കച്ചവടം സത്യസന്ധമാവണം
عَنْ إسْمَاعِيل بن عبيد بن رفاعة عن ابيه عن جده أَنّهُ خَرَجَ مَعَ رَسُول الله صلَّى اللهُ علَيه وسلَّم إلى المُصلَّى، فرَأَى النَّاسَ يَتبايعونَ، فقال: يا مَعشَرَ التُّجارِ ، فاسْتجابُوا لِرسولِ اللهِ صلَّى اللهُ عليه وسلَّمَ ورَفَعُوا أعناقَهمْ وأبْصارَهُمْ إليه فقال: إنَّ التُّجارَ يُبْعَثُونَ يَوْمَ القِيامةِ فُجَّارًا إلّا مَنِ اتَّقَى اللهَ وبَرَّ وصَدَقَ (الترمذي)
ഇസ്മാഈലുബ്‌നു ഉബൈദിബ്‌നി റിഫാഅ തന്റെ പിതാവില്‍നിന്നും പിതാമഹനില്‍നിന്നും ഉദ്ധരിക്കുന്നു: അദ്ദേഹം റസൂലിനോടൊപ്പം നമസ്‌കാര സ്ഥലത്തേക്ക് പുറപ്പെട്ടു. ആളുകള്‍ കച്ചവടം ചെയ്തുകൊണ്ടിരിക്കുന്നത് റസൂല്‍ കണ്ടു. അവരോടായി റസൂല്‍: "ഏയ്, കച്ചവടക്കാരേ!'' കച്ചവടക്കാര്‍ അതു കേട്ട് അവരുടെ കഴുത്തുകളും കണ്ണുകളും ഉയര്‍ത്തി. അപ്പോള്‍ അവിടുന്ന് പറഞ്ഞു: കച്ചവടക്കാര്‍ അന്ത്യദിനത്തില്‍ പാപികളായി ഉയിര്‍ത്തെഴുന്നേൽപിക്കപ്പെടും; അല്ലാഹുവിനെ സൂക്ഷിക്കുകയും പുണ്യപ്രവൃത്തികള്‍ ചെയ്യുകയും സത്യസന്ധത പുലര്‍ത്തുകയും ചെയ്തവരൊഴിച്ച്'' (തിര്‍മിദി).
സത്യസന്ധത കാണിക്കുകയും കളവ് പറയാതിരിക്കുകയും വഞ്ചിക്കാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ കച്ചവടത്തില്‍ ഒരുപാട് നന്മകളും പുണ്യങ്ങളുമുണ്ട്. അത്തരക്കാരുടെ കച്ചവടത്തിന് അല്ലാഹുവിന്റെ പ്രത്യേകമായ അനുഗ്രഹം (ബര്‍ക്കത്ത്) ഉണ്ടാകും. ഒന്നും മറച്ചുവെക്കാതെയും കളവ് പറയാതെയുമാണ് രണ്ട് പേര്‍ കച്ചവടം ചെയ്തതെങ്കില്‍ ഇരുവര്‍ക്കും പുണ്യമുണ്ടെന്നും, മറച്ച് വെച്ചും കള്ളം പറഞ്ഞുമാണ് അത് നടത്തിയതെങ്കില്‍ സകല അനുഗ്രഹങ്ങളും മായ്ക്കപ്പെടുമെന്നും റസൂല്‍ മറ്റൊരിക്കല്‍ ഉണര്‍ത്തിയിട്ടുണ്ട്. സത്യസന്ധത പുലര്‍ത്തുക, ഒന്നും മറച്ചുവെക്കാതെ തുറന്നു പറയുക എന്നീ രണ്ട് കാര്യങ്ങളാണ് ഒരാളെ ആത്യന്തികമായി വിജയിക്കുന്ന കച്ചവടക്കാരനാക്കുക. അല്ലാഹുവിന്റെ സഹായവും അയാൾക്കുണ്ടാകും. വഞ്ചന കാണിക്കുന്നത് അല്ലാഹുവിന്റെ കോപം ക്ഷണിച്ചു വരുത്തും. നാളെ പരലോകത്ത് അല്ലാഹു തിരിഞ്ഞുനോക്കാത്ത മൂന്ന് പേരെക്കുറിച്ച് റസൂല്‍ പറയുന്നുണ്ട്. 'കള്ളസത്യം ചെയ്ത് തന്റെ ചരക്ക് വില്‍ക്കുന്നവന്‍' ആണ് ആ മൂവരില്‍ ഒരാള്‍.
കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്ന ധാരാളം തിരുവചനങ്ങള്‍ കാണാന്‍ കഴിയും. സത്യസന്ധനായ കച്ചവടക്കാരന്‍ നബിമാരുടെയും സ്വിദ്ദീഖുകളുടെയും രക്തസാക്ഷികളുടെയും ഒപ്പമാണ് പരലോകത്ത് ആഗതനാവുക എന്ന് റസൂല്‍ പറഞ്ഞിട്ടുണ്ട്. കച്ചവടക്കാര്‍ പാപികളായി ഹാജറാക്കപ്പെടും എന്നാണ് ഈ ഹദീസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കാരണം, മിക്ക കച്ചവടക്കാരും പലതരത്തില്‍ ചതിച്ചും കള്ളം പറഞ്ഞും ഒക്കെയാണ് കച്ചവടം നടത്തിക്കൊണ്ടു പോകുന്നത്. മറ്റുള്ളവരുടെ സ്വത്ത് അന്യായമായി കൈവശപ്പെടുത്താന്‍ അവര്‍ ആഗ്രഹിക്കുന്നു. അതിനാല്‍, പരലോകത്ത് മോക്ഷം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇടപാടുകളില്‍ അല്ലാഹുവിനെ സൂക്ഷിക്കണം. തന്റെ കച്ചവടച്ചരക്കിനെക്കുറിച്ച് എന്തെങ്കിലും സത്യം ചെയ്ത് പറയുന്നുണ്ടെങ്കില്‍ അത് ഉള്ളതായിരിക്കണം. ഇടപാടുകളിലെ എല്ലാ സംസാരവും ഇതു പോലെ സത്യസന്ധമായിരിക്കണം.
പലര്‍ക്കും കളവ് പറയാനോ ചതിക്കാനോ യാതൊരു മടിയുമില്ല. പരലോകമല്ല, ഇഹലോകമാണ് അവരുടെ പരിഗണനാ വിഷയം. അത് അല്ലാഹുവിന്റെ കോപം ക്ഷണിച്ചു വരുത്തുകയും അന്യായമായി സമ്പാദിച്ചു കൂട്ടിയതിനെ ഒടുവില്‍ നശിപ്പിച്ചുകളയുകയും ചെയ്യുന്നു. അല്ലാഹുവിന്റെ ബര്‍ക്കത്തില്ലെങ്കില്‍ ഖാറൂനിനോളം സമ്പാദിച്ചിട്ട് എന്ത് കാര്യം! അന്യായമായി സമ്പാദിച്ച സ്വര്‍ണവും വെള്ളിയുമൊക്കെ ഉരുക്കി ഒഴിച്ചാണ് അത്തരം അധര്‍മികളെ ശക്ഷിക്കുക എന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. l
(ശൈഖ് ഇബ്‌നു ബാസിന്റെ ഫത്്വയില്‍നിന്ന്)
Comments