മുഹമ്മദ് റഫീഖ് മൗലവി നവോത്ഥാനാശയങ്ങള്‍ക്ക് പ്രചാരം നല്‍കിയ പണ്ഡിതന്‍
ഇക്കഴിഞ്ഞ നവംബര്‍ 27-ന് മരണമടഞ്ഞ ബ്രോഡ്വേ ജുമാ മസ്ജിദ് മുന്‍ ഇമാം മുഹമ്മദ് റഫീഖ് മൗലവി ദീനീരംഗത്ത് ദീര്‍ഘകാലം സേവനനിരതനായിരുന്ന പണ്ഡിതനായിരുന്നു. തെക്കന്‍ കേരളത്തില്‍, വിശിഷ്യാ എറണാകുളം ജില്ലയില്‍ അമ്പതുകള്‍ മുതല്‍ ഇസ്‌ലാമിക നവോത്ഥാനാശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ നടന്ന പണ്ഡിതനായിരുന്നു അദ്ദേഹം. എറണാകുളം ബ്രോഡ്വേ ജുമാ മസ്ജിദില്‍ 42 വര്‍ഷക്കാലം ഖത്വീബായിരുന്നു മൗലവി. ഖുര്‍ആന്റെയും സുന്നത്തിന്റെയും അധ്യാപനങ്ങള്‍ കാലികപ്രസക്തമാകുംവിധം സംഘടനാവൃത്തങ്ങള്‍ക്കപ്പുറത്തേക്ക് പകര്‍ന്നുനല്‍കിയ പണ്ഡിതന്‍ എന്ന വിശേഷണമായിരിക്കും മൗലവിക്ക് ഏറെ അനുയോജ്യം. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും കഴിഞ്ഞ ഒരു സമൂഹത്തെ ഇസ്‌ലാമിന്റെ യഥാര്‍ഥ അധ്യാപനങ്ങള്‍ പകര്‍ന്നുനല്‍കി സമുദ്ധരിക്കുന്നതില്‍ മൗലവിയുടെ ഖുത്വ്ബകള്‍ വലിയ പങ്കുവഹിച്ചു. 2014-ല്‍ എറണാകുളം ബ്രോഡ്‌വേ മസ്ജിദ് ഖത്വീബ് ചുമതലയില്‍ നിന്ന് വിരമിച്ച ശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തില്‍ ചേലക്കുളം ഗ്രാമത്തില്‍ അഹ്മദ് മൗലവിയുടെയും ഐശായുടെയും മകനായി 1934-ലാണ് ജനനം. നൂറ്റാണ്ടുകള്‍ക്കു മുമ്പ് തമിഴ്നാട്ടിലെ കായല്‍പട്ടണത്തില്‍ നിന്ന് കേരളത്തില്‍ കുടിയേറിയ മുല്ലമാരിലേക്കാണ് അഹ്മദ് മുസ്ലിയാരുടെ കുടുംബവേരുകള്‍ ചെന്നെത്തുന്നത്. അക്കാലത്തെ പ്രധാന പള്ളിദര്‍സുകളില്‍ ഒന്നായിരുന്ന ഈരാറ്റുപേട്ട ദര്‍സില്‍ വാളക്കുളം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ കീഴിലായിരുന്നു ഹദീസ് പഠനം. സ്വാതന്ത്ര്യാനന്തരം ഏതാനും വര്‍ഷങ്ങള്‍ പൊന്നാനി പള്ളിദര്‍സില്‍ ആമയൂര്‍ ഖാലിദ് മുസ്‌ലിയാരുടെ കീഴിലായിരുന്നു ജ്യേഷ്ഠസഹോദരന്‍ മുഹ്‌യിദ്ദീനൊപ്പം പഠനം. കുറഞ്ഞകാലമാണെങ്കിലും ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്‍, വിളയൂര്‍ അലവിക്കുട്ടി മുസ്ലിയാര്‍ തുടങ്ങിയ പ്രഗത്ഭ പണ്ഡിതരുടെ ശിഷ്യത്വം സ്വീകരിക്കാനും അദ്ദേഹത്തിനായി. ചേലക്കുളം അബുല്‍ ബുശ്റാ മൗലവി മാതൃസഹോദര പുത്രനാണ്.
1958-ല്‍ പുറയാര്‍ സ്വദേശി സൈദു മുഹമ്മദിന്റെ മകള്‍ ഖദീജാ ബീവിയെ വിവാഹം കഴിച്ച അദ്ദേഹത്തിന് എട്ട് മക്കളുണ്ട്. എറണാകുളം ജില്ലയിലെ പല ഭാഗങ്ങളിലും ഖത്വീബായും അധ്യാപകനായും സേവനമനുഷ്ഠിച്ചു. കേരളക്കരയില്‍ നവോത്ഥാനാശയങ്ങള്‍ പ്രചരിച്ചുകൊണ്ടിരുന്ന അക്കാലത്ത് മുഹമ്മദ് റഫീഖ് മൗലവിയും അതില്‍ ആകൃഷ്ടനായി. സമൂഹത്തില്‍ നടമാടിയിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ഉറക്കെ ശബ്ദിച്ചുകൊണ്ടായിരുന്നു ഈ രംഗത്തേക്കുള്ള കടന്നുവരവ്. ഇക്കാലയളവില്‍ എട്ടു വര്‍ഷത്തോളം ഖത്വീബായി സേവനമനുഷ്ഠിച്ച ചൊവ്വര ചുള്ളിക്കാട് മഹല്ലിനെയും ശ്രീഭൂതപുരത്തെയും സമൂലമായി സംസ്‌കരിക്കുന്നതില്‍ മൗലവി നേതൃപരമായ പങ്കുവഹിച്ചു. കൊട്ടാരക്കര മഹല്ല് പള്ളിയിലും കുറച്ചുകാലം ഖത്വീബായി സേവനമനുഷ്ഠിച്ചു. 1969 മുതല്‍ 72 വരെ തിരുവനന്തപുരം പാളയം പള്ളിയില്‍ ഖത്വീബായി സേവനമനുഷ്ഠിച്ച ശേഷമാണ് മൗലവി ബ്രോഡ്‌വേയില്‍ ഖത്വീബായി ചുമതലയേല്‍ക്കുന്നത്. തിരുവനന്തപുരം ആകാശവാണി റേഡിയോ നിലയം ആരംഭിച്ച കാലത്ത് മലയാളം റേഡിയോവില്‍ ആദ്യമായി ഖുര്‍ആന്‍ പാരായണം പ്രക്ഷേപണം ചെയ്തത് മുഹമ്മദ് റഫീഖ് മൗലവിയുടേതായിരുന്നു.
സേഠുമാരുടെ പള്ളി എന്നറിയപ്പെടുന്ന ബ്രോഡ്വേ ജുമാ മസ്ജിദില്‍ 1972-ലാണ് മുഹമ്മദ് റഫീഖ് മൗലവി ഖത്വീബായി ചുമതലയേല്‍ക്കുന്നത്. നഗരത്തിലെ സ്ഥിരം വ്യാപാരികള്‍ക്കും കച്ചവടക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും, വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന വിശ്വാസികളായ യാത്രക്കാര്‍ക്കും ഇസ്ലാമിനെ ലളിതമായി പഠിപ്പിക്കുകയായിരുന്നു തന്റെ ഖുത്വ്ബകളിലൂടെ മൗലവി. നഗരത്തിനു പുറത്തുള്ളവരും മൗലവിയുടെ ഖുത്വ്ബ ശ്രവിക്കാന്‍ ബ്രോഡ്‌വേ മസ്ജിദില്‍ വന്നിരുന്നു.
