Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 23

3282

1444 ജമാദുല്‍ അവ്വല്‍ 29

ഇസ്‌ലാമും കറുപ്പ് വിരുദ്ധതയും (ജൊനാതന്‍ ബ്രൗണിന്റെ Islam and Blackness എന്ന പുസ്തകത്തെ കുറിച്ച്)

എ.കെ അബ്ദുല്‍ മജീദ്

ഇസ്ലാം കറുത്തവര്‍ക്ക് എതിരാണ് എന്ന വിചിത്രമായ ഒരു വാദം അമേരിക്കയിലെയും യൂറോപ്പിലെയും ഇസ്‌ലാംവിരുദ്ധര്‍ ഈയിടെയായി ഉന്നയിച്ചുവരുന്നുണ്ട്. പ്രത്യേകിച്ചും അമേരിക്കയില്‍ തെരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോഴും, ഫലസ്ത്വീനിന് അനുകൂലമായി പൊതുജനാഭിപ്രായം ഉണര്‍ന്നുവരുമ്പോഴുമാണ് ക്ലബ്ബ് ഹൗസുകളിലും സോഷ്യല്‍ മീഡിയയിലും ഇസ്‌ലാമിനെതിരെ ഇങ്ങനെ ഒരാരോപണം കൃത്യമായി നട്ടുപിടിപ്പിക്കപ്പെടുന്നത്.  ഈ പശ്ചാത്തലത്തിലാണ് ജൊനാതന്‍ ബ്രൗണ്‍ വംശീയതയോടുള്ള ഇസ്‌ലാമിന്റെ സമീപനം സമഗ്രമായി വിലയിരുത്തുന്ന ഇസ്‌ലാം ആന്റ് ബ്ലാക്ക്‌നസ് എന്ന പുസ്തകം രചിക്കുന്നത്.  നേരത്തെ എഴുതിയ ഇസ്‌ലാമും അടിമത്തവും എന്ന  പുസ്തകത്തിന്റെ തുടര്‍ച്ച എന്ന് ഈ പുതിയ പുസ്തകത്തെ വിശേഷിപ്പിക്കാം.
ആഫ്രിക്കയിലെ കറുത്ത വര്‍ഗക്കാരെ അടിമകളാക്കിയവരില്‍ മുസ്‌ലിംകളുമുണ്ട്, കറുപ്പിനെ തിന്മയുടെ പര്യായമായി കാണുന്ന പരാമര്‍ശങ്ങള്‍ മതസാഹിത്യത്തില്‍ നിന്ന് കണ്ടെടുക്കാന്‍ കഴിയും,  കറുത്തവരെ അവമതിക്കുന്ന നടപടികള്‍ മുസ്‌ലിം ഭരണാധികാരികളില്‍നിന്ന് ഉണ്ടായിട്ടുണ്ട്,  കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ വര്‍ണവിവേചനപരമായ നിയമ നിര്‍ദേശങ്ങള്‍ സ്ഥാനം പിടിച്ചിരിക്കുന്നു എന്നെല്ലാമാണ് വിമര്‍ശകരുടെ ആരോപണങ്ങള്‍. ഈ ആരോപണങ്ങളുടെ നിജഃസ്ഥിതിയാണ്  ഖുര്‍ആന്‍ വ്യാഖ്യാനം, ഹദീസ് ഗ്രന്ഥങ്ങള്‍, കര്‍മശാസ്ത്ര സംഹിതകള്‍,  ആധ്യാത്മിക ഗ്രന്ഥങ്ങള്‍, ചരിത്രം, സാഹിത്യം, നാഗരികത, ആഫ്രിക്കയിലെ കറുത്ത വര്‍ഗക്കാരുടെ ജീവിതാനുഭവങ്ങള്‍ എന്നിവ മുന്‍നിര്‍ത്തി ബ്രൗണ്‍ ഈ പുസ്തകത്തില്‍ സൂക്ഷ്മമായി അപഗ്രഥിക്കുന്നത്.  വംശീയത എന്ന സങ്കല്‍പത്തിന്റെ അടിവേരുകള്‍ വരെ നീളുന്നതാണ് അദ്ദേഹത്തിന്റെ അന്വേഷണം.  കറുപ്പ് എന്ന അവസ്ഥ (ബ്ലാക്ക്‌നസ്) സംബന്ധമായി രചിക്കപ്പെട്ട ഒരു പക്ഷേ, ഏറ്റവും സമഗ്രമായ പുസ്തകമാണിത്.
