ബുദ്ധിശാലികളായ ബാലന്മാർ
ഖലീഫാ ഹാറൂൻ റശീദ് തന്റെ മന്ത്രിയുടെ വീട്ടിൽ അതിഥിയായി എത്തിയതായിരുന്നു. മന്ത്രിപുത്രനായ ബാലൻ ഖലീഫക്ക് അഭിവാദ്യങ്ങൾ നേർന്നു ഭവ്യതയോടെ സദസ്സിന്റെ ഒരു ഭാഗത്തിരുന്നു.
ഖലീഫാ ഹാറൂൻ ബാലനോട് ചോദിച്ചു: 'നിന്റെ വീടോ നമ്മുടെ വീടോ നല്ലത്?'
'ഞങ്ങളുടെ വീട്. ' ബാലൻ നിസ്സങ്കോചം പ്രതികരിച്ചു.
ഹാറൂൻ: 'എന്തുകൊണ്ട്?'
ബാലൻ അവധാനതയോടെ പറഞ്ഞു: 'താങ്കൾ ഞങ്ങളുടെ വീട്ടിൽ ഉള്ളതുകൊണ്ട്.'
ബാലന്റെ തൽക്ഷണ ബുദ്ധിയും നർമോക്തിയും ഖലീഫയെ ഏറെ സന്തോഷിപ്പിച്ചു; അവന് കൈനിറയെ സമ്മാനങ്ങൾ നൽകി.
*****
ഖലീഫാ ഹാറൂൻ തന്റെ മകൻ മഅ്മൂനിനെ ഖുർആൻ പഠനത്തിനായി, ഖുർആൻ പാരായണത്തിലും വ്യാകരണ ശാസ്ത്രത്തിലും വിശ്രുതനായ കിസാഇ എന്ന പണ്ഡിതന്റെ അടുത്തേക്ക് അയച്ചു. മഅ്മൂൻ ചെറുപ്പമായിരുന്നെങ്കിലും നല്ല ബുദ്ധിസാമർഥ്യമുണ്ടായിരുന്നു.
മഅ്മൂൻ ഓതിക്കൊണ്ടിരിക്കുമ്പോൾ തലയാട്ടിക്കൊണ്ടിരിക്കുകയും തെറ്റു പറ്റുമ്പോൾ തല ഉയർത്തി നോക്കുകയും ചെയ്യുന്ന അധ്യാപന ശൈലിയായിരുന്നു ഹസ്രത്ത് കിസാഇയുടേത്.
ഒരിക്കൽ മഅ്മൂൻ സൂറഃ അസ്സ്വഫ്ഫിലെ 'ലിമ തഖൂലൂന...' (നിങ്ങൾ എന്തിനാണ് ചെയ്യാത്തത് പറഞ്ഞുകൊണ്ടിരിക്കുന്നത് ...) എന്ന സൂക്തം പാരായണം ചെയ്യുമ്പോൾ ഉസ്താദ് തല ഉയർത്തി അവനെ നോക്കി. അവൻ ആവർത്തിച്ചോതിയപ്പോൾ അദ്ദേഹം മൗനം പാലിച്ചു വീണ്ടും തല കുലുക്കാൻ തുടങ്ങുകയും ചെയ്തു.
വീട്ടിൽ തിരിച്ചെത്തിയ മഅ്മൂൻ പിതാവിനോട് ചോദിച്ചു: 'അബ്ബാ, താങ്കൾ ഉസ്താദിന് എന്തോ വാഗ്ദാനം ചെയ്തിരുന്നുവോ? അത് വീണ്ടും ഓർമിപ്പിക്കുന്നതിൽ ജാള്യതയുള്ള പോലെ തോന്നുന്നു.'
ഖലീഫാ ഹാറൂൻ അൽപനേരം ആലോചിച്ച ശേഷം പറഞ്ഞു: ''അതെ. ഖുർആൻ പാരായണ വിദഗ്ധരായ പണ്ഡിതന്മാർക്ക് സഹായധനം നൽകാമെന്നേറ്റിരുന്നു. അക്കാര്യം ഉസ്താദാണോ നിന്നോട് പറഞ്ഞത്?"
ബാലൻ: 'അല്ല.'
ഹാറൂൻ: 'പിന്നെ നീ എങ്ങനെ അറിഞ്ഞു?'
മഅ്മൂൻ ക്ലാസ്സിൽ സംഭവിച്ചത് വിശദമായി പറഞ്ഞു. തന്റെ പുത്രന്റെ ബുദ്ധികൂർമതയിൽ ഹാറൂൻ അഭിമാന പുളകിതനായി; ആനന്ദാതിരേകത്താൽ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
*****
ഖലീഫാ മുഅ്തസ്വിം ബില്ലാഹി ഒരു ബാലനോട് ചോദിച്ചു: 'എന്റെ മോതിരത്തെക്കാൾ സുന്ദരമായ വല്ലതും കണ്ടിട്ടുണ്ടോ?'
ബാലൻ: 'അതെ, കണ്ടിട്ടുണ്ട്.'
'എന്താണത്?' അയാൾ ആശ്ചര്യത്തോടെ ചോദിച്ചു.
ബാലൻ: 'താങ്കളുടെ വിരൽ.' ബാലന്റെ മറുപടിയിൽ അതീവ സന്തുഷ്ടനായ ഖലീഫ ആ മോതിരം അവന്ന് പാരിതോഷികമായി നൽകി. l
('രോഷൻ സിതാരെ' എന്ന കൃതിയിൽ നിന്ന്.
മൊഴിമാറ്റം: എം.ബി അബ്ദുർറശീദ് അന്തമാൻ)
Comments