Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 21

അപകോളനീകരണത്തിന്റെ നോവലെഴുത്ത്

കെ. അശ്റഫ്

അധമനാഗരികതകളെന്നു മുദ്രകുത്തപ്പെട്ടവയെ പരിഷ്‌കരിക്കുകയായിരുന്നല്ലോ കോളനീകരണത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്. ഈ പരിഷ്‌കരണ ദൗത്യത്തിന് യൂറോപ്യന്‍ കോളനീകരണത്തിന്റെ ഭാഷയില്‍ 'വെള്ളക്കാരന്റെ ഭാരം' (Whiteman's burden) എന്നാണ് പറയുക. വെള്ളക്കാരന്റെ ഈ 'ഭാരം' ഇറക്കിവെക്കാന്‍ സഹായിക്കുന്ന നിരവധി തിരിച്ചുവായനകള്‍ ഇന്നു നടന്നുകൊണ്ടിരിക്കുന്നു. സൈദ്ധാന്തിക പ്രവര്‍ത്തനങ്ങള്‍ മുതല്‍ നോവലെഴുത്ത് വരെ ഈ നിരയിലുണ്ട്. പ്രശസ്ത ഇന്ത്യന്‍ സംവിധായകനായ, ഈയടുത്ത കാലത്ത് നോവലെഴുത്തിലേക്ക് കടന്ന സഈദ് അക്തര്‍ മിര്‍സയുടെ The Monk, the Moor & Moses Ben Jalloun എന്ന രണ്ടാമത്തെ നോവല്‍ അപകോളനീകരണത്തിന്റെ നോവലെഴുത്തായി കാണാവുന്നതാണ്. 2012 ഫെബ്രുവരിയിലാണ് ഹാര്‍പര്‍ കോളിന്‍സ് പുസ്തകം ഇന്ത്യന്‍ വിപണിയിലെത്തിച്ചത്.
പല കാലങ്ങളിലും ലോകങ്ങളിലും പരന്നുകിടക്കുകയാണ് നോവല്‍. പ്രധാനമായും നാലുതരം കഥകളാണ് നോവലിലുള്ളത്. ഒന്നാമത്തേത് 2008-ലെ അമേരിക്കയിലെ കൊളംബിയ യൂനിവേഴ്‌സിറ്റി ലക്ചര്‍ ഹാള്‍. അവിടെ സന്ദീപ് (ഇന്ത്യ), സ്റ്റീവ് (സൗത്താഫ്രിക്ക), ഉമര്‍ ബെന്‍ ജലൂണ്‍ (മൊറോക്കോ), ലിന്‍ഡ (അമേരിക്ക) എന്നീ നാല് വിദ്യാര്‍ഥികള്‍ ഇസ്‌ലാമിക നാഗരികത യൂറോപ്പിന് നല്‍കിയ സംഭാവനകളെക്കുറിച്ച് സംവാദങ്ങള്‍ നടത്തുകയാണ്. സംവാദം മുപ്പത് പേജുള്ള ഒരു പഴയ ഡയറിക്കുറിപ്പിനെ ചുറ്റിപ്പറ്റിയാണ് വികസിക്കുന്നത്. ഒരു ക്രിസ്ത്യന്‍ സന്യാസിയും മുസ്‌ലിം പണ്ഡിതനും മോസസ് ബെന്‍ ജലൂണെന്ന ജൂത പണ്ഡിതനും തമ്മില്‍ നടന്ന സംഭാഷണമാണ് ഡയറിക്കുറിപ്പിലുള്ളത്.
