ധനാഗമനത്തിന്റെ നിയമാനുസൃത വഴികള്‍
ഒരു വ്യക്തിയിലേക്ക് പണമെത്തിച്ചേരുന്നത് മൂന്ന് വഴികളിലൂടെ മാത്രമേ ആകാവൂ എന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. 1. അനന്തരാവകാശം. 2. പാരിതോഷികം. 3. അധ്വാനിച്ച് സമ്പാദിക്കല്‍. പരേതന്റെ സ്വത്ത് നിയമാനുസൃത വഴികളിലൂടെ യഥാര്‍ഥ അനന്തരാവകാശികളില്‍ എത്തുന്നുണ്ടെങ്കില്‍ മാത്രമേ ആ പ്രക്രിയ സാധുവാണെന്ന് പറയാനാവൂ. ഒരു വസ്തുവിന്റെ യഥാര്‍ഥ ഉടമ ഇസ്ലാമിക നിയമങ്ങള്‍ക്കനുസൃതമായി നല്‍കുന്നതേ പാരിതോഷികമായി കണക്കാക്കാന്‍ നിവൃത്തിയുള്ളൂ. പാരിതോഷികം/ ദാനം നല്‍കുന്നത് ഭരണകൂടമാണെങ്കില്‍ നിയമാനുസൃത ചട്ടങ്ങള്‍ക്ക് വിധേയമായി ഒരു സേവനത്തിന് പ്രത്യുപകാരമായോ പൊതുതാല്‍പര്യം പരിഗണിച്ചോ ആവണം. ജനങ്ങള്‍ക്ക് മുമ്പില്‍ ഉത്തരം പറയാന്‍ ബാധ്യസ്ഥമായ, കൂടിയാലോചനയിലൂടെ കാര്യങ്ങള്‍ തീരുമാനിക്കുന്ന ഒരു ഗവണ്‍മെന്റിന് മാത്രമേ ഇത് ന്യായമായ രീതിയില്‍ നിര്‍വഹിക്കാനും കഴിയൂ. അധ്വാനിച്ചുള്ള സമ്പാദനമാവട്ടെ, ഒരു കാരണവശാലും ഹറാമായ/ അനുവദനീയമല്ലാത്ത വഴികളിലൂടെ ആവരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മോഷണം, കൈയേറ്റം, പിടിച്ചുപറി, അളവ് തൂക്കങ്ങളില്‍ കൃത്രിമം, വിശ്വാസവഞ്ചന, കൈക്കൂലി, വ്യഭിചാരം, പൂഴ്ത്തിവെപ്പ്, പലിശ, ചൂതാട്ടം, കബളിപ്പിക്കുന്ന തരത്തിലുള്ള വിലപേശല്‍, മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും നിര്‍മാണവും വിപണനവും, അശ്ളീലമായവ പ്രചരിപ്പിക്കല്‍ തുടങ്ങിയവ ഉള്‍പ്പെട്ട സകല സമ്പാദന മാര്‍ഗങ്ങളും വിലക്കപ്പെട്ടിരിക്കുന്നു.
ഈ പരിധികള്‍ പാലിച്ചുകൊണ്ട് ഒരാള്‍ക്ക് സമ്പാദിക്കുകയും കൈവശം വെക്കുകയും ചെയ്യാം, സമ്പാദിക്കുന്നത് കുറച്ചായാലും കൂടുതലായാലും ശരി. ഇത്രയേ സമ്പാദിക്കാവൂ എന്ന് പരിധി വെക്കുന്നില്ല. തനിക്ക് തുഛം സമ്പാദ്യമേയുള്ളൂ, അതിന്റെ അളവ് കൂട്ടാന്‍ മറ്റുള്ളവന്റേത് തട്ടിപ്പറിച്ചെടുക്കാം എന്ന തത്ത്വശാസ്ത്രം ഒരിക്കലും നീതീകരിക്കാന്‍ കഴിയില്ല. ഒരാളുടെ പക്കല്‍ നിയമാനുസൃതമായ സമ്പാദ്യം ധാരാളം ഉണ്ടായിപ്പോയി എന്നതുകൊണ്ട് മാത്രം അയാളുടെ ഉടമസ്ഥാവകാശം റദ്ദ് ചെയ്യണം എന്ന് പറയുന്നതും ന്യായമല്ല. നിയമാനുസൃതമായ വഴികളിലൂടെയല്ല സമ്പാദിച്ചത്, എങ്കില്‍ മാത്രമാണ് സ്വത്ത് കണ്ട് കെട്ടുന്നതിന്റെയും മറ്റും പ്രശ്നങ്ങള്‍ ഉത്ഭവിക്കുന്നുള്ളൂ.
