ഏക സിവില്‍ കോഡ് മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല
ഏക സിവില്‍ കോഡ് പ്രശ്‌നം ഉയര്‍ത്തിക്കാട്ടി സാമൂഹികാന്തരീക്ഷം കലുഷമാക്കാനും സോഷ്യല്‍ മീഡിയയിലെയും ടി.വി ചാനലുകളിലെയും ചര്‍ച്ചകളില്‍ മുസ്‌ലിംകളെ അതിന്റെ നാട്ടക്കുറികളാക്കി നിര്‍ത്താനുമാണ് വീണ്ടും വര്‍ഗീയ ശക്തികളുടെ ശ്രമം. എന്നാല്‍, രാജ്യത്തെ ബുദ്ധിജീവികളൂം സമുദായ നേതാക്കളും അതൊരു മുസ്‌ലിം പ്രശ്‌നം മാത്രമായി കാണുന്നവരല്ല. ഈ തര്‍ക്കം രാജ്യത്തിന്റെ വൈവിധ്യവുമായും ജനാധിപത്യവുമായും ബന്ധപ്പെട്ടതാണെന്നാണ് അവരുടെ വിലയിരുത്തല്‍. പൊതുസമൂഹത്തിനു മേല്‍ ഏക സിവില്‍ കോഡ് അടിച്ചേല്‍പിക്കുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതം മുഴുവന്‍ ഇന്ത്യക്കാരെയുമാണ് ബാധിക്കുക. ഹിന്ദുവിനും മുസ്‌ലിമിനും സിഖുകാരനും ക്രിസ്ത്യാനിക്കും ആദിവാസിക്കും അത് ദോഷകരമായിത്തീരും.
വിഷയം ഇടക്കിടെ എടുത്തിട്ട് ജനങ്ങളെ തമ്മിലകറ്റാന്‍ വര്‍ഗീയ ശക്തികള്‍ രാപ്പകല്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ക്കതില്‍ വിജയിക്കാനായിട്ടില്ല. മതേതര ശക്തികളും ന്യൂനപക്ഷങ്ങളും അതിനെതിരെ തെളിവുകളുടെ ബലത്തില്‍ നിലയുറപ്പിച്ചതാണ് വിഘടന ശക്തികള്‍ പരാജയപ്പെടാന്‍ കാരണം. വൈകാരികതക്കു പകരം സ്ഥൈര്യത്തോടെയും സമചിത്തതയോടെയുമാണ് മതേതര ചേരിയുടെ നീക്കമെന്നതിനാല്‍ തങ്ങളുടെ പദ്ധതികള്‍ വിജയിപ്പിക്കാനാവാതെ ഉഴറുകയാണ് വിഘടന ശക്തികള്‍. പ്രശ്‌നത്തെ സങ്കുചിത കാഴ്ചപ്പാടില്‍ നോക്കിക്കാണുന്നതിനു പകരം വിശാല കോണിലൂടെ വിലയിരുത്തുന്ന നേതാക്കള്‍ ഏക സിവില്‍ കോഡിനെ സംബന്ധിച്ച യാതൊരു ഭീതിയും ആവശ്യമില്ലെന്ന സന്ദേശമാണ് പകര്‍ന്നു നല്‍കുന്നത്. ഏക സിവില്‍ കോഡ് പ്രശ്‌നം തല്‍പര കക്ഷികള്‍ ഇടക്കിടെ ഉയര്‍ത്തിക്കൊണ്ടുവരുന്നത് ജനശ്രദ്ധ തെറ്റിച്ച് തങ്ങളുടെ കോട്ടങ്ങളും പരാജയങ്ങളും മറച്ചുപിടിക്കാനാണെന്ന് സെക്യുലരിസ്റ്റുകളും സമുദായ നേതാക്കളും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.
മുസ്‌ലിംകള്‍ ഏക സിവില്‍ കോഡിനെ എതിര്‍ക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യമുയരാറുണ്ടല്ലോ ഇടക്കിടെ. ഈ വിഷയം മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന ഒന്നല്ല എന്നതാണ് മനസ്സിലാക്കേണ്ട ഒന്നാമത്തെ സംഗതി. രാജ്യത്തെ മതസ്വാതന്ത്ര്യം, ന്യൂനപക്ഷാവകാശങ്ങള്‍, ജനാധിപത്യം എന്നിവയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ് ഈ പ്രശ്‌നം. ഹിന്ദു- മുസ്‌ലിം സംഘര്‍ഷമാണ് വര്‍ഗീയ ശക്തികള്‍ ആഗ്രഹിക്കുന്നത്. ആ കളിയില്‍ ജനം അവരെ പരാജയപ്പെടുത്തുകയും അടിസ്ഥാന പ്രശ്‌നങ്ങളായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയിലേക്ക് ചര്‍ച്ച തിരിച്ചുവിടുകയും ചെയ്യുമ്പോഴാണ് രാജ്യത്ത് അടിസ്ഥാന വികസനം സാധ്യമാവുക.
ഏക സിവില്‍ കോഡിന്റെ ഒരു രൂപരേഖ പുറത്തിറക്കാന്‍ ഇതുവരെ വര്‍ഗീയ ശക്തികള്‍ക്കായിട്ടില്ല. ഇടക്കിടെ കുടത്തില്‍നിന്ന് ആ ഭൂതത്തെ പുറത്തെടുക്കാന്‍ ഭാവിക്കുമെങ്കിലും അതു സംബന്ധമായി ഒരു തയാറെടുപ്പും ഭരണകൂടം നടത്തിയിട്ടില്ല എന്നതാണ് വാസ്തവം. പതിറ്റാണ്ടുകളായി ഏക സിവില്‍ കോഡ് വാദമുയര്‍ത്തി രാഷ്ട്രീയം കളിക്കുക മാത്രമാണവര്‍. തങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നു പോലും പ്രഖ്യാപിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്ത്വങ്ങളിലൊന്നായ ഏക സിവില്‍ കോഡ് സംബന്ധിച്ച നിയമനിര്‍മാണം നടത്തണമെന്നാണ് വാദമെങ്കില്‍, മാര്‍ഗനിര്‍ദേശക തത്ത്വങ്ങളില്‍ ഇതിനെക്കാള്‍ പ്രാധാന്യമുള്ള മറ്റു പലതുമുണ്ടെങ്കിലും അതൊന്നും നടപ്പില്‍ വരുത്താന്‍ എന്തുകൊണ്ട് ശ്രമിക്കുന്നില്ല എന്ന് തിരിച്ചും ചോദിക്കാമല്ലോ. കനത്ത മൗനമായിരിക്കും അപ്പോള്‍ മറുപടി. ഉദാഹരണത്തിന്, സമത്വത്തിലധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥിതി കൊണ്ടുവരണമെന്നത് സുപ്രധാനമായ ഒരു മാര്‍ഗനിര്‍ദേശക തത്ത്വമാണ്. അക്കാര്യത്തില്‍ യാതൊരു നടപടിയും ഭരണകൂടം കൈക്കൊള്ളുന്നില്ലെന്നു മാത്രമല്ല, ഉളളവനും ഇല്ലാത്തവനും തമ്മിലെ അകലം വര്‍ധിപ്പിക്കുന്ന നീക്കങ്ങളിലാണ് ഭരണകൂടം ഏര്‍പ്പെട്ടിരിക്കുന്നത്.
ഇന്ത്യന്‍ ഭരണഘടനയിലെ മറ്റൊരു പ്രധാന മാര്‍ഗ നിര്‍ദേശക തത്ത്വമാണ്, എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുക എന്നത്. പത്തു വയസ്സുവരെ സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന നിയമമുണ്ടാക്കിയെങ്കിലും ഇന്നേവരെ ആ ലക്ഷ്യം കൈവരിക്കാന്‍ നമ്മുടെ രാജ്യത്തിന് കഴിഞ്ഞിട്ടില്ല. നിരവധി ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പ്രൈമറി സ്‌കൂളുകള്‍ പോലുമില്ല ഇപ്പോഴും. സാമൂഹികോന്നമനം കൈവരിക്കുന്നതില്‍ ഗവണ്‍മെന്റുകള്‍ പരാജയപ്പെട്ടു എന്നാണിത് കാണിക്കുന്നത്. മുതലാളിത്ത കുത്തകവത്കരണത്തിനെതിരെ നിയമമുണ്ടാക്കണമെന്ന് ഭരണഘടനയിലെ മാര്‍ഗ നിര്‍ദേശക തത്ത്വം ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും, അതിന് കടകവിരുദ്ധമായ ദിശയിലൂടെയാണ് ഭരണകൂടത്തിന്റെ സഞ്ചാരം. രാജ്യത്തിന്റെ സ്വത്തും സമ്പാദ്യവുമെല്ലാം കുറച്ചാളുകള്‍ കൈയിലൊതുക്കാന്‍ ശ്രമിക്കുമ്പോള്‍, അതിനു വേണ്ട സഹായസഹകരണമൊക്കെ ചെയ്തുകൊടുക്കുന്നു ഭരണകൂടം. കൊറോണാക്കാലത്ത് വരെ കുത്തക മുതലാളിമാരായ അദാനിയുടെയും അംബാനിയുടെയും സമ്പത്ത് കണ്ടമാനം വര്‍ധിക്കുകയാണ് ചെയ്തത്. മറുവശത്ത് പൊതുജനം വിശപ്പ് സഹിച്ച് പട്ടിണിയില്‍ കഴിയുന്നു. അവര്‍ക്ക് തൊഴിലുകള്‍ നഷ്ടപ്പെടുന്നു. തൊഴിലാളികളെ ഉല്‍പാദനത്തില്‍ പങ്കാളികളാക്കാന്‍ ശ്രമിക്കുമെന്നാണ് മറ്റൊരു മാര്‍ഗ നിര്‍ദേശക തത്ത്വം. ഇവയൊന്നും നടപ്പാക്കാതെ ഏക സിവില്‍ കോഡ് വിഷയത്തില്‍ മാത്രം ഭരണകൂടം വിറളി പിടിക്കുന്നതെന്തിനാണ്? സത്യത്തില്‍ സാമൂഹിക സമത്വത്തിലധിഷ്ഠിതമായ സമൂഹ നിര്‍മിതിക്കു വേണ്ടിയാണവര്‍ ശ്രമിക്കേണ്ടത്. ദല്‍ഹി ന്യൂനപക്ഷ കമീഷന്‍ മുന്‍ ചെയര്‍മാനും മില്ലി ഗസറ്റ് എഡിറ്ററും ബുദ്ധിജീവിയുമായ ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്റെ നിരീക്ഷണങ്ങളാണ് മുകളിലുദ്ധരിച്ചത്.
അദ്ദേഹം തുടരുന്നു: രാജ്യത്ത് 200 മുതല്‍ 300 വരെ വ്യക്തിനിയമങ്ങള്‍ നിലവിലുണ്ട്. ആദിവാസികള്‍ക്കും ക്രൈസ്തവര്‍ക്കുമുണ്ട് അവരുടേതു മാത്രമായ പേഴ്‌സനല്‍ ലോകള്‍. ഹിന്ദുക്കളിലെ വിവിധ ധാരകളിലും ഏറെ വ്യത്യസ്തതകളുള്ള കുടുംബ നിയമങ്ങള്‍ കാണാം. മുസ്‌ലിം സമുദായത്തിനകത്തും നിരവധി വ്യത്യസ്ത വ്യക്തിനിയമങ്ങളാണ് നിലനില്‍ക്കുന്നത്. മേവുകള്‍, ബോറ, ശീഈ, സുന്നി തുടങ്ങിയവര്‍ക്കെല്ലാം വ്യത്യസ്ത നിയമങ്ങളാണ്. അതിനാല്‍, ഏക സിവില്‍ കോഡ് അടിച്ചേല്‍പിച്ചാല്‍ അതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അനവധിയായിരിക്കും. മുസ്‌ലിംകളില്‍ മാത്രമല്ല, ഹൈന്ദവരിലും അത് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കും. മറ്റൊരു മാര്‍ഗനിര്‍ദേശക തത്ത്വവും നടപ്പാക്കാന്‍ തുനിയാത്തവര്‍ എന്തിനാണ് ഏക സിവില്‍ കോഡിനു വേണ്ടി ഇത്ര ധൃതികാട്ടുന്നതെന്നും ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍ ചോദിക്കുന്നു.
മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് മുന്‍ ചെയര്‍മാനും വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ അധ്യക്ഷനുമായ ഡോ. എസ്.ക്യു.ആര്‍ ഇല്‍യാസ് ഒരു അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ: നിരവധി മതങ്ങളെയും സംസ്‌കാരങ്ങളെയും പിന്‍പറ്റുന്നവരാണ് ഇന്ത്യന്‍ ജനത; ഒരൊറ്റ മതത്തെ മാത്രം പിന്തുടരുന്നവരല്ല. ഭരണഘടനയാവട്ടെ ഒാരോരുത്തര്‍ക്കും അവരവരുടെ വിശ്വാസം പിന്‍പറ്റാനും അത് പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം നല്‍കുന്നുമുണ്ട്. രാജ്യത്തുള്ളത് അനേകം കുടുംബ വ്യവസ്ഥകളും ജാതി നിയമങ്ങളുമാണ്. അതിനാല്‍, ആ വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടു പോവുകയാണ് വേണ്ടത്. എങ്കില്‍ സമൂഹത്തില്‍ യാതൊരു വിധ അസ്വാസ്ഥ്യങ്ങളുമുണ്ടാവില്ല. ഏക സിവില്‍ കോഡ് വാദമുയര്‍ത്തി ഇവയെ മുഴുവന്‍ ഏകീകരിക്കാന്‍ ഒരുമ്പെട്ടാല്‍ സമൂഹത്തില്‍ അസ്വാരസ്യങ്ങളും ഒച്ചപ്പാടുകളും ഏറ്റുമുട്ടലുകളുമുണ്ടാവും. ദേശീയ ധാരയില്‍ എല്ലാവരെയും ഒന്നിച്ച് അണിനിരത്താനാണ് ഏക സിവില്‍ കോഡ് എന്നാണ് ചിലരുടെ വാദം. ഇവിടെ ചില പ്രശ്‌നങ്ങളുണ്ട്: ഒന്നാമതായി, ദേശീയ മുഖ്യധാര എന്താണെന്ന് അവര്‍ വ്യക്തമാക്കണം. രാജ്യത്ത് ഒരൊറ്റ മതം, ഒരൊറ്റ ഭാഷ, ഒറ്റ സംസ്‌കാരം എന്നാണ് അതുകൊണ്ട് അര്‍ഥമാക്കുന്നതെങ്കില്‍ അതിനെ എതിര്‍ക്കുന്നത് ഒരു വിഭാഗം മാത്രമായിരിക്കില്ല, രാജ്യത്തെ മുഴുവന്‍ പൗരന്മാരുമായിരിക്കും. തങ്ങളുടെ മതത്തിലും സംസ്‌കാരത്തിലും പുറത്തുനിന്നുള്ളവര്‍ നുഴഞ്ഞുകയറി ഇടപെടുന്നത് ഇഷ്ടപ്പെടുന്നവരല്ല രാജ്യനിവാസികള്‍. അതിനാല്‍, രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കല്‍ അപ്രായോഗികമാണ്. ഹിന്ദു കോഡ് ബില്‍ നടപ്പാക്കുന്നതില്‍ പോലും ഐക്യമുണ്ടാക്കുക സാധ്യമല്ല. കാരണം, അതിനകത്തു പോലും നിരവധി ഒഴിച്ചുനിര്‍ത്തലുകള്‍ വേണ്ടിവരും. ഉദാഹരണത്തിന്, വടക്കേ ഇന്ത്യയും തെക്കേ ഇന്ത്യയും തമ്മില്‍ ആചാരങ്ങളില്‍ വലിയ വ്യത്യാസമുണ്ട്. തമിഴ്‌നാട്ടില്‍ അമ്മാവന് സഹോദരീപുത്രിയെ വേള്‍ക്കാമെങ്കില്‍ വടക്കേ ഇന്ത്യക്കാര്‍ക്ക് അത് ചിന്തിക്കാന്‍ പോലുമാവില്ല. ഇപ്രകാരം നിരവധി വ്യത്യസ്ത സംസ്‌കാരങ്ങള്‍ രാജ്യത്തുണ്ട്. നാഗാലാന്റിലും മിസോറാമിലും ദീര്‍ഘകാലം വിഘടനവാദ പ്രവണതകള്‍ ശക്തമായിരുന്നു. രാജ്യത്തിനെതിരെ അവര്‍ ആയുധമെടുത്തു. അവരുടെ കുടുംബ നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ യാതൊരു വിധ ഇടപെടലും നടത്തില്ലെന്ന വ്യവസ്ഥയിലാണവര്‍ പിന്നീട് ആയുധം താഴെ വെച്ച് സഹകരണത്തിന്റെ പാത സ്വീകരിച്ചത്. പുതുതായി യാതൊരു കുടുംബനിയമവും അവരില്‍ അടിച്ചേല്‍പിക്കരുതെന്നാണ് അവരുടെ നിലപാട്. തങ്ങളുടെ കുടുംബ വ്യവസ്ഥയുടെ മേല്‍ കൈവെക്കുന്ന യാതൊരു നിയമവും പാര്‍ലമെന്റ് പാസ്സാക്കാന്‍ പാടില്ലെന്ന് അവര്‍ ഉറപ്പു വാങ്ങിയിട്ടുണ്ട്. ആര്‍ട്ടിക്ക്ള്‍ 317 എ, 371 ജി പ്രകാരം ഇന്ത്യാ ഗവണ്‍മെന്റ് അവിടത്തെ നാഗ- കോഗി വിഭാഗങ്ങളുടെ ഫാമിലി ലോ റദ്ദ് ചെയ്യുന്ന യാതൊരു നടപടിയും സ്വീകരിക്കില്ലെന്ന് ഭരണഘടനയില്‍ അനുഛേദമായി എഴുതിച്ചേര്‍ത്തിട്ടുമുണ്ട്. അതു മുഖേന തങ്ങളുടെ കുടുംബ വ്യവസ്ഥയുടെ സുരക്ഷിതത്വം ഭരണഘടനാപരമായി ഉറപ്പു വരുത്തുകയായിരുന്നു അവര്‍.
ഏക സിവില്‍ കോഡ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മാര്‍ഗനിര്‍ദേശക തത്ത്വങ്ങളിലാണുള്ളത്. അവ നിര്‍ബന്ധമായും നടപ്പാക്കപ്പെടേണ്ടവയല്ല. ആ വിഷയത്തില്‍ സംവാദത്തിലൂടെ നയരൂപവത്കരണമുണ്ടാക്കണമെന്നാണ് ഭരണകൂടത്തിന് നല്‍കപ്പെട്ട നിര്‍ദേശം. ഭരണഘടനാ നിര്‍മാണ വേളയില്‍ ഇതുപോലുള്ള നിരവധി കാര്യങ്ങളില്‍ പരസ്പര രഞ്ജിപ്പിലെത്താന്‍ സാധിച്ചിരുന്നില്ല. അതിനാലാണ് അവ മാര്‍ഗനിര്‍ദേശക തത്ത്വങ്ങളിലുള്‍പ്പെടുത്തി സംവാദത്തിന്റെ വാതില്‍ തുറക്കാനാവശ്യപ്പെട്ടത്. മദ്യം പൂര്‍ണമായി നിരോധിക്കുമെന്ന് മാര്‍ഗനിര്‍ദേശക തത്ത്വമായി എഴുതിവെച്ചിട്ടുണ്ടെങ്കിലും ഇന്നേ വരെ അത് നടപ്പാക്കിയിട്ടില്ല. മുതലാളിക്കും തൊഴിലാളിക്കുമിടയിലെ അകലം കുറക്കുമെന്ന നിര്‍ദേശവും ജലരേഖ തന്നെ.
രാഷ്ട്രത്തിന്റെ ഏകോപനത്തിന് ഏക സിവില്‍ കോഡ് നടപ്പാക്കുക അനിവാര്യമാണെന്ന മനോഗതി ഒരു പ്രത്യേക വിഭാഗത്തിന്റെ വ്യാമോഹം മാത്രമാണ്. ഏക സിവില്‍ കോഡ് മുഖേന സമാധാനവും നീതിയും പുലരുമെന്ന് തെളിവുകളുടെ പിന്‍ബലത്തില്‍ സ്ഥിരപ്പെട്ട കാര്യമല്ലാതിരിക്കെ വിശേഷിച്ചും. നമ്മുടെ രാജ്യത്ത് ഹിന്ദി ഭാഷ അടിച്ചേല്‍പിക്കാന്‍ കാമ്പയിന്‍ നടന്നെങ്കിലും തെക്കേ ഇന്ത്യയില്‍ അതിനെതിരെ കടുത്ത വിയോജിപ്പ് ഉയര്‍ന്നുവന്നത് ഓര്‍മ വേണം. ഒരൊറ്റ സംസ്‌കാരം, ഒരൊറ്റ ഭാഷ, ഒരൊറ്റ ജനത എന്ന മുദ്രാവാക്യം മുഴങ്ങിയപ്പോഴും തെക്കേ ഇന്ത്യയില്‍ പ്രതിഷേധങ്ങളുയര്‍ന്നിട്ടുണ്ട്. വല്ലവരുടെയും മതവിശ്വാസത്തിലോ സംസ്‌കാരത്തിലോ ഇടപെട്ടാല്‍ അത് വലിയ പ്രത്യാഘാതം ക്ഷണിച്ചുവരുത്തുമെന്നു തന്നെയാണ് ഈ മുന്‍ അനുഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. സമൂഹത്തില്‍ അത് ഭിന്നിപ്പിന് വിത്തു പാകും.
ഇസ്‌ലാമും മുസ്‌ലിം പേഴ്‌സനല്‍ ലോയും പരസ്പര ബന്ധിതമാണ്. ഉദ്ദേശിക്കുമ്പോഴൊക്കെ മാറ്റത്തിരുത്തലുകള്‍ക്കും വെട്ടിത്തിരുത്തലുകള്‍ക്കും വിധേയമാക്കാന്‍ അത് മനുഷ്യനിര്‍മിതമല്ല, ദൈവപ്രോക്തമാണ്. വിവാഹം, മഹ്ര്‍, ത്വലാഖ്, ഖുല്‍അ് എന്നിവ എങ്ങനെയായിരിക്കണമെന്ന് ഖുര്‍ആനും ഹദീസും കൃത്യമായി വരച്ചുകാണിച്ചിട്ടുണ്ട്. പ്രസ്തുത അടിസ്ഥാന സ്രോതസ്സുകള്‍ പ്രകാരം മുസ്‌ലിംകള്‍ ജീവിക്കേണ്ടതില്ലെന്നും അവക്കു പുറത്തുനിന്നുള്ള നിയമങ്ങള്‍ പ്രയോഗവത്കരിച്ചാല്‍ മതിയെന്നും ആരു പറഞ്ഞാലും അത് സ്വീകാര്യമാവില്ല. ഭരണഘടന ഏതൊരു മതവിശ്വാസിക്കും അവന്റെ മതമനുസരിച്ച് ജീവിക്കാന്‍ അവകാശം നല്‍കിയിട്ടുണ്ടെന്നിരിക്കെ വിശേഷിച്ചും.
ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ് ഏക സിവില്‍ കോഡ് നടപ്പാക്കല്‍; പൊതുസമൂഹത്തിന്റെയോ ഏതെങ്കിലും വ്യക്തിയുടെയോ സംഘടനയുടെയോ ചുമതലയല്ല. കഴിഞ്ഞ 70 വര്‍ഷമായി ഏക സിവില്‍ കോഡിനെ പറ്റി കോടതി സര്‍ക്കാറിനോട് വിശദീകരണം തേടുന്നുണ്ടെങ്കിലും ഇതുവരെ അതിന് കൃത്യമായ മറുപടി ഒരു ഭരണകൂടവും നല്‍കിയിട്ടില്ല. തെരഞ്ഞെടുപ്പുകള്‍ അടുത്തു വരുമ്പോഴും ഗവണ്‍മെന്റിന്റെ വീഴ്ചകള്‍ മൂടിവെക്കാനും, മുസ്‌ലിംകളെ പ്രശ്‌നക്കാരായി ചിത്രീകരിക്കാനുമാണ് ഏക സിവില്‍ കോഡ്, ത്വലാഖ് പോലുള്ള തര്‍ക്കവിഷയങ്ങള്‍ പൊക്കിപ്പിടിച്ച് കൊണ്ടുവരുന്നത്. ഭരണകൂടം ഈ പ്രശ്‌നത്തില്‍ ഒട്ടും സത്യസന്ധമല്ലെന്ന് വ്യക്തം. ഏക സിവില്‍ കോഡ് പ്രയോഗവത്കരിച്ചതിന് ഗോവയെ ഉദാഹരണമായി ചിലര്‍ ഉയര്‍ത്തിക്കാട്ടാറുണ്ട്. എന്നാല്‍, ഹൈന്ദവര്‍ക്ക് ചില ഉപാധികളോടെ ഒന്നില്‍ കൂടുതല്‍ വിവാഹം നടത്താന്‍ അവിടെ അനുമതിയുണ്ട്. രാജ്യത്തെ മറ്റു ഹിന്ദുക്കള്‍ക്ക് ഒന്നിലധികം ഭാര്യമാരെന്നത് അചിന്ത്യമാണ്. അതിനാല്‍, ഏക സിവില്‍ കോഡ് ഒരു പ്രധാന ചര്‍ച്ചാവിഷയമാക്കേണ്ടതില്ല. അത് ഇന്ത്യയില്‍ നടപ്പാക്കുക സാധ്യമാകില്ലെന്ന് 2018-ല്‍ ലോ കമീഷന്‍ ഓഫ് ഇന്ത്യ, ഭരണകൂടത്തെ അറിയിച്ചിട്ടുമുണ്ട്. ഏക സിവില്‍ കോഡിനെക്കാള്‍ നല്ലത് വ്യത്യസ്ത വ്യക്തിനിയമങ്ങള്‍ പ്രയോഗവത്കരിക്കുന്നതാകുമെന്ന് ലോ കമീഷന്‍ ചൂണ്ടിക്കാട്ടുകയുമുണ്ടായി. അത് ചര്‍ച്ചയാക്കുന്നതിനു പകരം മുസ്‌ലിംകളെ ടാര്‍ഗറ്റ് ചെയ്യാനാണ് മീഡിയയുടെ ശ്രമം.
ഏക സിവില്‍ കോഡ് അടിച്ചേല്‍പിക്കുമ്പോള്‍ അതിന്റെ ആദ്യ പ്രത്യാഘാതമേല്‍ക്കേണ്ടിവരിക ഹിന്ദുക്കള്‍ക്കും കൂടിയായിരിക്കും. ഉദാഹരണത്തിന്, അവരിലെ കൂട്ടുകുടുംബ സംവിധാനത്തിന് നികുതിയിളവ് നല്‍കിയിട്ടുണ്ട്. ഇത് മറ്റ് സമൂഹങ്ങള്‍ക്ക് ലഭിക്കാത്ത ആനുകൂല്യമാണ്. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിലൂടെ അത് നഷ്ടപ്പെടുമ്പോള്‍ ആദ്യം പ്രതിഷേധവുമായി രംഗത്തുണ്ടാവുക അവരായിരിക്കും - മനുഷ്യാവകാശ പ്രവര്‍ത്തകനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ക്രൈസ്തവ നേതാവും ഗ്രന്ഥകാരനുമായ ഡോ. ജോണ്‍ ദയാല്‍ പറയുന്നു.
ഏക സിവില്‍ കോഡ് നടപ്പില്‍ വരുത്തുകയെന്ന ആവശ്യം സ്വാതന്ത്ര്യ ലബ്ധിയുടെ ഘട്ടത്തില്‍തന്നെ ചിലര്‍ നിയമനിര്‍മാണസഭയില്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ജനങ്ങള്‍ എതിര്‍പ്പു പ്രകടിപ്പിക്കുന്ന യാതൊന്നും നിയമമാക്കരുതെന്നാണ് ഭരണഘടനാ ശില്‍പി ബി.ആര്‍ അംബേദ്കര്‍ പ്രഖ്യാപിച്ചത്. ജനങ്ങളുടെ മതസ്വാതന്ത്ര്യവും, ന്യൂനപക്ഷങ്ങളുടെ മതപരവും സാംസ്‌കാരികവുമായ കാര്യങ്ങളും മൗലികാവകാശങ്ങളുടെ ഭാഗമാക്കിയും നിശ്ചയിച്ചു. എന്നിട്ടും വര്‍ഗീയ ശക്തികള്‍ ഏക സിവില്‍ കോഡെന്ന ഭൂതത്തെ ഇടക്കിടെ പുറത്തെടുക്കുന്നത് രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി മാത്രമാണ്.
(ജെ.എന്‍.യുവില്‍ ഗവേഷക വിദ്യാര്‍ഥിയാണ് ലേഖകന്‍. വിവ: റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍)
Comments