Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 23

3282

1444 ജമാദുല്‍ അവ്വല്‍ 29

മാലാഖമാര്‍ തണല്‍വിരിച്ച  കര്‍മഭടന്മാരുടെ ഒത്തുചേരല്‍

സമ്മേളന റിപ്പോര്‍ട്ട് / അബ്ദുല്‍ ഹകീം നദ്‌വി   [email protected]  

ചേരുവകള്‍ സന്തുലിതമായി ചേര്‍ത്തുണ്ടാക്കിയ സമീകൃതാഹാരം പോലെ സ്വാദിഷ്ടവും സമൃദ്ധവുമായിരുന്നു കഴിഞ്ഞ ഡിസംബര്‍ 10, 11 തീയതികളില്‍ ശാന്തപുരം അല്‍ജാമിഅയുടെ നടുമുറ്റത്ത് പ്രത്യേകം തയാറാക്കിയ നഗരിയില്‍ നടന്ന ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ഹല്‍ഖയിലെ അംഗങ്ങളുടെ ഒത്തുചേരല്‍. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വിദേശ രാജ്യങ്ങളില്‍നിന്നുമായി രണ്ടായിരത്തി അഞ്ഞൂറോളം വരുന്ന ഇസ്ലാമിക പ്രസ്ഥാനത്തിന്റെ കര്‍മഭടന്മാരാണ്  ഒത്തുചേര്‍ന്നത്. ആത്മീയ നിര്‍വൃതിയും കര്‍മാവേശവും പ്രവര്‍ത്തന മാര്‍ഗത്തില്‍ വെളിച്ചമേകുന്നതുമായിരുന്നു സംഗമം. 
ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന്  സമ്മേളന നഗരിയിലെത്തി സ്വന്തം ബന്ധുക്കളെ പോലും സന്ദര്‍ശിക്കാന്‍ കഴിയാത്തതിന്റെ വേദന കടിച്ചമര്‍ത്തി സമ്മേളനം കഴിഞ്ഞ് നേരെ വിദേശത്തേക്ക് തിരിച്ചുപോയവരും ഇക്കൂട്ടത്തിലുണ്ട്. പരസഹായമില്ലാതെ ഒന്നെഴുന്നേല്‍ക്കാന്‍  പോലും കഴിയാതെ പ്രായാധിക്യത്തിന്റെ അവശതകളനുഭവിക്കുന്ന വന്ദ്യവയോധികരുമുണ്ട് സമ്മേളന പ്രതിനിധികളില്‍. കഠിനമായ രോഗങ്ങളുടെ വേദന വകവെക്കാതെ സംഗമത്തിന് സാക്ഷികളാകാന്‍ എത്തിയവരുമുണ്ട്. വേണ്ടപ്പെട്ടവരെ ഖബ്‌റടക്കി മരണവീട്ടില്‍നിന്ന് സമ്മേളന നഗരിയിലേക്ക് ഓടിയെത്തിയ സഹോദരന്മാരെയും സഹോദരിമാരെയും കണ്ടപ്പോള്‍ കണ്ണുകള്‍ ഈറനണിഞ്ഞു പോയിട്ടുണ്ട്. ലീവെടുക്കാന്‍ അനുവാദം നല്‍കിയിട്ടും ഇനിയൊരവസരം ഉണ്ടായില്ലെങ്കിലോ എന്നാശങ്കിച്ച്  സമ്മേളന നഗരിയില്‍ ആദ്യാവസാനം സാന്നിധ്യമറിയിച്ചവരുമുണ്ട്. മനസ്സിനോടൊപ്പം ശരീരം സഞ്ചരിക്കാതെ തളര്‍ന്നുപോയ ചിലര്‍ സമ്മേളനത്തില്‍ മുഴുവനായി പങ്കെടുക്കാനാവാതെ സാധ്യമായത്ര നേരം ഇരുന്ന്, മനമില്ലാ മനസ്സോടെ കണ്ണീര്‍ വാര്‍ത്ത് സമ്മേളന നഗരിയില്‍ നിന്ന് യാത്രചോദിച്ച് പിരിഞ്ഞുപോവുകയായിരുന്നു.