മുസ്ലിം സമൂഹത്തെ സംസ്‌കരിക്കാനും ചലിപ്പിക്കാനും കര്‍മോത്സുകരാക്കാനും പോന്ന ദീനീ സംവിധാനമാണ് വെള്ളിയാഴ്ചകളിലെ ഖുത്വ്ബ എന്ന് ഉറച്ചു വിശ്വസിച്ച മൗലവി, ആ മാധ്യമത്തെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചു. തൗഹീദില്‍ ഊന്നുന്ന, വിശ്വാസത്തെ മുറുകെപ്പിടിക്കാന്‍ ആഹ്വാനം ചെയ്യുമ്പോഴും ഇസ്‌ലാമിന്റെ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ ഉദ്ഘോഷിക്കുന്നതായിരുന്നു മൗലവിയുടെ ഖുത്വ്ബകള്‍. ഫിഖ്ഹീ വിഷയങ്ങളില്‍ നാലു മദ്ഹബുകളുടെയും വീക്ഷണങ്ങള്‍ ആ ഖുത്വ്ബകളില്‍ വിവരിക്കപ്പെട്ടിരുന്നു. മദ്ഹബുകളുടെ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളും വിധമാണ് ബ്രോഡ്വേ പള്ളിയിലെ ആരാധനാനുഷ്ഠാനമുറകള്‍പോലും. നമസ്‌കാര സമയങ്ങളിലും മറ്റും ഹനഫീ മദ്ഹബിനെ പിന്തുടരുമ്പോള്‍ തന്നെ, വെള്ളിയാഴ്ച ഖുത്വ്ബകള്‍ മലയാളത്തില്‍ നിര്‍വഹിക്കപ്പെട്ടു. റമദാനില്‍ തറാവീഹ് നമസ്‌കാരം 23 റക്അത് നമസ്‌കരിക്കുമ്പോള്‍ തന്നെയും, സുദീര്‍ഘമായ ഖിയാമുല്ലൈലുകളായിരിക്കും അവ. പെരുന്നാള്‍ നമസ്‌കാരങ്ങള്‍ പള്ളിയില്‍വെച്ചു തന്നെ നടത്തപ്പെടുമ്പോഴും, ഈദ് ഗാഹുകള്‍ ഈ പള്ളിമിമ്പറില്‍ നിന്നു പ്രോത്സാഹിപ്പിക്കപ്പെട്ടു. രണ്ട് പതിറ്റാണ്ടു മുമ്പ്, മൗലവി ഖത്വീബായിരിക്കെയാണ് ബ്രോഡ്‌വേ പള്ളി സ്ത്രീകള്‍ക്കും നമസ്‌കാരത്തിനായി തുറന്നുകൊടുത്തത്.
എറണാകുളം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പുതിയ പള്ളികള്‍ നിര്‍മിക്കുന്നതിന് നേതൃപരമായ പങ്ക് വഹിച്ചു അദ്ദേഹം. ആയിരക്കണക്കിന് വിശ്വാസികള്‍ പ്രാര്‍ഥനക്കായെത്തുന്ന പള്ളിയില്‍, വ്യത്യസ്ത സംഘടനാപരിസരത്തുള്ള പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പിരിവിന് അനുവാദം നല്‍കപ്പെട്ടിരുന്നു. സമീപ പ്രദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്കു പുറമേ, ലക്ഷദ്വീപില്‍ നിന്നെത്തുന്ന വലിയൊരു വിഭാഗം ജനങ്ങളും മൗലവിയുടെ ഖുത്വ്ബ ശ്രോതാക്കളായിരുന്നു. എറണാകുളം നഗരത്തില്‍ വന്നു പോകുന്ന വിശ്വാസികളെ ഇസ്‌ലാമികമായി സമുദ്ധരിക്കുന്നതിന് എല്ലാ വിഭാഗം പണ്ഡിതന്‍മാരുമായും മൗലവി സൗഹൃദം കാത്തുസൂക്ഷിച്ചു. ബ്രോഡ്വേ സെന്‍ട്രല്‍ മസ്ജിദിലെ ഇമാമായിരുന്ന സുലൈമാന്‍ മൗലവി, പുല്ലേപ്പടി ദാറുല്‍ ഉലൂം മസ്ജിദ് ഖത്വീബായിരുന്ന സ്വലാഹുദ്ദീന്‍ മദനി, പുല്ലേപ്പടി മദീനാ മസ്ജിദ് ഖത്വീബായിരുന്ന കെ.ടി. അബ്ദുര്‍റഹീം മൗലവി, അദ്ദേഹത്തിന് ശേഷം ഖത്വീബായിരുന്ന മൗലവി ബശീര്‍ മുഹ്യുദ്ദീന്‍ തുടങ്ങിയവരുമായി നല്ല ബന്ധമായിരുന്നു മൗലവിക്ക്. നഗരത്തിലെ രണ്ട് പ്രധാന പള്ളികളിലെ ഖത്വീബുമാര്‍ എന്ന നിലയില്‍ കെ.ടി അബ്ദുര്‍റഹീം മൗലവിയും റഫീഖ് മൗലവിയും പര്സപരം കൂടിയാലോചിച്ച് പല കാര്യങ്ങളും ഖുത്വ്ബയിലൂടെ ജനങ്ങളെ ഉദ്ബോധിപ്പിച്ചിരുന്നു. കെ.ടി അബ്ദുര്‍റഹീം മൗലവി മദീനാ മസ്ജിദില്‍ നിന്ന് വിരമിക്കുമ്പോള്‍, യാത്രയയപ്പ് യോഗത്തില്‍ റഫീഖ് മൗലവിയെ കുറിച്ച് പറഞ്ഞത്; തന്നെക്കാള്‍ മികച്ച ഖത്വീബ് എറണാകുളത്തിന് ഇനിയുമുണ്ട് എന്നാണ്.
ഇസ്ലാമിന്റെ യഥാര്‍ഥ മുഖം അനാവരണം ചെയ്യുന്ന കൃതികളെയും ചിന്തകളെയും സംഘടനാഭേദങ്ങളില്ലാതെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സമീപനം അറുപതുകളിലേ സ്വീകരിച്ച മൗലവി ഒരു പ്രസ്ഥാനത്തിലും അംഗമായിരുന്നില്ല. ജമാഅത്ത്-മുജാഹിദ് പണ്ഡിതന്മാരോടും നേതാക്കളോടും സ്നേഹവും വ്യക്തിബന്ധവും പുലര്‍ത്തിയിരുന്ന മൗലവിക്ക് പാരമ്പര്യ പണ്ഡിതന്മാരില്‍നിന്ന് ഏറെ എതിര്‍പ്പുകളും ഏറ്റുവാങ്ങേണ്ടിവന്നു. വേഷവിധാനത്തിലും പ്രസംഗത്തിലും പാരമ്പര്യ ശൈലി തുടരുമ്പോഴും, മൗലവിയുടെ ചിന്താമണ്ഡലം നവോത്ഥാന ആശയങ്ങളാല്‍ വികസ്വരമായിരുന്നു. എഴുപതുകളില്‍ ജില്ലയുടെ പല ഭാഗങ്ങളിലും ആദ്യകാല മുജാഹിദ്- ജമാഅത്ത് നേതാക്കളെ പ്രഭാഷണങ്ങള്‍ക്കായി കൊണ്ടുവരികയും, പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃപരമായ പങ്കുവഹിക്കുകയും ചെയ്തു. ആലുവയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നെടുംതൂണായിരുന്ന ടി.കെ മുഹമ്മദ് സാഹിബ്, മാള മുഹമ്മദ് മൗലവി തുടങ്ങിയവരെയും മുജാഹിദ് പണ്ഡിതന്‍മാരായിരുന്ന കെ. ഉമര്‍ മൗലവി, ഡോ. ഹുസൈന്‍ മടവൂര്‍ പോലുള്ളവരെയും പല സമയങ്ങളിലായി മൗലവി നാട്ടില്‍ കൊണ്ടുവന്ന് പ്രസംഗിപ്പിക്കുകയും നവോത്ഥാന ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സുലൈമാന്‍ സേഠ്, പ്രഫ. സിദ്ദീഖ് ഹസന്‍ തുടങ്ങിയ പണ്ഡിതന്‍മാരുമായും നേതാക്കളുമായും ആത്മബന്ധം പുലര്‍ത്തിയിരുന്നു.
മുസ്‌ലിംകള്‍ക്കിടയിലെ വിശ്വാസവൈകൃതങ്ങള്‍ക്കെതിരില്‍ ആദ്യകാല മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രബോധനരീതിയാണ് മൗലവി സ്വീകരിച്ചതെങ്കില്‍ ഇസ്ലാമിനെ ഒരു ജീവിത പദ്ധതിയായി അവതരിപ്പിക്കുന്നതിലും ബുദ്ധിപരമായി സമീപിക്കുന്നതിലും ജമാഅത്ത് ശൈലിയാണ് സ്വീകരിച്ചത്. ഇരു വിഭാഗത്തിന്റെയും സമ്മേളനങ്ങളില്‍ താല്‍പര്യപൂര്‍വം പങ്കെടുത്തിരുന്നു. തൊള്ളായിരത്തി എണ്‍പതുകളുടെ തുടക്കത്തില്‍ ചേകന്നൂര്‍ മൗലവിയുമായി പെരുമ്പാവൂരില്‍ വച്ച് വാദപ്രതിവാദത്തിനും മൗലവി തയാറായി.
ഖുര്‍ആനില്‍ ആഴത്തിലുള്ള ഗവേഷണങ്ങള്‍ക്കും വൈജ്ഞാനിക പോഷണത്തിനുമായിരുന്നു മൗലവിയുടെ ഊന്നല്‍. ഇമാം ഇബ്നു ജരീറുത്ത്വബരിയുടെ ജാമിഉല്‍ ബയാനും ഇമാം ഫഖ്റുദ്ദീന്‍ റാസിയുടെ ഖുര്‍ആന്‍ വ്യാഖ്യാനമായ തഫ്സീറുല്‍ കബീറും മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആനുമായിരുന്നു തന്റെ ഖുത്വ്ബകള്‍ക്ക് പിന്നിലെ ബൗദ്ധിക കരുത്തെന്ന് മൗലവി പറയുമായിരുന്നു. അറബി ക്ലാസിക് ടെക്സ്റ്റുകളടങ്ങുന്ന ഒരു ബൃഹത് ലൈബ്രറി വീട്ടില്‍ സജ്ജീകരിച്ചിരുന്ന മൗലവി വിശ്രമജീവിതം വായനയാല്‍ ധന്യമാക്കി.
മധ്യകേരളത്തിലെ ഇസ്ലാമിക നവോത്ഥാന ചരിത്രത്തില്‍ മുഹമ്മദ് റഫീഖ് മൗലവിയുടെ വ്യക്തിഗത സേവനങ്ങളും ശ്രദ്ധേയമാണ്. 2015-ല്‍ ദീനീസേവന മേഖലയില്‍ സ്തുത്യര്‍ഹമായ സേവനം നിര്‍വഹിച്ചവരെ ആദരിച്ച കൂട്ടത്തില്‍ പ്രബോധനം വാരിക മൗലവിയെയും പ്രത്യേകം ആദരിച്ചിരുന്നു. 88-ാം വയസ്സില്‍ ശ്രീമൂലനഗരത്ത് സ്വവസതിയിലായിരുന്നു അന്ത്യം. അല്ലാഹു അദ്ദേഹത്തിന്റെ കര്‍മങ്ങള്‍ സ്വീകരിക്കുകയും സ്വര്‍ഗത്തില്‍ ഉന്നതമായ പദവികള്‍ നല്‍കി അനുഗ്രഹിക്കുകയും ചെയ്യട്ടെ- ആമീന്‍.
Comments