Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 21

ലാഭം മാത്രം നല്‍കുന്ന ബിസിനസ്സില്‍ ഷെയര്‍ എടുക്കാമോ?

ഇല്‍യാസ് മൌലവി

എന്റെ ഒരു സുഹൃത്ത് ജ്വല്ലറി നടത്തുന്നു. അതില്‍ പങ്കാളിയാവാന്‍ എന്നെ ക്ഷണിക്കുന്നു. 5 ലക്ഷം രൂപ നല്‍കിയാല്‍ ഓരോ മാസവും ലാഭ വിഹിതമായി 10,000 രൂപ എനിക്ക് നല്‍കാമെന്നും, ഇനി മുടക്കു മുതല്‍ തിരിച്ചു വേണമെങ്കില്‍ ഒരു മാസം മുമ്പ് വിവരമറിയിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ചുതരാമെന്നും അവര്‍ പറയുന്നു. ഇത്തരം സംരംഭങ്ങളിലെ പങ്കാളിത്തത്തിന്റെ ഇസ്ലാമികമാനം എന്താണ്?
നിക്ഷേപകര്‍ക്ക് മുടക്കുമുതലിന്റെ (മൂലധനം) നിശ്ചിത ശതമാനം ലാഭവിഹിതം നല്‍കുകയും മുടക്കുമുതല്‍ സുരക്ഷിതമായി അവശേഷിക്കുകയും (ഗാരന്റി) ചെയ്യുന്ന വ്യവസ്ഥകളോടെയുള്ള എല്ലാതരം ഇടപാടുകളും അനിസ്ലാമികമാണ്. പൌരാണികരും ആധുനികരുമായ മുഴുവന്‍ ഫുഖഹാക്കളുടെയും, ഇന്ന് മുസ്ലിം ലോകത്ത് നിലവിലുള്ള ഫിഖ്ഹ് അക്കാദമിയുടെയുമെല്ലാം അഭിപ്രായം ഇതുതന്നെയാണ്. ആധുനികകാലത്തെ സാമ്പത്തിക ഇടപാടുകളെയും വ്യവഹാരങ്ങളെയും പറ്റി അറിവുള്ള സാമ്പത്തിക വിദഗ്ധരെ വിളിച്ചുവരുത്തി അവരുടെ അഭിപ്രായമാരാഞ്ഞ ശേഷം അവയുടെ ഇസ്ലാമികവിധി തീരുമാനിക്കുക എന്നതാണ് ഫിഖ്ഹ് അക്കാദമികളുടെ രീതി. വിശദാംശങ്ങള്‍ താഴെ:
1 - ലാഭ നഷ്ടങ്ങളെ സംബന്ധിച്ച് വ്യക്തമായ ധാരണയിലെത്താതെ, കേവലം ലാഭത്തെക്കുറിച്ച് മാത്രമാണ് ഇവിടെ കരാറായിരിക്കുന്നത്.
2 - താന്‍ മുടക്കുന്ന 5 ലക്ഷം യാതൊരു ഏറ്റക്കുറച്ചിലുമില്ലാതെ എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. ആകെയുള്ള ഉപാധി ഒരു മാസം മുമ്പ് വിവരമറിയിക്കണമെന്ന് മാത്രമാണ്.
3 - പ്രസ്തുത സംരംഭത്തില്‍ (ജ്വല്ലറിയാകട്ടെ മറ്റേത് തരം കച്ചവട സംരംഭങ്ങളാകട്ടെ) ഓരോരുത്തരുടെയും ഓഹരി വ്യക്തമല്ല, ആ ഓഹരിയുടെ അനുപാതത്തിലല്ല ലാഭം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.
4 - ലാഭം ഇത്ര രൂപ എന്ന് (10,000) മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
5 - ജ്വല്ലറിയുടമക്ക് ലഭിക്കുന്ന മൊത്തം ലാഭം എത്രയാണെന്നോ അതിന്റെ എത്ര ശതമാനമായിരിക്കും ഈ നല്‍കാമെന്നേറ്റ 10,000 എന്നോ വ്യക്തമല്ല.
6 - എല്ലാ മാസവും ലഭിക്കുന്ന ലാഭമനുസരിച്ച് 10,000 എന്നത് തികച്ചും സാങ്കല്‍പികം മാത്രമാണ്. അത് കൂടാനും കുറയാനും ധാരാളം സാധ്യത ഉണ്ടായിരിക്കേ വളരെ കൃത്യമായി നിശ്ചയിച്ചിരിക്കുന്നു.
ഇങ്ങനെ നോക്കുമ്പോള്‍ ഒന്നിലധികം നിഷിദ്ധങ്ങള്‍ ഈ സംരംഭത്തില്‍ ഒരുമിച്ച് കൂടുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഒന്നാമത്തെ കാര്യം ഈ ഇടപാടും പലിശയും തമ്മില്‍ വ്യത്യാസമില്ല എന്നതാണ്. കാരണം അഞ്ച് ലക്ഷം രൂപ ഒരാള്‍ക്ക് കടം കൊടുത്താല്‍ അത് തിരിച്ചടക്കാന്‍ വാങ്ങിയവന്‍ ബാധ്യസ്ഥനാണ്. തനിക്കെന്ത് നഷ്ടം സംഭവിച്ചാലും കടം നല്‍കിയവന്‍ അതറിയേണ്ടതില്ല. അതുകൊണ്ട് തന്നെ കടം വാങ്ങിച്ചവന്‍ 5 ലക്ഷം കൊണ്ട് 10 ലക്ഷം ഉണ്ടാക്കിയാലും തന്റെ ലാഭത്തില്‍ നിന്ന് ഒരു വിഹിതവും കടം നല്‍കിയവന് കൊടുക്കാന്‍ ബാധ്യസ്ഥനുമല്ല.
താങ്കളുടെ വിഷയത്തിലും ജ്വല്ലറിയുടമക്കുണ്ടാവുന്ന നഷ്ടം അതെത്ര വലുതാണെങ്കിലും അത് പരിഗണിക്കാതെ താങ്കള്‍ക്ക് 10,000 രൂപ തരും എന്ന വ്യവസ്ഥ കച്ചവടത്തില്‍ പങ്കാളി എന്നതിന് പകരം കടം നല്‍കിയവന്‍ എന്ന നിലയിലേക്ക് മാറുന്നു.
യഥാര്‍ത്ഥത്തില്‍ താങ്കള്‍ക്ക് ലാഭത്തിന് അര്‍ഹതയുണ്ടാവണമെങ്കില്‍ സംരംഭത്തില്‍ നഷ്ട സാധ്യത കൂടി കണ്ട് അതിലുള്ള പങ്കാളിത്തം കൂടി വ്യക്തമായി കരാര്‍ ചെയ്തിരിക്കണം.
രണ്ടാമത്തെ വശം, ലാഭം 10,000 എന്ന് മുന്‍കൂട്ടി ക്ളിപ്തപ്പെടുത്തിയെന്നുള്ളതാണ്. ഇതും ശരീഅത്ത് നിഷ്കര്‍ഷിച്ച ഉപാധികള്‍ക്കെതിരാണ്. ജ്വല്ലറിയുടമക്ക് ലഭിക്കുന്ന ലാഭം വളരെ കൂടുതലായിരിക്കാന്‍ സാധ്യതയുണ്ട്. അപ്പോള്‍ 10,000 ന് പകരം 15,000 ഉണ്ടായേക്കാം. അതുപോലെ ലാഭം ഒട്ടും ഇല്ലാതെയുമിരിക്കാം (ഒരു മാസം കച്ചവടം ഒന്നുമില്ലെങ്കില്‍ അങ്ങനെ സംഭവിക്കാമല്ലോ). ഇനി വമ്പിച്ച നഷ്ടമാണുണ്ടാവുന്നതെങ്കില്‍ താങ്കള്‍ക്ക് തരാമെന്നേറ്റ 10,000 സ്വന്തം മുതലില്‍ നിന്ന് എടുത്ത് തരേണ്ടിവരും. അപ്പോള്‍ അയാള്‍ക്കത് നഷ്ടത്തിന്മേല്‍ നഷ്ടമാണ്. ചുരുക്കത്തില്‍, താങ്കള്‍ക്ക് ലഭിക്കുന്ന പത്തായിരം യഥാര്‍ഥത്തില്‍ താങ്കളുടെ വിഹിതമായ സമ്പാദ്യം എന്നു പറയാനാവില്ല. അതിനാല്‍ ഈ ഉപാധിയും ഇസ്ലാമിക ദൃഷ്ട്യാ സാധുവല്ല. ഇസ്ലാം നിരോധിച്ച പലിശ ഇതില്‍ പ്രത്യക്ഷമായി തന്നെ കടന്നുവരുന്നുണ്ട്. തദ്വിഷയകമായി ഇമാം റാസി പറയുന്നു: "ജാഹിലീ കാലത്ത് ഏറെ പ്രശസ്തവും സുപരിചിതവുമായിരുന്നതാണ് 'അവധിപ്പലിശ'. ഓരോ മാസവും ഒരു നിശ്ചിത തുക നല്‍കിക്കൊള്ളാമെന്ന വ്യവസ്ഥയോടെ അവര്‍ പണം (മൂലധനം) നല്‍കാറുണ്ടായിരുന്നു. മൂലധനം അതേ മട്ടില്‍ അവശേഷിക്കുകയും ചെയ്യും. അങ്ങനെ കടത്തിന്റെ അവധിയായാല്‍ മൂലധനം ആവശ്യപ്പെടും. തിരിച്ചടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവധി നീട്ടിക്കൊടുത്ത് കൂടുതല്‍ സംഖ്യ വസൂലാക്കുകയും ചെയ്യും. ഇതായിരുന്നു ജാഹിലീകാലത്ത് അവര്‍ നടത്തിയിരുന്ന പലിശ'' (അത്തഫ്സീറുല്‍ കബീര്‍ 4/92).
ഇബ്നു ഹജറുല്‍ ഹൈതമി പറയുന്നു: "മൂലധനം അതേ നിലയില്‍ അവശേഷിക്കുന്ന വിധം ഓരോ മാസവും നിശ്ചിത തുക നല്‍കിക്കൊള്ളാമെന്ന വ്യവസ്ഥയോടെ ഒരാള്‍ മറ്റൊരാള്‍ക്ക് അവധിക്ക് പണം കടം കൊടുക്കുന്നതായിരുന്നു ജാഹിലീ കാലത്തെ പ്രസിദ്ധമായ അവധിപ്പലിശ'' (അസ്സവാജിര്‍ 1/222).
താങ്കളും താങ്കളെപ്പോലെ ഇത്തരം കൂട്ടു സംരംഭങ്ങളില്‍ മുതല്‍ മുടക്കുന്നവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:
1 - താങ്കള്‍ മുടക്കുന്ന തുക മൊത്തം സംരംഭത്തിന്റെ എത്ര ശതമാനം വരും എന്ന് കൃത്യമായി നിര്‍ണയിക്കുക. അതിന് സാധിക്കാത്ത പക്ഷം ശരാശരി കണക്കാക്കുക.
ജ്വല്ലറിയുടെ ആസ്തി 95 ലക്ഷമാണെന്ന് കരുതുക. താങ്കളുടെ അഞ്ച് ലക്ഷം കൂടി ചേരുമ്പോള്‍ മൊത്തം ഒരു കോടി. അപ്പോള്‍ താങ്കള്‍ക്ക് ഈ ജ്വല്ലറിയിലെ പങ്കാളിത്തം അഞ്ച് ശതമാനം ആയിരിക്കും.
2 - ലാഭം ഇത്ര സംഖ്യയെന്നോ, മുതല്‍ മുടക്കിന്റെ ഇത്ര ശതമാനം എന്നോ കരാര്‍ ചെയ്യാതെ ഓരോരുത്തരുടെയും ഓഹരിയും അധ്വാനവുമെല്ലാം കണക്കാക്കി ലാഭ വിഹിതം അതിനനുസരിച്ച് നിര്‍ണയിക്കുക. ഇവിടെ താങ്കളുടെ ഓഹരി 5 ശതമാനം. ജ്വല്ലറിയുടമയായ സുഹൃത്തിന്റെ ഓഹരി 95 ശതമാനം. നടത്തിപ്പുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ കൂലി മാറ്റിനിര്‍ത്തിയ ശേഷം മൊത്തം ലാഭം എത്രയാണോ (അത് മുന്‍കൂട്ടി പ്രവചിക്കുക പലപ്പോഴും സാധ്യമല്ല, ഇനി സാധ്യമായാല്‍ തന്നെ അങ്ങനെത്തന്നെ ആയിക്കൊള്ളണമെന്നില്ല) അതിന്റെ അഞ്ച് ശതമാനം താങ്കള്‍ക്കും ബാക്കി സുഹൃത്തിനും. ഇവിടെയുള്ള വ്യത്യാസം ലാഭത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് ഓരോരുത്തര്‍ക്കും ലഭിക്കുന്ന സംഖ്യയും ഏറിയും കുറഞ്ഞുമിരിക്കും എന്നുള്ളതാണ്. അപ്പോള്‍ താങ്കള്‍ക്ക് ഒരു മാസം 10,000 ആണ് കിട്ടുന്നതെങ്കില്‍ പിറ്റേ മാസം അതിലും കുറവോ കൂടുതലോ ആയിരിക്കും കിട്ടുക, സുഹൃത്തിനും അങ്ങനെ തന്നെ, ഒരാളും ഇതരന്റെ മുതല്‍ അന്യായമായി അനുഭവിക്കാനിട വരുകയില്ല.
