ഇസ്ലാമിക് ഫിനാന്‍സിന്റെ കുതിപ്പിന് അരങ്ങൊരുങ്ങുന്നു
അറബ് വസന്തം ഭരണമാറ്റത്തിനും ഇസ്ലാമികാഭിമുഖ്യമുള്ള പാര്‍ട്ടികള്‍ ഭരണ നേതൃത്വമേറ്റടുക്കുന്നതിനും കാരണമായത് പോലെ, ആ രാജ്യങ്ങളിലെ സാമ്പത്തിക മേഖലയെ പുനര്‍നിര്‍മിക്കുന്നത് പലിശാധിഷ്ഠിതമായിരിക്കില്ല എന്ന ശുഭസൂചനകളും വന്നുകൊണ്ടിരിക്കുന്നു. ഈ രാജ്യങ്ങളില്‍ ഇസ്ലാമിക് ഫിനാന്‍സിന് കൂടുതല്‍ ഊന്നല്‍ നല്‍കാനും ഇസ്ലാമിക സമ്പദ്ഘടന വികസിപ്പിച്ചെടുക്കാനും പുതിയ നേതൃത്വം അതീവ താല്‍പര്യം കാണിക്കുന്നുണ്ട്.
അറബ് വസന്തം വഴി ഭരണമാറ്റമുണ്ടായ രാജ്യങ്ങളാണ് ഈജിപ്ത്, തുനീഷ്യ, ലിബിയ, മൊറോക്കോ എന്നിവ. ഇവ ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളും യൂറോപ്പിനോട് ചേര്‍ന്നു കിടക്കുന്നവയുമാണ്. പിന്നാക്കമായ ഈ നാല് രാജ്യങ്ങളുടെയും ഇസ്ലാമിക് ഫിനാന്‍സ് രംഗത്തുള്ള പങ്കാളിത്തം വെറും ഒരു ശതമാനം മാത്രം. വിപ്ളവാനന്തരം ഈ രാജ്യങ്ങളില്‍ ഇസ്ലാമിക സാമ്പത്തിക ഘടന വന്‍ കുതിപ്പ് നടത്തുമെന്ന് തന്നെയാണ് ആഫ്രിക്കന്‍ ഡവലപ്മെന്റ് ബാങ്കിന്റെ 2011-ലെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. പുതിയ ഇസ്ലാമിക സാമ്പത്തിക സ്ഥാപനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നും പലിശാധിഷ്ഠിത സാമ്പത്തിക സ്ഥാപനങ്ങളെ ഇസ്ലാമികവത്കരിച്ചും ഇത് സാധ്യമാകുമെന്നാണ് അവരുടെ നിഗമനം. ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളില്‍ ഈ മേഖലയിലെ വളര്‍ച്ച മുരടിച്ചതിന് മൂന്ന് കാരണങ്ങളാണ് ആഫ്രിക്കന്‍ ബാങ്ക് കണ്ടെത്തുന്നത്. ഒന്ന്, ആഫ്രിക്കയിലെ ബാങ്കിംഗ് വ്യവസായത്തിന്റെ പൊതുവെയുള്ള പിന്നാക്കാവസ്ഥ. രണ്ട്, ഇസ്ളാമിക സാമ്പത്തിക ഘടനയെക്കുറിച്ച വൈജ്ഞാനികാടിത്തറയില്ലായ്മ. മൂന്ന്, ഭരണകര്‍ത്താക്കളുടെ താല്‍പര്യമില്ലായ്മ.
ഇസ്ലാമിക് ഫിനാന്‍സിന്റെ സന്തുലിത വളര്‍ച്ച എന്ന കാഴ്ചപ്പാട് മൊത്തം ആഫ്രിക്കയുടെ തന്നെ വളര്‍ച്ചക്കുതകുമെന്ന് ആഫ്രിക്കന്‍ ഡവലപ്മെന്റ് ബാങ്കിന്റെ ഉപദേഷ്ടാക്കളായ ടശാാീി & ടശാാീി പറയുന്നു. ജനസംഖ്യാനുപാതികമായി ബാങ്കുമായി ബന്ധപ്പെടുന്നവര്‍ തുനീഷ്യയില്‍ 33 ശതമാനവും മൊറോക്കയില്‍ 25 ശതമാനവും ഈജിപ്തില്‍ വെറും 10 ശതമാനവുമാണ്. പലിശാധിഷ്ഠിത സ്ഥാപനങ്ങളോടുള്ള വിമുഖതയാണ് ഈ വിട്ടുനില്‍ക്കലിന് കാരണം. ഈ സാഹചര്യം ഇസ്ലാമിക് ഫിനാന്‍സിന്റെ വളര്‍ച്ചക്ക് വന്‍ സാധ്യത ഒരുക്കുന്നു എന്നാണ് ടശാാീി & ടശാാീി ന്റെ ഉന്നതോദ്യോഗസ്ഥനായ താരിഖ് ഹമീദ് പറയുന്നത്.
