കലാപത്തിലേക്ക് പാലം പണിയുന്ന കല
സംസ്‌കാരം /
മഞ്ഞ് പുതച്ചുനില്‍ക്കുന്ന താഴ്വര. കട്ടപിടിച്ച മഞ്ഞുപാളിമേല്‍ ഒരു റേഡിയോ. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബാറ്റ് ചെയ്യുന്നതിന്റെ കമന്ററി അതില്‍നിന്നു മുഴങ്ങുന്നത് കേള്‍ക്കാം. സമാന്തരമായി കശ്മീരി കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്ന രംഗം. സച്ചിന്‍ സിക്‌സ് അടിക്കുന്നത് കമന്ററിയില്‍ മുഴങ്ങുന്ന അതേ നിമിഷം തന്നെ ശിവ പണ്ഡിറ്റ് എന്ന ആറുവയസ്സുകാരനും ഒരു ഫുള്‍ടോസില്‍ സിക്‌സര്‍ പായിക്കുന്നു. ആ സന്തോഷപ്പെരുക്കത്തില്‍ സച്ചിന്‍....സച്ചിന്‍ എന്ന് ആ കുട്ടി താളത്തില്‍ ആര്‍ത്തുവിളിക്കുന്നു. ഇതുകേട്ടയുടനെ മുതിര്‍ന്നവരും കുട്ടികളുമടങ്ങുന്ന കശ്മീരികള്‍, നീ സച്ചിന്റെ ഫാന്‍ ആണോ...? പാകിസ്താന് ജയ് വിളിക്കെടാ ഇന്ത്യന്‍ നായേ... എന്ന് ആക്രോശിച്ച് ആ കുട്ടിയെ കൈയേറ്റം ചെയ്യുന്നു. ഈ രംഗമാണ് ആദ്യത്തെ മൂന്ന് മിനിറ്റുകളില്‍ തിരശ്ശീലയില്‍ നിറഞ്ഞാടുന്നത്. പിന്നീടങ്ങോട്ട് രണ്ടു മണിക്കൂറും അമ്പതു മിനിറ്റും തിരശ്ശീലയെ അശ്ലീലപ്പെടുത്തുന്ന രംഗങ്ങള്‍! ഒരു ജനപ്രിയ ദൃശ്യകല കലാപത്തിലേക്കുള്ള പാലം പണിയുന്ന ഉന്മാദങ്ങള്‍! അയല്‍വാസി, അധ്യാപകന്‍, സഹപാഠി എന്നിങ്ങനെ സ്ത്രീ- പുരുഷ ഭേദമന്യേ സകല കശ്മീരി മുസ്‌ലിംകളെയും പൈശാചികവത്കരിക്കുന്ന വംശീയ ഭ്രാന്തിന്റെ, മതവിദ്വേഷത്തിന്റെ അറുവഷളന്‍ സിനിമ.
ദ കശ്മീര്‍ ഫയല്‍സ്! ആദ്യ മൂന്ന് മിനിറ്റില്‍ തന്നെ ഈ സിനിമ അശ്ലീലമാണെന്നും പ്രൊപഗണ്ടയാണെന്നും ഇസ്രായേലി സംവിധായകനും ഗോവാ രാജ്യാന്തര ചലച്ചിത്ര മേളയുടെ ജൂറി തലവനുമായ നദാവ് ലാപിഡിന് തോന്നിയതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ജൂറിയിലെ മറ്റു മൂന്ന് അംഗങ്ങളും ഇതേ അഭിപ്രായം തന്നെയാണ് പ്രകടിപ്പിച്ചത്. ഇന്ത്യയിലെ മതേതര വിശ്വാസികള്‍ക്കും ചരിത്രാന്വേഷകര്‍ക്കും മറിച്ചൊരഭിപ്രായമുണ്ടെന്ന് കരുതാന്‍ ന്യായമില്ല.
