Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 23

3282

1444 ജമാദുല്‍ അവ്വല്‍ 29

ജീവിതം വര്‍ണാഭമാക്കാം; മറുലോകം ആഹ്ലാദകരവും

എം.ഐ അബ്ദുല്‍ അസീസ് അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള

ശാന്തമായുറങ്ങുന്ന പെട്ടകത്തിന്റെ സഞ്ചാരപഥങ്ങളില്‍ നിന്ന് കണ്ണെടുക്കാതെ, ആത്മവിശ്വാസവും സ്ഥൈര്യവും കൈവിടാതെ, നൈല്‍ നദീ തീരത്തെ പാറക്കെട്ടുകളും ചെളിക്കുണ്ടുകളും വനപാതകളും താണ്ടി അതിസാഹസിക യാത്രക്കൊടുവില്‍ കൊട്ടാരത്തിലെത്തിയ പെണ്‍കുട്ടി. നമ്മുടെ ഒരു ദിനാചരണവും അവളെ പരിഗണിച്ചു കാണില്ല. അന്വേഷണങ്ങള്‍ക്ക് കിതക്കാതെ മറുപടി പറഞ്ഞ്, പൈതലിനെ പുതുയുഗപ്പിറവിക്ക് മുലയൂട്ടുന്ന മാതൃമാറിടത്തിന്റെ സുരക്ഷിതത്വത്തിലേക്കെത്തിച്ച ആ കൗമാരത്തെ ഖുര്‍ആനാണ് ഓര്‍ത്തുവെച്ചത്;  ഇനിയും പുറപ്പെടാനിരിക്കുന്ന പ്രവാഹങ്ങള്‍ക്ക് ആവേശമായി. വരാനിരിക്കുന്ന മഹാ വിപ്ലവത്തിന്റെ നാമ്പ് അവിടെ കിളിര്‍ക്കുകയായിരുന്നു.
ആരാരും സഹായിക്കാനില്ലാത്ത ഊഷരമായ മരൂഭൂമിയിലെ ആദ്യനാളുകളില്‍ മുഹമ്മദ് നബിക്ക് ഊന്നായതും പത്ത് വയസ്സുകാരന്‍ തന്നെ. ജീവന്‍ അപകടപ്പെടുത്തി, വിരിപ്പില്‍ പകരക്കാരനായി സുപ്രഭാതത്തെ വരവേല്‍ക്കാന്‍ ധൈര്യം കാണിച്ച യൗവനത്തിലേക്കയാള്‍ വളര്‍ന്നു. ഭരണാധികാരിയായി. യുഗാന്തരങ്ങളെ പിടിച്ചുലക്കുന്ന വാഗ്‌ധോരണിയായി.
ഒട്ടകത്തിന്റെ കുടല്‍മാല മുതുകിനെ ഞെരുക്കുന്നതു കണ്ട് ആര്‍ത്തട്ടഹസിക്കുന്ന കാപാലികര്‍, നിസ്സഹായരായി നോക്കിനില്‍ക്കുന്ന അനുയായികള്‍- അവര്‍ക്കിടയിലൂടെ സിംഹഗര്‍ജനം കണക്കെ കുതിച്ചെത്തി മുതുകിനെ സ്വതന്ത്രമാക്കിയ കൗമാരക്കാരിയുടെ പേരാണ് ഫാത്തിമത്തുസ്സഹ്‌റാ. അലിയും ഫാത്തിമയും ഒത്തു ചേര്‍ന്നത്, ഹസനും ഹുസൈനും- ചരിത്രത്തിന്റെ തിളക്കമുള്ള കവിതകള്‍...
ഈ യുഗശില്‍പികളെ അനന്തരമെടുക്കുന്നതിനെ നാം ടീന്‍ ഇന്ത്യ എന്ന് വിളിക്കുന്നു. അവര്‍ സ്വയം നിര്‍ണയിക്കുന്നു. രാജ്യത്തിന്റെ ഭാഗധേയത്തെ തിരുത്തുന്നു. നാളെയുടെയല്ല, ഇന്നിന്റെ തന്നെ പൗരന്‍മാരാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണവര്‍ പ്രയാണമാരംഭിച്ചത്. 
ടീന്‍ ഇന്ത്യ ഒരു സംഘമാണ്, അല്ലാഹുവിന്റെ വര്‍ണം സ്വീകരിച്ച സംഘം. അല്ലാഹുവിന്റെ ദീന്‍ കൊണ്ട് തങ്ങളുടെ, കുടുംബത്തിന്റെ, സമൂഹത്തിന്റെ, രാജ്യത്തിന്റെ ജീവിതത്തെ വര്‍ണാഭമാക്കാമെന്ന് തീരുമാനിച്ചവര്‍; മരണാനന്തര ജീവിതത്തെയും ശോഭയുറ്റവരാക്കുന്നവര്‍.
സമൂഹത്തെ അരാജകമാക്കണമെന്നും അലങ്കോലപ്പെടുത്തണമെന്നും ആഗ്രഹിക്കുന്നവര്‍ ലക്ഷ്യമിടുന്നത്  കൗമാരത്തെയാണ്. അധിനിവേശ യുക്തിയും കണ്ണയക്കുന്നത് അവരിലേക്കാണ്. ഈടുള്ള, ലാഭകരമായ നിക്ഷേപമാണതെന്ന് അവര്‍ക്കറിയാം. അവര്‍ക്കൊത്തു തുള്ളുന്ന ഒരു തലമുറയെ മാത്രമല്ല, വരും കാലത്തേക്കും അതിന്റെ പ്രഭാവം നീളുമെന്ന് അവര്‍ മനസ്സിലാക്കുന്നു. 
ഇന്ന് നമ്മുടെ നാട്ടില്‍ നടക്കുന്ന അനേകം വൈകൃതങ്ങളെ കുറിച്ചാലോചിച്ചു നോക്കൂ. അതിന്റെ പ്രഥമ ഇരകള്‍ കൗമാരമാണ്. ദൈവനിഷേധം, നാസ്തികത, യുക്തിവാദം, ജെന്‍ഡര്‍ പൊളിറ്റിക്‌സ്, ലിബറലിസം, വര്‍ഗീയത, ഫാഷിസം, ലഹരി തുടങ്ങി മനുഷ്യസമൂഹത്തെ തകര്‍ക്കുന്ന എല്ലാ ആശയങ്ങളും അതിന്റെ പ്രയോക്താക്കളും ലക്ഷ്യമിടുന്നത് കൗമാരത്തെയാണ്. ആരെയും കൊതിപ്പിക്കുന്ന അതിമനോഹരമായ ഈ ജീവിത ഖണ്ഡത്തെ എങ്ങനെ വികൃതമാക്കാം എന്നാണവര്‍ എല്ലാവരും ഒന്നിച്ചും ഒറ്റക്കും ആലോചിക്കുന്നത്. നാം മനുഷ്യര്‍ ഇന്നേവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുള്ള നീതി, സത്യസന്ധത, സഹവര്‍ത്തിത്വം, അതിജീവനം, കുടുംബം, ബാധ്യതകള്‍ തുടങ്ങിയ എല്ലാ മൂല്യസങ്കല്‍പങ്ങളുടെയും അടിവേരറുക്കുകയാണ് അവരുടെ ലക്ഷ്യം. അതിനവര്‍ക്ക് കൂട്ട് ഭരണകൂടങ്ങളും ബുദ്ധിജീവികളും മാധ്യമങ്ങളും ശാസ്ത്രജ്ഞരും സാങ്കേതിക വിദ്യയുമൊക്കെയാണ്. ജീവിതാസ്വാദനത്തിന്റെ ബഹുവര്‍ണങ്ങള്‍ കാണിച്ച് അവര്‍ നമ്മുടെ കൗമാരത്തെ മോഹാലസ്യപ്പെടുത്തുന്നു. അപ്രതിരോധ്യമെന്ന് പ്രത്യക്ഷത്തില്‍ നമുക്ക് തോന്നിയേക്കാം. പക്ഷേ, കാലപ്രവാഹത്തിലെ നുരയും പതയും മാത്രമാണവ. കുറഞ്ഞ ആയുസ്സുള്ള, നാമാവശേഷമാവാന്‍ മാത്രം ഊതിവീര്‍പ്പിക്കപ്പെട്ടവ. ലോകത്തിന് ഇരുട്ടാണവര്‍ സമ്മാനിക്കുക.
'നിങ്ങള്‍ അല്ലാഹുവിന്റെ വര്‍ണം സ്വീകരിക്കുക, അല്ലാഹുവിന്റെ വര്‍ണത്തെക്കാള്‍ ഉത്തമമായ വര്‍ണമേതാണുള്ളത്?' എന്ന് വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. നമ്മുടെ സ്വാഭാവിക യുക്തിയനുസരിച്ച് ചരിത്രം സ്തംഭിച്ചു നില്‍ക്കേണ്ടിടത്ത് നിന്ന് അതിനെ മുന്നോട്ടു നയിച്ച കൗമാരത്തിന്റെ പ്രതിനിധാനങ്ങളാണ് മുകളില്‍ സൂചിപ്പിച്ചത്. അല്ലാഹുവിന്റെ വര്‍ണം സ്വീകരിച്ചപ്പോഴാണ് അവര്‍ക്കത് സാധ്യമായത്.
'ജീവിതം വര്‍ണാഭമാക്കാം' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് കേരളത്തിലുടനീളം നടത്തുന്ന ജില്ലാ സമ്മേളനങ്ങളിലൂടെ ടീന്‍ ഇന്ത്യ മുന്നോട്ടു വെക്കുന്നതും മറ്റൊന്നല്ല. മുഴുവന്‍ പ്രവര്‍ത്തകരും സമ്മേളനം വന്‍ വിജയമാകാന്‍ സത്വരം ഉണര്‍ന്നു പ്രവര്‍ത്തിക്കുക. തിന്‍മ നിറഞ്ഞ ഈ ലോകത്തെ നന്മയുടെ മാര്‍ഗത്തില്‍ മുന്നോട്ടു നയിക്കണം. അതിന്റെ നേതാക്കളും ജേതാക്കളുമാകണം. നിങ്ങളുടെ മക്കളെ, അയല്‍വാസിയുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും മക്കളെ ഈ സംഘത്തോടൊപ്പം അണിചേര്‍ക്കുക. തങ്ങളുടെ സ്വപ്‌നങ്ങള്‍ക്കും ആകുലതകള്‍ക്കും പകരമായി അല്ലാഹുവിന്റെ ഇഛയെയും ദീനിനെയും വര്‍ണമായി അവര്‍ സ്വീകരിക്കട്ടെ. ടീന്‍ ഇന്ത്യയും ഇസ്‌ലാമിക പ്രസ്ഥാനവും അവരെ വഴിനടത്തും. കൗമാരത്തിന്റെ സൗന്ദര്യവും സാഹസികതയും അച്ചടക്കവും അവര്‍ക്കനുഭവിക്കാം; നിങ്ങള്‍ക്കാസ്വദിക്കാം. അതിനപ്പുറത്ത് ആഹ്ലാദത്തിന്റെ മറുലോകത്തെ പുണരുകയും ചെയ്യാം.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് -28-31
ടി.കെ ഉബൈദ്‌

ഹദീസ്‌

ദിക്‌റിന്റെ ചിറകില്‍ മുന്നേറിയവര്‍
അമീന്‍ വി. ചൂനൂര്‍