ഈജിപ്തിന്റെ സാമ്പത്തിക നില വളരെ പരിതാപകരമാണ്. നീണ്ട ഏകാധിപത്യം ആ രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ക്കുകയും അമേരിക്കന്‍ 'സഹായത്തെ' ആശ്രയിക്കേണ്ട കെണിയില്‍ എത്തിക്കുകയുമാണ് ചെയ്തത്. ജനകീയ വിപ്ളവത്തിലൂടെ രാജ്യത്തിന്റെ ഭരണമാറ്റം സാധ്യമായെങ്കിലും ഭരണത്തിന്റെ കടിഞ്ഞാണ്‍ പൂര്‍ണമായും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ എത്താന്‍ ഇനിയും സമയമെടുക്കും. അതുകൊണ്ടുതന്നെ ഈ പരിവര്‍ത്തന കാലയളവില്‍ അവിടത്തെ സാമ്പത്തിക രംഗം നിയന്ത്രണത്തില്‍ കൊണ്ടുവരികയും അതിനെ പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇപ്പോഴത്തെ ഭരണനേതൃത്വം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അമേരിക്കന്‍ ധനസഹായത്തെയും ഐ.എം.എഫ് വായ്പയെയും ആശ്രയിക്കാതെ തന്നെ ഇസ്ലാമിക് ഫിനാന്‍സ് വഴി ധനസമാഹരണം നടത്താനും അതുവഴി സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാനും കഴിയുമെന്ന് മുസ്ലിം ബ്രദര്‍ഹുഡ് കണക്കുകൂട്ടുന്നു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഇസ്ലാമിക് ഫിനാന്‍സിന് തന്നെ പ്രഥമ പരിഗണന. അറ്റക്കൈക്ക് മാത്രം ഐ.എം.എഫിനെ ആശ്രയിച്ചെന്നും വരാം.
ഇസ്ലാമിക കടപത്രങ്ങള്‍ (ൌസൌസ) ഇറക്കി ധനസമാഹരണം നടത്താന്‍ സര്‍ക്കാര്‍ ആലോചിച്ചുവരുന്നു. ഇസ്ലാമിക പാര്‍ട്ടികളുടെ പൂര്‍ണ പിന്തുണയും ഇതിനുണ്ട്. ഇരുനൂറ് കോടി ഡോളറിന്റെ ധനസമാഹരണമാണ് ലക്ഷ്യമിടുന്നത്. പ്രവാസികളായ ഈജിപ്ഷ്യന്‍ പൌരന്മാരെയും സമ്പന്ന ഗള്‍ഫ് രാജ്യങ്ങളെയും ലക്ഷ്യം വെച്ചാണ് കടപത്രം ഇറക്കുന്നത്. ഈജിപ്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇസ്ലാമിക കടപത്രമിറക്കാനുള്ള ശ്രമം. മുബാറക്കിന്റെ ഭരണകാലത്ത് ഇത്തരം സംരംഭങ്ങളെ നിരുത്സാഹപ്പെടുത്തലായിരുന്നു പതിവ്. ഇതിനാകട്ടെ മുഹമ്മദ് ത്വന്‍ത്വാവിയെപ്പോലുള്ള പണ്ഡിതന്മാരുടെ പിന്തുണയുമുണ്ടായിരുന്നു. മുഖ്യധാരാ ബാങ്കുകളുടെ പലിശ ഇസ്ലാം നിരോധിച്ച 'രിബ'യില്‍ പെടുകയില്ല എന്ന നിലപാടുമുണ്ടായിരുന്നു ത്വന്‍ത്വാവിക്ക്. ഖറദാവിയെപോലുള്ള പണ്ഡിതന്മാര്‍ ത്വന്‍ത്വാവിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതൊക്കെ ഇസ്ലാമിക് ഫിനാന്‍സിന്റെ വളര്‍ച്ചക്ക് തടസ്സമായി. ഇതുകൊണ്ടാണ് സംഘടിത ഇസ്ലാമിക് ബാങ്കിംഗിന് തുടക്കം കുറിച്ച ഈജിപ്തില്‍ ഇപ്പോഴുമത് ശൈശവഘട്ടത്തില്‍ തന്നെ നില്‍ക്കുന്നത്.
