Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 23

3282

1444 ജമാദുല്‍ അവ്വല്‍ 29

പള്ളിവാതിലുകളിലൂടെ പരന്നൊഴുകുന്ന സുഗന്ധം

സദ്‌റുദ്ദീന്‍ വാഴക്കാട്   [email protected]

'ഇവിടെ രൂപങ്ങളോ പ്രതിഷ്ഠകളോ കാണുന്നില്ലല്ലോ; ചിത്രങ്ങളും ഇല്ല! നിങ്ങള്‍ പിന്നെ എന്തിനെയാണ് ആരാധിക്കുന്നത്?' പള്ളിയില്‍ നടക്കുന്ന നമസ്‌കാരം നിരീക്ഷിച്ചുകൊണ്ടിരുന്ന ഇക്വഡോര്‍ സ്വദേശി ജോര്‍ജിന്റെ ചോദ്യത്തിന് അര്‍ഥങ്ങള്‍ പലതുമുണ്ടെന്ന് തോന്നി. 'ഏകദൈവ വിശ്വാസമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ദൈവത്തിന് പ്രതിഷ്ഠകളോ ചിത്രങ്ങളോ ഇല്ല. ദൈവം ഒരു ശക്തിയാണ്. ദൈവത്തിന്റെ ഗുണവിശേഷങ്ങളാണ് വേദം പഠിപ്പിക്കുന്നത്. ഒരു രൂപത്തിന് മുന്നിലല്ല ആരാധന നടത്തുന്നത്, മനസ്സ് ദൈവത്തില്‍ അര്‍പ്പിച്ചാണ്...' പുതിയൊരു അനുഭവത്തിന്റെ അനുഭൂതി അദ്ദേഹത്തിന്റെ മുഖത്ത് മിന്നിമറിയുന്നത് കാണാനായി.
കത്താറയിലെ ഗോള്‍ഡന്‍ മസ്ജിദില്‍ വെച്ചാണ് ഇക്വഡോര്‍ സ്വദേശി ജോര്‍ജിനെ പരിചയപ്പെടുന്നത്. മതം, വിശ്വാസം, ഇക്വഡോറിലെ കൃഷി, വ്യവസായം തുടങ്ങി പലതും സംസാരത്തില്‍ കടന്നുവന്നു. പ്രാക്ടീസിംഗ് ക്രിസ്ത്യാനിയായ അദ്ദേഹം റോമന്‍ കത്തോലിക്കാ വിഭാഗക്കാരനാണ്. നേന്ത്രപ്പഴം,  പച്ചക്കറി കയറ്റുമതിയെക്കുറിച്ച് സംസാരിച്ച ജോര്‍ജ്, ടീ ഷര്‍ട്ടില്‍ രേഖപ്പെടുത്തിയ ഇക്വഡോര്‍ മുദ്ര ഇടക്കിടെ എനിക്ക് കാണിച്ചുതരുന്നുണ്ടായിരുന്നു. ജീവിതത്തില്‍ ആദ്യമായാണ് ഒരു മുസ്‌ലിംപള്ളി സന്ദര്‍ശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജോര്‍ജ് ഒരു പ്രതീകമാണ്. ജീവിതത്തിലൊരിക്കലും മുസ്‌ലിംപള്ളികള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത, ഇസ്‌ലാമിനെ പഠിച്ച് മനസ്സിലാക്കാനോ മുസ്‌ലിംകളെ അടുത്തറിയാനോ സാധിച്ചിട്ടില്ലാത്ത കോടിക്കണക്കിന് മനുഷ്യരുടെ പ്രതിനിധിയാണദ്ദേഹം. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് വിദൂരമായ കേള്‍വികള്‍ മാത്രമാണ് പലരുടെയും കൈമുതല്‍. ഇത്തരം ആയിരക്കണക്കിന് മനുഷ്യര്‍ക്ക് മുന്നില്‍, ഖത്തറിലെ പള്ളിവാതിലുകള്‍ തുറന്നുവെക്കപ്പെട്ടിരിക്കുന്നു. എട്ട് കളിമൈതാനങ്ങളിലെ ഫുട്‌ബോള്‍ ആരവങ്ങള്‍ മാത്രമല്ല ഖത്തര്‍ ലോകത്തിന് സമ്മാനിച്ചിരിക്കുന്നത്; തുറന്നുവെച്ച പള്ളികളില്‍ നിന്ന് മനുഷ്യ മനസ്സുകളിലേക്ക് ഒഴുകിപ്പരക്കുന്ന ആത്മീയ അനുഭൂതിയുടെയും ഇസ്‌ലാം സൗന്ദര്യത്തിന്റെയും സുഗന്ധം കൂടിയാണ്.
ഖത്തറിലെ പ്രമുഖ പള്ളികളിലേക്ക്  സന്ദര്‍ശകരുടെ  പ്രവാഹം തന്നെയാണ്. ഗ്രാന്റ് മോസ്‌ക് എന്ന് വിളിക്കപ്പെടുന്ന ദോഹയിലെ ഇമാം മുഹമ്മദുബ്‌നു അബ്ദില്‍ വഹാബ് മസ്ജിദ്, എജുക്കേഷന്‍ സിറ്റിയിലെ മസ്ജിദ് മിനാറത്തൈന്‍, സൂഖ് വാഖിഫിലെ അല്‍ഫനാര്‍ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍ പള്ളി, കത്താറ കള്‍ച്ചറല്‍ വില്ലേജിലെ ഗോള്‍ഡന്‍ മോസ്
ക്, ബ്ലുമോസ്‌ക്  തുടങ്ങിയവ ഇവയില്‍ പ്രത്യേകം അടയാളപ്പെടുത്തേണ്ടതാണ്. ഈ പള്ളികളില്‍ പോയി സന്ദര്‍ശകരെ കണ്ട്, സംഭാഷണങ്ങള്‍ക്കും ഇസ്‌ലാം സ്വീകരണങ്ങള്‍ക്കും സാക്ഷിയായ ശേഷമാണ് ഇതെഴുതുന്നത്.
ഇവിടെ പള്ളിവാതിലുകള്‍ മുഴുവന്‍ മനുഷ്യര്‍ക്കും മുന്നില്‍ തുറന്നുവെച്ചിരിക്കുന്നു. മതമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അവക്കകത്ത് പ്രവേശിക്കാം. മിഹ്‌റാബിന്റെ സമീപത്തുള്‍പ്പെടെ ഏതു ഭാഗത്തും പോകാം. പ്രാര്‍ഥനകള്‍ കാണാം. ഫോട്ടോകള്‍ എടുക്കാം. ഇമാം ഉള്‍പ്പെടെയുള്ളവരോട് സംവദിക്കാം. പള്ളികള്‍ക്കകത്തിരുന്ന്  ഫോട്ടോ എടുക്കുന്ന ചൈനീസ്, കൊറിയന്‍ സ്ത്രീകളെ ഇമാം മുഹമ്മദുബ്‌നു അബ്ദില്‍ വഹാബ് മസ്ജിദിനകത്താണ് കണ്ടത്. സഹോദര സമുദായാംഗങ്ങളിലെ ചിലര്‍ പള്ളിയുടെ പ്രശാന്തതയില്‍ ധ്യാനത്തിലിരിക്കുന്നതും കണ്ടു. ഒന്നിനും ഈ പള്ളികളില്‍ വിലക്കില്ല. വസ്ത്രങ്ങള്‍ മാന്യമായിരിക്കണം, ആദരവ് പുലര്‍ത്തണം എന്നുമാത്രം. ആ വിധം വസ്ത്രം ധരിക്കാന്‍ പള്ളികളില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. എല്ലാവരും നല്ല മനസ്സോടെ ആ വസ്ത്രം കൈപറ്റി ധരിക്കുന്നു. മറ്റുള്ളവരുടെ വിശ്വാസത്തെ മാനിക്കാനും പള്ളിയുടെ പവിത്രത കാത്തു സൂക്ഷിക്കാനും സന്ദര്‍ശകര്‍ കാണിക്കുന്ന ജാഗ്രത കാണേണ്ടതാണ്.  'നമുക്ക് മറ്റുള്ളവരില്‍ നിന്ന് മറച്ചുവെക്കാന്‍ ഒന്നുമില്ല. ഇസ്‌ലാം തുറന്ന പുസ്തകമല്ലേ? പിന്നെന്തിന് നാം പള്ളികള്‍ അടച്ചിടണം? എല്ലാവര്‍ക്കുമായി നാമിത് തുറന്നു വെച്ചിരിക്കുന്നു. ഖത്തറിലെ പള്ളികള്‍ പൊതുവേ വ്യത്യസ്ത മതക്കാരായ സന്ദര്‍ശകരെ കൂടി കണക്കിലെടുത്ത് സംവിധാനിച്ചിട്ടുള്ളവയാണ്. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ തിരിച്ചു പോകുന്നത് പുതിയ അനുഭവങ്ങളുമായാണ്.'
എടുത്തുപറയേണ്ട മറ്റൊരു കാര്യം, പള്ളികളുടെ നിര്‍മാണവും സംവിധാനങ്ങളും അവയുടെ പരിപാലനവുമാണ്. പള്ളികളുടെ സൗന്ദര്യവും സൗകര്യങ്ങളും ശുചിത്വവും  ഹൃദ്യമായ അനുഭൂതികള്‍ പകരുന്നു. നാം വീണ്ടും വീണ്ടും അവിടേക്ക് പോകാനാഗ്രഹിക്കും; അവിടെ സമയം ചെലവഴിക്കാനും. അതിനു വേണ്ടതെല്ലാം ഖത്തറിലെ പള്ളികളിലുണ്ട്. ആരാധാനാലയങ്ങള്‍ എന്നതിനപ്പുറമുള്ള, സാമൂഹിക-സാംസ്‌കാരിക കേന്ദ്രങ്ങളുടെ സ്വഭാവത്തിലാണ് അവയില്‍ പലതും സംവിധാനിച്ചിരിക്കുന്നത്. ശുചിത്വത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ലൈബ്രറി, ഗാര്‍ഡന്‍, പാര്‍ക്ക്, ഖുര്‍ആന്‍ പഠനം, സന്ദര്‍ശക ഗാലറി തുടങ്ങിയവയൊക്കെ പള്ളികളില്‍ പ്രാധാന്യപൂര്‍വം ഒരുക്കിയിട്ടുണ്ട്. ഇപ്പോള്‍ സന്ദര്‍ശകര്‍ക്കു വേണ്ടി മാത്രമല്ല ഇത്തരം സംവിധാനങ്ങള്‍. റമദാനില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പള്ളികളില്‍ വരാനും ഈ സംവിധാനങ്ങള്‍ അനുഭവിക്കാനും അവസരമുണ്ട്. റമദാനില്‍ പള്ളിയും പരിസരവും കുടുംബങ്ങള്‍ ഒരുമിച്ച് ചേരുന്ന വ്യത്യസ്ത പരിപാടികളാല്‍ സമ്പന്നമായിത്തീരുന്നു. യഥാര്‍ഥത്തില്‍, ആരാധനകള്‍ നടത്താന്‍ ഒരു കെട്ടിടം പണിയുകയല്ല, മനോഹാരിതയും പൂര്‍ണതയും പരിപാലിച്ചുകൊണ്ടുള്ള ആവിഷ്‌കാരങ്ങള്‍ നിര്‍വഹിച്ചിരിക്കുകയാണ് ഇത്തരം പള്ളികളുടെ നിര്‍മാണത്തിലൂടെ.
ലോക കപ്പ് ഫുട്ബാള്‍ മത്സരം കാണാനെത്തിയവരാണ് ഇപ്പോള്‍ പള്ളികളിലെ സന്ദര്‍ശകരില്‍ ഏറെപ്പേരും. ഈ ലോക കായിക മാമാങ്കത്തിന്റെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മാനങ്ങളില്‍ ഒന്നു മാത്രമാണിത്. ആഫ്രിക്ക, അമേരിക്ക, യൂറോപ്പ്, ഏഷ്യ... എല്ലാ ഭൂഖണ്ഡങ്ങളില്‍ന്നുമുള്ളവര്‍, വ്യത്യസ്ത ദേശക്കാരും ഭാഷക്കാരും വര്‍ണ-വംശക്കാരും പള്ളികള്‍ കാണാനെത്തുന്നവരിലുണ്ട്. ജീവിതത്തില്‍ ആദ്യമായാണ് മഹാ ഭൂരിപക്ഷവും മുസ്‌ലിംപള്ളികള്‍ സന്ദര്‍ശിക്കുന്നത്, പ്രാര്‍ഥനകള്‍ വീക്ഷിക്കുന്നത്, ഇസ്‌ലാമിനെക്കുറിച്ച് അറിയുന്നത്! ഒരു മുസ്‌ലിമിനെ ആദ്യമായി കാണുന്നവര്‍ പോലും അവരിലുണ്ട്. ഒരു സ്‌പെയിന്‍കാരനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു: 'ഞങ്ങളുടെ പ്രദേശത്ത് പള്ളികള്‍ ഇല്ല. എനിക്ക് ഇസ്‌ലാമിനെക്കുറിച്ച് ഒന്നുമറിയില്ല. മൊറോക്കോ അടുത്തായതുകൊണ്ട് പള്ളികള്‍ ഞാന്‍ കണ്ടിട്ടുണ്ട്.'  സഹോദര സമുദായാംഗങ്ങളായ മലയാളി കുടുംബങ്ങളെയും ഒരു പള്ളിയില്‍ കാണാനായി. അവര്‍ക്ക് മുസ്‌ലിം പള്ളിയുടെ അകം കാണാന്‍ കേരളത്തില്‍ നിന്ന് ഖത്തറില്‍ വരേണ്ടി വന്നോ എന്നായിരുന്നു എന്റെ സംശയം!
അത്ഭുതത്തോടെയാണ് ആളുകള്‍ പള്ളികള്‍ക്കകത്തേക്ക് വരുന്നത്. ചിലര്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച പ്രചാരണങ്ങള്‍ കേട്ടതുകൊണ്ടോ, മറ്റു ചിലര്‍ ഒന്നും അറിയാത്തതുകൊണ്ടോ ആകാം, ജിജ്ഞാസയോടെ പള്ളിയുടെ ഓരോ ഭാഗവും നിരീക്ഷിക്കുന്നത് കാണാം. മനോഹരമായ ശില്‍പചാരുതയാണ് ചിലരെ ആകര്‍ഷിക്കുന്നത്. പ്രതിഷ്ഠകളും രൂപങ്ങളുമില്ലാത്ത മിഹ്‌റാബും പ്രാര്‍ഥനകളും ഏകദൈവ വിശ്വാസത്തെക്കുറിച്ച പുതിയ അറിവാണ് ചിലര്‍ക്ക്. പണ്ഡിതനും ഉന്നതോദ്യോഗസ്ഥനും ഓഫീസിലെ മാനേജറും തെരുവിലെ തൊഴിലാളിയും കറുത്തവനും വെളുത്തവനും ഒന്നിച്ച് നമസ്‌കരിക്കുന്ന ദൃശ്യങ്ങളാണ് ചിലരുടെ മനം കവരുന്നത്. നേരത്തെ തെരുവില്‍ കണ്ട യൂനിഫോമിട്ട പോലീസ് ഉദ്യോഗസ്ഥനും, ജാക്കറ്റ് ധരിച്ച ക്ലീനിങ്ങ് തൊഴിലാളിയും പള്ളിക്കകത്ത് ഒരേ വരിയില്‍ അടുത്തടുത്തു നിന്ന് നമസ്‌കരിക്കുന്നത് പലരും സാകൂതം വീക്ഷിക്കുന്നു. അവരുടെ മനസ്സിനെ അത് സ്പര്‍ശിച്ചിട്ടുണ്ടെന്ന് മുഖഭാവത്തില്‍ നിന്ന് മനസ്സിലാക്കാം. 'ഒരു ദിവസം അഞ്ചു തവണ പള്ളികളില്‍ വന്ന് പ്രാര്‍ഥിക്കുന്നു' എന്നതാണ് പലരെയും അത്ഭുതപ്പെടുത്തുന്നത്. ഇതെങ്ങനെ സാധിക്കുന്നു എന്ന് ചിലര്‍. ഇതിന്റെ ആവശ്യമുണ്ടോ എന്ന് മറ്റു ചിലര്‍. 'തിരക്ക് പിടിച്ച ജോലിക്കിടയില്‍ ഏതാനും മിനിറ്റുകള്‍ മെഡിറ്റേഷന്‍ ചെയ്താല്‍ നന്നായിരിക്കില്ലേ? അത് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ! അതാണ് നമസ്‌കാരത്തിലൂടെ സാധിക്കുന്നത്' മലയാളി മുസ്‌ലിം സഹോദരി സഹപ്രവര്‍ത്തകക്ക് നല്‍കിയ മറുപടിയാണിത്.
ഇങ്ങനെ, പള്ളികള്‍ പലര്‍ക്കും പല തരത്തിലുള്ള അനുഭവങ്ങളാണ് നല്‍കുന്നത്. സന്ദര്‍ശനം കഴിഞ്ഞിറങ്ങിയ അര്‍ജന്റീനക്കാരായ ദമ്പതികളെ ഗ്രാന്റ് മോസ്‌കിന്റെ പടികളില്‍ വെച്ചാണ് പരിചയപ്പെട്ടത്; ഹൃദ്യമായ ആത്മീയാനുഭവം എന്നായിരുന്നു അവരുടെ പ്രതികരണം. കേരളത്തിലെ അര്‍ജന്റീനാ ഫാന്‍സിനെക്കുറിച്ച് പറഞ്ഞ്, പുഴയില്‍ സ്ഥാപിച്ച മെസ്സിയുടെ കൂറ്റന്‍ കട്ടൗട്ട് ഫോണില്‍ കാണിച്ചു കൊടുത്തപ്പോള്‍ അവര്‍ക്ക് വിസ്മയം.
സൂഖ് വാഖിഫിലെ അല്‍ഫനാര്‍ പള്ളിയില്‍ നേരത്തെ തുടര്‍ന്നുവരുന്ന സന്ദര്‍ശനത്തിനും സംവാദത്തിനുമുള്ള സംവിധാനങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ വിപുലപ്പെടുത്തിയിട്ടുണ്ട്. മറ്റു പള്ളികളിലും സന്ദര്‍ശകര്‍ക്ക് പണ്ഡിതന്മാരോട് സംവദിക്കാം. ഇമാം മുഹമ്മദുബ്‌നു അബ്ദില്‍ വഹാബ് മസ്ജിന്റെ ഒരു വശത്തെ ചുവരില്‍, ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന മനോഹരമായ സചിത്ര ആവിഷ്‌കാരങ്ങളുണ്ട്. ഇസ്‌ലാമിന്റെ പരിസ്ഥിതി പാഠങ്ങളും മറ്റും  അവയില്‍ ആകര്‍ഷകമായി ചിത്രീകരിച്ചിരിക്കുന്നു. സംഘടിത പ്രാര്‍ഥനയുടെ സമയത്ത് അത് വീക്ഷിക്കാന്‍ പ്രത്യേക ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഗ്രാന്റ് മോസ്‌കില്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക്, മനോഹരമായ അറബി കലിഗ്രഫിയില്‍ പേരുകള്‍ എഴുതിക്കൊടുക്കുന്ന ഒരു കലാകാരനെ കാണാം. അറബിയില്‍ എഴുതിയ തങ്ങളുടെ പേര് തിരിച്ചറിയാനായി, മറുപുറത്ത് തങ്ങളുടെ ഭാഷയില്‍ അവരത് ചെറുതായി അടയാളപ്പെടുത്തുന്നു.
അമേരിക്കയില്‍ നിന്നുള്‍പ്പെടെയുള്ള നിരവധി ഇസ്‌ലാമിക പണ്ഡിതന്മാര്‍ പള്ളികളിലെ സന്ദര്‍ശകര്‍ക്ക് മികച്ച സംവാദാനുഭവങ്ങള്‍ നല്‍കുന്നു. ഇംഗ്ലീഷിനെക്കാള്‍ കൂടുതല്‍ ഫ്രഞ്ചും സ്പാനിഷും  സംസാരിക്കുന്നവരാണ് സന്ദര്‍ശകരില്‍ നല്ലൊരു വിഭാഗം. ഈ ഭാഷകള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞതിന്റെ പൊരുള്‍ ഇതു കണ്ടപ്പോള്‍ കൂടുതല്‍ ബോധ്യപ്പെട്ടു. സ്പാനിഷ് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ സംശയ നിവൃത്തി വരുത്തുന്ന പണ്ഡിതന്മാര്‍ പള്ളികളിലുണ്ട്. ചില സന്ദര്‍ശക സംഘങ്ങളില്‍ ഒന്നോ രണ്ടോ പേര്‍ ഇംഗ്ലീഷ് അറിയുന്നവരുണ്ടാകും. ഇമാമിന്റെ സംസാരം അവര്‍ സംഘാംഗങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കുന്നു. ഖുര്‍ആനിന്റെ വിവിധ ഭാഷകളിലുള്ള വിവര്‍ത്തനങ്ങളും, ഇസ്‌ലാമിനെ കൂടുതല്‍ പഠിക്കാന്‍ സഹായിക്കുന്ന പുസ്തകങ്ങളും ലഘുലേഖകളും, വ്യത്യസ്ത വിഷയങ്ങളിലുള്ള വെബ്‌സൈറ്റുകളിലേക്ക് എളുപ്പത്തില്‍ ചെന്നെത്താവുന്ന ക്യു.ആര്‍ കോഡുകളുമൊക്കെ സന്ദര്‍ശകര്‍ക്ക് നല്‍കുന്നുമുണ്ട്.
പല സന്ദര്‍ശകരും ദീര്‍ഘ സമയം പള്ളിയില്‍ ചെലവഴിക്കുന്നു, പണ്ഡിതന്മാരോട് സംവദിക്കുന്നു. ഇസ്‌ലാമിനെ കുറിച്ച സംസാരങ്ങള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘാംഗങ്ങള്‍ സാകൂതം കേട്ടിരിക്കുന്നു. സ്ത്രീകളുടെ സ്ഥാനവും നിയമങ്ങളും, മദ്യനിരോധം, ഹലാല്‍ - ഹറാമുകള്‍, പലിശ, ഇതര മതക്കാരോടുള്ള സമീപനം തുടങ്ങിയവയാണ് സംശയങ്ങളില്‍ പ്രധാനം. ആദം - ഹവ്വയെയും ഈസാ നബിയെയും മര്‍യം ബീവിയെയും ബൈബ്ള്‍ സാക്ഷ്യപ്പെടുത്തിയ മറ്റു പ്രവാചകന്മാരെയും കുറിച്ച ഖുര്‍ആനിക വിവരണങ്ങളും ഇസ്‌ലാമിക വിശ്വാസങ്ങളും പലരെയും അത്ഭുതപ്പെടുത്തി. 'നിങ്ങള്‍ യേശുവില്‍ വിശ്വസിക്കുന്നുണ്ടോ?' ഇമാമിന്റെ വിവരണം കേട്ടപ്പോള്‍ ഒരു അര്‍ജന്റീനക്കാരി ചോദിച്ചു. തുടര്‍ന്ന് ഈസാ നബിയെക്കുറിച്ച ഇമാമിന്റെ വിവരണം. ഈസാ വധിക്കപ്പെട്ടിട്ടില്ല എന്ന ഖുര്‍ആന്‍ വാക്യം അദ്ദേഹം അവരെ കേള്‍പ്പിച്ചു. അല്‍പസമയം അവര്‍ മൗനിയായി നില്‍ക്കുന്നത് കണ്ടു. ഖുര്‍ആനിന്റെ അറബി ടെക്‌സ്റ്റോടു കൂടിയ സ്പാനിഷ് പരിഭാഷ സന്ദര്‍ശകരുടെ കൈയില്‍ കൊടുത്താണ് ഇമാം  വിശദീകരണങ്ങള്‍ നല്‍കുന്നത്. വരുന്ന സംഘങ്ങള്‍ക്ക് ചര്‍ച്ചകള്‍ നടത്താനായി പ്രത്യേകം ഇരിപ്പിടങ്ങളും സംവിധാനങ്ങളും ചില പള്ളികളില്‍ ഒരുക്കിയിട്ടുണ്ട്. സംശയങ്ങള്‍ കൂടുതല്‍ ചോദിക്കുന്നവരില്‍ സ്ത്രീകള്‍ മാത്രമല്ല, യുവാക്കളുമുണ്ട്. അവര്‍ക്കെല്ലാം, ഏറെ സരളവും ഹൃദ്യവുമായി, പുഞ്ചിരിക്കുന്ന മുഖത്തോടെയാണ് പണ്ഡിതന്മാര്‍ മറുപടി പറയുന്നത്. രൂക്ഷമായ ഭാഷയോ ശൈലിയോ, മറു ചോദ്യങ്ങളിലൂടെ ചോദ്യകര്‍ത്താവിനെ ഉത്തരം മുട്ടിക്കലോ ഒന്നുമില്ല.
മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ, എട്ടു പേരടങ്ങുന്ന അര്‍ജന്റീനാ സംഘം പള്ളിയിലെ സംസാരം അവസാനിപ്പിച്ച് എഴുന്നേറ്റ് പുറത്തേക്ക് നടന്നപ്പോള്‍, അവരില്‍ ഒരു യുവാവ് ഇമാമിന്റെ അടുത്തു തന്നെ നിന്നു: 'എനിക്ക് വിശ്വാസമോ മതമോ ഇല്ല. ഏറ്റവും നല്ല വിശ്വാസം സ്വീകരിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. അതിനായുള്ള എന്റെ അന്വേഷണം ഇവിടെ അവസാനിക്കുകയാണ്. എനിക്ക് ഇപ്പോള്‍ ഇവിടെ വെച്ച് പ്രാര്‍ഥിക്കാന്‍ പറ്റുമോ?' അദ്ദേഹം ഇമാമിനോട് ചോദിച്ചു. ഇമാം അദ്ദേഹത്തെ കൈ പിടിച്ചു, പുറത്തു കൊണ്ടുപോയി അംഗശുദ്ധി വരുത്തിച്ചു, മിഹ്‌റാബിന് അടുത്ത് ചെന്ന് നമസ്‌കാരത്തെക്കുറിച്ച് വിശദീകരിച്ചുകൊടുത്തു, ഇമാമായി നിന്ന് ആ ചെറുപ്പക്കാരനെ നമസ്‌കരിക്കാന്‍ പഠിപ്പിച്ചു. സംഘത്തിലുണ്ടായിരുന്ന ബന്ധുവായ ചെറിയ കുട്ടിയും നമസ്‌കാരത്തില്‍ പങ്കുചേര്‍ന്നു. സമൂഹമാധ്യമങ്ങളില്‍ കണ്ട  സംഭവ വിവരണങ്ങളുടെ വൈപുല്യവും അനുഭൂതിയും അങ്ങനെ നേരില്‍ കണ്ടറിയാനായി.
ഇസ്‌ലാം എന്താണെന്നുള്ള ജിജ്ഞാസ സന്ദര്‍ശകരുടെ കണ്ണുകളില്‍ നമുക്ക് വായിച്ചെടുക്കാം. അറിയാനുള്ള അവരുടെ ആഗ്രഹം ആത്മാര്‍ഥമാണെന്ന് അവരുടെ ചോദ്യശൈലി കണ്ടാലറിയാം. പിന്നെ ഉത്തരങ്ങള്‍ കേള്‍ക്കാന്‍ കാതുകള്‍ കൂര്‍പ്പിച്ചുള്ള ആ ഇരുത്തം. ജിജ്ഞാസയും പുതിയ എന്തോ ഒന്നിനു വേണ്ടിയുള്ള അന്വേഷണവും അവരുടെ മുഖത്തും ശരീരഭാഷയിലും അടയാളപ്പെട്ടു കിടക്കുന്നുണ്ട്. ആ ദാഹം വ്യക്തിയുടെ മാത്രമല്ല, ജീവിതത്തെ തൊടാത്ത പൗരോഹിത്യ മതവും, ആത്മീയ-സാമൂഹിക ശൂന്യതയിലേക്ക് മനുഷ്യനെ എടുത്തെറിഞ്ഞ ഭൗതികതയും സൃഷ്ടിച്ച നാഗരികതയുടെ ദാഹമാണത്. പടിഞ്ഞാറന്‍ നാഗരികതയുടെ ദാഹം തീര്‍ക്കുന്ന ഇസ്‌ലാമിന്റെ സംസം; പള്ളികളില്‍ നിന്ന്, തെരുവുകളില്‍ നിന്ന്, ഫാന്‍സ് സോണുകളില്‍ നിന്ന്, കളി മൈതാനങ്ങളില്‍ നിന്ന് മനുഷ്യ മനസ്സുകളിലേക്ക് ഒഴുകിപ്പരക്കുകയാണ്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് -28-31
ടി.കെ ഉബൈദ്‌

ഹദീസ്‌

ദിക്‌റിന്റെ ചിറകില്‍ മുന്നേറിയവര്‍
അമീന്‍ വി. ചൂനൂര്‍