ഹാജർ - സ്വബ്റിലേക്ക് ഹിജ്റ ചെയ്ത് ഇതിഹാസങ്ങളിലേക്ക് നടന്നവൾ
പൊള്ളുന്ന മരുഭൂമി. നാല് ഭാഗവും മലകളാൽ ചുറ്റപ്പെട്ട വന്ധ്യമായ താഴ്‌വര. ജലമില്ല. ജനവാസം തീരെയില്ല. ഇറാഖിൽനിന്ന് കാൽനടയായി വന്ന ഇബ്‌റാഹീമും ഹാജറും അവരുടെ കൈക്കുഞ്ഞും സ്വഫാ കുന്നിന്റെ താഴെ സർഖാ മരത്തിന്റെ ഇത്തിരിത്തണലിൽ ഇരിക്കുന്നു. ഏറെ നേരം ചിന്തയിലാണ്ട് പെട്ടെന്ന് ഒന്നും മിണ്ടാതെ ഇബ്റാഹീം എഴുന്നേറ്റ് തിരികെ നടക്കുകയാണ്. ഹാജർ അമ്പരന്നു പോയി. പൊടുന്നനെ എവിടെ നിന്നോ വന്നൊരു ഉദ്വേഗത്താൽ ഇബ്റാഹീമിന്റെ പിറകെയോടി ഹാജർ നിൽക്കാനാവശ്യപ്പെടുന്നു. ചരിത്രം വിറങ്ങലിച്ചു പോയൊരു സംഭാഷണം അവിടെ തുടങ്ങുകയാണ്:
“താങ്കൾ പോവുകയാണോ?”
ഇബ്്റാഹീം മിണ്ടുന്നില്ല.
“എങ്ങോട്ടാണ് പോവുന്നത്?”
ഒരു തിരിഞ്ഞു നോട്ടം പോലുമുണ്ടായില്ല.
“ഞങ്ങളെ ഈ മരുക്കാട്ടിൽ ഉപേക്ഷിച്ചു പോവുന്നത് അല്ലാഹു കൽപിച്ചിട്ടാണോ?”
തല ഉയർത്താതെ, ഇടർച്ചയോടെ ഇബ്റാഹീം ഒരൊറ്റ വാക്ക് മാത്രം പറഞ്ഞു: “അതെ.”
“എങ്കിൽ താങ്കൾ പോവുക. ഞങ്ങളുടെ കൂടെ അല്ലാഹുവുണ്ട്. ഭരമേൽപിക്കാൻ അവനെക്കാൾ നന്നായി വേറെയാരുമില്ലല്ലോ."
പിന്നീട് ചോദ്യങ്ങളോ ഉത്തരങ്ങളോ ഇല്ല. ഇബ്റാഹീം മുന്നോട്ട് യാത്ര തുടർന്നു. ഹാജര്‍ കരളുറപ്പോടെ തിരിച്ചുനടന്നു. ആ തിരിഞ്ഞുനടത്തം കുഞ്ഞു ഇസ്മാഈലിനടുത്തേക്ക് മാത്രമായിരുന്നില്ല. ചരിത്രം പാടിപ്പറഞ്ഞ ഇതിഹാസങ്ങളിലേക്ക് കൂടിയായിരുന്നു.
ഇബ്റാഹീമി(അ)ന്റെ രണ്ടാം പത്നിയായിരുന്നു ഹാജർ. ചരിത്രം അവരെ അടിമസ്ത്രീയായാണ് രേഖപ്പെടുത്തുന്നത്. ആദ്യ പത്നി സാറയിൽ കുഞ്ഞുങ്ങളുണ്ടാവാതിരുന്നപ്പോഴാണ് ഇബ്റാഹീം ഹാജറിനെ ജീവിതത്തിലേക്ക് കൂട്ടിയത്. ഇസ്മാഈലിന് മാസങ്ങൾ മാത്രം പ്രായമായിരിക്കെ അവർ മക്കയിലേക്ക് തിരിക്കുകയും ചെയ്തു. ഹാജർ എന്ന വാക്കിൽ ഹിജ്‌റ ചെയ്തവൾ എന്ന ധ്വനിയുണ്ട്. പക്ഷേ, ഹാജർ ചെയ്ത ഹിജ്‌റ കേവലം നാടും വീടും ഉപേക്ഷിക്കലായിരുന്നില്ല. മറിച്ച്, തന്റെ സ്വപ്നങ്ങളിൽനിന്നുള്ള പലായനമായിരുന്നു. സ്ത്രീയെന്ന നിലക്കുള്ള തന്റെ മോഹങ്ങളെയെല്ലാം പരിത്യജിക്കലായിരുന്നു. അക്ഷരാർഥത്തിൽ ഹാജർ സർവം വെടിഞ്ഞവളാണ്. അവളുടെ വിരഹത്തെ വിശ്വാസവും വിവേകവും പൊരുതിത്തോൽപിച്ചു.
ഇബ്റാഹീം (അ) മണൽക്കാട്ടിൽ വിട്ടേച്ചു പോകുമ്പോൾ ഹാജറിന്റെ കൈയിലുള്ളത് ഇത്തിരി കാരക്കയും ഒരു തോൾസഞ്ചിയിൽ ഇറ്റ് വെള്ളവും മുലകുടി മാറാത്തൊരു പിഞ്ചുകുഞ്ഞും മാത്രമാണ്. എങ്ങനെ അതിജീവിക്കും എന്നതിന് യുക്തിപരമായ ഒരുത്തരവും ഇല്ല. വിശ്വാസം മനുഷ്യനെ കരുത്തനാക്കുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഹാജർ. അവർ പതറിയില്ല. ആശയറ്റ് നിലവിളിച്ചില്ല. തന്റെ പ്രിയതമനെ തീയിൽ തണുപ്പിച്ചവന് സാധ്യമല്ലാത്തതായി എന്താണുള്ളത്?
ഇസ്മാഈൽ വിശന്നു കരയാൻ തുടങ്ങി. ഹാജറിന്റെ മാറിടം ആ കഠിനമായ ചൂടിൽ പാൽ ചുരത്താനാവാത്ത വിധം വരണ്ടുപോയിരിന്നു. പിഞ്ചു പൈതലിന്റെ കരച്ചിൽ കേൾക്കെ ആ ഉമ്മ പരിഭ്രാന്തയായി. ഏതോ ഒരുൾപ്രേരണയാൽ അവൾ സ്വഫാ കുന്നിലേക്ക് ഓടിക്കയറുന്നു. ചുറ്റും ആരെങ്കിലുമുണ്ടോ എന്ന് നോക്കി. ആരുമില്ല. നിരാശ മാത്രം. പ്രതീക്ഷയോടെ ഹാജർ എതിർവശത്തുള്ള മർവയിലേക്ക് ഓടുന്നു. പക്ഷേ, അവിടെയും ഒരു തുള്ളി വെള്ളമോ ആൾപാർപ്പിന്റെ അടയാളമോ കാണുന്നില്ല. സ്വഫായിലേക്കും മർവയിലേക്കുമായി ആ മാതാവ് ഏഴു വട്ടമാണ് ഓടിയത്. കുഞ്ഞിന്റെ ജീവൻ നിലനിർത്താനുള്ള ഒരു ഉമ്മയുടെ ഓട്ടമാണത്. ഒരു പ്രതീക്ഷക്കും വകയില്ലെന്ന് ബുദ്ധി പറയുമ്പോഴും അല്ലാഹു കൂടെയുണ്ടെന്ന് വിശ്വസിച്ചവളുടെ പാച്ചിൽ.
മനസ്സ് തകർന്ന് തിരികെ കുഞ്ഞിനടുത്തേക്ക് മടങ്ങിയെത്തിയ ഹാജർ കാണുന്നത് അവന്റെ കുഞ്ഞിക്കാലിനടിയിൽനിന്ന് ഒരുറവ പൊട്ടിയൊലിക്കുന്നതാണ്. അസാധ്യമായ ഒന്ന് സംഭവിച്ചിരിക്കുന്നു. വിശ്വാസം പ്രകൃതി നിയമങ്ങളെ കീഴടക്കിയിരിക്കുന്നു. ഹാജറിന്റെ മാറിടം വറ്റിവരണ്ടു പോയപ്പോൾ സ്വഫായും മർവയും മാറിടങ്ങളാവും പോലെ. ഉറവ നിലക്കാതെ ഒഴുകാൻ തുടങ്ങി. “സംസം, അടങ്ങൂ” എന്ന് ഹാജർ കൽപ്പിച്ചു. അനുസരണയുള്ളൊരു കുട്ടിയെപ്പോലെ വെള്ളം അടങ്ങി. ഇസ്മാഈൽ ആ പുണ്യതീർഥം നുണഞ്ഞു.
കുഞ്ഞിന് വിശന്നപ്പോൾ വെപ്രാളപ്പെട്ട് ഹാജർ ഓടിയ ഓട്ടം അതിശ്രേഷ്ഠമായ ഇബാദത്തായി കാരുണ്യവാൻ പരിഗണിച്ചു. സ്വഫായും മർവയും അല്ലാഹുവിന്റെ ചിഹ്നങ്ങളാണ് എന്ന് വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു. അന്ത്യനാൾ വരെയുള്ള വിശ്വാസികളെല്ലാം അവിടെയെത്താനാണ് കൊതിക്കുന്നത്. ഹാജിമാർ ദേഹം കൊണ്ടും ലോക മുസ്്ലിംകൾ ഹൃദയം കൊണ്ടും ഓരോ ഹജ്ജിലും ആ ഓട്ടമോടുന്നുണ്ട്. ഹാജർ വേഗത്തിൽ നടന്നിടത്ത് വേഗത്തിലും പതുക്കെ നടന്നിടത്ത് പതുക്കെയും വിശ്വാസികൾ അവരെ അനുകരിക്കുന്നു. ആ പെണ്ണിന്റെ പൊള്ളലറിയുന്നു. ഹാജറിനെപ്പോലെ കിതക്കുന്നു.
ഹാജറിന്റെ പ്രാർഥന കർമത്തെ പിന്തുടർന്നപ്പോൾ ദൈവം വിജയം നൽകി. അതു തന്നെയാണല്ലോ ഹജ്ജിന്റെ ആത്മാവും. ഹാജറിന്റെ ചരിത്രം ഹാജിയോട് ആവശ്യപ്പെടുന്നതും അതു തന്നെയാണ്. പ്രാർഥനകളെ നിരന്തരമായ കർമത്താൽ പിന്തുടരുക. ഏതവസ്ഥയിലും വിശ്വാസത്തെ ഇളക്കം തട്ടാതെ കാക്കുക. എല്ലാ സുഖങ്ങളെയും ത്യജിച്ച് ദൈവം മാത്രം കൂട്ടിനുണ്ടെന്ന ബോധ്യത്തിലേക്കെത്തുമ്പോൾ ഹാജിക്ക് സംസം ലഭിക്കുന്നു.
ജലത്തിന് ചുറ്റുമാണ് മനുഷ്യ സംസ്കാരങ്ങളും നാഗരികതകളും രൂപപ്പെടുന്നത്. അതാണ് മനുഷ്യ ജീവിതത്തിന്റെ ആധാരം. ഹാജറിന്റെ ഓട്ടത്തിനൊടുവിൽ സംസമിന് ചുറ്റുമായി മക്കയെന്ന നഗരം രൂപം കൊള്ളുന്നു. അത് വികസിച്ച് ലോകത്തിന്റെ കേന്ദ്രമാവുന്നു. മക്ക എന്ന ലോകചരിത്രത്തിലെ അതിപ്രധാനമായൊരു നാടിന്റെ ഉത്ഥാനത്തിനു നിമിത്തമാവുന്നത് ഹാജറാണ്. സഅ്യ് വെറുമൊരു ഓട്ടമല്ല. അതൊരു നാഗരികതയെ കെട്ടിപ്പടുക്കാനുള്ള അധ്വാനമാണ്. സത്യവും നീതിയും നിലനിർത്താനുള്ള പരിശ്രമമാണ്. ഹജ്ജ് നിർവഹിച്ച് സമൂഹത്തിലേക്കു തിരിച്ചെത്തുന്ന ഹാജിയുടെ ബാധ്യതയും കൂടിയാണത്. ഹാജറാവാൻ തയാറാവുമ്പോഴേ ഹജ്ജ് സാര്‍ഥകമാവുന്നുള്ളൂ.
ഇസ്്ലാമിക നവോത്ഥാന പരിശ്രമങ്ങളിലെ ആദ്യത്തെ സ്ത്രീ സാന്നിധ്യമായി ഹാജറിനെ കണക്കാക്കാം. മുഹമ്മദ് നബി(സ)യുടെ കാലഘട്ടത്തിലെ സ്ത്രീകളുടെ സാമൂഹികവും സാംസ്കാരികവുമായ സംഭാവനകൾ പലപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്. പക്ഷേ, സാധ്യതകൾ ഒന്നുമില്ലാത്തൊരു കാലത്തെയും ദേശത്തെയും വിശ്വാസത്തിന്റെ ബലം കൊണ്ട് മാത്രം ഹാജര്‍ മഹത്തായ ഒരു പൈതൃകത്തിലേക്ക് ഉയർത്തുന്നു. ലോകചരിത്രത്തിന്റെ ഗതി മാറ്റുന്നു.
പ്രവാചകനെന്ന നിലക്കുള്ള ഇബ്റാഹീം നബി(അ)യുടെ ദൗത്യങ്ങൾ ഒരുപാട് അവസരങ്ങളിൽ ഹാജറിലൂടെ നിര്‍വഹിക്കപ്പെടുന്നുണ്ട്. ഇബ്റാഹീമിന്റെ പ്രാർഥനയും ഹാജറിന്റെ പ്രായോഗികതയുമാണ് പലയിടങ്ങളിലും ആ കുടുംബത്തെ അതിജീവിക്കാൻ പ്രാപ്തരാക്കുന്നത്. കേവലം ഒരു അടിമസ്ത്രീയിൽനിന്ന് മക്കാ നാഗരികതയുടെ മാതാവായി ഹാജർ മാറുന്നു. ഇസ്മാഈൽ എന്ന പ്രവാചകന്റെ മടിത്തട്ടാവുന്നു. ദൈവം മനുഷ്യനെ ഇണകളായി പടച്ചത് കേവലം ജീവശാസ്ത്രപരമായ പിന്തുടർച്ചക്ക് വേണ്ടി മാത്രമല്ല, മറിച്ച് നാഗരികമായ തുടർച്ചകൾക്ക് കൂടിയാണ് എന്ന് ഇബ്റാഹീമീ കുടുംബം നമ്മെ പഠിപ്പിക്കുന്നുണ്ട്. സ്ത്രീയുടെ ഇടങ്ങളെ കുറിച്ചും ഇടപെടലുകളെ കുറിച്ചും ഇനിയും ചർച്ച തീർന്നിട്ടില്ലാത്ത നമുക്ക് മുന്നിൽ ഹാജർ തുറന്നുവെക്കുന്നത് മുന്നേറ്റങ്ങളുടെ വലിയൊരു പാഠപുസ്തകമാണ്.
പിന്നീട് ചരിത്രം ഇബ്റാഹീം നബി(അ)യുടെ കുടുംബത്തെ സന്ധിക്കുന്നത് ഇസ്മാഈലിനെ ബലിയറുക്കാൻ കൽപനയുണ്ടാവുമ്പോഴാണ്. കാലമേറെ കൊതിച്ച് കിട്ടിയ മകനാണ്. ആജ്ഞ ലഭിച്ച ഇബ്്റാഹീം മകനോട് കാര്യം അവതരിപ്പിച്ചപ്പോൾ 'താങ്കൾ കൽപിക്കപ്പെട്ടതു പോലെ ചെയ്യൂ' എന്നാണ് ഇസ്മാഈൽ മറുപടി പറയുന്നത്. കേവലമൊരു ബാലന് എങ്ങനെയാണ് അത്ര മനോഹരമായൊരു മറുപടി പറയാനാവുന്നത്? അവിടെയാണ് ഹാജർ എന്ന ഉമ്മ വീണ്ടും കടന്നുവരുന്നത്. പ്രബോധന ദൗത്യങ്ങൾക്കിടയിൽ ഇബ്റാഹീം നബി വല്ലപ്പോഴും അതിഥിയെപ്പോലെ മാത്രമാണ് വീട്ടിൽ വരുന്നത്. ലോകത്തിനു തന്നെ മാതൃകയായി ഇസ്മാഈലിനെ വളർത്തിയത് ഹാജറായിരുന്നു. അവരാണ് ഇസ്മാഈലിന്റെ ഗുരുവും മാർഗദർശിയും. അവിടെ ഹാജർ വീണ്ടും ഹാജറാവുന്നു. മാതൃത്വത്തിന്റെ ദൗര്‍ബല്യങ്ങളിൽനിന്ന് സ്വബ്റിലേക്ക് ഹിജ്‌റ ചെയ്യുന്നു.
ഹാജറിനെ പഠിക്കുമ്പോൾ അധികാരത്തിനോ സമ്പത്തിനോ സൗന്ദര്യത്തിനോ പ്രസക്തിയില്ല. മനുഷ്യനിലെ വിശുദ്ധിയും ധാർമികതയും മാത്രമാണ് കാതൽ. നിങ്ങൾ വലിയവനോ ചെറിയവനോ ധനികനോ ദരിദ്രനോ ആരുമാവട്ടെ, ആ അടിമസ്ത്രീയെ അനുകരിക്കാതെ, അവൾ നടന്നിടങ്ങളിൽ നടക്കാതെ നിങ്ങൾക്ക് ഹജ്ജ് പൂർത്തീകരിക്കാനാവില്ല. ദൈവത്തെ പ്രീതിപ്പെടുത്താനാവില്ല. മനുഷ്യരെല്ലാം തുല്യരാണെന്ന ബോധ്യത്തിലേക്കെത്താതെ നിങ്ങൾക്ക് സംസം കണ്ടെത്താനും കഴിയില്ല.
അലീ ശരീഅത്തി എന്ന ഇറാനിയൻ പണ്ഡിതൻ പറയുന്നതിങ്ങനെയാണ്: "തന്റെ അസംഖ്യം സൃഷ്ടികളിൽനിന്ന് അവനൊരു മനുഷ്യനെ തെരഞ്ഞെടുത്തു. മനുഷ്യരിൽ നിന്നൊരു സ്ത്രീയെ. ഏറ്റവും നിന്ദിതയായ അവൾക്ക് അവൻ തന്റെ സാന്ത്വനം നല്‍കി. തന്റെ വീട്ടിലിടം നൽകി ആദരിച്ചു. അവൻ അവളുടെ വീട്ടിലേക്ക് കടന്നുവന്ന് അവളുടെ അയൽക്കാരനും പങ്കുകാരനുമായി. ഹജ്ജിന്റെ ചടങ്ങുകളെല്ലാം ഹാജറിനെയാണ് ഓർമിപ്പിക്കുന്നത്." പുണ്യഭൂമിയിൽ അല്ലാഹുവിന്റെ വീടിനോട് ചേർന്നാണ് ഹാജറിന്റെ വീട്. അവിടെയാണ് കുഞ്ഞു ഇസ്മാഈൽ കളിച്ചുവളർന്നത്. ഹാജറാണ് അവിടുത്തെ വീട്ടുകാരി. ദൈവവിളി കേട്ട് സർവവും ത്യജിച്ച് ഹജ്ജ് നിയ്യത്താക്കി ഇറങ്ങിയ തീർഥാടകര്‍ക്ക് മുഴുവനതാ ഹിജ്‌റു ഇസ്മാഈലിലിരുന്ന് ഹാജര്‍ സ്വാഗതം പറയുന്നു. മനുഷ്യകുലത്തെ ഒന്നടങ്കം തിരിച്ചറിവുകളിലേക്ക് വഴിനടത്തുന്നു. l
Comments