ഇപ്പോള്‍ മൊറോക്കോയില്‍ മുസ്‌ലിമായി ജീവിക്കുന്ന ഉമറിന്റെ ഒരു വല്യുപ്പയായിരുന്നു എ.ഡി 1492-ല്‍ ക്രിസ്ത്യന്‍ അധിനിവേശക്കാരാല്‍ ഗ്രാനഡയില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട ജൂത പണ്ഡിതനായ മോസസ് ബെന്‍ ജലൂണ്‍. ഗ്രാനഡയില്‍ ജീവിച്ച കാലത്ത് മോസസ് ബെന്‍ ജലൂണ്‍ ഇസ്‌ലാം-ക്രിസ്ത്യന്‍-ജൂത വൈജ്ഞാനിക പാരമ്പര്യത്തെക്കുറിച്ച പൊള്ളുന്ന ഒരു സംവാദത്തിന് സാക്ഷിയായി. ഇത് ഡയറിയില്‍ എഴുതിവെച്ചു. ഈ ഡയറിയാണ് 2008-ല്‍ കൊളംബിയ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന ഉമര്‍ ബെന്‍ ജലൂണും മൂന്നു സഹപാഠികളും ചേര്‍ന്ന് രൂപവത്കരിച്ച രഹസ്യ വൈജ്ഞാനിക ഗ്രൂപ്പായ 'ബൈത്തുല്‍ ഹിക്മ' വായനക്കെടുക്കുന്നത്. ഇതാണ് രണ്ടാമത്തെ കഥ.
''എ.ഡി 1265-ല്‍ തന്റെ എഴുപത്തഞ്ചാമത്തെ വയസ്സില്‍ നാല് പ്രധാന അറബ് ഗ്രന്ഥങ്ങളുടെ വിവര്‍ത്തനത്തിന് മോസസ് ബെന്‍ ജലൂണ്‍ നിയോഗിതനായി. സഹായത്തിന് സിസ്റ്റേര്‍ഷ്യന്‍ പാരമ്പര്യത്തിലുള്ള ഒരു ക്രിസ്ത്യന്‍ സന്യാസിയെ വിളിച്ചു. അയാള്‍ മോസസിനെ ലാറ്റിനിലേക്കുള്ള വിവര്‍ത്തനത്തിന് സഹായിക്കാമെന്നേറ്റു. ഹീബ്രുവിലും അറബിയിലും നല്ല പിടുത്തമുണ്ടായിട്ടും തന്റെ വിദ്യാര്‍ഥിയായിരുന്ന ഗ്രാനഡക്കാരന്‍ മൂറിനെ മോസസ് സഹായത്തിനു വിളിച്ചു. എന്നാല്‍ വിവര്‍ത്തനം തുടങ്ങുന്നതിന് മുമ്പ് തന്നെ സന്യാസിയും മൂറും തമ്മില്‍ സംവാദമാരംഭിച്ചു. മോസസ് ഒരു ഡയറിയില്‍ ഇതെല്ലാം കുറിച്ചുവെക്കാന്‍ തുടങ്ങി.''
ഒന്നിടവിട്ട അധ്യായങ്ങളിലൂടെ മറ്റൊരു കഥ നീങ്ങുന്നു. സാക്ഷാല്‍ അല്‍ബിറൂനിയുടെയും പ്രിയ ശിഷ്യ രെഹനയുടെയും കഥയാണ് ഇവിടെ പറയുന്നത്. എ.ഡി 1010-ല്‍ അഫ്ഗാനിസ്താനിലെ ഗസ്‌നയില്‍ അല്‍ബിറൂനിയുടെയും ശിഷ്യ രെഹനയുടെയും ജീവിതത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളിലൂടെ നോവല്‍ മുന്നോട്ടുപോവുന്നു.
നാലാമത്തെ കഥ നോവലിസ്റ്റിന്റെ തന്നെ ചില സഞ്ചാരങ്ങളാണ്. ചൈനയിലെ സിയാന്‍, മൊറോക്കോയിലെ ഫെസ്, ഇറാനിലെ ഷിറാസ്, ഇറാഖിലെ ബഗ്ദാദ് തുടങ്ങിയ നഗരങ്ങളിലൂടെയും ഭൂതകാലത്തിലൂടെയും വര്‍ത്തമാനത്തിലൂടെയും നോവലിസ്റ്റ് നടത്തുന്ന രാഷ്ട്രീയ പ്രാധാന്യമുള്ള സന്ദര്‍ശനങ്ങള്‍. നോവലിന്റെ പൊതു ഒഴുക്കിനെയും ശില്‍പഘടനയെയും പല രീതിയില്‍ പിന്താങ്ങുന്നതാണ് ഈ സഞ്ചാരങ്ങള്‍.

ബൈത്തുല്‍ ഹിക്മയുടെ ഓര്‍മകള്‍
എല്ലാ സംവാദങ്ങളും തുടങ്ങുന്നത് 2008-ലെ ആ ക്ലാസ് മുറിയിലായിരുന്നു. ഡാന്റെയുടെ ഡിവൈന്‍ കോമഡിയാണ് യൂറോപ്യന്‍ സാഹിത്യത്തിന് അടിത്തറയിട്ടതെന്നായിരുന്നു ഉമര്‍ ബെന്‍ജലൂണിന്റെ പ്രഫസര്‍ വിശദീകരിച്ചത്. എന്നാല്‍, ഡാന്റെയുടെ കൃതികള്‍ അറബികളില്‍ നിന്ന് കോപ്പിയടിച്ചതാണെന്നാണ് ഉമര്‍ തര്‍ക്കമുന്നയിച്ചത്. നബിയുടെ മിഅ്‌റാജില്‍ നിന്നാണ് ഡാന്റെ തന്റെ കൃതികളുടെ ആശയം വികസിപ്പിക്കുന്നത്. തെളിവായി ഉമര്‍, 'ഇസ്‌ലാം ആന്റ് ഡിവൈന്‍ കോമഡി' എന്ന മിഗ്വല്‍ അസിന്‍ പലിഷ്യോസിന്റെ പുസ്തകത്തില്‍ കൊടുത്ത തെളിവുകള്‍ ഉന്നയിച്ചു. മാത്രമല്ല സ്‌പെയിനില്‍ ജീവിച്ച ഇബ്‌നു അറബിയുടെ കൃതികളിലും പ്രസ്തുത ആശയങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും അതും ഡാന്റെയെ സ്വാധീനിച്ചിട്ടുണ്ടെന്നും ഉമര്‍ പറഞ്ഞു. മിഅ്‌റാജിനെക്കുറിച്ച കൃതിയും ഇബ്‌നു അറബിയുടെ ഫുതുഹുല്‍ മക്കയുമടക്കമുള്ള കൃതികളും എ.ഡി 1264-ല്‍ ആണ് ലാറ്റിനിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടത്. ഉമര്‍ പറഞ്ഞത് സാഹിത്യം മാത്രമല്ല ചരിത്രം, സാമൂഹിക ശാസ്ത്രം, ഗണിതം, സംഗീതം, തത്ത്വചിന്ത, ശില്‍പകല ഇവയിലൊക്കെ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ്. ഉമറിനെ ശുണ്ഠിപിടിപ്പിച്ചത് ചരിത്രത്തെക്കുറിച്ചുള്ള അജ്ഞത മാത്രമല്ലായിരുന്നു. അതിലുപരി അമേരിക്കയില്‍, ഒബാമക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് കാമ്പയിനില്‍ അറബികളെ കേന്ദ്രീകരിച്ച് നടക്കുന്ന വംശീയ സ്വഭാവമുള്ള പ്രചാരണങ്ങള്‍ കൂടിയായിരുന്നു.