സാമൂഹിക വിഭജനത്തിനും ഹീനമായ പൈശാചികവത്കരണത്തിനും ജനപ്രീതിയുള്ള ഒരു കലയെ എങ്ങനെ ദുരുപയോഗപ്പെടുത്താമെന്നതിന്റെ സമീപകാല ഉദാഹരണമാണ് ബോളിവുഡ് സിനിമയായ ദ കശ്മീര്‍ ഫയല്‍സ്. ചരിത്രത്തെ എങ്ങനെ വക്രീകരിക്കാമെന്നും അഭ്രപാളികളില്‍ ചലിക്കുന്ന ദൃശ്യങ്ങളായി അതിനെ ചമയിച്ചൊരുക്കി ജനമനസ്സുകളിലേക്ക് എവ്വിധം സന്നിവേശിപ്പിക്കാമെന്നുമുള്ള, ഹിന്ദുത്വയുടെ കര്‍തൃത്വത്തില്‍ നടന്ന പരീക്ഷണത്തിന്റെ ഫലം.
കശ്മീര്‍ ഫയല്‍സ് എന്ന ചലച്ചിത്രത്തിന്റെ നിയോഗവും കര്‍ത്തവ്യവും പ്രതിലോമപരമാണ്. വിഭജനത്തിന് ആക്കംകൂട്ടുക, വംശീയതയെ ജ്വലിപ്പിച്ച് നിര്‍ത്തുക, ചരിത്രത്തെ ദയാരഹിതമായി ധ്വംസിക്കുക, കശ്മീരി മുസ്‌ലിംകളോടുള്ള പകക്ക് ഇന്ധനം പകരുക എന്നിവയല്ലാതെ മറ്റൊന്നും ആ ദൃശ്യകല സംഭാവന ചെയ്യുന്നില്ല. വംശീയ ഭരണകൂടത്തിന്റെ ആശീര്‍വാദം വേണ്ടുവോളമുള്ള ഒരു സിനിമക്ക് പ്രമേയപരമായി ഔന്നത്യം ഉണ്ടാകുമെന്നത് ഒരു പൗരന്റെ, സിനിമാസ്വാദകന്റെ പാഴ്ചിന്തയാണ്.
കശ്മീരിന് സ്വയംഭരണാവകാശവും പ്രത്യേക പദവിയും അനുവദിച്ചുനല്‍കുന്ന ആര്‍ട്ടിക്ക്ള്‍ 370 റദ്ദാക്കിയ നടപടിയെ ന്യായീകരിക്കുന്നതിനും, ഹിന്ദുത്വ വംശീയതയെ ഇക്കിളിപ്പെടുത്തുന്നതിനും വേണ്ടി ചുട്ടെടുത്ത നൂറ്റിയെഴുപത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ചലച്ചിത്രത്തിന് രചനയും തിരക്കഥയും തയാറാക്കിയത്, സംഘ് പരിവാര്‍ തൊഴുത്തില്‍ പുല്ലും കാടിയും അകത്താക്കി രുചിപിടിച്ച വിവേക് അഗ്‌നിഹോത്രിയാണ്. വംശീയ ചിന്തയുള്ള മനസ്സുകളില്‍ കലാപത്തിന്റെ അഗ്‌നി വിതറാന്‍ അഗ്‌നിഹോത്രിക്ക് നിഷ്പ്രയാസം സാധിച്ചു എന്നാണ് സിനിമ കഴിഞ്ഞിറങ്ങുന്നവരുടെ ശരീര ഭാഷ പ്രകടമാക്കുന്നത്. കലാപത്തിന് ആഹ്വാനം ചെയ്യുന്ന ആക്രോശങ്ങള്‍ തിയേറ്ററിന് അകത്തും പുറത്തും ഒരുപോലെ മുഴങ്ങി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഈ സിനിമ എല്ലാവരും കാണണമെന്ന് പ്രഖ്യാപിക്കുന്നതിന് പിന്നില്‍ വെറുപ്പിന്റെ, വംശീയതയുടെ രാഷ്ട്രീയമുണ്ട്. ബി.ജെ.പി ഭരിക്കുന്ന സര്‍ക്കാറുകള്‍ നികുതിയിളവ് നല്‍കിയതിന് പിന്നിലും, സിനിമ കാണുന്നതിനു വേണ്ടി മാത്രമായി പോലീസ് വിഭാഗത്തിന് ഒരു ദിവസം അവധി നല്‍കിയതിനു പിന്നിലും അതേ രാഷ്ട്രീയം തന്നെ പതിയിരിപ്പുണ്ട്. മധ്യപ്രദേശ് സര്‍ക്കാര്‍ ഒരു ദിവസവും അസം ഭരണകൂടം അര ദിവസവുമാണ്, അക്ഷരം പഠിക്കാന്‍ കുട്ടികളെ അണിയിച്ചൊരുക്കി സ്‌കൂളിലേക്ക് യാത്രയാക്കുന്ന മാതാപിതാക്കളെപ്പോലെ, കാക്കിക്കുപ്പായത്തിനുള്ളില്‍ കാവിയെ ജ്വലിപ്പിച്ചുനിര്‍ത്താന്‍ അവധി നല്‍കി ഇപ്രകാരം യാത്രയാക്കിയത്!
ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കിയ ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്ക്ള്‍ 370 ആണ്, കശ്മീരി മുസ്‌ലിമിനോടൊപ്പം തന്നെ, വില്ലന്‍വേഷം കൈയാളുന്നത് എന്നതാണ് സിനിമയുടെ പ്രധാന നരേറ്റീവുകളില്‍ ഒന്ന്. അശാന്തിയുടെയും സംഘര്‍ഷത്തിന്റെയും മുഖ്യ ഹേതു എന്ന നിലക്കാണ് ആര്‍ട്ടിക്ക്ള്‍ 370-നെ ഈ സിനിമ വ്യാഖ്യാനിക്കുന്നത്. അത് എന്ന് ഇല്ലാതാക്കുന്നുവോ അന്നു മുതല്‍ക്കേ ശാന്തിയുടെ താഴ്വര ഉദയം കൊള്ളൂ എന്നാണ് സിനിമയുടെ മുഖ്യ ആഖ്യാനം. എന്നുവെച്ചാല്‍, ജമ്മു-കശ്മീരിന്റെ സ്വയംഭരണാവകാശം അറുത്തുമാറ്റിയ മോദി നിയന്ത്രിക്കുന്ന ഹിന്ദുത്വ ഭരണകൂടത്തെ വെള്ളപൂശാന്‍ സിനിമ വല്ലാതെ ഔത്സുക്യം കാണിക്കുന്നു എന്നര്‍ഥം.
പൗരത്വ പ്രക്ഷോഭകാലത്ത് ജെ.എന്‍.യുവില്‍ നിന്ന് മുഴങ്ങിത്തുടങ്ങുകയും ഇന്ത്യയുടെ വിവിധയിടങ്ങളിലേക്ക് താളത്തില്‍ പടര്‍ന്നുകയറുകയും ചെയ്ത ആസാദി മുദ്രാവാക്യങ്ങളോടുള്ള അസഹിഷ്ണുതയും ഈ സിനിമ പ്രകടിപ്പിക്കുന്നുണ്ട്. പണ്ഡിറ്റുകളെ കൂട്ടക്കുരുതി നടത്തുമ്പോള്‍ ആസാദി മുഴക്കിയിരുന്നെന്നും അതേ ആസാദി തന്നെയാണ് പൗരത്വ സമരങ്ങളിലെ ആസാദിയെന്നുമുള്ള ഭാഷ്യം ഹിന്ദുത്വക്ക് വരുംകാലങ്ങളില്‍ ഉയര്‍ത്താനുള്ള സാധ്യത ഈ സിനിമ സംഭാവന ചെയ്യുന്നു. ഭാവിയില്‍, ആസാദി മുദ്രാവാക്യം വിളിക്കുന്നവരെ ഭീകരവാദികളുടെ ഗണത്തില്‍ പ്രതിഷ്ഠിക്കാനും അത് വംശഹത്യയുടെ പ്രഘോഷണമാണെന്ന് തെറ്റിദ്ധാരണ പരത്താനും അതുവഴി പൗരവിചാരണക്കും ഹിംസാത്മകമായി കൈകാര്യം ചെയ്യാനുമുള്ള പ്രതലമൊരുക്കുക കൂടി ചെയ്യുന്നുണ്ട്.
