ഞങ്ങളുടെ യാത്രകൾ അടയാളപ്പെടുത്തുന്നത്
മുസ് ലിം സ്ത്രീകളുടെ സഞ്ചാരക്കാഴ്ചകൾ - 2
വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി രാജ്യത്തിനകത്തും പുറത്തും സഞ്ചരിക്കുന്ന ധാരാളം മുസ്്ലിം സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്. പ്രശസ്തവും കടുത്ത മാത്സര്യം നിറഞ്ഞതുമായ ദേശീയ-അന്തര്‍ദേശീയ സര്‍വകലാശാലകളില്‍ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുള്ള അവരുടെ യാത്രകള്‍ സ്വാതന്ത്ര്യത്തിന്റെ വിശാലമായ ആവിഷ്‌കാരങ്ങളാണ്. ഇത്തരത്തില്‍ വിദ്യാഭ്യാസത്തിനായി ദേശീയ യൂനിവേഴ്‌സിറ്റികളില്‍ ചേക്കേറിയ പലരും ഇന്ന് അറിയപ്പെടുന്ന ആക്ടിവിസ്റ്റുകള്‍ കൂടിയാണ്. എന്‍.ആര്‍.സി-സി.എ. എ വിരുദ്ധ സമരങ്ങളുടെ മുന്നണിപ്പോരാളികളായി മാറിയ ആഇശ റന്ന, റാനിയ സുലൈഖ, ലദീദ ഫര്‍സാന തുടങ്ങിയവരൊക്കെ പഠനത്തിനും പോരാട്ടത്തിനുമായി രാജ്യത്തുടനീളം സ്വതന്ത്ര സഞ്ചാരങ്ങൾ നടത്തുന്നു.
വിജ്ഞാന- വിനോദ- ആത്മീയ ലക്ഷ്യങ്ങള്‍ക്ക് പുറമെ മികച്ച കരിയര്‍ ലക്ഷ്യങ്ങളുമായി തനിച്ചും കുടുംബത്തോടൊപ്പവുമൊക്കെ മിഡില്‍ ഈസ്റ്റിലും പാശ്ചാത്യ നാടുകളിലും ഒട്ടനേകം മുസ്്ലിം സ്ത്രീകള്‍ കുടിയേറുന്നു. ലയണല്‍ മെസ്സിയോടും ഫുട്‌ബോളിനോടുമുള്ള ഭ്രമത്താല്‍ അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യാനായി സ്പാനിഷ് പഠിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് ജെ.എന്‍.യുവില്‍നിന്ന് സ്പാനിഷില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ജൂഷ്‌ന ഷാഹിന്‍ എന്ന കണ്ണൂരുകാരി ഇന്ന് സ്‌പെയിനില്‍ ഒരു സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായി തന്റെ ഡ്രീം കരിയര്‍ നയിക്കുന്നു. ലാംഗ്വേജ് ആന്റ്് കള്‍ച്ചറല്‍ അസിസ്റ്റന്റ് കൂടിയായി സ്‌പെയിനില്‍ ജോലി ചെയ്യുന്ന അവര്‍ ഒരു രണ്ടു വയസ്സുകാരിയുടെ മാതാവ് കൂടിയാണ്. ഫിഫ വേള്‍ഡ് കപ്പ് ഫൈനല്‍ റിപ്പോര്‍ട്ടിങ്ങിനായി ഖത്തര്‍ ലുസൈല്‍ സ്റ്റേഡിയത്തിലെത്തിയ ജൂഷ്‌ന ഇന്ത്യന്‍ മാധ്യമങ്ങളിലും ധാരാളം വിദേശ മാധ്യമങ്ങളിലും വാര്‍ത്തകളില്‍ ഇടം പിടിച്ചു.
കണ്ണൂരിലെ തീരദേശത്തെ മുസ്്ലിം ഭൂരിപക്ഷ കേന്ദ്രവും കേരളത്തിലെ ഒരേയൊരു മുസ്്ലിം രാജവംശം കൂടിയായ അറക്കലിന്റെ കേന്ദ്രവുമായ കണ്ണൂര്‍ സിറ്റിയില്‍നിന്ന് യു.കെയിലെ യൂനിവേഴ്‌സിറ്റി ഓഫ് വാര്‍വിക്ക് ലോ സ്‌കൂളില്‍ പി.എച്ച്.ഡി പഠനം നടത്തുകയാണ് ഉമ്മുല്‍ ഫായിസ എന്ന ഗവേഷക. ഒരു ശരാശരി കുടുംബത്തില്‍ ജനിച്ച അവര്‍ ബിരുദവും ബിരുദാനന്തര ബിരുദവും എം.ഫില്‍ പഠനവുമൊക്കെ പൂര്‍ത്തിയാക്കിയത് ദല്‍ഹി യൂനിവേഴ്‌സിറ്റിയിലും ജെ.എന്‍.യുവിലുമായിരുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തില്‍നിന്ന് അധികമാരും വടക്കേ ഇന്ത്യയിലേക്ക് കുടിയേറിത്തുടങ്ങിയിട്ടില്ലാത്ത കാലത്തായിരുന്നു ഉമ്മുല്‍ ഫായിസ തന്റെ വിദ്യാഭ്യാസ മോഹങ്ങളുമായി ദല്‍ഹിയിലേക്ക് പുറപ്പെടുന്നത്.
വര്‍ഗീയ ധ്രുവീകരണവും അസഹിഷ്ണുതയും വര്‍ധിച്ചുവരുന്ന സംഘ് പരിവാര്‍ ഇന്ത്യയില്‍ ഉത്തരേന്ത്യന്‍ യാത്രകളെ ഭയപ്പാടോടെ കാണുന്നവരാണ് ഭൂരിഭാഗവും. പ്രത്യേകിച്ച്, മത ന്യൂനപക്ഷങ്ങള്‍. സാധാരണമെന്ന് തോന്നിക്കുമ്പോഴും ഏതു നിമിഷവും കീഴ്‌മേല്‍ മറിയാവുന്ന ഒന്നാണ് തങ്ങളുടെ ജീവിതമെന്ന ബോധം ഇന്ത്യന്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ കുറച്ചായി. സംഘ് പരിവാര്‍ ഇന്ത്യയില്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥയിലുള്ള ആകാംക്ഷ തന്നെയാണ് പ്രധാന കാരണം. ഈ ആകാംക്ഷകള്‍ പിടിമുറുക്കുമ്പോഴും ഇന്ത്യയുടെ സിരകളിലൂടെ, പ്രത്യേകിച്ച് ഉത്തരേന്ത്യയിലൂടെയുള്ള സോളോ- ഹിച്ച് ഹൈക്കിങ്-ലേഡീസ് ഒണ്‍ലി-ഫാമിലി യാത്രകള്‍ മനോഹരമായി ആവിഷ്‌കരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു ധാരാളം മുസ്്ലിം സ്ത്രീകള്‍.
എത്രയൊക്കെ വിഷമയമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴും ഇന്ത്യയില്‍ സാമൂഹിക-സാംസ്‌കാരിക അന്തരീക്ഷം ഇപ്പോഴും ഏറക്കുറെ ശുദ്ധമായിത്തന്നെ നിലകൊള്ളുന്നു എന്നത് പല യാത്രകളിലും ഈയുള്ളവളടക്കം നേരിട്ടനുഭവിച്ചറിഞ്ഞതാണ്. ഉത്തരേന്ത്യയില്‍, പ്രത്യേകിച്ച് കശ്മീര്‍- ലഡാക്-ഹരിദ്വാര്‍- ഋഷികേശ് ബദരീനാഥ്- ഹേം കുണ്ഡ് പോലുള്ള കേന്ദ്രങ്ങളിലേക്കുള്ള യാത്രകളും താമസവുമൊക്കെ അരക്ഷിതാവസ്ഥയോ ഉത്കണ്ഠയോ അല്‍പം പോലും തോന്നാത്ത വിധത്തിൽതന്നെ ആയിരുന്നു. ഹിജാബ് ധാരിയായിക്കൊണ്ടുതന്നെ ക്ഷേത്രങ്ങളും ഗുരുദ്വാരകളും മസ്ജിദുകളുമൊക്കെ യാതൊരു അന്യതാ ബോധവുമില്ലാതെ സന്ദര്‍ശിക്കാനും, ഗുരുദ്വാരകളില്‍ സിഖ് സഹോദരങ്ങളുടെ ആതിഥേയത്വത്തിന്റെ ഊഷ്മളതകള്‍ ഏറ്റുവാങ്ങിക്കൊണ്ട് ദിവസങ്ങളോളം സൗജന്യമായി താമസിക്കാനും അവസരം ലഭിച്ചു.
ആറു രാജ്യങ്ങളും ഇരുപത്തിയഞ്ച് ഇന്ത്യൻ സംസ്ഥാനങ്ങളും അന്തമാൻ ദ്വീപ സമൂഹങ്ങൾ അടക്കം വ്യത്യസ്ത കേന്ദ്രഭരണ പ്രദേശങ്ങളും ഇതിനോടകം സന്ദർശിക്കാൻ അവസരം ലഭിച്ച എന്റെ വ്യക്തിപരമായ സഞ്ചാരാനുഭവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു 22 പേരടങ്ങുന്ന യാത്രാ സംഘം നടത്തിയ കശ്മീര്‍-ലഡാക് ലേഡീസ് ഒണ്‍ലി ട്രിപ്പ്. കണ്ണൂര്‍ വളപട്ടണം സ്വദേശിയും നാലു മക്കളുടെ മാതാവുമായ സുഹൈല നയിച്ച സംഘത്തില്‍ അവരുടെ 2 കുട്ടികളും ബഹുഭൂരിഭാഗവും മുസ്്ലിം സ്ത്രീകളുമായിരുന്നു. സുഹൈല ഇതിനോടകം തന്നെ രാജസ്ഥാന്‍, കശ്മീര്‍, ലഡാക്, മണാലി, നോര്‍ത്ത് ഈസ്റ്റ് തുടങ്ങി രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്ക് ഷീബാക്ക് പാക്ക് ട്രിപ്പുകള്‍ സംഘടിപ്പിച്ചു. നൂറിലധികം പേര്‍ ഇതിനോടകം സുഹൈലയുടെ കൂടെ യാത്രാനുഭൂതികള്‍ പങ്ക് വെച്ചു. മികച്ച യാത്രികനും ‘ടീം എക്സ്പ്ലോർ’ എന്ന ട്രാവൽ കമ്പനിയിലൂടെ നിരവധി യാത്രകളുടെ സംഘാടകനുമായ ഭര്‍ത്താവ് ഫര്‍മീസും കുടുംബവുമൊത്തുമൊക്കെ അവര്‍ രാജ്യമൊട്ടാകെ സഞ്ചരിച്ചു. ശ്രീനഗറും കാര്‍ഗിലും സിയാച്ചിന്‍ ബേസ്‌ക്യാമ്പ് ആയ കര്‍ദുങ്‌ലയുമടക്കം പൊതുഗതാഗതം ഉപയോഗപ്പെടുത്തിയുള്ളതായിരുന്നു ആ ലേഡീസ് ഒണ്‍ലി ട്രിപ്പ്.
മുസ്്ലിം സ്ത്രീകളുടെ ജീവിതവും സ്വാതന്ത്ര്യവും ഇടപെടലുകളും നവോത്ഥാനവുമൊക്കെ നിരന്തരമായി ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സമകാലിക ലോകത്ത് സര്‍വസാധാരണമായ ഒന്നായി മാറിയിരിക്കുന്നു അവളുടെ സഞ്ചാരക്കാഴ്ചകള്‍. ചരിത്രത്തിലും വര്‍ത്തമാനത്തിലും അനുഭവങ്ങളിലുമുള്ള ആ കാഴ്ചകളുടെ വളരെച്ചെറിയ ഒരംശം മാത്രമാണ് ഇവിടെ ഉദാഹരിക്കപ്പെട്ടത്. ഇനിയും പരാമര്‍ശിക്കപ്പെടാത്ത വൈവിധ്യങ്ങളും യാത്രാവിഷ്‌കാരങ്ങളും മേഖലകളും വ്യക്തിത്വങ്ങളും മുസ്്ലിം സ്ത്രീ സഞ്ചാര ഭൂമികയില്‍ അനവധിയുണ്ട്. ഇവരാരും തന്നെ മതത്തെയും മൂല്യങ്ങളെയും കുടുംബത്തെയും തങ്ങളുടെ സ്വത്വത്തെയും തിരസ്‌കരിച്ച് ഇറങ്ങിത്തിരിച്ചവരല്ല. മറിച്ച്, എല്ലാം ചേര്‍ത്തുപിടിച്ചുകൊണ്ടുതന്നെ ജീവിതത്തെ അതിമനോഹരമായി ആവിഷ്‌കരിക്കുന്നവരാണ്. ഇത്തരം ആവിഷ്‌കാരങ്ങളെ തീര്‍ച്ചയായും ശാക്തീകരണത്തിലേക്കും ഉന്നതിയിലേക്കുമുള്ള നടന്നുകയറ്റമായാണ് നാം മനസ്സിലാക്കേണ്ടത്. കേവലം ഇരവല്‍ക്കരണത്തില്‍നിന്നും മാറി ശക്തമായ ഒരു സാന്നിധ്യമായി സ്ത്രീസ്വത്വത്തെ നമുക്ക് ചുറ്റുമുള്ള സമൂഹം അംഗീകരിക്കേണ്ടിയിരിക്കുന്നു. അതിനാല്‍ തന്നെ സ്വയം നിര്‍ണയിക്കാനും നിര്‍വചിക്കാനുമുള്ള സ്‌പേസ് അവള്‍ക്ക് നല്‍കുക എന്നത് തന്നെയാണ് ഉദ്ബുദ്ധതയുള്ള ഒരു സമൂഹത്തില്‍നിന്ന് ഒരു മുസ്്ലിം സ്ത്രീ പ്രതീക്ഷിക്കുന്നത്. l
(അവസാനിച്ചു)
(കോഴിക്കോട് ഗവണ്മെന്റ് ആർട്സ് ആന്റ് സയൻസ് കോളേജിലെ പോസ്റ്റ് ഡോക്ടറൽ ഫെല്ലോയാണ്
ഡോ. നസ്റീന ഇല്യാസ്)
Comments