ഡാന്റെയെക്കുറിച്ച ചര്‍ച്ച ആ ക്ലാസ്മുറിയെ ഒരു തര്‍ക്കഭൂമിയാക്കി മാറ്റി. ഈ ചരിത്രനിഷേധം എന്നത് യൂറോപ്യന്‍ വംശീയവാദത്തിന്റെ ആവരണങ്ങളണിഞ്ഞാണ് നടക്കുന്നതെന്ന് ഉമര്‍ നിരീക്ഷിച്ചു. ''ഇങ്ങനെ തമസ്‌കരിക്കപ്പെട്ട ജീവിതങ്ങളായതുകൊണ്ടാണ്, നാഗരികതയെ കുറിച്ചൊന്നുമറിയാത്ത, ബുദ്ധിപരമായി പാപ്പരത്തം അനുഭവിക്കുന്ന സാമുവല്‍ ഹണ്ടിംഗ്ടണ്‍ ഗൗരവതരത്തില്‍ സ്വീകരിക്കപ്പെട്ടത്. അതുകൊണ്ടാണ് ജോര്‍ജ് ബുഷിന് ഇറാഖ് അധിനിവേശം സാധ്യമായത്. ഇറാഖിലെ നഗരങ്ങള്‍ ചുട്ടുചാമ്പലാക്കുമ്പോള്‍ ജോര്‍ജ് ബുഷിന്റെ ചിന്തയെ നയിച്ചത്, അറബികള്‍ വെറുതെ ഒട്ടകസവാരി നടത്തി സമയം കൊല്ലുന്ന വില കുറഞ്ഞ മനുഷ്യരാണെന്നാണ്.''
ക്ലാസ് കഴിഞ്ഞ് പുറത്തിറങ്ങിയ ഉമറിനെ വരവേറ്റത് വിശ്വസ്ത സുഹൃത്തായ ലിന്‍ഡയുടെ അവിശ്വാസം നിറഞ്ഞ കണ്ണുകളായിരുന്നു. തുടര്‍ന്നുള്ള ചര്‍ച്ചയിലാണ് തന്റെ കുടുംബസ്വത്തായ ഡയറിയെക്കുറിച്ചും അതിലൂടെ തനിക്ക് കിട്ടിയ വാചാലമായ സൂചനകളെക്കുറിച്ചും ഉമര്‍ വിശദീകരിച്ചത്. മധ്യകാല ചരിത്രത്തിലേക്കും യൂറോപ്യന്‍ നവോത്ഥാനത്തിന്റെ പ്രചോദകങ്ങളിലേക്കും കൊളോണിയലിസത്തിന് തൊട്ടുമുമ്പ് ലോകമെങ്ങും നടന്ന യാത്രകളുടെയും വിജ്ഞാന കൈമാറ്റങ്ങളുടെയും രീതിയിലേക്കും ചരിത്രത്തിലേക്കും ചര്‍ച്ചയെ കൊണ്ടുപോകാന്‍ ഉമറിന്റെ നേതൃത്വത്തില്‍ നാല്‍വര്‍ സംഘം തീരുമാനിച്ചു. ഇതാണ് ബൈത്തുല്‍ ഹിക്മ എന്ന പേരിലുള്ള രഹസ്യ സംഘത്തിന്റെ രൂപവത്കരണത്തില്‍ കലാശിച്ചത്. തുടര്‍ന്ന് വരുന്ന ആദ്യത്തെ ഞായറാഴ്ച ആ നാല്‍വര്‍ സംഘം ഉമറിന്റെ രഹസ്യ ഡയറി വായിക്കാനാരംഭിച്ചു. ആ ഡയറിയില്‍ തടഞ്ഞ പേരുകള്‍ തേടി അവര്‍ ഗവേഷണത്തിലേര്‍പ്പെട്ടു. ആദ്യ വായനയില്‍ തടഞ്ഞ കിന്ദിയുടെയും ഫാറാബിയുടെയും തത്ത്വചിന്താ പദ്ധതി ഉമര്‍ മറ്റുള്ളവര്‍ക്ക് സാമാന്യമായി പരിചയപ്പെടുത്തിക്കൊടുത്തു.
തുടര്‍ന്ന് മധ്യകാല ചരിത്രത്തിന്റെ അറിയപ്പെടാത്ത ചുരുളുകള്‍ തേടി അവര്‍ വായനയാരംഭിച്ചു. പിന്നീട് നടന്ന ഞായറാഴ്ചാ കൂട്ടായ്മകള്‍ മറ്റൊരു കാലഘട്ടത്തിന്റേതു കൂടിയായിരുന്നു. എല്ലാറ്റിനും തുടക്കമിട്ട ഡാന്റെയുടെ ഡിവൈന്‍ കോമഡിയെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ സ്റ്റീവ് അവരുമായി പങ്കുവെച്ചു. എ.ഡി 1264-ല്‍ അല്‍ഫോന്‍സോ രാജാവിന്റെ നിര്‍ദേശപ്രകാരം കിതാബുല്‍ മിഅ്‌റാജ് ജൂതപണ്ഡിതനായ അബ്രഹാം വിവര്‍ത്തനം ചെയ്തു. അവിടെ വെച്ച് ഇറ്റാലിയന്‍ നയതന്ത്രജ്ഞനായ സിനോര്‍ ബെനവാന്റുറ ഫ്രഞ്ചിലേക്കും ലാറ്റിനിലേക്കും പരിചയപ്പെടുത്തി. പിന്നീട് മറ്റൊരു ഇറ്റാലിയന്‍ യാത്രികനായ ബ്രുനെറ്റോ ലാറ്റിനി, അല്‍ഫോന്‍സോ രാജാവിന്റെ അടുത്തെത്തി പുതിയ വിജ്ഞാന മേഖലകളില്‍ അവഗാഹം നേടിയിരുന്നു. ഡാന്റെ പറയുന്നത് ബ്രുനെറ്റോ ലാറ്റിനി തന്റെ വന്ദ്യനായ ഗുരുനാഥനും പിതൃതുല്യനുമാണെന്നാണ്. ഇത് ഡിവൈന്‍ കോമഡിയില്‍ അറബ്- ഇസ്‌ലാമിക പ്രചോദനങ്ങളുണ്ടെന്ന ഉമറിന്റെ വാദത്തെ ബലപ്പെടുത്തുന്ന വിവരങ്ങളായിരുന്നു.
ലിന്‍ഡയുടെ ഗവേഷണ മേഖല അറബിയില്‍ നിന്ന് യൂറോപ്യന്‍ ഭാഷകളിലേക്ക് നടന്ന വിവര്‍ത്തന ചരിത്രമായിരുന്നു. കൗതുകകരമായ നിരവധി വിവരങ്ങള്‍ ലിന്‍ഡ പരിചയപ്പെടുത്തുന്നു. ഒന്നാമത്തേത് എ.ഡി 1015-ല്‍ ജനിച്ച് 1087-ല്‍ മരണമടഞ്ഞ കോണ്‍സ്റ്റന്റൈന്റെ കഥയാണ്. ഇറ്റലിക്കാരനായ അയാള്‍ തന്റെ യൗവനത്തില്‍ ഈജിപ്ത്, ഫലസ്ത്വീന്‍, ഇറാഖ്, ഇറാന്‍ ഇവയൊക്കെ സന്ദര്‍ശിച്ചു. ഇവിടെ നിന്ന് കിട്ടിയ വിജ്ഞാന സമ്പത്ത് വിശിഷ്യ വൈദ്യശാസ്ത്ര സംബന്ധിയായ വിജ്ഞാനങ്ങള്‍ കോണ്‍സ്റ്റന്റൈനെ വലിയ വൈദ്യശാസ്ത്ര പണ്ഡിതനാക്കി. എന്നാല്‍ കോണ്‍സ്റ്റന്റൈന്റെ ഈ വളര്‍ച്ച വിജ്ഞാന വിരോധികളായ സഹപ്രവര്‍ത്തകരില്‍ അസൂയ ഉളവാക്കുകയും ശേഷിച്ച ജീവിതം ബെനഡിക്ടന്‍ സന്യാസിക്രമത്തിന്റെ ഭാഗമായി മൗണ്ട് കാനിനോയില്‍ ഒറ്റപ്പെട്ട നിലയില്‍ തീര്‍ക്കുകയും ചെയ്തു. ഇവിടെ വെച്ചാണ് ദ ബുക് ഓഫ് കംപ്ലീറ്റ് ആര്‍ട്ട് ഓഫ് മെഡിസിന്‍ എഴുതുന്നത്. എന്നാല്‍ പിന്നീട് നടന്ന പഠനങ്ങള്‍ പറയുന്നത് കോണ്‍സ്റ്റന്റെന്റെ മിക്ക പുസ്തകങ്ങളും ഒമ്പതാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ ജീവിച്ച അബൂ ഇബ്‌നു അബ്ബാസിന്റെ കിതാബുല്‍ മലെകിയുടെ വിവര്‍ത്തനമാണെന്നാണ്. എന്നാല്‍, എല്ലാ യൂറോപ്യന്‍ പണ്ഡിതന്മാരും കോണ്‍സ്റ്റന്റൈനെ പോലെ മോഷ്ടാക്കളല്ല. എ.ഡി 1080-ല്‍ ഇംഗ്ലണ്ടില്‍ ജനിച്ച അഡിലാസിന്റെ കഥയും ലിന്‍ഡ പറയുന്നു. സിറിയ വരെ യാത്ര ചെയ്ത അദ്ദേഹം തന്റെ സമകാലികരായ അറബ് പണ്ഡിതന്മാരുമായി ആശയവിനിമയം നടത്തുകയും വേണ്ടത്ര പരിഗണന നല്‍കി ഒറിജിനലുകള്‍ പരിഭാഷപ്പെടുത്തുകയും ചെയ്തു.
അഡിലാസിലൂടെയും കോണ്‍സ്റ്റന്റൈനിലൂടെയുമാണ് കിഴക്കില്‍ നിന്ന് പടിഞ്ഞാറോട്ടുള്ള വിവര്‍ത്തന ചരിത്രം തുടങ്ങുന്നത്. ഇങ്ങനെ എണ്ണൂറ് വര്‍ഷത്തോളം തുടര്‍ന്ന വിവര്‍ത്തനമാണ് ഇന്നത്തെ യൂറോപ്പിനെ നിര്‍മിക്കുന്നത്. എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ മെഡിറ്ററേനിയന്‍ തീരത്തിന്റെ ഐക്യത്തെ യൂറോപ്പ് നിരാകരിക്കുകയും ഗ്രീക്ക്-റോമന്‍ പൈതൃകത്തെ തങ്ങളുടെ പാരമ്പര്യമായി പുനരവതരിപ്പിക്കുകയും ചെയ്തു. സ്വന്തം പാരമ്പര്യത്തെ ഇങ്ങനെ അവഗണിക്കാന്‍ യൂറോപ്പിനെ പ്രേരിപ്പിച്ച രണ്ട് ഘടകങ്ങള്‍ ലിന്‍ഡ കാണുന്നു. ഒന്ന്, ആഫ്രിക്കയിലും ഏഷ്യയിലും നടത്തിയ കോളനി വാഴ്ചയും അതിലൂടെ രൂപപ്പെട്ട വംശീയ മനോഭാവവും. രണ്ട്, കറുത്തവരും തവിട്ടുനിറമുള്ളവരും മനുഷ്യരല്ലെന്ന് പഠിപ്പിച്ച പത്തൊമ്പതാം നൂറ്റാണ്ടിലെ തത്ത്വചിന്ത. ഇങ്ങനെ ഇസ്‌ലാമിക നാഗരികത ആധുനിക യൂറോപ്യന്‍ അബോധത്തില്‍ വെറും ഗ്രന്ഥം ചുമക്കുന്ന കഴുതയായി മാറി.
ഇന്ത്യക്കാരനായ സന്ദീപിന്റെ പഠനങ്ങള്‍ ഇസ്‌ലാമിക വൈദ്യശാസ്ത്രത്തെ കേന്ദ്രീകരിച്ചായിരുന്നു. ഇമാം റാസി, ഇബ്‌നു സീന, അബുല്‍ ഖാസിം അല്‍ സഹ്‌റാവി തുടങ്ങിയവരെക്കുറിച്ച് ചാള്‍സ് ബ്രൂണെറ്റെ നടത്തിയ പഠനങ്ങള്‍ സന്ദീപ് വിശദീകരിച്ചു.
ഇങ്ങനെ സാഹിത്യം, തത്ത്വചിന്ത, സംഗീതം തുടങ്ങി സുഗന്ധ ദ്രവ്യങ്ങളുടെ ശാസ്ത്രത്തില്‍ വരെ നടന്ന വിജ്ഞാന കൈമാറ്റങ്ങള്‍ കൊളംബിയ യൂനിവേഴ്‌സിറ്റിയിലെ ഈ ബൈത്തുല്‍ ഹിക്മയില്‍ ഓര്‍മകളായി പുനര്‍ജനിച്ചു. എങ്കിലും ഒടുവില്‍ ലിന്‍ഡയുടെ ആ ചോദ്യം ഇരകളുടെ ഭാരത്തെ (burden of victims) കുത്തി നോവിച്ചു. ആ ചോദ്യം, എന്തുപറ്റി ഇസ്‌ലാമിന് എന്നായിരുന്നു. കൊളോണിയലിസത്തിലൂടെ രൂപപ്പെട്ട പ്രതിസന്ധികള്‍ ആഭ്യന്തരവും വൈദേശികവുമായ അധികാര വ്യവസ്ഥകളാല്‍ ഇസ്‌ലാമിനെ കെട്ടിവരിയുകയും ചിന്താപരവും സാമ്പത്തികവുമായ മുരടിപ്പിന് കാരണമാവുകയും ചെയ്തുവെന്നാണ് ഉമര്‍ വിശദീകരിച്ചത്.

അല്‍ബിറൂനിയും
മുന്‍തസിര്‍ അസ്സൈദിയും
അല്‍ബിറൂനിയുടെയും പ്രിയ ശിഷ്യയുടെയും കഥയാണിവിടെ പറയുന്നത്. അല്‍ബിറൂനിയുടെ രേഖപ്പെടുത്തപ്പെട്ട ജീവചരിത്രവും രെഹനയെന്ന പണ്ഡിതയുടെ ഭാവനാത്മക ജീവചരിത്രവും കൂട്ടിക്കലര്‍ത്തിയാണ് ഇത് നോവലിസ്റ്റ് സാധിക്കുന്നത്. ഇസ്‌ലാമിക ചരിത്രത്തിലെ സ്ത്രീയെ രെഹന അബുല്‍ ഹസ്സന്‍ എന്ന കഥാപാത്രത്തിലൂടെ സമകാലികവത്കരിക്കാനാണ് നോവലിസ്റ്റ് ശ്രമിക്കുന്നത്. രെഹനയുടെ ഭര്‍ത്താവായി നോവലില്‍ എത്തുന്ന ദിലവര്‍ ഖാന്‍ പത്താന്‍ പാരമ്പര്യമുള്ളയാളാണ്. പേര്‍ഷ്യന്‍ പാരമ്പര്യത്തിലുള്ള രെഹനയും പത്താന്‍ പാരമ്പര്യത്തിലുള്ള ദിലിവറും തമ്മിലുള്ള ബന്ധം അറബ്-ഇന്ത്യന്‍ പാരമ്പര്യങ്ങളും ഇസ്‌ലാമുമായുള്ള കൊടുക്കല്‍ വാങ്ങലുകളെക്കുറിച്ചുള്ള ഒരു നിഗമനമാണ്.
