പ്രതിസന്ധികള്‍ അസ്തമിക്കും പുതിയ പ്രഭാതം ഉദിക്കും
2022 ഡിസംബര്‍ 10, 11 തീയതികളില്‍ ശാന്തപുരത്ത് ചേര്‍ന്ന ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം അംഗങ്ങളുടെ
സമ്മേളനം ഉദ്ഘാടനം ചെയ്ത് അഖിലേന്ത്യാ അധ്യക്ഷന്‍ സയ്യിദ് സആദത്തുല്ലാ ഹുസൈനി ചെയ്ത പ്രഭാഷണം
കേരള ജമാഅത്ത് അംഗങ്ങളുടെ സംസ്ഥാന സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. പല കാരണങ്ങളാല്‍ കേരള ഘടകം ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ ഏറെ പ്രധാനപ്പെട്ട ഘടകമാണ്. ഇവിടെ വരുമ്പോഴെല്ലാം അസാധാരണമായ നേട്ടങ്ങളുടെയും അനിതരസാധാരണമായ മുന്നേറ്റങ്ങളുടെയും വാര്‍ത്തകളറിയാന്‍ കഴിയാറുണ്ട്. നമ്മുടെ പരിശ്രമങ്ങളൊക്കെയും നാഥന്‍ സ്വീകരിക്കുമാറാകട്ടെ. രാജ്യത്തിന്റെ അവസ്ഥയെന്താണ്? ഈ അവസ്ഥയില്‍ നാം നിര്‍വഹിക്കേണ്ട ദൗത്യമെന്താണ്? രാജ്യത്തിലെ വിവിധ ജനവിഭാഗങ്ങളുമായി നമ്മുടെ ഇടപഴക്കങ്ങളുടെ രീതിശാസ്ത്രം എന്തായിരിക്കണം? തുടങ്ങി ധാരാളം വിഷയങ്ങള്‍ ഈ സമ്മേളനം ചര്‍ച്ച ചെയ്യുന്നുണ്ട്.
രണ്ട് വിഷയങ്ങളില്‍ കേന്ദ്രീകരിച്ച് സംസാരിക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ ഈ സന്ദര്‍ഭത്തില്‍ നാം ഉന്നയിക്കേണ്ട പ്രധാന വിഷയമെന്ത് എന്നതാണതില്‍ ഒന്നാമത്തേത്. അവര്‍ക്ക് നാമിപ്പോള്‍ എന്ത് സന്ദേശമാണ് നല്‍കേണ്ടത്?
പ്രിയപ്പെട്ടവരേ,
ഹിന്ദുത്വ ശക്തികള്‍ സൃഷ്ടിക്കുന്ന ഈ ശബ്ദകോലാഹലങ്ങള്‍ താല്‍ക്കാലിക പ്രതിഭാസം മാത്രമാണ്. അപൂര്‍ണവും വ്യര്‍ഥവും വിനാശകരവുമായ കാഴ്ചപ്പാടാണ് ഹിന്ദുത്വ. അതേസമയം ഭയാനകമായ കൊടുങ്കാറ്റുപോലെ സര്‍വ ശക്തിയോടെ അത് രാജ്യത്താകമാനം അടിച്ചുവീശും. പക്ഷേ, അതിന്റെ കടന്നുകയറ്റം താല്‍ക്കാലിക പ്രതിഭാസം മാത്രമായിരിക്കും. താമസിയാതെ അതുയര്‍ത്തിയ പൊടിപടലങ്ങള്‍ കെട്ടടങ്ങും. പിന്നെ പുതിയ പ്രഭാതമുദിക്കും. യാഥാര്‍ഥ്യങ്ങള്‍ വെളിച്ചത്തു വരാന്‍ തുടങ്ങും. ഈ കൊടുങ്കാറ്റിനു ശേഷം രാജ്യത്തുടനീളം വലിയ നിരാശയാണ് പടരാനിരിക്കുന്നത്. എനിക്കുറപ്പുണ്ട്; ഈ കൊടുങ്കാറ്റും അതുണ്ടാക്കുന്ന കനത്ത നാശനഷ്ടങ്ങളും ഈ രാജ്യത്ത് മൗലികമായ സാമൂഹിക പരിഷ്‌കരണങ്ങള്‍ക്കാണ് നിമിത്തമാവുക.
