Prabodhanm Weekly

Pages

Search

2023 ജൂൺ 23

3307

1444 ദുൽഹജ്ജ് 04

സഖാവേ, നീ പൂക്കുന്നിടത്തല്ല വസന്തം; ഉന്നത വിദ്യാഭ്യാസ രം​ഗത്തെ ഇടതു മോഡലുകൾക്ക് പറയാനുള്ളത്

കെ.എം ഷെഫ്റിൻ (ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ്)

'സഖാവേ, നീ പൂക്കുന്നിടത്താണ് വസന്തം' എന്നത് എസ്.എഫ്.ഐയുടെ കാൽപ്പനിക കലാലയ മുദ്രാവാക്യങ്ങളിലൊന്നാണ്.  പൊതു വിദ്യാഭ്യാസ രം​ഗത്ത് മുൻപന്തിയിൽ നിൽക്കുന്നു എന്ന് മേനി നടിക്കുന്ന കേരളത്തിലെ കുത്തഴിഞ്ഞ ഉന്നത വിദ്യാഭ്യാസ രം​ഗത്തെ  സൂചിപ്പിക്കുന്ന  പ്രയോ​ഗമായും അതിനെ കാണാവുന്നതാണ്. ഉന്നത വിദ്യാഭ്യാസ രം​ഗത്തെ അധ്യാപക-അനധ്യാപക-വി.സി നിയമനങ്ങളിലും സംവരണ വ്യവസ്ഥകൾ പാലിക്കപ്പെടുന്നതിലുമൊക്കെ വസന്തം കാണണമെങ്കിൽ സഖാക്കൾ തന്നെ പൂക്കണമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. സാമാന്യം ഉയർന്ന നിലവാരം പുലർത്തുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രം​ഗം ഒരേസമയം തുല്യ നീതിയുടെ കാര്യത്തിലും (Equity) ​ഗുണ നിലവാരത്തിന്റെ കാര്യത്തിലും (Quality) പിന്നാക്കം നിൽക്കുന്നത് എന്തുകൊണ്ട് എന്നത് നമ്മെ ഏറെ ചിന്തിപ്പിക്കേണ്ട കാര്യമാണ്.

2023 ജൂൺ അഞ്ചിനാണ് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയ നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിം വർക്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത്.  അതിൽ കേരളത്തിൽനിന്ന് മുന്നിൽ നിൽക്കുന്നത്, ഓവറോൾ റാങ്കിങ്ങിൽ 47-ാം സ്ഥാനം നേടിയ കേരള സർവകലാശാലയാണ്. ആദ്യത്തെ 40 റാങ്കുകളിൽ പോലും കേരളത്തിലെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനവും വന്നില്ല എന്നുള്ളത് ഗൗരവമായി പരിശോധിക്കപ്പെടണം. യൂനിവേഴ്സിറ്റി തല റാങ്കിങ്ങിൽ കേരള യൂനിവേഴ്സിറ്റി 24-ാം സ്ഥാനത്താണ്. കേരളത്തിലെ  മറ്റു യൂനിവേഴ്സിറ്റികളുടെ സ്ഥാനം പട്ടികയിൽ പിന്നെയും പിറകിലാണ്. കേരള മോഡൽ മാത്രമാണ് യഥാർഥ ബദൽ എന്ന വാദം നിരന്തരം ഉന്നയിക്കുന്ന ഇടതുപക്ഷം ഭരിക്കുമ്പോൾ എന്തുകൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖല  ഇത്ര ദയനീയ നിലയിലേക്ക് പതിച്ചു എന്ന് പരിശോധിക്കുമ്പോഴാണ്, എസ്.എഫ്.ഐയുടെയും ഇടതുപക്ഷ അധ്യാപക-അനധ്യാപക സംഘടനാ മുന്നണികളുടെയും നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന അക്കാദമിക രം​ഗത്തെ ചുവപ്പ് വത്കരണത്തിന്റെ ഭീകരത പുറത്തുവരുന്നത്.  

