വഖ്ഫ് സ്വത്തു കുംഭകോണം
മുസ്‌ലിം സമുദായത്തിന് അതിന്റെ വിധാതാവരുളിയ അമൂല്യമായ അനുഗ്രഹമാണ് വഖ്ഫ് സംവിധാനം. തന്നില്‍ തന്നെ എല്ലാം തികഞ്ഞവനായ അല്ലാഹു തന്റെ ദാസന്മാര്‍ പരാധീനരും പരാശ്രിതരുമാകാതെ തന്റെ മാത്രം ആശ്രിതരും അടിമകളുമായിരിക്കാനാണിഷ്ടപ്പെടുന്നത്. വിശ്വാസികള്‍ അവരുടെ സമ്പത്തില്‍ നിന്നൊരു ഭാഗം, അതിന്റെ മൂലധനം നിലനിര്‍ത്തിക്കൊണ്ട് ആദായം ആത്മീയ-ധാര്‍മിക-ജനക്ഷേമ കാര്യങ്ങളില്‍ വിനിയോഗിക്കാന്‍ അല്ലാഹുവിന് ദാനം ചെയ്യുകയാണ് വഖ്ഫ്. വഖ്ഫ് സ്വത്ത് വില്‍ക്കാനോ ദാനം ചെയ്യാനോ മറ്റു വിധത്തില്‍ കൈമാറാനോ പാടില്ല. സംരക്ഷണവും വികസനവും ആദായം ദായകന്‍ (വാഖിഫ്) നിര്‍ദേശിച്ച ലക്ഷ്യങ്ങളില്‍ വിനിയോഗിക്കുകയുമാണ് കൈകാര്യക്കാരന്റെ (മുതവല്ലി) ഉത്തരവാദിത്വം. മൂലധനത്തിന്റെ സുരക്ഷക്കോ അല്ലെങ്കില്‍ ദായകന്റെ ലക്ഷ്യം ഭംഗിയായി നിറവേറാനോ വഖ്ഫ് സ്വത്തില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമാകുമ്പോള്‍ മാത്രമേ എന്തെങ്കിലും തരത്തിലുള്ള മാറ്റം അനുവദനീയമാകൂ.
ഈ രീതിയില്‍ വഖ്ഫ് ചെയ്യപ്പെട്ട സ്വത്തുക്കള്‍ മുസ്‌ലിം ലോകത്തെങ്ങും പണ്ടുമുതലേ ധാരാളമുണ്ട്. മുസ്‌ലിം സമുദായത്തിന്റെ ആത്മീയവും ധാര്‍മികവും സാമ്പത്തികവുമായ ക്ഷേമത്തിലും പുരോഗതിയിലും അവക്കുള്ള പങ്ക് അനിഷേധ്യമാണ്. മുസ്‌ലിംകള്‍ക്ക് മാത്രമല്ല, എല്ലാ മനുഷ്യര്‍ക്കും തണലേകുന്നതാണ് വഖ്ഫ് സ്വത്തുക്കള്‍. എന്തിനേറെ; പക്ഷിമൃഗാദികളുടെ ക്ഷേമത്തിനു പോലും സ്വത്തുക്കള്‍ വഖ്ഫ് ചെയ്യപ്പെട്ട ഉദാഹരണങ്ങള്‍ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ സുവര്‍ണ ദശയുടെ ഏടുകളില്‍ കാണാം. ഇന്ത്യയിലുടനീളം ചിതറിക്കിടക്കുന്ന വഖ്ഫ് സ്വത്തുക്കള്‍ വീണ്ടെടുത്ത് സംരക്ഷിക്കുകയും കാര്യക്ഷമമായി കൈകാര്യം ചെയ്യുകയുമാണെങ്കില്‍ അതുവഴി ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമ്പത്തിക പരാധീനത വലിയൊരളവോളം പരിഹൃതമാകുമെന്ന് ഈ വിഷയം പഠിച്ചിട്ടുള്ളവര്‍ കുറെകാലമായി പറഞ്ഞുവരാറുള്ളതാണ്. പക്ഷേ, ഇപ്പറഞ്ഞ വീണ്ടെടുപ്പും സംരക്ഷണവും ഉചിതമായ കൈകാര്യവും എങ്ങും നടക്കുന്നില്ല. സമുദായം അതേപ്പറ്റി ബോധവാന്മാരുമല്ല. അല്ലാഹു നല്‍കിയ ഒരനുഗ്രഹത്തോടുള്ള അവഗണനയും കൊടിയ കൃതഘ്‌നതയുമാണിത്. ഈ അനുഗ്രഹ നിഷേധത്തിന്റെ കയ്‌പേറിയ ഫലം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് മുസ്‌ലിം സമുദായം. അപൂര്‍വം ചിലയിടത്ത് വഖ്ഫ് സ്വത്തുക്കള്‍ ഉചിതമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതുളവാക്കുന്ന സല്‍ഫലങ്ങള്‍ അവര്‍ കാണുന്നുമുണ്ട്. എന്നിട്ടും ഉണരാന്‍ തയാറാകുന്നില്ല എന്നത് ഏറെ ഖേദകരമാണ്.
ഇന്ത്യയില്‍ വഖ്ഫ് സ്വത്തുക്കള്‍ എത്ര ഭീമമായ തോതിലാണ് പാഴായിക്കൊണ്ടിരിക്കുന്നതെന്ന് തെളിയിക്കുന്നതോടൊപ്പം വഖ്ഫ് സ്വത്തുക്കളുടെ കാര്യക്ഷമമായ വിനിയോഗം സമുദായത്തിന്റെ പരാധീനതകള്‍ക്കറുതിവരുത്താനുതകുമെന്ന് പറയുന്നതില്‍ അതിശയോക്തിയേതുമില്ലെന്ന് ഓര്‍മിപ്പിക്കുക കൂടി ചെയ്യുന്നതാണ് ഈയിടെ കര്‍ണാടകയില്‍ നിന്ന് വന്ന ചില റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് വഖ്ഫ് സ്വത്തുക്കള്‍ ദുര്‍വിനിയോഗം ചെയ്യുന്നതായി ഉയര്‍ന്ന പരാതികളും പത്രറിപ്പോര്‍ട്ടുകളും പരിഗണിച്ച് അതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ അന്‍വര്‍ മണിപ്പാടിയുടെ നേതൃത്വത്തില്‍ ഒരു കമീഷന്‍ നിയോഗിച്ചിരുന്നു. സംസ്ഥാന വഖ്ഫ് ബോര്‍ഡില്‍ 2.1 ലക്ഷം കോടി രൂപയുടെ ക്രമക്കേട് നടന്നിരിക്കുന്നുവെന്നാണ് കമീഷന്‍ ഗവണ്‍മെന്റിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാനത്തുണ്ടായിരുന്ന 54000 ഏക്കര്‍ വഖ്ഫ് ഭൂമികളില്‍ 27000ത്തോളം ഏക്കര്‍-ഏതാണ്ട് അമ്പത് ശതമാനം- അന്യാധീനപ്പെട്ടിരിക്കുന്നു. വഖ്ഫ് ബോര്‍ഡ് മെമ്പര്‍മാരും ബോര്‍ഡുമായി ബന്ധപ്പെട്ട മുന്‍ മന്ത്രിമാരും എം.എല്‍.എമാരും എം.പിമാരുമുള്‍പ്പെടെയുള്ള 40-ഓളം പ്രമുഖരെയാണ് കമീഷന്‍ അതിനുത്തരവാദികളായി ചൂണ്ടിക്കാണിക്കുന്നത്. ബന്ധപ്പെട്ടവര്‍ തങ്ങള്‍ക്കെതിരെയുള്ള ആരോപണം നിഷേധിക്കുകയും റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രത്യാരോപണമുന്നയിക്കുകയും ചെയ്തത് സ്വാഭാവികം. അവരും പക്ഷേ, വഖ്ഫ് സ്വത്തില്‍ ക്രമക്കേടോ ദുര്‍വിനിയോഗമോ ഉണ്ടായിട്ടില്ലെന്ന് വാദിക്കുന്നില്ല. കര്‍ണാടകത്തേക്കാള്‍ വഖ്ഫ് സ്വത്തുക്കള്‍ കൂടുതലുള്ള സംസ്ഥാനങ്ങളാണ് യു.പി, ബീഹാര്‍, ബംഗാള്‍ തുടങ്ങിയവ. ഇന്ത്യാ വിഭജനം മൂലം വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടാന്‍ കൂടുതല്‍ അവസരമുണ്ടായിട്ടുള്ളതും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കര്‍ണാടകയില്‍ രണ്ടു ലക്ഷം കോടിയുടെ നഷ്ടമുണ്ടായെങ്കില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ നഷ്ടം എത്രയായിരിക്കുമെന്ന് ആലോചിക്കാവുന്നതാണ്.
അന്വേഷണത്തിനുത്തരവിട്ട ബി.ജെ.പി ഗവണ്‍മെന്റിന്റെ ഉദ്ദേശ്യം ശുദ്ധമാണോ, കമീഷന്‍ കുറ്റം ചുമത്തിയ വ്യക്തികള്‍ തന്നെയാണോ യഥാര്‍ഥ കുറ്റവാളികള്‍ എന്നിങ്ങനെ ചില ചോദ്യങ്ങളുണ്ട്. അവയുടെ ഉത്തരം എന്തുതന്നെയായാലും മുസ്‌ലിം സമുദായത്തിന് കൂടുതല്‍ പ്രസക്തമായ വിഷയം സംസ്ഥാനത്തെ വഖ്ഫ് സ്വത്തിന്റെ അമ്പത് ശതമാനം നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ്. വഖ്ഫ് ഭൂമിയില്‍ വന്‍തോതില്‍ ദുര്‍വിനിയോഗം നടന്നിട്ടുണ്ടെന്ന് വഖ്ഫ് ബോര്‍ഡിലെ ചില അംഗങ്ങള്‍ തന്നെ സമ്മതിക്കുന്നുണ്ട്. വഖ്ഫ് ഭൂമിയിലാണെന്ന് കര്‍ണാടക ഹൈക്കോടതി വിധിച്ചതും 90 കോടി വില വരുന്നതുമായ, ലാല്‍ബാഗിനടുത്തുള്ള കണ്ണായ 2.3 ഏക്കര്‍ സ്ഥലം കേവലം ഒരു കോടി രൂപക്ക് സ്വകാര്യ കമ്പനിക്ക് കൈമാറിയതും അതു സംബന്ധിച്ച് കേസ് സി.ഐ.ഡി അന്വേഷിച്ചു തുടങ്ങിയതിനെത്തുടര്‍ന്ന് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ റിയാസ് ഖാന്‍ ഒളിവില്‍ പോയതും അനിഷേധ്യമായ വസ്തുതയാണ്.
അന്‍വര്‍ കമീഷന്‍ റിപ്പോര്‍ട്ട് കര്‍ണാടകയില്‍ ഒച്ചപ്പാടുണ്ടാക്കിയിട്ടുണ്ട്. വഖ്ഫ് കുംഭകോണങ്ങള്‍ പുറത്തുവരുമ്പോഴൊക്കെ ഇതുപോലുള്ള ഒച്ചപ്പാടുകള്‍ സാധാരണമാണ്. ഏതാനും ദിവസം കൊണ്ട് അതൊക്കെ കെട്ടടങ്ങുകയും വിഷയം വിസ്മൃതമാവുകയും ചെയ്യും. ഈ ക്ഷണിക ബഹളം കൊണ്ട് വഖ്ഫ് സ്വത്ത് സുരക്ഷിതമാവുകയോ അന്യാധീനപ്പെട്ടത് തിരിച്ചുകിട്ടുകയോ ചെയ്യുന്നില്ല. ഇത്തരം കേസുകളെ സമുദായം ജാഗ്രതയോടെ പിന്തുടരേണ്ടതുണ്ട്. 'ശ്രദ്ധയില്ലാത്തവന്റെ മുതല്‍ നാണമില്ലാത്തവന്‍ തിന്നും' എന്ന ചൊല്ലിനെ അന്വര്‍ഥമാക്കുന്നതാണ് വഖ്ഫ് സ്വത്തുക്കളുടെ ഇന്നത്തെ അവസ്ഥ. ഈ നാണംകെട്ടവരില്‍ സമുദായാംഗങ്ങളും കുറവല്ല എന്നതാണ് കര്‍ണാടക സംഭവത്തില്‍ തെളിയുന്ന ലജ്ജാവഹമായ മറ്റൊരു സത്യം.
Comments