ഇസ്ലാമിക പ്രവര്‍ത്തകര്‍ മനുഷ്യന്റെ വിവിധ അവയവങ്ങള്‍ പോലെ ഒരൊറ്റ ശരീരത്തിന്റെ ഭാഗമാണാന്നെന്നാണല്ലോ തിരുദൂതര്‍ (സ) പഠിപ്പിക്കുന്നത്. ഒരു കെട്ടിടത്തില്‍ അടുക്കിവെച്ച കല്ലുകള്‍ പോലെ ഒന്ന് മറ്റൊന്നിനോട് ചേര്‍ന്നുനിന്ന് പരസ്പരം ബലം നല്‍കി  ഒന്നായണിനിരക്കേണ്ടവരാണ് ഇസ്ലാമിക പ്രവര്‍ത്തകരെന്നും നബി (സ) നമ്മെ ഉണര്‍ത്തിയിട്ടുണ്ട്. പല ഭാഗങ്ങളില്‍നിന്ന് ഒഴുകിയെത്തിയ ഇസ്ലാമിക പ്രവര്‍ത്തകര്‍ നബിതിരുമേനി(സ)യുടെ ഈ അധ്യാപനത്തെ അക്ഷരാര്‍ഥത്തില്‍ സ്വന്തം ജീവിതത്തിലൂടെ ആവിഷ്‌കരിക്കുകയായിരുന്നു ഈ സംഗമത്തില്‍. അവരില്‍ സമ്പന്നരും ദരിദ്രരുമുണ്ടായിരുന്നു. പണ്ഡിതന്മാരും സാധാരണക്കാരുമുണ്ടായിരുന്നു. നേതാക്കളും അനുയായികളുമുണ്ടായിരുന്നു. എല്ലാവരും ഒരൊറ്റ ശരീരമായി മാറിയ രണ്ട് നാളുകള്‍.
ഇസ്ലാമിക പ്രവര്‍ത്തകരുടെ പരസ്പര ബന്ധങ്ങളെ വിളക്കിച്ചേര്‍ക്കാന്‍ മൂന്ന് ഘടകങ്ങള്‍ തിരുദൂതര്‍ നിര്‍ദേശിക്കുന്നുണ്ട്: മവദ്ദത്ത്, റഹ്മത്ത്, തആത്വുഫ് എന്നിവയാണവ. ആഴപ്പരപ്പുള്ള സ്നേഹത്തിനാണ് മവദ്ദത്ത് എന്ന് പറയുക. എല്ലാ ബന്ധങ്ങളെയും വിളക്കിച്ചേര്‍ക്കുന്ന ഏറ്റവും പ്രധാന കണ്ണിയാണ് റഹ്മത്ത് അഥവാ കാരുണ്യം. ഒന്ന് മറ്റൊന്നിനോട് ചേര്‍ത്തുവെക്കലാണ് തആത്വുഫ്. ഇതു മൂന്നും ഇസ്ലാമിക പ്രവര്‍ത്തകരിലുണ്ടായാലാണ് അല്ലാഹുവിന്റെ ദീനിന്റെ മാര്‍ഗത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ഗാത്മകവും മനോഹരവുമാവുക. ഇസ്ലാമിക പ്രവര്‍ത്തകരിലുണ്ടാവേണ്ട ഈ ഗുണവിശേഷങ്ങള്‍ മേളിച്ച ഒത്തുചേരലിനാണ് ശാന്തപുരം വേദിയായത്. പരക്ഷേമ തല്‍പരത ഇസ്ലാം പഠിപ്പിക്കുന്ന ഏറ്റവും വലിയ ജീവിത മൂല്യമാണല്ലോ. സ്വന്തത്തിന്റെ വേദനകളും സൗകര്യങ്ങളും മാറ്റിവെച്ച് മറ്റുള്ളവരുടെ സന്തോഷവും സുഖവും പരിഗണിക്കുന്ന മനോഭാവം കുറഞ്ഞുവരുന്ന കാലത്താണല്ലോ നാം ജീവിക്കുന്നത്. ഈസാര്‍ അഥവാ പരക്ഷേമ തല്‍പരതയുടെ നനവും പശിമയും സമ്മേളനത്തിലുടനീളം കാണാമായിരുന്നു. പ്രായമായവര്‍ക്കും രോഗികള്‍ക്കും പ്രയാസങ്ങളില്ലാതെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മറ്റുള്ളവര്‍ എല്ലാ സൗകര്യങ്ങളുമൊരുക്കി.
സമ്മേളന നഗരി മനോഹരമായിരിക്കെ തന്നെ അല്‍പം ഇടുക്കമുള്ളതു കൂടിയായിരുന്നു. തയാറാക്കിയ നഗരിക്ക് ഉള്‍ക്കൊള്ളാവുന്നതിന്റെ പരമാവധിയാളുകള്‍ സമ്മേളനത്തിനെത്തി. ഇത്രയധികമാളുകള്‍ ഒരുമിച്ചുകൂടുമ്പോള്‍, സാധ്യമാകുന്ന സൗകര്യങ്ങളെല്ലാം ഒരുക്കിയിരുന്നെങ്കിലും പരിമിതികള്‍ ധാരാളമുണ്ടാകുമെന്ന് പ്രത്യേകം പറയേണ്ടതില്ല. പക്ഷേ, എവിടെയും പരിഭവങ്ങളില്ല, പരാതികളില്ല, ഒച്ചപ്പാടും ബഹളവുമില്ല. മറ്റുള്ളവര്‍ നിയന്ത്രിക്കാതെ തന്നെ സ്വയം അച്ചടക്കമുള്ളവരായ  സംഘമാണ് തങ്ങളെന്ന് തെളിയിക്കുക കൂടിയായിരുന്നു അവര്‍.
ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അധ്യക്ഷന്‍ സയ്യിദ് സആദത്തുല്ലാ ഹുസൈനിയുടെ ഉദ്ഘാടന പ്രഭാഷണം പ്രസ്ഥാനത്തിന് സഞ്ചരിക്കാനുള്ള വഴിദൂരങ്ങളിലേക്ക് വെളിച്ചംവീശുന്നതായിരുന്നു. ഹിന്ദുത്വ ഫാഷിസം പിടിമുറുക്കിയ ഈ കാലത്ത് ഭയപ്പാടില്ലാതെയും ഭയം പ്രചരിപ്പിക്കാതെയും പ്രതീക്ഷയോടെ സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്ന് അല്ലാഹുവിന്റെ ദീനിന്റെ ഉയര്‍ച്ചയും വളര്‍ച്ചയും ലക്ഷ്യമാക്കി മുന്നേറാന്‍ കഴിയണം. പരീക്ഷണങ്ങള്‍ കടന്നുവന്നേക്കാം. ഏതു സാഹചര്യത്തിലും തളരാതെ, ആദര്‍ശപരമായ കരുത്തും ക്ഷമയും കൈമുതലാക്കി ഇസ്തിഖാമത്തോടെ മുന്നോട്ട് കുതിക്കാന്‍ പ്രചോദനമേകുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. ഇസ്ലാമിക പ്രസ്ഥാനം നാളിതുവരെ ഇന്ത്യാ രാജ്യത്ത് ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ പ്രവര്‍ത്തനങ്ങളിലേക്ക് വെളിച്ചംവീശിയ, ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ടി. ആരിഫലി സാഹിബിന്റെ പ്രഭാഷണവും പ്രസ്ഥാന മാര്‍ഗത്തില്‍ ആവേശം പകരുന്നതായിരുന്നു. ഹല്‍ഖാ അമീര്‍ എം.ഐ അബ്ദുല്‍ അസീസ് സാഹിബിന്റെ ആമുഖ - സമാപന പ്രഭാഷണങ്ങള്‍ ഇസ്ലാമിക പ്രവര്‍ത്തകരുടെ മുന്നോട്ടുപോക്കിന് വെളിച്ചമേകുന്നതായിരുന്നു.
ഇസ്ലാമിക പ്രസ്ഥാനം പുതിയ ചതുര്‍ വര്‍ഷ പരിപാടിയിലേക്ക് / മീഖാത്തിലേക്ക് കടക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു അംഗങ്ങളുടെ  ഒത്തുചേരല്‍. സമ്മേളനത്തിന്റെ മുന്നോടിയായി കേരളത്തിലും ഗള്‍ഫ് നാടുകളിലുമുള്ള ജമാഅത്ത് അംഗങ്ങള്‍ 100 പേരുള്ള ക്ലസ്റ്ററുകളായി തിരിഞ്ഞ് നിലവിലെ മീഖാത്തിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തിരുന്നു. അടുത്ത മീഖാത്തിലേക്കുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കുന്ന മുഴുദിന ക്ലസ്റ്റര്‍ മീറ്റിംഗുകള്‍. ആ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന പ്രധാന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് സമ്മേളനത്തില്‍ ഗ്രൂപ്പ് കണ്‍വീനര്‍മാര്‍ നടത്തിയ അവതരണങ്ങള്‍ ഇസ്ലാമിക പ്രസ്ഥാനത്തിന് മുന്നോട്ടുപോകാന്‍ വലിയ തോതില്‍ വെളിച്ചമേകിയെന്ന് പറയാം.
ഇസ്ലാമിക പ്രവര്‍ത്തകരുടെ ഊര്‍ജവും പാഥേയവും സമ്പന്നമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഘടകമാണ് വൈജ്ഞാനിക ശേഷി വര്‍ധിപ്പിക്കുക എന്നത്. വായനയും പഠനവുമാണ് നമ്മുടെ ചിന്താ മണ്ഡലങ്ങളെ വികസിപ്പിക്കുന്നത്. ചിന്താ മണ്ഡലങ്ങളിലുണ്ടാകുന്ന വികാസങ്ങളാണ് പുതിയവ കണ്ടെത്താനും ഉയരങ്ങള്‍ ചവിട്ടിക്കയറാനും, തടസ്സങ്ങള്‍ നീക്കി മുന്നേറാനും നമ്മെ സഹായിക്കുക. ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് സ്തംഭനാവസ്ഥയുണ്ടാകാന്‍ പാടില്ല. അത് കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കണം. ഇല്‍മിന്റെ ചക്രവാളങ്ങള്‍ വികസിപ്പിക്കുക വഴി മാത്രമേ സ്തംഭനാവസ്ഥകളെ മറികടക്കാന്‍ സാധിക്കുകയുള്ളൂ. ഈ സമ്മേളനം അറിവിന്റെ പുതുലോകത്തേക്ക് നമ്മെ കൈപിടിച്ചുയര്‍ത്തുന്നത് കൂടിയായിരുന്നു. പഠന പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കാന്‍ പ്രചോദനമേകിയിട്ടുമുണ്ട്. ഇസ്ലാമോഫോബിയ വളയമില്ലാതെ ചാടിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇസ്ലാംവിരോധത്തിന്റെ വേരുകള്‍ അന്വേഷിക്കുന്ന ഡോ. അബ്ദുസ്സലാം അഹ്മദിന്റെ പഠനം ഏറെ ശ്രദ്ധേയമായി. മുല്ലപ്പൂ വിപ്ലവാനന്തരം അറബ്‌ലോകത്തും ഇസ്ലാമികലോകത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെയും പുതിയ കാലത്ത് നാം സ്വീകരിക്കേണ്ട നയ നിലപാടുകളെയും വിശകലനം ചെയ്യുന്നതായിരുന്നു ഡോ. ആര്‍ യൂസുഫിന്റെ പ്രഭാഷണം. ആരാണ് നമ്മുടെ ശത്രുക്കള്‍, അവരുടെ കൈവശമുള്ള ആയുധങ്ങള്‍ എന്തെല്ലാമാണ്, അവര്‍ നമ്മെ കാണുന്നത് എങ്ങനെയാണ്, അവരെ നേരിടേണ്ടത് എങ്ങനെയായിരിക്കണം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കാണാനുള്ള ശ്രമമായിരുന്നു ടി.കെ ഫാറൂഖ്, ഡോ. കൂട്ടില്‍ മുഹമ്മദലി, ഹമീദ് വാണിയമ്പലം, ടി. മുഹമ്മദ് വേളം, കെ.എ ഷഫീഖ്, പി.ഐ നൗഷാദ്, പി. റുക്‌സാന, സി. ദാവൂദ് എന്നിവര്‍ പങ്കെടുത്ത പാനല്‍ ഡിസ്‌കഷന്‍. 
ഇസ്ലാമിക പ്രവര്‍ത്തകരുടെ ആത്മശുദ്ധീകരണവും സംസ്‌കരണവും വളര്‍ച്ചയും ഈ സമ്മേളനത്തിന്റെ മുഖ്യ അജണ്ടകളിലൊന്നായിരുന്നു. ഈ രംഗത്തുള്ള ചെറിയ അലംഭാവങ്ങള്‍ പോലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും.  ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ മൂലധനവും ആസ്തിയും അതിന്റെ അംഗങ്ങളും പ്രവര്‍ത്തകരുമാണ്. അതിന്റെ ഗുണനിലവാരമാണ് എണ്ണത്തെക്കാള്‍  പ്രധാനം. ഇസ്ലാമിക പ്രവര്‍ത്തകര്‍ ജീവിത വിശുദ്ധിയുള്ളവരാകണം. നമ്മുടെ തര്‍ബിയത്ത് ഇസ്ലാമിക പ്രവര്‍ത്തകനെ പൂര്‍ണതയോടെ വളര്‍ത്തിയെടുക്കാന്‍ പര്യാപ്തമായിരിക്കണം. ഈ സമ്മേളനം ഇസ്ലാമിക പ്രവര്‍ത്തകരുടെ തര്‍ബിയത്ത് കൂടുതല്‍ മനോഹരമായി ആവിഷ്‌കരിക്കാന്‍ പ്രസ്ഥാനത്തിന്റെ പോരാളികള്‍ക്ക് സഹായകമാകാതിരിക്കില്ല.
ജീവിതത്തിന് കള്ളികോളങ്ങള്‍ പണിയേണ്ടതും അവക്ക് നിറം പകരേണ്ടതും ഊടും പാവും നല്‍കേണ്ടതും ഇസ്ലാമായിരിക്കണമെന്നാണ് നാം നമ്മോടും മറ്റുള്ളവരോടും പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍, ലിബറല്‍ ചിന്താഗതികളും ജീവിത ശീലങ്ങളും ഇസ്ലാമിക പ്രവര്‍ത്തകരെ പോലും സ്വാധീനിക്കുന്ന സാഹചര്യമുണ്ട്. നമ്മുടെ കുടുംബവും സംസ്‌കാരവും ശീലങ്ങളും ലിബറല്‍ സ്വാധീന വലയത്തില്‍നിന്ന് മുക്തമാണെന്ന് ഉറപ്പുവരുത്തണം.  ഇസ്ലാമിനെ ആത്മാഭിമാനത്തോടെ ജീവിതത്തിലുടനീളം നെഞ്ചേറ്റണം. ഈ ആഹ്വാനവും അംഗങ്ങളുടെ ഒത്തുചേരലില്‍ ഉയര്‍ന്നുകേട്ടു. വസ്ത്രധാരണത്തിലും സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കുന്ന ആഘോഷങ്ങളിലും ഇവെന്റുകളിലും ഇസ്ലാമിന്റെ അതിരടയാളങ്ങള്‍ മറികടക്കുന്നത് സംബന്ധിച്ച് ഗൗരവതരമായ ഓര്‍മപ്പെടുത്തലുകളും സമ്മേളനത്തിലുണ്ടായിരുന്നു. ഇസ്ലാമിക പ്രസ്ഥാനത്തിന്റെയും ഇസ്ലാമിക പ്രവര്‍ത്തകന്റെയും വ്യക്തിത്വത്തിന് ക്ഷതമേല്‍പ്പിക്കുന്നതോ ഇസ്ലാമിക മൂല്യങ്ങള്‍ക്ക് പരിക്കുണ്ടാക്കുന്നതോ ആയ ഒരിടപാടുകളും ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയാണ് നമുക്കുണ്ടാകേണ്ടതെന്നും സമ്മേളനം ഓര്‍മപ്പെടുത്തി. പി. മുജീബുര്‍റഹ്മാന്‍, വി.ടി അബ്ദുല്ലക്കോയ തങ്ങള്‍, എം.കെ മുഹമ്മദലി, ശൈഖ് മുഹമ്മദ് കാരകുന്ന്, പി.വി റഹ്മാബി, യൂസുഫ് ഉമരി, ശിഹാബ് പൂക്കോട്ടൂര്‍, പി.പി അബ്ദുര്‍റഹ്മാന്‍, എ. റഹ്മത്തുന്നിസ, അബ്ദുല്‍ ഹകീം നദ്‌വി എന്നിവരും സദസ്സിനെ അഭിസംബോധന ചെയ്തു.
വലിയ ചെലവ് വരുന്ന സമ്മേളനത്തിന് നിര്‍ണിത രജിസ്ട്രേഷന്‍ ഫീസൊന്നും നിശ്ചയിച്ചിട്ടില്ലായിരുന്നു. എന്നാല്‍, സമ്മേളന ചെലവിലേക്ക് സാധ്യമായ സഹായം ചെയ്യാന്‍ ഹല്‍ഖാ അമീര്‍ ആഹ്വാനം ചെയ്തപ്പോള്‍ ഇസ്ലാമിക പ്രസ്ഥാനം നമുക്ക് പകര്‍ന്നുനല്‍കിയ ഇന്‍ഫാഖിന്റെ തര്‍ബിയത്ത് കൂടി പ്രകടമാകുന്ന സന്തോഷകരമായ പ്രതികരണമാണുണ്ടായത് എന്നതും എടുത്തുപറയേണ്ടതുണ്ട്. അല്ലാഹുവിന്റെ തൃപ്തിയും പരലോക വിജയവും മാത്രം ആഗ്രഹിക്കുന്ന ഒരു കൂട്ടം സാത്വികരാണ് ഈ സമ്മേളനത്തില്‍ ഒത്തുചേര്‍ന്നത്. ഭൗതികമായ താല്‍പര്യങ്ങളോ അജണ്ടകളോ അവരുടെ ഒത്തുചേരലിനില്ല. നിഷ്‌കളങ്കതയും ആത്മാര്‍ഥതയും ചോര്‍ന്നുപോകാതെ സത്യസന്ധതയും വിശ്വസ്തതയും കൈമുതലാക്കി, അല്ലാഹുവിന്റെ സഹായത്തില്‍ പ്രതീക്ഷയര്‍പ്പിച്ച്, പ്രതിസന്ധികളെ തഖ്വയുടെയും സ്വബ്റിന്റെയും ആയുധമേന്തി അഭിമുഖീകരിക്കാനുറച്ച് ഇറങ്ങിത്തിരിച്ച ഒരു സംഘത്തിനേ വിജയം നേടാനാകൂ എന്ന് ഉറച്ചു വിശ്വസിക്കുന്ന പോരാളികളുടെ സംഗമം. അതുകൊണ്ടുതന്നെ അല്ലാഹു അവന്റെ മലക്കുകളുടെ ചിറകുകള്‍ വിരിച്ച് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് തണലും തലോടലുമേകുകയായിരുന്നു. രണ്ടായിരത്തി അഞ്ഞൂറ് പേര്‍ തിക്കിയും തിരക്കിയും രാപ്പകല്‍ ഭേദമന്യേ ഇരിക്കേണ്ടി വന്നിട്ടും അമിതമായ ചൂടും തണുപ്പുമില്ലാതെ ആശ്വാസത്തോടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിച്ചത് കാരുണ്യക്കടലായ അല്ലാഹുവിന്റെ അപാരമായ സഹായ നീട്ടം കൊണ്ട് മാത്രമായിരുന്നു. സമ്മേളന സംഘാടക സമിതി അംഗങ്ങള്‍ രാപ്പകള്‍ ഭേദമില്ലാതെ ദിവസങ്ങളായി ഓടുകയായിരുന്നു. സാധ്യമായത്ര പഴുതടച്ച ആസൂത്രണങ്ങള്‍ നടത്തി. പ്രതീക്ഷിക്കാത്ത ചില തടസ്സങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും അല്ലാഹുവിന്റെ സഹായത്താലും നമ്മുടെ ആസൂത്രണ മികവിനാലും അതിനെയും മറികടക്കാന്‍ സാധിച്ചു. എണ്ണയിട്ട യന്ത്രം കണക്കെ ജനറല്‍ കണ്‍വീനര്‍ എ.ടി. ശറഫുദ്ദീന്റെ നേതൃത്വത്തില്‍ അവര്‍ പ്രവര്‍ത്തിച്ചു.
പ്രതിസന്ധികളും പരീക്ഷണങ്ങളും വെല്ലുവിളികളൂം ഒന്നിന് പിറകെ മറ്റൊന്നായി ഇസ്ലാമിനെയും മുസ്ലിം സമൂഹത്തെയും ഇസ്ലാമിക പ്രസ്ഥാനത്തെയും പിന്തുടര്‍ന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ദിശ നിര്‍ണയിക്കുന്നതിലും ഗോള്‍ സെറ്റ് ചെയ്യുന്നതിലും വലിയ സഹായം ചെയ്യുന്ന നാഴികക്കല്ലായിരിക്കും ഈ സമ്മേളനമെന്ന് നമുക്ക് പ്രത്യാശിക്കാം.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് -28-31
ടി.കെ ഉബൈദ്‌

ഹദീസ്‌

ദിക്‌റിന്റെ ചിറകില്‍ മുന്നേറിയവര്‍
അമീന്‍ വി. ചൂനൂര്‍