ഈ സ്ഥിതിയില്‍ കാര്യമായ മാറ്റം വരാന്‍ പോവുന്നുവെന്നാണ് ഇസ്ലാമിക് ഫിനാന്‍സ് വൃത്തങ്ങളില്‍നിന്നുള്ള വിലയിരുത്തലുകള്‍. ദുബൈ ആസ്ഥാനമായുള്ള പ്രശസ്ത ഇസ്ലാമിക് ഫണ്ട് മാനേജ്മെന്റ് കമ്പനിയായ അമാന അഡ്വൈസറിന്റെ മേധാവി ദാവൂദ് ബക്കര്‍ പറയുന്നു: "വിപ്ളവാനന്തര ഈജിപ്തില്‍ ശരീഅത്ത് അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് പ്രാമുഖ്യം നല്‍കാനുള്ള താല്‍പര്യം വളരെ പ്രകടമാണ്. സാമ്പത്തിക സ്ഥാപനങ്ങളൊക്കെ ഇസ്ലാമിക് ഫിനാന്‍സ് ഉല്‍പന്നങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനും വിപണനം നടത്തുന്നതിനും വേണ്ടി ഞങ്ങളെ സമീപിച്ചു തുടങ്ങി. ഞങ്ങള്‍ കയ്റോവില്‍ പ്രവര്‍ത്തനവും ആരംഭിച്ചു കഴിഞ്ഞു. പ്രശസ്തമായ പല ഇസ്ലാമിക് ഫിനാന്‍സ് സ്ഥാപനങ്ങളും പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കുകയാണ്.''
ലിബിയന്‍ വിപ്ളവത്തിന് നേതൃത്വം വഹിച്ചവരിലൊരാളായ മുസ്ത്വഫ അബ്ദുല്‍ ജലീലിന്റെ പ്രഖ്യാപനങ്ങളിലൊന്ന്, ലിബിയന്‍ സാമ്പത്തിക ഘടനയെ ശരീഅത്ത് വിധികള്‍ക്കനുകൂലമായി പരിവര്‍ത്തിപ്പിക്കുമെന്നും ഇസ്ലാമിക സാമ്പത്തിക സ്ഥാപനങ്ങളെ വളര്‍ത്തിക്കൊണ്ടുവന്ന് പലിശയെ പൂര്‍ണമായി തുടച്ചുനീക്കുമെന്നുമാണ്. വന്‍ കരഘോഷത്തോടെയാണ് ജനം ഈ പ്രഖ്യാപനത്തെ സ്വീകരിച്ചത്. വിപ്ളവത്തിന് മുമ്പ് ലിബിയന്‍ സാമ്പത്തിക മേഖല പൂര്‍ണമായി ഖദ്ദാഫിയുടെ നിയന്ത്രണത്തിലായിരുന്നു. പ്രധാനപ്പെട്ട ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമൊക്കെ ഖദ്ദാഫിയുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും. പരസ്യമായി പലിശയെ എതിര്‍ത്തിരുന്നെങ്കിലും ഖദ്ദാഫി പക്ഷേ, പലിശരഹിത സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നില്ല. കൂടാതെ ഇറ്റലിയിലെ വലിയ ബാങ്കായ ൌിശരൃലറശന്റേെ ഏഴര ശതമാനം ഓഹരി തന്റെ പേരില്‍വാങ്ങി ഈ വന്‍ പലിശ സ്ഥാപനത്തെ താങ്ങിനിര്‍ത്തുകയും ചെയ്തു. ഈ ബാങ്ക് തകരാന്‍ പോകുന്ന ഘട്ടത്തിലാണ് ഖദ്ദാഫി ലിബിയന്‍ ജനതയുടെ പണം കവര്‍ന്ന് ഈ ബാങ്കിനെ രക്ഷിച്ചത്! ഇതേസമയം ഖത്തര്‍ ഇസ്ലാമിക് ബാങ്ക് ലിബിയയില്‍ പ്രവര്‍ത്തനാനുമതിക്ക് വേണ്ടി ശ്രമിച്ചെങ്കിലും ഖദ്ദാഫി അനുമതി നല്‍കിയില്ല.
വിപ്ളവാനന്തരം ലിബിയയില്‍ ഇസ്ലാമിക സാമ്പത്തിക മേഖലക്ക് വന്‍ വളര്‍ച്ച ഉണ്ടാകുമന്നാണ് കരുതപ്പെടുന്നത്. നിരവധി ഇസ്ലാമിക ധനകാര്യ സ്ഥാപനങ്ങള്‍ ലിബിയന്‍ സാഹചര്യം ഉപയോഗപ്പെടുത്താന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ഖത്തര്‍ ഇസ്ലാമിക് ബാങ്ക്, ബഹ്റൈനിലെ അല്‍ബറക ഗ്രൂപ്പ്, ബ്രിട്ടനിലെ സ്റാന്റേര്‍ഡ് ചാര്‍ട്ടേഴ്സ് ബാങ്ക് എന്നിവയാണ് ലിബിയയില്‍ ഇസ്ലാമിക് ഫിനാന്‍സ് സ്ഥാപിക്കാന്‍ മുന്‍പന്തിയില്‍.
