Prabodhanm Weekly

Pages

Search

2023 ജൂൺ 23

3307

1444 ദുൽഹജ്ജ് 04

ഉര്‍ദുഗാനോടുള്ള  കലിപ്പ് തീരുന്നില്ല

റഹ്്മാന്‍  മധുരക്കുഴി

പാശ്ചാത്യ മാധ്യമങ്ങളെയും കമാലിസ്റ്റ് പക്ഷപാതികളെയും വിസ്മയിപ്പിച്ചും നിരാശപ്പെടുത്തിയും ഉര്‍ദുഗാന്‍ നേടിയ ഐതിഹാസിക വിജയം ഈ ശക്തികളെ തെല്ലൊന്നുമല്ല അരിശം പിടിപ്പിക്കുന്നത്. പ്രശ്‌നങ്ങളും വീഴ്ചകളും ഉണ്ടായിട്ടും ഉര്‍ദുഗാനെ തുര്‍ക്കി ജനത വീണ്ടും തോളിലേറ്റിയത് ഭരണസ്ഥിരതയും നാടിന്റെ സാംസ്‌കാരിക പൈതൃക സംരക്ഷണവും സന്തുലിത വിദേശനയവും അദ്ദേഹത്തിന്റെ കൈകളില്‍ ഭദ്രമാണെന്ന ശുഭപ്രതീക്ഷ കൊണ്ടാണ്.
വിവിധ പാര്‍ട്ടികളെ ഒന്നിച്ചു നിര്‍ത്തി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി, ജനകീയ മുന്നണി രൂപവത്കരിച്ച് ഗോദയിലിറങ്ങുന്ന പതിവ് തെരഞ്ഞെടുപ്പ് തന്ത്രത്തെ 'കൂടുതല്‍ പാര്‍ട്ടികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും തന്റെ സഖ്യത്തിലേക്ക് കൊണ്ടുവന്നു'  (ജനയുഗം മുഖപ്രസംഗം, 1-6-2023) എന്നാണ് ആരോപിക്കുന്നത്. വിവിധ പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യത്തിലൂടെ ജനകീയ മുന്നണി രൂപവത്കരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്നോട്ടു വന്ന ഉര്‍ദുഗാനെ, ജനാധിപത്യത്തിന് പുല്ലു വില കല്‍പിച്ച് ഏക പാര്‍ട്ടി സ്വേഛാധിപത്യ-സമഗ്രാധിപത്യം അരക്കിട്ടുറപ്പിച്ച കമ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ക്ക് ഹല്ലേലൂയ പാടുന്ന ഇവിടത്തെ കമാലിസ്റ്റ് പക്ഷപാതി കമ്യൂണിസ്റ്റ് പാർട്ടികൾ കല്ലെറിയുന്നത് കാപട്യമല്ലാതെ മറ്റെന്താണ്?
ഉര്‍ദുഗാന്‍ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലൊരിക്കലും വര്‍ഗീയതയോ അന്യമത വിദ്വേഷമോ ഇളക്കിവിട്ട് വോട്ട് നേടാന്‍ ശ്രമിച്ചതായി വിശ്വാസയോഗ്യമായ ആരോപണങ്ങളുണ്ടായിട്ടില്ല. എന്നാല്‍, അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിജയത്തില്‍ വിറളിപൂണ്ട കമാലിസ്റ്റ് പക്ഷപാതികളായ ചിലരുടെ പത്ര മാധ്യമമായ ജനയുഗം, പരമത വിദ്വേഷവും വംശഹത്യാ പ്രയോഗവും കൈമുതലാക്കി തെരഞ്ഞെടുപ്പ് വിജയം കൊയ്യാൻ തീവ്രയത്‌നം നടത്തുന്ന മോദീ സര്‍ക്കാറിനോട് തുലനം ചെയ്തുകൊണ്ട് അച്ച് നിരത്തിയതിങ്ങനെ: ''കപട ദേശീയതയും മത ധ്രുവീകരണവും ഉറപ്പിക്കുന്നതിനുള്ള വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും തന്ത്രങ്ങള്‍ തുര്‍ക്കിയില്‍ 'എര്‍ദോഗന്‍' നല്ലതു പോലെ പ്രയോഗിച്ചു. ഇതേ തന്ത്രങ്ങള്‍ നെറികെട്ട രീതിയില്‍ പയറ്റുന്ന ഭരണാധികാരികളുള്ള രാജ്യമാണ് നമ്മുടേത്'' (ജനയുഗം, മുഖപ്രസംഗം, 1-6-2023).
പരാജയപ്പെട്ടതിലെ നൈരാശ്യം ഇഷ്ടമില്ലാത്തവരെ തെറി പറഞ്ഞ് ലഘൂകരിക്കാന്‍ ശ്രമിക്കുന്ന മലിന സംസ്‌കാരത്തിന്റെ നിദര്‍ശനമാണ് ജനയുഗത്തിലെ വരികള്‍.


സുല്‍ത്താന്‍ വീടല്ല, സുറുമയിട്ട കണ്ണുകള്‍

'ചന്ദ്രിക നവതിയുടെ നിറവില്‍' എന്ന ശീര്‍ഷകത്തില്‍ (പ്രബോധനം 2023 ജൂണ്‍ 09) പ്രസിദ്ധീകരിച്ച പി.കെ ജമാലിന്റെ ലേഖനത്തില്‍ പി.എ മുഹമ്മദ് കോയയുടെ 'സുല്‍ത്താന്‍ വീട്' എന്ന നോവല്‍ വന്നത് ചന്ദ്രിക ആഴ്ചപ്പതിപ്പിലാണെന്ന പരാമര്‍ശം ശരിയല്ല. 'സുല്‍ത്താന്‍ വീട്' പ്രസിദ്ധീകരിച്ചത് 'ദേശാഭിമാനി' വാരികയിലായിരുന്നു. ജമാഅത്തെ ഇസ്്‌ലാമി കേരള സെക്രട്ടറിയും പ്രബോധനം മാനേജറുമായിരുന്ന അബ്ദുല്‍ അഹദ് തങ്ങള്‍ താല്‍പര്യപൂര്‍വം വായിച്ചിരുന്ന നോവലായിരുന്നു അത്. അക്കാലത്ത് 'പ്രബോധന'ത്തിലായിരുന്ന ഈ കുറിപ്പുകാരന് തങ്ങള്‍ വായിച്ച ശേഷമേ ദേശാഭിമാനി വാരിക കിട്ടാറുണ്ടായിരുന്നുള്ളൂ. മുശ്ത്താഖ് എന്ന പേരില്‍ സ്‌പോര്‍ട്‌സ് കോളം കൂടി ചെയ്യാറുണ്ടായിരുന്നു പി.എ. ചന്ദ്രികയില്‍നിന്ന് വ ിട്ടുനിന്നിരുന്ന ഇടക്കാലത്താണ് ആ നോവല്‍ ദേശാഭിമാനിയില്‍ വന്നതെന്ന് ഓര്‍ക്കുന്നു.
ചന്ദ്രിക വാരികയില്‍ പി.എ എഴുതിയിരുന്ന നോവല്‍ 'സുറുമയിട്ട കണ്ണുകള്‍' ആണ്. അറബിക്കല്യാണം പ്രമേയമായി വന്ന ആദ്യ നോവലാണ് അതെന്ന് തോന്നുന്നു. 'മുശാജറത്തുമാ' തുടങ്ങിയ പല അറബി സ്ലാങ്ങുകളും നോവലിസ്റ്റ് അതില്‍ പ്രയോഗിച്ചതായി കാണാം. പ ി.എ ചന്ദ്രികയിലുണ്ടായിരുന്ന കാലത്തും അദ്ദേഹത്തിന്റെ മികച്ച ചെറുകഥകള്‍ വന്നിരുന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ്. സുഡാനീ നോവലിസ്റ്റ് ത്വയ്യിബ് സ്വാലിഹിന്റെ ' ഉർസുസ്സൈന്‍' എന്ന സൃഷ്ടിയോട് സാമ്യം പുലര്‍ത്തുന്ന 'പോത്ത്' എന്ന മികച്ച കഥ ഇപ്പോഴും സ്മരണയില്‍നിന്ന് മാഞ്ഞുപോയിട്ടില്ല.

വി.എ കബീര്‍ കോഴിക്കോട്‌

 

വളരെ പ്രസക്തമായ  വിദ്യാഭ്യാസ നിർദേശങ്ങൾ

പ്രബോധനം ലക്കം 3304-ലെ 'വിദ്യാഭ്യാസം: സമുദായം നേടിയതും നേടേണ്ടതും' എന്ന ഡോ. ബദീഉസ്സമാന്റെ ലേഖനം ശ്രദ്ധേയമായ നിരീക്ഷണങ്ങളാണ് പങ്കുവെച്ചത്. വിദ്യാഭ്യാസത്തിന് സമൂഹം ചെലവഴിക്കുന്ന ഭീമമായ സംഖ്യക്കനുസൃതമായ ഫലം ലഭിക്കുന്നില്ല എന്നത് വസ്തുതയാണ്. ചെലവഴിക്കുന്നതിലെ മുൻഗണനാ പ്രശ്നം തന്നെയാണ് പ്രധാന വില്ലൻ. പ്രാഥമിക മദ്റസ മുതൽ കോളേജുകളിൽ വരെ എത്ര കുറഞ്ഞ നിരക്കിൽ ജീവനക്കാരെ കിട്ടും എന്നതിലാണ് ശ്രദ്ധ. കാലാനുസൃതമായ വേതനം ലഭിക്കാത്ത ജീവനക്കാരിൽനിന്ന് ആത്മാർഥ സേവനം പ്രതീക്ഷിക്കുന്നത് നിരർഥകമാണ്.
വഖ്ഫ് പാരമ്പര്യം തിരിച്ചുപിടിക്കുക എന്നത് വളരെ സുപ്രധാനമാണ്. നിലവിലെ പല സ്ഥാപനങ്ങളും പഴയ കാലത്ത് ലഭിച്ച വഖ്ഫിന്റെ ബലത്തിൽ പ്രവർത്തിക്കുന്നവയാണ്. പുതിയ കാലത്ത് പുതിയ വഖ്ഫുകൾ ഉണ്ടാവുന്നില്ല. സമുദായത്തിന്റെ മൊത്തത്തിലും, സ്ഥാപന നടത്തിപ്പുകാരുടെ പ്രത്യേകിച്ചും ശ്രദ്ധ പതിയേണ്ട വളരെ പ്രസക്തമായ കാര്യങ്ങളാണ്  ലേഖനം മുന്നോട്ടുവെക്കുന്നത്. 

വി.ടി സൂപ്പി നിടുവാൽ, കുറ്റ്യാടി

മക്കൾക്കു വേണ്ടി, നാടിനു വേണ്ടി ജാഗ്രത്താവുക

സ്കൂളുകൾ തുറന്നു. സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയ ഇനി നിർബാധം വിഹരിച്ചുകൊണ്ടിരിക്കും. മദ്യമായും മയക്കുമരുന്നായും ലഹരിയുടെ കരാളഹസ്തം പുതു തലമുറയിലേക്ക് ഒഴുകിപ്പരക്കുന്ന ഭയാനക കാഴ്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. കുട്ടികൾക്ക് ലഹരിയെത്തിക്കുന്ന സംഘങ്ങൾ നിർഭയം വിലസുകയാണ്. ഈ സാമൂഹിക വിപത്തിന്റെ അന്തകവിത്തുകളെ പിഴുതെറിയാനുള്ള ജാഗ്രതയിലായിരിക്കണം രക്ഷിതാക്കൾ ഓരോരുത്തരും. നമ്മുടെ നിയമങ്ങളും ഭരണകൂടങ്ങളുമാണ് ലഹരിമാഫിയകൾ സമൂഹത്തിൽ വിളഞ്ഞാടാൻ പ്രചോദനമെന്ന് പറയേണ്ടിവരും. ഒട്ടുമിക്ക രാജ്യങ്ങളിലും മയക്കുമരുന്ന് മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കൊടിയ നിയമങ്ങളാണ് നടപ്പാക്കുന്നത്. കാരണം, തലമുറകളെത്തന്നെ നശിപ്പിക്കുന്നതും രാജ്യത്തെ തന്നെയും പരാജയത്തിന്റെ പടുകുഴിയിലേക്കെത്തിക്കുന്നതുമാണ് ലഹരിയെന്ന മഹാ വിപത്ത്.
അധികാരോന്മത്തതയിൽ ജനങ്ങളെ ചൂഷണം ചെയ്തു ജീവിക്കുന്ന ഭരണകർത്താക്കൾക്ക് വേണ്ടത് മദ്യത്തിന്റെയും ലഹരിയുടെയും ഉന്മാദത്തിൽ തളക്കപ്പെട്ട ഒരു തലമുറയെ തന്നെയായിരിക്കും.  എങ്കിലവർക്ക് തോന്നിയപോലെ ഭരണം നടത്താമല്ലോ. നമ്മുടെ നാടുകളിൽ മയക്കുമരുന്ന് വിൽപനക്ക് പിടിക്കപ്പെട്ട ആളുകൾ അതേ കേസിൽ വീണ്ടും പിടിക്കപ്പെടുന്നത് എന്തുകൊണ്ടാണ് ? കാരണം വ്യക്തം: ആദ്യ പ്രാവശ്യം പിടിക്കപ്പെട്ടപ്പോൾ ഇനിയത് ആവർത്തിക്കാത്ത രൂപത്തിൽ   ഭയം ജനിപ്പിക്കുന്ന ശിക്ഷയൊന്നും അവർക്ക് കിട്ടുന്നില്ല എന്നത് തന്നെ. മയക്കുമരുന്ന് മാഫിയാ സംഘങ്ങളെ സമൂഹത്തിന് മാതൃകയാകും വിധം സമൂഹ മധ്യത്തിൽ എല്ലാവരും കാണേ നിർദാക്ഷിണ്യം ശിക്ഷിക്കണം. ഇനിയൊരാൾ ചെയ്യാൻ ധൈര്യപ്പെടാത്തവിധം ശിക്ഷിക്കപ്പെട്ടാലേ ഈ കൊടും സാമൂഹിക വിപത്തിനെ അൽപമെങ്കിലും പിടിച്ചുകെട്ടാൻ സാധിക്കൂ.
സമൂഹം തികഞ്ഞ ജാഗ്രത പാലിച്ചില്ലെങ്കിൽ നമ്മുടെ മക്കൾ  കൈവിട്ടുപോകും.  ഈ വിപത്തിനെ പിടിച്ചുകെട്ടാൻ നിയമങ്ങൾ മതിയാകാതെ വരുന്നെങ്കിൽ സാമൂഹിക കോടതികൾ ഉയർന്നുവരേണ്ടിവരും. എന്ത് വിലകൊടുത്തും മയക്കുമരുന്നുകളെയും, അതിന്റെ പ്രചാരകരായ മാഫിയാ സംഘങ്ങളെയും പിടിച്ചുകെട്ടിയേ മതിയാകൂ.

ഉസാമ അബ്ദുൽ റസാഖ് 
കാവുങ്ങൽ, മലപ്പുറം

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 11-15
ടി.കെ ഉബൈദ്‌

ഹദീസ്‌

കച്ചവടം സത്യസന്ധമാവണം
ശൈഖ് ഇബ്‌നു ബാസ്