ചെലവഴിക്കലിന് നിയന്ത്രണങ്ങള്‍
സ്വത്ത് സമ്പാദിച്ചത് നിയമാനുസൃതമാണെങ്കിലും അത് സ്വതന്ത്രമായി ചെലവഴിക്കാന്‍ വ്യക്തിക്ക് അനുവാദമില്ല. ചില നിയന്ത്രണങ്ങളുണ്ട്. ചെലവഴിക്കുന്നത് സമൂഹത്തിന്റെ പൊതു താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാവാതിരിക്കുക, വ്യക്തിയുടെ ധാര്‍മികവും സദാചാരപരവുമായ ജീവിതത്തെ അപകടപ്പെടുത്താതിരിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളാണ് ആ നിയന്ത്രണങ്ങള്‍ക്കുള്ളത്. മദ്യപാനം, വ്യഭിചാരം, അനാശാസ്യ നേരമ്പോക്കുകള്‍ തുടങ്ങിയവക്ക് പണം ചെലവഴിക്കരുതെന്ന് ഇസ്ലാം പറയുന്നത് അതുകൊണ്ടാണ്. സ്വതന്ത്ര മനുഷ്യരെ പിടിച്ചുകൊണ്ടുപോയി അടിമകളാക്കി വില്‍ക്കുക, അടിമ സ്ത്രീകളെ കണ്ടമാനം വാങ്ങിക്കൂട്ടി അന്തപുരങ്ങള്‍ നിറക്കുക തുടങ്ങിയ അനാശാസ്യ പ്രവൃത്തികളെയും കര്‍ശനമായി വിലക്കുന്നു. ധൂര്‍ത്തിനും പൊങ്ങച്ചത്തിനും ചെലവ് ചെയ്യരുതെന്നും ആജ്ഞാപിക്കുന്നു. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ നിങ്ങള്‍ മാത്രം സമൃദ്ധമായി ഉണ്ടും കുടിച്ചും കഴിയുന്ന ഒരു സാഹചര്യം ഉണ്ടാവുകയുമരുത്. ധന ഇടപാടുകളിലെല്ലാം ഇത്തരം വ്യവസ്ഥകള്‍ പാലിക്കണം. മിച്ചമുള്ള ധനം ബിസിനസ്സില്‍ ഇറക്കുമ്പോഴും ഈ പരിധികള്‍ക്ക് പുറത്ത് കടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം.
സാമൂഹിക സേവനം
സാമൂഹിക ക്ഷേമം മുന്‍നിര്‍ത്തിയാണ്, നിശ്ചിത അളവ് സമ്പത്ത് കൈവശമുള്ള ഓരോ വ്യക്തിക്കും ഇസ്ലാം സകാത്ത് ചുമത്തുന്നത്. കച്ചവട വസ്തുക്കള്‍, കാര്‍ഷികോല്‍പന്നങ്ങള്‍, കാലികള്‍ തുടങ്ങി സമ്പാദ്യത്തിന്റെ വിവിധ രൂപങ്ങള്‍ക്കും സകാത്തോ മറ്റു നികുതികളോ ബാധകമാണ്. സകാത്ത് വ്യവസ്ഥാപിതമായി ശേഖരിക്കുകയും വിതരണം നടത്തുകയും ചെയ്ത ചരിത്രത്തിലെ ഏത് നാടെടുത്ത് നിങ്ങള്‍ പരിശോധിച്ചാലും, ഏതാനും വര്‍ഷങ്ങള്‍ക്കകം തന്നെ ജീവിതാവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടാത്ത ഒരാളെപ്പോലും കണ്ടെത്താന്‍ പ്രയാസകരമാവും വിധം അവിടത്തെ സാമൂഹികാന്തരീക്ഷം മെച്ചപ്പെട്ടിരുന്നു എന്ന് കാണാനാവും. സകാത്ത് കഴിച്ച് ഒരാളുടെ കൈവശമുള്ള സമ്പത്താകട്ടെ അയാളുടെ മരണശേഷം അനന്തരാവകാശികള്‍ക്കിടയില്‍ വീതിക്കപ്പെടുകയാണ്. അങ്ങനെ സമ്പാദ്യം സ്ഥിരസ്വഭാവത്തോടെ കേന്ദ്രീകരിക്കപ്പെടുന്നതിനുള്ള സാധ്യതയെ ഇല്ലാതാക്കുകയും ചെയ്യുന്നു.
അതിക്രമം തടയുന്നു
സ്വതന്ത്രവും തുറന്നതുമായ വിലപേശലിലൂടെ ഭൂവുടമയും കുടിയാനും തമ്മില്‍, വ്യവസായിയും തൊഴിലാളിയും തമ്മില്‍ വ്യവസ്ഥകളും ചട്ടങ്ങളും ഒത്തുതീര്‍പ്പിലൂടെ തീരുമാനിക്കുന്നതിന് ഇസ്ലാം എതിരല്ല. അത്തരം സ്വാഭാവിക പ്രക്രിയകളിലൊന്നും അത് ഇടപെടുകയില്ല. എന്നാല്‍ ഇടപാടുകളില്‍ അതിക്രമവും ചൂഷണവും കാണപ്പെടുകയാണെങ്കില്‍ ഭരണകൂടം ഇടപെടും. നിയമനിര്‍മാണം നടത്തിക്കൊണ്ട് നീതി പുനഃസ്ഥാപിക്കുകയും അതിക്രമത്തിന് തടയിടുകയും ചെയ്യും.
ദേശസാത്കരിക്കുന്നതിന്റെ
പരിധികള്‍
ഭരണകൂടം സ്വയം തന്നെ വ്യവസായമോ മറ്റു ബിസിനസ് സംരംഭങ്ങളോ നടത്തുന്നത് വിലക്കപ്പെട്ടതാണെന്ന് ഇസ്ലാം കരുതുന്നില്ല. പൊതു താല്‍പര്യം സംരക്ഷിക്കാന്‍ ചില വ്യവസായങ്ങളും ബിസിനസ് സംരംഭങ്ങളും തുടങ്ങുന്നത് അനിവാര്യമായി വരും. പക്ഷേ, വ്യക്തികള്‍ അതേറ്റെടുക്കാന്‍ തയാറല്ല, അല്ലെങ്കില്‍ വ്യക്തികള്‍ അതേറ്റെടുത്ത് നടത്തിയാല്‍ പൊതുതാല്‍പര്യത്തിന് ഹാനികരമായി ഭവിക്കും. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ആ സംരംഭങ്ങള്‍ ഗവണ്‍മെന്റ് ഏറ്റെടുക്കേണ്ടിവരും. പൊതുതാല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംരംഭങ്ങളെയും ചിലപ്പോള്‍ ഗവണ്‍മെന്റ് ദേശസാത്കരിച്ചു എന്നു വരാം. അതിനൊന്നും ഇസ്ലാമിക ശരീഅത്തില്‍ തടസ്സങ്ങളില്ല. ഉല്‍പാദനോപകരണങ്ങള്‍ മുഴുവന്‍ ഗവണ്‍മെന്റ് അധീനതയിലായിരിക്കണമെന്നും വ്യവസായ -ബിസിനസ് സംരംഭങ്ങളുടെയും ഭൂമിയുടെയും ഉടമസ്ഥത സ്റേറ്റിനായിരിക്കണമെന്നുമുള്ള തത്ത്വശാസ്ത്രത്തെയാണ് ഇസ്ലാം എതിര്‍ക്കുന്നത്.
ബൈത്തുല്‍ മാലിന്റെ/ട്രഷറിയുടെ നടത്തിപ്പ്
ധനം അല്ലാഹുവിന്റേത് എന്നത്രെ ഇസ്ലാമിന്റെ കാഴ്ചപ്പാട്. സമൂഹത്തിനാണ് അതിന്റെ ഉടമസ്ഥത. ഒരാള്‍ക്കും അത് തന്നിഷ്ട പ്രകാരം കൈകാര്യം ചെയ്യാന്‍ അവകാശമില്ല. മുസ്ലിംകളുടെ മറ്റെല്ലാ കാര്യങ്ങളുമെന്ന പോലെ, കൂടിയാലോചനയിലൂടെയും ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെയും മാത്രമേ പൊതുഖജനാവ് കൈകാര്യം ചെയ്യാന്‍ പാടുള്ളൂ. ആരില്‍നിന്ന് എത്ര പിരിച്ചെടുത്തു, ആര്‍ക്കൊക്കെ വേണ്ടി ചെലവാക്കി തുടങ്ങിയ സകല കൈകാര്യങ്ങളും കര്‍ശനമായ ഇസ്ലാമിക വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടായിരിക്കും. ഏത് ഇടപാടിനെയും ചോദ്യം ചെയ്യാനുള്ള അവകാശം വിശ്വാസികള്‍ക്ക് ഉണ്ടായിരിക്കുകയും ചെയ്യും.
ഒരു ചോദ്യം
ഈ പ്രഭാഷണം അവസാനിപ്പിക്കുന്നതിന് മുമ്പ് ഞാനൊരു ചോദ്യം ഉന്നയിക്കട്ടെ: നാമീ വിവരിച്ച പ്രകാരം സാമ്പത്തിക നീതി തന്നെയാണ് സാമൂഹിക നീതി എങ്കില്‍ ഇസ്ലാമിക സാമ്പത്തിക സംവിധാനം തന്നെ മതിയാകില്ലേ നമുക്ക്? വ്യക്തി സ്വാതന്ത്യ്രത്തെ കവര്‍ന്നെടുക്കുന്ന, സ്വകാര്യ സ്വത്ത് കണ്ട് കെട്ടുന്ന, ഒരുപറ്റം യജമാനന്മാരുടെ കൈകളിലെ കുടിയാന്മാരായി മുഴുവന്‍ പൌരന്മാരെയും മാറ്റുന്ന മറ്റൊരു വ്യവസ്ഥിതി നമുക്ക് ആവശ്യമുണ്ടോ? ഇത് നടപ്പില്‍ വരുത്താന്‍ നാം തയാറാകാത്തതാണ് പ്രശ്നം. പിന്നെ സോഷ്യലിസമോ കമ്യൂണിസമോ നമുക്ക് വേണ്ടിവരില്ല. എന്നല്ല, ഇസ്ലാമിക സാമ്പത്തികനീതി പ്രായോഗികമായി കാണിച്ചുകൊടുക്കാന്‍ നാം തയാറാകുമ്പോള്‍, കൂരാകൂരിരുട്ടില്‍ തങ്ങള്‍ പരതിക്കൊണ്ടിരുന്ന വെളിച്ചം ഇതുതന്നെ ആയിരുന്നില്ലേ എന്ന് ആ ഭൌതിക വ്യവസ്ഥയുടെ വക്താക്കള്‍ മാറിച്ചിന്തിക്കുകയും ചെയ്യും.
(അവസാനിച്ചു)
Comments