വിപ്ലവങ്ങള്‍ നാല്‍ക്കവലകളില്‍ നിന്നു പോകുമോ?
വിപ്ലവാനന്തരം അറബ് ലോകത്തെ സ്ഥിതിവിശേഷങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ഈജിപ്തിനെയും തുനീഷ്യയെയും കുറിച്ച് സൂക്ഷ്മമായി പഠിക്കുമ്പോള്‍ മനസ്സിലാവുന്ന ചില വസ്തുതകളുണ്ട്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഏകാധിപത്യ വാഴ്ചയുടെ അനിവാര്യ ദുരന്തമെന്നോണം തീവ്ര പരിചരണം ആവശ്യപ്പെടുന്നുണ്ട് ഈ രാജ്യങ്ങളിലെ സാമ്പത്തിക വ്യവസ്ഥകള്‍. ലോക ചരിത്രത്തില്‍ തന്നെ തങ്കലിപികളാല്‍ എഴുതപ്പെടേണ്ട വിപ്ലവങ്ങള്‍ക്ക് നേതൃത്വം നല്‍കി അവിടെ അധികാരത്തിലേറിയ ഇസ്‌ലാമിസ്റ്റ് കക്ഷികള്‍ ഈ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയെ എങ്ങനെ നേരിടുമെന്നതും പ്രധാനമാണ്. അതത് രാജ്യങ്ങളിലെ പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഇസ്‌ലാമിസ്റ്റ് കക്ഷികളുടെ അടുക്കല്‍, തിയറികളില്‍ മാത്രം ഒതുങ്ങിനില്‍ക്കാത്ത പരിഹാരമാര്‍ഗങ്ങളുണ്ടോ എന്ന് ലോകം ഉറ്റുനോക്കുന്നു. രാഷ്ട്രീയ നയതന്ത്രജ്ഞതയോടെയും പക്വതയോടെയും കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ഇസ്‌ലാമിസ്റ്റുകളുടെ ശേഷിയും വിലയിരുത്തപ്പെടും. ഇത് 'ഇസ്‌ലാമിക രാഷ്ട്രീയ'ത്തിന് നല്‍കുന്ന ഉള്‍ക്കാമ്പ് ചെറുതാവില്ല.
ഈജിപ്ത്
ഈജിപ്തിലെ സാമ്പത്തിക രംഗം വളരെയധികം പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഹുസ്‌നി മുബാറക്കിന്റെ വര്‍ഷങ്ങളോളം നീണ്ട ഏകാധിപത്യ ഭരണവും അതിനു ശേഷം വന്ന പട്ടാളഭരണത്തിന്റെ ജഗ്രതക്കുറവും അനിവാര്യമായും അടിച്ചേല്‍പിച്ചതാണ് ഈ ദുരന്തം.
ഈജിപ്ഷ്യന്‍ പൗണ്ടിന്റെ വിലയിടിഞ്ഞതു മൂലം രാജ്യത്തിന്റെ ഉല്‍പന്നങ്ങള്‍ക്ക് വിദേശ മാര്‍ക്കറ്റുകളില്‍ തീരെ വിലയില്ലാതെയായി. നിക്ഷേപകരെ വേണ്ടവിധത്തില്‍ പ്രോത്സാഹിപ്പിക്കാത്തതുമൂലം 10 ബില്യനു താഴെയാണ് അവിടത്തെ വിദേശ നിക്ഷേപത്തിന്റെ തോത്. പണപ്പെരുപ്പമാവട്ടെ പത്ത് ശതമാനത്തിനും മേലെ. ഉല്‍പാദന മേഖലയിലെ തകര്‍ച്ചയും പ്രധാന വരുമാന മാര്‍ഗമായിരുന്ന ടൂറിസം മേഖല നിര്‍ജീവമായതും ഈജിപ്തിനെ തളര്‍ത്തുന്നു. ഭീമമായ തൊഴിലില്ലായ്മയുടെയും നിരക്ഷരതയുടെയും കണക്കുകള്‍ രാജ്യത്തിന്റെ മാനവിക വിഭവശേഷിയെക്കുറിച്ച വ്യക്തമായ ചിത്രം നല്‍കും. കെട്ടിച്ചമച്ച കണക്കുകളായിരുന്നത്രെ ഇതുവരെ മുബാറക്ക് ഭരണകൂടം പുറത്തുവിട്ടിരുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിതി വീണ്ടെടുക്കാന്‍ വൈകുന്ന ഓരോ നിമിഷവും വലഞ്ഞുപോകുന്നത് രാജ്യത്തെ ദരിദ്ര വിഭാഗങ്ങളാണ്. ഗവണ്‍മെന്റ് സബ്‌സിഡിയിലൂടെ നല്‍കുന്ന റൊട്ടി വാങ്ങാന്‍ വന്‍ ജനക്കൂട്ടമാണ് ഈജിപ്തിന്റെ തെരുവുകളില്‍. ബേക്കറി തൊഴിലാളികള്‍ രാപ്പകല്‍ കഠിനാധ്വാനം ചെയ്യുന്നത് കൊണ്ടാണ് ഇത്രയും പേര്‍ക്ക് അവിടെ റൊട്ടികള്‍ ഉണ്ടാക്കാനാകുന്നത്. ഈ മേഖലയില്‍ നടക്കുന്ന കരിഞ്ചന്തയും പൂഴ്ത്തിവെപ്പും മറ്റൊരു പട്ടിണിക്കലാപത്തിലേക്കായിരിക്കും ഈജിപ്തിനെ എത്തിക്കുക.
