Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 23

3282

1444 ജമാദുല്‍ അവ്വല്‍ 29

'പേര് മന്‍സൂര്‍ എന്നല്ലേ, എന്തെങ്കിലും കാണും!'

ബശീര്‍ ഉളിയില്‍

പ്രതിവിചാരം /

കെ.എം സീതി സാഹിബ്, സത്താര്‍ സേട്ട് തുടങ്ങിയ അതികായരെ ദത്തെടുത്ത് മുസ്ലിം സാമുദായിക രാഷ്ട്രീയത്തിന് അടിത്തറ പാകിയ തലശ്ശേരിയില്‍ പ്രതിരോധത്തിന്റെ ഇടത് കോട്ട തീര്‍ത്ത തറവാടാണ് മാളിയേക്കല്‍. മലബാറിലെ മുസ്‌ലിം കുടുംബങ്ങളില്‍ നിന്ന് ആദ്യമായി സ്ത്രീകള്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ പെണ്ണുങ്ങളുള്ള വീട്. എ.കെ.ജിയുടെയും ഇ.എം.എസിന്റെയും ഒളിജീവിതത്തിലെ അഭയ കേന്ദ്രം. അന്നും ഇന്നും ചുവന്ന സാരി മാത്രമുടുക്കുന്ന സ്ത്രീകള്‍ മാളിയേക്കല്‍ തറവാട്ടിലുണ്ടത്രേ. ഈ തറവാട്ടിനെ പശ്ചാത്തലമാക്കി 2017-ല്‍ പി.ടി കുഞ്ഞുമുഹമ്മദ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചു നിര്‍മിച്ച സിനിമയാണ് 'വിശ്വാസപൂര്‍വം മന്‍സൂര്‍.' മാളിയേക്കല്‍ തറവാട്ടിലെ ഫാത്തിബിയുടെ ഒരേയൊരു പുത്രനാണ് കഥയിലെ മന്‍സൂര്‍. കറതീര്‍ന്ന സഖാവ്. നഖശിഖാന്തം ഒരു 'പാര്‍ട്ടി ജീവി.' സഖാവ് ജയരാജ(സിനിമയിലെ മറ്റൊരു കഥാപാത്രം)ന്റെ സഹോദരി സൗമ്യക്ക് മന്‍സൂര്‍ കരള്‍ പറിച്ചുകൊടുക്കുന്നത് പോലും പ്രണയ ഹൃദയം ഇടതുവശത്തായതു കൊണ്ടാണ്. ഒടുവില്‍, പ്രഥമ ദൃഷ്ട്യാ അകല്‍ച്ചയിലാണെങ്കിലും പാര്‍ട്ടിയും ജാതിബോധവും തമ്മിലുള്ള അന്തര്‍ധാര സജീവമായതിനാല്‍, 'ഒരു നല്ല നായര്‍ ചെക്കന്‍ തന്നെ ഓളെ കെട്ടണം എന്നാ അമ്മക്ക് ആഗ്രഹം' എന്ന് പറഞ്ഞു ജയരാജന്‍ സഖാവ് ആ പ്രണയമോഹം കരിച്ചുകളയുമ്പോഴും  മന്‍സൂറിന്റെ ഭൂഗോളം ചുവന്ന പന്തായ് തന്നെ തിരിഞ്ഞുകൊണ്ടേയിരുന്നു.
ചൊല്ലിയ സലാം പോലും മടക്കാത്ത, തീര്‍ത്തും 'നിര്‍ദീനി' സഖാവായ മന്‍സൂര്‍, സിനിമ പിടിത്തവും തിരിഞ്ഞുകളിയുമൊക്കെയായി നടക്കുന്നതിനിടെയാണ് താന്‍ പോലുമറിയാത്ത കാരണങ്ങളാല്‍ ഓര്‍ക്കാപ്പുറത്ത് ഒരുനാള്‍ തീവ്രവാദിയാകുന്നത്. 'പേറ് സൗഭാഗ്യം' കൊണ്ട് കിട്ടിയ പേരിന്റെ പേരില്‍ തീവ്രവാദിയാകുന്ന മന്‍സൂറിനെ ഒടുവില്‍ പാര്‍ട്ടി പോലും കൈവിടുന്ന കാഴ്ചയാണ് കഥയിലെ ഹൈലൈറ്റ്. മോദിയുടെയും പിണറായിയുടെയും  ഒന്നാമൂഴത്തിന്റെ ഘട്ടത്തിലാണ് സിനിമ പിറക്കുന്നത്. ഭീകരവാദവും ഇസ്ലാമും അത്രമേല്‍ ഒന്നിനൊന്നോട് ചേര്‍ന്ന കേരള പരിസരം രൂപപ്പെട്ട കാലമല്ല. ചുരുങ്ങിയത് ഇടത് ഗാത്രത്തിലെങ്കിലും സംഘി വൈറസ് പ്രത്യക്ഷയാ പടര്‍ന്നതായി കാണപ്പെട്ടു തുടങ്ങിയിട്ടുമില്ല. എന്നിട്ടും 'ഒരു മാപ്ല സഖാവിന്റെ മേല്‍ കെട്ടിച്ചമക്കപ്പെട്ട  ഭീകരബന്ധത്തെ പേര് മന്‍സൂര്‍ എന്നല്ലേ, എന്തെങ്കിലും കാണും' എന്ന മട്ടില്‍ പാര്‍ട്ടി ക്ലാസ് മാഷായ മൂത്ത സഖാവ് പോലും കൈവിടുന്ന അവസ്ഥയെ ചലച്ചിത്രമാക്കാന്‍ പി.ടിക്ക് കഴിഞ്ഞത് കേരളത്തിന്റെ സാംസ്‌കാരിക ചമയപ്പുരയില്‍  കാലങ്ങളായി  ഒരുങ്ങിക്കൊണ്ടിരുന്ന ഇസ്‌ലാമോഫോബിയയുടെ ചൂരറിഞ്ഞതു കൊണ്ടായിരിക്കണം.
അടുത്ത കാലത്ത് മുതിര്‍ന്ന ചില മാപ്ല സഖാക്കള്‍ നേരിട്ട 'തീവ്രവാദാ'രോപണവും അതിനോട് ഇടത്- ലിബറല്‍ സാംസ്‌കാരിക കേരളം സ്വീകരിച്ച നിലപാടും കണ്ടപ്പോഴാണ് മാളിയേക്കല്‍ മന്‍സൂര്‍ ഒരിക്കല്‍ കൂടി മനസ്സിന്റെ അഭ്രപാളിയില്‍ തെളിഞ്ഞത്. കേരളത്തിന്റെ തുറമുഖ വകുപ്പ് മന്ത്രി എന്ന നിലക്ക് വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കില്ലെന്നും പദ്ധതിക്കെതിരെ നടക്കുന്ന സമരം രാജ്യവിരുദ്ധമാണെന്നുമുള്ള വി. അബ്ദുര്‍റഹ്മാന്റെ പ്രസ്താവനക്കെതിരെ വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ വര്‍ഗീയ പ്രസ്താവനയാണ് ഇതിലൊന്ന്. അബ്ദുര്‍റഹ്മാന്‍ എന്ന പേരില്‍ തന്നെ തീവ്രവാദമുണ്ട് എന്നായിരുന്നു അച്ചന്റെ പ്രസ്താവന. ആ പേരില്‍ എന്താണ് തീവ്രവാദമെന്നത് തിയോഡേഷ്യസ് ഡിക്രൂസ് വ്യക്തമാക്കണമെന്ന് മുണ്ടു മടക്കിക്കുത്തി, മീശ പിരിച്ച് ഡി.വൈ.എഫ്.ഐ ഒരു എമണ്ടന്‍ ചോദ്യം ഉന്നയിച്ചതല്ലാതെ  ഒരു പോളിറ്റ്ബ്യൂറോ അംഗവും  പ്രതികരിക്കാന്‍ അവൈലബ്ള്‍ ആയിരുന്നില്ല. ഒരു സാംസ്‌കാരിക ലിബറല്‍ 'കുട്ടിമാമ'യും ഞെട്ടിയില്ല. ഇത്തവണ ഡിക്രൂസ് 'ഒരു വല്യ പണ്ഡിതനാണ്' എന്ന പ്രസ്താവനയുമായി വാസവന്‍ മന്ത്രി രംഗത്ത് വന്നില്ല എന്ന് ആശ്വസിക്കാം. ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചു സേവാഭാരതി നടത്തുന്ന അയ്യപ്പ സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം ചെയ്യുന്ന തിരക്കിലായിരുന്നു ഈ നാളുകളില്‍  മാനവ - മാധവ സേവാ വാസവന്‍.  ഏതായാലും 'കച്ചികെട്ടാനുള്ള കയര്‍ കച്ചിയില്‍ തന്നെ' എന്ന മട്ടില്‍ 'തീവ്രവാദി'ക്ക് വേണ്ടി ചാവേര്‍ ആവാനും 'മാപ്ലാവു'കള്‍ മാത്രമേ ഉണ്ടായുള്ളൂ. മന്ത്രി മുഹമ്മദ് റിയാസും മുന്‍ മന്ത്രി കെ.ടി ജലീലും മാത്രമാണ് ഇക്കാര്യത്തില്‍ ഇത്തിരിയെങ്കിലും കോപിതരായത്. കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ സംസ്ഥാന സമ്മേളനത്തിന് ആശംസ നേരുന്ന വേളയില്‍  സി.പി.എം നേതാവും കേരളത്തില്‍ നിന്നുള്ള ഒരേയൊരു ഇടതുപക്ഷ എം.പിയുമായ എ.എം ആരിഫ്,  'അസ്സലാമു അലൈകും വ റഹ്മത്തുല്ലാഹി വ ബറകാത്തുഹു' എന്നു പറഞ്ഞതായിരുന്നു ഇതേ സമയത്ത് തന്നെ ഉയര്‍ന്ന മറ്റൊരു 'തീവ്രവാദം.' ഇസ്ലാം വെറുപ്പില്‍ ജന്മഭൂമിയോട് അഹമഹമികയാ  മത്സരിക്കുന്ന മാതൃഭൂമിയാണ് ആരിഫ് വിഷയത്തില്‍  ആദ്യം ഗോളടിച്ചത്. അന്നും ആരിഫിന് വേണ്ടി ചാവേറായി ചാടി വീണത് ദി വണ്‍ ആന്‍ഡ് ഒണ്‍ലി കെ.ടി ജലീല്‍ ആയിരുന്നു. മുജാഹിദുകാരോട് ആരിഫ് കാണിച്ച 'സഹിഷ്ണുത'യെ ജലീല്‍ സമീകരിച്ചത്, ടി20 ലോക കപ്പിന്റെ ഫൈനലില്‍ പാകിസ്താനെ കീഴടക്കിയ ശേഷം ഷാമ്പയിന്‍ പൊട്ടിച്ച് ഇംഗ്ലണ്ട് വിജയം ആഘോഷിച്ചപ്പോള്‍ ടീം അംഗങ്ങളായ മോയിന്‍ അലിയെയും ആദില്‍ റഷീദിനെയും മാറ്റിനിര്‍ത്തിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറിനോടായിരുന്നു.
പറയേണ്ടത് മുഴുവന്‍ പറഞ്ഞ്, ഉദ്ദിഷ്ട കാര്യം സാധിച്ച ശേഷം ഒച്ചപ്പാടുണ്ടാവുകയാണെങ്കില്‍ മാപ്പു പറയുക എന്നതാണ് ഇസ്ലാമോഫോബിക് വിഷയത്തില്‍ കേരളത്തില്‍ നിലനില്‍ക്കുന്ന ആചാരം. ഡിക്രൂസിനു വേണ്ടി  സമരസമിതി നേതാവ് ഫാദര്‍ മൈക്കിള്‍ ഈ ആചാരം പാലിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഉഡുപ്പിയിലെ മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ടെക്‌നോളജിയിലെ മുസ്ലിം വിദ്യാര്‍ഥിയെ  അജ്മല്‍ കസബിന്റെ പേരില്‍ സംബോധന ചെയ്ത് 'തീവ്രവാദി'യാക്കിയ അധ്യാപകനോട് ആ കുട്ടി പറഞ്ഞതു പോലെ, 'ക്ഷമ പറഞ്ഞതുകൊണ്ട് മാത്രം ഉള്ളിലെ ചിന്താഗതിയും വ്യക്തിത്വവും മാറാന്‍ പോകുന്നില്ല.' മാപ്പു പറഞ്ഞ സാഹചര്യത്തില്‍  പ്രശ്‌നം അവസാനിപ്പിക്കണമെന്ന് അതിരൂപതാ വക്താവ് ഫാദര്‍. സി. ജോസഫും 'അന്ത്യശാസനം' ഇറക്കി. 'ഒരു കരണത്ത് അടി കിട്ടിയാല്‍ മറ്റേ കരണം കാണിച്ചു കൊടുക്കണം' (മത്തായി 5:39) എന്ന് പറഞ്ഞത് ഇമ്മാതിരിയുള്ള ചില അച്ചന്മാര്‍ ഒരടി കൊണ്ടൊന്നും നന്നാവില്ല എന്ന് കര്‍ത്താവിനു അറിയുന്നതു കൊണ്ടാണെന്നു ഇടവകയിലെ ചില സരസര്‍ അടക്കം പറഞ്ഞതൊഴിച്ചാല്‍ അച്ചന്‍ പറഞ്ഞതിലെന്താ തെറ്റ് എന്ന ഭാവം തന്നെയായിരുന്നു ഒരു വകയില്‍ ഉള്ള സകല ഇടവകക്കാരുടെയും മുഖത്ത് തത്തിക്കളിച്ചത്.
'വേഷം കണ്ടാല്‍ അറിയാം' എന്ന മോഡിസൂക്തത്തിന്റെ 'ക്രിസങ്കി' വേര്‍ഷന്‍ മാത്രമാണ് അച്ചന്റെ തിരുവരുള്‍. ഇതൊന്നും ഒറ്റപ്പെട്ട അപശബ്ദങ്ങളായി അവഗണിക്കാവുന്നതല്ല.  വര്‍ഷങ്ങളായി ഹിന്ദുത്വ - ക്രൈസ്തവ സയണിസ്റ്റ് ലാബുകളില്‍ വികസിപ്പിച്ചെടുത്ത ഇസ്ലാംവെറുപ്പിന്റെ സ്വാഭാവികമായ ബഹിര്‍സ്ഫുരണങ്ങള്‍ മാത്രമാണ്. മൊയ്തീന്‍ - കാഞ്ചനമാല  പ്രണയം പൂത്ത ഇരുവഴിഞ്ഞിയുടെ തീരത്ത് ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, പാര്‍ട്ടി സഖാക്കളായ ഷെജിനും ജോയ്സ്നയും പ്രണയിച്ചപ്പോള്‍ അതിനെ 'ലൗ ജിഹാദിന്റെ' കണക്കില്‍ വരവുവെച്ച   മുന്‍ എം.എല്‍.എ, പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗീകാരത്തോടെ കെ.ആര്‍ ഗൗരിയെ പരിണയിച്ച ടി.വി തോമസിന്റെ സമുദായത്തില്‍നിന്നുള്ള സഖാവായിരുന്നുവല്ലോ. 'സഭ'യുടെ ആശീര്‍വാദത്തോടെ ദീപിക മനോരമാദി മാധ്യമങ്ങള്‍ വര്‍ഷങ്ങളായി തിളപ്പിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയ സാമ്പാറിന്റെ വൈകി വന്ന ഗുണഭോക്താക്കള്‍ മാത്രമാണ്, കേരളത്തില്‍ അത്രയൊന്നും ശക്തമല്ലാതിരുന്ന സംഘ് പരിവാര്‍. ഇന്നിപ്പോള്‍ ഉഡുപ്പിയിലെ സംഘിയുടെയും വിഴിഞ്ഞത്തെ പാതിരിയുടെയും പൊതു ശത്രു മുസ്‌ലിമാണ്; മുസ്‌ലിം പേരുകളാണ്. ഒരാള്‍ക്ക് അജ്മല്‍ കസബ് ആണെങ്കില്‍ മറ്റൊരാള്‍ക്ക് അബ്ദുര്‍റഹ്മാനാണ് എന്ന് മാത്രം. ഒരു ശരാശരി 'നാസ്തിക എമു'  പോലും അയാളുടെ ജനിതക വേര് മുസ്ലിം കുടുംബത്തിലായതിനാല്‍ അയാള്‍  യുക്തിവാദികള്‍ക്കിടയിലെ  ഇസ്‌ലാമിക് സ്‌ളീപ്പര്‍ സെല്ലാണ് (സി. രവി ചന്ദ്രന്‍ ഡൂള്‍ ന്യൂസ് 6-11-2022).
ഇന്നിപ്പോള്‍, നാമമാത്ര ഇസ്ലാം ബന്ധത്തിന്റെ പേരില്‍  പോലും പിറന്ന നാട്ടില്‍ അരക്ഷിതരാവുകയും  ഭാരതത്തിന്റെ അതിരുകള്‍ക്കപ്പുറമുള്ള  ഹിന്ദുക്കള്‍ 'അഖണ്ഡ ഭാരതത്തിന്റെ' അരുമകളായതിനാല്‍ സുരക്ഷിതരാവുകയും ചെയ്യുന്ന ഇന്ത്യ നിര്‍മിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഹിന്ദുവായിരിക്കുക എന്നാല്‍ സെയ്ഫ് സോണിലിരിക്കുക എന്നാണര്‍ഥം എന്ന ബോധം ഹിന്ദു സഖാക്കളില്‍ പോലും  ഇഞ്ചക്റ്റ് ചെയ്യുന്നതില്‍ സംഘ് പരിവാര്‍ വിജയിച്ചു എന്നതാണ് ഇതിനര്‍ഥം. അതുകൊണ്ടാണ് 'മാപ്പിള നന്മ'യുടെ ഗുണഭോക്താക്കളായ  'നല്ലവരും സാധുക്കളുമായ' സാധാരണ ഹിന്ദുക്കള്‍ പോലും മുസ്ലിം വെറുപ്പ് പരത്തുമ്പോഴും 'എന്തിനാ വെറുതെ' എന്ന മട്ടില്‍ അതിലൊന്നും ഇടപെടാതെ നിസ്സംഗ നിഷ്‌കുകളായി നിലകൊള്ളുന്നത്.  ഇവിടെ ഇസ്ലാംവെറുപ്പില്‍ സംഘിയെ മാത്രം ട്രോളിയാല്‍ തീരുന്ന വിധം ലളിതമല്ല കാര്യങ്ങള്‍. എഴുത്തുകാരനും പ്രഭാഷകനും സോഷ്യല്‍ ആക്ടിവിസ്റ്റുമായ സുദേഷ് എം. രഘു പറഞ്ഞതുപോലെ, 'എല്ലാ മുസ്‌ലിം വിരോധികളും സംഘികള്‍ അല്ല എന്ന സത്യവും, മുസ്‌ലിം ഭീകരവാദത്തെപ്പറ്റിയുള്ള സ്റ്റേറ്റ് നരേറ്റീവ് വിശ്വസിക്കുന്ന എല്ലാവരും (പാര്‍ട്ടി / ജാതി / മത ഭേദമന്യേ ) ഓരോ മുസ്‌ലിം പേരുകാരനെയും നിഗൂഢത ഉള്ള ഭീകരന്‍ ആയി സംശയിക്കുന്നവര്‍ തന്നെയാണെന്ന സത്യവും ഇനിയെങ്കിലും മനസ്സിലാക്കുക! ഭാവനക്ക് അനന്ത സാധ്യതയുള്ള, മുസ്‌ലിം ഭീകരവാദത്തെപ്പറ്റിയുള്ള സ്റ്റേറ്റ് നരേറ്റീവ് ആണ് ഈ മുസ്‌ലിം പേടിക്കാരുടെ താങ്ങ്. മുസ്‌ലിം വിദ്യാര്‍ഥി, വിദ്യാര്‍ഥി രൂപത്തിലുള്ള ഭീകരനും മുസ്‌ലിം ഡോക്ടര്‍, ഡോക്ടര്‍ രൂപത്തിലുള്ള ഭീകരനും മുസ്‌ലിം സിനിമാ നടന്‍, സെലിബ്രിറ്റി രൂപത്തിലുള്ള ഭീകരനും മുസ്‌ലിം നിരീശ്വരവാദി, ആ രൂപത്തിലെ സ്‌ളീപ്പര്‍ സെല്ലും ഒക്കെയാണ് അവരുടെ കഥയില്‍' (Sudesh M. Raghu ഫേസ്ബുക്ക് പോസ്റ്റ് 29-11-22).
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് -28-31
ടി.കെ ഉബൈദ്‌

ഹദീസ്‌

ദിക്‌റിന്റെ ചിറകില്‍ മുന്നേറിയവര്‍
അമീന്‍ വി. ചൂനൂര്‍