വിപ്ളവാനന്തര തുനീഷ്യയും സാമ്പത്തിക മേഖലയെ ഇസ്ലാമിക ഫിനാന്‍സിന്റെ ധാരയിലേക്ക് നയിക്കാന്‍ തന്നെയാണ് ശ്രമിക്കുന്നത്. പുതിയ സര്‍ക്കാര്‍ ഇതിനു വേണ്ടി ഒരു പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. രാജ്യത്തെ ദേശീയ ബാങ്ക്, സ്റോക്ക് എക്സ്ചേഞ്ച് പ്രതിനിധികള്‍, വ്യവസായ പ്രമുഖര്‍ എന്നിവരുള്‍ക്കൊള്ളുന്നതാണ് പ്രസ്തുത സമിതി. ബഹ്റൈനിലെ അല്‍ ബറക ഇസ്ലാമിക് ബാങ്ക് പ്രതിനിധിയും ഈ സമിതിയിലുണ്ട്. അല്‍ബറഖയുമായി സഹകരിച്ച് തുനീഷ്യ ഈ വര്‍ഷം തന്നെ ഇസ്ലാമിക് കടപത്രം ഇറക്കി ധനസമാഹാരണം നടത്താനും സര്‍ക്കാറിന് പദ്ധതിയുണ്ട്. അല്‍ബറഖ, നൂര്‍ ബാങ്കുകളുടെ ശാഖകള്‍ ഇന്ന് തുനീഷ്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ തുനീഷ്യയുടെ ഏക ഇസ്ലാമിക് ബാങ്കായ ബാങ്ക് സൈത്തൂനാവട്ടെ ബിന്‍ അലിയുടെ മകളുടെ ഭര്‍ത്താവിന്റെ ഉടമസ്ഥതയില്‍ 2010 സ്ഥാപിതമായതാണ്. ഇവയുടെയൊക്കെ പ്രവര്‍ത്തനം നാമമാത്രവും പരിമിതവുമാണ്.
മൊറോക്കോ തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക പാര്‍ട്ടിയായ ജസ്റിസ് ആന്റ് ഡവലപ്മെന്റ് പാര്‍ട്ടിയുടെ ഗംഭീര വിജയം രാജ്യത്ത് ഇസ്ലാമിക ഫിനാന്‍സിന് വന്‍ പ്രതീക്ഷകളാണ് നല്‍കിയത്. ഇസ്ലാമിക് ഫിനാന്‍സിന്റെ സാന്നിധ്യം നാമമാത്രമായുള്ള രാജ്യമാണ് മൊറോക്കോ. പ്രധാനമന്ത്രിയായി നിയമിതനായ ഉടനെ അബ്ദുല്ല ബെന്‍ ഖീറാനെ ഖത്തര്‍ ഇന്റര്‍നാഷ്നല്‍ ഇസ്ലാമിക് ബാങ്കിന്റെ തലവന്‍ ഖാലിദ് ബിന്‍ താനി അല്‍ഥാനി സന്ദര്‍ശിക്കുകയും മൊറോക്കോയില്‍ ഇസ്ലാമിക് ബാങ്ക്, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയുണ്ടായി. ജസ്റിസ് പാര്‍ട്ടിയുടെ നേതാക്കളിലൊരാളായ ജനറല്‍ ദാവൂദി പറയുന്നു: "മൊറോക്കോയില്‍ ഇസ്ലാമിക് ഫിനാന്‍സിന്റെ താത്ത്വിക വശങ്ങള്‍ പലവട്ടം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ പ്രായോഗിക നടപടിക്കുള്ള അവസരം വന്നിരിക്കുകയാണ്.''
ഇസ്ലാമിക് ബാങ്കിംഗ് നിയമവിധേയമാക്കുന്നതിനുള്ള ബില്ല് ആഴ്ചകള്‍ക്കകം തന്നെ മൊറോക്കോ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുകയാണ്. ബില്ല് പാസാവുന്നതോടെ രാജ്യത്ത് ഇസ്ലാമിക് ബാങ്കിംഗ് യാഥാര്‍ഥ്യമാകും. ഈ വര്‍ഷമോ അടുത്ത വര്‍ഷമോ രാജ്യത്തെ ആദ്യത്തെ ഇസ്ലാമിക് ബാങ്ക് നിലവില്‍ വരാനാണ് സാധ്യത.
അറബ് വസന്ത രാജ്യങ്ങളില്‍ ഇസ്ലാമിക് ഫിനാന്‍സ് സമ്പാദ്യംവന്‍തോതില്‍ ആകര്‍ഷിക്കാന്‍ കഴിയും. അറബ് മൂലധനത്തിന്റെ ഒഴുക്ക് പാശ്ചാത്യ രാജ്യങ്ങള്‍ വിട്ട് ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് വഴിതിരിച്ചുവിടാനും അതുവഴി സാധിക്കും.
Comments