ഭക്ഷ്യമേഖലയിലെ പ്രതിസന്ധി അവിടെ തീരുന്നില്ല. സബ്‌സിഡി നിരക്കില്‍ ഗവണ്‍മെന്റ് പെട്രോള്‍ ഉല്‍പന്നങ്ങള്‍ ദുര്‍ലഭമായത് കൊണ്ട് അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്. ഇറക്കുമതിയെ അമിതമായി ആശ്രയിക്കേണ്ടിവരുന്നത് ഭക്ഷ്യ സാധനങ്ങളുടെ വിലയില്‍ നാല്‍പത് ശതമാനം വര്‍ധനവാണ് ഉണ്ടാക്കിയത്!
പട്ടാള ഭരണകൂടത്തിന്റെ നിരുത്തരവാദ സമീപനങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നുറപ്പ്. ഇത് അവരുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നു. സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരാവസ്ഥയിലായത് കൊണ്ട് പാര്‍ലമെന്റില്‍ ഗണ്യ ഭൂരിപക്ഷമുള്ള മുസ്‌ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിക്ക് ഉടന്‍ തന്നെ ഈജിപ്തിനെ ഒറ്റക്ക് തോളിലേറ്റേണ്ടിവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
ഇത് തിരിച്ചറിഞ്ഞ് കൊണ്ടു കൂടിയാവണം പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയുള്ള ബ്രദര്‍ഹുഡ് നേതാവ് ഖൈറത്ത് അല്‍ഷാത്വര്‍ ഇങ്ങനെ പറഞ്ഞത്: ''തകര്‍ന്നുകൊണ്ടിരിക്കുന്ന ഈജിപ്തിനെ രക്ഷപ്പെടുത്തണമെങ്കില്‍ ആഗോളമായ സഹായങ്ങള്‍ വേണ്ടിവരും. മുബാറക് ഭരണകൂടത്തെ പിന്തുണച്ചതിന് അമേരിക്കക്കും യൂറോപ്പിനും ചെയ്യാന്‍ കഴിയുന്ന വലിയ പ്രായശ്ചിത്തമാകും ഇത്.'' ചിരവൈരികളായ അമേരിക്കയോടും ഇസ്രയേലിനോടും മറ്റു യൂറോപ്യന്‍ രാജ്യങ്ങളോടും സന്ധിചെയ്യാന്‍ ഇഖ്‌വാനെ പ്രേരിപ്പിക്കുന്നത് രാജ്യത്തെ അടിയന്തര സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തം.
തങ്ങള്‍ സ്വകാര്യവത്കരണത്തിന് എതിരല്ലെന്നും ആ മേഖലയില്‍ നിക്ഷേപകരെ സ്വാഗതം ചെയ്യുന്നുവെന്നും ഇഖ്‌വാന്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വതന്ത്ര വിപണികള്‍ നിബന്ധനകളോടെ അനുവദിച്ച് മാര്‍ക്കറ്റിനെ ചലനാത്മകമാക്കുക എന്നതാണ് ഇഖ്‌വാന്‍ ലക്ഷ്യമിടുന്നത്.
തുനീഷ്യ
ഈജിപ്തില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല തുനീഷ്യയുടെ അവസ്ഥയും. ബിന്‍ അലിയുടെ ഏകാധിപത്യത്തിനു കീഴില്‍ തകര്‍ന്നടിഞ്ഞ സമ്പദ്ഘടനയെ പുനര്‍നിര്‍മിക്കുക എന്നതാണ് ഇസ്‌ലാമിസ്റ്റ് കക്ഷിയായ അന്നഹ്ദ പാര്‍ട്ടി നയിക്കുന്ന സര്‍ക്കാറിന്റെ പ്രധാന ദൗത്യം. കടുത്ത സാമ്പത്തികാസമത്വം കൂടിയായിരുന്നു തുനീഷ്യയില്‍ വിപ്ലവത്തിന് വഴിവെച്ചത്.
രാജ്യത്ത് കുത്തക കമ്പനികള്‍ക്ക് മാത്രം നിര്‍ലോഭം സഹായങ്ങള്‍ ചെയ്ത ബിന്‍ അലി സര്‍ക്കാര്‍ രാജ്യത്തെ പ്രകൃതിവിഭവങ്ങള്‍ക്ക് വന്‍ ക്ഷതമേല്‍പിക്കുകയും ദരിദ്ര വിഭാഗങ്ങളെ അപ്പാടെ അവഗണിക്കുകയും ചെയ്തു. ഇത് സാമ്പത്തിക മേഖലയെ മരവിപ്പിച്ചു. വലിയ വലിയ നിര്‍മാണശാലകള്‍ പലതും പൂട്ടികിടക്കുന്നത് ഖജനാവിനുണ്ടാക്കുന്ന നഷ്ടം ചെറുതല്ല. രാജ്യത്തെ പ്രധാനപ്പെട്ട ഒരു ഫോസ്‌ഫേറ്റ് കമ്പനി അടച്ചിട്ടതുമൂലം മാത്രം 12 മില്യന്‍ ദിനാര്‍ നഷ്ടമാണ് ദിനേന സര്‍ക്കാറിന് ഉണ്ടാവുന്നത്. അടുത്തിടെ ക്രമസമാധാനം തകരാറിലായതും നിക്ഷേപകരെ അകറ്റുന്നുണ്ട്.
ഈജിപ്തിലെ പോലെ തന്നെ പ്രധാന വരുമാന മാര്‍ഗമായ ടൂറിസം മേഖല അടഞ്ഞുകിടക്കുന്നത് സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിക്കുന്നു.
വിപ്ലവാനന്തര തുനീഷ്യയെ സാമ്പത്തികമായി ഞെരുക്കണമെന്നത് മുന്‍ ഭരണകൂടത്തിന്റെ പാദസേവകരായ ചില ഉദ്യോഗസ്ഥരുടെ കൂടി ലക്ഷ്യമാണ്. വിപ്ലവത്തിന് ശേഷം വന്‍ സാമ്പത്തിക ഉത്തേജകമായേക്കാവുന്ന 5 മില്യന്‍ ഡോളറിന്റെ വിദേശ നിക്ഷേപമാണ് മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് സെന്‍ട്രല്‍ ബാങ്ക് തള്ളിക്കളഞ്ഞത്.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഏഷ്യ, ആഫ്രിക്കന്‍ രാജ്യങ്ങളുമായി വാണിജ്യ ബന്ധങ്ങള്‍ സ്ഥാപിക്കാനും അവരില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കാനും തുനീഷ്യന്‍ ഭരണകൂടം നീക്കം തുടങ്ങിയിട്ടുണ്ട്.
അതത് രാജ്യങ്ങളിലെ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ പ്രതിസന്ധികളോട് അവിടങ്ങളിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ആശാവഹമാണ്. പ്രശ്‌നങ്ങള്‍ പ്രാദേശികമാവുമ്പോള്‍ അത്തരം തനിമകളെയും സങ്കീര്‍ണതകളെയും ശരിയായവിധം ഉള്‍ക്കൊള്ളാനും അതിനോടിണങ്ങി പ്രവര്‍ത്തിക്കാനും അവര്‍ക്ക് കഴിയുന്നുണ്ട്. വിപ്ലവങ്ങള്‍ നാല്‍ക്കവലകളില്‍ നില്‍ക്കാതെ വിജയതീരത്തണയും എന്ന് പ്രതീക്ഷിക്കാം.
Comments