കുറ്റിയാടി ഖുത്വ്ബയുടെ രാഷ്ട്രീയം
കുറ്റ്യാടി ജുമുഅത്തു പള്ളിയിലെ ഖുത്വ്ബയെക്കുറിച്ച് ടി.കെ അബ്ദുല്ല സാഹിബിന്റെ 'നടന്നുതീരാത്ത വഴികളില്‍' നടത്തിയ വിശകലനം പൂര്‍ണമായും വസ്തുതാപരമല്ല. യുവ ഖത്വീബുമാരുടെ ഖുത്വ്ബയുടെ ശൈലിയും പ്രശ്നത്തിന്റെ കാരണമാണെന്ന വിലയിരുത്തലില്‍ പിശകുണ്ട്. മഹല്ല് കമ്മിറ്റിയിലെ കോണ്‍ഗ്രസ് രാഷ്ട്രീയമാണ് പ്രശ്നത്തിന്റെ യഥാര്‍ഥ കാരണം.
കുറ്റ്യാടിയിലെ മുസ്ലിംകള്‍ പരമ്പരാഗതമായി കോണ്‍ഗ്രസുകാരാണ്. മുസ്ലിം ലീഗിന് പോലും പ്രദേശത്ത് കാര്യമായ സ്വാധീനമില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായിരുന്ന അബ്ദുല്ലക്കുട്ടി മൌലവിയുടെ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ നടന്ന മണ്ണിലേക്കാണ് ഹാജിസാഹിബ് കടന്നുവരുന്നത്.
കോണ്‍ഗ്രസില്‍ ഉറച്ച് നിന്നുകൊണ്ട് തന്നെ ഹാജി സാഹിബിനോടും പിന്നീട് വന്ന ജമാഅത്ത് നേതാക്കളോടും സഹകരിക്കാന്‍ ചില കാരണങ്ങള്‍ ഉണ്ടായിരുന്നു.
1. കമ്യൂണിസ്റ് പ്രത്യയശാസ്ത്രത്തിനെതിരെയുള്ള ജമാഅത്തിന്റെ നിശിതമായ വിമര്‍ശം.
2. ജമാഅത്തുകാര്‍ വോട്ട് ചെയ്യാത്ത കാലമായിരുന്നതിനാല്‍ പ്രയോഗത്തില്‍ കോണ്‍ഗ്രസിന് ജമാഅത്തില്‍ എതിര്‍പ്പ് അനുഭവപ്പെട്ടിരുന്നില്ല.
3. ജമാഅത്തിന്റെ മതവീക്ഷണം വിശാലവും എളുപ്പമുള്ളതും അന്തസ്സുള്ളതുമാണ്.
പള്ളി, മദ്റസ, കോളേജ് എന്നിവ ജമാഅത്തിന്റേതും ഒപ്പം പ്രദേശത്തിന്റേതും എന്ന സ്വഭാവത്തിലാണ് നടന്നു വന്നത്. മര്‍ഹൂം കെ. മൊയ്തുമൌലവി കുറ്റ്യാടി ഖാദിയായതിന് ശേഷമാണ് പള്ളി പുതുക്കിപ്പണിതതും മഹല്ലിന് സാമാന്യം ഭേദപ്പെട്ട ഒരു ഭരണഘടന തയാറാക്കി രജിസ്റര്‍ ചെയ്യുന്നതും.
ഭരണഘടന നിലവില്‍ വന്ന ശേഷം ഇതുവരെ 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ജമാഅത്ത് പ്രവര്‍ത്തകര്‍ ഭൂരിപക്ഷം ഉണ്ടായിട്ടില്ല. മൊയ്തു മൌലവിയടക്കമുള്ള വരെ ഖാദിയും ഖത്വീബുമായി നിയമിച്ചത് കോണ്‍ഗ്രസ് ഭൂരിപക്ഷ കമ്മിറ്റി തന്നെയാണ്.
ജമാഅത്തിന് കുറ്റ്യാടിയില്‍ കേള്‍ക്കേണ്ടി വന്ന ആദ്യത്തെ വിമര്‍ശനം അടിയന്തരാവസ്ഥ കാലത്താണ്, ഇന്ദിരാഗാന്ധിക്കെതിരെ ജമാഅത്ത് വോട്ട് ചെയ്തപ്പോള്‍. ജമാഅത്ത് സ്വീകരിച്ച രാഷ്ട്രീയ നിലപാടിനനുസരിച്ച് പിന്നീട് നടന്ന പല തെരഞ്ഞെടുപ്പുകളിലും കുറ്റ്യാടിയില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ സാധിച്ചില്ല. ഇത് കുറ്റ്യാടിയിലെ കോണ്‍ഗ്രസില്‍ ജമാഅത്ത് വിരുദ്ധ പക്ഷത്തിന് മേല്‍ക്കൈ നേടിക്കൊടുത്തു. പക്ഷേ, നീണ്ട രണ്ട് പതിറ്റാണ്ടിലേറെക്കാലത്തെ നേതൃത്വം മൊയ്തു മൌലവിയെ അനിഷേധ്യനാക്കിയതിനാല്‍ പള്ളിക്കമ്മിറ്റിയിലെ കോണ്‍ഗ്രസ് രാഷ്ട്രീയം ഒറ്റപ്പെട്ട അപസ്വരങ്ങളിലൊതുങ്ങി.
മൊയ്തു മൌലവിയുടെ അവസാന നാളുകളില്‍ അദ്ദേഹം ഖാദിയായിരിക്കെ തന്നെ ഖാലിദ് മൂസ നദ്വിയെ ഖത്വീബായി നിയമിച്ചു. മൊയ്തുമൌലവിയുടെ മരണശേഷം കെ.എന്‍ അബ്ദുല്ല മൌലവി ഖാദിയും ഖാലിദ് മൂസ നദ്വി ഖത്വീബുമായി തുടര്‍ന്നു.
അതിനിടയില്‍ കേരളത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്ത് ഇടതുപക്ഷത്തെ പിന്തുണച്ചു. ഈ സന്ദര്‍ഭത്തിലാണ് ഖാലിദ് മൂസ നദ്വിയെ കുറ്റ്യാടി ഖത്വീബ് സ്ഥാനത്ത് നിന്ന് പുറത്താക്കുന്നത്.
ആദ്യത്തെ മലയാള ഖുത്വ്ബ നടത്തിയ ഹാജി സാഹിബ് മുതല്‍ തുടര്‍ന്നു വന്ന ജമാഅത്ത് ഖത്വീബ് സ്ഥാനം (ഇടക്കാലത്ത് മുജാഹിദ് പണ്ഡിതര്‍ സ്ഥിരസ്വഭാവത്തിലും പകരക്കാരായും ഖത്വീബുമാരായിരുന്നിട്ടുണ്ട്) നഷ്ടപ്പെടുത്തുന്നത് മഹല്ല് നിവാസികളുടെ എതിര്‍പ്പിന് വഴിവെക്കുമോ എന്ന ആശങ്കയുള്ളതിനാല്‍ പുതിയ ഖത്വീബിനെ നല്‍കുവാന്‍ ജമാഅത്തിനോട് തന്നെ കമ്മിറ്റി ആവശ്യപ്പെട്ടു. കെ.എന്‍ അബ്ദുല്ല മൌലവി, ഈ കുറിപ്പുകാരനോട് കുറ്റ്യാടി ഖത്വീബായി ചുമതലയേറ്റെടുക്കാന്‍ ആവശ്യപ്പെട്ടു. ഖാലിദ് മൂസയെ മാറ്റിയതിനാല്‍ മറ്റൊരാള്‍ ഖുത്വ്ബ ഏറ്റെടുക്കില്ല എന്നാണ് അവര്‍ കരുതിയിരുന്നത്.
പിന്നീട് നിശിതമായ നിരീക്ഷണത്തിന്റെയും നിരൂപണത്തിന്റെയും തണലില്‍ ഈയുള്ളവന്‍ കുറ്റ്യാടിയില്‍ ഖുത്വ്ബ നിര്‍വഹിച്ചു. മഹല്ലിലെ പ്രമാദമായ വഖ്ഫ് സ്വത്ത് തര്‍ക്കം രൂക്ഷമായ പശ്ചാത്തലത്തില്‍ നടത്തിയ ഒരു ഖുത്വ്ബ കാരണമാക്കിയെടുത്ത് പള്ളിക്കമ്മിറ്റി മുമ്പാകെ കാരണം ബോധിപ്പിക്കുന്നത് വരെ സസ്പെന്റ് ചെയ്യുകയാണുണ്ടായത്.
പിന്നീട് ഉപാധികളോടെ ഖത്വീബായി തുടരാന്‍(ഒരു പ്രസ്ഥാനത്തിലും സജീവമായി പ്രവര്‍ത്തിക്കരുത് എന്നതായിരുന്നു പ്രധാന ഉപാധി) എന്നെ ക്ഷണിച്ചെങ്കിലും സോപാധിക ഖത്വീബ് സ്ഥാനം ഏല്‍ക്കേണ്ടതില്ല എന്ന് ജമാഅത്ത് പ്രാദേശിക നേതൃത്വം തീരുമാനിക്കുകയായിരുന്നു.
ഖുത്വ്ബയുടെ വിഷയങ്ങളും ശൈലിയുമല്ല, ഖത്വീബിന്റെ രാഷ്ട്രീയ വീക്ഷണങ്ങളോടുള്ള കോണ്‍ഗ്രസ് നിലപാടാണ് കുറ്റ്യാടിയുടെ ഖുത്വ്ബയുടെ രാഷ്ട്രീയം. അതിനാല്‍ തന്നെയാണ് സോളിഡാരിറ്റി പ്രകടനങ്ങളില്‍ ഖത്വീബ് പങ്കെടുക്കുന്നത് അസഹ്യമായവര്‍ക്ക് മുസ്ലിം ലീഗ് പ്രകടനത്തില്‍ പങ്കെടുക്കുന്ന ഖത്വീബ് സ്വീകാര്യനാവുന്നത്!
കെ.പി യൂസുഫ് പെരിങ്ങാല
കുറ്റിയാടിയിലെവിടെയാണ്
മദീനത്തുല്‍ ഉലൂം?
ടി.കെയുടെ 'നടന്നുതീരാത്ത വഴികളില്‍' പ്രസ്ഥാന ചരിത്രത്തിലെ ഒരു നാഴികക്കല്ല് മാത്രമല്ല, പ്രാസ്ഥാനിക അനുഭവക്കുറിപ്പുകളിലെ അന്യാദൃശമായ അനുഭവം കൂടിയാണ്. പ്രബോധനം തൊട്ടുനോക്കാത്ത നിരവധി സുന്നി-മുജാഹിദ് സുഹൃത്തുക്കള്‍ ടി.കെ.യുടെ പരമ്പര താല്‍പര്യപൂര്‍വം വായിക്കുന്നത് ശ്രദ്ധിയില്‍ പെട്ടിട്ടുണ്ട്. ഒരു മഹദ് വ്യക്തിത്വത്തിന്റെ പ്രസ്ഥാന യാത്രാക്കുറിപ്പ് തയാറാക്കുന്നതില്‍ ഒരിക്കലും വന്നുപോകരുതാത്ത ഒരു ചേനക്കാര്യം ലക്കം 43-ല്‍ കടന്നുവന്നിരിക്കുന്നു! കുറ്റിയാടിയിലെ പ്രസ്ഥാന ചരിത്രം പറഞ്ഞുവരുന്നതിനിടക്ക് പുളിക്കല്‍ മദീനത്തുല്‍ ഉലൂം വറുതി മൂലം പൂട്ടിയതും മാമു ഹാജി മൂന്ന് ചാക്ക് അരി കൊടുത്ത് സഹായിച്ചതും വായിക്കുമ്പോള്‍, കുറ്റിയാടിയിലെവിടെയാണ് പുളിക്കല്‍, പ്രസ്ഥാനത്തിന് മദീനത്തുല്‍ ഉലൂം എന്നൊരു സ്ഥാപനം അവിടെയുണ്ടോ എന്നൊക്കെ ഏതു വായനക്കാരനും സംശയിക്കാമല്ലോ. ടി.കെയെപ്പോലൊരാളുടെ ലേഖനത്തില്‍ ഈ സ്ഖലിതം എങ്ങനെ കടന്നുകൂടി?