തൊലിയുടെ കറുപ്പ് സാമൂഹിക യാഥാര്‍ഥ്യമാണ്. അതേസമയം  ഭാഷയിലെ ഒരു രൂപകം അഥവാ ആലങ്കാരിക പ്രയോഗം കൂടിയാണ് കറുപ്പ് നിറം. കറുത്തവരെ അന്യരായി കാണുന്ന പതിവ് ഗ്രീക്കോ-റോമന്‍ പാരമ്പര്യത്തില്‍ നിന്നാണ് ഉടലെടുത്തത്. യൂറോപ്യര്‍ക്ക് 'ഇരുണ്ട ഭൂഖണ്ഡം' ആണ് ആഫ്രിക്ക. ആഫ്രിക്കക്കാരെ നരഭോജികളും വസ്ത്രം ധരിക്കാത്തവരും അപരിഷ്‌കൃതരുമായി ചിത്രീകരിച്ചത് യൂറോപ്യന്‍ ഗ്രന്ഥകാരന്മാരാണ്.  ആഫ്രിക്കക്കാരുടെ കറുത്ത നിറവും അടിമത്തവും ദൈവശാപം ആണെന്നത്രെ യഹൂദ-ക്രൈസ്തവ വിശ്വാസം. അടിമത്തത്തിന്റെ നിന്ദ്യത ആഫ്രിക്കരില്‍ പതിഞ്ഞത് നോഹയുടെ ശാപം മൂലമാണെന്ന് ബൈബിള്‍ ഉല്‍പത്തി പുസ്തകം (9:21-27) പറയുന്നു. യഹൂദ- ക്രൈസ്തവ പാരമ്പര്യമാണ് ആഫ്രിക്കക്കാരെ അധമ ദാസന്മാരായി കണ്ടത്.  ശപിക്കപ്പെട്ട ഹാമിന്റെ പിന്മുറക്കാരാണ് യഹൂദ-ക്രൈസ്തവ സങ്കല്‍പ പ്രകാരം ആഫ്രിക്കന്‍ ജനത.
ഈ വസ്തുതകളൊക്കെ മറച്ചുവെച്ചാണ് യഹൂദ -ക്രൈസ്തവ ഗ്രന്ഥകാരന്മാര്‍ യൂറോപ്യരുടെ കറുപ്പ് വിരുദ്ധത അറബികളില്‍ നിന്ന് കടംകൊണ്ടതാണെന്ന് വാദിക്കുന്നത്. ഇസ്‌ലാം ആവിര്‍ഭവിക്കുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ആഫ്രിക്കക്കാരെ അഭിശപ്ത അടിമകളും പാപികളുമായി അഗസ്റ്റിനെയും നാസയിലെ ഗ്രിഗറിനെയും പോലുള്ള ക്രൈസ്തവ മതാധ്യക്ഷന്മാര്‍ ചിത്രീകരിച്ചിരുന്നു. പാശ്ചാത്യ സമൂഹത്തിലെ കറുപ്പ് വിരുദ്ധതയുടെ വേരുകള്‍ തെരയേണ്ടത് ജൂത-ക്രൈസ്തവ മതങ്ങളിലാണ്, അറബികളിലല്ല എന്ന് ബ്രൗണ്‍ വ്യക്തമാക്കുന്നു.  വര്‍ണ വിവേചനത്തെ അതിനിശിതമായി വിമര്‍ശിക്കുകയാണ് ഖുര്‍ആന്‍ ചെയ്തത്. വര്‍ണമോ വംശമോ അല്ല, ഭക്തിയാണ് മനുഷ്യനെ ദൈവത്തോട് കൂടുതല്‍ അടുപ്പിക്കുന്നത് എന്ന് ഖുര്‍ആന്‍ (49 :13)അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു.