''അവര്‍ സ്വന്തം തന്ത്രങ്ങള്‍ പ്രയോഗിക്കുന്നു; അല്ലാഹു തന്റെ തന്ത്രവും പ്രയോഗിക്കുന്നു. ഏറ്റവും നന്നായി തന്ത്രം പ്രയോഗിക്കുന്നവന്‍ അല്ലാഹുവാണ്'' (അല്‍അന്‍ഫാല്‍ 30). ലാഇലാഹ ഇല്ലല്ലാഹ് (അല്ലാഹു അല്ലാതെ ഇലാഹില്ല) എന്നു പറയുന്നതു പോലെ തന്നെ യംകുറൂന (അവര്‍ തന്ത്രം പ്രയോഗിക്കുന്നു) എന്നതിനോടൊപ്പം യംകുറുല്ലാഹ് (അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു) എന്നു കൂടി ചേര്‍ത്തു പറഞ്ഞ് ആ വലിയ സത്യം നാം ഉള്‍ക്കൊള്ളണം. അത് ഈമാനിന്റെ അടിസ്ഥാന താല്‍പര്യമാണ്. വിശ്വാസിയും അവിശ്വാസിയും തമ്മിലെ വ്യത്യാസവുമാണത്. 'ലാ ഇലാഹ' (ദൈവമേ ഇല്ല) എന്നു മാത്രം പറഞ്ഞ് നാം അവസാനിപ്പിക്കാറില്ലല്ലോ. അത് അപൂര്‍ണമാണ്. എന്നല്ല, അത് കുഫ്‌റിന്റെ / അവിശ്വാസത്തിന്റെ പ്രഖ്യാപനം കൂടിയായി മാറും. 'ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ) എന്നു കൂടി ചേര്‍ത്തു പറയുമ്പോഴാണ് വാചകം പൂര്‍ണമാവുന്നത്. അപ്രകാരം യംകുറൂന (അവര്‍ തന്ത്രങ്ങള്‍ മെനയുന്നു) എന്നു മാത്രം പറഞ്ഞാല്‍ വാക്യം പൂര്‍ണമാവില്ല. യംകുറുല്ലാഹ് (അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു) എന്നു കൂടി ചേര്‍ത്തു പറയണം.
ദൗര്‍ഭാഗ്യവശാല്‍ ഇന്ന് സമുദായത്തിന്റെ സര്‍വ ദിക്കില്‍ നിന്നും യംകുറൂന (അവര്‍ തന്ത്രങ്ങള്‍ പയറ്റുന്നേ) എന്ന ശബ്ദം മാത്രമാണ് മുഴങ്ങിക്കേള്‍ക്കുന്നത്. ബുദ്ധിജീവികള്‍, പത്രപ്രവര്‍ത്തകര്‍, നേതാക്കള്‍, പ്രഭാഷകര്‍.... എല്ലാവരും ഇതേകാര്യം തന്നെ ആവര്‍ത്തിക്കുന്നു. അത് അപൂര്‍ണമായ വാക്യമാണ്, ശബ്ദമാണ്. അത് പല രീതിയില്‍ നമ്മെയും സ്വാധീനിക്കുന്നു. ഈ വാക്യം പൂര്‍ത്തിയാക്കി പറയുക എന്നത് നമ്മളേറ്റെടുക്കേണ്ട വെല്ലുവിളിയാണ്. നമ്മുടെ ഭാഷ കൊണ്ടും ശരീര ഭാഷ കൊണ്ടും സമീപനം കൊണ്ടും അത് നമുക്ക് സാധ്യമാവണം. 'അവര്‍ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നു; അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. ഏറ്റവും നന്നായി തന്ത്രം പ്രയോഗിക്കുന്നവന്‍ അല്ലാഹുവാണ്.'
പ്രതികൂലമായ ഈ സാഹചര്യത്തില്‍ കൂടുതല്‍ കരുത്താര്‍ജിക്കുക എന്നതായിരിക്കണം മുസ്‌ലിം സമൂഹത്തിന്റെ ലക്ഷ്യം. ഗുണപരമായ മാറ്റം രാജ്യത്ത് സൃഷ്ടിച്ചെടുക്കുന്നതിന് നിലമൊരുക്കാനുള്ള അവസരം കൂടിയാണിത്. പ്രവര്‍ത്തനങ്ങളെ അവലോകനം ചെയ്യാനും പുനഃപരിശോധിക്കാനുമുള്ള സന്ദര്‍ഭമായി സമുദായമിതിനെ മനസ്സിലാക്കണം. നാം നമ്മെ ആത്മവിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കണമെന്നാണ് ഈ പ്രതിസന്ധികള്‍ നമ്മോട് പറഞ്ഞു കൊണ്ടിരിക്കുന്നത്. നമ്മുടെ ചരിത്രത്തിലും വര്‍ത്തമാനത്തിലും നിരന്തരം ആവര്‍ത്തിക്കുന്ന തെറ്റുകളും ദൗര്‍ബല്യങ്ങളും നാം തിരിച്ചറിയേണ്ടതുണ്ട്. നമ്മുടെ സമീപനങ്ങള്‍ മാറേണ്ടതുണ്ട്. കൂടുതല്‍ കരുത്തോടെയും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളോടെയും നമുക്ക് മുന്നോട്ടു കുതിക്കേണ്ടതുണ്ട്.
പ്രതികൂല സാഹചര്യങ്ങള്‍ ചില സമൂഹങ്ങളെ കൂടുതല്‍ ദുര്‍ബലപ്പെടുത്താനാണ് വഴിവെക്കുന്നതെങ്കില്‍ മറ്റു ചില സമൂഹങ്ങള്‍ക്കത് കൂടുതല്‍ കരുത്താര്‍ജിക്കാനുള്ള അവസരമായാണ് മാറുന്നത്. അതിനാല്‍, നമ്മുടെ കര്‍മശേഷിയും ആത്മവിശ്വാസവും നിലനില്‍ക്കുക എന്നത് അനിവാര്യമാണ്. അത് ശരിയായ ദിശയിലാകേണ്ടതുമുണ്ട്. ആത്മപരിശോധനയിലൂടെയും സ്വയം വിചാരണയിലൂടെയും നമ്മുടെ ദിശ ശരിയാണെന്ന് നമ്മള്‍ ഉറപ്പുവരുത്തണം. സമുദായത്തിലെ നായകരും ചിന്തകന്മാരും ഭയത്തിന്റെയും നിരാശയുടെയും വികാരം പ്രസരിപ്പിക്കുന്നതിനുപകരം ഇത്തരമൊരു വികാരമാണ് വളര്‍ത്തേണ്ടത്.
സമുദായത്തില്‍ ആത്മവിശ്വാസവും നിര്‍ഭയത്വവും നിലനില്‍നിര്‍ത്തുന്നതിലും, സാഹചര്യങ്ങളെ ഗുണപരമായി മാറ്റിയെടുക്കാനുള്ള കര്‍മോര്‍ജം പ്രസരിപ്പിക്കുന്നതിലും നമ്മുടെ ആഖ്യാനങ്ങളുടെ (Naratives) രൂപവും രീതിയും ഏറെ പ്രധാനമാണ്. പലപ്പോഴും നിരാശയും ഭയവും പടര്‍ത്തുന്നതാണ് നമ്മുടെ എഴുത്തുകളുടെയും പ്രഭാഷണങ്ങളുടെയും സാമൂഹിക മാധ്യമ ഇടപെടലുകളുടെയും പൊതുവായ സ്വഭാവം. ആവലാതിയുടെയും നിരാശയുടെയും വികാരങ്ങളാണവ പ്രസരിപ്പിക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തെ അഭിമുഖീകരിക്കുന്ന ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തെ നാം നിര്‍മാണാത്മകമായ ദൗത്യം ഏറ്റെടുക്കാന്‍ പ്രാപ്തമാക്കേണ്ടതുണ്ട്. അതിനുപകരിക്കുന്ന ആഖ്യാനങ്ങളും അധ്യാപനങ്ങളുമാണ് നമ്മുടെ ഭാഗത്തു നിന്നുണ്ടാവേണ്ടത്.
ഏറ്റവും പ്രതിസന്ധികള്‍ നിറഞ്ഞ ഘട്ടങ്ങളില്‍ ഖുര്‍ആന്‍ റസൂലിനും സ്വഹാബികള്‍ക്കും നല്‍കിയ അധ്യാപനങ്ങളില്‍ രണ്ടു സവിശേഷതകള്‍ നമുക്ക് കാണാന്‍ കഴിയും. ഒരവസരത്തിലും പ്രതിയോഗികളെ ശക്തരും കരുത്തരുമായി ഖുര്‍ആന്‍ അവതരിപ്പിച്ചിട്ടില്ല എന്നതാണതില്‍ ഒന്നാമത്തെ സവിശേഷത. ഇസ്‌ലാമിന്റെ ശത്രുക്കള്‍ ദുര്‍ബലരാണ് എന്നാണ് പ്രതിസന്ധികളുടെ ഏറ്റവും തീക്ഷ്ണമായ ഘട്ടത്തില്‍ പോലും ഖുര്‍ആന്‍ പറയുന്നത്. അവരുടെ കുതന്ത്രങ്ങളും ദുര്‍ബലമാണ്. ''തീര്‍ച്ചയായും പിശാചിന്റെ കുതന്ത്രങ്ങള്‍ അതീവ ദുര്‍ബലമാണ്'' (അന്നിസാഅ് 76). ധിക്കാരികള്‍ക്ക് അവരുടെ കുതന്ത്രങ്ങളാല്‍ സ്ഥായിയായ ഒരു വിജയവും നേടാന്‍ കഴിയില്ല എന്നും ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട്. ''ധിക്കാരികളുടെ കുതന്ത്രങ്ങള്‍ പാഴാകാനുള്ളതാണ്'' (ഗാഫിര്‍ 25). വിശ്വാസികള്‍ക്ക് നഷ്ടം വരുത്താന്‍ ഇക്കൂട്ടര്‍ക്ക് സാധ്യവുമല്ല.
വിശ്വാസികള്‍ അഭിമുഖീകരിക്കുന്ന ആപത്തുകള്‍ ബാഹ്യ കാരണങ്ങളെക്കാളുപരി ആഭ്യന്തര കാരണങ്ങള്‍ കൊണ്ട് സംഭവിക്കുന്നതാണ്. ''നിങ്ങളെ ബാധിച്ച വിപത്തുകളൊക്കെയും നിങ്ങളുടെ തന്നെ ചെയ്തികളുടെ ഫലമാണ്. വളരെ തെറ്റുകള്‍ അല്ലാഹു സദയം വിട്ടുകളയുന്നു'' (അശ്ശൂറാ 30).
നിങ്ങളുടെ വിജയം നിങ്ങളുടെ തന്നെ കൈകളിലാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അതിന് തഖ്‌വയും സഹന(സ്വബ്ര്‍)വും ആവശ്യമുണ്ട്. ആ ഗുണങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ ആരുടെയെങ്കിലും എന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചനകള്‍ക്ക് ഒരിക്കലും നിങ്ങളെ തകര്‍ക്കാന്‍ കഴിയില്ല. ''നിങ്ങള്‍ക്കൊരു നന്മയുണ്ടായാല്‍ അവര്‍ക്ക് ഖേദം തോന്നുന്നു, നിങ്ങള്‍ക്കൊരു ദോഷം പറ്റിയാലോ സന്തോഷിക്കുകയും ചെയ്യുന്നു. പക്ഷേ, നിങ്ങള്‍ സഹനത്തോടെ, തഖ്‌വയോടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവരുടെ കുതന്ത്രങ്ങളൊന്നും ഏശുന്നതല്ല. അവര്‍ പ്രവര്‍ത്തിക്കുന്നതിനെ അല്ലാഹു വലയം ചെയ്തിരിക്കുന്നു'' (ആലു ഇംറാന്‍ 120).
ഏറ്റവും സങ്കീര്‍ണമായ പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും ഭയത്തിന്റെയും ആശങ്കയുടെയും വികാരങ്ങളല്ല ഖുര്‍ആനിക സൂക്തങ്ങളില്‍ തെളിയുന്നത് എന്നതാണ് ഖുര്‍ആനിക വിവരണത്തിന്റെ രണ്ടാമത്തെ സവിശേഷത. മറിച്ച്, വിശ്വാസികള്‍ എന്താണ് നിര്‍വഹിക്കേണ്ടത്? സാഹചര്യങ്ങളോട് എങ്ങനെ പ്രതികരിക്കണം? ഇവയിലാണ് ഖുര്‍ആന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉഹുദ് യുദ്ധത്തിന്റെ വിശദമായ അവലോകനത്തിലാണെങ്കിലും ശരി, മക്കാമുശ്‌രിക്കുകളുടെ കടുത്ത എതിര്‍പ്പുകളുടെ സന്ദര്‍ഭത്തിലാണെങ്കിലും ശരി ഈ സവിശേഷത ഖുര്‍ആനില്‍ നമുക്ക് വായിക്കാം. എല്ലായിടത്തും മുസ്‌ലിംകളുടെ ദൗത്യത്തെക്കുറിച്ചാണ് അത് സംസാരിക്കുന്നത്. ഭയത്തിന്റെയും ആവലാതിയുടെയും വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിന് പകരം ഖുര്‍ആന്‍ പ്രതീക്ഷയുടെയും കരുത്തുറ്റ പ്രവര്‍ത്തനങ്ങളുടെയും നേരെ വഴിചൂണ്ടുന്നു. എന്നല്ല, കടുത്ത പ്രതിസന്ധികള്‍ നമ്മുടെ ഈമാനിക വെളിച്ചത്തിന്റെയും ജീവിത ശാന്തിയുടെയും തിളക്കം കൂട്ടാനുള്ള വഴിയാണെന്ന് ഉണര്‍ത്തുകയും ചെയ്യുന്നു. ''അവരോട് ജനങ്ങള്‍ പറഞ്ഞു, നിങ്ങള്‍ക്കെതിരെ വന്‍ സൈന്യങ്ങള്‍ സംഘടിച്ചിരിക്കുന്നു, സൂക്ഷിക്കുവിന്‍. അതു കേട്ട് അവരില്‍ ഈമാന്‍ വര്‍ധിക്കുകയാണുണ്ടായത്. അവര്‍ മറുപടി പറഞ്ഞു: ഞങ്ങള്‍ക്കല്ലാഹു മതി, കാര്യങ്ങള്‍ ഏല്‍പിക്കാന്‍ ഏറ്റവും ഉത്തമന്‍ അവന്‍ തന്നെയാകുന്നു'' (ആലു ഇംറാന്‍ 173).
ആശങ്കയുടെ ഭാഷ(Language of Apprehension)ക്ക് പകരം കര്‍മോത്സുകതയുടെ ഭാഷ (Language of Actions) എന്നതായിരിക്കണം ഈ സന്ദര്‍ഭത്തില്‍ മുസ്‌ലിം സമൂഹത്തിലെ നമ്മുടെ ആഖ്യാനങ്ങളുടെ ഒന്നാമത്തെ സവിശേഷതയാവേണ്ടത്. 'എന്താണ് സംഭവിക്കാന്‍ പോകുന്നത്' എന്ന ഉത്കണ്ഠയില്‍ കുരുങ്ങിക്കിടക്കും ആശങ്കയുടെ ഭാഷ. നിങ്ങള്‍ ദിനപത്രമെടുത്ത് വായിച്ചുനോക്കൂ, അതില്‍ സിംഹഭാഗവും ഇത്തരം ആശങ്കകളാണ്. പ്രഭാഷണങ്ങളുടെ മുഖ്യ ഭാഗവും ഇതു തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അഥവാ കൂട്ട ഹത്യക്ക് കളമൊരുങ്ങുകയാണ്, നമ്മുടെ രാജ്യത്ത് പഴയ മുസ്‌ലിം സ്‌പെയിനിന്റെ അനുഭവം ആവര്‍ത്തിക്കപ്പെടുകയാണ്, എല്ലാം നശിക്കാന്‍ പോവുകയാണ് തുടങ്ങി സര്‍വവും ആശങ്കയുടെ ഭാഷയിലുള്ള വിവരണങ്ങളാല്‍ മുഖരിതം. ഇത്തരം വിവരണങ്ങള്‍ ഭയവും ആശങ്കയും വര്‍ധിപ്പിക്കുമെന്നല്ലാതെ ഗുണപരമായ ഒരു ഫലവും ഈ സമുദായത്തില്‍ ഉണ്ടാക്കില്ല.
അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അല്‍പം വസ്തുനിഷ്ഠമായി സംസാരിക്കുക, അതിനെക്കാളേറെ ഈ സാഹചര്യത്തെ മറികടക്കാനുതകുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കുക - ഇതാണ് കര്‍മോത്സുകതയുടെ ഭാഷ (Language of Actions) എന്നു പറയുന്നത്. ഈ സന്ദര്‍ഭത്തില്‍ കര്‍മപഥത്തില്‍ സാധ്യമാവുന്ന കാര്യങ്ങളെക്കുറിച്ച് സമുദായത്തിന് ദിശാബോധം നല്‍കാന്‍ നമുക്ക് കഴിയണം. നമ്മുടെ അധ്വാന പരിശ്രമങ്ങളുടെ ഫലമായി, ഒരു വേള അല്‍പം സമയമെടുത്താലും പ്രതികൂലമായ ഈ സാഹചര്യം ഗുണപരമായി പരിവര്‍ത്തിപ്പിക്കപ്പെടും എന്ന പ്രതീക്ഷ കൈമാറാന്‍ നമുക്ക് കഴിയണം. അങ്ങനെ നമ്മുടേത് പ്രതികരണ ഭാഷയാവുന്നതിന് പകരം മുന്നേറ്റത്തിന്റെ ഭാഷയായി മാറണം.
ശത്രുവിനെക്കുറിച്ച ആലോചനയിലും അവരുടെ പ്രവര്‍ത്തനങ്ങളിലും കുരുങ്ങിപ്പോവുക എന്നതാണ് പ്രതികരണ ഭാഷയുടെ പ്രത്യേകത. അവരുടെ എല്ലാ നീക്കങ്ങളോടും കര്‍മങ്ങളോടും നിര്‍ബന്ധമായും പ്രതികരിച്ചിരിക്കണം എന്ന നിലയില്‍ നാം എത്തിച്ചേരുന്നു. അപ്പോള്‍ പ്രഭാഷണങ്ങളുടെയും എഴുത്തിന്റെയും ആഖ്യാനങ്ങളുടെയുമെല്ലാം മര്‍മം നമ്മുടെ പ്രതിയോഗികളും അവരുടെ ചെയ്തികളുമായി മാറുന്നു. അങ്ങനെ, നമ്മുടെ അജണ്ട അവര്‍ തീരുമാനിക്കുന്ന സ്ഥിതിയുണ്ടാവുന്നു. അപ്പോള്‍ നമ്മുടെ പ്രവര്‍ത്തനോര്‍ജവും ശക്തിയും എങ്ങനെ ചെലവഴിക്കപ്പെടണമെന്ന് പ്രതിയോഗികളാല്‍ തീരുമാനിക്കപ്പെടുന്നു. ഇത് പരാജയത്തിന്റെയും അധഃപതനത്തിന്റെയും ഭാഷയാണ്. മറ്റുള്ളവരുടെ തെറ്റുകളെക്കുറിച്ചും ആവശ്യാനുസാരം സംസാരിക്കാന്‍ കഴിയലാണ് മുന്നേറ്റത്തിന്റെ ഭാഷ. അത് അക്രമത്തിനെതിരെ ശബ്ദമുയര്‍ത്തും. തെറ്റായ നിലപാടുകളെ വിചാരണ ചെയ്യും.
സര്‍വോപരി, നമ്മുടെ സ്വപ്‌നങ്ങളുടെ പ്രതിനിധാനമാണ് നമ്മുടെ ഭാഷ. ഈ ദേശത്ത് നാമെന്ത് ചെയ്യാന്‍ ആഗ്രഹിക്കുന്നു? ഈ രാജ്യത്തെ ജനങ്ങള്‍ക്ക് നാമെന്ത് നല്‍കാന്‍ കൊതിക്കുന്നു? നാം നമ്മുടെ ഭാവിയെ തന്നെ എങ്ങനെ നോക്കിക്കാണുന്നു? നാം പണിയാനുദ്ദേശിക്കുന്ന ഭാവിയെ പടുത്തുയര്‍ത്താനുള്ള വഴികള്‍ എന്താണ്? ഇതാവണം നമ്മുടെ ഭാഷയുടെയും വിവരണങ്ങളുടെയും മുഖ്യ ഭാഗം. ഹ്രസ്വകാലത്തേക്കുള്ളതും പെട്ടെന്ന് അഭിമുഖീകരിക്കേണ്ടിവരുന്നതുമായ കാര്യങ്ങളെക്കുറിച്ച് മാത്രം വിവരിക്കുന്നതാവരുത് നമ്മുടെ ഭാഷ എന്നതാണ് മൂന്നാമത്തെ കാര്യം. മറിച്ച്, ദീര്‍ഘകാല സ്വഭാവമുള്ളതും ശക്തമായ മാറ്റത്തെക്കുറിച്ച് സംസാരിക്കുന്നതുമാവണം അത്. നമ്മുടെ കണ്‍മുന്നിലുള്ള പ്രശ്‌നങ്ങളെ തീര്‍ച്ചയായും നമ്മള്‍ അഭിമുഖീകരിക്കേണ്ടതുണ്ട്. എന്നാല്‍, വിജയിക്കുന്ന സമൂഹത്തിന്റെ ലക്ഷണം അവര്‍ ദൂരങ്ങളിലേക്ക് കണ്ണോടിക്കുന്നു എന്നതാണ്. ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. വരാനിരിക്കുന്ന തലമുറകളെക്കുറിച്ചും ആലോചിക്കുന്നു. ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ ശോഭനമായ ഭാവിക്കുവേണ്ടി സഹന(സ്വബ്ര്‍)ത്തോടെ നേരിടുന്നു അവര്‍. നമ്മുടെ ഭാഷയും ഇപ്രകാരമാവേണ്ടതുണ്ട്.
നമ്മുടെ അടിസ്ഥാന ലക്ഷ്യം നീതി പുലരുന്ന സമൂഹത്തിന്റെ നിര്‍മാണമാണ്. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ദീര്‍ഘകാല കാഴ്ചപ്പാടും (Long-term Vision) അതു തന്നെയാണ്. സാംസ്‌കാരിക വൈവിധ്യങ്ങളുള്ള ഇന്ത്യ പോലൊരു രാജ്യത്ത് ഇസ്‌ലാമിന്റെ പ്രബോധനത്തിലൂടെയും ഇസ്‌ലാമിനെ രാജ്യ നിവാസികള്‍ക്ക് പരിചയപ്പെടുത്തിയുമാണ് ദീനിന്റെ സംസ്ഥാനം (ഇഖാമത്തുദ്ദീന്‍) എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ കഴിയുക. അതേസമയം, സമകാലിക ഇന്ത്യയില്‍ മുസ്‌ലിം സമുദായത്തിന്റെ ഹ്രസ്വകാല ലക്ഷ്യം എന്തായിരിക്കണം? എന്ത് സാക്ഷാല്‍ക്കരിക്കാനാണവര്‍ തങ്ങളുടെ അധ്വാന പരിശ്രമങ്ങള്‍ ചെലവഴിക്കേണ്ടത്? ഇസ്‌ലാമിക പ്രമാണങ്ങള്‍ തന്നെ ഇതിനാവശ്യമായ വഴി കാണിച്ചുതരുന്നുണ്ട്; നീതിയുടെ സംസ്ഥാപനമാണത്.
'നീതി' ഇസ്‌ലാമിക ശരീഅത്തിന്റെ പ്രധാന വിഷയമാണ്, അതിന്റെ പ്രധാനപ്പെട്ട സവിശേഷതയുമാണ്. നീതിയാണ് ഇസ്‌ലാമിക ശരീഅത്തിന്റെ ലക്ഷ്യമെന്നാണ് അല്ലാമാ ഇബ്‌നുല്‍ ഖയ്യിം പറയുന്നത്. മുസ്‌ലിംകളുടെ ദൗത്യമായി ഖുര്‍ആനില്‍ അനേകം സ്ഥലങ്ങളില്‍ അല്ലാഹു നീതിയെക്കുറിച്ച് വിവരിക്കുന്നുണ്ട്: ''സത്യവിശ്വാസികളേ, നിങ്ങള്‍ നീതിക്കുവേണ്ടി നിലകൊള്ളുവിന്‍'' (അന്നിസാഅ് 135). ''എന്റെ നാഥന്‍ നീതി കല്‍പിച്ചിരിക്കുന്നു'' (അല്‍അഅ്‌റാഫ് 29). ''തെളിഞ്ഞ ദൃഷ്ടാന്തങ്ങളും മാര്‍ഗദര്‍ശനങ്ങളുമായി നാം നമ്മുടെ ദൂതന്മാരെ അയച്ചിരിക്കുന്നു. അവര്‍ക്ക് വേദവും തുലാസും ഇറക്കി, മനുഷ്യര്‍ നീതിപൂര്‍വം നിലകൊള്ളാന്‍'' (അല്‍ഹദീദ് 25).
നമ്മുടെ രാജ്യത്തിന്റെ മുഖ്യ പ്രശ്‌നവും നീതിയും സമത്വവും പുലരുന്നില്ല എന്നത് തന്നെയാണ്. ലോകത്തിന്റെ ചില ഭാഗങ്ങളില്‍ നിലനില്‍ക്കുന്നതുപോലെ സാമ്പത്തിക ഇടപാടുകളില്‍ മാത്രം പരിമിതമല്ല ഈ രാജ്യത്ത് നീതിയുമായും സമത്വവുമായും ബന്ധപ്പെട്ട പ്രശ്‌നം. ജീവിതത്തിന്റെ സര്‍വ മേഖലയിലും അനീതിയും അസമത്വവും അക്രമവും അടിച്ചമര്‍ത്തലും നിലനില്‍ക്കുന്നുണ്ടിവിടെ. ഈ രാജ്യത്തെ സാമൂഹിക- രാഷ്ട്രീയ-സാമ്പത്തിക - സാംസ്‌കാരിക വ്യവസ്ഥയില്‍ നൂറ്റാണ്ടുകളായി തുടര്‍ന്നുപോരുന്ന യാഥാര്‍ഥ്യമാണത്.
നീതിയും സമത്വവും ഈ രാജ്യത്ത് നമ്മുടെ വ്യവഹാരങ്ങളുടെ (Discourse) മുഖ്യ വിഷയമായി മാറണം. രാജ്യത്ത് നീതിയുമായി ബന്ധപ്പെട്ട ഏതെല്ലാം കാര്യങ്ങള്‍ പരിഗണനാ വിഷയങ്ങളാവണം, അതുമായി ബന്ധപ്പെട്ട എന്തെല്ലാം വിഷയങ്ങള്‍ നമ്മള്‍ ഉയര്‍ത്തേണ്ടതുണ്ട് എന്നതിനെക്കുറിച്ചെല്ലാം നമ്മുടെ പോളിസി പ്രോഗ്രാമില്‍ വിശദമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. ആ വിഷയത്തില്‍ ഞാന്‍ ധാരാളമായി ലേഖനങ്ങള്‍ എഴുതാറുമുണ്ട്. ഇപ്പോളത് വിശദീകരിക്കാനുള്ള സന്ദര്‍ഭമല്ല. നീതി സ്ഥാപിക്കാന്‍ പരിശ്രമിക്കുന്നവരാക്കി മുസ്‌ലിം സമൂഹത്തെ പരിവര്‍ത്തിപ്പിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. അവരതിന്റെ കൊടിവാഹകരായി മാറണം. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കുമുപകരിക്കുന്ന രാഷ്ട്രീയ അജണ്ടയും കാഴ്ചപ്പാടുമുള്ളവരായി അവര്‍ മാറണം. ഇസ്‌ലാമിക ശരീഅത്തിന്റെ ലക്ഷ്യങ്ങളില്‍ നിന്നുകൊണ്ട് രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും ക്ഷേമത്തിനും വിജയത്തിനുമുള്ള അജണ്ടകള്‍ അവര്‍ക്കുണ്ടാവണം. എല്ലാവരുടെയും നീതി ഉറപ്പാക്കാനും, അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്താനും കഴിയേണ്ടതുണ്ട്. ഇസ്‌ലാമിക പാഠങ്ങളുടെ വെളിച്ചത്തില്‍ ഈ സമുദായം മുഴുവന്‍ മനുഷ്യരുടെയും ക്ഷേമത്തിനായി നിലകൊള്ളുന്നവരായി മാറണം. എത്രത്തോളമെന്നാല്‍, നീതിയും ന്യായവും മുസ്‌ലിം സമൂഹത്തിന്റെ അസ്തിത്വത്തിന്റെ സവിശേഷതയും അവരുടെ രാഷ്ട്രീയത്തിന്റെ മുഖ്യ അജണ്ടയും അവരെ തിരിച്ചറിയാനുള്ള പ്രധാന കുറിയടയാളവുമായിത്തീരണം.
പ്രിയപ്പെട്ടവരേ,
സംഘടനാ ഘടനയുമായി ബന്ധപ്പെട്ട ഒരു കാര്യം കൂടി ഈ സന്ദര്‍ഭത്തില്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുകയാണ്: ഉറച്ച ചില തീരുമാനങ്ങളോടെയാണ് നമ്മളീ മീഖാത്തിന് ആരംഭം കുറിച്ചത്. പുതിയ പല മേഖലകളിലും ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം എന്നും നാം തീരുമാനിച്ചിരുന്നു. പ്രസ്ഥാനത്തെ കൂടുതല്‍ സുശക്തവും സ്വാധീനമുള്ളതുമാക്കി മാറ്റാന്‍ പല വഴികള്‍ നമ്മള്‍ ആലോചിക്കുകയുണ്ടായി. അല്ലാഹുവിന്റെ അനുഗ്രഹത്താലും നിങ്ങളുടെ പരിശ്രമത്താലും ശക്തമായ ചുവടുവെപ്പുകള്‍ ഈ വഴിയില്‍ നടത്താന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, സാഹചര്യങ്ങളുടെ പ്രതികൂലാവസ്ഥകള്‍ കാരണം ശരിയാം വിധം ശ്രദ്ധ നല്‍കാന്‍ കഴിയാത്ത പല കാര്യങ്ങളും ബാക്കിനില്‍ക്കുന്നുണ്ട്. കോവിഡ് ഉള്‍പ്പെടെ, നമ്മുടെ കണക്കുകൂട്ടലുകള്‍ക്കപ്പുറം സംഭവിച്ച പല പുതിയ പ്രതിസന്ധികളെയും ഇക്കാലയളവില്‍ നമുക്ക് അവിചാരിതമായി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. നാഥന്‍ അതു വഴി നമ്മുടെ സംസ്‌കരണത്തിനും (തര്‍ബിയ്യത്ത്), പുതിയ നേട്ടങ്ങള്‍ക്കുമുള്ള വഴിയൊരുക്കുകയാണ് ചെയ്തത്.
ഇപ്പോള്‍ നാം ഈ ചതുര്‍ വര്‍ഷ പരിപാടിയുടെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. നേടിയെടുക്കേണ്ട നമ്മുടെ ലക്ഷ്യങ്ങളില്‍ നാം അടിയുറച്ച തീരുമാനത്തോടെ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്. പാതി വഴിയില്‍ നില്‍ക്കുന്നവ പൂര്‍ത്തീകരിക്കണം. യുവത്വമുള്ള ജമാഅത്ത് (Younger Jamaat), വിശാലമായ ജമാഅത്ത് (Wider Jamaat), സ്വാധീനശക്തിയുള്ള ജമാഅത്ത് (Impactful Jamaat), പരമാവധി ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ (Maximum Field Works), എല്ലാ പ്രവര്‍ത്തകര്‍ക്കും പങ്കാളിത്തം, എല്ലാ പ്രവര്‍ത്തകരുടെയും വികാസം (Development), നവീകരണം (Innovation) അഥവാ പുതിയ വഴികളുടെ അന്വേഷണം...... തുടങ്ങി ഈ മീഖാത്തിന്റെ തുടക്കം മുതല്‍ നമ്മളാവര്‍ത്തിച്ചുരുവിടുന്ന ഈ മുദ്രാവാക്യങ്ങള്‍ പ്രായോഗവല്‍ക്കരിക്കപ്പെടേണ്ടതുണ്ട്.
യുവത്വമുള്ള ജമാഅത്ത് (Younger Jamaat) എന്നത് കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഞാന്‍ നിങ്ങളുടെ ശ്രദ്ധയില്‍ പ്രത്യേകം പെടുത്താന്‍ ആഗ്രഹിക്കുന്നു. യുവാക്കളാല്‍ സമൃദ്ധമായ ഈ രാജ്യത്ത് നമ്മുടെ കേഡറുകളിലും യുവാക്കളുടെ എണ്ണം വര്‍ധിക്കേണ്ടതുണ്ട്. ആ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ നിങ്ങളുടെ പ്രത്യേക ശ്രദ്ധയുണ്ടാവണം.
പ്രിയപ്പെട്ടവരേ,
മഹത്തായ ഈ ദൗത്യങ്ങളെല്ലാം നാം നെഞ്ചേറ്റണം. മീഖാത്തിന്റെ അവസാന ഘട്ടത്തില്‍ ഇക്കാര്യങ്ങളെല്ലാം സാക്ഷാത്കരിക്കാന്‍ പരമാവധി പരിശ്രമങ്ങള്‍ നടത്തണം. അതുവഴി മാറ്റങ്ങളുടെ തെളിഞ്ഞ കാലടിപ്പാടുകള്‍ ഇവിടെ അവശേഷിപ്പിക്കാന്‍ നമുക്ക് കഴിയും. വരാനിരിക്കുന്ന പ്രവര്‍ത്തനകാലയളവുകളില്‍ നമ്മുടെ യാത്രകളുടെ ഗതിവേഗം അത് വര്‍ധിപ്പിക്കുകയും ചെയ്യും.
വിവ. അബൂശാദാന്‍
Comments