Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 23

3282

1444 ജമാദുല്‍ അവ്വല്‍ 29

പുതിയ കാലം, പുതിയ സ്ട്രാറ്റജി

അശ്‌റഫ് കീഴുപറമ്പ്

ഏതൊരു ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും നയരൂപവത്കരണം നടക്കുക മാറാത്ത കാര്യങ്ങളും (സവാബിത്) മാറുന്ന കാര്യങ്ങളും (മുതഗയ്യിറാത്ത്) മുന്നില്‍ വെച്ചാണ്. ആദര്‍ശവും ലക്ഷ്യവും മാറാതെ നില്‍ക്കും. ലക്ഷ്യത്തെ കുറിക്കാന്‍ ഓരോ ഘട്ടത്തിലും പ്രസ്ഥാനം മുന്നോട്ടു വെക്കുന്ന പ്രയോഗങ്ങള്‍ വ്യത്യസ്തമാവാം. രാഷ്ട്രീയ, സാമൂഹികാവസ്ഥകള്‍ മാറിയതു കാരണം, ഊന്നലുകളിലും മുന്‍ഗണനകളിലും മാറ്റമുണ്ടാവുമ്പോഴാണ് ലക്ഷ്യത്തെക്കുറിക്കുന്ന പദപ്രയോഗങ്ങളും മാറുന്നത്. ആദര്‍ശലക്ഷ്യങ്ങളെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തുന്ന പ്രവര്‍ത്തന പരിപാടികളാണ് വലിയ മാറ്റങ്ങള്‍ക്ക് വിധേയമാവുക. ചിലപ്പോള്‍ അടിമുടി മാറിയെന്നുമിരിക്കും. പ്രസ്ഥാനവും, അത് കര്‍മ മണ്ഡലമായി തെരഞ്ഞെടുത്ത രാജ്യവും, കടന്നുപോകുന്ന കാലവും, അതുയര്‍ത്തുന്ന വെല്ലുവിളികളും, ഒപ്പം അത് തുറന്നിടുന്ന സാധ്യതകളുമാണ് കര്‍മാവിഷ്‌കാരങ്ങള്‍ മാറുന്നതിനുള്ള നിദാനം. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തെയും ദേശത്തെയും കാലവിളംബം കൂടാതെ കൃത്യമായി മനസ്സിലാക്കുക അതുകൊണ്ടുതന്നെ വളരെ പ്രധാനമാണ്. കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തെ പല തലങ്ങളില്‍ നയിക്കുന്ന അതിന്റെ അംഗങ്ങള്‍ ശാന്തപുരത്ത് രണ്ട് ദിവസം ഒന്നിച്ചിരുന്നത് അതിനായിരുന്നു. കാലത്തെയും അതുയര്‍ത്തുന്ന വെല്ലുവിളികളെയും പല കോണുകളില്‍ നിന്ന് അവര്‍ നോക്കിക്കണ്ടു. അതിനനുസരിച്ച് പ്രസ്ഥാനത്തിനുണ്ടാകേണ്ട നയവികാസങ്ങള്‍ ചര്‍ച്ച ചെയ്തു. തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും നിര്‍ദേശിച്ചു. ഹല്‍ഖാ അമീര്‍ സമാപന പ്രസംഗത്തില്‍ പറഞ്ഞ പോലെ, ആശയ വിനിമയത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നിടുകയാണ് ചെയ്തിരിക്കുന്നത്. വിഷയങ്ങളില്‍ വിധി തീര്‍പ്പുകളിലെത്തുകയായിരുന്നില്ല ഉദ്ദേശ്യം. ചര്‍ച്ചകള്‍ തുടരും. ആ ചര്‍ച്ചകളാണ് മുമ്പോട്ടുള്ള പ്രയാണത്തിന്റെ ദിശയും സ്വഭാവവും നിര്‍ണയിക്കുക.
ഫാഷിസം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ പ്രഭാഷണങ്ങളില്‍ ആദ്യന്തം നിറഞ്ഞുനില്‍ക്കുക സ്വാഭാവികം. ഉദ്ഘാടന പ്രഭാഷണത്തില്‍ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ സയ്യിദ് സആദത്തുല്ലാ ഹുസൈനി ഫാഷിസ്റ്റ് ഭീഷണിയുടെ വൈപുല്യത്തെക്കുറിച്ച് പറയവെ ഒരു പ്രത്യേക കാര്യം ഓര്‍മിപ്പിച്ചു: പ്രതിസന്ധി എത്ര കടുത്തതായിരുന്നാലും സമുദായവും പ്രസ്ഥാനവും അതിന് മുമ്പില്‍ പതറരുത്. ഭയക്കാതെ ധീരതയോടെ മുന്നോട്ടു പോകണം. പ്രതിസന്ധി ഘട്ടങ്ങളിലൊക്കെയും ഖുര്‍ആന്‍ വിശ്വാസി സമൂഹത്തിന് നല്‍കിയത് ഭയപ്പെടരുത് എന്ന ഉപദേശമായിരുന്നു. പൈശാചിക ശക്തികളുടേത് പ്രത്യക്ഷത്തില്‍ മലമറിക്കാന്‍ പോന്ന ഗൂഢതന്ത്രങ്ങളാണെങ്കിലും അവയത്രയും അതീവ ദുര്‍ബലമാണെന്ന സത്യവും ചരിത്ര സംഭവങ്ങള്‍ ഉദ്ധരിച്ച് വിശ്വാസികളെ ഖുര്‍ആന്‍ ബോധ്യപ്പെടുത്തി. ഈ ഖുര്‍ആനിക നിര്‍ദേശങ്ങളുടെ ചുവട്പിടിച്ചു കൊണ്ടാവണം സ്ട്രാറ്റജികള്‍ രൂപംകൊള്ളേണ്ടത്. അതേസമയം ഫാഷിസ്റ്റ് ഭീഷണിയെ നിസ്സാരവല്‍ക്കരിക്കാനും പാടില്ല. ഈ പോരാട്ട ഭൂമിയില്‍ സാധ്യമാവുന്ന എല്ലാവരെയും ഒപ്പം കൂട്ടണം.
എന്നാല്‍, മുഖ്യധാരാ പാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളുമെല്ലാം ഏറിയോ കുറഞ്ഞോ അളവില്‍ സാംസ്‌കാരികമായി ഹിന്ദുത്വ ഭൂമികയില്‍ തന്നെയാണ് നിലയുറപ്പിക്കുന്നത്. ഹിന്ദുത്വയോടുള്ള അവയുടെ രാഷ്ട്രീയ എതിര്‍പ്പിനെ ഇത് വല്ലാതെ ദുര്‍ബലപ്പെടുത്തിക്കളയുന്നുണ്ട്. അപ്പോള്‍ പിന്നെ ഹിന്ദുത്വയുടെ മുഖ്യ ലക്ഷ്യവേദിയായ മുസ്‌ലിം സമുദായത്തെ ശാക്തീകരിക്കുക എന്നതു തന്നെയാണ് അജണ്ടയില്‍ ഒന്നാമതായി വരേണ്ടത്. മുഖ്യമായും നടക്കേണ്ടത് രാഷ്ട്രീയമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായുമുള്ള ശാക്തീകരണമാണ്. അതൊക്കെയും ഫലപ്രദമാവണമെങ്കില്‍ ആദര്‍ശപരമായ ശാക്തീകരണം നടക്കണം. വ്യത്യസ്ത നയനിലപാടുകളും പ്രവര്‍ത്തനരീതികളും സ്വീകരിക്കുന്ന മുസ്‌ലിം മതസംഘടനകളും രാഷ്ട്രീയ കൂട്ടായ്മകളും പൊതു പ്രശ്‌നങ്ങളില്‍ ഒന്നിച്ചുനില്‍ക്കണം. അതിന് സമുദായത്തെ പ്രാപ്തമാക്കുന്ന പൊതുവേദികള്‍ ഉയര്‍ന്നുവരണം. അംഗത്വബലം കുറവാണെങ്കിലും ഇതിനൊക്കെ ദിശ കാട്ടാനും പല കാരണങ്ങളാല്‍ നേതൃപരമായ പങ്കു വഹിക്കാനും കഴിയുക ഇസ്‌ലാമിക പ്രസ്ഥാനത്തിനാണ്. ആ ചരിത്ര ദൗത്യം ഏറ്റെടുക്കാന്‍ പ്രസ്ഥാന സംവിധാനങ്ങള്‍ സജ്ജമാകണം. രണ്ട് ദിവസത്തെ റുക്ന്‍ സമ്മേളനത്തിന്റെ അന്തര്‍ധാര ഇതായിരുന്നുവെന്ന് പറയാം.
വ്യത്യസ്ത മുസ്‌ലിം ചിന്താധാരകളെ പൊതു പ്രശ്‌നങ്ങളില്‍ ഒരേ കുടക്കീഴില്‍ കൊണ്ടുവരികയെന്നത് ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തു നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന പ്രധാന ദൗത്യങ്ങളിലൊന്നാണ്. അതിനാദ്യം വ്യക്തികളെയും സംഘടനകളെയും സ്വാധീനിക്കാന്‍ കഴിയുന്ന തലത്തിലേക്ക് പ്രസ്ഥാനം വളരണം. അങ്ങനെയൊരു തലത്തിലേക്ക് ഏറക്കുറെ ഉയരാന്‍, കഴിഞ്ഞ നാല് വര്‍ഷത്തിനകം കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് ഹല്‍ഖാ അമീര്‍ ഉദാഹരണങ്ങള്‍ നിരത്തി വിവരിച്ചു. മുസ്‌ലിം മത - രാഷ്ട്രീയ വേദികളില്‍നിന്ന് മുമ്പ് നേരിട്ടുപോന്നിരുന്നതു പോലുള്ള വിമര്‍ശനങ്ങള്‍ ഇപ്പോള്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് നേരിടേണ്ടി വരുന്നില്ല. ഈ അവസരം സമുദായൈക്യം കൂടുതല്‍ ഊട്ടിയുറപ്പിക്കാനായി പ്രയോജനപ്പെടുത്തണം.
മൂന്ന് തലങ്ങളില്‍ ഇങ്ങനെ സ്വാധീനം ചെലുത്താന്‍ കഴിയണം: ഒന്നാമത്തെ തലം രാഷ്ട്ര /രാഷ്ട്രീയ നേതൃത്വത്തെ സ്വാധീനിക്കുക എന്നതാണ്. മുസ്‌ലിം ഭൂരിപക്ഷ നാടുകളിലെ ഇസ്‌ലാമിക പ്രസ്ഥാനം ഭരണകക്ഷിയോ മുഖ്യ പ്രതിപക്ഷമോ ഒക്കെ ആകാന്‍ സാധ്യതയുണ്ട്. നേതാക്കളെ സ്വാധീനിക്കാന്‍ അവര്‍ക്ക് കുറേക്കൂടി എളുപ്പമാണ്. സമ്മര്‍ദ ശക്തിയായി നിലകൊള്ളാനും അവര്‍ക്ക് സാധിക്കും. ഇന്ത്യ പോലുള്ള, മുസ്‌ലിംകള്‍ ന്യൂനപക്ഷമായ ഇടങ്ങളില്‍ ബഹുജന സംഘടനയോ സമ്മര്‍ദ ശക്തിയോ ആയിത്തീരാന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് തടസ്സങ്ങളേറെയുണ്ട്. എന്നാല്‍, മീഡിയാ ആക്ടിവിസത്തിലൂടെയും ജനസേവന പ്രവര്‍ത്തനങ്ങളിലൂടെയും മറ്റും കേരളത്തിലെ മത- സെക്യുലര്‍ നേതൃത്വങ്ങളെ വലിയ അളവില്‍ സ്വാധീനിക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് കഴിയുന്നുണ്ടെന്ന വിലയിരുത്തലാണ് സമ്മേളനത്തില്‍ ഉണ്ടായത്. മത സംഘടനകള്‍ക്കകത്തു പുകയുന്ന പ്രശ്‌നങ്ങള്‍ പരിധി വിടാതിരിക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഇടപെടലുകള്‍ സഹായകമായിട്ടുണ്ട്. ഇനിയുമൊരു പിളര്‍പ്പിനെ താങ്ങാന്‍ സമുദായത്തിന് ശേഷിയില്ല എന്നാണ് ബന്ധപ്പെട്ട നേതാക്കളെ സന്ദര്‍ശിച്ച് പ്രസ്ഥാന നേതൃത്വം പറഞ്ഞുകൊണ്ടിരുന്നത്. വിവേകത്തിന്റെ ഈ വാക്കുകള്‍ കേള്‍ക്കാന്‍ അവര്‍ തയാറാകുന്നുമുണ്ട്.
മധ്യവര്‍ഗത്തെ സ്വാധീനിക്കുക എന്നതാണ് രണ്ടാമത്തെ തലം. സാമ്പത്തികമായി മധ്യവര്‍ഗ ജീവിതം നയിക്കുന്നവരെക്കുറിച്ച് മാത്രമല്ല പറയുന്നത്. സാംസ്‌കാരിക നായകന്മാരും എഴുത്തുകാരും ഗവേഷകരും മതനേതാക്കളും പണ്ഡിതന്മാരും ഉള്‍പ്പെടുന്ന വലിയൊരു വിഭാഗം ആളുകള്‍ ഇതിന്റെ പരിധിയില്‍ വരും. അവരാണ് ജനങ്ങളെ ഏറ്റവും കൂടുതലായി സ്വാധീനിക്കുന്നത്. അവരുമായി ആശയവിനിമയം നടത്തുകയെന്നതും വ്യക്തി ബന്ധങ്ങളും ഗാഢസൗഹൃദവും ഉണ്ടാക്കിയെടുക്കുക എന്നതും മര്‍മ പ്രധാനമാണ്. ഹല്‍ഖാ അമീര്‍ അനുസ്മരിച്ച ഒരു സംഭവമുണ്ട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം മൂര്‍ധന്യത്തിലെത്തിയ സന്ദര്‍ഭം. വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സി.പി.എം ജമാഅത്തെ ഇസ്‌ലാമിയെ കടന്നാക്രമിക്കുന്നു. 'ഹസന്‍-കുഞ്ഞാലിക്കുട്ടി-അമീര്‍' ടീമാണ് യു.ഡി.എഫിനെ നയിക്കുന്നതെന്ന് പരസ്യ പ്രസ്താവനയിറക്കുന്നു. ആദര്‍ശ പാപ്പരത്തം ബാധിച്ച സി.പി.എമ്മിന് മറുപടി പറയാനോ അതിന്റെ മുഖംമൂടി വലിച്ചുകീറി പ്രചാരണം നടത്താനോ ആദര്‍ശ പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്ന ജമാഅത്തെ ഇസ്‌ലാമിക്ക് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. പക്ഷേ, തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് അതിന് മുതിര്‍ന്നാല്‍ അവര്‍ വെച്ച കെണിയില്‍ വീഴുകയായിരിക്കും ഫലം. മലയാളത്തിലെ തലയെടുപ്പുള്ള എഴുത്തുകാരെയും കലാകാരന്മാരെയും സാംസ്‌കാരിക നായകന്മാരെയും തങ്ങളുടെ വിവിധ വേദികളില്‍ അണിനിരത്തിക്കൊണ്ടായിരുന്നു പ്രസ്ഥാനം അതിന് മറുപടി പറഞ്ഞത്. നാര്‍ക്കോട്ടിക് ജിഹാദ് വിവാദമുണ്ടായപ്പോഴും വിഭാഗീയതക്ക് വളംവെക്കുന്ന അത്തരം ഹീന നീക്കങ്ങള്‍ക്കെതിരെ പൊതു വ്യക്തിത്വങ്ങളെയും ക്രിസ്ത്യന്‍ മേലധ്യക്ഷന്മാരെയും അണിനിരത്താനാണ് ഇസ്‌ലാമിക പ്രസ്ഥാനവും സമാനമായി ചിന്തിക്കുന്നവരും ശ്രമിച്ചത്. ഈ അടുപ്പവും സൗഹൃദവും ഇസ്ലാമിനെക്കുറിച്ചും ഇസ്‌ലാമിക പ്രസ്ഥാനത്തെക്കുറിച്ചുമുള്ള തെറ്റിദ്ധാരണകള്‍ നീക്കാന്‍ വലിയ തോതില്‍ സഹായകമാവുന്നുണ്ടെന്ന് പല വിഷയാവതാരകരും ചൂണ്ടിക്കാണിക്കുകയുണ്ടായി.
'മധ്യവര്‍ഗ'ത്തിന്റെ പരിധിയില്‍ വരുന്നതാണ് മീഡിയ, പ്രത്യേകിച്ച് സോഷ്യല്‍ മീഡിയ. അതിന്റെ ഉപയോഗവും ദുരുപയോഗവുമൊക്കെ പല സെഷനുകളിലും ചര്‍ച്ചയായി. സോഷ്യല്‍ മീഡിയ ഒരു ചന്തയാണ്. അവിടെ പലതരം വര്‍ത്തമാനങ്ങള്‍ നടക്കും. പലതും അധിക്ഷേപങ്ങളായിരിക്കും. ധാര്‍മിക പരിധികള്‍ പാലിക്കുന്നുണ്ടാവില്ല. ഇസ്‌ലാമിന്റെ ഉസ്വൂലുകളെത്തന്നെ ചോദ്യം ചെയ്യുന്നവരെയും കാണാം. അത്തരം പ്രവണതകള്‍ ചില ഇസ്‌ലാമിക പ്രവര്‍ത്തകരെയും ബാധിക്കുന്നുണ്ടോ എന്ന് സംശയിക്കണം. പ്രാസ്ഥാനികമായ സംസ്‌കാരവും അച്ചടക്കവും പാലിച്ചുകൊണ്ടേ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ ഈ മീഡിയയെ കൈകാര്യം ചെയ്യാവൂ എന്ന് ഹല്‍ഖാ അമീര്‍ കര്‍ശന നിര്‍ദേശം നല്‍കി. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയും നവനാസ്തികതയുമൊക്കെ ഒളിച്ചുകടത്തുന്നതും മുഖ്യമായും സോഷ്യല്‍ മീഡിയയിലൂടെയാണ്. കേരളത്തിലെ ഇടത് ഗവണ്‍മെന്റ് പുതിയ വിദ്യാഭ്യാസ നയത്തെക്കുറിച്ചും കുട്ടികളുടെ യൂനിഫോമിനെക്കുറിച്ചും പുറമെ പറയുന്നതല്ല ഉള്ളിലൂടെ ചെയ്യുന്നത്. ഇടത് സംഘടനകളും നവലിബറലുകളും നവനാസ്തികരും ഭരണകൂടത്തോടൊപ്പം ചേരുന്നു. ഇവരുടെയെല്ലാം ലക്ഷ്യം ഒന്നു മാത്രം. കുടുംബത്തെയും അതുവഴി വ്യക്തിയുടെ ധാര്‍മിക ബോധത്തെയും തകര്‍ക്കുക. പ്രസ്ഥാനം മുന്നോട്ടു വെക്കുന്ന ആത്മ സംസ്‌കരണ രീതികള്‍ സ്വായത്തമാക്കിയാലേ ഈ മഹാ വിപത്തിനെ തടയാനാവൂ എന്ന് വിഷയാവതാരകര്‍ ഉണര്‍ത്തി. അംഗങ്ങളുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് അവതരിപ്പിച്ചപ്പോഴും ഈ ഉത്കണ്ഠ പല രീതിയില്‍ പ്രകടിപ്പിക്കപ്പെടുന്നുണ്ടായിരുന്നു.
മെയിന്‍ സ്ട്രീം മീഡിയയാവട്ടെ, സോഷ്യല്‍ മീഡിയയാവട്ടെ ഇസ്‌ലാമിക പ്രസ്ഥാനത്തിന് അവ വേണ്ട വിധം പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല എന്ന കാര്യത്തില്‍ വിഷയാവതാരകര്‍ക്കോ സമ്മേളന പ്രതിനിധികള്‍ക്കോ രണ്ടഭിപ്രായമില്ല. തെരുവ് പ്രസംഗങ്ങളുടെ ക്ലിപ്പുകള്‍ ഇട്ടതുകൊണ്ട് കാര്യമില്ല. സോഷ്യല്‍ മീഡിയക്ക് വേണ്ട കണ്ടന്റ് യുവ സമൂഹത്തെ ആകര്‍ഷിക്കും വിധം വേറെത്തന്നെ തയാറാക്കണം. ഇസ്‌ലാമിനും പ്രസ്ഥാനത്തിനും എതിരെ ഉയര്‍ത്തിവിടുന്ന ആരോപണങ്ങളെ ചെറുക്കാന്‍ പരിശീലനം കിട്ടിയ ഒരു ടീമിനെത്തന്നെ ചുമതലപ്പെടുത്തണം. ഇത്തിഹാദുല്‍ ഉലമാ പോലുള്ള പ്രാസ്ഥാനിക സംവിധാനങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
മൂന്നാമത്തെ തലം പൊതുജനത്തെ സ്വാധീനിക്കുക എന്നതാണ്. ആദ്യം പറഞ്ഞ രണ്ട് വിഭാഗങ്ങളെ സ്വാധീനിച്ചുകൊണ്ടേ പൊതുജനത്തെ സ്വാധീനിക്കാനാവൂ. കാരണം, ആ രണ്ട് വിഭാഗങ്ങളുടെ സ്വാധീനപരിധിയിലായിരിക്കും പൊതുജനം. മുസ്‌ലിം ജനസാമാന്യത്തിന്റെ കാര്യമാണെങ്കില്‍, ഉലമാക്കളും ഉമറാക്കളും പറഞ്ഞതിനപ്പുറം അവര്‍ പോവുകയില്ല. ജനസാമാന്യത്തെ ചേര്‍ത്തുനിര്‍ത്താന്‍ സമ്മേളനത്തില്‍ ഉയര്‍ന്ന ഒരു പ്രധാന നിര്‍ദേശം സംയുക്ത സംരംഭങ്ങള്‍ (മശാരീഅ് മുശ്തറക) ആരംഭിക്കുക എന്നതാണ്. വിദ്യാഭ്യാസ മേഖലയിലും ജനസേവന രംഗത്തും ഇത്തരം കൂട്ടു സംരംഭങ്ങള്‍ താരതമ്യേന എളുപ്പമാണ്. സത്യസന്ധരും പൊതുസമ്മതരുമായ വ്യക്തിത്വങ്ങളെ ട്രസ്റ്റ് ചെയര്‍മാന്മാരായും മറ്റും കൊണ്ടുവരാം. നമ്മുടെ സ്ഥാപനങ്ങള്‍ എല്ലാവരുടെയും സ്ഥാപനങ്ങളാക്കുക എന്ന നിര്‍ദേശവും കേട്ടു.
സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും നിരവധി നിര്‍ദേശങ്ങള്‍ ഉയര്‍ന്നു. കേരളത്തില്‍ പ്രാസ്ഥാനിക കാഴ്ചപ്പാടിലുള്ള സ്ത്രീശാക്തീകരണം കുറെയധികം മുന്നോട്ടുപോയെങ്കിലും അഖിലേന്ത്യാ തലത്തില്‍ അതല്ല സ്ഥിതി. എ. റഹ്മത്തുന്നിസ ടീച്ചര്‍ അഖിലേന്ത്യാ വനിതാ വിഭാഗം സെക്രട്ടറിയായി ചുമതലയേറ്റതോടെ പല പുതിയ സംരംഭങ്ങള്‍ക്കും തുടക്കം കുറിക്കാനായി. സ്ത്രീകള്‍ക്കു വേണ്ടി 'ഔറ' എന്ന പേരില്‍ ഇംഗ്ലീഷിലും 'ഹാദിയ' എന്ന പേരില്‍ ഉര്‍ദുവിലും ഇ-മാഗസിനുകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലും ജി.ഐ.ഒ യൂനിറ്റുകള്‍ രൂപവത്കരിച്ചുകൊണ്ടിരിക്കുകയാണെന്നും ജി.ഐ.ഒ കോഡിനേഷന്‍ കമ്മിറ്റി കേന്ദ്രത്തില്‍ നിലവില്‍ വന്നുകഴിഞ്ഞെന്നും റഹ്മത്തുന്നിസ ടീച്ചര്‍ പറഞ്ഞു.
അംഗങ്ങളുടെ സമ്മേളനം നേതൃത്വത്തെയും അനുയായികളെയും ഒരുപോലെ ബോധ്യപ്പെടുത്തിയ ഒരു കാര്യമുണ്ട്: ചെയ്യാന്‍ ഒരുപാടൊരുപാടുണ്ട്. വിഭവങ്ങള്‍ കുറഞ്ഞ ഈ ചെറു സംഘത്തിന് ഇതൊക്കെയും ചുമലിലേറ്റാനാവുമോ? അതിനാല്‍, മുന്‍ഗണനകള്‍ ക്ലിപ്തപ്പെടുത്തേണ്ടിയിരിക്കുന്നു. മുന്‍ഗണനാ ക്രമത്തില്‍ ആദ്യം വരുന്നവയിലാണ് സമയവും വിഭവവും ഊര്‍ജവും കൂടുതലായി ചെലവഴിക്കേണ്ടത്. മുന്‍ഗണനകള്‍ നിശ്ചയിച്ച ശേഷമായിരിക്കണം സ്ട്രാറ്റജികള്‍ രൂപപ്പെടുത്തേണ്ടത്. അങ്ങനെയൊരു ദിശാബോധം അണികളിലേക്ക് പ്രസരിപ്പിക്കാന്‍ ഈ സമ്മേളനത്തിന് കഴിഞ്ഞിട്ടുണ്ട്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് -28-31
ടി.കെ ഉബൈദ്‌

ഹദീസ്‌

ദിക്‌റിന്റെ ചിറകില്‍ മുന്നേറിയവര്‍
അമീന്‍ വി. ചൂനൂര്‍