Prabodhanm Weekly

Pages

Search

2023 ജൂൺ 23

3307

1444 ദുൽഹജ്ജ് 04

പി. കാത്തിം

ബശീർ ശിവപുരം 

വിനയത്തിന്റെ ആൾരൂപമായിരുന്നു നമ്മോട് വിട പറഞ്ഞ  കാത്തിം സാഹിബ്. ദീർഘകാലം പടന്ന ഐ.സി.ടിയുടെ ട്രസ്റ്റിയായും സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. ആദ്യ കാലത്ത് കഠിനമായ എതിർപ്പുകളാൽ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടി വന്നപ്പോഴും സ്ഥാപനത്തിന് കരുത്തു പകർന്നു അദ്ദേഹം മുൻനിരയിൽ ഉണ്ടായിരുന്നു.
പ്രസ്ഥാന ഘടനയിലുണ്ടായിരുന്നില്ലെങ്കിലും മരണം വരെ പ്രസ്ഥാനത്തോടൊപ്പം സഞ്ചരിക്കുകയായിരുന്നു അദ്ദേഹം. പടന്നയിലെ പ്രസ്ഥാന പ്രവർത്തനത്തിന്റെ പ്രാരംഭ ഘട്ടത്തിൽ സ്റ്റഡി സർക്ക്ൾ രൂപവത്കരിച്ചപ്പോൾ അതിന്റെ ഭാഗമായി. ആ കാലത്ത് സാമാന്യ വിദ്യാഭ്യാസം നേടിയ അപൂർവം പേരിൽ ഒരാളായിരുന്നു. മക്കളിൽ ദീനീ ബോധവും പ്രസ്ഥാന ബന്ധവും ഉണ്ടാവണമെന്ന അതീവ താൽപര്യമാണ് മക്കളെ പ്രസ്ഥാന സ്ഥാപനങ്ങളിൽ ചേർക്കാൻ അദ്ദേഹത്തിന് പ്രേരണയായത്.
സമൂഹത്തിന് ഒരുപാട് മാതൃകകൾ  അദ്ദേഹം ബാക്കിയാക്കി. സൗമ്യതയും വിനയവും ജീവിതത്തിന്റെ ഭാഗമായിരിക്കെത്തന്നെ തന്റെ ആശയാദർശങ്ങളിൽ വെള്ളം ചേർക്കാതെ ഉറച്ച നിലപാടെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കാര്യങ്ങൾ സ്വന്തമായി ചെയ്യുക, ആരെയും ആശ്രയിക്കാതിരിക്കുക എന്നതായിരുന്നു ജീവിത രീതി.
പ്രായം 80 കഴിഞ്ഞിട്ടും വസ്ത്രങ്ങൾ സ്വന്തമായി അലക്കുക, വീട്ടിൽ വാഹന സൗകര്യമുണ്ടായിരിക്കെത്തന്നെ ആരെയും വിളിക്കാതെ ബസ്സിലും കാൽനടയായും യാത്ര ചെയ്യുക ഇതൊക്കെയായിരുന്നു അദ്ദേഹത്തിനിഷ്ടം. ആരുമായെങ്കിലും അസ്വാരസ്യമുണ്ടായാൽ നേരിൽ കാണുന്നതോടെ എല്ലാം അവിടെ അവസാനിപ്പിക്കുമായിരുന്നു.
അദ്ദേഹത്തിന്റെ സേവന തൽപരതയായിരുന്നു സുഹൃത്തുക്കളോടൊപ്പം ഒരു ചാരിറ്റി സംഘടന തന്നെ രൂപവത്കരിക്കുന്നതിലേക്കെത്തിച്ചത്. അതുവഴി വളരെ രഹസ്യമായി അവകാശികൾക്ക് സഹായമെത്തിക്കുമായിരുന്നു. ബന്ധുവീടുകൾ സന്ദർശിക്കുകയും, അവരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്യുമായിരുന്നു. തന്റെ കച്ചവട സ്ഥാപനവുമായി ബന്ധപ്പെട്ട്  മംഗലാപുരത്തുണ്ടായിരുന്ന കാലമത്രയും നാട്ടിൽ നിന്ന് അവിടെയെത്തുന്നവർക്ക് അദ്ദേഹം അത്താണിയായി. ആശുപത്രികളിലേക്കും, ഉപരിപഠനത്തിനുമായി  അവിടെയെത്തുന്നവർക്ക് തന്റെ എല്ലാ ബന്ധങ്ങളും ഉപയോഗപ്പെടുത്തി അവരുടെ ആവശ്യങ്ങൾ പൂർത്തീകരിച്ചു കൊടുക്കും. വെൽഫെയർ പാർട്ടിയുടെ ആദ്യ ഘട്ടത്തിൽ മണ്ഡലം ട്രഷററായും പാർട്ടി പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. മീഡിയാ വൺ മുൻ റിപ്പോർട്ടർ ജലീൽ പടന്ന ഉൾപ്പെടെ ആറ് മക്കളുണ്ട്.
 

 

വി.കെ അബൂബക്കർ ഹാജി

കിടഞ്ഞിയിലെ പൗര പ്രമുഖൻ വി.കെ അബൂബക്കർ ഹാജി അല്ലാഹുവിലേക്ക് യാത്രയായി. അഗതികൾക്കും അനാഥകൾക്കും അത്താണിയായിരുന്നു വി.കെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അബൂബക്കർ ഹാജി. ജാതി-മത ഭേദമന്യേ എല്ലാവർക്കും സുസമ്മതനുമായിരുന്നു. ചോദിച്ചു വരുന്നവരുടെ മുമ്പിൽ അദ്ദേഹം വാതിലുകൾ മലർക്കെ തുറന്നുവെച്ചു. കാര്യങ്ങൾ അന്വേഷിക്കുകയും പരിഹാരമാർഗങ്ങൾ നിർദേശിക്കുകയും ചെയ്യുമായിരുന്നു. നല്ലൊരു സൽക്കാരപ്രിയൻ കൂടിയായിരുന്നു. പ്രസ്ഥാന പ്രവർത്തകർക്ക് കിടഞ്ഞിയിൽ ഒരു തണൽ മരമായിരുന്നു അദ്ദേഹം.
പ്രബോധനം വാരികയുടെ സ്ഥിരം വായനക്കാരനായിരുന്നു. വാരികയിൽ വരുന്ന ലേഖനങ്ങൾ വായിച്ചു പ്രസ്ഥാനത്തിന്റെ ചലനങ്ങൾ നിരീക്ഷിക്കുകയും മറ്റുള്ളവരോട് അതെക്കുറിച്ചു ചർച്ച ചെയ്യുകയും പതിവായിരുന്നു.
പൊതുപരിപാടി സംഘടിപ്പിച്ച് പ്രസ്ഥാനത്തെ പരിചയപ്പെടുത്താൻ അദ്ദേഹം പ്രേരിപ്പിച്ചുകൊണ്ടിരിക്കും. അതിന്റെ ഭാഗമായി കിടഞ്ഞി ബസ്‌റ്റോപ്പിൽ അദ്ദേഹത്തിന്റെ ബന്ധുവിന്റെ കടത്തിണ്ണയിൽ ഒരുപരിപാടി സംഘടിപ്പിച്ചു. ആദ്യമായി ജമാഅത്തെ ഇസ്്ലാമിയുടെ സന്ദേശം കിടഞ്ഞി ഗ്രാമം ശ്രവിച്ചത് അന്നായിരുന്നു.

ഹമീദ് കുനിയിൽ കിടഞ്ഞി 

പരേതരെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും 
സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനവും നല്‍കി 
അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 11-15
ടി.കെ ഉബൈദ്‌

ഹദീസ്‌

കച്ചവടം സത്യസന്ധമാവണം
ശൈഖ് ഇബ്‌നു ബാസ്