Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 23

3282

1444 ജമാദുല്‍ അവ്വല്‍ 29

സമുദായം എഴുപത്തിമൂന്ന് സംഘങ്ങളായി പിളരുമോ?

ഡോ. യൂസുഫുല്‍ ഖറദാവി

മുസ്‌ലിം സമുദായം എഴുപതില്‍പരം സംഘങ്ങളായി വഴിപിരിയുമെന്നും അവയില്‍ ഒന്നൊഴികെ ബാക്കിയെല്ലാം നരകത്തിലായിരിക്കുമെന്നും സൂചിപ്പിക്കുന്ന നബിവചനം ഉദ്ധരിക്കപ്പെടാറുണ്ട്. ഈ നബിവചനത്തിന്റെ സാധുതയെയും സ്ഥിരീകരണത്തെയും സംബന്ധിച്ച ഒരുപാട് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അവ ഇങ്ങനെ സംഗ്രഹിക്കാം:
ഒന്ന്: ആദ്യമായി മനസ്സിലാക്കേണ്ടത്, ബുഖാരിയുടെയും മുസ്‌ലിമിന്റെയും ആധികാരിക ഹദീസ് സമാഹാരങ്ങളില്‍/ സ്വഹീഹുകളില്‍ ഈ ഹദീസ് വന്നിട്ടില്ല എന്നതാണ്. പ്രാധാന്യപൂര്‍വം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണെങ്കിലും, ഹദീസ് സ്വീകാര്യമാകുന്നതിന് അവര്‍ മുന്നോട്ടുവെച്ച ഉപാധികള്‍ ഈ ഹദീസില്‍ ഒത്തുവരുന്നില്ല എന്നതാണതിന് കാരണം. മുഴുവന്‍ സ്വഹീഹായ ഹദീസുകളും ബുഖാരിയിലും മുസ്‌ലിമിലും ഇല്ലല്ലോ എന്നൊരാള്‍ക്ക് ചോദിക്കാം. അത് ശരിതന്നെയാണ്. പക്ഷേ, വലിയ പ്രാധാന്യമുള്ള വൈജ്ഞാനിക ചര്‍ച്ചയാണെങ്കില്‍ അതു സംബന്ധമായ ഒരു ഹദീസെങ്കിലും അവര്‍ നല്‍കാതിരിക്കില്ല.
രണ്ട്: ചില നിവേദക ശ്രേണികളിലൂടെ വന്നിട്ടുള്ള ഈ നബിവചനത്തില്‍ 'ഒന്നൊഴികെ മറ്റെല്ലാ സംഘങ്ങളും നരകത്തില്‍' എന്ന പരാമര്‍ശമില്ല. ഭിന്നിക്കുമെന്ന് പറഞ്ഞശേഷം പിളര്‍ന്നുണ്ടായ സംഘങ്ങളുടെ എണ്ണം മാത്രമേ അതില്‍ പറയുന്നുള്ളൂ. അബൂദാവൂദ്, തിര്‍മിദി, ഇബ്‌നുമാജ, ഇബ്‌നു ഹിബ്ബാന്‍, ഹാകിം തുടങ്ങിയവര്‍ അബൂഹുറയ്‌റയില്‍നിന്ന് ഉദ്ധരിച്ച നബിവചനത്തില്‍ ഇങ്ങനെയാണുള്ളത്: ''ജൂത സമൂഹം എഴുപത്തിയൊന്ന് (അല്ലെങ്കില്‍ എഴുപത്തിരണ്ട്) സംഘങ്ങളായി ഭിന്നിച്ചു. ക്രിസ്ത്യന്‍ സമുദായവും എഴുപത്തിയൊന്ന് (അല്ലെങ്കില്‍ എഴുപത്തിരണ്ട്) സംഘങ്ങളായി ഭിന്നിച്ചു. എന്റെ സമുദായം എഴുപത്തിമൂന്ന് സംഘങ്ങളായി ഭിന്നിക്കും.''
തിര്‍മിദി തന്റെ സമാഹാരത്തിലെ 'അല്‍ഈമാന്‍' എന്ന അധ്യായത്തില്‍ 4596-ാം നമ്പര്‍ ഹദീസായി ഇത് നല്‍കിയിട്ടുണ്ട്. ഇത് 'ഹസന്‍' ആണെന്നും 'സ്വഹീഹ്' ആണെന്നും അദ്ദേഹം പറയുന്നുണ്ടെങ്കിലും, ഇബ്‌നു ഹിബ്ബാനും ഹാകിമും സ്വഹീഹാണെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും, ആ നിവേദക പരമ്പരയിലെ മുഹമ്മദുബ്‌നു അംറിബ്‌നി അല്‍ഖമബ്‌നി വഖാസ് അല്ലൈസി എന്നയാള്‍ പ്രശ്‌നക്കാരന്‍ തന്നെയാണ്. തഹ്ദീദുത്തഹ്ദീബില്‍ അദ്ദേഹത്തിന്റെ ജീവചരിത്രക്കുറിപ്പുകള്‍ കൊടുത്തപ്പോള്‍, അദ്ദേഹത്തിന്റെ വിശ്വാസ്യതയില്‍ എല്ലാവര്‍ക്കും സംശയമുണ്ടായിരുന്നു എന്ന് പറയുന്നുണ്ട്. മറ്റു നിവേദകര്‍ അദ്ദേഹത്തെക്കാള്‍ ദുര്‍ബലര്‍ (വിശ്വസിക്കാന്‍ കൊള്ളാത്തവര്‍) ആയതുകൊണ്ടാണ് തങ്ങള്‍ അദ്ദേഹത്തിന്റെ പേര് പറഞ്ഞതെന്നും പറയുന്നുണ്ട്. ഇബ്‌നു ഹജര്‍ തന്റെ തഖ്‌രീബില്‍ ഇത്രമാത്രമാണ് പറയുന്നത്: 'ചില മിഥ്യാധാരണകളൊക്കെയുള്ള സത്യസന്ധനാണ്.' (സ്വദൂഖുന്‍ ലഹു ഔഹാം) വിശ്വസ്തനെങ്കിലും താഴെ തട്ടിലാണ് സ്ഥാനം എന്നര്‍ഥം. കേവലം സത്യസന്ധനായിരുന്നാല്‍ പോരാ, അത് സംബന്ധമായി മറ്റുള്ളവര്‍ക്ക് ദൃഢബോധ്യവും വേണം എന്നതാണ് നിവേദകന്റെ സ്വീകാര്യതക്ക് മാനദണ്ഡമെങ്കില്‍, മിഥ്യാധാരണകളുള്ള സത്യസന്ധന്റെ കാര്യം പറയാനുണ്ടോ!
മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം. തിര്‍മിദി, ഇബ്‌നു ഹിബ്ബാന്‍ പോലുള്ള റിപ്പോര്‍ട്ടര്‍മാര്‍ ഹദീസ് ദുര്‍ബലമാണോ, അല്ലേ എന്ന ചര്‍ച്ച വരുമ്പോള്‍ വളരെ ഉദാര സമീപനം സ്വീകരിക്കുന്നവരാണ്. സ്വിഹ്ഹത്തിന്റെ/സ്വീകാര്യതയുടെ ഉപാധി ചാടിക്കടക്കുന്നയാള്‍ എന്ന് ഹാകിമിനെ വിശേഷിപ്പിക്കാറുമുണ്ട്. ഈ ഹദീസ് അബ്ദുല്ലാഹിബ്‌നു അംറ്, മുആവിയ, ഔഫുബ്‌നു മാലിക്, അനസ് തുടങ്ങിയ നിരവധി സ്വഹാബികളില്‍നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അതിന്റെ നിവേദക ശൃംഖലകളൊക്കെ ദുര്‍ബലമാണ്. പലര്‍ വഴി ഒരു ഹദീസ് നിവേദനം ചെയ്യപ്പെടുമ്പോള്‍, നിവേദക ശൃംഖലകള്‍ക്ക് ദൗര്‍ബല്യമുണ്ടെങ്കിലും ഹദീസ് സ്വീകരിക്കപ്പെടും എന്നൊരു വാദവുമുണ്ട്. എനിക്ക് മറ്റൊരു അഭിപ്രായമാണുള്ളത്: പല വഴികളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ സ്വീകരിക്കാം എന്നത് ഒരു പൊതു തത്ത്വമല്ല. ഒട്ടനേകം വഴികളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എത്രയെത്ര ഹദീസുകള്‍ ഹദീസ് നിദാന ശാസ്ത്ര പണ്ഡിതന്മാര്‍ ദഈഫ്/ദുര്‍ബലം എന്ന് വിധിയെഴുതിയിട്ടുണ്ട്! ചിലപ്പോള്‍ പ്രശ്‌നം നിവേദക ശൃംഖലക്കായിരിക്കാം, ചിലപ്പോള്‍ അതിന്റെ ആശയത്തിനായിരിക്കാം. ആശയത്തില്‍ വൈരുധ്യവും അവ്യക്തതയും ഉണ്ടാകാം.
ഈ ഹദീസിന്റെ ആശയം തന്നെയെടുക്കാം. പിളര്‍ന്നുണ്ടായ സംഘങ്ങള്‍ ജൂത-ക്രൈസ്തവ സമൂഹങ്ങളിലുള്ളതിനേക്കാള്‍ കൂടുതല്‍ മുസ്‌ലിം സമൂഹത്തിലുണ്ടാകും എന്നാണ് ഒരു പ്രസ്താവന. ഇതില്‍ ഒന്നൊഴികെ ബാക്കിയെല്ലാം നരകത്തില്‍ എന്ന് പിന്നെ പറയുന്നു. ഓരോ സംഘത്തിനും തങ്ങളാണ് വിജയികളെന്നും മറ്റുള്ള സംഘങ്ങളൊക്കെ നശിക്കാന്‍ വിധിക്കപ്പെട്ടവരാണെന്നും വാദിക്കാന്‍ അവസരമുണ്ടാക്കിക്കൊടുക്കലാണിത്. ഇത് ശൈഥില്യത്തിലേക്കും പരസ്പരാക്ഷേപത്തിലേക്കും വഴിതുറക്കലാണ്. ഇത് എല്ലാ സംഘങ്ങളെയും ദുര്‍ബലപ്പെടുത്തുകയും ശത്രുവിനെ ശക്തിപ്പെടുത്തുകയും ചെയ്യും. അതിനാല്‍ അല്ലാമാ ഇബ്‌നുല്‍ വസീര്‍ (മരണം ഹി. 840) പറയുന്നത്, ഈ ഹദീസ് പൊതുവിലും അതില്‍ കൂട്ടിച്ചേര്‍ത്ത ഭാഗം പ്രത്യേകിച്ചും തീര്‍ത്തും പ്രതിലോമകരമായിത്തീരും എന്നാണ്. സമുദായാംഗങ്ങള്‍ പരസ്പരം വഴിപിഴച്ചവരെന്നും കാഫിറായവരെന്നും ആക്ഷേപിക്കാന്‍ അത് വഴിവെക്കും. ഇബ്‌നുല്‍ വസീര്‍ തന്റെ അല്‍അവാസ്വിം എന്ന ഗ്രന്ഥത്തില്‍ മുസ്‌ലിം സമൂഹത്തിന്റെ ശ്രേഷ്ഠതകളെക്കുറിച്ച് പറയുന്നുണ്ട്. ഒരു വിഭാഗവും മറ്റൊരു വിഭാഗത്തെ കാഫിറാക്കരുതെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അദ്ദേഹം പറയുന്നു: 'എല്ലാം നശിച്ചതു തന്നെ; ഒന്നൊഴികെ എന്ന പ്രയോഗം നിങ്ങളെ വഞ്ചിതരാക്കാതിരിക്കട്ടെ. അധികം ചേര്‍ത്ത ആ ഭാഗം നാശകാരിയാണ്. തത്ത്വങ്ങള്‍ക്കെതിരാണ്. നിര്‍മതരുടെ രഹസ്യപദ്ധതിയാവാം അത്.'
ഇബ്‌നു ഹസം പറഞ്ഞതായി അദ്ദേഹം രേഖപ്പെടുത്തുന്നു: 'ഇത് വ്യാജ ഹദീസാണ്. മൗഖൂഫോ (നിവേദക പരമ്പര സ്വഹാബി വരെ എത്തുന്നത്) മര്‍ഫൂഓ (നബിവരെ എത്തുന്നത്) ആയ ഒന്നല്ല. ഖദ്‌രിയ്യ, മുര്‍ജിഅ, അശ്അരിയ്യ വിഭാഗങ്ങളെക്കുറിച്ചും പലതും വന്നിട്ടുണ്ട്. അതൊക്കെയും ഒരടിസ്ഥാനവുമില്ലാത്ത വ്യാജ ഹദീസുകളാണ്' (അല്‍ അവാസ്വിം വല്‍ഖവാസ്വിം 1/186).
മൂന്ന്: പില്‍ക്കാലക്കാരും പൂര്‍വികരുമായ പണ്ഡിതന്മാരില്‍ നിവേദക ശൃംഖല നോക്കി മാത്രമല്ല, അതിന്റെ ആശയം നോക്കിയും ഇതിനെ തള്ളിയവരുണ്ട്. ജനങ്ങള്‍ക്ക് സത്യത്തിന് സാക്ഷികളാവുക എന്ന വലിയ ഉത്തരവാദിത്വം ഏല്‍പിക്കപ്പെട്ട സമുദായമാണ് മുസ്‌ലിംകള്‍. അവരെ ഖുര്‍ആന്‍ ഉത്തമ സമുദായമെന്നും വിശേഷിപ്പിച്ചിരിക്കുന്നു. നബിയിലേക്ക് ചേര്‍ത്തുപറഞ്ഞിരിക്കുന്ന ഈ വചനത്തിലാകട്ടെ, ഭിന്നതയുടെയും ശൈഥില്യത്തിന്റെയും കാര്യത്തില്‍ അവര്‍ ജൂത-ക്രൈസ്തവ സമൂഹങ്ങളെ കടത്തിവെട്ടുമെന്ന് പറഞ്ഞിരിക്കുന്നു. ഖുര്‍ആന്‍ ജൂത-ക്രൈസ്തവ സമുദായങ്ങളെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ (അല്‍ മാഇദ: 64; 14 എന്നീ സൂക്തങ്ങള്‍ കാണുക) ഇതിലെ ആശയവുമായി ഒരു നിലക്കും ഒത്തുപോവുകയില്ല. അവര്‍ക്കിടയിലെ കടുത്ത ശൈഥില്യത്തെയും ശത്രുതയെയും കുറിച്ചാണ് ആ സൂക്തങ്ങളില്‍ പറയുന്നത്. അങ്ങനെയുള്ള പരാമര്‍ശങ്ങള്‍ മുസ്‌ലിം സമൂഹത്തെക്കുറിച്ച് ഖുര്‍ആന്‍ എവിടെയും നടത്തിയിട്ടില്ല. മുമ്പുള്ളവര്‍ ഭിന്നിച്ചപോലെ നിങ്ങള്‍ ഭിന്നിക്കരുത് എന്ന് ഓര്‍മപ്പെടുത്തുല്‍ മാത്രമാണ് നടത്തിയിരിക്കുന്നത്.
ആശയ വ്യത്യാസങ്ങളുടെ പേരില്‍ മുസ്‌ലിം സമുദായത്തിലെ ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ മതഭ്രഷ്ട് കല്‍പ്പിക്കുന്നതിനെതിരെ / കാഫിറാക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത പണ്ഡിതനാണ് അബൂമുഹമ്മദ് ഇബ്‌നു ഹസം (മരണം ഹി. 456). നബിയിലേക്ക് ചേര്‍ത്തുപറയുന്ന രണ്ട് വചനങ്ങളാണ് കാഫിറാക്കുന്ന വിഭാഗം തെളിവായി ഉദ്ധരിക്കാറുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഒന്ന്: 'ഖദ്‌രിയാക്കളും മുര്‍ജിഅകളും ഈ സമുദായത്തിലെ മജൂസി/അഗ്നിയാരാധകരാണ്.'
രണ്ട്: 'ഈ സമുദായം എഴുപതില്‍ ചില്വാനം സംഘങ്ങളായി വേര്‍പിരിയും. ഇവയില്‍ ഒന്നൊഴികെ എല്ലാം നരകത്തിലാണ്. ആ ഒരു സംഘം മാത്രം സ്വര്‍ഗത്തിലും.'
ഇവ രണ്ടും നബി പറഞ്ഞതെന്ന് സ്ഥിരപ്പെട്ട വചനങ്ങളേ അല്ലെന്ന് പിന്നീട് അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട് (ഇബ്‌നു ഹസമിന്റെ അല്‍ഫസ്വ്‌ലു ഫില്‍ മിലലി വന്നിഹല്‍ 3/292).
നേരത്തെപ്പറഞ്ഞ പണ്ഡിതന്‍ ഇബ്‌നുല്‍ വസീറും, നബിയിലേക്ക് ചേര്‍ക്കപ്പെട്ട ഈ വാക്യത്തിന്റെ നിവേദക ശൃംഖലയില്‍ വിശ്വസ്തരല്ലാത്തവര്‍ കടന്നുകൂടിയതിനെക്കുറിച്ച് പറയുന്നുണ്ട്. ഹദീസ് സ്വീകാര്യത (സ്വിഹ്ഹത്ത്)യുടെ ഒരു ഉപാധിയും അതില്‍ പാലിക്കപ്പെട്ടിട്ടില്ല എന്നും പറയുന്നു. അതുകൊണ്ടാണ് ബുഖാരിയും മുസ്‌ലിമും ആ വചനം തങ്ങളുടെ സമാഹാരങ്ങളില്‍ ഉള്‍പ്പെടുത്താതിരുന്നത്. 'എല്ലാ വിഭാഗവും നരകത്തില്‍; ഒരു വിഭാഗമൊഴികെ' എന്ന ഭാഗം തീര്‍ത്തും വ്യാജമാണെന്ന കാര്യത്തില്‍ ഇബ്‌നു ഹസമിന് സംശയമൊന്നുമില്ല.
ഈ ഹദീസിന് കുഴപ്പമില്ല (ഹസന്‍) എന്ന് ഇബ്‌നു ഹജറും, ഒരുപാട് വഴികളിലൂടെ റിപ്പോര്‍ട്ട് ചെയ്തതുകൊണ്ട് സ്വീകരിക്കാമെന്ന് ഇബ്‌നു തൈമിയ്യയും പറഞ്ഞിട്ടുണ്ടെങ്കിലും മുസ്‌ലിം സമുദായം ഈ വിധത്തില്‍ ഇത്ര എണ്ണമായി ലോകാവസാനം വരെ പിളര്‍ന്നേ നില്‍ക്കണമെന്ന് ആ വാക്യത്തിന് അര്‍ഥവുമില്ല. ചരിത്രത്തില്‍ എപ്പോഴെങ്കിലും ഒരു ഘട്ടത്തില്‍ ഇത്ര എണ്ണം സംഘമുണ്ടായാല്‍ തന്നെ അതില്‍ പറഞ്ഞ കാര്യം ശരിയാകുമല്ലോ. സമുദായത്തില്‍ കുറച്ച് സംഘങ്ങളുണ്ടാവും എന്നത് സത്യമാണ്. ആ സംഘങ്ങള്‍ എല്ലാ കാലത്തും നിലനില്‍ക്കുകയൊന്നുമില്ല. സത്യവാഹകരായ സംഘങ്ങളേ നിലനില്‍ക്കൂ. അല്ലാത്തവ കാലപ്രവാഹത്തില്‍ നശിച്ചുപോകും. പിന്നെയൊരിക്കലും തിരിച്ചു വരില്ല. ഇസ്‌ലാമിക ചരിത്രത്തില്‍നിന്ന് വഴിതെറ്റിയ, പിന്നീട് ഇല്ലാതായിപ്പോയ ഇത്തരം സംഘങ്ങളെ ഉദാഹരിക്കാന്‍ കഴിയും.
പിന്നെ ആ വചനം സൂക്ഷ്മമായി പരിശോധിച്ചാല്‍, പിളര്‍ന്നുണ്ടായ എല്ലാ സംഘങ്ങളും മുസ്‌ലിം ഉമ്മത്തിന്റെ ഭാഗമാണെന്ന സൂചന അതിലുണ്ട്. 'എന്റെ ഉമ്മത്ത് പിളരും' എന്ന പ്രയോഗം, ബിദ്അത്തുകള്‍ കൊണ്ടുനടന്നാലും ആ സംഘങ്ങള്‍ മുസ്‌ലിം സമൂഹ ശരീരത്തിന്റെ പരിധിക്ക് പുറത്താകുന്നില്ല എന്ന് ധ്വനിപ്പിക്കുന്നുണ്ട്. 'എല്ലാം നരകത്തിലാണ്, ഒന്നൊഴികെ' എന്ന് പറയുമ്പോഴും അവര്‍ അക്രമികളെപ്പോലെയും ധര്‍മധിക്കാരികളെപ്പോലെയും കാലാകാലം നരകത്തിലാണെന്ന് അര്‍ഥമില്ല. വിശ്വാസികളായിരിക്കെതന്നെ അവര്‍ക്കുണ്ടായ വ്യതിചലനത്തിന്റെ ശിക്ഷയായി അതിനെ കണക്കാക്കിയാല്‍ മതി. അത്തരം പിഴവുകള്‍ പൊറുത്തുകൊടുക്കണമെന്ന് അഭ്യര്‍ഥിക്കാനായി നബിശ്രേഷ്ഠരും മലക്കുകളും സദ്‌വൃത്തരായ പുണ്യാത്മാക്കളുമൊക്കെ ഉണ്ടാകുമെന്നും തങ്ങള്‍ ചെയ്ത സല്‍ക്കര്‍മങ്ങള്‍ കാരണമായി ലോകരക്ഷിതാവ് അവര്‍ക്ക് ശിക്ഷ ഒഴിവാക്കിക്കൊടുക്കുമെന്നും നമുക്ക് പ്രതീക്ഷിക്കുകയും ചെയ്യാമല്ലോ. ഉദ്ദേശ്യ ശുദ്ധിയോടെ സത്യത്തെ അറിയാന്‍ ശ്രമിച്ചു, പക്ഷേ വഴിതെറ്റിപ്പോയി. ഇതാണ് പിളര്‍ന്നു മാറാനുള്ള കാരണമെങ്കില്‍ ഈ പ്രതീക്ഷ അസ്ഥാനത്താവില്ലെന്ന് കരുതാം.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് -28-31
ടി.കെ ഉബൈദ്‌

ഹദീസ്‌

ദിക്‌റിന്റെ ചിറകില്‍ മുന്നേറിയവര്‍
അമീന്‍ വി. ചൂനൂര്‍