പതിനേഴാം നൂറ്റാണ്ടിനു ശേഷം യൂറോപ്യന്‍ കൊളോണിയലിസത്തിന്റെ ആവിര്‍ഭാവത്തോടെയാണ് വംശീയത ഇത്ര ക്രൂരവും ലോകവ്യാപകവുമായത്.  അറ്റ്‌ലാന്റിക് വഴിയുള്ള അടിമക്കച്ചവടം ആയിരുന്നു അതിന്റെ ഏറ്റവും ഭീഷണമായ രൂപം. ആധുനിക ശാസ്ത്ര-സാങ്കേതിക വളര്‍ച്ച, വ്യവസായവല്‍ക്കരണം, കൊളോണിയലിസം, സാമ്രാജ്യത്വം ഇവയാണ് വംശവെറിയെ ഒരു വ്യവസ്ഥിതിയായി വളര്‍ത്തിയത്. കാട്ടുജാതിക്കാരെ നാട്ടുജാതിക്കാരാക്കുകയാണ് തങ്ങളുടെ ദൗത്യം എന്നായിരുന്നു സാമ്രാജ്യത്വം ഭാവിച്ചത്. ശാസ്ത്രീയ വംശവെറി(സയന്റിഫിക് റേസിസം)യുടെ ദുഷ്‌ക്കാലമായിരുന്നു 19 -ാം നൂറ്റാണ്ടും 20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയും. വംശമേന്മാ വാദത്തെ ശാസ്ത്രീയ സത്യം എന്ന നിലയിലാണ് കൊളോണിയലിസം അവതരിപ്പിച്ചത്. പരിണാമവാദം ആയിരുന്നു അതിനു പിന്‍ബലം.
രണ്ടാം ലോകയുദ്ധത്തോടെ ശാസ്ത്രീയ വംശവെറിക്ക് അയവ് വന്നുവെങ്കിലും 1980-കളില്‍ നവ വംശവെറി (ന്യൂ റേസിസം), സാംസ്‌കാരിക വംശവെറി (കള്‍ച്ചറല്‍ റേസിസം) എന്നീ പ്രതിഭാസങ്ങള്‍ യു.കെയിലും പടിഞ്ഞാറന്‍ യൂറോപ്പിലും വെളിപ്പെട്ടു.  മുന്‍ കോളനികളില്‍ നിന്നുള്ള കുടിയേറ്റക്കാരെ തങ്ങളുടെ സാംസ്‌കാരിക സ്വത്വത്തിനുള്ള ഭീഷണിയായി കാണുന്ന ചിന്താഗതിയായിരുന്നു ഇത്.  ആളുകളോട് എന്നതിനെക്കാള്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന സംസ്‌കാരത്തോടും മൂല്യങ്ങളോടും ആയിരുന്നു ഈ പുതിയ വംശീയബോധത്തിന്റെ വെറി. ശരീരപ്രകൃതവും ഭൂമിശാസ്ത്രവും മാത്രമല്ല, മതവും വംശീയ സ്വത്വത്തിന്റെ മാനദണ്ഡമായി ആധുനിക യൂറോപ്പ് സ്വീകരിച്ചു. മുസ്‌ലിംകള്‍ അവര്‍ക്ക് 'മൂറുകള്‍' ആയിരുന്നു. ഹിംസയുടെയും ഭീകരതയുടെയും പര്യായങ്ങളെല്ലാം അവര്‍ മുസ്‌ലിംകളുടെ മേലില്‍ ഒട്ടിച്ചുവെച്ചു. കറുപ്പ് വിരുദ്ധതയാണ് പുതിയ മുദ്ര. വാസ്തവത്തില്‍ എല്ലാ വര്‍ഗത്തിലും വര്‍ണത്തിലും ഗോത്ര വിഭാഗങ്ങളിലും പെട്ട ജനവിഭാഗങ്ങളെ ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതെ ഉള്‍ക്കൊള്ളുന്ന മതമാണ് ഇസ്‌ലാം.
കറുപ്പ്  വര്‍ണം എന്നതിനെക്കാള്‍  രാഷ്ട്രീയ അവസ്ഥയാണ് ഇന്ന്. വെള്ള വംശീയ വാദികള്‍ കറുത്തവരെ മനുഷ്യരായി പോലും പരിഗണിക്കുന്നില്ല. കറുത്തവര്‍ സത്താപരമായി തന്നെ അടിമകളാെണന്ന ധാരണ യൂറോപ്പ് സൃഷ്ടിച്ചെടുത്തിട്ടുണ്ട്.  നിലനില്‍പ്പില്ലായ്മ എന്ന സാമൂഹിക മൃത്യു(സോഷ്യല്‍ ഡെത്ത്)വാണ് കറുത്തവര്‍ നേരിടുന്നത്. അരികുവല്‍ക്കരിക്കപ്പെടുകയും വെള്ളക്കാരാല്‍ അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്ന ജനതയുടെ പ്രശ്‌നം എന്ന നിലയിലാണ് അതിന്റെ രാഷ്ട്രീയ പ്രാധാന്യം.  നിറത്തിന്റെ മാത്രം പ്രശ്‌നമല്ല ഇത്.
ആഫ്രിക്കന്‍ ജനതക്കെതിരായി സമീപകാലത്ത് വെള്ളക്കാര്‍ തുടക്കം കുറിച്ച വര്‍ണ വിവേചനത്തെ എങ്ങനെ ഇസ്‌ലാമിന്റെ കണക്കില്‍ എഴുതും എന്ന പ്രസക്തമായ  ചോദ്യം ബ്രൗണ്‍ ഉന്നയിക്കുന്നു.  സുഊദി അറേബ്യയില്‍ ആഫ്രിക്കക്കാരെ അടിമകളായാണ് പരിഗണിക്കുന്നത്, ഖുര്‍ആനിലും ഹദീസിലും നിറയെ കറുപ്പ് വിരുദ്ധതയാണ് തുടങ്ങിയ നിലനില്‍പ്പില്ലാത്ത ക്ലബ്ബ് ഹൗസ്, സോഷ്യല്‍ മീഡിയാ വാദങ്ങളുടെ പിന്നില്‍  വെസ്റ്റേണ്‍ സുപ്രീമസത്തിന്റെ വക്താക്കളാണ്.  
ലോക സംസ്‌കാരത്തിന്റെ തുടക്കം ആഫ്രിക്കയില്‍ നിന്നാണെന്ന് വാദിക്കുന്ന ആഫ്രിക്കന്‍ മേന്മാവാദികളും ഈ ആരോപണത്തില്‍ പങ്കുചേരുന്നു.   ഇസ്രായേല്‍ അനുകൂല പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഇസ്‌ലാമിനെതിരായ ഈ ആരോപണം എന്ന് ബ്രൗണ്‍ നിരീക്ഷിക്കുന്നു.
തങ്ങള്‍ക്കെതിരായി ഉയരുന്ന അടിമത്ത ആരോപണം അറബികള്‍ക്കെതിരെ തിരിച്ചുവിടുക എന്നതാണ് അമേരിക്കന്‍ യാഥാസ്ഥിതികര്‍ക്ക് ഇതുകൊണ്ടുള്ള ലാഭം. അടിമത്തം തങ്ങളുടെ മാത്രം കുറ്റമായിരുന്നില്ല എന്ന് സ്ഥാപിക്കാനാണ് അവരുടെ ശ്രമം. ഇസ്‌ലാമിനെയും അറബികളെയും പ്രതിസ്ഥാനത്ത് നിര്‍ത്തി മുഖം രക്ഷിക്കാം എന്ന് അവര്‍ വിചാരിക്കുന്നു. ചരിത്രപരമായി നിലനില്‍പ്പില്ലാത്തതാണ് ഇസ്‌ലാമിനെതിരെ ഇവര്‍ ഉന്നയിക്കുന്ന കറുപ്പ് വിരുദ്ധതാ ആരോപണങ്ങള്‍. അമേരിക്കന്‍ അടിമത്തത്തിന്റെയോ, ആഫ്രിക്കയില്‍ യൂറോപ്യന്‍ കൊളോണിയലിസം അഴിച്ചുവിട്ട ഹിംസയുടെയോ അടുത്തൊന്നും എത്തുന്നതല്ല അവര്‍ ആരോപിക്കുന്ന അറബി-ഇസ്‌ലാമിക് അടിമ സമ്പ്രദായം.
ഈജിപ്ത് ഇസ്‌ലാം സ്വീകരിക്കുകയും അറബി ഭാഷ സംസാരിച്ചു തുടങ്ങുകയും ചെയ്തതിനെ എങ്ങനെ അടിമത്തം എന്ന് വിളിക്കും? ഇസ്‌ലാം സ്വീകരിച്ച ഉപ-സഹാറന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ അറബി ഭാഷ സ്വീകരിച്ചതിനെ അടിമത്തമായി ചിത്രീകരിക്കുന്നത് എത്രത്തോളം യുക്തിസഹമാണ്? ആഫ്രിക്കയിലെ നല്ലൊരു വിഭാഗം ജനങ്ങള്‍ ഇസ്ലാം സ്വീകരിച്ചു സ്വതന്ത്രരായി ജീവിക്കുകയായിരുന്നു.  അവര്‍ ആരുടെയും അടിമകളായിരുന്നില്ല. അറബ് ലോകത്തെ അടിമകളില്‍ വളരെ കുറച്ച് ആഫ്രിക്കക്കാരേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് ചരിത്ര യാഥാര്‍ഥ്യം. മക്കയിലെയും മദീനയിലെയും അടിമകളില്‍ നല്ല പങ്കും ഇതര അറബി ദേശക്കാരോ പാര്‍സികളോ ആയിരുന്നു. അബ്ബാസീ കാലഘട്ടത്തില്‍ സ്ലാവിക്കുകളും തുര്‍ക്കികളുമാണ് അടിമകളായി എത്തിയത്. എന്നാല്‍, ഇവരില്‍ ഒന്നും അടിമ മുദ്ര പതിഞ്ഞിരുന്നുമില്ല. 
പ്രവാചകന്റെ അനുചരന്മാര്‍ അടിമ വേലക്കാരായ കറുത്തവരെ സഹോദരങ്ങളെപ്പോലെയാണ് കണക്കാക്കിയിരുന്നത് എന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. വസ്തുതാ വിവരണം എന്ന നിലക്കല്ലാതെ അവഹേളനാപരമായി കറുത്തവര്‍ എന്ന പ്രയോഗം ഹദീസുകളിലോ പില്‍ക്കാല മതഗ്രന്ഥങ്ങളിലോ പ്രയോഗിച്ചിട്ടില്ല.  റോമാ സാമ്രാജ്യത്തെ അപേക്ഷിച്ച് അറേബ്യയില്‍ അടിമകളുടെ എണ്ണം വളരെ കുറവായിരുന്നു. യുദ്ധത്തടവുകാരായും മറ്റും ലഭിച്ച മുഴുവന്‍ അടിമകളെയും പ്രവാചകന്‍ സ്വതന്ത്രരാക്കുകയാണ് ചെയ്തത്.  അറേബ്യയിലെ അടിമകളില്‍ ഇതര ദേശക്കാരെ അപേക്ഷിച്ച് കറുത്തവര്‍ കുറവായിരുന്നു.
'മുഖം കറുക്കുക',  'കറുത്ത കരങ്ങള്‍', 'ശുഭ്രമാനസം' എന്നിങ്ങനെയുള്ള ഭാഷാപ്രയോഗങ്ങള്‍ അറബിയില്‍ മാത്രമല്ല ഉള്ളത്. 'ഇരുളും വെളിച്ചവും' പോലെ സാര്‍വലൗകികമായി ഉപയോഗിച്ചുവരുന്ന ആലങ്കാരിക ശൈലികള്‍ മാത്രമാണ് അവ. ഖുര്‍ആനിലെ 'ചില മുഖങ്ങള്‍ കറുക്കുകയും ചില മുഖങ്ങള്‍ വെളുക്കുകയും ചെയ്യുന്ന ദിവസം' (3:106) എന്ന പ്രയോഗം അക്ഷരാര്‍ഥത്തിലെടുക്കണമോ ആലങ്കാരികമായി മനസ്സിലാക്കണമോ എന്ന കാര്യത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ തര്‍ക്കമുണ്ടെങ്കിലും ഒരു ജനവിഭാഗത്തിന്റെയും വര്‍ണവുമായി അതിന് ബന്ധമേതുമില്ല. ജന്മനായുള്ള സവിശേഷതയല്ല അത്. അന്തിമ വിചാരണാ വേളയിലെ സങ്കടവും സന്തോഷവും മുഖത്ത് വരുത്തുന്ന ഭാവഭേദങ്ങളാണ് സൂക്തത്തിലെ സൂചന. പ്രവാചകന്റെ അറഫാ പ്രഭാഷണത്തിന്റെ പ്രമേയത്തിന് വിരുദ്ധമായി,  കറുത്ത വര്‍ഗക്കാരെ അലസന്മാരും ബുദ്ധി ശൂന്യരും  കോലം കെട്ടവരുമായി ചിത്രീകരിക്കുന്ന,  ഹദീസുകളെന്ന പേരില്‍ ചിലത് പ്രചാരത്തിലുണ്ടെങ്കിലും  പ്രാമാണിക ഹദീസ് ഗ്രന്ഥങ്ങളിലൊന്നും അവ ഉദ്ധരിക്കപ്പെട്ടിട്ടില്ല. മാത്രമല്ല, അവ വ്യാജ നിര്‍മിതികളാണെന്ന് പ്രമുഖ ഹദീസ് പണ്ഡിതന്മാര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ആധികാരികതയില്ലാത്ത സമാഹാരങ്ങളിലാണ് ഇത്തരം കല്‍പ്പിത ഹദീസുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇങ്ങനെയുള്ള ഓരോ നിവേദനവും ബ്രൗണ്‍ വിശദമായി പരിശോധിക്കുന്നുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രതിപാദിക്കവെ  'ആദത്തി'(സമ്പ്രദായം)ന്റെയും  'ഉര്‍ഫി' (നാട്ടുനടപ്പ്)ന്റെയും പേരില്‍ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ കടന്നുകൂടിയ, വംശീയത ആരോപിക്കാവുന്ന പരാമര്‍ശങ്ങളെയും ഗ്രന്ഥകാരന്‍ നിദാനശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ വിചാരണാ വിധേയമാക്കുന്നുണ്ട്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് -28-31
ടി.കെ ഉബൈദ്‌

ഹദീസ്‌

ദിക്‌റിന്റെ ചിറകില്‍ മുന്നേറിയവര്‍
അമീന്‍ വി. ചൂനൂര്‍