അറിയില്ലെന്നു പറയുന്ന ജ്ഞാനികള്‍
ചരിത്രം /
പ്രസിദ്ധ പണ്ഡിതനായിരുന്നു ഖാസിം ഇബ്‌നു മുഹമ്മദ്. ഇറാഖിലെ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ വൈജ്ഞാനികമായ ആഴവും പരപ്പും ചര്‍ച്ചാ വിഷയമായിരുന്നു. വൈജ്ഞാനിക പ്രശ്‌നങ്ങള്‍ക്ക് ഉത്തരം തേടി വിദൂര ദേശങ്ങളില്‍ നിന്നു പോലും വിജ്ഞാനതല്‍പരര്‍ അദ്ദേഹത്തിന്റെ സദസ്സില്‍ എത്താറുണ്ടായിരുന്നു. അറിയാത്ത കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്ന് തുറന്നു പറയുന്നതില്‍ തെല്ലും ലജ്ജിതനായിരുന്നില്ല ഇബ്നു മുഹമ്മദ്.
ഒരിക്കല്‍ ഒരു ചോദ്യകര്‍ത്താവ് വളരെ പ്രതീക്ഷയോടെ ഒരു പ്രശ്‌നവുമായി അദ്ദേഹത്തെ സമീപിച്ചു. തനിക്കറിയില്ലെന്ന് ഇബ്‌നു മുഹമ്മദ് മറുപടി പറഞ്ഞു.
അയാള്‍: ഏറെ ആശയോടെയാണ് ഞാന്‍ താങ്കളുടെ സമക്ഷത്തിലെത്തിയത്. എന്നെ ഒരിക്കലും നിരാശപ്പെടുത്തരുതെന്ന് അഭ്യര്‍ഥിക്കുന്നു.
ഇബ്‌നു മുഹമ്മദ്: സഹോദരാ, എന്റെ നീണ്ട താടിയും വിദ്യാര്‍ഥികളുടെ തിരക്കും കണ്ട് ഞാന്‍ ഒരു സര്‍വജ്ഞാനിയാണെന്ന് മനസ്സിലാക്കരുത്. നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം എനിക്കറിയില്ല.
ഇബ്‌നു മുഹമ്മദിന്റെ സംസാരം കേട്ടിരുന്ന ഒരു ഖുറൈശി പ്രമുഖന്‍ പറഞ്ഞു: ചോദ്യകര്‍ത്താവിന് മറുപടി കൊടുക്കാതെ തിരിച്ചയക്കരുത്. ഞങ്ങളെപ്പോലുള്ളവര്‍ വളരെ പ്രതീക്ഷയോടെയാണ് താങ്കളുടെ സദസ്സില്‍ ഹാജരായിട്ടുള്ളത്. ഇത്രയും ആള്‍ക്കൂട്ടവും മുമ്പ് കണ്ടിട്ടില്ല. അഥവാ, താങ്കള്‍ ഉത്തരം പറയാതെ ഒഴിയുകയാണെങ്കില്‍ ഇവര്‍ താങ്കളെപ്പറ്റി എന്ത് ധരിക്കും?
ഇബ്‌നു മുഹമ്മദ് നിസ്സങ്കോചം പറഞ്ഞു: സഹോദരങ്ങളേ, വിവരമില്ലാത്ത കാര്യത്തില്‍ ഉത്തരം പറയുന്നതിനെക്കാള്‍ എനിക്കിഷ്ടം എല്ലാവരുടെയും മുന്നില്‍ എന്റെ നാവ് കഷണിച്ചെടുക്കുന്നതാണ്.
****
മദീനയുടെ ഇമാം, കര്‍മശാസ്ത്ര മഹാപണ്ഡിതന്‍ എന്നീ അപരനാമങ്ങളാല്‍ പ്രസിദ്ധനാണല്ലോ ഇമാം മാലികുബ്‌നു അനസ് (റ). ആയിരക്കണക്കിന് ശിഷ്യഗണങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് വിജ്ഞാനം നുകര്‍ന്നിട്ടുണ്ട്. സ്വയം ബോധ്യമാവാത്തതും വിവരമില്ലാത്തതുമായ പ്രശ്‌നങ്ങളെക്കുറിച്ച് എനിക്കറിയില്ല എന്ന് തുറന്നു പറയുന്ന പ്രകൃതമായിരുന്നു ഇമാമിന്റേത്.
അബ്ദുര്‍റഹ്മാനിബ്‌നു മഹ്ദി ഒരു സംഭവം ഉദ്ധരിക്കുന്നു: നിറഞ്ഞുകവിഞ്ഞ സദസ്സിലെത്തിയ ഒരു അപരിചിതന്‍ പറഞ്ഞു തുടങ്ങി: അബൂഅബ്ദില്ലാ, വീട്ടില്‍ നിന്നു യാത്രയായിട്ട് ആറു മാസം പിന്നിട്ടു. ഒരുപാടു വൈതരണികള്‍ താണ്ടി ഞാന്‍ ഇവിടെ ആഗതനായിട്ടുള്ളത്, എന്റെ ഗോത്രക്കാര്‍ താങ്കളോട് ഒരു പ്രശ്‌നം ചോദിച്ചറിയാന്‍ ഏല്‍പിച്ചതിനാലാണ്. അതുകൊണ്ട് പരിഹാരം പറഞ്ഞു തരണം.
ഇമാം മാലിക്: വിഷയമെന്തെന്ന് പറഞ്ഞാലും.
അയാള്‍ തന്റെ പ്രശ്‌നം വിശദീകരിച്ചു.
എല്ലാം സശ്രദ്ധം കേട്ട ഇമാം കുറേ നേരം ചിന്താമഗ്‌നനായി. പിന്നീട് തല ഉയര്‍ത്തി വിനയപൂര്‍വം, തനിക്കതിന്റെ വിധിയെക്കുറിച്ച് കൃത്യമായ ബോധ്യവും വിവരവുമില്ലെന്ന് പറഞ്ഞു.
അയാള്‍ അത്ഭുത സ്തബ്ധനായി. ഒട്ടും പ്രതീക്ഷിക്കാത്ത പ്രതികരണം. ജീവിച്ചിരിക്കുന്ന ജ്ഞാനികളില്‍ ഏറ്റവും അറിവും കഴിവുമുള്ള ഇമാം മാലിക്. എല്ലാം അറിവുണ്ടായിരിക്കുമെന്ന ധാരണയില്‍ ദീര്‍ഘയാത്ര ചെയ്ത് അദ്ദേഹത്തിന്റെ സന്നിധിയിലെത്തിയ അയാള്‍ ഇമാമിന്റെ ഉത്തരം കേട്ട് എന്ത് ചെയ്യണമെന്നറിയാതെ അന്തിച്ചുനിന്നു. താന്‍ തന്റെ ഗോത്രക്കാരോട് എന്തു മറുപടി പറയുമെന്ന് അയാള്‍ ആരാഞ്ഞു.
ഇമാം മാലിക്: സഹോദരാ, താങ്കള്‍ അസ്വസ്ഥനാകേണ്ടതില്ല. ആ പ്രശ്‌നത്തിന്റെ ശരിയായ ഉത്തരം മാലികിന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞതായി അവരെ വ്യക്തമായി അറിയിക്കുക.
(റോഷന്‍ സിതാരെ എന്ന കൃതിയില്‍നിന്ന്. മൊഴിമാറ്റം: എം.ബി അബ്ദുര്‍റശീദ് അന്തമാന്‍)
9933264848
Comments