നോവലിസ്റ്റ് തന്നെ നേരിട്ടെഴുതുന്ന നഗരസഞ്ചാര കുറിപ്പുകളും നോവലിലുണ്ട്. അതിലൊന്ന് ബഗ്ദാദിനെക്കുറിച്ചാണ്. തുടക്കത്തിലെ അധ്യായങ്ങള്‍ അഫ്ഗാനെയും അമേരിക്കയെയും കുറിച്ച്, നോവല്‍ അവസാനിക്കുന്നത് ഇറാഖിലെ ബഗ്ദാദിലും. 2008-ലെ ഒരു പത്രസമ്മേളന വേദിയിലാണ് നോവലിസ്റ്റുള്ളത്. ഇന്നത്തെ ഇറാഖിനെക്കുറിച്ച് പറയുമ്പോള്‍ സഈദ് അക്തര്‍ മിര്‍സ പറയുന്നു: ''കീഴടക്കുന്നവര്‍ കീഴടക്കപ്പെട്ടവരെ അപമാനിക്കുന്ന പതിവുരീതികളല്ല ഇറാഖില്‍ നടന്നത്. അവിടെ നടന്ന അപമാനത്തിന്റെ അടിത്തറ ഒരു ഭാഷയുടെ, സംസ്‌കാരത്തിന്റെ, ചരിത്രത്തിന്റെ നിലനില്‍പിനെക്കുറിച്ചുള്ള അജ്ഞതയാണ്. ഈ അജ്ഞതയുടെ ധാര്‍ഷ്ട്യമാണ് നമ്മെ ഏറെ ഭീതിപ്പെടുത്തേണ്ടത്.''
അങ്ങനെ ഓരോന്നാലോചിച്ചു ആ പത്രസമ്മേളനത്തിലിരിക്കുമ്പോള്‍, അവിടെ ജോര്‍ജ് ബുഷിനെ കാണുന്നു. മാത്രമല്ല, തന്റെ കൂടെ അസ്വസ്ഥനായി ഇരിക്കുന്ന ചെറുപ്പക്കാരനായ ഒരു പത്രപ്രവര്‍ത്തകനെ നോവലിസ്റ്റ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 'സ്വാതന്ത്ര്യം', 'ജനാധിപത്യം' എന്നു ജോര്‍ജ് ബുഷ് മുരണ്ടപ്പോള്‍ അയാള്‍ കൂടുതല്‍ അസ്വസ്ഥനായി കാണപ്പെട്ടു. പിന്നെ അയാള്‍-മുന്‍തസിര്‍ അസ്സൈദി- തന്റെ ഷൂസെടുത്ത് ധാര്‍ഷ്ട്യത്തിന്റെ, അജ്ഞതയുടെ ആള്‍രൂപത്തെ നോക്കി എറിഞ്ഞതിന് നോവലിസ്റ്റ് സാക്ഷിയാവുന്നു. നോവലിന്റെ തുടക്കത്തില്‍ കോളനിവത്കൃത രാജ്യങ്ങളില്‍ നിന്ന് കുടിയേറി അമേരിക്കന്‍ എംപയര്‍ നിയന്ത്രിക്കുന്ന ഒരു യൂനിവേഴ്‌സിറ്റിയില്‍ ഉമര്‍ ബെന്‍ജലൂണ്‍ എന്ന അറബ് യുവാവ് തുടങ്ങിവെച്ച ചോദ്യം നോവലിന്റെ അവസാനം മുന്‍തസിര്‍ അസ്സൈദിയുടെ ഷൂസിലൂടെ പൂര്‍ത്തീകരിക്കുന്ന പ്രതീകാത്മകത തന്നെയാണ് ഈ നോവലിന്റെ ശക്തിയും സൗന്ദര്യവും. ചരിത്രവും കഥയും എവിടെ വേര്‍തിരിയുന്നുവെന്ന് പ്രവചിക്കാന്‍ കഴിയാത്ത ഈ നോവലില്‍, പ്രതിരോധ രാഷ്ട്രീയത്തിന്റെ നിത്യ രഹിത വസന്തം മാത്രമാണ് പ്രവചിക്കാന്‍ കഴിയുന്ന ഏക ചരിത്ര വസ്തു എന്ന് വരുന്നു.
The Monk, the Moor & Moses Ben Jalloun
by Saeed Akhtar Mirza
Fourth Estate. An Imprint of Harper Collins Publisher, New Delhi. 2012

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം