Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 21

ഈജിപ്ഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുബാറക്കിന്റെ 'നിഴലും!'

മൂസക്കുട്ടി വെട്ടിക്കാട്ടിരി

ഈജിപ്തില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരം കടുത്തതായേക്കുമെന്ന സൂചന നല്‍കി ഈജിപ്ത് മുന്‍ വൈസ് പ്രസിഡന്റ് കേണല്‍ ഉമര്‍ സുലൈമാന്‍ മത്സര രംഗത്തിറങ്ങി. പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാനില്ലെന്ന മുന്‍ തീരുമാനം തിരുത്തിയത് പൊതുജനങ്ങളില്‍നിന്നുള്ള 'സമ്മര്‍ദ്ദം' മൂലമാണത്രെ. ഇതോടെ മുസ്ലിം ബ്രദര്‍ഹുഡ് പ്രസിഡന്റ്് സ്ഥാനാര്‍ഥി ഖൈറത് അല്‍ ശാത്വിറും കേണല്‍ ഉമര്‍ സുലൈമാനും തമ്മില്‍ മത്സരം മുറുകുമെന്നുറപ്പായി. സ്ഥാനഭ്രഷ്ടനായ പ്രസിഡന്റ് ഹുസ്നി മുബാറക്ക് തന്റെ കീഴില്‍ വൈസ് പ്രസിഡന്റായി നിയമിക്കുന്നതിനുമുമ്പ് ഈജിപ്തിലെ ഇന്റലിജന്‍സ് മേധാവിയായിരുന്നു ഉമര്‍ സുലൈമാന്‍. 'ഈജിപ്തില്‍ അരങ്ങേറിയ മാറ്റത്തിനുവേണ്ടിയുള്ള വിപ്ളവത്തെ പൂര്‍ണമായി സംരക്ഷിക്കുമെന്നും ഈജിപ്തിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് രാജ്യത്ത് ശാന്തിയും സമാധാനവും ഐശ്വര്യവും കൊണ്ടുവരാന്‍ ശ്രമിക്കു'മെന്നും ഉമര്‍ സുലൈമാന്‍ വാഗ്ദാനം നല്‍കി. എന്നാല്‍ കേണലിന്റെ രംഗപ്രവേശത്തെ ഇസ്ലാമിക പാര്‍ട്ടികളും 'തഹ്രീര്‍ സ്ക്വയര്‍' സമര നേതാക്കളും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഉമര്‍ സുലൈമാന്റെ നോമിനേഷന്‍ 'ജനുവരി 25' വിപ്ളവത്തെ അപമാനിക്കലും രക്തസാക്ഷികളെ അനാദരിക്കലു' മായിരിക്കുമെന്ന് മുസ്ലിം ബ്രദര്‍ഹുഡ് പ്രസിഡന്റ്് സ്ഥാനാര്‍ഥി ഖൈറത് അല്‍ ശാത്വിര്‍ പറഞ്ഞു. ഹുസ്നി മുബാറക്കിന്റെ ക്രൂരകൃത്യങ്ങള്‍ക്ക് കൈയൊപ്പ് ചാര്‍ത്തിയ പ്രമുഖരില്‍ മുന്നിലുള്ള ഉമര്‍ സുലൈമാന്‍ പട്ടാള പിന്തുണയോടെ തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ രണ്ടാം വിപ്ളവം ആരംഭിക്കുമെന്നും ഖൈറത് തുറന്നടിച്ചു.
ഉമര്‍ സുലൈമാന്‍ മത്സര രംഗത്തേക്കു വന്നതിന്റെ പിന്നില്‍ നിക്ഷിപ്ത താല്‍പര്യക്കാരുണ്ടെന്ന് അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ ഒന്നടങ്കം പറയുന്നുണ്ട്. ഹുസ്നി മുബാറക്കിന്റെ ഏറ്റവും വിശ്വസ്തനായി അറിയപ്പെടുന്ന ഉമര്‍ സുലൈമാന്റെ രംഗപ്രവേശം 'അറബ് വസന്ത'ത്തിന്റെ നിറം കെടുത്തുമെന്നും അവര്‍ വാദിക്കുന്നു. പട്ടാളത്തിന്റെ പിന്തുണ കേണല്‍ ഉമര്‍ സുലൈമാനുള്ളത്കൊണ്ട് പ്രത്യേകിച്ചും. എന്നാല്‍ പട്ടാളത്തിന്റെ 'നോമിനി' യെന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ഉമര്‍ സുലൈമാന്‍ ആണയിട്ടുപറയുന്നുണ്ട്. അതെന്തായാലും അനേകം 'ക്ളൈമാക്സു'കള്‍ക്കും 'സസ്പെന്‍സു'കള്‍ക്കും ശേഷമാണ് നാമനിര്‍ദ്ദേശത്തിനുള്ള സമയം അവസാനിക്കുന്നതിനു തൊട്ടുമുമ്പ് ഉമര്‍ സുലൈമാന്‍ മത്സരിക്കാനില്ലെന്ന തീരുമാനം മാറ്റി മത്സര രംഗത്തേക്ക് വന്നത്. അബ്ബാസിയയില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ട് നടത്തിയ വന്‍ പ്രകടനത്തിന്റെ 'സമ്മര്‍ദ്ദ'മാണ് മത്സര രംഗത്തേക്ക് വരാനുള്ള കാരണമത്രെ.