ഉന്നത വിദ്യാഭ്യാസ രം​ഗവും പാർട്ടി സെല്ലുകളും

ഉന്നത വിദ്യാഭ്യാസ രം​ഗത്തെ മുച്ചൂടും ഭരിച്ചുകൊണ്ടിരിക്കുന്ന പാർട്ടി സെല്ലുകളെ കേരളം വീണ്ടും ചർച്ച ചെയ്യുന്നത്, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പരീക്ഷ എഴുതാതെ പാസ്സായി എന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ്. ആർഷോയുടെ സുഹൃത്തും എസ്.എഫ്.ഐ മുൻ കാലടി സർവകലാശാലാ യൂനിയൻ ജനറൽ സെക്രട്ടറിയുമായ കെ. വിദ്യക്കെതിരെയും, വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകി സർക്കാർ കോളേജുകളിൽ അസിസ്റ്റന്റ് പ്രഫസർ ജോലി സമ്പാദിച്ച പരാതി ഇതേ സന്ദർഭത്തിൽ ഉയർന്നുവന്നു. വിദ്യക്കെതിരെ ഉയർന്ന ആരോപണത്തെ ശരിവെച്ചുകൊണ്ട് മഹാരാജാസ് കോളേജ് പ്രിൻസിപ്പലും  വ്യാജ രേഖ ചമച്ചതിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസിന് പരാതി നൽകി.  മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർഥിനിയായ വിദ്യ, 2018 മുതൽ 2021 വരെ മഹാരാജാസ് കോളേജിൽ താൽക്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് തരപ്പെടുത്തിയത്. പ്രിൻസിപ്പലിന്റെ ഒപ്പും സീലും ഉൾപ്പെടുത്തി ഉണ്ടാക്കിയെടുത്ത സർട്ടിഫിക്കറ്റിന്റെ പകർപ്പാണ് വിദ്യ പാലക്കാട് അട്ടപ്പാടി ഗവ. കോളേജിലെ താൽക്കാലിക അധ്യാപക നിയമനത്തിന് ഹാജരാക്കിയത്. സംശയം തോന്നിയ അധ്യാപകർ മഹാരാജാസ് കോളേജിൽ വിവരം അറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്. കാസർകോട് കരിന്തളം ഗവൺമെന്റ് കോളേജിൽ ഗസ്റ്റ് ലക്ചററായി വിദ്യ ജോലിനേടിയതും  ഇതേ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചായിരുന്നുവെന്നാണ് കരിന്തളം ഗവൺമെന്റ് കോളേജ് അധികൃതരുടെ വെളിപ്പെടുത്തൽ. വിദ്യയുടെ പി.എച്ച്.ഡി പ്രവേശനവും യോഗ്യത ഇല്ലാതെ നേടിയതാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.

2019-20 കാലഘട്ടത്തിൽ കാലടി സർവകലാശാലയിലെ മലയാള വിഭാഗം പി.എച്ച്.ഡി  പ്രവേശനത്തിൽ 10 സീറ്റുകളായിരുന്നു നോട്ടിഫൈ ചെയ്തിരുന്നത്. റിസർച്ച് കമ്മിറ്റി 10 സീറ്റുകളിലേക്ക് ഗവേഷകരെ തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ, നോട്ടിഫൈ ചെയ്ത സീറ്റുകൾക്ക് പുറമെ വിദ്യ അടക്കം 5 പേരെ കൂടി അധികമായി പരിഗണിക്കാൻ റിസർച്ച് കമ്മിറ്റി ശിപാർശ നൽകി. ഇത്തരത്തിൽ അഞ്ച് പേരെ പരിഗണിക്കുമ്പോൾ അവസാനത്തെ സീറ്റുകൾ SC/ST സംവരണ സീറ്റ് ആവേണ്ടതാണ്. എന്നാൽ, സംവരണ മാനദണ്ഡം പാലിക്കാതെ വിദ്യയെ പതിനഞ്ചാമതായി കമ്മിറ്റി ഉൾപ്പെടുത്തി. ജെ.ആർ.എഫ് ഇല്ലാതിരുന്ന വിദ്യക്ക് അവിടെ മാനദണ്ഡങ്ങൾ ലംഘിച്ച് അഡ്മിഷൻ നൽകുന്നു.

സർവകലാശാലയുടെ എസ്.സി /എസ് .ടി സെൽ മുമ്പാകെ മറ്റു വിദ്യാർഥികൾ പരാതി സമർപ്പിക്കുകയും സെൽ തെളിവെടുപ്പ് നടത്തി, സംവരണ തത്ത്വം അട്ടിമറിച്ച് തന്നെയാണ് വിദ്യയ്ക്ക് പ്രവേശനം നൽകിയതെന്നും വൈസ് ചാൻസലറുടെ ഓഫീസ് ഇടപെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് നൽകി. ആ റിപ്പോർട്ട് വൈസ് ചാൻസലർ തള്ളി.  ഇത്തരക്കാർ തങ്ങൾക്ക് ലഭിക്കുന്ന അധികാരം  സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുക വഴി നമ്മുടെ അക്കാദമിക് സമൂഹത്തിന്റെ നേരും നെറിയും ഗുണമേന്മയുമാണ് ഇല്ലാതെയാക്കുന്നത്. ഇത്തരം പ്രതിലോമകരമായ രാഷ്ട്രീയം തന്നെയാണ് എസ്.എഫ്.ഐ കേരളത്തിലെ കലാലയങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്നത്.

ഏതാനും വർഷങ്ങൾക്ക് മുമ്പാണ് തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകർ പരസ്പരം കത്തിക്കുത്ത് നടത്തുകയും ആ കേസിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ പി.എസ്.സി പരീക്ഷയിൽ നടക്കുന്ന വലിയ തട്ടിപ്പുകൾ പുറത്തുവരികയും ചെയ്തത്. കേരളത്തിലെ പൊതു സമൂഹം വളരെ വിശ്വസ്തതയോടെ കാണുന്ന പി.എസ്.സി സംവിധാനം വരെ സംഘടനാ താൽപര്യങ്ങൾക്ക് എസ്.എഫ്.ഐ അട്ടിമറിക്കുന്ന കാഴ്ച കേരളം ഞെട്ടലോടെയാണ് കണ്ടത്. കുത്ത് കേസിലെ ഒന്നാം പ്രതിയായ ശിവ രഞ്ജിത്ത് കേരള പി.എസ്.സി സിവിൽ പോലീസ് ഓഫീസർ പരീക്ഷയിൽ ഒന്നാം റാങ്കും, മറ്റൊരു എസ്.എഫ്.ഐ പ്രവർത്തകൻ പ്രണവ് രണ്ടാം റാങ്കും, കുത്ത്കേസിലെ രണ്ടാം പ്രതി നസീം 27-ാം റാങ്കും നേടി. പി.എസ്.സി നടത്തിയ അന്വേഷണത്തിലൂടെ അല്ല ഈ തട്ടിപ്പ് പുറത്തുവരുന്നത്. വർഷങ്ങൾ ചെലവഴിച്ചു വലിയ അധ്വാന പരിശ്രമങ്ങൾ നടത്തി പി.എസ്.സി പരീക്ഷക്ക് തയാറെടുക്കുന്ന കേരളത്തിലെ യുവ സമൂഹത്തെയാണ് എസ്.എഫ്.ഐ  വഞ്ചിച്ചുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിലെ മാത്രം കഴിഞ്ഞ പത്ത് വർഷത്തെ എസ്.എഫ്.ഐ നേതാക്കളെ എടുത്തു പരിശോധിക്കുക. അവരിൽ പലരും ഇപ്പോൾ ഗവൺമെൻറ് സർവീസിലാണുള്ളത് എന്നത് ഈ തട്ടിപ്പിന്റെ ആഴം വ്യക്തമാക്കുന്നു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് എസ്.എഫ്.ഐയും ഇടതുപക്ഷ അധ്യാപക സംഘടനകളായ എ.കെ.ജി.സി.ടി.എ, എ.കെ.പി.സി.ടി.എ എന്നിവയും തമ്മിലുള്ള കൂട്ടുകച്ചവടമാണ് നടക്കുന്നത്. അർഹരെ വെട്ടിമാറ്റുകയും അനർഹരെ തിരുകിക്കയറ്റുകയും അതിനായി ഔദ്യോഗിക സംവിധാനങ്ങൾ  അട്ടിമറിക്കുകയും ചെയ്യുന്നു. മുൻ എസ്.എഫ്.ഐ നേതാക്കളെയും സി.പി.എം നേതാക്കളുടെ ഭാര്യമാരെയും സർവകലാശാലകളിൽ തിരുകിക്കയറ്റിയ പരാതികൾ നിരവധിയാണ്.

മന്ത്രി പി. രാജീവിന്റെ ഭാര്യ വാണി കേസരിയെ കുസാറ്റ് ലീഗൽ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറായി അനധികൃതമായി നിയമിച്ചത് യു.ജി.സി റെഗുലേഷൻ പ്രകാരമുള്ള യോഗ്യത ഇല്ലാത്ത സെലക്്ഷൻ കമ്മിറ്റി വഴിയാണ്. ഇതിനെതിരെ മറ്റൊരു ഉദ്യോ​ഗാർഥിയായിരുന്ന ഡോ. സോണിയ ദാസ് സമർപ്പിച്ച പരാതിയിൽ വാണിയുടെ നിയമനത്തെ അനുകൂലിച്ചായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി. വാണിക്ക് അനുഭവ പരിചയം കൂടുതൽ ഉണ്ടെന്നും സെലക്്ഷൻ കമ്മിറ്റിക്കെതിരെ ആരും പരാതി ഉന്നയിച്ചിട്ടില്ലെന്നുമുള്ള വിചിത്ര വാദമാണ് കോടതിയിൽനിന്നുണ്ടായത്. മുൻ സ്പീക്കറും തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രിയുമായ എം.പി രാജേഷിന്റെ ഭാര്യ നിനിത കനിച്ചേരിയെ സംസ്കൃത സർവകലാശാലയിൽ മലയാളം അസിസ്റ്റൻറ് പ്രഫസറായി നിയമിക്കാൻ റാങ്ക്പട്ടിക തന്നെ അട്ടിമറിച്ചു എന്നാണ് മറ്റൊരു ആരോപണം. നിയമസഭാ സ്പീക്കറും മുൻ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുമായ എ.എൻ ഷംസീറിന്റെ ഭാര്യ പി.എം സഹലയെ കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസറായി നിയമിക്കാൻ റാങ്ക് ലിസ്റ്റും സർവകലാശാലാ വിജ്ഞാപനവും തിരുത്തിയെന്നതായിരുന്നു മറ്റൊരു വിവാദം. കരാർ നിയമനങ്ങൾക്ക് സംവരണം നടപ്പാക്കിയിട്ടില്ലാത്ത കണ്ണൂർ സർവകലാശാലയിൽ ഷംസീറിന്റെ ഭാര്യക്ക് വേണ്ടി പ്രത്യേകമായി സംവരണം നൽകുകയുണ്ടായി. റാങ്ക്ലിസ്റ്റും സർവകലാശാലാ വിജ്ഞാപനവും തിരുത്തിയാണ് തലശ്ശേരി എം.എൽ.എയുടെ ഭാര്യയെ സർവകലാശാല നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടി ഒന്നാം റാങ്കുകാരിയായ ഡോ. എം.പി ബിന്ദു ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തിരിമറി വെളിച്ചത്തായത്. ഒടുവിൽ സഹലയുടെ നിയമനം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി വിധി പുറപ്പെടുവിച്ചതോടെയാണ് സഖാക്കളുടെ ന്യായീകരണങ്ങൾക്ക് ഫുൾ സ്റ്റോപ്പ് ഇടേണ്ടി വന്നത്.

മുൻ എസ്.എഫ്.ഐ ദേശീയ നേതാവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ മതിയായ യോഗ്യതയില്ലാതിരുന്നിട്ടും ഒന്നാം റാങ്ക് നൽകി കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസറായി നിയമിക്കാൻ നോക്കിയതാണ് അനധികൃത നിയമനങ്ങളിലെ മറ്റൊരു എപ്പിസോഡ്. ജോസഫ് സ്കറിയ പരാതിയുമായി കോടതിയെ സമീപിച്ചതോടെ ആ നിയമനവും പാളിപ്പോവുകയാണുണ്ടായത്. യു.ജി.സി മാനദണ്ഡപ്രകാരമുള്ള മതിയായ അധ്യാപന പരിചയം ഇല്ല, ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാവില്ല എന്നീ കാര്യങ്ങൾ വ്യക്തമാക്കി  പ്രിയ വർ​ഗീസിനെ അയോ​ഗ്യയായി പ്രഖ്യാപിക്കുകയായിരുന്നു ഹൈക്കോടതി.

എസ്.എഫ്.ഐ മുൻ ദേശീയ പ്രസിഡന്റ്  പി.കെ ബിജുവിന്റെ ഭാര്യ വിജി വിജയനെ കേരള സർവകലാശാലയിൽ ബയോകെമിസ്ട്രി വകുപ്പിൽ അസിസ്റ്റന്റ് പ്രഫസറായി നിയമിച്ചത് ഉയർന്ന യോഗ്യതയും നെറ്റും ഉൾപ്പെടെയുള്ള നൂറോളം പേരെ തഴഞ്ഞായിരുന്നു. 

നിരന്തരമായ നിയമ പോരാട്ടത്തിലൂടെയും ആർ.ടി.ഐ സമർപ്പിച്ചും മറ്റും പുറത്തുവന്ന  എസ്.എഫ്.ഐ-സി.പി.എം നേതാക്കളുടെയും അവരുടെ ഭാര്യമാരുടെയും അനധികൃത നിയമനങ്ങളിൽ ചുരുക്കം ചിലത് മാത്രമാണ് മുകളിൽ സൂചിപ്പിച്ചത്. ഇനിയും പുറത്തുവരാത്ത അനധികൃത നിയമനങ്ങൾ  ഒരുപാടുണ്ട്.  ഇതു കൂടാതെ സഖാക്കൾക്കും ഭാര്യമാർക്കും പി.എച്ച്.ഡിയും ഫെല്ലോഷിപ്പും നൽകുന്ന പരിപാടിയും സർവകലാശാലകളിൽ ഉണ്ട്.  മുൻ എസ്.എഫ്.ഐ നേതാവ് ചിന്താ ജെറോമിന്റെ പി.എച്ച്.ഡി ഒക്കെ ഈ ​ഗണത്തിൽ പെടുത്താവുന്നത്ര നിലവാരം കുറഞ്ഞതും മറ്റാരോ എഴുതിത്തയാറാക്കിയതാണെന്ന വാദത്തെ ശരിവെക്കുന്നതുമാണ്. അതുമായി ബന്ധപ്പെട്ട് സർവകലാശാല അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചതല്ലാതെ പിന്നീട് ഒരു വിവരവുമില്ല.

എസ്.എഫ്.ഐ കൊടി പിടിച്ചു എന്ന ഒറ്റക്കാരണത്താൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനർഹരെ തിരുകിക്കയറ്റിയും  ഉന്നത കലാലയങ്ങളിൽ പാർട്ടി നിയമനം നടത്തിയുമാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അക്കാദമിക് ഫാഷിസം ഇടതുപക്ഷം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. തട്ടിപ്പ് ഇപ്പോൾ പിടിച്ചില്ലായിരുന്നെങ്കിൽ ഭാവിയിൽ ഏതെങ്കിലും സർവകലാശാലയുടെ വൈസ് ചാൻസലർ സ്ഥാനത്ത് നമുക്ക് കെ. വിദ്യയെയും കാണാൻ സാധിച്ചേനെ.

സംവരണ അട്ടിമറിയുടെ കേരള മാതൃക

ഉന്നത വിദ്യാഭ്യാസ രം​ഗത്ത് നിലനിൽക്കുന്ന സ്ഥാപനവത്കൃത ജാതി വിവേചനങ്ങളെയും പുറംതള്ളലിനെയും ഒരു പരിധി വരെ പ്രതിരോധിച്ചു നിർത്തുന്നത് പാർശ്വവത്കൃത വിഭാ​ഗങ്ങൾക്ക് വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്ന സംവരണമാണ്. ഉന്നത വിദ്യാഭ്യാസ രം​ഗത്തെ ഉൾക്കൊള്ളൽ പ്രക്രിയയെ (Inclusive Process In Higher Education) നിരന്തരം അട്ടിമറിക്കുന്ന കാഴ്ചയാണ് കേരളത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലെ സർവകലാശാലകളിൽ വേരുറപ്പിച്ച സംവരണ വിരുദ്ധ മാഫിയയെ കുറിച്ച് നേരത്തെ കാലിക്കറ്റ് യൂനിവേഴ്സിറ്റി ചരിത്ര വിഭാ​ഗം അധ്യാപകൻ ഡോ. കെ.എസ് മാധവൻ തുറന്നുപറഞ്ഞതിനെതിരെ ഒരു വിഭാ​ഗം അധ്യാപകർ രം​ഗത്ത് വന്നിരുന്നു. ഈ സംവരണ വിരുദ്ധ മാഫിയയുടെ പ്രവർത്തനത്തെ ശരിവെക്കുന്നതായിരുന്നു ഇപ്പോൾ കെ. വിദ്യയുടെ പി.എച്ച്.ഡി പ്രവേശനവുമായി ബന്ധപ്പെട്ട് സർവകലാശാലാ എസ്.സി-എസ്.ടി സെൽ പുറത്തുവിട്ട റിപ്പോർട്ട്. പുരോ​ഗമനത്തെക്കുറിച്ചും നവോത്ഥാനത്തെക്കുറിച്ചും സംസാരിക്കുന്ന സുനിൽ പി. ഇളയിടം പോലുള്ള ഇടത് സൈദ്ധാന്തികർ കൂടി ഉൾപ്പെട്ട കമ്മിറ്റിയാണ് ഈ പച്ചയായ സംവരണ അട്ടിമറിക്ക് കൂട്ട് നിന്നിട്ടുള്ളത്.

കേരളത്തിലെ സർവകലാശാലകളിലെ അധ്യാപന നിയമനങ്ങളിൽ നിലനിൽക്കുന്ന നി​ഗൂഢത പലപ്പോഴും സംവരണ അട്ടിമറിയിലേക്കും നിഷേധത്തിലേക്കും വഴിവെക്കുന്നുണ്ട്. സർവകലാശാലകളിൽ മൊത്തമായും, ഓരോ പഠന വകുപ്പുകളിലും സവിശേഷമായും വരുന്ന സംവരണ/പൊതു തസ്തികകൾ നേരത്തെ കണക്കാക്കി നിയമന ക്രമ പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന യു.ജി.സി നിർദേശം കേരളത്തിലെ ഒരു സർവകലാശാലയും പൂർണമായും പാലിക്കാറില്ല. അധ്യാപന നിയമനത്തിലെ ഈ സുതാര്യതക്കുറവ് സംവരണ വിഭാ​ഗത്തിൽ അധ്യാപക തസ്​തികകളിൽ സാമുദായിക സംവരണം പാലിക്കാതെ നിയമനം നടത്തുക, സംവരണ തസ്തികയിലെ നഷ്ടം നികത്താതെ പൊതു വിഭാ​ഗത്തെ പരി​ഗണിക്കുക, സംവരണ വിഭാ​ഗത്തിലുള്ളവർക്ക് പൊതു വിഭാ​ഗത്തിൽ സംവരണം അനുവദിക്കാതിരിക്കുക, സംവരണ ക്രമ പട്ടികയിൽ മാറ്റവും തിരുത്തലും വരുത്തുക തുടങ്ങിയ പ്രത്യക്ഷവും പരോക്ഷവുമായ സംവരണ അട്ടിമറിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതിനു പുറമെയാണ് സംവരണീയ വിഭാ​ഗത്തിലല്ലാത്തവർക്ക് സംവരണം നൽകിക്കൊണ്ടുള്ള നടപടിക്രമങ്ങളും നടക്കുന്നത്. കേരളത്തിലെ ഒട്ടു മിക്ക സർവകലാശാലകൾക്കും നേതൃത്വം നൽകുന്ന ഇടതുപക്ഷ സിൻഡിക്കേറ്റാണ് ഇതിന് ചുക്കാൻ പിടിക്കുന്നതെന്നും ചേർത്തു വായിക്കേണ്ടതുണ്ട്.

സംവരണ അട്ടിമറിയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു കാലിക്കറ്റ് സർവകലാശാലയിലെ സംവരണ വിരുദ്ധ നിയമനങ്ങൾ റദ്ദാക്കിയ മെയ് 19-ലെ സുപ്രീം കോടതി ഉത്തരവ്. കഴിഞ്ഞ വർഷം നടത്തിയ 59 അസിസ്റ്റന്റ് പ്രഫസർമാരിൽ 29 പേർ ഊഴം തെറ്റിയാണ് നിയമിക്കപ്പെട്ടതെന്ന് സിൻഡിക്കേറ്റം​ഗം ഡോ. റഷീദ് വി.സിക്ക് പരാതി നൽകിയതിനെ തുടർന്നാണ്, അവസരം നഷ്ടപ്പെട്ട ഉദ്യോ​ഗാർഥികൾ കോടതിയെ സമീപിച്ചത്. ഭിന്നശേഷി സംവരണത്തിനായി റൊട്ടേഷനിൽ പുതിയ ടേണുകൾ സൃഷ്ടിച്ചാണ് സംവരണം അട്ടിമറിച്ചതെന്നാണ് പരാതി. രണ്ട് ഒഴിവുകളുണ്ടായ ജേണലിസം ഡിപ്പാർട്ട്മെന്റിൽ രണ്ടാം റാങ്കുണ്ടായിട്ടും ഈഴവ സംവരണത്തിൽ നിയമനം ലഭിക്കാതിരുന്ന ‍ഡോ. അനുപമക്ക് നിയമനം നൽകാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിടുകയായിരുന്നു. ഇതിനെതിരെ യൂനിവേഴ്സിറ്റി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അവിടെയും തിരിച്ചടി നേരിട്ടു. അംഗപരിമിതരുടെ സംവരണം ഹൊറസോണ്ടലായി നടപ്പാക്കണമെന്ന സുപ്രീം കോടതിയുടെ നിർദേശം പാലിക്കാത്തതാണ് സാമുദായിക സംവരണം തെറ്റാൻ കാരണമെന്ന ഡിവിഷൻ ബെഞ്ചിന്റെ കണ്ടെത്തലിനെ ശരിവെക്കുകയായിരുന്നു സുപ്രീം കോടതിയും. സി.പി.എമ്മിന് താൽപര്യമുള്ള ഉദ്യോ​ഗാർഥികളെ തിരുകിക്കയറ്റാൻ സംവരണ ക്രമത്തെ പുനർനിർണയിച്ചു എന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് ഈ കോടതി വിധികൾ. കേരളത്തിലെ മുഴുവൻ സർവകലാശാലകളിലെയും അധ്യാപക നിയമനത്തിലെയും പി.എച്ച്.ഡി പ്രവേശനത്തിലെയും സംവരണ ക്രമത്തെക്കുറിച്ചും റൊട്ടേഷനെക്കുറിച്ചും നിയമിക്കപ്പെട്ടവരെക്കുറിച്ചും സമ​ഗ്രമായ അന്വേഷണം നടത്തിയാൽ മാത്രമേ സംവരണ അട്ടിമറികളുടെ ഉള്ളുകളികൾ കൂടുതൽ വെളിച്ചത്ത് കൊണ്ടു വരാൻ കഴിയൂ.

കാമ്പസ് കുത്തകയുടെ വ്യാജ നിർമിതികൾ

ഈ അടുത്താണ് തിരുവനന്തപുരം, കാട്ടാക്കട്ട ക്രിസ്ത്യൻ കോളേജിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ അനഘയെ മാറ്റി എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി വൈശാഖിനെ യു.യു.സിയായി തിരുകിക്കയറ്റി യൂനിവേഴ്സിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചത് വിവാദമായത്. യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാനായി വൈശാഖിനെ മത്സരിപ്പിക്കുക എന്ന എസ്.എഫ്.ഐയുടെ ലക്ഷ്യം ലിസ്റ്റ് വിവാദത്തിലായതോടെ പൊളിയുകയായിരുന്നു. ഇതിനെത്തുടർന്ന് സർവകലാശാലാ അന്വേഷണ കമ്മീഷൻ നിയമിക്കുകയും യു.യു.സിമാരുടെ ലിസ്റ്റ് പരിശോധിക്കുകയും ചെയ്തപ്പോൾ 39 അനധികൃത യു.യു.സിമാരെയാണ് എസ്.എഫ്.ഐ ഇത്തരത്തിൽ തിരുകിക്കയറ്റിയതായി കണ്ടെത്തിയിട്ടുള്ളത്. കേരളത്തിലെ സർവകലാശാലകളിലെ യൂനിവേഴ്സിറ്റി യൂനിയനുകളുടെ കുത്തക എസ്.എഫ്.ഐ നിലനിർത്തിപ്പോരുന്നത് എങ്ങനെയാണ് എന്നതിന്റെ കൃത്യമായ ഉത്തരമാണ് ഇതിലൂടെ പുറത്തു വന്നിരിക്കുന്നത്. സ്വന്തമായി യു.യു.സിമാരെ തിരുകിക്കയറ്റുക മാത്രമല്ല, ഇടതുപക്ഷ അധ്യാപക-അനധ്യാപക സഹായത്തോടെ മറ്റു സംഘടനകളുടെ യു.യു.സി മാരെ ലിസ്റ്റിൽനിന്ന് ഒഴിവാക്കുന്ന പണിയും മറുവശത്ത് നടക്കുന്നുണ്ട്. കാലിക്കറ്റ് സർവകലാശാലാ യൂനിയൻ തെരഞ്ഞെടുപ്പിൽ ഫ്രറ്റേണിറ്റി - എം.എസ്.എഫുകാരായ 25 യു.യു.സിമാരെയാണ് വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയത്. അവസാനം, ഹൈക്കോടതിയിൽ നിന്ന് അനുകൂലമായ വിധി സമ്പാദിച്ചാണ് ഈ 25 പേരും വോട്ടവകാശം നേടി ഇലക്്ഷൻ പ്രക്രിയയിൽ പങ്കാളികളായത്.

കേരളത്തിലെ കാമ്പസുകളിൽ വർഷങ്ങളായി എസ്.എഫ്.ഐ നടത്തിക്കൊണ്ടിരിക്കുന്ന ഏകാധിപത്യ-സ്റ്റാലിനിസ്റ്റ് നടപടികളുടെ തുടർച്ചയായിട്ടാണ് ഇതിനെയും കാണാൻ സാധിക്കുക. 

ഒരു തരത്തിലും മാർക്സിസ്റ്റ് സിദ്ധാന്തത്തിന്റെ വരണ്ട ലോകത്ത് ഈ വിദ്യാർഥികളെ തളച്ചിടാൻ കഴിയാത്തതുകൊണ്ടാണ് പുതിയ കാലത്ത് എസ്.എഫ്.ഐ സ്വതന്ത്ര ലൈം​ഗിക വാദമുൾപ്പെടെയുള്ള മസാല കാമ്പസ് കാൽപനികതയിലേക്ക് മാറുന്നത്. ഇവർ മുന്നോട്ടുവെക്കുന്ന മോബ് കൾച്ചർ (താൽക്കാലിക ആവശ്യത്തിനായി കൂട്ടം കൂടുന്നവർ) കാരണമാണ് കാമ്പസുകളിൽ എസ്.എഫ്.ഐയുടെ കൂടെ ചേർന്നുനിൽക്കുന്ന ഭൂരിഭാഗം വിദ്യാർഥികളും കാമ്പസിന് ശേഷം ഇടതുപക്ഷത്തോടൊപ്പം ചേരുന്നില്ല എന്നതിന്റെ പ്രധാന കാരണം. കേരളത്തിലെ രാഷ്ട്രീയ രംഗത്തും സാംസ്കാരിക രംഗത്തും ഇടതുപക്ഷത്തിന് വലിയ ആധിപത്യം ഉണ്ടെങ്കിലും സാമൂഹിക രംഗത്തെ നിർണായക ഘടകമായ കേരളത്തിലെ മതസംഘടനകളെയും സമുദായങ്ങളുടെ രാഷ്ട്രീയത്തെയും അവർ മുഖവിലക്കെടുക്കാറില്ല എന്നത് തന്നെയാണ് ഇടത് രാഷ്ട്രീയത്തിന്റെ പ്രധാന പരിമിതി.  മത സമൂഹങ്ങളും വ്യത്യസ്ത ജാതി സമുദായങ്ങളും മുന്നോട്ടുവെക്കുന്ന സാമൂഹിക സങ്കൽപത്തെയും  കേരളീയ സാമൂഹിക മണ്ഡലത്തിൽ അവർ ഉയർത്തുന്ന രാഷ്ട്രീയ ചോദ്യങ്ങളെയും തീവ്രവാദം, സ്വത്വവാദം തുടങ്ങിയ പരികൽപനകൾകൊണ്ട് മാത്രം വിവക്ഷിക്കാനുള്ള സാമൂഹിക ബോധമേ ഇന്നും എസ്.എഫ്.ഐക്കും ഇടതുപക്ഷത്തിനുമുള്ളൂ എന്നതാണ് വസ്തുത. സാമൂഹിക രംഗത്ത് കേരളത്തിലെ മത സമൂഹങ്ങൾക്കുള്ള ആധിപത്യവും, അവർ മുന്നോട്ടു വെക്കുന്ന മൂല്യ വ്യവസ്ഥയും തകർക്കുക എന്നത് എന്തോ പുരോ​ഗമന വിപ്ലവമാണെന്ന നവ-ലിബറൽ ബോധത്തെ  സ്വീകരിച്ചതുകൊണ്ടാണ് ഒരേസമയം മത ധാർമികതയെ മോശമായി കാണാനും,  എന്നാൽ സ്വതന്ത്ര ലൈം​ഗികത അടക്കമുള്ള നവ-ലിബറൽ കാഴ്ചപ്പാടുകളെ പുൽകാനും എസ്.എഫ്.ഐക്ക് കഴിയുന്നത്. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 11-15
ടി.കെ ഉബൈദ്‌

ഹദീസ്‌

കച്ചവടം സത്യസന്ധമാവണം
ശൈഖ് ഇബ്‌നു ബാസ്