രാജ്യദ്രോഹം: കരിനിയമം മരവിച്ചു തന്നെ കിടക്കട്ടെ
2022-ല്‍ ചീഫ് ജസ്റ്റിസ് എം.വി രമണ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് മരവിപ്പിച്ച രാജ്യദ്രോഹ കുറ്റത്തിനുള്ള ശിക്ഷ അനുശാസിക്കുന്ന ഐ.പി.സി 124 എ വകുപ്പ് പുനഃസ്ഥാപിക്കണമെന്ന് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിരിക്കുകയാണ് കേന്ദ്ര നിയമ കമ്മീഷന്‍. പ്രസ്തുത വകുപ്പ് റദ്ദാക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതക്കും സുരക്ഷക്കും ദോഷം ചെയ്യുമെന്നാണ് കര്‍ണാടക ഹൈക്കോടതിയുടെ മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് റിതുരാജ് അശ്വതി അധ്യക്ഷനും മുന്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി ശങ്കരൻ, ഡോ. ആനന്ദ് പള്ളിവാവ എന്നിവര്‍ അംഗങ്ങളുമായുള്ള നിയമ കമ്മീഷന്റെ അഭിപ്രായം. വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ട കൊളോണിയല്‍ നിയമമാണതെന്ന് ചൂണ്ടിക്കാട്ടിയാണ് 124-എ വകുപ്പ് മരവിപ്പിക്കാന്‍ ജസ്റ്റിസ് രമണ ബെഞ്ച് ഉത്തരവിട്ടത്.
ബ്രിട്ടീഷ് കോളനി വാഴ്ചക്കെതിരെ ശബ്ദമുയര്‍ത്തുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വരെ വിധിക്കാവുന്ന 124 വകുപ്പ് 1870-ലാണ് ബ്രിട്ടീഷ് ഭരണാധികാരികള്‍ ഐ.പി.സിയോട് കൂട്ടിച്ചേര്‍ത്തത്. സ്വാതന്ത്ര്യസമര സേനാനികളെ പിടികൂടി നിഷ്ഠുരമായി ശിക്ഷിക്കാന്‍ ദുരുപയോഗപ്പെടുത്തിയ ഈ കരിനിയമം പക്ഷേ, സ്വതന്ത്ര ഇന്ത്യയിലും റദ്ദാക്കപ്പെടുകയുണ്ടായില്ല. മാത്രമല്ല, സര്‍ക്കാരിനെ ന്യായമായ കാരണങ്ങളാല്‍ വിമര്‍ശിക്കുന്നവരെയും ജനാധിപത്യത്തിന്റെ മൗലികാവകാശമായ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഭരണകര്‍ത്താക്കളുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ ഉപയോഗിക്കുന്നവരെയും പിടികൂടി ജീവപര്യന്തമടക്കം തടവിലിടാനും രാജ്യദ്രോഹ വിരുദ്ധ നിമയം ദുരുപയോഗിക്കപ്പെട്ടു. രാജ്യരക്ഷക്കോ രാജ്യതാല്‍പര്യങ്ങള്‍ക്കോ വിപരീതമായി പ്രവര്‍ത്തിക്കുന്നവരെയും വിഘടനവാദം ഉയര്‍ത്തുന്നവരെയും പിടികൂടി ജാമ്യം പോലും നിഷേധിച്ചു കടുത്ത ശിക്ഷ നല്‍കാന്‍ ഭരണകൂടങ്ങള്‍ക്ക് അധികാരം നല്‍കുന്ന യു.എ.പി.എ പ്രാബല്യത്തിലിരിക്കുമ്പോള്‍ തന്നെയാണ് 'രാജ്യദ്രോഹം' കുറ്റകരമാകുന്ന ഐ.പി.സി വകുപ്പും നിലനിര്‍ത്തിപ്പോന്നത്. എത്രയോ നിരപരാധികളുടെ സ്വൈര ജീവിതത്തിനുള്ള ജന്മാവകാശം നിഷേധിക്കാന്‍ Sedition വിരുദ്ധ നിയമം ഭരണകൂടങ്ങള്‍ ഉപയോഗിച്ച ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുൻ ചീഫ് ജസ്റ്റിസ് രമണ അധ്യക്ഷനായ ബെഞ്ച് പ്രസ്തുത വകുപ്പ് മരവിപ്പിക്കാന്‍ നിര്‍ബന്ധിതമായത്.
പക്ഷേ, ശക്തിയുടെയും ബലപ്രയോഗത്തിന്റെയും ഭാഷമാത്രം വഴങ്ങുന്ന നരേന്ദ്ര മോദി-അമിത് ഷാ നയിക്കുന്ന ഹിന്ദുത്വ സര്‍ക്കാരിന് പരമോന്നത വിധിയുടെ തീരുമാനം പൊറുക്കാവുന്നതിലപ്പുറമായിരുന്നു. അതിനാലാണ് തങ്ങള്‍ക്ക് സ്വീകാര്യരായ മുന്‍ ന്യായാധിപന്മാരുടെ ഒരു നിയമ കമ്മീഷനെ നിശ്ചയിച്ച് 'രാജ്യദ്രോഹ' വിരുദ്ധ നിയമം പുനഃസ്ഥാപിക്കാനുള്ള ശിപാര്‍ശയുടെ വഴി തുറന്നത്. സുപ്രീം കോടതി ചൂണ്ടിക്കാട്ടിയ കാരണങ്ങളെ അഡ്രസ്സ് ചെയ്‌തെന്ന് വരുത്താന്‍ നിയമ കമ്മീഷന്‍ പൊടിക്കൈകള്‍ പ്രയോഗിച്ചത് കൗതുകകരമാണ്. നിയമപരമായ മാര്‍ഗങ്ങളിലൂടെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോട് വിയോജിക്കുന്നത് രാജ്യദ്രോഹക്കുറ്റമല്ല. പൊതുക്രമം തകര്‍ക്കുന്നതിനോ കലാപമുണ്ടാക്കുന്നതിനോ ഉള്ള പ്രവണതയോടെ ഇങ്ങനെ ചെയ്യുന്നതാണ് രാജ്യദ്രോഹം എന്നുകൂടി കൂട്ടിച്ചേര്‍ക്കാനാണ് കമ്മീഷന്റെ ശിപാര്‍ശ. പക്ഷേ, സര്‍ക്കാരിനെയോ സര്‍ക്കാരിന്റെ ഏതെങ്കിലും പ്രത്യേക നടപടിയെയോ എതിര്‍ക്കുന്നത് വെറും വിയോജിപ്പാണോ, സര്‍ക്കാരിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണോ എന്ന് തീരുമാനിക്കേണ്ടത് ആരാണ്? അത് സാദാ പോലീസുകാരനായിരുന്നാല്‍ പോരാ, ഇന്‍സ്‌പെക്ടറില്‍ താഴെയല്ലാത്ത പോലീസ് ഉദ്യോഗസ്ഥന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേണം എന്ന് നിയമ കമ്മീഷന്‍ ഉപാധി വെക്കുന്നു. അത്യുന്നത പോലീസ് മേധാവി ഡി.ജി.പി വരെ പക്ഷപാതപരമായും സര്‍ക്കാരിനെ സുഖിപ്പിക്കുന്ന രീതിയിലും നടപടികള്‍ സ്വീകരിക്കുന്ന ദുരനുഭവങ്ങളുള്ള ഈ രാജ്യത്ത് നിയമ കമ്മീഷന്‍ നിര്‍ദേശിച്ച ഭേദഗതികൊണ്ട് എന്തു ഫലം? കേന്ദ്രവും മുഖ്യ സംസ്ഥാനങ്ങളില്‍ പലതും ഭരിക്കുന്ന ഹിന്ദുത്വ ശക്തികള്‍ പോലീസിനെയും എക്‌സിക്യൂട്ടീവിനെയും പിടിയിലൊതുക്കിയതുകൊണ്ട് മതിയാക്കാതെ ജുഡീഷ്യറിയെപ്പോലും സ്വാധീനിക്കാന്‍ ആസൂത്രിതമായി നീങ്ങുന്ന നിലവിലെ സാഹചര്യത്തില്‍ നിയമ കമ്മീഷന്‍ നിര്‍ദേശിച്ച ഭേദഗതികള്‍ വെറും നോക്കുകുത്തിയാവുകയേ ചെയ്യൂ. നിയമാനുസൃതം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തെ നിഷ്‌കാസനം ചെയ്യാന്‍ ഹിംസാത്മകവും നിയമവിരുദ്ധവും ഭരണഘടനാ ബാഹ്യവുമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെയാണ് രാജ്യദ്രോഹ വിരുദ്ധ നിയമം ലക്ഷ്യം വെക്കുന്നതെന്ന് നിയമ കമ്മീഷന്‍ പറയുന്നു.