ഓര്‍മയുണ്ടോ ഈ നരമേധം?

നിങ്ങള്‍ ഓര്‍ക്കുന്നില്ലെങ്കിലും അവര്‍ക്കത് മറക്കാനാകില്ല. ഇരുപത് വര്‍ഷം മുമ്പാണത് നടന്നത്. രണ്ടാം ലോക യുദ്ധത്തിനുശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ വംശീയ കൂട്ടക്കൊല. മനസാക്ഷി മരവിച്ചിട്ടില്ലാത്തവര്‍ ഓര്‍ക്കാന്‍ മടിക്കുന്ന ആ കൂട്ടക്കുരുതിയുടെ ഇരുപതാം നീറ്റല്‍ വാര്‍ഷികം ബോസ്നിയന്‍ നിവാസികള്‍ പ്രത്യേക രീതിയിലാണ് സ്മരിച്ചത്. 'വംശീയ ശുദ്ധീകരണം' എന്ന് നാമകരണം ചെയ്ത് സെര്‍ബുകള്‍ നടത്തിയ കൂട്ടക്കുരുതിയുടെ ഭാഗമായി 'സരായേവോ ഉപരോധ'ത്തില്‍ മാത്രം അറു കൊലചെയ്യപ്പെട്ടത് 11541 പേരായിരുന്നു. ഇവരുടെ സ്മരണക്കായി 11541 കസേരകള്‍ നിരത്തിയാണ് തദ്ദേശവാസികള്‍ നൊമ്പരങ്ങളുടെ ഇരുപതാണ്ട് സ്മരിച്ചത്.
യുഗോസ്ളാവിയയില്‍ സ്വാതന്ത്യ്ര പോരാട്ടവുമായി ബന്ധപ്പെട്ട് നടന്ന സെര്‍ബ്, മുസ്ലിം, ക്രോട്ട്യന്‍ സംഘട്ടനങ്ങളില്‍ ഒരു ലക്ഷത്തിലധികം പേര്‍ കൊല്ലപ്പട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍തന്നെ അനേകം പേര്‍ സ്ത്രീകളും കുട്ടികളുമായിരുന്നു. പരിപാടിയുടെ ഭാഗമായി ഒരു മണിക്കൂര്‍ നീണ്ട ശോക ഗാനാലാപനങ്ങളും നടന്നു. ഭാഗ്യത്തിന്റെ നൂലിഴയില്‍ തൂങ്ങി കൂട്ടക്കുരുതിയില്‍നിന്നും രക്ഷപ്പെട്ട പലരും പൊട്ടിക്കരഞ്ഞുകൊണ്ടാണ് പരിപാടിക്കെത്തിയത്. സെര്‍ബുകള്‍ അനുശോചന സംഗമം പൂര്‍ണമായും ബഹിഷ്കരിച്ചു.

അമേരിക്ക ഇസ്ലാമിക പാര്‍ട്ടികളുമായി ചങ്ങാത്തത്തിന്

മധ്യപൌരസ്ത്യ ദേശത്തെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഇണങ്ങുന്നതിനും പുതിയ രാഷ്ട്രീയ കേന്ദ്രങ്ങളുമായി തുറന്ന ബന്ധം സ്ഥാപിച്ചെടുക്കുന്നതിനും പ്രമുഖ ഇസ്ലാമിക പാര്‍ട്ടി നേതാക്കളുമായി പ്രസിഡന്റ് ബറാക് ഒബാമ വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തി. സൌഹൃദ സംഘത്തിലെ മുഖ്യ ശ്രദ്ധാകേന്ദ്രം 'മുസ്ലിം ബ്രദര്‍ഹുഡ്' പ്രതിനിധികളായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ.
'അറബ് വസന്താനന്തര' അറബ് നാടുകളിലെ രാഷ്ട്രീയ മാറ്റം അത്യന്തം ആശങ്കയോടെയാണ് അമേരിക്ക നോക്കിക്കാണുന്നത്. വര്‍ഷങ്ങള്‍ നീണ്ട ഏകാധിപത്യ വാഴ്ച തകര്‍ക്കപ്പെട്ട ശേഷം ജനാധിപത്യ രീതിയില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇസ്ലാമിനോട് ആഭിമുഖ്യമുള്ള പാര്‍ട്ടികള്‍ ഭൂരിപക്ഷം നേടിയതു മുതല്‍ അമേരിക്കക്കുവേണ്ടി ലോക മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി പബ്ളിക് റിലേഷന്‍ ജോലി ആരംഭിച്ചുകഴിഞ്ഞിരുന്നു. അമേരിക്കയെ അലോസരപ്പെടുത്തുന്നത് ഇസ്രയേലിന്റെ 'സുരക്ഷ'യാണ്. ജനരോഷങ്ങളില്‍ തകര്‍ന്നുവീണ ഏകാധിപതികള്‍ ഇസ്രയേലിന്റെ ചട്ടമ്പിത്തരത്തിന് നിന്നുകൊടുത്തതുപോലെ പുതിയ ജനാധിപത്യ ഭരണകൂടങ്ങള്‍ വഴങ്ങുമോ എന്നതാണ് അമേരിക്കയുടെ ആധി. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് ഇത്രനാളും 'ഭീകരവാദം' ചാര്‍ത്തി വിസ നിഷേധിച്ചിരുന്ന സംഘടനാ പ്രതിനിധികളെ വാഷിംഗ്ടണില്‍ വിളിച്ചു വരുത്തി സല്‍ക്കരിച്ചതെന്ന് അവര്‍ക്ക് തന്നെ നന്നായറിയാം.
വാഷിംഗ്ടണിലെ കാര്‍നേജ് സെന്ററില്‍ (ഇമൃിലഴശല ഋിറീാംലി ളീൃ കിലൃിേമശീിേമഹ ജലമരല) നടന്ന സമ്മേളനത്തില്‍ ഈജിപ്തിലെ ഫ്രീഡം ആന്റ് ജസ്റിസ് പാര്‍ട്ടി പാര്‍ലമെന്റ് അംഗം അബ്ദുല്‍ മൌജൂദ് റജബ്്, മൊറോക്കൊ വാര്‍ത്താവിതരണ മന്ത്രി മുസ്ത്വഫ അല്‍ഖലഫി, ജോര്‍ദാനിലെ മുസ്ലിം ബ്രദര്‍ഹുഡ് മെമ്പറും ഐ.എ.എഫ്.പി (Islamic Action Front Patry) നേതാവുമായ നബീല്‍ അല്‍കൊഫഹി, തുനീഷ്യയിലെ 'അന്നഹ്ദ' എന്‍.സി.എ (National Constituent Assembly) അംഗം സഹ്ബി ആതിഖ് തുടങ്ങിയവര്‍ സെമിനാറില്‍ സംസാരിച്ചു.

'അന്നഹ്ദ' ശരീഅത്ത് നടപ്പാക്കാത്തതില്‍ മാധ്യമങ്ങള്‍ക്ക് ആശങ്ക!

തുനീഷ്യയില്‍ ഇസ്ലാമിക പാര്‍ട്ടിയായ 'അന്നഹ്ദ' അധികാരത്തില്‍വന്നാല്‍ 'ശരീഅത്ത്' നടപ്പാക്കിക്കളയുമെന്നായിരുന്നു വിവിധ അറബ്-അന്താരാഷ്ട്ര വാര്‍ത്താ മാധ്യമങ്ങള്‍ ബഹളം വെച്ചിരുന്നത്. എന്നാല്‍ തുനീഷ്യന്‍ ഏകാധിപതി സൈനുല്‍ ആബിദീന്‍ ബിന്‍ അലി പുറത്തായ ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ 'അന്നഹ്ദ' അധികാരത്തില്‍ വരികയും പുതിയ ഭരണഘടന നിലവില്‍ വരികയും ചെയ്തപ്പോള്‍ അതേ മാധ്യമങ്ങള്‍ 'ശരീഅത്ത്' എന്ന വാക്ക് ഭരണ ഘടനയില്‍ ഉള്‍പ്പെടുത്താത്തതിന് 'അന്നഹ്ദ'യെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പെടാപാട് പെടുന്ന കാഴ്ച കൌതുകമുണര്‍ത്തുന്നതാണ്.
ഇവര്‍ക്ക് 'ശരീഅത്തി'നോട് പെട്ടെന്നുണ്ടായ താല്‍പര്യമോര്‍ത്ത് 'അന്നഹ്ദ' നേതാക്കള്‍ പോലും ഞെട്ടിയിരിക്കയാണ്. എന്നാല്‍ ഭരണ ഘടനയില്‍ ഏതു പദം ഉപയോഗിച്ചാലും തുനീഷ്യ മുസ്ലിം രാഷ്ട്രവും അതിന്റെ ഭരണക്രമം ഇസ്ലാമികവുമായിരിക്കുമെന്ന് 'അന്നഹ്ദ' നേതാവ് ശൈഖ് റാശിദ് അല്‍ഗനൂഷി വ്യക്തമാക്കി. കുവൈത്തില്‍ നിന്നും പുറത്തിറങ്ങുന്ന അല്‍മുജ്തമഅ് വാരികയോട് സംസാരിക്കവെ തുനീഷ്യയിലെ നിയമം ശരീഅത്തില്‍നിന്ന് വേറിട്ടതാവുകയില്ലെന്നും ഇസ്ലാമിക നിയമങ്ങള്‍ക്കെതിരായ ഒരു നിയമവും രാജ്യത്ത് നടപ്പാക്കുകയില്ലെന്നും വ്യക്തമാക്കി. എന്നാല്‍ 'ശരീഅത്ത്' നിയമങ്ങളുടെ കാലികമായ പരിഷ്കരണം നടപ്പാക്കും. നിയമം ആരുടെമേലും അടിച്ചേല്‍പിക്കില്ല. തുനീഷ്യയില്‍ ഭരണം നടത്തിയിരുന്നവര്‍ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഇസ്ലാമിനെയും ശരീഅത്തിനെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും ഗനൂഷി കൂട്ടിച്ചേര്‍ത്തു.

സിറിയന്‍ 'ഇന്‍തിഫാദ' ചോരയില്‍ കുളിക്കുന്നു

സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിറിയയില്‍ നടന്നുവരുന്ന ജനകീയ പോരാട്ടത്തിന് സാധാരണക്കാരാണ് വമ്പിച്ച വിലനല്‍കേണ്ടിവരുന്നത്. അനേകായിരങ്ങള്‍ക്കാണ് ഇതിനകം ജീവന്‍ നഷ്ടപ്പെട്ടത്. ഭരണകൂടത്തിനെതിരെ പോരാടുന്ന 'സ്വതന്ത്ര സേന' യെ ആക്രമിക്കുകയെന്ന വ്യാജേന സിവിലിയന്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന ബോംബുവര്‍ഷം ദിനേന ആയിരങ്ങളുടെ ജീവനെടുക്കുന്നതായാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിടുന്ന ചിത്രം. കഴിഞ്ഞദിവസം തുര്‍ക്കി അതിര്‍ത്തിയിലെ അഭയ കേന്ദ്രങ്ങള്‍ക്ക് നേരെ സിറിയന്‍ സേന അഴിച്ചുവിട്ട ആക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടതോടെ അഭയാര്‍ഥി കേന്ദ്രങ്ങളില്‍ പോലും സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുന്നു.
അതിനിടെ, 100 ലേറെ പേരെ സിറിയന്‍ പട്ടാളം യാതൊരു പ്രകോപനവുമില്ലാതെ വെടിവെച്ചുകൊന്നതായി 'ഹ്യൂമന്‍ റൈറ്റ്സ് വാച്ച്' തയാറാക്കിയ 25 പേജുള്ള കുറ്റപത്രത്തില്‍ വ്യക്തമാക്കി. ഏറ്റുമുട്ടലില്‍ പിടിക്കപ്പെട്ടവരും കീഴടങ്ങിയവരുമായ പോരാളികളും പ്രതിപക്ഷത്തിന്റെ ശക്തമായ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന സാധാരണക്കാരും കൊലപാതകത്തിനിരയായതായി സംഘടന ആരോപിച്ചു. ആളുകളുടെ കണ്‍മുമ്പില്‍വെച്ചാണ് പരസ്യമായി സിറിയന്‍ സേനയും ബശ്ശാറിനെ അനുകൂലിക്കുന്ന മിലീഷ്യാ വിഭാഗവും കൃത്യം നിര്‍വഹിക്കുന്നതെന്ന് ബൈറൂത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനാ ഓഫീസ് മേധാവി നദീം ഹൌരി പറഞ്ഞു. വളരെ അടുത്ത് നിന്ന് തലക്ക് വെടിയേറ്റാണ് അധികം പേരും മരിച്ചതെന്ന് പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ടെന്നും ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാര്‍ഥിനികളുടെ അവധിക്കാല പഠനക്യാമ്പ്

ദുബൈ: ഏഴാം തരം മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്കായി ഐ.സി.സി-ഗുസൈസ് ഘടകം 5 ദിവസം നീണ്ട് നിന്ന പഠന ക്യാമ്പ് നടത്തി. വിദ്യാര്‍ഥിനികളുടെ വിവിധ തലങ്ങളിലുള്ള കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു പരിപാടി. ഖുര്‍ആന്‍, ഹദീസ് പഠനങ്ങള്‍ക്ക് പുറമെ ക്വിസ് മത്സരം, ആരാധനകളുടെ ചൈതന്യം, നിമിഷ പ്രസംഗം, ഗെയിമുകള്‍, ആധുനിക വിവര സാങ്കേതിക വിദ്യയെക്കുറിച്ചുള്ള ശില്‍പശാല, സംശയനിവാരണം തുടങ്ങി വിവിധ ഇനങ്ങള്‍ ക്യാമ്പില്‍ ഉള്‍ക്കൊള്ളിച്ചു. ഖദീജ ഹസന്‍, ശബീന ശര്‍ഖി, ശമീമ, സാലിമ, പി.എസ് അബ്ദുല്ല എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. 60ഓളം വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു. ഖദീജ ഹസന്‍, സാദിഖ ഫൈസല്‍, സാലിമ മൃദുല്‍ഹാസ്, റുബീന ജാബിര്‍, ഖദീജ ഹമീദ്, ഷബ്ന മുഹമ്മദലി നേതൃത്വം നല്‍കി. ഹസന്‍ സാഹിബ്, അബ്ദുല്‍ ഹമീദ്, പി.എസ് അബ്ദുല്ല രക്ഷാധികാരികളായിരുന്നു.

ബുര്‍ഖയും ഹലാല്‍മീറ്റും വിട്ട് ഫ്രാന്‍സിനെ രക്ഷിക്കാന്‍ നോക്കണമെന്ന് താരിഖ് റമദാന്‍

ഫ്രഞ്ച് തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതോടൊപ്പം സ്ഥാനാര്‍ഥികള്‍ തങ്ങളുടെ വോട്ട്പെട്ടി നിറക്കാന്‍ ഇസ്ലാം വിരുദ്ധത പ്രസംഗിച്ചു നടക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ട് ഇത്തരം ബാലിശമായ കാര്യങ്ങള്‍ വെടിഞ്ഞ് ഫ്രഞ്ച് ജനതയെ ഐക്യത്തോടെ മുന്നോട്ട് കൊണ്ട്പോകാന്‍ ശ്രമിക്കണമെന്ന് പ്രസിദ്ധ സ്വിസ് ബുദ്ധിജീവിയും എഴുത്തുകാരനുമായ താരിഖ് റമദാന്‍. ബുര്‍ഖയും ഹലാല്‍മീറ്റും പ്രചാരണവിഷയമാക്കുന്നതിനു പകരം യാഥാര്‍ഥ്യബോധത്തോടെ പ്രവര്‍ത്തിച്ച് രാജ്യത്തെ ഒന്നിപ്പിക്കാന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ മനസ്സിരുത്തണം. യുണിയന്‍ ഓഫ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍സ് ഓഫ് ഫ്രാന്‍സ് (ഡഛകഎ) ഫ്രാന്‍സിലെ ലി ബര്‍ഗേറ്റില്‍ (Le Bourget) ല്‍ സംഘടിപ്പിച്ച വാര്‍ഷിക മുസ്ലിം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രില്‍ മെയ് മാസങ്ങളിലായി നടക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇസ്ലാം ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വിധേയമാകുന്നതിനിടെയാണ് നാലു ദിവസം നീണ്ട സമ്മേളനം നടന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്തുനിന്നായാലും എതിര്‍ക്കപ്പെടേണ്ടതും അത്തരം ശക്തികളെ സമൂഹമധ്യത്തില്‍ ഒറ്റപ്പെടുത്തേണ്ടതുമാണ്. എന്നാല്‍ എവിടെയെങ്കിലും അക്രമ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറിയാലുടന്‍ അത് സമാധാനപരമായി ജീവിക്കുന്ന മുസ്ലിംകളുടെ തലയില്‍ കെട്ടിവെക്കുന്ന നിലപാട് അപലപനീയമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഐക്യത്തോടെ പ്രവര്‍ത്തിച്ച് ഇസ്ലാമിന്റെ തനത് വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ഫ്രഞ്ച് മുസ്ലിം സമൂഹത്തോട് താരിഖ് റമദാന്‍ ആഹ്വാനം ചെയ്തു. മുസ്ലിംകള്‍ എന്തിനുവേണ്ടി നിലകൊള്ളുന്നുവെന്ന് ഫ്രഞ്ച് സര്‍ക്കാറിനെയും രാഷ്ട്രീയ നേതാക്കളെയും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ അതുതന്നെ വലിയ സേവനമായിരിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.


Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം