Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 23

3282

1444 ജമാദുല്‍ അവ്വല്‍ 29

ഏക സിവില്‍ കോഡ് എല്ലാ വിഭാഗങ്ങളുടെയും താല്‍പര്യങ്ങളെ ക്ഷതപ്പെടുത്തും

 

(2022 ഡിസംബര്‍ 10, 11 തീയതികളില്‍ ശാന്തപുരത്ത് ചേര്‍ന്ന
ജമാഅത്തെ ഇസ്‌ലാമി കേരള അംഗങ്ങളുടെ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയങ്ങള്‍)

ഏക സിവില്‍ കോഡ് അടിച്ചേല്‍പിക്കാനുള്ള നീക്കങ്ങളില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അംഗങ്ങളുടെ സമ്മേളനം ആവശ്യപ്പെടുന്നു. മഹാഭൂരിപക്ഷം സിവില്‍, ക്രിമിനല്‍ നിയമങ്ങള്‍ ഇപ്പോള്‍ തന്നെ ഏകീകൃതമായ രാജ്യത്ത്, മത സ്വാതന്ത്ര്യത്തിന്റെ ഭാഗമായി, മൗലികാവകാശങ്ങളിലുള്‍പ്പെടുത്തി ഭരണഘടന അനുവദിച്ചതാണ് വ്യക്തിനിയമങ്ങള്‍. രാജ്യത്തെ മത ന്യൂനപക്ഷങ്ങള്‍ക്കും ഗോത്ര വര്‍ഗങ്ങള്‍ക്കും മാത്രമല്ല, ഹിന്ദു വിഭാഗങ്ങള്‍ക്കും ഈ അവകാശം ലഭിക്കുന്നുണ്ട്. മൗലികമായ വിശ്വാസ, അനുഷ്ഠാന സ്വാതന്ത്ര്യങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവുമുള്ള ഭരണകൂടങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും ഈ അവകാശം അനുവദിച്ചുകൊടുത്തിട്ടുണ്ട്. വിവാഹം, വിവാഹമോചനം, ദായക്രമം തുടങ്ങി വളരെ പരിമിതമായ കാര്യങ്ങളില്‍ ഒതുങ്ങുന്ന ഈ അവകാശം കൂടി എടുത്തുകളഞ്ഞാല്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളിലും ഭൂരിപക്ഷ സമുദായത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അടിച്ചേല്‍പിക്കാന്‍ എളുപ്പമാകുമെന്ന് ഭരണകൂടം കരുതുന്നു. പൊതുബോധങ്ങളും പൊതുനിയമങ്ങളും ഹിന്ദുത്വ യുക്തിയിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് വ്യക്തിനിയമങ്ങള്‍ക്ക് പകരംവെക്കാന്‍ പോകുന്ന ഏകീകൃത സിവില്‍ കോഡ് ആരുടെ സിവില്‍ കോഡായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
വ്യക്തിനിയമങ്ങള്‍ കൂടി റദ്ദ് ചെയ്താല്‍ ജന്മനാ വിശ്വാസിയായ ഒരാള്‍ക്കു പോലും തന്റെ മതം അനുസരിച്ച് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉണ്ടായിത്തീരുക. ഭൂരിപക്ഷ മതസമൂഹത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും പൊതു നിയമങ്ങളുടെ രൂപത്തില്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കപ്പെടുന്നതിന് ഇതു വഴിവെക്കും. രാജ്യത്തിന്റെ ബഹുസ്വരതയും വിശ്വാസ വൈവിധ്യങ്ങളും ഇതോടെ ഇല്ലാതാകും. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനു വേണ്ടിയുള്ള ബില്ലിന് രാജ്യസഭ അവതരണാനുമതി നല്‍കിയത് ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങള്‍ക്ക് എതിരാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ബില്ലിനെ എതിര്‍ക്കാന്‍ രംഗത്തു വരണം. ബില്ലിന് തങ്ങള്‍ എതിരാണെന്ന് പ്രഖ്യാപിച്ചതുകൊണ്ട് മാത്രമായില്ല. പാര്‍ലമെന്റിലും തെരുവിലും ശക്തമായ പ്രക്ഷോഭം നടത്താനും അവര്‍ തയാറാവണം. ഇല്ലെങ്കില്‍ നിയമ നിര്‍മാണ സഭയിലുള്ള ഭൂരിപക്ഷം ദുരുപയോഗം ചെയ്ത് ഭരണകൂടം ബില്ല് പാസാക്കുകയും രാജ്യം പൂര്‍ണമായും ഹിന്ദുത്വ നുകത്തിനു കീഴിലമരുകയും ചെയ്യും. മതപരമായ വ്യക്തിനിയമങ്ങള്‍ പോലും പൗരന്മാര്‍ക്ക് നിഷേധിച്ച് ഏക സിവില്‍ കോഡ് അടിച്ചേല്‍പിക്കാനുള്ള ഭരണകൂടത്തിന്റെ കുത്സിത നീക്കങ്ങള്‍ക്കെതിരെ ശക്തിയായി പ്രതികരിക്കണമെന്ന് രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും രാഷ്ട്രീയ പാര്‍ട്ടികളോടും ജമാഅത്തെ ഇസ്‌ലാമി ആവശ്യപ്പെടുന്നു.

പാഠ്യപദ്ധതി പരിഷ്‌കരണം:
മൂല്യരാഹിത്യം അടിച്ചേല്‍പിക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം

പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ പേരില്‍ പുതിയ തലമുറയില്‍ മൂല്യരാഹിത്യം അടിച്ചേല്‍പിക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുകയാണ്. സമൂഹത്തിന്റെ നിലനില്‍പിനെത്തന്നെ അപകടപ്പെടുത്തുന്ന  ലൈംഗിക അരാജകത്വ ആശയങ്ങള്‍ വിദ്യാലയങ്ങള്‍വഴി പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്.  മതമില്ലാത്ത ജീവന്‍ പോലെ ലിംഗ ബോധമില്ലാത്ത, ലിംഗശങ്കയുള്ള സമൂഹത്തെ സൃഷ്ടിക്കാനുള്ള ശ്രമമാണിത്. ശാസ്ത്രബോധത്തിന്റെ പേരില്‍ മതരാഹിത്യം പ്രചരിപ്പിക്കാനും പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ ശ്രമിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഒരു ഭാഗത്ത് മയക്കുമരുന്നിനെതിരെ ധാരാളം പണം ചെലവഴിച്ച് പ്രചാരണം നടത്തുന്നു. മറ്റൊരു ഭാഗത്ത് എന്റെ ശരീരം എന്റെ അവകാശം എന്ന ലിബറല്‍ ആശയം പ്രചരിപ്പിക്കുകയും ചെയ്യുന്നത് അര്‍ഥശൂന്യമായ നടപടിയാണ്.  പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ പേരില്‍ പുതിയ തലമുറയില്‍ സദാചാര വിരുദ്ധതയും മത വിരുദ്ധതയും അടിച്ചേല്‍പിക്കാനുള്ള ശ്രമത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് ഈ സമ്മേളനം ആവശ്യപ്പെടുന്നു.


സംവരണം സാമൂഹിക നീതി സ്ഥാപിക്കാനുള്ളതാണ്

സംവരണം സാമൂഹിക നീതി സ്ഥാപിക്കാന്‍ ഇന്ത്യന്‍  ഭരണഘടന മുന്നോട്ടു വെച്ച ശക്തമായ ഒരു ടൂളാണ്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളാണ് സംവരണത്തിന്റെ ഗുണഭോക്താക്കളാകേണ്ടത് എന്നതാണ് ഭരണഘടനാ താല്‍പര്യം. ഭൂമി, അധികാരം, വിഭവങ്ങള്‍ എന്നിവയില്‍നിന്ന് രാജ്യത്തെ വലിയ വിഭാഗം ജനങ്ങള്‍ പുറംതള്ളപ്പെട്ടത്, നൂറ്റാണ്ടുകളായി രാജ്യത്ത് നില നിന്ന ജാതി വ്യവസ്ഥയുടെ ഭാഗമായാണ്. അതിനാല്‍, സംവരണം പിന്തള്ളപ്പെട്ടുപോയ ജാതികളിലുള്ളവര്‍ക്ക് നല്‍കുക എന്നതാണ് ഭരണഘടനാ താല്‍പര്യം. എന്നാല്‍, ഭരണഘടനാ മൂല്യങ്ങളെ തള്ളിമാറ്റി നടത്തിയ 103-ാം ഭരണഘടനാ ഭേദഗതി സംവരണത്തിന്റെ ഉപാധിയായി സാമ്പത്തിക പിന്നാക്കാവസ്ഥ കൂടി പരിഗണിച്ചു. ഇതോടെ അധികാരത്തില്‍ മുഖ്യ സ്ഥാനങ്ങള്‍ കൈയടക്കിയ കേവലം 20 ശതമാനം മാത്രം വരുന്ന സവര്‍ണ വിഭാഗങ്ങളുടെ ആധിപത്യം കൂടുതല്‍ ഉറപ്പിക്കുകയും അധികാര പങ്കാളിത്തം തുച്ഛമായ പിന്നാക്ക വിഭാഗങ്ങള്‍ കൂടുതല്‍ പുറം തള്ളപ്പെടുകയും ചെയ്തു. 103-ാം ഭരണഘടനാ ഭേദഗതി ശരിവച്ച സുപ്രീം കോടതി 5 അംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി ഭരണഘടനാ താല്‍പര്യങ്ങള്‍ക്ക് എതിരും സവര്‍ണാധിപത്യത്തിന് അംഗീകാരം നല്‍കുന്നതുമാണ്. സുപ്രീം കോടതി വിശാല ബെഞ്ച് ഈ വിധി പുനഃപരിശോധിക്കണം. 103-ാം ഭരണഘടനാ ഭേദഗതി പിന്‍വലിക്കുകയും പിന്നാക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതിക സംവരണം അനുവദിക്കുകയും വേണമെന്ന് ഈ സമ്മേളനം ആവശ്യപ്പെടുന്നു.


പൗരത്വ നിയമം നടപ്പാക്കാനുള്ള ശ്രമത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം

2020 ജനുവരി 10-ന് പ്രാബല്യത്തില്‍ വന്ന പൗരത്വ ഭേദഗതി ആക്ടിനെതിരെ ഇന്ത്യയിലുടനീളം പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി.
CAA, NRC വിരുദ്ധ പോരാട്ടം രാജ്യം കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമായിരുന്നു. അതും കോവിഡ് ഭീഷണിയും കാരണമായി NRC നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്ര ഭരണകൂടം തല്‍ക്കാലം മാറിനിന്നിരുന്നു. എന്നാല്‍, അടുത്ത കാലത്ത് 11 സംസ്ഥാനങ്ങളില്‍ പൗരത്വ നിയമം നടപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നു.
തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ വംശീയ അജണ്ടയുള്ള പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനാണ് സംഘ് പരിവാര്‍ ഭരണകൂടം ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍നിന്ന് ഭരണകൂടം പൂര്‍ണമായും പിന്മാറണം. അതിന് തയാറായില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം നടത്താന്‍ ജനാധിപത്യ സമൂഹം തയാറാവണമെന്നും ഈ സമ്മേളനം ആഹ്വാനം ചെയ്യുന്നു.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് -28-31
ടി.കെ ഉബൈദ്‌

ഹദീസ്‌

ദിക്‌റിന്റെ ചിറകില്‍ മുന്നേറിയവര്‍
അമീന്‍ വി. ചൂനൂര്‍