(കഴിഞ്ഞൊരു ലക്കത്തില്‍ നിന്നുള്ള ഖണ്ഡിക അബദ്ധവശാല്‍ അതില്‍ കടന്നുകൂടിയിരിക്കുന്നു. തെറ്റ് പറ്റിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നു- എഡിറ്റര്‍)
റഹ്മാന്‍ മധുരക്കുഴി
പരീക്ഷാ
ഫലപ്രഖ്യാപനവും
രക്ഷിതാക്കളും
പരീക്ഷാ ചൂടിന് പരിസമാപ്തിയായി. ഇനി ഫലപ്രഖ്യാപനത്തെക്കുറിച്ച ആശങ്കകളുടെ നാളുകളാണ്. പരീക്ഷക്കിരുന്ന ലക്ഷങ്ങളില്‍ നല്ലൊരു ശതമാനം ജയിച്ചുകയറുന്നു. 'ഭാഗ്യദേവത'യുടെ അനുഗ്രഹം ലഭിക്കാതെ പോയവര്‍ തോല്‍വിയുടെ കയ്പ് നീര്‍ കുടിക്കുന്നു. പരാജിതര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ദുഃഖവും നിരാശയും. വിജയം കൊയ്തവര്‍ക്ക് ഉയരങ്ങള്‍ എത്തിപിടിക്കാന്‍ വഴി കാണാത്തതിലുള്ള ഉത്കണ്ഠയും. പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഭാഗ്യവാന്മാരെ അവരുടെ രക്ഷിതാക്കളും സമൂഹവും അഭിനന്ദങ്ങള്‍ കൊണ്ട് മൂടുന്നു. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടനകള്‍ വിജയികളെ ആദരിക്കുകയും പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. എന്നാല്‍, സാമ്പത്തിക പ്രയാസം, പഠനം യഥാവിധി നിര്‍വഹിക്കാന്‍ പറ്റാത്ത ഗൃഹാന്തരീക്ഷം തുടങ്ങിയ പലവിധ പ്രതികൂല സാഹചര്യങ്ങള്‍ നിമിത്തം പഠിത്തത്തില്‍ പിന്നാക്കമാവുകയും പരാജയം ഏറ്റുവാങ്ങുകയും ചെയ്യേണ്ടിവന്ന നിര്‍ഭാഗ്യവാന്മാരായ വിദ്യാര്‍ഥികളെ അവരുടെ തോല്‍വിയില്‍ ആശ്വസിപ്പിക്കാനോ അവരെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്താനോ ഒറ്റ സാമൂഹിക സംഘടനകളും താല്‍പര്യം കാണിക്കുന്നില്ല.
മത്സര പരീക്ഷകളില്‍ വിജയം കൊയ്യുന്നതും എ പ്ലസ്സുകള്‍ വാരിക്കൂട്ടുന്നതും നല്ലതുതന്നെ. ലക്ഷ്യസിദ്ധിക്കായി നടത്തുന്ന ശാസ്ത്രീയവും ഫലപ്രദവുമായ ത്യാഗപരിശ്രമങ്ങളും ആവശ്യം തന്നെ. എന്നാല്‍, പലവിധ കാരണങ്ങളാല്‍ തോറ്റുപോയാല്‍ ഇനി ഒരു രക്ഷയുമില്ലെന്ന നിരാശാബോധം മുന്നോട്ടുള്ള പ്രയാണത്തെ തുരങ്കം വെക്കുമെന്നാണ് പറഞ്ഞുവരുന്നത്. പരീക്ഷയില്‍ പരാജയപ്പെടുന്നതോടെ ഭാവിയില്‍ സകല രംഗത്തും പരാജയം തന്നെയാവും ഫലം എന്ന കണക്കുകൂട്ടല്‍ ബുദ്ധിയല്ല. ഒരിക്കല്‍ ഒരു വിഷയത്തില്‍ കഴിവ് തെളിയിക്കാന്‍ കഴിയാതെ പോയ വ്യക്തിക്ക്, മറ്റൊരിക്കല്‍ മറ്റൊരു വിഷയത്തില്‍ കഴിവ് തെളിയിക്കാനും, ശോഭിക്കാനും കഴിഞ്ഞെന്ന് വരാം. ബുദ്ധിശക്തി കുറവാണെന്ന് പറഞ്ഞ് സ്‌കൂളില്‍ നിന്ന് ഇറക്കിവിടപ്പെട്ട തോമസ് എഡിസനല്ലേ, പില്‍ക്കാലത്ത് ലോക പ്രശസ്ത ശാസ്ത്രജ്ഞനായി മാറിയത്. പോളിടെക്‌നിക്ക് സ്‌കൂളിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷയില്‍ മൂന്ന് തവണ തോറ്റ ഐന്‍സ്റ്റീന്‍ ന്യൂക്ലിയര്‍ യുഗത്തിന്റെ ശില്‍പിയായി ലോക പ്രശസ്തിയാര്‍ജിച്ച ചരിത്രം നമുക്ക് മുമ്പിലുണ്ട്.
ഡോക്ടര്‍, എഞ്ചിനീയര്‍ എന്നീ പദവികള്‍ക്കപ്പുറത്തും ലോകമുണ്ടെന്ന് മനസ്സിലാക്കാന്‍ കൂട്ടാക്കാത്ത രക്ഷിതാക്കളാണ് കുട്ടികള്‍ക്ക് നേടാന്‍ കഴിയാത്തത് അവര്‍ നേടിയേ അടങ്ങൂ എന്ന് ശാഠ്യം പിടിക്കുന്നത്. തങ്ങള്‍ക്ക് നേടാന്‍ കഴിയാതെ പോയതെല്ലാം തങ്ങളുടെ കുട്ടികള്‍ നേടിയെടുത്തേ തീരൂ എന്ന ദുര്‍മോഹം അതിര് കടക്കുന്നത് വിപരീതഫലമേ ചെയ്യൂ. കുട്ടികളുടെ ജന്മസിദ്ധമായ അഭിരുചിക്കും കഴിവിനും ആഗ്രഹാഭിലാഷങ്ങള്‍ക്കും അനുസൃതമായ മാര്‍ഗദര്‍ശനം അവര്‍ക്ക് നല്‍കുന്നതാണ് വിവേകത്തിന്റെ മാര്‍ഗം. തങ്ങള്‍ ആകാശക്കോട്ടകള്‍ കെട്ടുന്ന ലോകത്തേക്ക് പറന്നുയരാന്‍ കഴിയാതെ പോവുന്ന കുട്ടികളെ ശകാരിക്കുകയും ശപിക്കുകയും പുറംതള്ളുകയും ചെയ്യുന്ന പീഡനമുറകള്‍ അനുവര്‍ത്തിക്കുന്ന രക്ഷിതാക്കള്‍ കുട്ടികളുടെ ഭാവിയെ തന്നെയാണ് തകര്‍ക്കുന്നതെന്നോര്‍ക്കണം.
Comments