3 - സാധാരണ ഗതിയില്‍ ഒട്ടും നഷ്ട സാധ്യതയില്ലെങ്കില്‍ പോലും ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് പ്രവചിക്കാനാവാത്തതിനാല്‍ നഷ്ടം സംഭവിക്കാനുള്ള നേരിയ സാധ്യതയെങ്കിലും മുമ്പില്‍ കണ്ട് ഇരുകൂട്ടരും തങ്ങളുടെ ഓഹരിക്കാനുപാതികമായി പങ്കുചേരാനുള്ള ധാരണ വ്യക്തമായി രേഖപ്പെടുത്തണം.
കൂടാതെ, മൊത്തം കൂട്ടു സംരംഭത്തില്‍ പങ്കാളികളാവുന്നവര്‍ ശ്രദ്ധിക്കേണ്ട ചില അടിസ്ഥാനങ്ങള്‍ കൂടി.
1 - സംരംഭത്തിന്റെ മുടക്കു മുതല്‍ തികച്ചും ഹലാല്‍ ആയിരിക്കുക. അതില്‍ ഹറാം കലര്‍ന്നിട്ടില്ലെന്ന് ഉറപ്പ് വരുത്തുക.
2 - കമ്പനിയുടെ പ്രവര്‍ത്തനങ്ങളും വരുമാന മാര്‍ഗങ്ങളും ഇസ്ലാം വിലക്കിയ മാര്‍ഗങ്ങളിലൂടെയല്ലെന്ന് ഉറപ്പ് വരുത്തുക.
3 - വരവ്, ചെലവുകള്‍ കൃത്യമായി രേഖപ്പെടുത്തുക, പരമാവധി സുതാര്യതയും വ്യക്തതയും ഉറപ്പ് വരുത്തുക.
4 - സകാത്ത് ബാധകമാവുന്ന പരിധിയെത്തുമ്പോള്‍ അത് കൃത്യമായി നല്‍കാന്‍ വ്യവസ്ഥ ഉണ്ടാക്കുക. അതിന് കഴിയാത്ത പക്ഷം തന്റെ ഓഹരി സകാത്ത് നല്‍കുക.
പരലോകത്ത് ചെല്ലുമ്പോള്‍ കാലടി നീങ്ങണണമെങ്കില്‍ നാല് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടതുണ്ടെന്ന കാര്യം നമുക്ക് ഓര്‍മയുണ്ടായിരിക്കണം. അതില്‍ രണ്ട് ചോദ്യം സമ്പത്തുമായി ബന്ധപ്പെട്ടതായത് യാദൃഛികമല്ല. "നീയിതെങ്ങനെ സമ്പാദിച്ചു? ഏതില്‍ ചെലവഴിച്ചു?''

പലിശ്ശപ്പണം സ്വദഖ കൊടുക്കാമോ?
ചോദ്യം: എന്റെ അക്കൌണ്ടില്‍ 10,000 രൂപ പലിശയായി ഉണ്ട്. ഇതുവരെ ഞാനത് എടുത്തിട്ടില്ല. അത് എടുക്കാതിരിക്കുന്നത് ശരിയല്ലെന്നും എടുത്തിട്ട് ദാനം ചെയ്യണമെന്നും ചിലര്‍ ഉപദേശിക്കുന്നു. എന്റെ സഹോദരിയുടെ മകളുടെ വിവാഹമുണ്ട്. വളരെ പാവപ്പെട്ട കുടുംബമാണ്, ഇതെടുത്ത് അവരെ സഹായിക്കാന്‍ പറ്റുമോ?
പലിശയെ സംബന്ധിച്ച് വളരെ ഗൌരവത്തോടെയാണ് ഇസ്ലാം അത് നിഷിദ്ധമെന്ന് വ്യക്തമാക്കിയിട്ടുള്ളത്. അത് വാങ്ങുന്നവരും കൊടുക്കുന്നവരും മാത്രമല്ല അതിന് സാക്ഷികളാവുന്നവരും അതെഴുതുന്നവരുമെല്ലാം ദൈവ ശാപത്തിന് വിധേയരായിത്തീരും. അല്ലാഹു ഒരാളെ ശപിച്ചാല്‍ അതിന്റെ പ്രത്യാഘാതം വിശദീകരിക്കേണ്ടതില്ല. മദ്യപാനത്തെയും വ്യഭിചാരത്തെയും മ്ളേഛമായി കാണുന്നവര്‍ പോലും പലിശയെ ആ ഗൌരവത്തില്‍ പരിഗണിക്കാറില്ല. 36 പ്രാവാശ്യം വ്യഭിചരിക്കുന്നതിനേക്കാള്‍ ഗുരുതരമായ പാപമാണ് ഒരു ദിര്‍ഹം പലിശയെന്നാണ് തിരുമേനി പഠിപ്പിച്ചിട്ടുള്ളത്. പലിശ എഴുപതില്‍ പരം ഇനങ്ങളാണെന്നും സ്വന്തം ഉമ്മയെ വ്യഭിചരിക്കുന്നതിനെക്കാള്‍ മോശമാണ് അതിലേറ്റവും നിസ്സാരമായ ഇനമെന്നും ഹദീസില്‍ കാണാം.
എന്നാല്‍ ചിലരുടെ അക്കൌണ്ടിലേക്ക് അവരറിയാതെ പലിശ വന്നുകൊണ്ടിരിക്കും.. അവരെന്തു ചെയ്യണം? ഇതില്‍ പണ്ഡിതന്മാര്‍ക്ക് വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. അതില്‍ സ്വീകരിക്കാവുന്നത് എന്ന് തോന്നിയ ഒരു വീക്ഷണം ഇങ്ങനെയാണ്:
ചോദ്യത്തില്‍ സൂചിപ്പിച്ച പോലെയുള്ള സാഹചര്യത്തില്‍ അവര്‍ നാലിലൊരു മാര്‍ഗം തെരഞ്ഞെടുക്കേണ്ടിവരും.
1). പലിശ വാങ്ങി സ്വയം ഉപയോഗിക്കുക. 2). പലിശ വാങ്ങി കത്തിച്ചുകളയുകയോ നശിപ്പിക്കുകയോ ചെയ്യുക. 3). ബാങ്കില്‍ തന്നെ തിരിച്ചു വെച്ചുകൊണ്ടിരിക്കുക. 4). വാങ്ങിച്ച് സ്വയം ഉപയോഗിക്കാതെ അര്‍ഹമായ മേഖലകളിലേക്ക് നല്‍കി കുറ്റത്തില്‍നിന്ന് ഒഴിവാകുക.
ഇതില്‍ ഒന്നാമത് പറഞ്ഞത് ഒരു മുസ്ലിമിനെ സംബന്ധിച്ചേടത്തോളം ഒട്ടും പാടില്ലെന്ന് വ്യക്തം. രണ്ടാമത് പറഞ്ഞതിലും പ്രശ്നമുണ്ട്. പലിശയെന്നാല്‍ പന്നിമാംസം, മദ്യം, മാലിന്യം തുടങ്ങിയവ പോലെ, ആ വസ്തു സ്വയമേവ നിഷിദ്ധമല്ല. പണം സ്വന്തം നിലക്ക് മുല്യമുള്ളതും പ്രയോജനമുള്ളതുമായ വസ്തുവാണ്. അത് നശിപ്പിക്കുന്നത് കുറ്റമാണ്. അതിനാല്‍ അത് അംഗീകരിക്കാന്‍ നിര്‍വാഹമില്ല. മൂന്നാമത്തെ രൂപമായ ബാങ്കില്‍ തന്നെ വെച്ചുകൊണ്ടിരിക്കുന്നത് പലിശ സംവിധാനത്തെ കൂടുതല്‍ പുഷ്ടിപ്പെടുത്തുകയാണ് ചെയ്യുന്നത്. നാലാമത്തെ മാര്‍ഗമാണ് സ്വീകരിക്കാവുന്ന ഒരു രീതി. പലിശയിനത്തില്‍ ലഭിച്ച പണം പാവങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനെ ദീന്‍ മഹത്തായ പുണ്യകര്‍മമായി നിശ്ചയിച്ചിട്ടുള്ള ദാനധര്‍മമായി കരുതരുത്. സ്വന്തം ഉടമസ്ഥതയിലുള്ള സമ്പത്താണ് ദാനം ചെയ്യേണ്ടത്. പലിശയായി കൈയില്‍ കിട്ടിയത് തനിക്ക് ഉടമസ്ഥാവകാശമുള്ള സമ്പത്തല്ല. അറിയപ്പെടാത്ത ആരുടെയോ മുതലാണ്. അത് അര്‍ഹരായ പാവങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിലൂടെ നിഷിദ്ധ ധനം ഉപയോഗിക്കുക എന്ന കുറ്റത്തില്‍നിന്ന് രക്ഷപ്പെടുക മാത്രമാണയാള്‍ ചെയ്യുന്നത്. ചിലയാളുകള്‍ പലിശയിനത്തില്‍ ലഭിച്ച വന്‍ തുകകള്‍ സംഭാവന ചെയ്ത് വലിയ ധര്‍മിഷ്ഠനായി ചമയുകയും സ്വന്തം ധനം ചില്ലിക്കാശ് ദാനം ചെയ്യാതിരിക്കുകയും ചെയ്യുന്നുണ്ട്. അത്തരക്കാര്‍ പലിശയിലൂടെ നേടുന്ന പേരും പ്രശസ്തിയും ശാപഹേതുവായി തീര്‍ന്നേക്കാമെന്ന് ഭയപ്പെടേണ്ടതുണ്ട്.
ചില പണ്ഡിതന്മാര്‍ പലിശ പോലെ നിഷിദ്ധ മാര്‍ഗേണ ലഭിച്ച പണം, അതിന്റെ യഥാര്‍ഥ അവകാശികളെ കണ്ടെത്താന്‍ സാധിക്കാത്ത പക്ഷം പൊതു നന്മക്കായി വിനിയോഗിക്കുകയാണ് വേണ്ടത് എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. റോഡ് വെട്ടുക, തോട് കീറുക, കുടിവെള്ള പദ്ധതികള്‍, സ്കൂളുകള്‍, പാലങ്ങള്‍ തുടങ്ങിയവ ഉദാഹരണം.
അതുപോലെ തനിക്ക് പലിശ നല്‍കിക്കൊണ്ടിരിക്കുന്ന ബാങ്കില്‍ നിന്ന് ഗത്യന്തരമില്ലാതെ കടം വാങ്ങിയതിന്റെ പേരില്‍ പലിശ കൊടുക്കേണ്ടിവരുന്നവരുണ്ടാവുമല്ലോ. അവര്‍ക്കത് നല്‍കാമോ എന്നതും പരിഗണനാര്‍ഹമാണ്.
ചോദ്യകര്‍ത്താവിനോട് പറയാനുള്ളത്, കഴിയുമെങ്കില്‍ സ്വന്തം സഹോദരി പുത്രിയുടെ വിവാഹത്തിന് താങ്കള്‍ ഹലാലായ മാര്‍ഗേണ അധ്വാനിച്ചുണ്ടാക്കിയ ധനം നല്‍കി സഹായിക്കുകയാണ് കൂടുതല്‍ ഉചിതമായിട്ടുള്ളത് എന്നാണ്. തീര്‍ച്ചയായും അത് അല്ലാഹു ദാനമായി സ്വീകരിക്കുകയും താങ്കളുടെ സമ്പത്തില്‍ ബറകത്ത് നല്‍കുകയും ചെയ്യും. താങ്കള്‍ക്ക് ലഭിക്കുന്ന പലിശ നേരത്തെ വിശദീകരിച്ച രൂപത്തില്‍ വിനിയോഗിക്കുക. അതിനെ പ്രതിഫലാര്‍ഹമായ ദാനമായി കാണാതിരിക്കുക. ചില പണ്ഡിതന്മാരുടെ അഭിപ്രായമനുസരിച്ച് താങ്കള്‍ക്കത് സഹോദരിക്കു നല്‍കാമെങ്കിലും ആദ്യം പറഞ്ഞതാണ് ഉത്തമം.
[email protected]
9746456410

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം