Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 23

3282

1444 ജമാദുല്‍ അവ്വല്‍ 29

അറബി ഭാഷാ പഠനത്തിലെ അക്കാദമിക വൈവിധ്യങ്ങള്‍

സബാഹ് ആലുവ [email protected]

ലോകത്ത് ഓരോ ഭാഷയുടെയും വ്യത്യസ്ത തലങ്ങളെ ഗവേഷണ ത്വരയോടെ സമീപിക്കുന്ന നിരവധി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ നിലവിലുണ്ട്. അക്ഷരമാല മുതല്‍ സംസാര ശൈലികളില്‍ സംഭവിക്കുന്ന വ്യതിരിക്തതകള്‍ വരെ സസൂക്ഷ്മം പഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതിലൂടെയാണ് ഏതൊരു ഭാഷയും വളരുകയും വികാസം പ്രാപിക്കുകയും ചെയ്യുക. അറബി ഭാഷയെ സംബന്ധിച്ചേടത്തോളം മനുഷ്യന്റെ വളര്‍ച്ചയില്‍ എക്കാലവും നിര്‍ണായക സ്വാധീനം ചെലുത്താന്‍ പ്രസ്തുത ഭാഷക്ക് കഴിഞ്ഞിട്ടുണ്ട്. 1973 ഡിസംബര്‍ 18-നാണ് അറബി, ഐക്യരാഷ്ട്ര സഭയുടെ മൂന്നാമത്തെ ഔദ്യോഗിക ഭാഷകളിലൊന്നായി പ്രഖ്യാപിക്കപ്പെട്ടത്.
കലയും സംസ്‌കാരവും ശാസ്ത്രവും സാഹിത്യവും അറബിയിലേക്കും തിരിച്ചും കൈമാറ്റം ചെയ്യപ്പെട്ടപ്പോള്‍ അറബി ഭാഷയുടെ പ്രാധാന്യം ലോകം തിരിച്ചറിഞ്ഞു. സംസാരത്തിലൂടെ മാത്രം അറിവ് കൈമാറ്റം സാധ്യമല്ല. ആദ്യകാലങ്ങളില്‍ ഗ്രന്ഥരചനകളിലൂടെ അറിവ് രേഖപ്പെടുത്തിവെച്ചതുകൊണ്ടാണ് പിന്നീട് വന്ന തലമുറകള്‍ക്ക് അവ വായിക്കാനും അനുഭവിക്കാനും സാധിച്ചത്. അച്ചടിശാലകള്‍ ലോകത്ത് ഉണ്ടാകുന്നതിനു മുമ്പ് ഗ്രന്ഥരചന വളരെയേറെ ചെലവേറിയതായിരുന്നു. പകര്‍പ്പെഴുത്തുകാരനെ/കാത്തിബിനെ  നിശ്ചിത സമയത്തേക്ക്, ഗ്രന്ഥം പകര്‍ത്തിയെഴുതേണ്ട പ്രദേശത്തേക്ക് പറഞ്ഞയക്കുകയാണ് അക്കാലത്തെ പതിവ്. എഴുത്തിനാവശ്യമായ സാമഗ്രികളും പണവും നല്‍കി യാത്രയാവുന്ന കാത്തിബ് ദിവസങ്ങളും മാസങ്ങളും ഒരു പക്ഷേ, വര്‍ഷങ്ങളുമെടുത്താണ്  ഗ്രന്ഥങ്ങള്‍ പകര്‍ത്തിയെഴുതുന്നത്.  അത്തരം ഗ്രന്ഥങ്ങളാണ് പില്‍ക്കാലത്ത് കൈയെഴുത്ത് പ്രതികളായി ശേഖരിക്കപ്പെട്ടത്. അറബി ഭാഷയില്‍  ധാരാളം കൈയെഴുത്ത് പ്രതികള്‍ വ്യത്യസ്ത വിഷയങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
കൈയെഴുത്ത് പ്രതികള്‍ ഗ്രന്ഥങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല, കടലാസിന്റെ കണ്ടുപിടിത്തത്തിന് മുമ്പ് കല്ലുകളിലും ഭീമാകാരങ്ങളായ പാറകളിലും എഴുതി സൂക്ഷിക്കപ്പെട്ട ശിലാലിഖിതങ്ങളും (Epigraphs) ഈ ഗണത്തില്‍ വരുന്നവയാണ്. പ്രത്യേകിച്ച്, അറബി-പേര്‍ഷ്യന്‍ എഴുത്തുകള്‍ എപിഗ്രഫുകളായി ഇന്നും ഇന്ത്യയിലും ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലും കാണാം. കേരളത്തില്‍ പോലും ആദ്യകാലത്തെ അറബി എഴുത്ത് രീതിയായ കൂഫിയുടെ ശിലാലിഖിതങ്ങള്‍ കണ്ണൂര്‍ ബലിപട്ടണത്ത് ഹി. 471 (സി.ഇ 1078)-ല്‍ ഇന്ത്യന്‍ ആര്‍ക്കിയോളജി സര്‍വേ കണ്ടെടുത്തിട്ടുണ്ട്. കേരളത്തിലെ അറബി ലിഖിത പഠനങ്ങളെ ഗവേഷണ തലത്തില്‍ വരുംതലമുറകള്‍ സമീപിച്ചാല്‍ ഒരു പക്ഷേ, അറബി ഭാഷയുടെ തന്നെ  വളര്‍ച്ചയുടെ നിദാനമായി മാറുമെന്ന് പ്രതീക്ഷിക്കാം.
ലോകത്തിലെ നാണയത്തെക്കുറിച്ചുള്ള (Numismatic) പഠനങ്ങളില്‍ പോലും നാണയത്തില്‍ രേഖപ്പെടുത്തപ്പെട്ട അറബി- പേര്‍ഷ്യന്‍ എഴുത്തുകളെക്കുറിച്ചുള്ള പഠനങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നവയാണ്.  ദല്‍ഹി, മുഗള്‍ സുല്‍ത്താന്മാരുടെ കാലത്തെ നാണയങ്ങളില്‍ എഴുതപ്പെട്ട ചരിത്രരേഖകള്‍ പലതും മികച്ച കലിഗ്രഫിയിലുള്ളതാണ്.  കേരളത്തില്‍ കണ്ണൂര്‍ കേന്ദ്രമാക്കിയ,  അറക്കല്‍ രാജാക്കന്മാര്‍ പുതുതായി കൊണ്ടുവന്ന നാണയങ്ങളിലും, അറബി കലിഗ്രഫിയില്‍ അണിയിച്ചൊരുക്കിയ അപൂര്‍വ ശേഖരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.  ഈസ്റ്റ് ഇന്ത്യാ കമ്പനി കണ്ണൂരില്‍ അടിച്ചിറക്കിയ നാണയങ്ങളും അറബി എഴുത്തുകളാല്‍ സമ്പന്നമാണ്. ലോകത്ത് അറബി ഭാഷയുടെ വികാസവും വ്യാപനവും മേല്‍ പരാമര്‍ശിച്ച പ്രകാരം  നിരവധി പഠന മേഖലകളിലൂടെയാണ് സംഭവിച്ചിട്ടുള്ളത്. അത് കേവല സംസാര ശൈലിയിലൂടെ മാത്രം തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതല്ല.  ലോകത്ത് ഇസ്‌ലാമിക ഭരണ സംവിധാനങ്ങള്‍ നിലനിന്നിടങ്ങളിലെല്ലാം തന്നെ  നാണയങ്ങള്‍ക്ക് പുറമെ, അറബി കലിഗ്രഫിയില്‍ ഭംഗിയായി മുദ്രണം ചെയ്തിട്ടുള്ള സുല്‍ത്താന്റെ മോതിരങ്ങള്‍, ഔദ്യോഗിക കത്തിടപാടുകള്‍ക്ക് ഉപയോഗിക്കപ്പെട്ട മുദ്രകള്‍ (സീലുകള്‍) എന്നിവ അറബി ഭാഷയുടെ തന്നെ വാഹകരായി മാറിയിട്ടുണ്ട്. ഇവയെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളും പുതുതലമുറയില്‍ നിന്നുണ്ടാവേണ്ടത് അനിവാര്യമാണ്.
പുതിയ കാലത്ത് യൂറോപ്പിലും ഏഷ്യയിലും അറബി കലിഗ്രഫിയില്‍ ഗവേഷണ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കപ്പെട്ടത് വരകള്‍ക്കപ്പുറമുള്ള കൈയെഴുത്ത് കലയുടെ പ്രാധാന്യത്തെ കൃത്യമായി അടയാളപ്പെടുത്താന്‍ സഹായകമായി. ജപ്പാനിലും ചൈനയിലും അറബി കൈയെഴുത്ത് കലയുടെ കേന്ദ്രങ്ങള്‍ വളര്‍ന്നുവന്നു. ഇന്ത്യയിലെ ബിഹാരി എഴുത്ത് രീതിയും മലബാറില്‍ വളര്‍ച്ച പ്രാപിച്ച ഫൊന്നാനി എഴുത്തു ലിപിയും അറബി ഭാഷയുടെ തന്നെ  വൈവിധ്യങ്ങളുടെ വാതായനങ്ങളെ സമൂഹത്തിന് മുമ്പില്‍ തുറന്നുവെക്കുന്നതായിരുന്നു. മനുഷ്യകരങ്ങളാല്‍ അതിമഹത്തരമാക്കിയ അത്തരം എഴുത്തുശൈലികളെ വെല്ലാന്‍ കഴിയുന്ന ഫോണ്ടുകള്‍ക്ക് ജന്മം നല്‍കാന്‍ ഡിജിറ്റല്‍ യുഗത്തിലും സോഫ്റ്റ് വെയര്‍ സംവിധാനങ്ങള്‍ക്ക് പരിമിതികളുണ്ട് എന്നു വേണം പറയാന്‍.  കൂഫി  എഴുത്ത് ശൈലി മുതല്‍ പ്രധാനപ്പെട്ട ആറു ഖത്ത്വുകളും (കൂഫി, റുഖ്അ, നസ്ഖ്, സുലുസ്, റയ്ഹാനി, മുഹഖഖ്) അതിനു പുറമെ, ഓരോ രാജ്യത്തും ഇസ്‌ലാമിക നവജാഗരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉയര്‍ന്നുവന്നവയും ചേരുമ്പോള്‍ സംസാര ശൈലികളെക്കാള്‍ സമ്പന്നമാണ് ലോകത്ത് അറബി ഭാഷയിലെ എഴുത്തുശൈലികള്‍ എന്നു പറയേണ്ടിവരും.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് -28-31
ടി.കെ ഉബൈദ്‌

ഹദീസ്‌

ദിക്‌റിന്റെ ചിറകില്‍ മുന്നേറിയവര്‍
അമീന്‍ വി. ചൂനൂര്‍