1990 കാലഘട്ടത്തില്‍ നാലായിരം പണ്ഡിറ്റുകളെ കൊലപ്പെടുത്തുകയും അഞ്ചു ലക്ഷം പേരെ ആട്ടിയോടിക്കുകയും ചെയ്തു എന്ന പെരുംനുണ, തീവ്ര ഹിന്ദുത്വ വലതുപക്ഷം പൊതുധാരയില്‍ നിരന്തരം പാടിക്കൊണ്ടിരിക്കുന്ന ആഖ്യാനമാണ്. എന്നാല്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകള്‍, 219 പണ്ഡിറ്റുകളാണ് കൊല്ലപ്പെട്ടിട്ടുള്ളത് എന്നാണ് ലിഖിതപ്പെടുത്തിയിട്ടുള്ളത്. മതേതരത്വത്തില്‍ വിശ്വസിക്കുന്ന കശ്മീരി പണ്ഡിറ്റുകള്‍ ഹിന്ദുത്വവാദികളുടെ കുടിലമായ ആഖ്യാനത്തിനെതിരെയും സിനിമയുടെ നിരര്‍ഥകത ചൂണ്ടിക്കാട്ടിയും രംഗത്തുവന്നു എന്നത് ആശ്വാസകരമാണ്. തങ്ങള്‍ക്ക് ഈ ഗതി വരുത്തിയവര്‍ തന്നെയാണ് ഈ സിനിമയുമായി ഇറങ്ങിയിരിക്കുന്നത് എന്ന് പറയുന്നതില്‍ വാസ്തവമുണ്ട്. കാരണം, പണ്ഡിറ്റുകളുടെ പലായനം നടന്നു എന്നുപറയുന്ന തൊണ്ണൂറുകളില്‍ കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പി പിന്തുണയോടെ വി.പി സിങ് ആയിരുന്നു. ബി.ജെ.പിയുടെ ഇഷ്ടതോഴന്‍ ബ്രാഹ്മണനായ ജഗ്‌മോഹന്‍ ആയിരുന്നു ജമ്മു-കശ്മീരിലെ ഗവര്‍ണര്‍. എന്നുമാത്രമല്ല, മുഖ്യമന്ത്രി രാജിവെച്ചതിനാല്‍ ഗവര്‍ണറുടെ പൂര്‍ണ നിയന്ത്രണത്തിലുമായിരുന്നു ആ സംസ്ഥാനം.
നുണക്കൂമ്പാരങ്ങള്‍ ഏച്ചുകെട്ടിയ സിനിമയുമായാണ് 53-ാമത് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക്, ദേശീയ പുരസ്‌കാരം ലഭിച്ച സിനിമ എന്ന തലക്കനവുമായി ദ കശ്മീര്‍ ഫയല്‍സ് എഴുന്നള്ളിയത്. പതിനാല് കലാമൂല്യമുള്ള ചലച്ചിത്രങ്ങളും കണ്ടതിനു ശേഷം പതിനഞ്ചാമത്തേത് കാണുമ്പോഴാണ് ജൂറി പ്രസിഡന്റ് നദാവ് ലാപിഡിന് ഓക്കാനം വരുന്നത്. ലോക സിനിമാ രംഗം സാകൂതം വീക്ഷിക്കുന്ന ഒരു മേളയില്‍ ഈ സിനിമ എങ്ങനെ കയറിക്കൂടി എന്നാണ് അദ്ദേഹം ചോദിച്ചതും അത്ഭുതം കൂറിയതും. കശ്മീര്‍ ഫയല്‍സ് വിലകുറഞ്ഞ പ്രചാരവേല മാത്രമാണെന്ന് സമാപനവേളയില്‍ തുറന്നുപറയാന്‍, കേന്ദ്രമന്ത്രി അനുരാഗ് താക്കൂറടക്കം വേദിയിലിരിക്കെ അദ്ദേഹം അമാന്തം കാണിച്ചില്ല.
ഇന്ത്യന്‍ തീവ്ര വംശീയവാദികള്‍ക്ക് നദാവ് ലാപിഡിന്റെ പരാമര്‍ശം ആഗോളതലത്തില്‍ ചെറിയ പരിക്കൊന്നുമല്ല വരുത്തിവെച്ചത്. ഇസ്രായേല്‍ പൗരനായ ലാപിഡിനെതിരെ മാത്രമല്ല, മുഴുവന്‍ ജൂതസമുദായത്തിനെതിരെയും ഹിന്ദുത്വ സൈബര്‍ പോരാളികള്‍ കൊടിയ വിഷം തുപ്പിക്കൊണ്ടിരുന്ന മലീമസമായ ദിനങ്ങളെകൊണ്ടാണ് ചലച്ചിത്രമേളാനന്തര ഇന്ത്യ അടയാളപ്പെടുത്തപ്പെട്ടത്. ഇന്ത്യയിലെ ഇസ്രായേല്‍ അംബാസിഡര്‍ നയോര്‍ ഗിലോണിന് (Naor Gilon) ട്വിറ്ററില്‍ Hitler was a Great Person എന്ന സന്ദേശം ലഭിക്കുന്നത് ലാപിഡിന്റെ തുറന്നുപറച്ചിലിന്റെ ഭവിഷ്യത്ത് എന്ന നിലക്കാണ്. വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും ട്വിറ്റര്‍ സന്ദേശം ആ ഒരൊറ്റ വാക്കില്‍ മാത്രം മുഴച്ചുനില്‍ക്കുന്നതായിരുന്നില്ല. 'നിങ്ങളെപ്പോലുള്ളവരെ ചുട്ടുകൊന്ന ഹിറ്റ്‌ലര്‍ മഹാനാണ്, എത്രയും പെട്ടെന്ന് ഇന്ത്യ വിടുക' എന്നും ആ സന്ദേശം വെറുപ്പ് ചീറ്റി. ഗുജറാത്ത് വംശഹത്യ പോലെ അനവധി നിഷ്ഠുരതകളില്‍ ആനന്ദം കണ്ടെത്തുന്നവര്‍ക്ക് ഹിറ്റ്‌ലറും ഹോളോകാസ്റ്റും നല്‍കുന്ന മാതൃകയും അനുഭൂതിയും നിര്‍വചിക്കാനാവാത്തതാണ്.
ദ കശ്മീര്‍ ഫയല്‍സ് എന്ന ചലച്ചിത്രം സിനിമാറ്റിക് മാനിപുലേഷനാണ് എന്ന് നദാവ് ലാപിഡ് തുറന്നടിക്കും മുമ്പേ ഇന്ത്യന്‍ മതേതര വിശ്വാസികള്‍ക്കും കലാസ്വാദകര്‍ക്കും ആ സിനിമയെക്കുറിച്ച് തികഞ്ഞ ബോധ്യം കൈവന്നിരുന്നു. അതുകൊണ്ടാണല്ലോ ഇന്ത്യയില്‍ നിന്ന് നൂറിലധികം ഇമെയിലുകള്‍, ഞങ്ങള്‍ പറയാന്‍ ഭയപ്പെട്ട കാര്യമാണ് താങ്കള്‍ ഭയലേശമന്യേ തുറന്നുപറഞ്ഞത് എന്ന ആശംസാവചനവുമായി ലാപിഡിനെ തേടിച്ചെന്നത്.
സംഘ് പരിവാര്‍ സഹയാത്രികനായ ഒരു സംവിധായകന് കശ്മീരിനെക്കുറിച്ചും കശ്മീരി പണ്ഡിറ്റുകളുടെ പലായനങ്ങളെക്കുറിച്ചും വസ്തുനിഷ്ഠമായി ആവിഷ്‌കരിക്കാനാവില്ലെന്ന് ഹിന്ദുത്വ ഇന്ത്യയുടെ വര്‍ത്തമാന രാഷ്ട്രീയ-സാമൂഹിക ചലനങ്ങള്‍ നിരീക്ഷിക്കുന്ന ആര്‍ക്കും ബോധ്യമുള്ള വസ്തുതയാണ്. ഈ സിനിമ, ഹിംസയുടെ കൃത്രിമമായ കൗശലങ്ങള്‍ കൊണ്ട് പണികഴിപ്പിച്ചതാണെന്ന് ലാപിഡ് നിരീക്ഷിച്ചതിനപ്പുറം ചരിത്രബോധമുള്ള ഒരാള്‍ക്കും മറ്റൊരഭിപ്രായമുണ്ടാകാന്‍ സാധ്യതയില്ല.