പക്ഷേ, രാജ്യത്തിനെതിരായ യുദ്ധം ചെയ്യല്‍ എന്ന പദപ്രയോഗമടക്കം ഉള്‍ച്ചേര്‍ന്നതാണ് നിലവിലെ യു.എ.പി.എ. അതുപയോഗിച്ചാണ് ഹിന്ദു വർഗീയ സംഘടനകളെ വിമര്‍ശിച്ച കുറ്റത്തിന് അബ്ദുന്നാസര്‍ മഅ്ദനിയടക്കമുള്ളവരെ പതിറ്റാണ്ടിലധികമായി വിചാരണപോലും പൂര്‍ത്തിയാക്കാതെ ബംഗളൂരുവിലെ അഗ്രഹാര ജയിലില്‍ പാര്‍പ്പിച്ചത് എന്നോര്‍ക്കുമ്പോള്‍ നിയമ കമ്മീഷന്‍ നിര്‍ദേശിക്കുന്ന ഭേദഗതികളൊന്നും ഒരു ഫലവും ചെയ്യില്ല എന്നുറപ്പ്. പൗരത്വ നിയമ ഭേദഗതി എന്ന കരിനിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച ഉമര്‍ ഖാലിദിനെ പോലുള്ള യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്ക് ജാമ്യം പോലും അനുവദിക്കാതെ തടവറകളില്‍ കഴിയേണ്ടി വരുന്നതും അമിതാധികാര പ്രമത്തരായ അധികാരികളുടെ കൈകളില്‍ രാജ്യദ്രോഹ വിരുദ്ധ നിയമം എവ്വിധം ദുര്‍വിനിയോഗം ചെയ്യപ്പെടും എന്ന് തെളിയിക്കുന്നു. സുപ്രീം കോടതി മരവിപ്പിച്ച രാജ്യദ്രോഹ വിരുദ്ധ നിയമമായ 124-എ വകുപ്പ് അനുശാസിക്കുന്ന മൂന്നു വര്‍ഷത്തെ തടവുശിക്ഷ ഏഴ് വര്‍ഷമായി വര്‍ധിപ്പിക്കണമെന്ന് കൂടി നിയമ കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്. ഫാഷിസ്റ്റ് സ്വഭാവം ഇതിനകം തുറന്ന് പ്രകടിപ്പിച്ചു കഴിഞ്ഞ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇത്തരം കരിനിയമങ്ങള്‍ വളരെക്കൂടുതല്‍ പ്രയോഗിക്കുന്നത് നിസ്സഹായരായ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെയാണെന്ന് സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. തങ്ങൾക്കു വേണ്ടി വാദിക്കാനും, നിരപരാധിത്വം കോടതികള്‍ മുഖേന തെളിയിക്കാനും യോഗ്യരായ അഭിഭാഷകരെ ഏര്‍പ്പെടുത്താന്‍ പോലും ശേഷിയില്ലാത്തവരാണ് ഇന്ന് രാജ്യരക്ഷയുടെയും സമാധാന ഭഞ്ജനത്തിന്റെയും പേരില്‍ പിടികൂടപ്പെട്ടവരില്‍ വലിയ വിഭാഗം. ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനുമെല്ലാം വിരുദ്ധമാണ് ഐ.പി.സി 124-എ വകുപ്പും തത്തുല്യമായ രാക്ഷസീയ നിയമങ്ങളും.
ഇന്ത്യയിലെ ശതക്കണക്കിന് വാര്‍ത്താ ചാനലുകളില്‍ മുസ്്ലിം ന്യൂനപക്ഷത്തിന്റെ ഉടമസ്ഥതയിലുള്ള ഒരേയൊരു ന്യൂസ് ചാനലായ മീഡിയാ വണ്ണിനെ ഗളഛേദം ചെയ്യാന്‍ രാജ്യസുരക്ഷക്കുള്ള ഭീഷണിയാണ് മോദിസര്‍ക്കാര്‍ കവചമായി ഉപയോഗിച്ചതെന്നോര്‍ക്കുക. ചാനല്‍ സംപ്രേഷണമാരംഭിച്ചത് മുതല്‍ ഇതഃപര്യന്തം സര്‍ക്കാര്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ മുഖേന ശേഖരിച്ച പൊള്ളയായ റിപ്പോര്‍ട്ടുകളും രേഖകളുമാണ് സീല്‍ ചെയ്ത കവറില്‍ കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ മുമ്പില്‍ സമര്‍പ്പിച്ചതെന്ന് രാജ്യം കണ്ടു. ആ രേഖകളുടെ പാപ്പരത്തം ചീഫ് ജസ്റ്റിസ് ചരിത്രവിധിന്യായത്തിലൂടെ പുറത്ത് കൊണ്ടുവരികയും ചെയ്തു. സര്‍ക്കാറിന്റെ ഏത് നടപടിയെയും ന്യായീകരിക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണ് മാധ്യമങ്ങളെന്ന് വരുത്തിത്തീര്‍ക്കുന്നതിലെ ഭരണഘടനാ ലംഘനവും ജനാധിപത്യ വിരുദ്ധതയും തുറന്നു കാണിക്കുകയും ചെയ്തു. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുകയും അത് തിരുത്തുന്നതിന് പകരം പൂര്‍വാധികം കര്‍ക്കശമാകുന്ന നിലപാട് സര്‍ക്കാര്‍ തുടരുകയും ചെയ്യുന്നേടത്തോളം കാലം രാജ്യദ്രോഹത്തിന് കഠിന ശിക്ഷ ഉറപ്പുവരുത്തുന്ന ഐ.പി.സി 124 എ വകുപ്പ് പരമോന്നത കോടതി പുനഃസ്ഥാപിക്കാന്‍ സന്നദ്ധമാവരുത്; ആ ദിശയിലുള്ള നിയമ നിര്‍മാണത്തിന് പാര്‍ലമെന്റ് കൂട്ടുനില്‍ക്കുകയും ചെയ്യരുത് എന്നാണ് ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാരായ എല്ലാ നിയമ വിദഗ്ധരുടെയും രാജ്യസ്‌നേഹികളുടെയും ആവശ്യം. കോളനി വാഴ്ചക്കാലത്തെ നിയമമാണെന്ന കാരണത്താല്‍ രാജ്യദ്രോഹ വിരുദ്ധ നിയമം റദ്ദാക്കാമെന്നു വെച്ചാല്‍, സ്വതന്ത്ര ഇന്ത്യയിലെ നിയമങ്ങളില്‍ മിക്കതും ബ്രിട്ടീഷിന്ത്യയിലെ നിയമങ്ങളാണെന്നും അതൊക്കെ റദ്ദാക്കേണ്ടി വരുമെന്നും അഭിപ്രായപ്പെടുന്നു നിയമ കമ്മീഷന്‍. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന കോളനി വാഴ്ചക്കാരുടെ നയം തുടരുന്നേടത്തോളം ജനാധിപത്യ സര്‍ക്കാറിനെക്കുറിച്ച രാജ്യസ്‌നേഹികളുടെ ആശങ്കയും അവശേഷിക്കുക തന്നെ ചെയ്യും എന്നാണ് മറുപടി. l
Comments