രതിജ്ഞയാണ്. ഈ പ്രതിജ്ഞയിൽ മനുഷ്യജീവിതത്തിലെ ആരാധനാകർമങ്ങൾ മുതൽ മരണം വരെ എല്ലാം വരുന്നുണ്ട്. ഒരു വിശ്വാസി എല്ലാ നമസ്കാര വേളകളിലും ഈ പ്രതിജ്ഞ ചൊല്ലുന്നുണ്ട്.

ആരാധനാനുഷ്ഠാനങ്ങൾ മുതൽ ജീവിതവും മരണവുമടക്കം എല്ലാം ദൈവമാർഗത്തിലാവണം എന്ന കാര്യമാണ് ഇവിടെ പഠിപ്പിക്കുന്നത്. അതാണ് ദൈവിക മാർഗം അഥവാ ഇസ്്ലാമിക മാർഗം.    

ദൈവവും മനുഷ്യനും തമ്മിലുള്ള വെറും സ്വകാര്യ ഇടപാടല്ല ഇസ്്ലാം പഠിപ്പിക്കുന്ന ആത്മീയത എന്നർഥം. ദൈവസമർപ്പണത്തിലധിഷ്ഠിതമാണത്. ജീവിതഗന്ധിയായ ഒരു സമ്പൂർണ ജീവിത പദ്ധതിയാണത്. ഇസ്‌ലാം പഠിപ്പിക്കുന്ന ആത്മീയത വ്യതിരിക്തമാവുന്നത് ഇവിടെയാണ്.     

മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സകല മേഖലകളിലുമുള്ള എല്ലാ ശരികളും എല്ലാ നന്മകളും അതിൽ വരും.

ദൈവവിശ്വാസങ്ങൾ പല വിധമുണ്ട്. പല വിശ്വാസങ്ങളും 'കാര്യസാധ്യം' എന്ന മനുഷ്യന്റെ ഐഹിക താൽപര്യങ്ങളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ജീവിതവുമായിട്ടതിന് ബന്ധമില്ല. ജീവിതം എങ്ങനെയുമാവാം. കാര്യസാധ്യത്തിനുള്ള മാർഗമാകട്ടെ നേർച്ചകളും വഴിപാടുകളുമാണ്; ജീവിത വിശുദ്ധിയല്ല.

'കാര്യസാധ്യം' എന്ന താൽപര്യത്തോടെ നേർച്ചകളും വഴിപാടുകളും നേർന്നുകൊണ്ട് ദൈവപ്രീതി നേടുന്ന രീതി യഥാർഥ ദൈവിക മാർഗമല്ല. മനുഷ്യൻ 'കൈക്കൂലി' കൊടുക്കുന്നവനും ദൈവം 'കൈക്കൂലി' വാങ്ങുന്നവനും എന്ന സ്വഭാവത്തിലുള്ള ബന്ധമല്ല സ്രഷ്ടാവായ ദൈവവുമായി മനുഷ്യന്നുണ്ടാവേണ്ടത്. സ്രഷ്ടാവായ ദൈവത്തിന് മനുഷ്യന്റെ 'ചില്ലിക്കാശി'ന്റെ ആവശ്യമില്ല. കാരണം, ദൈവം ദരിദ്രനല്ല; എല്ലാറ്റിന്റെയും ഉടമസ്ഥനാണ്.

ആരാണ് ദൈവം എന്നും, എന്തിനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് എന്നും അറിയാത്തതാണ് ഇത്തരം വിശ്വാസങ്ങൾക്കുള്ള മുഖ്യമായൊരു കാരണം.

 വിശുദ്ധ ഖുർആൻ അറുപത്തിയേഴാം അധ്യായം രണ്ടാം വാക്യത്തിൽ പറയുന്നത്, 'നിങ്ങളിൽ ഏറ്റവും നല്ല കർമങ്ങൾ ചെയ്യുന്നതാരാണെന്ന് പരീക്ഷിക്കാനാണ് ജീവിത-മരണങ്ങൾ സൃഷ്ടിച്ചത് ' എന്നാണ്.

'എന്തിനാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് ' എന്നതിന് ദൈവം നൽകുന്ന ഉത്തരമാണിത്. നല്ല കർമങ്ങളും ചീത്ത കർമങ്ങളും ചെയ്യാൻ കഴിയുന്ന മനുഷ്യനോട് ഏറ്റവും നല്ല കർമങ്ങൾ ചെയ്യാനാണ് ദൈവം ആവശ്യപ്പെടുന്നത്. അതാണ് ദൈവപ്രീതിക്കുള്ള മാനദണ്ഡം; നേർച്ച വഴിപാടുകളല്ല.

ജനനന്മ ഉദ്ദേശിച്ച് ചെയ്യുന്ന ചെറുതും വലുതുമായ എല്ലാ നല്ല കർമങ്ങളും ദൈവപ്രീതിക്ക് കാരണമാകും. ഈ യാഥാർഥ്യം ബോധ്യപ്പെടുത്തുന്ന ശ്രദ്ധേയമായൊരു സംഭവം ഇസ്്ലാമിക ചരിത്രത്തിൽ വായിച്ചതാണോർമ വരുന്നത്.

ഒരിക്കൽ ഒരു പ്രവാചക ശിഷ്യൻ മരുഭൂമിയിലൂടെയുള്ള യാത്രാമധ്യേ ഒരു കിണർ കണ്ടു. ധാരാളം യാത്രക്കാർ പോകുന്ന സ്ഥലമാണത്. യാത്രാമധ്യേ ഒട്ടകത്തെ കെട്ടി, ആർക്കെങ്കിലും വിശ്രമിക്കേണ്ടി വന്നാൽ കിണറിനടുത്ത് ഒരു കുറ്റിയടിച്ചാൽ അതൊരു നല്ല കാര്യമാകും എന്നദ്ദേഹം ചിന്തിച്ചു. അങ്ങനെ കുറ്റിയടിച്ചു. ശേഷം പ്രവാചക സന്നിധിയിലെത്തിയ അദ്ദേഹം നടന്ന കാര്യം പ്രവാചകനോട് പറഞ്ഞു.

'താങ്കൾ ചെയ്തത് ദൈവത്തിങ്കൽ പ്രതിഫലാർഹമായ മഹത്തായൊരു കർമമാണ് ' എന്നായിരുന്നു പ്രവാചകന്റെ മറുപടി.

മറ്റൊരു സന്ദർഭത്തിൽ വേറൊരു പ്രവാചക ശിഷ്യൻ ആ വഴി വന്നപ്പോൾ കിണറിന്റെ അടുത്തുള്ള ഈ കുറ്റി കണ്ടു. അദ്ദേഹം ചിന്തിച്ചത്, രാത്രികാലങ്ങളിലൊക്കെ യാത്ര ചെയ്യുന്നവർ ഈ കുറ്റിയിൽ തട്ടി വീഴാൻ സാധ്യതയുണ്ട്. ഇങ്ങനെ ചിന്തിച്ച അദ്ദേഹം അത് പറിച്ചു മാറ്റി. ശേഷം പ്രവാചക സന്നിധിയിലെത്തിയ അദ്ദേഹം നടന്ന കാര്യം പ്രവാചകനോട് പറഞ്ഞു.

'താങ്കൾ ചെയ്തത് ദൈവത്തിങ്കൽ പ്രതിഫലാർഹമായ മഹത്തായൊരു കർമമാണ് ' എന്നായിരുന്നു പ്രവാചകന്റെ മറുപടി!

ജീവിതത്തിന്റെ ഏത് മേഖലയിലാണെങ്കിലും, നല്ല ഉദ്ദേശ്യത്തോടെ ചെയ്യുന്ന എല്ലാ നല്ല കർമങ്ങളും ദൈവ പ്രീതിക്ക് കാരണമാകും. എത്ര മനോഹരമാണ്  ഈ ആത്മീയത! ഇസ്‌ലാം പഠിപ്പിക്കുന്ന ആത്മീയതയുടെ ഈ വ്യതിരിക്തതയാണ് ഏറ്റവും ആകർഷണീയമായി തോന്നിയ കാര്യങ്ങളിലൊന്ന്.

ഇസ്‌ലാം പഠിപ്പിക്കുന്ന ദൈവ വിശ്വാസം മനുഷ്യജീവിതത്തെ സംസ്കരിക്കുന്നതിൽ ചെലുത്തുന്ന സ്വാധീനം ശ്രദ്ധേയമായി തോന്നിയ മറ്റൊരു കാര്യമാണ്. പക്ഷിമൃഗാദികളിൽനിന്ന് വ്യത്യസ്തമായി മനുഷ്യജീവിതത്തിന് രഹസ്യം, പരസ്യം എന്നീ രണ്ട് തലങ്ങളുണ്ട്. മനുഷ്യൻ അരുതായ്മകൾ കൂടുതലും ചെയ്യുന്നത് രഹസ്യ ജീവിതത്തിലാണ്. പരസ്യജീവിതത്തിലെ അരുതായ്മകളെ ഒരു പരിധി വരെ നിയമങ്ങൾകൊണ്ട് തടയാം. എന്നാൽ, രഹസ്യജീവിതത്തിലെ അരുതായ്മകളെ തടയാൻ ഒരു നിയമത്തിനും കഴിയില്ല. അതാണ്, 'ഒരു ജനതയെ ഭരിക്കാൻ ഭരണകൂടത്തിനാവും. എന്നാൽ ഒരു വ്യക്തിയെ ഭരിക്കാൻ ഒരു ഭരണകൂടത്തിനും കഴിയില്ല' എന്ന് പറയപ്പെടാൻ കാരണം.

അതുകൊണ്ടുതന്നെ തന്റെ കർമങ്ങൾക്കനുസരിച്ച് രക്ഷാശിക്ഷകൾ നൽകുന്ന ദൈവത്തെ അറിയൽ മനുഷ്യനെ സംബന്ധിച്ചേടത്തോളം പ്രധാനമാണ്. തന്റെ രഹസ്യജീവിതത്തെയും പരസ്യജീവിതത്തെയും സംസ്കരിക്കാൻ അതിലൂടെയാണ് കഴിയുക.

രഹസ്യജീവിതത്തെ സംസ്്കരിക്കുന്നതിൽ ദൈവബോധത്തിന്റെ പങ്ക് പറയുമ്പോൾ ഖലീഫാ ഉമറിന്റെ കാലത്തെ ഒരു സംഭവമാണോർമ വരുന്നത്: ഒരിക്കൽ, മദീനയിലെ സ്ഥിതിഗതികളറിയാൻ ഖലീഫാ ഉമർ പതിവുപോലെ പുലർച്ചെ തന്നെ പുറത്തിറങ്ങി നടന്നു. ഒരു കുടിലിൽനിന്ന് ഒരു ഉമ്മ മകളോട് വിൽപനക്കുള്ള പാലിൽ വെള്ളം ചേർക്കാൻ ആവശ്യപ്പെടുന്നത് അദ്ദേഹം കേട്ടു. 'ഖലീഫ ഇതറിഞ്ഞാൽ ശിക്ഷ ലഭിക്കും' എന്ന് മകൾ പറഞ്ഞപ്പോൾ ഉമ്മയുടെ ന്യായം: 'ഖലീഫ ഇതെങ്ങനെ അറിയാൻ, അദ്ദേഹം ഇവിടെ ഇല്ലല്ലോ' എന്നായിരുന്നു. 'ഖലീഫ ഇത് കണ്ടില്ലെങ്കിലും ഉമ്മാ, നമ്മെ സൃഷ്ടിച്ച അല്ലാഹു ഇത് കാണുകയില്ലേ?' ഇതായിരുന്നു മകളുടെ ചോദ്യം.

ഖുർആൻ പാഠമനുസരിച്ച് ദൈവത്തെക്കുറിച്ച അറിവ് ശരിയാകുന്നത് ആ അറബി പെൺകുട്ടിക്കുണ്ടായ 'തിരിച്ചറിവ്' ജീവിതത്തെ നയിക്കുമ്പോഴാണ്. വിശുദ്ധ ഖുർആനിലെ ഒന്നാം അധ്യായത്തിൽ തന്നെ ദൈവം 'കാരുണ്യവാൻ' ആണെന്ന് പറയുന്നതോടൊപ്പം 'പ്രതിഫല ദിനത്തിന്റെ ഉടമസ്ഥൻ' ആണെന്ന് പ്രത്യേകം പറയുന്നുണ്ട്. അതിനർഥം, മനുഷ്യൻ ഈ ഭൂമിയിൽ എന്ത് ചെയ്താലും അതൊന്നും പ്രശ്നമാക്കേണ്ടതില്ല എന്ന് തീരുമാനിച്ചിരിക്കുന്ന 'നോക്കുകുത്തി'യല്ല ദൈവം എന്നാണ്. കർമങ്ങൾക്കനുസരിച്ച് രക്ഷാശിക്ഷകൾ നൽകുന്ന വിധികർത്താവാണവൻ. ദൈവത്തെക്കുറിച്ച ഈ തിരിച്ചറിവ് മനുഷ്യ ജീവിതത്തിൽ വളരെ പ്രധാനമാണ്. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 11-15
ടി.കെ ഉബൈദ്‌

ഹദീസ്‌

കച്ചവടം സത്യസന്ധമാവണം
ശൈഖ് ഇബ്‌നു ബാസ്