നാസി സിനിമകളിലെ പ്രൊപഗണ്ട തിരിച്ചറിയാന്‍ കഴിവുള്ള ലാപിഡിന് കശ്മീര്‍ ഫയല്‍സിലെ പ്രൊപഗണ്ടയും തിരിച്ചറിയാന്‍, സിനിമ ചലിച്ചുതുടങ്ങി ആദ്യനിമിഷത്തില്‍ തന്നെ നിഷ്പ്രയാസം സാധിച്ചു എന്നതാണ് യാഥാര്‍ഥ്യം. ഈ ചലച്ചിത്രത്തിന്റെ രണ്ടോ മൂന്നോ മിനിറ്റ് കണ്ടാല്‍ തന്നെ അപരിഷ്‌കൃതവും ഹിംസാത്മകവുമായ പ്രൊപഗണ്ടാ ചിത്രമാണെന്ന് തിരിച്ചറിയാനാവുമെന്നാണ് ഇസ്രായേല്‍ പത്രമായ ഹാരറ്റ്‌സിനോട് അദ്ദേഹം വെളിപ്പെടുത്തിയത്.
കശ്മീര്‍ മുസ്‌ലിംകളും ആര്‍ട്ടിക്ക്ള്‍ 370-ഉം ആസാദി മുദ്രാവാക്യവും ജെ.എന്‍.യു കലാലയത്തിലെ വിദ്യാര്‍ഥി രാഷ്ട്രീയവും തിരശ്ശീലയില്‍ പ്രതിനായക പരിവേഷത്തോടെ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ദ കശ്മീര്‍ ഫയല്‍സ് ഹിന്ദുത്വ വാദികളുടെ സ്വന്തം സിനിമ എന്ന നിലയില്‍ ആഘോഷിക്കപ്പെടാനിടയാക്കിയത്. ഹിറ്റ്‌ലര്‍ നടത്തിയ ജെനോസൈഡിനെക്കാള്‍ രൂക്ഷവും മാരകവുമാണ് കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരെ നടന്ന ജെനോസൈഡ് എന്നുപോലും അവസാന ഭാഗത്ത് നായകനെക്കൊണ്ട് പറയിപ്പിച്ചുകൊണ്ടാണ് സിനിമ എന്‍ഡിലേക്ക് കടക്കുന്നത്. സിനിമ എന്ന ജനപ്രിയ കലയുപയോഗിച്ച് ഒരു സമുദായത്തെ രാക്ഷസവത്കരിക്കാനും, തീവ്ര ദേശീയവാദികളെ കലാപ സജ്ജരാക്കാനും അഗ്‌നിഹോത്രിക്കും അണിയറ പ്രവര്‍ത്തകര്‍ക്കും സാധിച്ചുവെന്ന് തുടക്കം മുതല്‍ ഒടുക്കം വരെയുള്ള ഓരോ രംഗവും ബോധ്യപ്പെടുത്തുന്നുണ്ട്. സര്‍ഗാത്മകതയുടെ അംശം വേണ്ടുവോളം സന്നിവേശിപ്പിച്ച സമകാലിക ചലച്ചിത്രങ്ങളില്‍ നിന്നു വിഭിന്നമായി, ഒരു സമുദായത്തോടും അവര്‍ ഭൂരിപക്ഷമായ സംസ്ഥാനത്തോടുമുള്ള കെറുവും വെറുപ്പും കോരിയൊഴിച്ച അനേകം രംഗങ്ങള്‍ കൂട്ടിത്തുന്നിയ, മ്ലേഛതയുടെ, നൈതിക വിരുദ്ധതയുടെ ആവിഷ്‌കാരം എന്ന വിശേഷണത്തിന് എന്തുകൊണ്ടും അര്‍ഹമാണ് ദ കശ്മീര്‍ ഫയല്‍സ് എന്ന ബോളിവുഡ് സിനിമ.
Comments